Friday, July 30, 2010

തെറി

വീണപൂവിനെ കാവ്യവിഷയമാക്കിയതിന്‌ കുമാരനാശാനെ വിമര്‍ശിച്ചവര്‍ തൊമ്മനോടും തൊപ്പിപ്പാളയോടുമൊപ്പം വീണപൂവിനേയും ചേര്‍ത്തുവച്ചുകൊണ്ടാണ്‌ തങ്ങളുടെ ശകാരവാക്കുകള്‍ ചൊരിഞ്ഞത്‌. തൊമ്മനും തൊപ്പിപ്പാളയും ഒരിക്കലും കാവ്യവിഷയമാകില്ലെന്ന കാര്യത്തില്‍ ആ സാഹിത്യസിംഹങ്ങള്‍ക്ക്‌ നല്ല ഉറപ്പുണ്ടായിരുന്നു. കവികളുടേയും ആസ്വാദകരുടേയും സമൂഹത്തില്‍ ഉള്‍പ്പെടുന്ന എല്ലാവരും തങ്ങളുടെ വിശ്വാസം പങ്കുവയ്ക്കുന്നുണ്ടെന്ന്‌ ഇവര്‍ കരുതിയിരിക്കണം. പില്‍ക്കാലത്ത്‌, കൊച്ചുതൊമ്മന്‍ എന്ന ശീര്‍ഷകത്തില്‍ എന്‍. വി. കൃഷ്ണവാര്യര്‍ ഒരു കവിത എഴുതി. ആശാനും എന്‍.വിയും വൈലോപ്പിള്ളിയും ഇടശ്ശേരിയും അവരവരുടെ കാലങ്ങളിലെ വ്യവസ്ഥവല്‍ല്ക്കരിച്ച കാവ്യാസ്വാദനശീലങ്ങള്‍ക്ക്‌ പ്രഹരങ്ങളേല്‍പിച്ചത്‌, കവികള്‍ക്കു നിരോധിക്കപ്പെട്ട മേഖലകളിലേക്ക്‌ കടന്നുകയറിക്കൊണ്ടു കൂടിയായിരുന്നു. കാവ്യാസ്വാദനപാരമ്പര്യത്തിലെ യാഥാസ്ഥിതികത്വം സംശയങ്ങളേതുമില്ലാതെ ദീര്‍ഘകാലമായി ഒഴിവാക്കിയിരുന്ന വിഷയങ്ങളേയും വാക്കുകളേയും കവികളുടെ ഏറ്റവും പുതിയ തലമുറ കവിതയിലേക്കു കൊണ്ടുവരുന്നു. മാറാലയെ കുറിച്ച്‌ കവിതയെഴുതിയ പി.രാമന്‍ നമ്മുടെ ജീവിതത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ചില യാഥാര്‍ത്ഥ്യങ്ങളില്‍ കവിത കണ്ടെത്തുകയായിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന വാക്കുകളിലും വസ്തുക്കളിലും നാം തിരിച്ചറിയാതിരുന്ന യാഥാര്‍ത്ഥ്യത്തിന്റെ ഭാവങ്ങളുണ്ടെന്ന്‌ പുതിയ കവികള്‍ മനസ്സിലാക്കുന്നു. ഒരു പിരിയാണി(Screw)യെ കുറിച്ച്‌ കവിതയെഴുതുന്ന പി.എന്‍. ഗോപീകൃഷ്ണനും
"കൊട്ടകള്‍ ചന്തയ്ക്കുപോകുന്നു
തെരണ്ടിയും കുറിച്ചിയും
കൈച്ചെരവയും തഴപ്പായും
പിള്ളേര്‍ക്കു തിന്നാന്‍
തേങ്ങായുടെ പൊങ്ങുമായി വരുന്നു." എന്നിങ്ങനെയുള്ള കാഴ്ചകളെ കവിതയില്‍ രേഖപ്പെടുത്തുന്ന എസ്‌. ജോസഫും ഈ തിരിച്ചറിവുള്ളവരാണ്‌. പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനതയുടെ രാഷ്ട്രീയത്തെ മുന്‍നിരയിലേക്കു കൊണ്ടുവരുന്ന പുതിയ ചിന്തകള്‍ ഇവരുടെ രചനകള്‍ക്ക്‌ ത്വരകമായിട്ടുണ്ട്‌. തെറിയെ കുറിച്ചുള്ള റഫീഖ്‌ അഹമ്മദിന്റെ കവിതയും ഈ പുതിയ ചിന്തയുടേയും വിചാരത്തിന്റെയും ഫലമാണ്‌.


തെറി സ്വയം തന്നെ സദാചാരങ്ങള്‍ക്കു വിരുദ്ധമാകയാല്‍ അതിനു കൃത്രിമവേഷങ്ങള്‍ ആവശ്യമില്ല. അതില്‍ നേരുണ്ട്‌. നാഗരികതയുടെ തൊങ്ങലുകളണിയാതെ പച്ചയായി ജീവിക്കുന്നവര്‍ക്കിടയില്‍ തെറിയുണ്ട്‌. 'നന്‍മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറങ്ങളില്‍' തെറിയുണ്ട്‌. നഗരത്തിലെ ചാളകളിലും ചന്തയിലും തെറിയുണ്ട്‌. തെറി എന്ന വാക്കില്‍ നിന്നും തെറിയനും തെറിച്ചവനും തെറിച്ചോളും ഉണ്ടാകുന്നു. അവര്‍ നടപ്പുലോകത്തിനെതിരെ നടക്കുന്നു. തെറിയന്‍ തെറി പറഞ്ഞ്‌ കണ്ണുപൊട്ടിക്കുന്നു. ഐ.ടി ഓഫീസിലെ പരിഷ്ക്കാരികള്‍ക്കിടയില്‍ തെറിയില്ല. മന്‍മോഹന്‍സിങ്ങിനും ജോര്‍ജ്‌ ബുഷിനും ഇടയില്‍ തെറിയില്ല. എന്നാല്‍, അവര്‍ക്കിടയിലെ ഉപചാരം ടെലിവിഷനിലൂടെ കാണുന്നവരില്‍ ചിലര്‍ ഇതു തെറിയല്ലേയെന്നു സന്ദേഹിക്കുന്നു. തീര്‍ച്ചയായും രാമന്‍ സഖാവിനും ജോര്‍ജ്‌ ബുഷിനും ഇടയില്‍ തെറിയുണ്ട്‌.


മീനാക്ഷിയമ്മയുടെ മനസ്സിലെ പാലയ്ക്കാമോതിരവും പച്ച ബ്ളൌസും പോലെ എല്ലാവരുടേയും മനസ്സില്‍ തെറിയുണ്ട്‌. മീനാക്ഷിയമ്മയുടെ ആദര്‍ശവാദം പച്ച ബ്ളൌസിനു പകരം ഖദര്‍ ബ്ളൌസ്‌ അണിയാന്‍ അവരെ പ്രേരിപ്പിച്ചു. ദ്വേഷം കൊണ്ടു മനസ്സു വിങ്ങുമ്പോള്‍ പുറത്തേക്ക്‌ കുതറാനൊരുങ്ങുന്ന തെറിവാക്കിനെ പിടിച്ചുനിര്‍ത്തി അലക്കിത്തേച്ച വാക്കുപറയാന്‍ സദാചാരബോധം പലരേയും നിര്‍ബ്ബന്ധിക്കുന്നു. തെറിക്കുത്തരം മേത്തരം പത്തല്‍ എന്ന ന്യായശാസ്ത്രം ഈ സദാചാരവാദികളാണ്‌ എഴുതുന്നത്‌. ബോധത്തോടെ പറയാന്‍ കഴിയാത്തത്‌ മദ്യത്തിന്റെ ലഹരിയില്‍ പാതിബോധത്തില്‍ പറയുന്നു. മാന്യനായി, സുഖമനസ്ക്കനായി ജീവിച്ചപ്പോള്‍ പറയാന്‍ കഴിയാതിരുന്നത്‌ ഭ്രാന്തു പിടിച്ചപ്പോള്‍ നിരത്തിലൂടെ നടന്നു പറയുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് പണ്ഡിതന്റെ സംസ്കൃതഭാഷയല്ല, സത്യസന്ധമായ ഭാഷ. വേദവാക്യങ്ങള്‍ മാത്രം പറഞ്ഞും പഠിപ്പിച്ചും ശീലിച്ചവന്‍ ഉറക്കത്തില്‍ ഉറക്കെ ഒരു മുട്ടന്‍ തെറി വിളിച്ചു പറയുന്നു. നാഗരികന്റെ വായില്‍ പറയാത്ത തെറിവാക്കു കെട്ടിക്കിടന്നു പൊള്ളിപ്പഴുക്കുന്നു.


" മൂഢം കിനാവോ പുലര്‍ച്ചവണ്ടിക്കു വന്ന
പൂര്‍വ്വകാലമിത്രം സഖാവോ പടി കടന്നെത്തുന്നു.
പീഠത്തിലമരുന്നു സിഗരറ്റിലെരിയുന്നു,
ലോകപരിഹാസമൂര്‍ച്ഛയില്‍ സ്ഖലിതനാകുന്നു,
സുഖവേഷധാരിയാം തോല്‌വി
അവനോടു പറയാത്ത തെറിവാക്ക്‌
കെട്ടിക്കിടന്നെന്റെ നാവു പൊള്ളുന്നു." ("അന്യാധീനം" - കെ.ജി. ശങ്കരപ്പിള്ള)


മൂല്യങ്ങള്‍ വെടിഞ്ഞ്‌, സുഖവേഷം ധരിച്ച്‌ തോല്‍വിയെ വരിച്ചവനോട്‌ തെറി പറയണം. സുഖവേഷം ധരിച്ചവന്‍ സ്വയം തെറി പറയണം. അല്ലെങ്കില്‍ നാം ഇനിയും മലിനരാകും.


സാറാജോസഫിന്റെ 'ആലാഹയുടെ പെണ്‍ മക്കള്‍' എന്ന നോവലില്‍ നാഗരികത തെറിയെന്നു വിധിക്കുന്ന വാക്കുകള്‍ കടന്നു വരുന്നു. കോക്കാഞ്ചറയിലെ ജനങ്ങളെ കടന്നാക്രമിക്കുന്ന നാഗരികതക്ക്‌ കാവലാളുകളായി വരുന്ന പട്ടിത്തമ്പുരാക്കന്‍മാരെ വളര്‍ത്തു ഭവനങ്ങളുടെ ഇരുമ്പുപടി പിടിച്ചുകുലുക്കി ചെമ്പന്റെ അന്തോണി വെല്ലുവിളിക്കുന്നു. "ടാ, പട്ടിമയിരേ, ദയിര്യണ്ടങ്ങ്യെ വന്നു കടിച്ച്‌ നോക്കറാ". കോക്കാഞ്ചറക്കാരുടെ നേരുള്ള വികാരങ്ങളുടെ ചിത്രണത്തിന്‌ നാഗരികന്‍ അയിത്തം കല്‍പിച്ച ഭാഷ സഹായകമാകുകയായിരുന്നു. ചെമ്മണ്ണാര്‍ - നെടുങ്കണ്ടം ദേശങ്ങളിലൂടെ നടത്തിയ രാത്രിയാത്രയുടെ കഥ പറയുന്ന സുസ്മേഷ്‌ ചന്ത്രോത്തിന്റെ ആഖ്യാനത്തില്‍ കടന്നുവരുന്ന തെറിവാക്കുകള്‍ ഹൈറേഞ്ചിലെ ജനജീവിതത്തിന്റെ കാഠിന്യങ്ങളേയും കാലുഷ്യങ്ങളേയും പകരുന്നു.


തെറി ദൈവങ്ങള്‍ക്കു വിരോധമുള്ള കാര്യമല്ല. തെറിപ്പാട്ടു കേട്ടില്ലെങ്കില്‍ കോപിക്കുന്ന ദേവിമാരുണ്ട്‌. തെറിക്ക്‌ ബ്രഹ്മസങ്കല്‍പത്തോട്‌ യോജിപ്പുകളുമുണ്ട്‌. എപ്പോഴും തെറി പറയുന്നവന്‍ തെറിയെ അറിയുന്നില്ല."മുട്ടിനു മുട്ടിനു തെറി പറയുന്ന ഇട്ടി അവിരാ ആകട്ടെ താന്‍ പറയുന്നതിന്റെ തെറിമ അറിയുന്നില്ല" തെറി എന്താണെന്നു തന്നെ എനിക്കറിയില്ലെന്നു പറയുന്നവന്‍ തെറിയെ അറിയുന്നു. "പറഞ്ഞു വരുമ്പോള്‍ പ്രപഞ്ചത്തിന്റെ ആധാരശ്രുതി തന്നെ ഒരു തെറി ആയിരിക്കുമോ" കുരിശിലേറുമ്പോള്‍ ഈ പാപികളോട്‌ പൊറുക്കേണമേയെന്ന്‌ ദൈവത്തോട്‌ അപേക്ഷിച്ചവന്‍ തന്നെ പച്ചമരത്തോട്‌ ഇങ്ങനെയാണ്‌ ചെയ്യുന്നതെങ്കില്‍ ഉണങ്ങിയതിന്‌ എന്തു സംഭവിക്കും എന്നു ജറുസലേം പുത്രിമാരോടു പറയുമ്പോള്‍, പറയാതെ ഒരു വാക്ക്‌ തൊണ്ടയില്‍ കെട്ടിയിരുന്നില്ലേ? ഭാവഭേദങ്ങളില്ലാതെ വിഷം കുടിച്ചു തീര്‍ത്ത സോക്രട്ടീസിന്റെ മനസ്സില്‍ ഏതു വാക്കാണ്‌ നിറഞ്ഞു നിന്നത്‌? താന്‍ കോപ്പര്‍നിക്കസിന്റെ വ്യവസ്ഥയില്‍ വിശ്വസിക്കുന്നില്ലെന്ന്‌ ഉറക്കെയും എങ്കിലും അതു ചലിക്കുന്നു എന്നു പതുക്കെയും മൊഴിഞ്ഞ ഗലീലിയോ പുറത്തേക്കു പറയാതെ അടക്കിയ മൊഴി ഏതാണ്‌?


തെറിവാക്കിനു വിവര്‍ത്തനമില്ല. വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നത്‌ കവിത മാത്രമല്ല, തെറിയും വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നു. തെറിയില്‍ കളങ്കമില്ല. "പാര്‍ലമെന്റില്‍ പ്രവേശനമില്ലാത്ത നിലക്ക്‌ തെറി കളങ്കമില്ലാത്ത ഒരു വസ്തുവായിരിക്കണം" അജ്ഞനായ ന്യായാധിപനെ സത്യമുള്ള തെറി ഞെട്ടിച്ചു കൊണ്ടിരിക്കും. നല്ല വസ്ത്രങ്ങളണിയിച്ചാണ്‌ റഫീഖ്‌ അഹമ്മദ്‌ 'തെറി'യെ പുറത്തിറക്കുന്നത്‌. തെറിയെ കുറിച്ചുള്ള ആഖ്യാനങ്ങളില്‍ തെറിയുണ്ടാകില്ലെന്ന്‌ കവി സാക്ഷ്യപ്പെടുത്തുന്നു.

2 comments:

sree said...

എപ്പോഴും തെറി പറയുന്നവന്‍ തെറിയെ അറിയുന്നില്ല."മുട്ടിനു മുട്ടിനു തെറി പറയുന്ന ഇട്ടി അവിരാ ആകട്ടെ താന്‍ പറയുന്നതിന്റെ തെറിമ അറിയുന്നില്ല" തെറി എന്താണെന്നു തന്നെ എനിക്കറിയില്ലെന്നു പറയുന്നവന്‍ തെറിയെ അറിയുന്നു.”

തെറി പറഞ്ഞാല്‍ മനസ്സിലാവുന്നില്ല എന്ന കാരണത്താല്‍ തെറിയില്‍ നിന്ന് നിഷ്കാസിതരാവുന്ന എന്നെപ്പോലുള്ളവര്‍ക്ക് അപ്പോ ആശ്വസിക്കാം. തെറി മനസ്സിലാവാത്തവരും തെറിയെ അറിയുന്നുണ്ടല്ലോ ;)

നല്ല വായന.

chithrakaran:ചിത്രകാരന്‍ said...

സംസ്കൃത ജീവിതത്തിലില്ലാത്ത സത്യസന്ധതയുടെ നൈര്‍മല്യം തെറിയിലുണ്ട്.അതുകൊണ്ടുതന്നെ തെറി പരിപാവനമാണ്. അത്രയും പരിശുദ്ധിയുള്ളവര്‍ മാത്രം
ഉപയോഗിക്കണമെന്നു മാത്രം :)
മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും !

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...