Showing posts with label കഥാനിരൂപണം. Show all posts
Showing posts with label കഥാനിരൂപണം. Show all posts

Sunday, November 28, 2010

മത്തായിമാരുടെ ഗവേഷണത്തെ കുറിച്ച്‌

മലയാള ചലച്ചിത്രചരിത്രത്തില്‍ വ്യത്യസ്തമായ ഒരു ഏട്‌ എഴുതിച്ചേര്‍ത്ത ജോണ്‍ ഏബ്രഹാം ഒരു നല്ല കഥാകാരന്‍ കൂടിയായിരുന്നു. അനായാസമായി കഥ പറയാനുള്ള ജോണിന്റെ ശേഷിക്ക്‌ 'കോട്ടയത്ത്‌ എത്ര മത്തായി ഉണ്ട്‌?' എന്ന രചന തെളിവുകള്‍ നല്‍കുന്നു. അതീവ സ്വാഭാവികതയോടെ കോട്ടയത്തെ മത്തായിമാരുടെ കഥ ജോണ്‍ പറയുന്നു. ജോണിന്റെ കൂടപ്പിറപ്പായ നര്‍മ്മം കഥയിലെ വരികള്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്നു. സരളമായ ഭാഷയില്‍, നര്‍മ്മം കലര്‍ത്തി ജോണ്‍ എഴുതിയത്‌ ലഘുവായ കാര്യങ്ങളായിരുന്നില്ല. അറിവിന്റേയും ഗവേഷണത്തിന്റേയും പഠനത്തിന്റേയും അതിഗൌരവമാര്‍ന്ന പ്രശ്നങ്ങളെ ചര്‍ച്ച ചെയ്യുന്ന കഥയാണിത്‌. എന്നാല്‍, കൂര്‍ത്തമുനയുളള ഒറ്റ അര്‍ത്ഥത്തിലേക്ക്‌ വായനയെ ചുരുക്കാന്‍ ഈ കഥ വായനക്കാരനെ അനുവദിക്കുകയില്ല. വായനയില്‍ പരമസ്വാതന്ത്ര്യമനുഭവിക്കുന്ന സഹൃദയനെയാണ്‌ ജോണിന്റെ തൂലിക ആഗ്രഹിച്ചത്‌. 

കഥാനായകനായ മത്തായി (അടിമാലി) ചിട്ടയായ ജീവിതം നയിച്ചിരുന്നയാളാണ്‌; അത്‌ തുടരാന്‍ ശ്രമിക്കുന്നയാളാണ്‌. നല്ല ക്രൈസ്തവവിശ്വാസിയാണ്‌. പരിശ്രമശാലിയാണ്‌. പരിശ്രമത്തിലുളള വിശ്വാസം കൊണ്ട്‌ മറ്റുളളവര്‍ക്ക്‌ സഹായം ചെയ്യാന്‍ മത്തായിക്ക്‌ താല്‍പര്യമുണ്ടായിരുന്നില്ല. മത്തായിയുടെ വീട്ടില്‍ ടെലിഫോണും ടെലിഫോണ്‍ ഡയറക്ടറിയും വരുന്നതോടുകൂടി അയാള്‍ ഒരു ഗവേഷകനായി മാറുന്നു. ടെലിഫോണ്‍ ഡയറക്ടറിയില്‍ തന്റെ പേരു തിരയുന്ന മത്തായി, കോട്ടയത്ത്‌ വളരെയേറെ മത്തായിമാരുണ്ടെന്ന് അറിയുന്നു. കോട്ടയത്ത്‌ ടെലിഫോണുളള മത്തായിമാരുടെ കണക്കെടുക്കുന്ന കഥാനായകന്‍, തുടര്‍ന്ന്, കോട്ടയത്ത്‌ എത്ര മത്തായിമാരുണ്ട്‌ എന്ന വിഷയത്തിലേക്ക്‌ തന്റെ ഗവേഷണം വ്യാപിപ്പിക്കുന്നു. ഗവേഷണത്തിനിടയില്‍ അയാള്‍ക്ക്‌ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അയാളുടെ വിഭ്രമങ്ങളും ഉന്‍മാദവുമെല്ലാം കഥയില്‍ ആവിഷ്ക്കരിക്കപ്പെടുന്നു. മത്തായിയുടെ മതവിശ്വാസം അയാളുടെ ഗവേഷണങ്ങളില്‍ ഇടപെടുന്നു. നായകന്റെ മതവിശ്വാസത്തേയും ഗവേഷണത്തേയും വിവരിക്കുമ്പോള്‍ ജോണ്‍ ഏബ്രഹാം പരിഹാസവും നര്‍മ്മവും ഒളിപ്പിച്ചു വച്ച വരികള്‍ എഴുതുന്നു. കഥ മതാത്മകതയുടെ വിമര്‍ശനമായി മാറുന്നു. എല്ലാ വിമര്‍ശനങ്ങളുടേയും കാതല്‍ മതാത്മകതയുടെ വിമര്‍ശനമാണെന്ന് ജോണിന്‌ അറിയാമായിരുന്നു. കാള്‍ മാര്‍ക്സിന്റെ വാക്കുകള്‍ക്കു ശേഷം, എല്ലാ വിപ്ലവകാരികള്‍ക്കുമെന്ന പോലെ എല്ലാ അരാജകവാദികള്‍ക്കും സ്വയം ഈ ജ്ഞാനം ലഭിച്ചിട്ടുണ്ട്‌. തന്റെ കലയിലും ജീവിതത്തിലും ഒരേ സമയം വിപ്ളവകാരിയും അരാജകവാദിയുമായിരുന്ന ജോണിന്‌ സ്വയം ഗ്രഹിക്കാന്‍ കഴിയുന്ന അറിവായിരുന്നു അത്‌. വല്ലാതെ ഉറച്ചു പോകുന്ന വിശ്വാസങ്ങള്‍ക്കെതിരായ എതിര്‍പ്പ്‌ ജോണിന്റെ എല്ലാ പ്രവൃത്തികളിലും വിലയിച്ചിരുന്നു. അത്‌ കഥയിലും സ്ഥാനം നേടിയതില്‍ അതിശയിക്കാനില്ല. 

പളളിയിലെ ചില്ലറപ്പണികളൊഴികെ മറ്റു സാമൂഹികബന്ധങ്ങളൊന്നുമില്ലാത്ത മത്തായി അടിമാലി എന്ന ക്രിസ്തുമതവിശ്വാസി ഗവേഷണം ആരംഭിക്കുന്നു. തന്റെ ഗവേഷണത്തിന്റെ സഹായകഗ്രന്ഥമായ ടെലിഫോണ്‍ ഡയറക്ടറി അയാള്‍ മറിച്ചുനോക്കുന്നത്‌ വേദപുസ്തകത്തിലെ സങ്കീര്‍ത്തനങ്ങള്‍ കണ്ടെടുക്കുന്ന അതേ മനസ്സോടെയാണ്‌. ഗവേഷണത്തോടുളള സമീപനം വേദപുസ്തകത്തോടുളള സമീപനത്തിന്‌ സമാനമാണെന്ന സൂചനയാണിത്‌. അറിവിന്റെ കനി തിന്നുന്നത്‌ അപകടകരമാണെന്ന അബോധധാരണ മത്തായിക്കുണ്ട്‌. മത്തായി മരണത്തിലേക്ക്‌ നടന്നു കയറുന്ന രാത്രിയില്‍, അയാള്‍ ടെലിഫോണ്‍ പോസ്റ്റിലെ കുരിശിനെ നോക്കിനില്‍ക്കുമ്പോള്‍ തന്റെ ഗവേഷണത്തിന്റെ തുടക്കത്തെ കുറിച്ചോര്‍ക്കുന്നു. ഗവേഷണം ആരംഭിക്കണമെന്ന് ഉറപ്പിച്ച ദിവസം നിരണത്തെ കൊച്ചമ്മ മരിച്ചു. അങ്ങോട്ടു പോകേണ്ടി വന്നതിനാല്‍ ഗവേഷണം തടസ്സപ്പെടുന്നു. അറിവിനോടുളള അബോധഭയവും ഗവേഷണത്തിലെ പ്രതിസന്ധികളും നിരണത്തെ കൊച്ചമ്മയുടെ മരണവും കുരിശും.. .. .. ഇവയെല്ലാം മരണത്തിന്റേയും അന്ത്യത്തിന്റേയും ചിഹ്നങ്ങളായി മത്തായിക്ക്‌ അനുഭവപ്പെടുന്നു. ആകാശവെളിച്ചത്തിനെതിരെ നില്‍ക്കുന്ന ടെലിഫോണ്‍ പോസ്റ്റിലെ മുകളിലത്തെ കമ്പിയില്‍ അവസാനിക്കുന്ന കുരിശ്‌ മത്തായിയെ സംഹരിക്കുന്ന കുരിശായി മാറുന്നു. ആകാശവെളിച്ചം മതത്തിന്റെ വെളിച്ചമാണ്‌; ടെലിഫോണ്‍ പോസ്റ്റിലെ കുരിശ്‌ മത്തായി ഏറ്റെടുത്ത ഗവേഷണമെന്ന കുരിശും. ആകാശവെളിച്ചത്തിനെതിരെ നില്‍ക്കുന്ന ഗവേഷണത്തിന്റെ കുരിശാണിത്‌. വലിയ തീവ്രതയോടെ പുനരാനയിക്കപ്പടുന്ന മതബോധവും ഗവേഷണത്തിന്റെ കുരിശും ചേര്‍ന്നു സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങള്‍ അയാളെ ഉന്‍മത്തനാക്കുന്നു.

മത്തായിയുടെ മനോഘടനയും അയാളുടെ വിശ്വാസങ്ങളും ഗവേഷണത്തിന്‌ അനുയോജ്യമല്ല. മത്തായിയുടെ മുന്‍വിധികളാണ്‌ അയാളുടെ ഗവേഷണത്തെ നയിക്കുന്നതെന്ന സൂചനകള്‍ കഥയിലുണ്ട്‌. നിശിതമായ നിശ്ചിതത്വമുളള ജ്ഞാനമാണ്‌ മത്തായി ആഗ്രഹിക്കുന്നത്‌. ഈ ആഗ്രഹം മതാത്മക ചിന്തയില്‍നിന്നും പകര്‍ന്നു കിട്ടിയതാണ്‌. മതാത്മകതക്ക്‌ ശരിയായ ഗവേഷണത്തിന്റെ അടിസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. വിജ്ഞാനത്തിനു കേവലമാകാന്‍ കഴിയില്ലെ ധാരണ മതവിശ്വാസിയായ മത്തായിക്ക്‌ അപ്രാപ്യമാണ്‌. കോട്ടയത്ത്‌ 917 മത്തായിമാരുണ്ടെന്നു കണ്ടെത്തുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന ആനന്ദം ഇതിനുളള തെളിവാണ്‌. കോട്ടയത്ത്‌ 917 മത്തായിമാരുണ്ടെന്നത്‌ കൃത്യമായ അറിവാണ്‌. കൃത്യമായ ജ്ഞാനത്തിന്റെ ലബ്ധിയിലാണ്‌ അയാള്‍ ആനന്ദിക്കുന്നത്‌. പിന്നെ, തന്റെ കണ്ടെത്തലിലെ പിഴവുകള്‍ മത്തായിയെ അസ്വസ്ഥനാക്കുന്നത്‌ ഇതേവരെയുളള പരിശ്രമങ്ങള്‍ നിരര്‍ത്ഥകമായല്ലോയെ വിചാരത്താല്‍ മാത്രമല്ല; തന്റെ വിശ്വാസസംഹിതയുടെ പരാജയം അബോധപരമായി അയാളെ പിടികൂടിയതു കൊണ്ടു കൂടിയാണ്‌. പുസ്തകത്തില്‍ എഴുതിവച്ചവയെ സത്യമായി ഗണിക്കുന്നയാള്‍ക്ക്‌ വിജ്ഞാനത്തിനുണ്ടായിരിക്കേണ്ട നവീകരണക്ഷമതയെ കുറിച്ച്‌ അറിയില്ല. സ്ഥിതസത്യത്തെ കുറിച്ചു കരുതിയിരിക്കുവര്‍ക്ക്‌ വികസിച്ചു കൊണ്ടിരിക്കുന്നതും ആയിത്തീരുന്നതുമായ യാഥാര്‍ത്ഥ്യത്തെ കുറിച്ചുളള ധാരണയെ സ്വീകരിക്കാന്‍ കഴിയില്ല. മത്തായിക്ക്‌ തന്റെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ തന്നില്‍നിന്നും വേറിട്ടുനില്‍ക്കുന്ന കാര്യമല്ല. അയാളുടെ ഗവേഷണം മത്തായിയെ കുറിച്ചു തന്നെയാണ്‌. മത്തായി അടിമാലിയോട്‌ ഈ ജീവിതരീതി ഉപേക്ഷിക്കണമെന്നു ഗൌരവപൂര്‍വ്വം നിര്‍ദ്ദേശിക്കുന്നവരോട്‌ മത്തായി ഇങ്ങനെ പറയും. 'ഇതില്ലായിരുന്നുവെങ്കില്‍ ഒരു ഗവേഷകനെ നിലക്കു മറ്റെന്തെങ്കിലും കണ്ടുപിടിക്കുമായിരുന്നു. ഇത്‌ പറയുന്നത്‌ മത്തായിമാരുടെ എണ്ണമാണ്‌. ഞാന്‍ മത്തായി ആണ്‌. ഞാന്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ മറ്റെന്തെങ്കിലും കണ്ടുപിടിക്കും.' മത്തായിക്ക്‌ സ്വന്തം സത്തയിലുളള വിശ്വാസത്തിന്റെ പ്രഖ്യാപനമാണിത്‌. തന്റെ സത്തയില്‍ നിന്നു വേറിട്ട ഒന്നും മത്തായിയുടെ പരിഗണനയില്‍ വരുന്നതേയില്ല. മത്തായിയ്ക്ക്‌ തന്റെ സത്തയിലുളള വിശ്വാസം ദൈവസത്തയിലുളള വിശ്വാസം തന്നെയാണ്‌. അത്‌ മതബോധത്തില്‍ നിന്നും ആര്‍ജ്ജിച്ചെടുത്തതാണ്‌. 

ജോണിന്റെ കഥയില്‍ ചലച്ചിത്രത്തിന്റെ ഭാഷ മറഞ്ഞിരിക്കുന്നുണ്ടോ? ക്യാമറയ്ക്കുവേണ്ടി തയ്യാര്‍ ചെയ്യപ്പെട്ട വാക്കുകള്‍ ജോണിന്റെ കഥയില്‍ കണ്ടെത്താന്‍ കഴിയുമോ? ജോണ്‍ തന്റെ ചിത്രങ്ങള്‍ക്കു മിക്കപ്പോഴും മുന്‍കൂട്ടി തിരക്കഥ എഴുതിവയ്ക്കാറില്ല. എഴുതിവച്ച തിരക്കഥ തന്നെ ഉപയോഗിക്കാറില്ല. ചിലപ്പോള്‍ ഷൂട്ടിങ്ങിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ്‌ തിരക്കഥ എഴുതിയെന്നും വരും. ലിഖിതരൂപത്തിലുളള തിരക്കഥയില്ലാതെ മനസ്സിലുളള തിരക്കഥ പകര്‍ത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ടുവെന്നും വരാം. ജോണിന്റെ ചലച്ചിത്രത്തില്‍ ഈ അരാജകത്വം ഒരു സജീവഘടകമായി എപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. കഥയിലും ഇത്‌ വായിച്ചെടുക്കാം. മത്തായിയുടെ അച്ചടക്കമുളള ജീവിതത്തോടുളള ജോണിന്റെ പരിഹാസം കഥാകാരന്റെ അരാജകത്വത്തോടുളള ആഭിമുഖ്യത്തിന്റെ സാധൂകരണം കൂടിയാണ്‌. ജോണിലെ അരാജകത്വത്തിന്റെ വ്യാപ്തിയെ കുറിച്ച്‌ അറിയുന്നവര്‍ക്ക്‌ അയാളുടെ കഥയില്‍ ചലച്ചിത്രത്തിന്റെ ഭാഷയെ കണ്ടെത്താനുളള ശ്രമത്തിന്‌ വലിയ അര്‍ത്ഥമൊന്നുമില്ലെന്ന് ബോദ്ധ്യപ്പെടും. എങ്കില്‍ തന്നെ, അവസാനത്തെ രാത്രിയില്‍, ടെലിഫോണ്‍ പോസ്റ്റിലെ കുരിശിനെ നോക്കിനില്‍ക്കുന്ന മത്തായിയെ, ജോണ്‍ ഏബ്രഹാം ചലച്ചിത്രത്തിലെ ഒരു ഫ്രെയിമായി സങ്കല്‍പിച്ചു നോക്കാവുന്നതാണ്‌. ഇരുളും വെളിച്ചവും ശരിയായ തോതില്‍ സന്നിവേശിപ്പിച്ച ഈ ഫ്രെയിമിന്റെ തുടര്‍ച്ചയില്‍ ടെലിഫോണ്‍ പോസ്റ്റും താങ്ങി വൈദ്യുതി പോസ്റ്റുകളുടെ ഇടയിലേക്ക്‌ നടന്നു കയറുന്ന മത്തായിയെയാണ്‌ നാം കാണുന്നത്‌. മത്തായിക്ക്‌ കുരിശു ചുമക്കുന്ന യേശുവിന്റെ രൂപമല്ല, ഒരു പാതിരിയുടെ രൂപമാണ്‌. ജീവിതത്തിലേക്കല്ല, മരണത്തിലേക്കു നയിക്കുന്ന ഒരു പിതൃരൂപത്തിന്റെ ഭാവഹാദികള്‍ ഈ പാതിരിരൂപത്തിനുണ്ട്‌. ജോണ്‍ ഏബ്രഹാം ഈ കഥയില്‍ മതവിമര്‍ശനത്തിന്റെ മഹാവാക്യങ്ങള്‍ എഴുതുന്നു.

ജോണിന്റെ ചലച്ചിത്രത്തിലെ ചെറിയാച്ചനോട്‌ ഈ കഥയിലെ മത്തായിക്ക്‌ ചില സാമ്യങ്ങളുമുണ്ട്‌. 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍' എന്ന ജോണിന്റെ ചലച്ചിത്രത്തില്‍ മദ്ധ്യവര്‍ഗ്ഗത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചുളള വേവലാതികളെയാണ്‌ ഫോക്കസ്‌ ചെയ്തിരുന്നത്‌. ചെറിയാച്ചന്റെ മാനസികവിഭ്രാന്തി ഒരു മദ്ധ്യവര്‍ഗ്ഗക്കാരന്റെ സുരക്ഷിതത്വത്തെ കുറിച്ചുളള ആശങ്കകളില്‍ നിന്നും ജനിച്ചതായിരുന്നു. ഇവിടെ, മത്തായിയുടെ മദ്ധ്യവര്‍ഗ്ഗാടിത്തറ കഥാഖ്യാനത്തില്‍ നിന്നും സ്വയം വെളിവാകുന്ന ഒന്നാണ്‌. ഗവേഷണത്തെ കുറിച്ച്‌ മതബോധം നല്‍കുന്ന അബോധഭീതിയെ നിലനിര്‍ത്തുന്നതില്‍ മത്തായിയുടെ മദ്ധ്യവര്‍ഗ്ഗാടിത്തറ ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്‌. 

ജ്ഞാനോല്‍പാദനത്തെ കുറിച്ചുളള നമ്മുടെ സമീപനങ്ങളെ പരിഹാസത്തോടെ നോക്കിക്കാണുന്ന ആഖ്യാനമാണിത്‌. മത്തായിയുടെ ഗവേഷണ വിഷയം തന്നെ ആരിലും ചിരിയുണര്‍ത്തുന്നതാണ്‌. നമ്മുടെ നാട്ടില്‍ ഗവേഷണങ്ങളില്‍ ഏര്‍പ്പെടുന്നത്‌ മത്തായിമാരാണ്‌. അവര്‍ അന്വേഷിക്കുന്നത്‌ കോട്ടയത്ത്‌ എത്ര മത്തായിയുണ്ടെന്നാണ്‌. ഈ ഗവേഷണങ്ങള്‍ ദുരന്തങ്ങളില്‍ അവസാനിക്കുന്നുവെന്ന് ഈ ആഖ്യാനത്തില്‍ എഴുതിയിരിക്കുന്നു.

മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

Friday, October 29, 2010

"ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌"

നമ്മുടെ രാഷ്ട്രീയജീവിതഭൂമികയില്‍ നിന്നും ചിലരെ കാണാതായിരിക്കുന്നു. മര്‍ദ്ദകനും മര്‍ദ്ദിതനും ഇല്ലാത്ത ലോകത്തെ വിചാരങ്ങളില്‍ കൊണ്ടു നടന്നവര്‍, "എന്റെ ചെരുപ്പുകള്‍ പിഞ്ചിപ്പോയി. വഴിയിലെ ചെളി മുഴുവന്‍ കാലില്‍. പക്ഷേ നടത്തം എങ്ങനെയായാലെന്ത്‌? എനിക്ക്‌ നടന്നേ മതിയാകൂ" എന്ന വാക്കുകള്‍ ആദര്‍ശമായി സ്വീകരിച്ചവര്‍ ... ഇവരെ കാണാതായിരിക്കുന്നു. അവര്‍ ഇപ്പോള്‍ പത്രത്താളുകളിലെ ഫീച്ചറുകളിലാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. അല്ലെങ്കില്‍, കാണ്‍മാനില്ലെന്ന പരസ്യത്തിനു കീഴിലെ ചിത്രമായി മാറുന്നു. ഇങ്ങനെയൊരാളുടെ കഥ പി.വി.ഷാജികുമാര്‍ എഴുതിയിരിക്കുന്നു. പത്രത്തിന്റെ ചതുരക്കോളങ്ങളില്‍പ്പെട്ട് ശബ്ദിക്കാനാവാതെ, അനങ്ങാനാവാതെ വീര്‍പ്പുമുട്ടുന്ന ശിവരാമന്‍ വാഴക്കോട്‌ എന്ന മുപ്പത്തിയഞ്ചുകാരന്റെ കഥയാണിത്‌. നമ്മുടെ സമകാലിക രാഷ്ട്രീയ, സാമൂഹികാവസ്ഥകളെ കുറിച്ച്‌ രൂപകങ്ങളിലൂടെ സംസാരിക്കുന്ന "ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌" എന്ന കഥ സമകാലജീവിതത്തിലെ നെറികേടിനെ വാക്കിന്റെ ശക്തി കൊണ്ട്‌ അതിജീവിക്കാനുള്ള ഒരു ശ്രമമാണ്‌. നമ്മുടെ രാഷ്ട്രീയത്തിന്റെ പരിമിതികളെ കുറിച്ചുളള സംവാദങ്ങളില്‍ ഈ കഥ ഇടപെടുന്നു.


സാമൂഹികയാഥാര്‍ത്ഥ്യത്തിന്റെ സൂചനാചിത്രങ്ങള്‍ നല്‍കുന്നതോടൊപ്പം സംവാദങ്ങളിലേക്കു നയിക്കുന്ന പ്രശ്നസന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു രചനാരീതിയാണ്‌ കഥാകാരന്‍ സ്വീകരിക്കുന്നത്‌. കഥയിലെ ആഖ്യാതാവ്‌ ശിവരാമന്‍ വാഴക്കോടല്ല. പത്രത്താളില്‍ പ്രത്യക്ഷപ്പെട്ട അയാളുടെ ഛായാചിത്രമാണ്‌ ആഖ്യാനം നിര്‍വ്വഹിക്കുന്നത്‌. കാണ്‍മാനില്ലെന്ന പരസ്യത്തിനു കീഴിലെ ഛായാപടത്തിന്‌ കഥാകാരന്‍ നാവു നല്‍കുന്നു. ആഖ്യാതാവിനെ അച്ചടിച്ചിരിക്കുന്ന ഈ പത്രത്താള്‍ ഇപ്പോള്‍ ഏതെങ്കിലും വായനക്കാരന്റെ മുമ്പിലല്ല. അത്‌ പഴത്തൊലികള്‍ക്കുളള പൊതിയായി ഒരു ഓടയുടെ അരികില്‍ കിടക്കുന്നു. ആ പത്രത്താളിലെ ഛായാചിത്രം പത്രവിശേഷങ്ങളിലേക്കും പുറത്തെ ലോകത്തേക്കും തന്നിലേക്കു തന്നെയും കണ്ണോടിക്കുന്നു. ശിവരാമന്‍ വാഴക്കോടിന്റെ ചായാചിത്രം എന്തെല്ലാമാണ്‌ കാണുന്നത്‌? ഭൂതകാലത്തെ പിന്നില്‍ ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പരസ്യം അതു കാണുന്നു. ടെന്നീസ്‌ കളിക്കുന്ന സെറീനാവില്യംസിന്റെ ഫ്രോക്കിന്നടിയിലെ അടിവസ്ത്രം പ്രദര്‍ശിപ്പിക്കുന്ന ചിത്രം കാണുന്നു. വര്‍ഗ്ഗീയകലാപത്തിന്റെ പശ്ചാത്തലത്തിലെടുത്ത ഒരു ഫോട്ടോയില്‍ ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിനെ കടിച്ചുവലിക്കുന്ന കുറുക്കനെ കാണുന്നു. കാണ്‍മാനില്ലാത്തവരുടെ കൂട്ടത്തില്‍ തന്റെ ചിത്രത്തോടൊപ്പം ഷീബയുടേയും സതീശന്റേയും ഉമാവതിയമ്മയുടേയും ചിത്രങ്ങള്‍ കാണുന്നു. 'ചരിത്രത്തില്‍ ഒരു നേരം' എന്ന പംക്തിയില്‍ രാജ്യവിഭജനകാലത്തെ പാക്കിസ്ഥാനിലേക്കുള്ള വണ്ടി കൂകിപ്പായുന്നതായി കാണുന്നു. ഓടയിലൂടെ ഒഴുകുന്ന ഒഴിഞ്ഞ കൂടുകളും കോണ്ടങ്ങളും സാനിട്ടറിപാഡുകളും കാണുന്നു. ശിവരാമന്‍ വാഴക്കോട്‌ എന്ന പഴയ വിപ്ളവകാരിയുടെ ഛായാചിത്രത്തിന്റെ കാഴ്ചകളില്‍ ഉപഭോഗസംസ്ക്കാരത്തിന്റേയും വര്‍ഗ്ഗീയതയുടേയും കരുണാരാഹിത്യത്തിന്റേയും സമകാലചരിത്രത്തോടുള്ള വിദ്വേഷത്തിന്റേയും മൂലകങ്ങളാണ്‌ പ്രതിഫലിക്കപ്പെടുന്നത്‌. ചരിത്രത്തെ വിസ്മരിക്കാന്‍ ഉപദേശിക്കുന്ന പരസ്യത്തിനും വ്യക്തിവാദപരമായ രാഷ്ട്രീയത്തെ പ്രഖ്യാപിക്കുന്ന സെറീനയുടെ പുലമ്പലുകള്‍ക്കും പ്രാധാന്യം നല്‍കുതിലൂടെ അധീശവ്യവസ്ഥയുടെ മൂല്യങ്ങളെ ഉറപ്പിക്കാന്‍ ശ്രമിക്കുന്ന മാധ്യമസംസ്ക്കാരത്തെ കുറിച്ച്‌ നാം വായിക്കുന്നു. ഈ നൃശംസാവസ്ഥക്കെതിരെ പ്രതികരിക്കാന്‍ പത്രത്താളിലെ ഛായാചിത്രമായി മാറിയവന്‌ കഴിയുന്നില്ല. സെറീന വില്യംസിന്റെ അധീശരാഷ്ട്രീയബോധത്തിന്നെതിരായ പ്രതികരണത്തിന്‌ ശ്രമിക്കുന്നവന്റെ നെഞ്ചിലേക്ക്‌ കടന്നുവരുന്നത്‌ സുരേഷ്ഗോപിയുടെ ചലച്ചിത്രത്തില്‍ നിന്നുള്ള പടക്കം പൊട്ടുന്ന വാക്കുകളാണ്‌. പ്രതികരണങ്ങള്‍ പോലും വ്യവസ്ഥ നിര്‍മ്മിച്ചു തരുന്നവ മാത്രമായി തീരുന്നു. പ്രതിഷേധിക്കുന്നവര്‍ വ്യവസ്ഥയുടെ നിയമങ്ങളില്‍ താനറിയാതെ അടിപ്പെട്ടു പോകുന്നു. വര്‍ഗ്ഗീയകലാപത്തിന്നിടയില്‍ കുഞ്ഞിനെ കടിച്ചു കീറുന്ന കുറുക്കനോട്‌ 'കുട്ടിയെ വിട്‌' എന്നു പറയാന്‍ ശ്രമിക്കുന്നവന്റെ തൊണ്ട വറ്റിപ്പോകുന്നു. വര്‍ഗ്ഗീയതയോട്‌ പ്രതികരിക്കാനാവാതെ കുഴങ്ങുന്ന ഛായാചിത്രത്തോട്‌ കുറുക്കന്‍ തന്റെ സന്ദേശം അറിയിക്കുന്നു. ശിവരാമന്‍ വാഴക്കോടും തന്നെ പിന്തുണച്ചു കൊണ്ടായിരുന്നു മരിച്ചതെന്ന് കുറുക്കന്‍ പറയുന്നു. ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തു കൊന്ന അയാള്‍ തന്റെ ബോംബിന്‌ സ്വയം ഇരയാകുകയായിരുന്നുവെന്നു പറയുന്ന കുറുക്കന്‍ എല്ലാം മലിനമായെന്ന് അതീവസന്തോഷത്തോടെ പ്രഖ്യാപിക്കുകയാണ്‌. വ്യവസ്ഥയുടെ തന്ത്രങ്ങള്‍ക്ക്‌ കീഴ്പ്പെടാത്തവരില്ലെന്ന്, അതിന്റെ മാലിന്യങ്ങളില്‍ മുങ്ങിക്കുളിക്കാത്തവരില്ലെന്ന് ഉറപ്പിക്കുന്ന കുറുക്കന്‍ വര്‍ഗ്ഗീയതയും അധീശമൂല്യങ്ങളും അതിജീവനത്തിനുള്ള അവശ്യോപാധികളാണെന്ന സന്ദേശമാണ്‌ നല്‍കുന്നത്‌. ശിവരാമന്‍ വാഴക്കോടിന്റെ ഛായാചിത്രത്തിന്‌ അയാള്‍ക്ക്‌ അവസാനകാലങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ച്‌ അറിയില്ല. അത്‌ ഒരു പഴയ ഛായാചിത്രമാണ്‌. അയാള്‍ ജനതയോടും വിപ്ളവത്തോടും കൂറു പുലര്‍ത്തിയിരുന്ന കാലത്തെടുത്ത ഒരു ചിത്രം. ശിവരാമന്റെ ഈ ഛായാചിത്രം പത്രത്താളില്‍ തന്നോടൊപ്പം പ്രത്യക്ഷപ്പെടുന്ന ഷീബയുടേയും ഉമാവതിയമ്മയുടേയും സതീശന്റേയും അനുഭവങ്ങളെ ഭാവനയില്‍ കാണുന്നുണ്ട്‌. ഷീബയെ കാമുകനായ ചെറുപ്പക്കാരന്‍ വഞ്ചിക്കുന്നു. മക്കളുടെ പീഡനം സഹിക്കാനാകാതെ ഒളിച്ചോടിയ ഉമാവതിയമ്മ, നാട്ടുകാരെ ബോധിപ്പിക്കാന്‍ മക്കള്‍ നല്‍കിയ പത്രപ്പരസ്യം കണ്ട്‌ വീട്ടില്‍ തിരിച്ചുചെല്ലുകയും അവര്‍ നല്‍കിയ വിഷക്കഞ്ഞികുടിച്ച്‌ മരിക്കുകയും ചെയ്യുന്നു. സമകാലിക സാമൂഹികജീവിതത്തിലെ ദുരന്തങ്ങളെ ഇങ്ങനെയെല്ലാം ആവിഷ്ക്കരിക്കുന്ന കഥാകാരന്‍ കഥയുടെ അന്ത്യത്തില്‍ പ്രശ്നീകരണത്തിന്റെ വാതിലുകള്‍ തുറക്കുന്നു.


ശിവരാമന്‍ വാഴക്കോടിന്റെ ഛായാചിത്രം ഒരു പഴയ ഡയറിക്കുറിപ്പ്‌ ഓര്‍മ്മിച്ചെടുക്കുന്നതായി കഥയുടെ അവസാനത്തില്‍ നാം വായിക്കുന്നു. ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എന്താണെന്ന വാഴക്കോടിനോടുള്ള കരുണാകരേട്ടന്റെ ചോദ്യം ഛായാചിത്രത്തിന്റെ ഓര്‍മ്മയിലേക്കു വരുന്നു. കഥയെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രശ്നീകരണത്തിലേക്കു നയിക്കുന്ന സന്ദര്‍ഭമാണിത്‌. ബൂര്‍ഷ്വാസി എന്ന വാക്കിന്റെ സ്പെല്ലിങ്ങ്‌ പലര്‍ക്കും തെറ്റിപ്പോകാറുണ്ട്‌. പഠനകാലത്ത്‌ ഈ വാക്കിന്റെ സ്പെല്ലിങ്ങ്‌ തെറ്റിക്കാത്തവര്‍ ചുരുക്കമായിരിക്കും. മനസ്സിരുത്തി പഠിക്കേണ്ടുന്ന സ്പെല്ലിങ്ങാണത്‌. ആ വാക്ക്‌ കുറിക്കുന്ന വര്‍ഗ്ഗവും മനസ്സിരുത്തി പഠിക്കേണ്ട ഒന്നത്രെ! ലോകത്തെ സ്വന്തം പ്രതിച്ഛായയില്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന വര്‍ഗ്ഗം. സ്വയം ബൂര്‍ഷ്വാ ആകാന്‍ എല്ലാവരേയും നിര്‍ബ്ബന്ധിക്കുന്ന ഒരു വര്‍ഗ്ഗം. ഒരിക്കലും സ്വയം വിശദീകരിക്കാത്ത വര്‍ഗ്ഗം. ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എന്താണെന്ന ചോദ്യം ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എന്താണെന്ന ചോദ്യമല്ല. മറിച്ച്‌, ബൂര്‍ഷ്വാസിയുടെ അന്തര്‍ഘടനയേയും യാഥാര്‍ത്ഥ്യത്തേയും കുറിക്കുന്ന ചോദ്യമാണത്‌. ബൂര്‍ഷ്വാസിയെ കുറിച്ചുളള നിര്‍വ്വചനങ്ങളെയല്ല അത്‌ ഉദ്ദേശിക്കുന്നത്‌. ഇതിന്നകം സ്ഥാപിതമായ നിര്‍വ്വചനങ്ങളിലൂടെ ബൂര്‍ഷ്വാസി എന്താണെന്നു പറഞ്ഞാല്‍ സമാധാനമാകുന്നില്ല. മഹാനിഘണ്ടുക്കള്‍ക്ക്‌ അതിന്‌ ഉത്തരം നല്‍കാന്‍ കഴിയില്ല. സമൂഹത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമാണ്‌ ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എഴുതേണ്ടത്‌.


ശിവരാമന്‍ വാഴക്കോട്‌ ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എഴുതാന്‍ ശ്രമിക്കുമ്പോഴെല്ലാം ഇന്‍ക്വിലാബ്‌ എന്ന വാക്കില്‍ എത്തിച്ചേര്‍ന്നുവെന്ന് അയാളുടെ ഛായാചിത്രത്തിന്റെ ഓര്‍മ്മകളിലൂടെ കഥാകാരന്‍ എഴുതുന്നു. കഥയില്‍ നിന്നും വിമര്‍ശനങ്ങളുടെ സ്വരങ്ങള്‍ മുഴങ്ങുന്ന മുഹൂര്‍ത്തമാണിത്‌. ബൂര്‍ഷ്വാസിക്കെതിരായ വിചാരങ്ങളെ മനസ്സില്‍ കൊണ്ടുനടക്കുകയും ആ വര്‍ഗ്ഗത്തിന്നെതിരെ പട നയിക്കാന്‍ ശ്രമിക്കുകയും ചെയ്ത വിപ്ളവകാരിയായ ശിവരാമന്‍ വാഴക്കോട്‌, ബൂര്‍ഷ്വാസിയെ ഇന്‍ക്വിലാബ്‌ എന്ന വാക്കു കൊണ്ടു തിരിച്ചറിയുന്നതിനെ പ്രത്യക്ഷതലത്തില്‍ തന്നെ രണ്ടു രീതികളില്‍ വായിക്കാം. ആദ്യത്തേത്‌, വ്യവസ്ഥാപിതമായിക്കഴിഞ്ഞ ഇടതുപക്ഷത്തോടുള്ള വിമര്‍ശനമെന്ന നിലക്കാണ്‌. ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള അതിര്‍രേഖകള്‍ മാഞ്ഞുപോകുന്നിടത്തോളം അപചയിക്കപ്പെട്ട ഇടതുപക്ഷരാഷ്ട്രീയത്തോടുള്ള വിമര്‍ശനമാണിത്‌. ശിവരാമന്‍ വാഴക്കോടിന്റെ ജീവിതം തന്നെ ഇതിന്നു സാക്ഷി പറയുന്നതായി കഥാകാരന്‍ സൂചനകള്‍ നല്‍കുന്നു. ശിവരാമന്‍ വാഴക്കോടും തന്നെ പിന്തുണച്ചിരുന്നുവെന്ന  വര്‍ഗ്ഗീയകുറുക്കന്റെ വെളിപ്പെടുത്തലുകള്‍ നല്ലൊരു ചൂണ്ടുപലകയാണ്‌. ശിവരാമന്റെ പേഴ്സില്‍, കെ. വേണുവിന്റെ കുറിപ്പിനു മുകളിലിരിക്കുന്ന ഛായാചിത്രത്തെ കുറിച്ചു പറയുമ്പോള്‍, നമ്മുടെ സമകാല രാഷ്ട്രീയ സംഭവവികാസങ്ങളുമായി കഥയുടെ അര്‍ത്ഥതലങ്ങളെ ബന്ധപ്പെടുത്താനുള്ള സാദ്ധ്യതകള്‍ തെളിയുന്നു. കമ്മ്യൂണിസ്റ്റ്‌ വിപ്ളവകാരിയെ നിലയില്‍ നിന്നും ലോകവാണിജ്യ സംഘടനയെ പിന്തുണക്കുന്ന സൈദ്ധാന്തികനെ നിലയിലേക്ക്‌ കെ. വേണുവിനുണ്ടായ പരിവര്‍ത്തനം ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എഴുതുമ്പോള്‍ ഇന്‍ക്വിലാബ്‌ എന്നാകുന്നതിനോട്‌ സദൃശപ്പെടുത്താവുതാണ്‌. കെ. വേണുവിന്റെ കുറിപ്പിനു മുകളില്‍ നിന്നും ശിവരാമന്റെ പേഴ്സിലെ ഛായാചിത്രം പിന്നീടു മാറ്റപ്പെടുന്നത്‌ മാവോയുടെ മുഖം മറച്ചു നില്‍ക്കുന്ന രീതിയിലേക്കാണെന്ന സൂചനയും ഈ സദൃശീകരണത്തിനു സഹായകമാണ്‌.


ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ ഓരോ എഴുത്തിലും ഇന്‍ക്വിലാബിന്നടുത്തു വന്നു നില്‍ക്കുന്നുവെന്നു പറയുന്നത്‌ ബൂര്‍ഷ്വാസിയൊല്‍ വിപ്ളവമാണെന്ന അര്‍ത്ഥത്തെ ധ്വനിപ്പിക്കാനാണെന്നും പറയാവുന്നതാണ്‌. ബൂര്‍ഷ്വാസി വിപ്ലവപരമ്പരകളുടെ സന്താനമാണെന്ന് മാര്‍ക്സ്‌ എഴുതിയിട്ടുണ്ട്‌. മനുഷ്യരാശിയെ ബന്ധിച്ചിരുന്ന കെട്ടുകളെ അഴിച്ചു വിട്ടുവെന്ന അര്‍ത്ഥത്തില്‍ ചരിത്രത്തില്‍ അതു വഹിച്ച പങ്കിനെ കുറിച്ച്‌ സോഷ്യലിസത്തിന്റെ ആചാര്യന്‍മാര്‍ നിശബ്ദരായിരുന്നില്ല. ബൂര്‍ഷ്വാസിയുടെ ഉദയകാലത്തെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളെ കാണാതെയല്ല, അതു സൃഷ്ടിക്കുന്ന ഹീനവ്യവസ്ഥയെ അവര്‍ വിമര്‍ശിച്ചത്‌. എല്ലാ പുരോഗമധാരകളേയും പിന്നില്‍ ഉപേക്ഷിച്ച്‌ ഒരു പ്രതിലോമവര്‍ഗ്ഗമായി ബൂര്‍ഷ്വാസി മാറിത്തീര്‍ന്നതിനെ കുറിച്ചുള്ള വിസ്താരങ്ങള്‍ നാം വായിച്ചു തുടങ്ങുന്നതും മാര്‍ക്സിന്റെ രചനകളിലാണ്‌. എന്നാല്‍, ബൂര്‍ഷ്വാസിയെ നിരന്തരം നവീകരിക്കുന്ന വര്‍ഗ്ഗമായി കണ്ടെത്തുന്നവരോടൊപ്പം ചേര്‍ന്നു നിന്നുകൊണ്ട്‌ ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ വിപ്ലവമെന്നാണെന്നു പറയുന്നവരുമുണ്ട്‌. കെ. വേണുവിന്റെ ധൈഷണികജീവിതത്തിലെ പരിവര്‍ത്തനം ഇങ്ങനെയായിരുന്നുവെന്നു കാണാവുന്നതാണ്‌. മുതലാളിത്തത്തിനെതിരെ സോഷ്യലിസത്തിന്റെ ആചാര്യന്‍മാര്‍ കുറിച്ചിട്ട മഹാവിമര്‍ശനങ്ങളെ പരിഗണിക്കാതെ അവര്‍ ആദ്യകാല മുതലാളിത്തത്തിനു നല്‍കിയ പ്രശംസകളെ ഉദ്ധരിച്ച്‌ ലേഖനങ്ങള്‍ എഴുതുമ്പോള്‍ ഇതാണല്ലോ സംഭവിക്കുന്നത്‌. ബൂര്‍ഷ്വാസിയൊല്‍ വിപ്ലവമെന്ന അര്‍ത്ഥം പറയുകയാണ്‌ പി.വി.ഷാജികുമാറിന്റെ കഥ ചെയ്യുന്നതെന്ന് നിരൂപിക്കുക വയ്യ. കഥാന്ത്യത്തില്‍ തളര്‍ന്നു പോകുന്ന ശിവരാമന്റെ ഛായാചിത്രം ബൂര്‍ഷ്വാസിയൊല്‍ വിപ്ലവമാണെന്ന ധാരണയെ ഉറപ്പിക്കാന്‍ ഉതകുന്നില്ല. ഈ കഥ ഇടതുപക്ഷത്തിന്റെ അപചയത്തെ വിമര്‍ശനബുദ്ധി കൊണ്ട്‌ പരിശോധിക്കുന്നു.


ബൂര്‍ഷ്വാസി എന്ന വാക്കിന്റെ സ്പെല്ലിങ്ങ്‌ നാം തെറ്റായി എഴുതി തുടങ്ങുമ്പോള്‍ നമ്മുടെ ജീവിതത്തിന്റെ താളവും തെറ്റിത്തുടങ്ങുന്നു. ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ ഒരു സൈദ്ധാന്തികപ്രശ്നമാണ്‌. എന്നാല്‍, നിലനില്‍ക്കുന്ന സാമൂഹികയാഥാര്‍ത്ഥ്യങ്ങളുടെ ചിത്രണത്തോടൊപ്പം ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എന്താണെന്ന ചോദ്യമുന്നയിക്കുന്ന കഥ സിദ്ധാന്തത്തിന്റേയും പ്രയോഗത്തിന്റേയും പ്രശ്നങ്ങളെ ഒരൊറ്റ ഫോക്കസില്‍ കൊണ്ടുവരുന്നു. ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ ശരിയായി അറിയുന്നവര്‍ക്കു മാത്രമേ സാമൂഹികയാഥാര്‍ത്ഥ്യങ്ങളെ പ്രയോഗത്തിന്റെ അടിസ്ഥാനത്തില്‍ അഭിമുഖീകരിക്കാന്‍ കഴിയുകയുള്ളൂ. ലോകത്തെ മാറ്റിമറിക്കാനുളള വിപ്ലവമനസ്സുള്ളവനില്‍ നിന്നും ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തു കൊല്ലുന്ന ദുഷിച്ച മനസ്സുള്ളവനിലേക്ക്‌ ശിവരാമന്‍ മാറിത്തീരുന്നത്‌, ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ ഇന്‍ക്വിലാബ്‌ എന്ന് എഴുതി തുടങ്ങിയതിനു ശേഷമാണ്‌.


ബൂര്‍ഷ്വാസിയുടെ അക്ഷരവിന്യാസം തെറ്റായി എഴുതുന്നവര്‍ 
നൃശംസമായ ഒരു സമൂഹത്തിന്റെ സൃഷ്ടിയില്‍ പങ്കാളികളാകുന്നു. 
വാക്കിന്റെ അക്ഷരവിന്യാസത്തിന്‌ ഊന്നല്‍ നല്‍കുന്ന കഥയുടെ 
ശീര്‍ഷകം ഭാഷയുടെ അതിപ്രാധാന്യത്തെ കുറിച്ചുള്ള സമകാലചിന്തകളുമായി ഒത്തുനില്‍ക്കുന്നതാണ്‌. എല്ലാറ്റിനേയും ഭാഷയിലേക്കു ചുരുക്കുന്ന, ഇപ്പോള്‍ കൊഴുത്തു വളരുന്ന പ്രവണതയെയാണ്‌ ഉദ്ദേശിച്ചത്‌. ഷാജികുമാറിന്റെ കഥ ഈ സമീപനത്തെ അബോധത്തില്‍ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ സാമൂഹികയാഥാര്‍ത്ഥ്യത്തില്‍ നിന്നും വിട്ടുമാറി ഭാഷയുടെ പ്രശ്നങ്ങളെ ആഘോഷിക്കുന്ന നിലയിലേക്ക്‌ അത്‌ എത്തിച്ചേരുന്നില്ല. ഷാജികുമാറിന്റെ കഥയിലെ വാക്കിന്റെ പ്രശ്നീകരണങ്ങള്‍ ഒരു ന്യൂനീകരണമായി വായനക്കാരന്‍ അനുഭവിക്കുന്നില്ല

Tuesday, September 28, 2010

ആദര്‍ശവാദത്തിന്റെ മരണം

മാധവിക്കുട്ടിയുടെ 'മീനാക്ഷിയമ്മയുടെ മരണം'എന്ന കഥ ഒരു ആദര്‍ശവാദിയുടെ ജീവിതാന്ത്യത്തെയാണ്‌ ചിത്രീകരിക്കുന്നത്‌ മീനാക്ഷിയമ്മ ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അചഞ്ചലമായി വിശ്വസിച്ച്‌ ജീവിതം നയിച്ചവളാണ്‌.. മഹാത്മജി ഗുരുവായൂരില്‍ തൊഴാന്‍ വന്നപ്പോള്‍, മീനാക്ഷിയമ്മ ആഭരണങ്ങളെല്ലാം അദ്ദേഹത്തിന്‌ ഊരിക്കൊടുത്തു. പിന്നെ, ഒരിക്കലും സ്വര്‍ണ്ണം ധരിച്ചിട്ടില്ല. പതിനഞ്ചാം വയസ്സില്‍ ഖദര്‍ ഉടുത്തു തുടങ്ങി. എണ്‍പത്തേഴാം വയസ്സിലും ഖദര്‍ തന്നെ വേഷം. നാടിന്റെ അഭിമാനമായി, ഗാന്ധിയന്‍ ആദര്‍ശവാദത്തിന്റെ പ്രതീകമായി നാട്ടിലെ പ്രമാണികളുടെ വാക്കുകളിലൂടെ നായിക അവതരിപ്പിക്കപ്പെടുന്നു. നായികയുടെ ആദര്‍ശം സാമാന്യം ദീര്‍ഘമായി തന്നെ കഥയില്‍ വിസ്തരിക്കപ്പെടുന്നുണ്ട്‌.


ഇപ്പോള്‍, മീനാക്ഷിയമ്മ മരിച്ചുകൊണ്ടിരിക്കുകയാണ്‌. ഇനി രക്ഷപ്പെടില്ല. ശ്വാസത്തിന്റെ തൊടങ്ങിക്കഴിഞ്ഞു. ഇഹലോകത്തോടുളള എല്ലാ കെട്ടുകളും അഴിയുകയാണ്‌. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കു വേണ്ടി പച്ച ജാക്കറ്റും ആഭരണങ്ങളും ഉപേക്ഷിച്ചവള്‍, മനസ്സിന്റെ ഉള്ളിന്റെയുളളില്‍ അവയെ എപ്പോഴും അഭിലഷിച്ചിരുന്നു. അടക്കിപ്പിടിച്ച ഈ മോഹങ്ങള്‍ പുറത്തേക്ക്‌ പ്രവഹിക്കുകയാണ്‌.


വല്യമ്മയ്ക്ക്‌ എന്താ മോഹം?
രമണി ചോദിച്ചു രോഗിണിയുടെ കണ്ണുകള്‍ വികസിച്ചു.
പച്ച ജാക്കറ്റിടാന്‍ മോഹാ.
രോഗിണി മന്ത്രിച്ചു. ...
വല്യമ്മയ്ക്ക്‌ എന്താ വേണ്ടത്?
എന്തു വേണമെങ്കിലും തരാം.
പാലയ്ക്കാ മോതിരം രോഗിണി പറഞ്ഞു.
മീനാക്ഷിയേടത്തിക്ക്‌ വല്ലതും വേണോ
അപ്പുക്കുട്ടന്‍ നായര്‍ സസ്നേഹം ചോദിച്ചു.
രോഗിണിയുടെ കണ്ണുകള്‍ ജ്വലിച്ചു.
അവരുടെ ചുണ്ടുകള്‍ വിറച്ചു.
പച്ച ജാക്കറ്റ്‌. പാലയ്ക്കാമോതിരോം. പിന്നെ ഒന്നും വേണ്ട.


മീനാക്ഷിയമ്മയുടെ ആദര്‍ശജീവിതത്തെക്കുറിച്ച്‌ അറിയാവുന്ന നാട്ടുകാര്‍ക്ക്‌ ഇത്‌ പിച്ചും പേയും പറച്ചിലായി തോന്നുന്നു. എന്നാല്‍, മനസ്സിന്റെ അടിത്തട്ടില്‍ നിന്നും വരുന്ന അഭിലാഷപ്രകടനങ്ങളാണിതെന്നു്‌ കഥാകാരിയിലൂടെ വായനക്കാര്‍ ഉറപ്പിക്കുന്നു. മീനാക്ഷിയമ്മയെന്ന ആദര്‍ശവാദിയുടെ മരണം അവരുടെ ആദര്‍ശവാദത്തിന്റെ മരണമായി തീരുന്നു. ആദര്‍ശവാദികള്‍ മരിക്കുതിനു മുമ്പേ അവരുടെ ആദര്‍ശവാദം മരിക്കുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഇത്‌ കഥയിലെ അനുഭവം മാത്രമല്ല. യഥാര്‍ത്ഥ ജീവിതത്തിലും: ഭേദങ്ങളോടെ, ഈ അനുഭവമുണ്ട്‌. ഈ അനുഭവത്തിനു സാക്ഷി പറയാന്‍ വളരെയേറെ പേരുണ്ടാകും. ആദര്‍ശമെന്ന വാക്ക്‌ കഥയിലൊരിടത്തും ഉപയോഗിക്കപ്പെടുന്നില്ലെങ്കിലും, ഇത്‌ ആദര്‍ശവാദത്തെ ആക്രമിക്കാന്‍ എഴുതപ്പെട്ട കഥയാണെന്ന്‌ നിരൂപിക്കാവുന്നതാണ്‌.


കേവലമൂല്യങ്ങളെക്കുറിച്ചുളള സങ്കല്പനങ്ങളില്‍ മുഴുകിയിരിക്കുന്ന ആദര്‍ശവാദി തനിക്കുവേണ്ടി ഒരു സവിശേഷലോകം നിര്‍മ്മിച്ചെടുക്കുന്നു. ഈ അന്തര്‍ലോകത്തില്‍ യഥാര്‍ത്ഥ ലോകത്തിന്റെ ചലനനിയമങ്ങള്‍ അന്യമായി മാറിനില്‍ക്കുന്നു. ആദര്‍ശവാദത്തിന്റെ ഈ സവിശേഷലോകം ഒരു തടവറയാണ്‌. ആദര്‍ശവാദി ഈ തടവറയ്ക്കുളളില്‍ സ്വയം അടച്ചിടുന്നു. സ്വയം വരിച്ച പാരതന്ത്ര്യത്തിന്റെ സഹനത്തിലൂടെ ദിവ്യത്വം പ്രഖ്യാപിക്കുന്നു. ചില ആദര്‍ശവാദികളില്‍ അഹന്ത നിറഞ്ഞുനില്‍ക്കുന്നതും നാം അറിയുന്നുണ്ട്‌. അയവില്ലാത്ത ഒരു മനോഘടന തനിയെ രൂപം കൊളളുന്നു. അതിസ്വകാര്യതയുടേയും മസോക്കിസത്തിന്റേയും മൂലകങ്ങളെ പ്രദര്‍ശിപ്പിക്കുന്നു.


ആദര്‍ശവാദിയുടെ അന്തര്‍ലോകത്തോട്‌ യഥാര്‍ത്ഥ ലോകവും അവിടുത്തെ ജീവിതവും യോജിക്കുന്നില്ല. അയാള്‍ പുറമേ കാണുന്നതെല്ലാം തന്റെ സവിശേഷലോകത്തിന്റെ വിപരീതമാണ്‌. എന്നാല്‍, ബാഹ്യലോകവുമായി പ്രതിപ്രവര്‍ത്തിക്കാതിരിക്കാന്‍ അയാള്‍ക്കു കഴിയില്ല. അയാളുടെ ജീവിതത്തെ നയിക്കുന്നത്‌ ബാഹ്യലോകവും അതിനോടുളള പ്രതിപ്രവര്‍ത്തനങ്ങളുമാണ്‌. ചിലപ്പോഴെങ്കിലും, പുറത്ത്‌ സ്വാതന്ത്ര്യത്തിന്റെ ആഘോഷം നടക്കുന്നതായി അയാള്‍ക്ക്‌ അനുഭവപ്പെടുന്നു. സ്വയം തീര്‍ത്ത തടവറയുടെ അഴികള്‍ ഭേദിക്കാനുളള അഭിലാഷം മനസ്സിന്റെ ഏതോ കോണില്‍ ഉദിക്കുന്നു. ആദര്‍ശം ഈ മോഹത്തെ അടിച്ചമര്‍ത്തുന്നു. അടിച്ചമര്‍ത്തപ്പെടുന്തോറും ഉപബോധത്തില്‍ ഇത്‌ എത്രയോ മടങ്ങായി ശക്തിപ്പെടുന്നു. മീനാക്ഷിയമ്മയുടെ പിച്ചും പേയും പറച്ചിലില്‍ നാം കേള്‍ക്കുന്നത്‌, ഒരു ആദര്‍ശവാദിയുടെ ഉപബോധമനസ്സിലെ ആഗ്രഹങ്ങളാണ്‌. ഇഹലോകത്തിലെ കെട്ടുകള്‍ അഴിയുമ്പോള്‍ ആദര്‍ശത്തടവറയുടെ അഴികളും നിലംപതിക്കുകയാണ്‌.


നമ്മുടെ സാമൂഹിക-രാഷ്ട്രീയ-സാംസ്ക്കാരിക ജീവിതത്തില്‍ കാണുന്ന ആദര്‍ശപൊങ്ങച്ചങ്ങളെ നോക്കി പരിഹസിക്കുന്ന കഥയാണിത്‌. കഥയിലെ ആദര്‍ശവാദിയായ നായികയ്ക്കെതിരെ പരിഹാസം നിറഞ്ഞ കൂര്‍ത്ത വാക്കുകള്‍ എഴുതപ്പെടുന്നില്ലെന്നത്‌ ശരിയാണ്‌. മീനാക്ഷിയമ്മയുടെ ജീവിതത്തെ ആദരവും സഹതാപവും കൂട്ടിക്കലര്‍ത്തിയ മനോഭാവത്തോടെയാണ്‌ കഥാകാരി നോക്കിക്കാണുന്നതെന്നും പറയാം. എന്നാല്‍, ആദര്‍ശവാദത്തിന്റെ നിസ്സഹായതകളെ കുറിച്ച്‌ ഈ കഥ പറഞ്ഞു തരുന്നു. അതിന്റെ യാഥാര്‍ത്ഥ്യമെന്താണെന്നു്‌ തെളിച്ചു പറയുന്നു. ബാഹ്യയാഥാര്‍ഥ്യത്തോട്‌ ചേരുമ്പോള്‍ കഥ ഉല്‍പാദിപ്പിക്കുന്ന പാഠം ആദര്‍ശവാദത്തിന്റെ നാട്യങ്ങള്‍ക്കെതിരെയാണ്‌. ആദര്‍ശവാദത്തിന്റെ നിഷ്ഫലതയെ കാരുണ്യലേശമന്യേ തെളിച്ചു കാണിക്കാന്‍ കഥാകാരിക്കു കഴിയുന്നു. ആദര്‍ശവാദത്തിനെതിരായ ഈ ആഖ്യാനം മൂല്യബോധചിന്തകളെ അനാദരിക്കുന്നതല്ല. മൂല്യങ്ങളെ കേവലമായി കാണുന്ന വീക്ഷണത്തെയാണ്‌ അത്‌ ആക്രമിക്കുന്നത്‌. ആദര്‍ശം മനുഷ്യനും പ്രകൃതിക്കും ജീവിതത്തിനും വേണ്ടിയാകുന്നതിനു പകരം ഇവ മൂന്നും ആദര്‍ശത്തിനു വേണ്ടിയായിത്തീരുന്ന അവസ്ഥയാണിത്‌. മീനാക്ഷിയമ്മയുടെ മരണം രചിക്കാന്‍ മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിരിക്കുന്ന ഒരാള്‍ക്കു മാത്രമേ കഴിയൂ.


ഇത്‌ തനിക്കറിയുമായിരുന്ന കഥ തന്നെയെന്നു വായനക്കാരന്‌ തോന്നിയേക്കാം. അത്‌ ശരിയുമാണ്‌. പലര്‍ക്കും അറിയാവുന്ന കഥ പലരുടേയും മനസ്സില്‍ അവരറിയാതെ വ്യവസ്ഥയുടെ രാഷ്ട്രീയബോധം രൂപപ്പെടുത്തിയെടുത്ത കഥയെ കണ്ടെടുക്കുകയാണ് കഥാകാരി ചെയ്തത്.(അതിന്‌ അവരുടെ ജീവിതാനുഭവങ്ങള്‍ കൂടി കാരണമായിട്ടുണ്ടാകാം.) വായ്മൊഴിയിലൂടെ കഥ അവതരിപ്പിക്കപ്പെടുന്നുവെന്നതു തന്നെ കഥാകാരിയും ഇതു പറഞ്ഞു കേട്ടിരുന്നുവെന്നതിന്റെ സൂചനയാണ്‌. ഒരു പക്ഷേ, മാധവിക്കുട്ടിയുടെ സാഹിത്യസൃഷ്ടിയെ അതിവര്‍ത്തിച്ചു കൊണ്ടു വായ്മൊഴിയിലൂടെ ഈ കഥ
ഇനിയും പ്രചരിക്കുകയും ചെയ്യും. ഒരു സാഹിത്യസൃഷ്ടിക്കു ലഭിക്കാവുന്ന വലിയ ഒരു ബഹുമതിയാണിത്‌. ക്ലാസിക്കല്‍ പാരമ്പര്യത്തോട്‌,
വിദൂരമെങ്കിലും പരിഗണനീയമായ ഒരു ബന്ധം ഈ ആഖ്യാനം പുലര്‍ത്തുന്നു.


എന്നാല്‍, ആദര്‍ശവാദത്തെ ആക്രമിക്കുന്ന കഥാകാരി യാഥാര്‍ത്ഥ്യത്തിന്റെ ഒരു പാഠം മാത്രമാണ്‌ അവതരിപ്പിക്കുന്നത്‌. ഇത്‌ വ്യവസ്ഥയുടെ പ്രത്യയശാസ്ത്ര നിര്‍മ്മിതിയെ സഹായിക്കുന്നുമുണ്ട്‌. ആദര്‍ശവാദത്തിനെതിരായ ആക്രമണം അബോധപൂര്‍വ്വം രാഷ്ട്രീയത്തിലെ ധനാത്മകമൂല്യങ്ങള്‍ക്കു വേണ്ടിയുളള പോരാട്ടങ്ങളുടെ ചരിത്രത്തെ ന്യൂനീകരിക്കുന്നു. സമകാല രാഷ്ട്രീയത്തിലെ ജീര്‍ണ്ണതകളെ നോവിക്കാതിരിക്കുന്നു. വ്യവസ്ഥയുടെ സ്വാംശീകരണ തന്ത്രങ്ങള്‍ക്ക്‌ കഥാകാരിയും കീഴ്പ്പെടുന്നതിന്റെ തെളിവാണിത്‌; വിശുദ്ധമായ സാഹിത്യം നിലനില്‍ക്കുന്നില്ലെന്നതിന്റേയും.

വിജ്ഞാനകൈരളിയില്‍ പ്രസിദ്ധീകരിച്ചത്

Tuesday, November 24, 2009

ഗര്‍ഭപാത്രം മറന്നുപോകുന്നവര്‍

ഇത്‌ അമ്മമാരുടെ ലോകമല്ല. ഈ ലോകത്തിന്റെ ആത്മാവില്‍ അമ്മയെന്ന വികാരം നിലനില്‍ക്കുന്നില്ല. അമ്മയെ മറന്നുപോയവരുടെ ലോകമാണിത്‌. അമ്മയെ മറന്നുപോകുന്നവര്‍ സ്വയം തിരിച്ചറിയാത്തവരാണ്‌. തങ്ങള്‍ ആരാണെന്നു്‌ മറന്നു പോയവര്‍. വിവേചനശേഷി നശിച്ചവര്‍. നമ്മുടെ മാതൃരഹിതലോകത്തിന്റെ ആത്മാവില്ലാത്ത ഈ അവസ്ഥയെയാണ്‌ പറുദീസാനഷ്ടം എന്ന കഥയില്‍ സുഭാഷ്‌ ചന്ദ്രന്‍ കാണിച്ചു തരുന്നത്‌.

തന്റെ അമ്മയുടെ ഗര്‍ഭപാത്രം ഒരു പ്ളാസ്റ്റിക്‌ ജാറിലാക്കി കൈയ്യിലേന്തി, ബസ്സില്‍ യാത്ര ചെയ്യേണ്ടി വരികയും ബസ്സ്‌ യാത്രക്കിടയിലെ തിരക്കുകള്‍ക്കിടയില്‍ അത്‌ മറന്നുപോകുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന നരേന്ദ്രന്‍ എന്നയാളുടെ അനുഭവങ്ങളുടെ ആഖ്യാനമാണ്‌ ഈ കഥ. നമ്മുടെ ലോകത്തിന്റെ തളളയില്ലായ്മകളുടെ എല്ലാ ലക്ഷണങ്ങളേയും ഈ കഥ കണ്ടെത്തുന്നു. രോഗം ബാധിച്ച ഗര്‍ഭപാത്രം, ഗര്‍ഭപാത്രം ഉള്‍ക്കൊളളാന്‍ തക്കവലിപ്പമുളള പ്ളാസ്റ്റിക്‌ ഭരണി, ആള്‍ക്കൂട്ടത്തെ ബാധിച്ച അച്ഛന്‍ജ്വരം.. എന്നിങ്ങനെ ആഖ്യാനത്തിലുടനീളം കഥാകാരന്‍ നല്‍കുന്ന സൂചനകള്‍ വായനയ്ക്ക്‌ വിസ്തൃതമാനങ്ങള്‍ നല്‍കുന്നു.

ഗര്‍ഭപാത്രത്തിന്റെ ജൈവതയിലാണ്‌ ഈ ലോകം നിലനില്‍ക്കുന്നത്‌. ഇപ്പോള്‍, അത്‌ രോഗാതുരമായിരിക്കുന്നു. പ്ളാസ്റ്റിക്‌ എന്ന മാലിന്യത്തിന്റെ സുതാര്യസൌന്ദര്യവും അനശ്വരതയും കൊണ്ട്‌ ഗര്‍ഭപാത്രത്തെ സുരക്ഷിതമാക്കേണ്ടി വന്നിരിക്കുന്നു. രോഗാതുരമായ ഗര്‍ഭപാത്രത്തെ പ്ളാസ്റ്റിക്‌ ഭരണിയില്‍ സുരക്ഷിതമാക്കേണ്ടി വരുന്ന അവസ്ഥ, ഒരിക്കലും നശിക്കാതെ അവക്ഷിപ്തീകരിച്ചുകൊണ്ടിരിക്കുന്ന മാലിന്യത്തെ സുരക്ഷിതത്വത്തിന്റെ കവചമായി ജൈവതയ്ക്കു പകരം സ്വീകരിക്കേണ്ടി വരുന്ന ദുരവസ്ഥയുടെ രൂപകമാണ്‌. ഗര്‍ഭപാത്രം സുരക്ഷിതമായി രോഗനിര്‍ണ്ണയകേന്ദ്രത്തില്‍ എത്തിക്കുന്നതിനുളള പ്ളാസ്റ്റിക്‌ ജാര്‍ വിലപേശി വാങ്ങിയതാണ്‌. നരേന്ദ്രന്‌ രണ്ടു രൂപാ ലാഭത്തില്‍ അതു വാങ്ങാന്‍ കഴിഞ്ഞു. ഗര്‍ഭപാത്രത്തിന്റെ മൂല്യം കമ്പോളമൂല്യങ്ങള്‍ക്ക്‌ ഉപരിയായി നിലനില്‍ക്കുന്നില്ല. മറ്റൊരിടത്ത്‌, ഗര്‍ഭപാത്രത്തിന്റെ വലിപ്പം പ്ളാസ്റ്റിക്‌ പാത്രത്തിണ്റ്റെ വലിപ്പവുമായി താരതമ്യം ചെയ്യപ്പെടുന്നുമുണ്ട്‌. ഗര്‍ഭപാത്രത്തെ ഉള്‍ക്കൊളളാന്‍ തക്ക വലിപ്പമുളള പ്ളാസ്റ്റിക്പാത്രത്തെ കുറിച്ചു പറയുന്നതോടൊപ്പം നഷ്ടപ്പെട്ടത്‌ ഒരു പഴയപാത്രമാണെന്ന്‌ കഥാവസാനത്തില്‍ പ്രധാന കഥാപാത്രം സ്വയം ഉത്തരം കണ്ടെത്തുകയും ചെയ്യുന്നു. പാപബോധവും അവജ്ഞയും ആത്മപരിഹാസവും കൂടിച്ചേര്‍ന്ന മനസ്സ്‌ മാന്യത കൈവെടിയാതിരിക്കാനുളള തത്രപ്പാടിന്നിടയിലാണ്‌ ഈ ഉത്തരത്തില്‍ എത്തിച്ചേരുന്നത്‌. ഈ മാന്യത അമ്മയെ നിഷേധിക്കുന്ന കാപട്യമാണ്‌. അത്‌ തന്റെ അമ്മയുടെ ഗര്‍ഭപാത്രമായിരുന്നുവെന്നു പറയാനുളള ആര്‍ജ്ജവം നരേന്ദ്രനു നഷ്ടപ്പെടുന്നു. അമ്മ ഒരു പഴയ കാര്യമായിരിക്കുന്നു. മറന്നു പോകേണ്ട കാര്യമായിരിക്കുന്നു. അമ്മയോടുളള ആദരവ്‌ ജീവനോടും ജീവിതത്തോടുമുളള ആദരവായിരുന്നു. ഇവ പൂര്‍വ്വികന്റെ വിഡ്ഢിത്തങ്ങളായി ഗണിക്കപ്പെടുന്ന ലോകമായി നമ്മുടെ ലോകം മാറിക്കഴിഞ്ഞിട്ടുണ്ട്‌. ഇതാണ്‌, മനുഷ്യന്‍ ചക്രവര്‍ത്തിയായ (നരേന്ദ്രന്‍) ലോകം.

നമ്മെ പെറ്റുപോറ്റുന്ന അമ്മമാരെ മാത്രമല്ല; ഗര്‍ഭപാത്രം സൂചിപ്പിക്കുന്നത്‌. ഗര്‍ഭപാത്രത്തെ പ്രകൃതിയുടെ പര്യായപദമായി കാണുക. രോഗാതുരമായ ഗര്‍ഭപാത്രം രോഗാതുരമായ പ്രകൃതിയേയും രോഗാതുരമായ ലോകത്തേയും ഓര്‍മ്മിപ്പിക്കുന്നു. പ്രകൃതി ചിലപ്പോള്‍ ഭ്രാന്തിത്തള്ളയാകുന്നു. സ്നേഹ നിരാസത്തിന്റെ വേദന സഹിയാഞ്ഞ്‌ രുദ്രയാകുന്നു. മക്കളെ കൊല്ലുന്ന കരാളരൂപിണിയാകുന്നു. ഭൂമി നാശത്തെ കാണുന്നു. മരുഭൂമികള്‍, ഭൂകമ്പങ്ങള്‍, ഉരുള്‍പൊട്ടലുകള്‍, വരള്‍ച്ച, ക്ഷോഭങ്ങള്‍, സമുദ്രഗര്‍ജ്ജനങ്ങള്‍, ആര്‍ദ്രത വറ്റിയ പ്രകൃതി. അമ്മയോടുളള മക്കളുടെ ഉപേക്ഷകള്‍ സര്‍വ്വംസഹയെ ഭ്രാന്തിയാക്കുന്നുവല്ലോ.

ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വലിയ സമ്മേളനത്തിന്റെ ഭാഗമായി രൂപം കൊണ്ട ആള്‍ക്കൂട്ടത്തിന്റെ തിരക്കിന്നിടയിലാണ്‌ നരേന്ദ്രന്‌ അമ്മയുടെ ഗര്‍ഭപാത്രം നഷ്ടപ്പെടുന്നത്‌. ആള്‍ക്കൂട്ടത്തെ ഒരു പുരുഷക്കൂട്ടമെന്നാണ്‌ ആഖ്യാനത്തില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുക. ഈ പുരുഷാരം അവരുടെ മഹാപിതൃരൂപത്തെ കുറിച്ചു പറയുകയും ആവേശം കൊളളുകയും ചെയ്യുന്നു. ആഖ്യാനകാരന്‍ ഇ.എം.എസിനെ ഒരു പിതൃരൂപമായി അവതരിപ്പിക്കുന്നു. ഇ.എം.എസ്‌ കേരളത്തിന്റെ സമീപകാലഭൂതകാലത്തെ ഏറെ സ്വാധീനിച്ച പുരുഷനായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ അച്ഛന്‍, സന്ദേഹങ്ങളില്ലാത്ത മനസ്സ്‌., 'അജ്ഞതയ്ക്കു പോലും ആധികാരിക ഭാവം'... ഇ.എം.എസ്‌. ഇങ്ങനെയൊക്കെയായിരുന്നു.

അങ്ങേരു മരിച്ചത്‌ നെകത്താനാവാത്ത വെടവായിപ്പോയി
വെറും അറിവൊന്നുമല്ല, അസ്സല്‍ പാണ്ഡിത്യം
ശരിക്കും ഒരവതാരം
ഒമ്പതു ഭാഷകളറിയാമായിരുന്നു എന്നല്ലെ പറയണേ

ഈ മഹാപിതൃരൂപത്തെ കുറിച്ചുള്ള കീര്‍ത്തനങ്ങള്‍ക്കിടയിലാണ്‌ അമ്മയുടെ ഗര്‍ഭപാത്രം നഷ്ടമാകുന്നത്‌. പിതൃരൂപങ്ങള്‍ ആരാധിക്കപ്പെടുമ്പോള്‍ മാതാവ്‌ ഓര്‍മ്മിക്കപ്പെടുന്നതേയില്ല. ഗര്‍ഭപാത്രത്തെ മറന്നുപോകുന്നു. പിന്നെ, ഓര്‍ത്തെടുക്കുമ്പോഴേയ്ക്കും അത്‌ നഷ്ടമാകുന്നു.

അമ്മയുടെ ഗര്‍ഭപാത്രം മറന്നുപോയവന്‍ ഇറങ്ങി പോകുന്നത്‌ അരക്ഷിതമായ ആള്‍ക്കൂട്ടത്തിന്നിടയിലേക്കാണ്‌. മനുഷ്യരാശി അകപ്പെട്ടിരിക്കുന്ന അരക്ഷിതാവസ്ഥയാണിത്‌. മനുഷ്യന്‍ നേരിടുന്ന അന്യമാകലിന്റെ അവസ്ഥയെ കഥാകാരന്‍ കാണുന്നു. ആധുനികശാസ്ത്രം; വൈദ്യശാസ്ത്രവും അതിന്റെ രോഗപരിചരണ സംവിധാനങ്ങളുമുള്‍പ്പെടെ, ഈ നൃശംസാവസ്ഥയെ പോഷിപ്പിക്കുകയാണെന്നു സൂചിപ്പിക്കുന്നു. പുരുഷാധിപത്യസമൂഹത്തിന്റെ ദുര്‍നീതികള്‍ സ്ത്രൈണഭാവങ്ങളെ നിഹനിക്കുകയാണെന്നും അസ്തിത്വത്തിന്നാധാരമായ മഹാശക്തിയെ പുരുഷാധിപത്യത്തിനു കീഴ്പ്പെട്ട ലോകം മറന്നു പോവുകയാണെന്നും ഈ കഥാകാരന്‍ പറയുന്നു.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...