Thursday, May 11, 2023

സാഹിതീയതയെ അനാദരിക്കുന്നു. ആധികാരികതയെ നഷ്ടപ്പെടുത്തുന്നു.


മലയാളഭാഷയിലെ പല രചനകളെയും ചൂണ്ടി, നോവല്‍ എന്തും കുത്തിനിറയ്ക്കാനുള്ള കീറച്ചാക്കാണോ എന്ന സംശയം ഉന്നയിക്കാവുന്ന സ്ഥിതിയുണ്ടെന്നാണ് എനിക്കു തോന്നുന്നത്. വിവരങ്ങളെ കൊട്ടിയിടാനുള്ള താളുകളായി നോവല്‍ പുസ്തകങ്ങള്‍ മാറിത്തീര്‍ന്നതിന്റെ എത്രയോ അനുഭവങ്ങള്‍ പറയാന്‍ കഴിയും. ഇത്തരം കീറച്ചാക്കുകള്‍ സാഹിതീയഭാവുകത്വത്തെ നിര്‍ണ്ണയിച്ചു തുടങ്ങുന്ന അവസ്ഥയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ബെന്യാമിന്റേയും കെ ആര്‍ മീരയുടേയും ടി ഡി രാമകൃഷ്ണന്റേയും മറ്റു പലരുടേയും പല നോവലുകളും സമകാലത്തെ ഉത്തമസാഹിത്യകൃതികളായി കൊണ്ടാടപ്പെടുന്നതില്‍ ഈ കീറച്ചാക്കുപ്രവണതയും അതുണ്ടാക്കിയ ഭാവുകത്വമാറ്റവും വലിയ പങ്കു വഹിക്കുന്നുണ്ട്. സാഹിത്യവിപണിയുടെ ആഘോഷങ്ങളും ഇവയെ പ്രോജ്ജ്വലിപ്പിക്കുന്ന സാഹിത്യോത്സവങ്ങളും ഈ പ്രവണതകളെ ത്വരിപ്പിക്കുന്നു. എന്നാല്‍, ഈ ലോകജീവിതത്തെ നേരിട്ടു പ്രമേയമാക്കിയവരും, തങ്ങളുടെ ഭാവനയേയും ധിഷണയേയും പ്രചോദിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന ദര്‍ശനങ്ങളെയോ ചിന്താധാരകളെയോ കുറിച്ചെഴുതാന്‍ നോവല്‍ മാദ്ധ്യമം സഫലമായി ഉപയോഗിച്ചിട്ടുള്ള എഴുത്തുകാരും നമുക്കുണ്ട്. ആദരവോടെ മലയാളത്തിലെ വായനക്കാര്‍ അവരെ, അവരുടെ കൃതികളെ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍, അതല്ല സ്ഥിതി. വര്‍ത്തമാനപ്പത്രങ്ങളിലെ വാര്‍ത്താകുറിപ്പുകളുടേയും വാര്‍ത്താവലോകനങ്ങളുടേയും ശൈലിയില്‍ ചരിത്രത്തിലെ സംഭവങ്ങളേയും വ്യക്തികളേയും മറ്റും എഴുതുകയും അതിനെ നോവലെന്ന പേരില്‍ അവതരിപ്പിച്ചു പുറത്തിറക്കുകയും ചെയ്യുമ്പോള്‍ സാഹിതീയത മാനിക്കപ്പെടുന്നില്ല. മാനവികവ്യവഹാരങ്ങളില്‍ സാഹിത്യത്തിനു ചെയ്യാനുള്ള ദൗത്യത്തെ ഒട്ടുമേ ഉള്‍ക്കൊള്ളാത്ത ദിനപ്പത്രഫീച്ചറുകളെ കുത്തിക്കെട്ടി നോവലാക്കുന്ന രീതി നോവല്‍മാദ്ധ്യമത്തിന്റെ സാഹിതീയതക്കു മാത്രമല്ല, ദിനപ്പത്രലേഖനത്തിനുണ്ടാകേണ്ട വസ്തുനിഷ്ഠതയ്ക്കും ദോഷമുണ്ടാക്കുന്നു. സാഹിത്യത്തേയും പത്രപ്രവര്‍ത്തനത്തേയും കെടുത്തുന്നതിലൂടെ രണ്ടു വ്യവഹാരരീതികളേയും നിര്‍വീര്യമാക്കുകയും ഈ രണ്ടു രൂപങ്ങളില്‍ ഒന്നിനേയും നേരിട്ട് അഭിമുഖീകരിക്കാനുള്ള എഴുത്തുകാരന്റെ കഴിവില്ലായ്മയും കൃത്രിമത്വവും മേല്‍ക്കൈ നേടുകയും ചെയ്യുന്നു. പള്‍പ്പ് നോവലുകളാണിവ
.


പി.കെ. ശ്രീനിവാസന്റെ 'രാത്രി മുതല്‍ രാത്രി വരെ' എന്ന രചനയെ കുറിച്ചു പറയുമ്പോള്‍ ആദ്യം സൂചിപ്പിക്കേണ്ടത് മുകളില്‍ പറഞ്ഞ കാര്യമാണ്. അടിയന്തരാവസ്ഥയുടേയും നക്‌സലൈറ്റുകളുടേയും ചരിത്രത്തിലെ വ്യക്തികളേയും സംഭവങ്ങളേയും പത്രങ്ങളിലെ കുറിപ്പുകളുടേയും അവലോകനങ്ങളുടേയും ശൈലിയില്‍ (തനി ജേര്‍ണലിസ്റ്റിക് ശൈലിയില്‍) എഴുതുന്ന രചനയാണിത്. നോവലെന്ന പേരില്‍ നമ്മുടെ മുന്നിലെത്തുന്ന കൃതിയില്‍ ചരിത്രത്തിലെ വ്യക്തികളായ ഇന്ദിരാഗാന്ധിയും കെ കരുണാകരനും അച്യുതമേനോനും സഞ്ജയഗാന്ധിയും കെ വേണുവും ഈച്ചരവാര്യരും ജയറാം പടിക്കലും തോട്ടം രാജശേഖരനും എല്ലാം അതേ രൂപത്തിലും നാമത്തിലും തന്നെ പ്രത്യക്ഷപ്പെടുന്നു. എഴുത്തുകാരന്‍ ഭാവനയില്‍ നിന്നും അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങളേ പ്രധാനമായിട്ടുള്ളൂ - കപിലനും കെബിയും കുമാര്‍ജിയും. എഴുത്തുകാരന്‍ പരോക്ഷമായി സൂചിപ്പിക്കുന്നതു പോലെ ചരിത്രത്തില്‍ തിരഞ്ഞാല്‍ ഇവരുടെ പ്രാഗ്‌രൂപങ്ങളെ കണ്ടെത്താന്‍ കഴിയുകയും ചെയ്യും. മിക്കവാറും മറ്റുള്ളവരെല്ലാം തന്നെ ചരിത്രത്തില്‍ നിന്നും നേരിട്ട് നോവല്‍കഥയിലേക്ക് ഹാജരാകുന്നവരാണ്. അവരില്‍, ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ കൂടിയുണ്ട്. ഇതിലെ പല കഥാപാത്രങ്ങളും സങ്കല്‍പ്പനത്തിന്റെ വിതാനത്തിലുള്ളതാണെന്ന വാദത്തിനു വലിയ പ്രസക്തിയില്ല.  എന്തിനാണ് ചരിത്രത്തിലെ നായകന്മാരെ അതേപടി കൊണ്ടുവരികയും പത്രലേഖനത്തിന്റെ ഭാഷ ഉപയോഗിക്കുകയും ചെയ്തിട്ടും നോവല്‍ എന്ന ചട്ടക്കൂടിലേക്കു തന്റെ പ്രമേയത്തെ കൊണ്ടുവരാന്‍ എഴുത്തുകാരന്‍ ഉത്സുകനായത്? തനിക്ക് പറയാനുള്ള കാര്യത്തിന്റെ വസ്തുനിഷ്ഠതയെയും ആധികാരികതയെയും ലഘൂകരിക്കാനല്ലേ അതു ഉപകരിച്ചുള്ളൂ? നോവലിന്റെ സാഹിതീയതയോടു കാണിച്ച അനാദരവു മാത്രമായിട്ടല്ല, തനിക്കു പറയാനുള്ള കാര്യത്തോടുള്ള ആത്മാര്‍ത്ഥതാരാഹിത്യമായും ഇതിനെ വ്യാഖ്യാനിക്കേണ്ടി വരില്ലേ? ചരിത്രസംഭവങ്ങളിലെ അനിശ്ചിതത്വങ്ങളെ തരണം ചെയ്യാനോ മറയ്ക്കാനോ ഉള്ള ശ്രമമായിരിക്കാം ഇത്. ഒരു ലേഖനസമാഹാരമായി കൂടുതല്‍ കൃത്യതയോടെയും കരുതലോടെയും  എഴുതപ്പെട്ടിരുന്നെങ്കില്‍, അക്കാലത്തെ ചരിത്രസംഭവങ്ങളുടെ ശരിയായ രേഖീകരണത്തിനുള്ള ശ്രമമെന്നു ശ്ലാഘിക്കപ്പെടാനുള്ള അവസരത്തെ എഴുത്തുകാരന്‍ നഷ്ടപ്പെടുത്തുന്നു. ആധികാരികതയെ നഷ്ടപ്പെടുത്തുകയും സാഹിതീയതയെ അനാദരിക്കുകയും ചെയ്യുന്ന  ഈ സമീപനത്തോടുള്ള വിയോജിപ്പിനെ പറഞ്ഞു കൊണ്ടേ പി.കെ.ശ്രീനിവാസന്റെ ഈ രചനയിലേക്കു എനിക്കു പ്രവേശിക്കാന്‍ കഴിയൂ.




ഇന്ത്യയിലെ അടിയന്തരാവസ്ഥയുടേയും കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റേയും പ്രധാനപ്പെട്ട ഏടുകളെ ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. ചില കാര്യങ്ങളെങ്കിലും മറ്റു പുസ്തകങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ ശേഖരണമാണ്. നക്‌സലൈറ്റുകളെ കുറിച്ചെഴുതാന്‍ കെ. വേണുവിന്റെ ആത്മകഥയിലെ വിവരങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് കാണുക. ചില സ്ഥലങ്ങളില്‍ ചരിത്രത്തില്‍ നിന്നുള്ള രേഖകള്‍ അതേപടി ഉപയോഗിക്കുന്നുണ്ട്. ജയറാം പടിക്കലും കവിയൂര്‍ ബാലനും നക്‌സലൈറ്റുകളെ കുറിച്ചു പറഞ്ഞ വാക്യങ്ങളുടെ ഉദ്ധരണി ഉദാഹരണമാണ്. എന്നാല്‍, പൊതുജനങ്ങള്‍ക്ക് അധികമൊന്നും അറിവില്ലാത്ത ചില വസ്തുതകളെ കുറിച്ചെങ്കിലും ഈ പുസ്തകം വിശദമായി പറയുന്നുണ്ട്. വളരെ ധനാത്മകമായ കാര്യമാണിത്. വയനാടിന്റെ പെരുമന്‍ വര്‍ഗീസിന്റേയും സ്ട്രീറ്റ് പത്രാധിപരായിരുന്ന സുഭാഷ് ചന്ദ്രബോസിന്റേയും ജീവചരിത്രം വിശദമായി പറയുന്നു. പ്രൊഫ. ഈച്ചരവാരിയരുടെ മകന്‍ രാജനെ അറസ്റ്റു ചെയ്യുന്നതിനു ദൃക്‌സാക്ഷികളായ ദമ്പതികളെ പോലീസുകാര്‍ കൊലപ്പെടുത്തി കെട്ടിത്തുക്കുകയും ആത്മഹത്യയാക്കി മാറ്റുകയും ചെയ്ത കഥയും പലര്‍ക്കും അറിയുന്നതല്ല. ആ ദമ്പതികളുടെ പേരുകള്‍ ഈ രചനയില്‍ മാറ്റിപ്പറഞ്ഞിരിക്കുന്നുവെന്നേയുള്ളൂ. കക്കയം ക്യാമ്പിലെ ഉരുട്ടലിനു ശേഷം കൊല്ലപ്പെട്ട രാജനെ മറവു ചെയ്യാന്‍ സഹായിച്ച മണ്‍സൂര്‍ എന്ന പോലീസുകാരനെ നേതൃതലത്തിലുണ്ടായിരുന്ന പോലീസുകാര്‍ തന്നെ കൊലപ്പെടുത്തിയിരിക്കണം എന്ന സൂചനയും അധികമാര്‍ക്കും അറിവുള്ളതല്ല. ഇതിനെ കുറിച്ച്, അന്നു കക്കയം ക്യാമ്പില്‍ പീഡിപ്പിക്കപ്പെട്ടിരുന്ന ഒരു നക്‌സലൈറ്റു സുഹൃത്തിനോട് ഞാന്‍ അന്വേഷിക്കുകയുണ്ടായി. അദ്ദേഹം ഇക്കാര്യത്തില്‍ അജ്ഞനാണ്. നോക്കൂ. ആധികാരികമായ ഒരു ലേഖനമായിരുന്നെങ്കില്‍ ഈ കാര്യം സന്ദേഹങ്ങളില്ലാതെ പരിശോധിക്കപ്പെടേണ്ട ചരിത്രവസ്തുതയാകുമായിരുന്നു. ഇനി, ഇത് കൂട്ടിച്ചേര്‍ക്കപ്പെട്ട കഥയാണെങ്കില്‍ ഇത്രയേറെ വസ്തുതാപരമായ വിവരണങ്ങള്‍ക്കിടയില്‍ ഈ കഥ ആഖ്യാനത്തിന്റെ സ്വഭാവത്തെ തന്നെ സന്ദേഹത്തിലാക്കുന്നു.




നക്‌സലൈറ്റുകളെ കുറിച്ച് എഴുത്തുകാരന്‍ സന്ദേഹരൂപത്തില്‍ എഴുതുന്ന ചില കാര്യങ്ങള്‍ ജയറാം പടിക്കലിനെ പോലുള്ള പോലീസുകാരോ എതിര്‍ രാഷ്ട്രീയസംഘടനകളോ പ്രചരിപ്പിച്ചിരുന്നവയാണ്. കെ.വേണു പോലീസിന്റെ ഏജന്റായിരുന്നു എന്നു ധ്വനിപ്പിക്കുന്ന സന്ദേഹങ്ങള്‍ കൃതിയിൽ  മൂന്നു പ്രാവശ്യം  വരുന്നതു കാണാം. നക്‌സലൈറ്റുകളില്‍ നിന്നും മാര്‍ക്‌സിസ്റ്റു രാഷ്ട്രീയത്തില്‍ നിന്നും കെ.വേണു മാറിപ്പോകുകയും അന്ന് ഒപ്പമുണ്ടായിരുന്ന പലരും ഇപ്പോള്‍ അദ്ദേഹത്തെ രാഷ്ട്രീയമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ടെന്നതു ശരിയാണ്. എന്നാല്‍, അവരിലൊരാളെങ്കിലും അദ്ദേഹം പോലീസ് ഏജന്റായിരുന്നെന്നു പറയുകയില്ല. വേണു പോലീസ് ഏജന്റായിരുന്നെന്നു പി. ഗോവിന്ദപ്പിള്ള ധരിച്ചിരുന്നുവെന്ന സന്ദേഹവും വലിയ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കെ.വേണുവിന് പി.ജിയുമായുള്ള ബന്ധം വളരെ പഴക്കമുള്ളതായിരുന്നു. മാത്രമല്ല, കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ പ്രതികളെ കോഴിക്കോട് ജില്ലാക്കോടതിയില്‍ കൊണ്ടുവരുമ്പോള്‍ അവരെ കാണാനായി സാധാരണമനുഷ്യരോടൊപ്പം സാധാരണക്കാരനായി പി.ജിയും അവിടെ എത്തിയിരുന്നു. ഇക്കാര്യം എന്നോടു പറഞ്ഞ പ്രതികളിലൊരാള്‍ പി.ജിയുടെ ഇപ്പോഴും അറിയപ്പെടാത്ത ഒരു മുഖമാണ് അതെന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. ജയറാം പടിക്കലിന്റെ കള്ളക്കഥയെ സന്ദേഹമായി അവതരിപ്പിച്ച രീതി ഈ പുസ്തകത്തിനു തന്നെ കോട്ടമായി തീരുന്നു. കെ.വേണു ക്യാപ്റ്റനായി നടത്തിയ കായണ്ണ ആക്രമണത്തിന്റെ തുടര്‍ച്ചയിലുണ്ടായ സംഭവഗതികളാണ്  ജയറാം പടിക്കലിന്റേയും കെ കരുണാകരന്റേയും മറ്റും ജീവിതത്തിലെ വലിയ പരീക്ഷണഘട്ടങ്ങള്‍ക്കു കാരണമായതെന്ന കാര്യം ജയറാം പടിക്കലിന്റെ പോലീസ് ഏജന്റ് പ്രസ്താവന കള്ളമാണെന്നു തെളിയിക്കുന്നുമുണ്ട്.  


കേരളത്തിലെ നക്‌സലൈറ്റുകളുടെ ചരിത്രത്തെ മിക്കവാറും കെ.വേണുവിന്റെ കഥയായി അവതരിപ്പിക്കുന്ന രീതി ഈ പുസ്തകവും പിന്തുടരുന്നു. കെ.വേണു പലപ്പോഴും സൈദ്ധാന്തികപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന ആളായിരുന്നു. അദ്ദേഹം നല്ലൊരു പ്രായോഗികപ്രവര്‍ത്തകനോ സംഘാടകനോ ആയിരുന്നില്ലെന്നാണ് മിക്ക സഖാക്കളുടേയും അഭിപ്രായം. അദ്ദേഹം പ്രായോഗികപ്രവര്‍ത്തനത്തില്‍ ഏറെയും അറിയപ്പെടുന്നത് കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ടാണല്ലോ? നേതൃസഖാവെന്ന നിലയ്ക്ക് ആക്രമണത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനം കെ. വേണുവിനായിരുന്നെങ്കിലും അതിനു വേണ്ട അടിസ്ഥാനപ്രവര്‍ത്തനങ്ങളും പദ്ധതികളും ഒരുക്കിയത് സോമശേഖരനായിരുന്നു. അന്ന് പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയും സോമശേഖരനായിരുന്നിരിക്കണം. തടവറക്കവിതകള്‍, പില്‍ക്കാലത്ത് തൃശൂരില്‍ നടന്ന ആവിഷ്‌ക്കാരസ്വാതന്ത്ര്യസംരക്ഷണ കണ്‍വെന്‍ഷന്‍, ജാതി, സ്ത്രീ, പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയിലെല്ലാം പൊതുഘടകമോ നേതൃത്വമോ ആയി നിന്നു സംഭാവനകള്‍ ചെയ്തിരുന്നു, സോമശേഖരന്‍. കോമ്രേഡ്, മാസ്‌ലൈന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ജനതാ ബുക്സ്റ്റാളും ആരംഭിക്കുന്നത് കെ.എന്‍.രാമചന്ദ്രനായിരുന്നു. കെ എന്‍ രാമചന്ദ്രനെ പോലെ പ്രവര്‍ത്തനശേഷിയും ഇച്ഛാശക്തിയും പ്രതിജ്ഞാബദ്ധതയും ദൃഢനിശ്ചയവും പുലര്‍ത്തുന്ന രാഷ്ട്രീയപ്രവര്‍ത്തകന്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നുണ്ടാകില്ല. ഇന്ത്യയിലെ വ്യവസ്ഥാപിതപ്രസ്ഥാനങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ വളരെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തുവാന്‍ സാദ്ധ്യതയുണ്ടായിരുന്ന രാഷ്ട്രീയപ്രവര്‍ത്തകനാണ്, അദ്ദേഹം. വളരെ സങ്കുചിതനും യാഥാസ്ഥിതികനുമായ മാര്‍ക്‌സിസ്റ്റായി ചിലര്‍ കെ.എന്‍.രാമചന്ദ്രനെ കാണുന്നുണ്ടെങ്കിലും അദ്ദേഹം കേരളത്തില്‍ എത്തുമ്പോള്‍ പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം ലഭിക്കുന്നതിനെ കുറിച്ച് പല സഖാക്കള്‍ (അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ പോലും) എന്നോട് പറഞ്ഞിട്ടുണ്ട്. കെ.എന്‍.രാമചന്ദ്രനേയും സോമശേഖരനേയും ഒക്കെ ആനുഷംഗികമായി പരാമര്‍ശിക്കുന്ന ഈ പുസ്തകം വേണുവിന്റെ ഒളിവുകാലനടത്തങ്ങള്‍ക്ക് ഏറെ പേജുകളാണ് ചെലവാക്കുന്നത്.  ഇക്കിളിപ്പെടുത്തുന്നതും സെന്‍സേഷണലുമായ വാര്‍ത്തകള്‍ക്കായി വലതുപക്ഷമാദ്ധ്യമങ്ങള്‍ ഇതേ വരെ തുടര്‍ന്നു പോന്ന രീതി ഈ പുസ്തകവും സ്വീകരിക്കുന്നു. ഇതരരൂപത്തില്‍ പറഞ്ഞാല്‍ നക്‌സലൈറ്റുകളുടെ ചരിത്രത്തിന്റെ തെറ്റായ രേഖീകരണമാണത്. കെ.വേണുവിന്റേയും കെ എന്‍ രാമചന്ദ്രന്റേയും സോമശേഖരന്റേയും പേരുകള്‍ നേരിട്ടു പറയുന്ന ആഖ്യാനം ജയറാം പടിക്കലിനെ ആക്രമിക്കാനായി പാര്‍ട്ടി ചുമതലപ്പെടുത്തിയ നേതാവ് ആരാണെന്നു പറയുന്നില്ല! (അത് ആഖ്യാനകാരന് അറിയാത്തതല്ലെന്ന് സൂചനകള്‍ കാണിക്കുന്നുണ്ടു താനും)




PK Sreenivasan


കേരളത്തിന്റെ അടിയന്തരാവസ്ഥ വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ നക്‌സലൈറ്റുകളാണ് പ്രധാന പങ്കു വഹിക്കുന്നതെന്ന സമീപനം പുസ്തകം സ്വീകരിക്കുന്നത് യഥാതഥമാണ്. സംഘപരിവാര്‍ സംഘടനകളുടെ ചെറുത്തുനില്‍പ്പിന്റെ ചരിത്രത്തെ വിവരിക്കുന്ന അദ്ധ്യായത്തിലെ കാര്യങ്ങളുടെ ശുഷ്‌ക്കിച്ച സ്വഭാവം തന്നെ അവരുടെ പങ്ക് എത്രമാത്രം ലഘുവായിരുന്നുവെന്നു കാണിക്കുന്നുണ്ട്. സിപിഎം അടിയന്തരാവസ്ഥയോടു ന്യൂട്രലായ ഒരു സമീപനം സ്വീകരിച്ചു എന്ന ധാരണയെ പങ്കു വയ്ക്കുമ്പോള്‍ കോണ്‍ഗ്രസിനെ പിന്താങ്ങിയ സിപിഐയും അച്യുതമേനോനും ഈ പുസ്തകത്തിൽ രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നു. രാജന്‍ കേസിന്റെ കഥയും ഈച്ചരവാര്യരുടെ സഹനവും വിശദമായി എഴുതപ്പെട്ടിരിക്കുന്നു. അഖിലേന്ത്യാതലത്തില്‍ അടിയന്തരാവസ്ഥയില്‍ നടന്ന അതിക്രമങ്ങള്‍ - തുര്‍ക്ക്മാന്‍ ഗേറ്റ് സംഭവം, നിര്‍ബ്ബന്ധിത വന്ധ്യംകരണപദ്ധതികള്‍, കിസാ കുര്‍സി കാ, സഞ്ജയ് ഗാന്ധിയുടെ അധികാരപ്രയോഗങ്ങള്‍ - ഇവയെല്ലാം  ചുരുക്കിയെങ്കിലും വിവരിക്കപ്പെടുന്നുണ്ട്; നഗര്‍വാല കേസ് പോലുള്ള ചില കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നില്ലെങ്കിലും.

അടിയന്തരാവസ്ഥയേയും നക്‌സലൈറ്റുകളേയും കുറിച്ചുള്ള ആഖ്യാനത്തെ നോവലായി രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ ദൗര്‍ബ്ബല്യമായി ഭവിച്ചുവെന്നു വേണം കാണാന്‍. നോവലിന്റെ ചട്ടക്കൂടിലേക്കു കൊണ്ടുവരാന്‍ ചമയ്ക്കപ്പെട്ട മൂന്നു പ്രധാന കഥാപാത്രങ്ങളും ദൗര്‍ബ്ബല്യങ്ങളെ പേറുന്നവയാണ്. ആദ്യന്തം ആദര്‍ശവത്ക്കരണവും നാടകീയസംഭാഷണങ്ങളും  ചേര്‍ന്ന് അടിമുടി കൃത്രിമമായി അനുഭവപ്പെടുന്നു, ഈ ഭാഗങ്ങള്‍. അന്വേഷണത്തില്‍ ഉരുത്തിരിയുന്ന വസ്തുതകളോടുള്ള അനുതാപം എവിടെയോ നഷ്ടപ്പെട്ടു പോകുന്നതായും  യാഥാര്‍ത്ഥ്യത്തിനു മുകളില്‍ മാദ്ധ്യമപ്രവര്‍ത്തനമെന്ന തൊഴിലിനെ പ്രോജ്ജ്വലിപ്പിക്കുന്നതായും തോന്നിപ്പോയ സന്ദര്‍ഭങ്ങളുമുണ്ട്. ആഖ്യാനത്തിനു നല്‍കിയ നോവലിന്റെ ചട്ടക്കൂട് എഴുത്തുകാരന്റെ ലക്ഷ്യത്തെ വഞ്ചിച്ചുവെന്നു പറയണം.

രാത്രി മുതല്‍ രാത്രി വരെ എന്ന ശീര്‍ഷകം അടിയന്തരാവസ്ഥ മുതല്‍ സമകാലത്തെ പ്രച്ഛന്ന അടിയന്തരാവസ്ഥ വരെ (ഒരു പക്ഷേ, അന്നത്തേക്കാളും ഭീകരമായത്) എന്ന പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും 2022ല്‍  കപിലന് കെബി എഴുതുന്ന കത്തോടെയാണ് ആഖ്യാനം അവസാനിക്കുന്നതെങ്കിലും ആ കത്തില്‍ സമകാലാവസ്ഥയുടെ സൂചനകള്‍ ഉണ്ടെങ്കിലും വായനക്കാരനെ ഉണര്‍ത്താനും പ്രകോപിപ്പിക്കാനും അതു പ്രാപ്തമായില്ല.


2 comments:

K Govindan Kutty said...

വിജയകുമാറിന്‍റെ നിരൂപണം ശ്രദ്ധേയമായിരിക്കുന്നു. അത് ഞാന്‍ അപ്പാടെ ഉള്‍ക്കൊള്ളുന്നുവെന്നല്ല. അദ്ദേഹം പറഞ്ഞുവെക്കുന്ന രണ്ടു കാര്യങ്ങള്‍ ഇങ്ങനെ. ഒന്ന്, കഥയും വാസ്തവവും കൂട്ടിക്കുഴയ്ക്കുന്ന രീതി ശരിയല്ല. രണ്ട്, ശ്രീനിവാസന്‍ കഥാപരമായി അവതരിപ്പിക്കുന്ന പല വസ്തുതകളും അബദ്ധമോ വക്രീകൃതമോ ആകുന്നു. പരമ്പരാഗതമായി പരിചയിച്ച രീതിയിലേ നോവല്‍ ആകാവൂ എന്നു വാസി പിടിക്കണ്ട. വസ്തുതകളില്‍ പിഴവു വന്നിട്ടുണ്ടെങ്കില്‍ തിരുത്തണം. പക്ഷേ അടിയന്തരാവസ്ഥയുടെ നേരും നെറിയും എന്തെന്ന കാര്യത്തില്‍ തന്നെ അഭിപ്രായം പലതാണല്ലോ. കഥ കാര്യമായി അവതരിപ്പിച്ചു ശീലമുള്ള ഒരാള്‍ കാര്യം കഥയാക്കുമ്പോള്‍ ഉണ്ടാകാവുന്നതൊക്കെയേ
ശ്രീനിവാസന്‍റെ കൃതിയിലും ഉണ്ടായിട്ടുള്ളു. സത്യം ഒന്നല്ല, പലതാണ്‌ എന്ന വിശ്വാസം പുലര്‍ത്തുന്നവരും അടിയന്തരാവസ്ഥയെ വിലയിരുത്തുനവരുടെ കൂട്ടത്തില്‍ കണ്ടേക്കും. കേരളത്തിലെ അടിയന്തരാഅവസ്ഥയെപ്പറ്റി മാത്രം പരിചിന്തനം ചെയ്താല്‍ പിന്നീടു വന്ന തിരഞ്ഞെടുപ്പില്‍ അടിയന്തരശക്തികള്‍ വലിയ വിജയം കൊയ്ത കാര്യം കഥയല്ല, കാര്യം തന്നെ എന്ന് ഓര്‍മ്മപ്പെട്സുത്തട്ടെ. ഇക്കാര്യം ശ്രീനിവാസനുമായി സംസാരിക്കാന്‍ ഇട വന്നിര്രുന്നു. എന്തായാലും ശ്രീനിവാസന്‍റെ പുസ്തകം ഇത്ര സത്യസന്ധമായും നിശിതമായും ചര്‍ച്ചചെയ്ത നിരൂപണം അധികമുണ്ടായിട്ടില്ല എന്നു തോന്നുന്നു. അതാണീതിന്‍റെ ശക്തിയും പ്രസക്തിയും.

V VIJAYAKUMAR said...

Thanks for your detailed comment

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...