Tuesday, August 24, 2010

ഈ കവിതയില്‍ സ്വാതന്ത്ര്യം നിറഞ്ഞിരിക്കുന്നു

മലയാളവാക്കിനു മേല്‍ ചാര്‍ത്തിയിട്ടുളള തോരണങ്ങളെ അഴിച്ചുമാറ്റിക്കൊണ്ടാണ്‌ എസ്‌.ജോസഫ്‌ കവിത എഴുതുന്നത്‌. ഇവിടെ, ഭാഷ നഗ്നമാകുകയും അലങ്കാരങ്ങളില്ലാത്ത വാക്ക്‌ നമ്മോട്‌ നേരിട്ടു സംവദിക്കുകയും ചെയ്യുന്നു. ഈ നാട്ടുഭാഷ ഇതേ വരെ മലയാളകവിതയ്ക്ക്‌ അന്യമായിരുന്നു. ഒരുകാലത്ത്‌ കവിതക്കിണങ്ങില്ലെന്നു്‌ സന്ദേഹങ്ങളില്ലാതെ സ്ഥാപിക്കപ്പെട്ടിരുന്ന ഭാഷയില്‍, വാക്കുകളില്‍.. ജോസഫ്‌ കവിതയെഴുതുന്നു. കുഴിവെട്ടുകാരന്റേയും അലക്കുകാരിയുടേയും കല്‍പണിക്കാരന്റേയും കവിതയാണിത്‌.

ജോസഫിന്റെ കവിത ഉരുവം കൊളളുന്നത്‌ സ്വാതന്ത്ര്യത്തിന്റെ ലോകത്താണ്‌. അതുകൊണ്ട്‌, അത്‌ ഇത്രമേല്‍ സ്വാഭാവികമാകുന്നു. നിനക്ക്‌ വേണ്ടത്‌ സ്വാതന്ത്ര്യമല്ലേ? ഇവിടെ അതേയുളളൂ എന്നു കവിതയോട്‌ പെറുക്കിപ്പയ്യന്‍ പറയുന്നു. കവിതയുടെ ഉടമസ്ഥര്‍; വലിയ കെട്ടിടങ്ങള്‍ പോലുളളവര്‍, ചതുരങ്ങളിലും വൃത്തങ്ങളിലും കവിതയെ പൂട്ടിയിടുമ്പോള്‍ ഓലപ്പുരയിലുറങ്ങാനും ചെളിവെളളത്തില്‍ നടക്കാനും തോട്ടില്‍ പോയി കുളിക്കാനും കഞ്ഞിയും മുളപ്പിച്ച പയറും കഴിക്കാനും അപ്പന്റെ ചീത്തവിളികള്‍ കേള്‍ക്കാനും ഇവന്‍ കവിതയെ ക്ഷണിക്കുന്നു. കറുത്ത കല്ലില്‍ നിന്നും മീന്‍കാരനിലേക്കും ഐഡന്റിറ്റി കാര്‍ഡിലേക്കും എത്തുമ്പോഴേക്കും ജോസഫ്‌ തന്റെ വഴികള്‍ നന്നായി ഉറപ്പിച്ചിരിക്കുന്നു. കവിതയിലെ വലിയ ആള്‍ക്കാരോടുണ്ടായിരുന്ന ചെറിയ ആകര്‍ഷണം പോലും ഒഴിഞ്ഞുപോകുകയും തന്റെ വഴികളുടെ തെളിച്ചം സ്വയം അറിയുകയും ചെയ്യുന്നു.

ജോസഫിന്റെ കവിതയിലെ കാഴ്ചകള്‍ ആരും കാണാതിരുന്നവയല്ല. അവ നാം കണ്ടിട്ടും തിരിച്ചറിയാതിരുന്ന കാഴ്ചകളാണ്‌. കണ്ടിട്ടും കാണാതിരുന്ന കാഴ്ചകളാണ്‌. അവയെ കുറിച്ച്‌ ജോസഫ്‌ എഴുതുമ്പോള്‍ നമ്മില്‍ അത്ഭുതം ജനിക്കുന്നു. പ്രകൃതിയുടെയും ജീവിതത്തിന്റേയും എളിമകള്‍ കവിതയിലാകെ പടര്‍ന്നു്‌ നിറയുകയും വായനക്കാരന്റെ അഹന്തയെ ചോര്‍ത്തിക്കളയുകയും ചെയ്യുന്നു. ഈ കവിതയില്‍ ആര്‍ദ്രത നിറഞ്ഞിരിക്കുന്നു. അത്‌ ആര്‍ദ്രമാകുന്തോറും പിന്നേയും പിന്നേയും ആര്‍ദ്രമാകാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌, ജോസഫിന്റെ കവിതയില്‍ ധിഷണയുടേയും ഭാഷാശേഷിയുടെയും നാട്യങ്ങള്‍ ഒട്ടുമേയില്ല. ഇത്‌ കവി തന്നെ തിരിച്ചറിയുന്നുണ്ട്‌. വാക്കുകളുടെ കൂടുതല്‍ കുറവുകളല്ലല്ലോ കവിത്വത്തിന്‌ അടിത്തറയെന്നു്‌ കവി. അയാള്‍ വിനീഷ്‌ എന്ന കുട്ടിയുടെ എഴുതാത്ത കവിതാപുസ്തകത്തിലെ ആദ്യത്തെ വരി കണ്ടെത്തുന്നു. "കാക്ക കരയുമ്പോള്‍ സ്വന്തം പേരു പറയുന്നു " കവിതയ്ക്ക്‌ പ്രായഭേദങ്ങളില്ലെന്ന്‌, പണ്ഡിത-പാമര ഭേദങ്ങളില്ലെന്ന്‌, അത്‌ എത്രമേല്‍ മൃദുവും ലഘുവുമെന്ന്‌ സൂചിപ്പിക്കുന്നു.


ജോസഫ്‌ കവിതയില്‍ രചിക്കുന്ന ചരിത്രം മറ്റാരും രചിക്കാത്തതാണ്‌. താലൂക്കിന്റെയത്രയും വലുതായ ലോകമുളള ഒരു അമ്മയെ കുറിച്ച്‌ ജോസഫ്‌ ഇപ്പോള്‍ എഴുതിയിരുന്നില്ലെങ്കില്‍ ചരിത്രത്തില്‍ നിന്നും ഒരേട്‌ മുറിഞ്ഞുപോകുമായിരുന്നു. പൂച്ചക്കുഞ്ഞുങ്ങളെ വളര്‍ത്തുകയും കോഴികളോടും പട്ടികളോടും വര്‍ത്തമാനം പറയുകയും ചെയ്യുന്ന അമ്മ. അ എന്ന ഒറ്റയക്ഷരം മാത്രമറിയുന്ന അമ്മ, കോഴി കൂവലിന്നൊപ്പം നന്‍മ നിറഞ്ഞ മറിയം ചൊല്ലുന്ന അമ്മ. ഭൂമിയേക്കാള്‍ വലുതായ, ബോണ്‍വിറ്റയും ആപ്പിളും മാത്രം വിളമ്പുന്ന കൊച്ചമ്മമാര്‍ മാത്രം നിറഞ്ഞു കൊണ്ടിരിക്കുന്ന ലോകത്തില്‍ ഈ അമ്മയുടെ ചരിത്രം രേഖപ്പെടേണ്ടത്‌ കവിതയില്‍ തന്നെ വേണം.

മലയാളി മറന്നു പൊയ്ക്കഴിഞ്ഞ കാഴ്ചകളും അനുഭവങ്ങളും ഈ കവിതയില്‍ രേഖപ്പെടുന്നു.

കുലച്ച വാഴകള്‍ക്കിടയില്‍
നിറയെ കായ്ച്ച പേരമരം.
... ... ...

പറന്നുവന്നൊരു കാക്ക
കാപ്പിക്കമ്പിലിരിക്കുന്നു.

അവിടൊരു കുടപ്പന
അതില്‍ പനറാതളുകള്‍
ചുവട്ടില്‍ ഞങ്ങള്‍ പീടിക
കളിച്ചു.

ഒഴിഞ്ഞുപോകുന്ന കാഴ്ചകളെ കുറിച്ചുളള ആകുലതയാണോ ജോസഫിന്റെ കവിതയോട്‌ നമ്മെ അടുപ്പമുളളവരാക്കുന്നത്‌. ഈ കവിതയുടെ വായനയില്‍ കാലം അതിന്റെ പങ്കു വഹിക്കുന്നൂണ്ട്‌ തീര്‍ച്ച! വറ്റിക്കൊണ്ടിരിക്കുന്ന ഗ്രാമജീവിതഭംഗികള്‍, നന്‍മകള്‍, നിഷ്ക്കളങ്കതകള്‍..അവയെ പുതുസൌന്ദര്യത്തോടെ കാണാന്‍ ഈ കവിത നമ്മെ പ്രേരിപ്പിക്കുന്നുണ്ടാകാം. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍ മാത്രമല്ല; മലയാളി മറന്നു പോയിക്കൊണ്ടിരിക്കുന്ന വാക്കുകളും ഈ കവിത പറഞ്ഞുതരുന്നു.
തികത്തിയ കപ്പ, കാനകൂമ്പി വെയില്‍ , അളിയനെ അറിയിച്ചോ ..

മലയാള ഭാഷയിലെ ഗ്രാമ്യപദങ്ങള്‍ ഈ കവിതയിലൂടെ അതിജീവിക്കുന്നു. അങ്ങനെ മലയാളഭാഷ അതിജീവിക്കുന്നു. പുതിയ കവികളുടെ വാക്കിനെക്കുറിച്ചുളള ഖേദങ്ങള്‍ ഇയാളിലുമുണ്ട്‌. നാട്ടുഭാഷയുടെ നന്‍മയെ ആവാഹിച്ചുകൊണ്ട്‌ ഇയാള്‍ വാക്കിന്റെ ശക്തിയെ ഉണര്‍ത്തിയെടുക്കുന്നു.

തോര്‍ച്ച മാസികയില്‍ പ്രസിദ്ധീകരിച്ചത്

2 comments:

chithrakaran:ചിത്രകാരന്‍ said...

നഷ്ടപ്പെട്ടുപോകുന്ന തനിമയുടെ തരികളെ
വീണ്ടും പെറുക്കി കൂട്ടുന്ന ഒരു ബോധം
സമൂഹത്തിലെവിടെയെങ്കിലും ഉണര്‍ന്നിരിപ്പുണ്ടാകും.
നല്ല കവിതകളിലൂടെയും, നല്ല വായനകളിലൂടെയും
ആ ബോധം പച്ചപ്പു വിരുത്തുംബോള്‍
വര്‍ത്തമാനത്തിനു തണലും തണുപ്പും സ്നേഹവും ലഭിക്കുന്നു.
ഭാവിക്ക് പ്രതീക്ഷകളും സ്വാതന്ത്ര്യ ബോധത്തിന്റെ പുലരികളും ലഭിക്കുന്നു.

ജോസഫിന്റെ കവിതകളുടെ യൂണിക്കോഡ് രൂപത്തിന്റെ
ലിങ്കുകള്‍ കൂടി ലഭ്യമായിരുന്നെങ്കില്‍ ...
എന്നാശിച്ചുപോകുന്നു :)
നല്ല വായനാ പോസ്റ്റ്.

ജയരാജന്‍ said...

മാഷേ,
മാഷ്‌ പറഞ്ഞത്‌ ശരിയാണ്‌. ജോസഫ്‌ കവിതാലോകത്ത്‌ തനതായ മുദ്രകളാണ്‌
സ്ഥാപിച്ചിരിക്കുന്നത്‌. ജോസഫില്‍ നിന്ന്‌ തുടങ്ങുന്ന ശൈലിയായിട്ടു പോലും
തോന്നുന്നു.. ജോസഫ്‌ ഗ്രാമീണതയുടെ പച്ചപ്പും സ്വഛന്ദതയും മലയാളിത്തവും
നമ്മുടെ മനസ്സിലേക്ക്‌ എടുത്തു വെയ്ക്കുമ്പോള്‍ നമ്മുടെ വര്‍ത്തമാന
കാല-സ്ഥല ബോധങ്ങള്‍ക്കപ്പുറം ഒരു പ്രത്യേക ലോകത്തേക്ക്‌ നമ്മള്‍
പോകുന്നു..
മാഷിന്റെ അവലോകനം ജോസഫിന്‌ കൂടുതല്‍ കരുത്തു നല്‍കട്ടെ...
സസ്നേഹം
ജയരാജന്‍