Thursday, August 19, 2010

നിങ്ങളുടെ സ്വപ്നങ്ങള്‍ വ്യവസ്ഥയുടെ സ്വപ്നങ്ങളാണ്‌!

“The historians and archeologists will one day discover that the advertisements of our time are the richest and most faithful daily reflections that any society ever made of its entire range of activities.”
- “Understanding media”: Marshall McLuhan


പരസ്യങ്ങള്‍ എന്താണു ചെയ്യുന്നത്‌? തങ്ങളുടെ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ഒഴിവാക്കാനാവാത്തവയാണെന്നു്‌ ഉപഭോക്താവിനെ ബോദ്ധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തെയാണ്‌ അവ ഒന്നാമതായി കാണുന്നതെന്നു്‌ തീര്‍ച്ച! എന്നാല്‍, ഉല്‍പന്നങ്ങളിലേക്ക്‌ ഉപഭോക്താവിനെ ക്ഷണിക്കുന്ന ഒരു മാസ്മരികലോകം സൃഷ്ടിക്കുക മാത്രമാണോ അതു ചെയ്യുന്നത്‌. വ്യവസ്ഥയുടെ മൂല്യങ്ങളെ പുനരുല്‍പാദിപ്പിച്ചുകൊണ്ടാണ്‌, ഉല്‍പന്നത്തിന്റെ വിപണിയേയും ഉല്‍പന്നങ്ങളുടെ നിര്‍മ്മാതാക്കളുടെ അസ്തിത്വത്തിന്റെ തുടര്‍ച്ചയേയും അത്‌ ഉറപ്പു വരുത്തുന്നത്‌. പരസ്യങ്ങള്‍ സ്ഥിതവ്യവസ്ഥയുടെ കാവല്‍ക്കാരായി പ്രത്യക്ഷപ്പെടുന്നു. ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന ചില പരസ്യങ്ങളെ ചൂണ്ടി ഈ ആശയത്തെ പരിശോധിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌. യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ പുതിയ പരസ്യങ്ങള്‍ ശ്രദ്ധിക്കുക. വിദേശസ്വകാര്യബാങ്കുകളുടെ കടന്നുകയറ്റത്തില്‍ സ്വയം അടി തെറ്റാതിരിക്കാന്‍ പൊതുമേഖലയിലെ ഈ ബാങ്ക്‌ ചില പുതിയ മാനകങ്ങളെ സ്വീകരിക്കുകയാണ്‌. ബാങ്കിന്റെ ലോഗോ പുതുക്കിയിരിക്കുന്നു. ബോണ്ടുകളിലൂടെ ആയിരം കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. രാജ്യത്തികത്ത്‌ പുതിയ 500 ബ്രാഞ്ചുകള്‍ തുറക്കുന്നു. പൊതുജനസമ്പര്‍ക്ക പരിപാടികള്‍ മെച്ചപ്പെടുത്തുതിന്‌ Ogilvy PR എന്ന കമ്പനിയുമായി ധാരണയുണ്ടാക്കിയിരിക്കുന്നു. ആദ്യമായിട്ടാണ്‌ പബ്ളിക്‌ റിലേഷന്‍സ്‌ മെച്ചപ്പെടുത്തുതിനു വേണ്ടി ബാങ്ക്‌ ഒരു ബാഹ്യഏജന്‍സിയെ സമീപിക്കുന്നത്‌. 75കോടി രൂപയിലേറെ ചെലവു ചെയ്യുന്ന പരസ്യങ്ങള്‍ ഈ വര്‍ഷം മാധ്യമങ്ങളിലൂടെ പ്രക്ഷേപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന പരസ്യങ്ങള്‍ ഇതിന്റെ ഭാഗമാണ്‌.


യൂണിയന്‍ ബാങ്കിന്റെ ഈ പരസ്യങ്ങള്‍ കുടുംബബന്ധങ്ങളിലെ പവിത്രതയേയും നന്‍മയേയും പരിശുദ്ധിയേയും കുറിച്ചുള്ള സങ്കല്‍പനങ്ങളെ അടിസ്ഥാനമാക്കുന്നവയാണ്‌. പിതൃസ്നേഹവും വാത്സല്യവുമാണ്‌ രണ്ടു പരസ്യങ്ങളില്‍ ഫോക്കസ്‌ ചെയ്യുന്നത്‌. മറ്റൊന്നില്‍ മകളോടുള്ള മാതൃസ്നേഹവും ഇനിയുമൊന്നില്‍ ഒരു ചെറിയകുട്ടിക്ക്‌ സഹോദരനോടുള്ള സ്നേഹവും വിഷയമാകുന്നു. ഭര്‍ത്താവിന്റെ സ്വപ്നങ്ങളെ ഒരിക്കലും മറക്കാതെ, അതിന്നായി പ്രവര്‍ത്തിക്കുന്ന ഭാര്യയെ ചിത്രണം ചെയ്യുന്ന ഒരു പരസ്യവും അവസാനമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ഉറ്റവരുടെ സ്വപ്നങ്ങളെ തങ്ങളുടെ മനസ്സുകൊണ്ടറിഞ്ഞു പെരുമാറുന്നവരെ പോലെയാണ്‌ യൂണിയന്‍ ബാങ്കെന്നു്‌ നമ്മെ ബോദ്ധ്യപ്പെടുത്താനാണ്‌ ഈ പരസ്യങ്ങള്‍ ശ്രമിക്കുന്നത്‌. ബാങ്കിന്റെ വിശ്വസ്തതയെ കുറിച്ചു പറയാന്‍ പിതൃ, മാതൃ, സഹോദരീഭാവങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന ഈ പരസ്യങ്ങള്‍ നിറവേറ്റുന്നത്‌ അവയുടെ ഈ ആദ്യലക്ഷ്യങ്ങളെ മാത്രമല്ല. സ്ഥിതകുടുംബവ്യവസ്ഥയുടെയും സാമൂഹികവ്യവസ്ഥയുടെ തന്നെയും മൂല്യങ്ങളെ അവ ഉറപ്പിക്കുകയും പുനരുല്‍പാദിപ്പിക്കുകയും ചെയ്യുന്നു.


അച്ചനും മകനും പ്രത്യക്ഷപ്പെടുന്ന പരസ്യത്തിലെ വാക്യങ്ങള്‍ ഇങ്ങനെയാണ്‌.
ലോകത്ത്‌ ഏറ്റവും തിരക്കുള്ള ആളായിരുന്നു അദ്ദേഹം
എന്നിട്ടും അദ്ദേഹം എങ്ങനെയെങ്കിലും സമയമുണ്ടാക്കി,
നിങ്ങള്‍ക്കു വേണ്ടി നിങ്ങളുടെ ആനുവല്‍ ഡേയ്ക്ക്‌,
നിങ്ങളുടെ പിറാളിന്‌, ഗ്രാജുവേഷന്‌.
"അച്ഛന്‍ എന്നെ എന്റെ പാട്ടിനു വിടൂ" എന്നു നിങ്ങള്‍ അലറി വിളിച്ചപ്പോള്‍ പോലുംഅദ്ദേഹം ഉണ്ടായിരുന്നു.
കാണാമറയത്ത്‌.
നിങ്ങളുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ അദ്ദേഹം ഉപേക്ഷ കാണിച്ചില്ല.
സ്വന്തം ചില സ്വപ്നങ്ങള്‍ അതിനു വേണ്ടി ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും.


സ്വന്തം സ്വപ്നം ഉപേക്ഷിച്ചും മകന്റെ സ്വപ്നം സഫലമാക്കാനുള്ള അച്ഛന്റെ പ്രയത്നവും മകനോടുള്ള സ്നേഹവും അവനെ കുറിച്ചുള്ള ആകുലതകളും ഇതില്‍ പ്രമേയമാക്കപ്പെടുന്നു. ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരു പരസ്യത്തിലും മകനെ കുറിച്ച്‌ ഉല്‍ക്കണ്ഠാകുലനാകുകയും മുന്‍കരുതലുകളെടുക്കുകയും ചെയ്യുന്ന അച്ഛന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. അതിരാവിലെ മൂന്നരമണിക്ക്‌ യാത്രക്കു പുറപ്പെടുന്ന മകനെ വിമാനത്താവളത്തിലെത്തിക്കാന്‍ ടാക്സിയുമായി എത്തിച്ചേരുന്ന അച്ഛനെയാണ്‌ ഈ പരസ്യത്തില്‍ നാം കാണുന്നത്‌. അച്ഛന്റെ ആകുലതകളില്‍ നിമഗ്നമായിരിക്കുന്നത്‌ മകന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള വിചാരങ്ങള്‍ മാത്രമല്ല, വ്യവസ്ഥയുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്കകള്‍ കൂടി അതിന്നുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. കുടുംബവ്യവസ്ഥയുടെ കേന്ദ്രമായ അച്ഛന്‍ എല്ലാ കേന്ദ്ര(centre)ങ്ങളേയും സൂചിപ്പിക്കാന്‍ കഴിവുള്ള ചിഹ്നമാണ്‌. അത്‌ യൂണിയന്‍ ബാങ്ക്‌ എന്ന ധനകാര്യസ്ഥാപനത്തോടൊപ്പം സാമൂഹികവ്യവസ്ഥയുടെ നിര്‍ണ്ണായകകേന്ദ്രങ്ങളേയും സൂചിപ്പിക്കുന്നു. യൂണിയന്‍ ബാങ്ക്‌ അതിന്റെ താല്‍പര്യങ്ങളെ വിഗണിച്ചു കൊണ്ടുപോലും ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന സവിശേഷപാഠത്തോടൊപ്പം സ്ഥിതവ്യവസ്ഥയുടെ കേന്ദ്രസ്ഥാനങ്ങള്‍ക്ക്‌ നിങ്ങളുടെ ജീവിതം മഹത്ത്വമാര്‍ജ്ജിക്കുതില്‍ താല്‍പര്യമുണ്ടെന്ന്, അത്‌ സ്വന്തം താല്‍പര്യങ്ങളെ ഒഴിവാക്കിക്കൊണ്ടു പോലും അതിന്നായി അക്ഷീണം പ്രവര്‍ത്തിക്കുന്നുവെന്ന സാമാന്യപാഠം ഈ പരസ്യം നല്‍കുന്നു.


തന്നോടുളള മകളുടെ ഉപേക്ഷകളില്‍ വേവലാതിപ്പെടാതിരിക്കുകയും മകള്‍ കരയുമ്പോള്‍ കൂടെ കരയുകയും അവള്‍ക്കു വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന അമ്മയെ മറ്റൊരു പരസ്യത്തില്‍ നാം കാണുന്നു. മകളെ കുറിച്ചുള്ള അമ്മയുടെ ഉല്‍ക്കണ്ഠകള്‍ സ്ത്രീയെ കുറിച്ചുളള വ്യവസ്ഥയുടെ ഉല്‍ക്കണ്ഠകള്‍ കൂടിയാണ്‌. അമ്മ കാവലാളാകുന്നത്‌ മകള്‍ക്കു മാത്രമല്ല, സ്ഥിതവ്യവസ്ഥയുടെ മൂല്യങ്ങള്‍ക്കു കൂടിയാണ്‌. സ്വര്‍ണ്ണപ്പല്ലുകള്‍ കായ്ക്കു മരം വളര്‍ത്താനായി പല്ലുകള്‍ മണ്ണില്‍ കുഴിച്ചിട്ട് മുളപ്പിക്കാന്‍ ശ്രമിക്കുന്ന ചെറിയ പെണ്‍കുട്ടി താനുണ്ടാക്കുന്ന സ്വര്‍ണ്ണം കൊണ്ട്‌ നിറവേറിക്കാണാന്‍ ആഗ്രഹിക്കുന്നത്‌ പുതിയ കാറു വാങ്ങണമെന്ന കനിഷ്ഠസഹോദരന്റെ ആഗ്രഹം മാത്രമല്ല, ഉപഭോഗവ്യവസ്ഥയുടെ താല്‍പര്യങ്ങള്‍ കൂടിയാണ്‌. തന്റെ വ്യാകുലതകളൊന്നും ഭര്‍ത്താവിനെ അറിയിക്കാതെ എല്ലാം സ്വയം അറിയുകയും ചെയ്തു തീര്‍ക്കുകയും ചെയ്യുന്ന പരസ്യത്തിലെ ഭാര്യ പ്രകടിപ്പിക്കുന്നത്‌ അവളുടെ കലവറയില്ലാത്ത സ്നേഹം മാത്രമല്ല, പുരുഷാധിപത്യമൂല്യങ്ങളോടുള്ള വിധേയത്വം കൂടിയാണ്‌. സദ്ഗുണങ്ങളുടെ വിളനിലമായി കുടുംബത്തെ അവതരിപ്പിക്കുന്ന ഈ പരസ്യങ്ങള്‍ കുടുംബവ്യവസ്ഥക്കുള്ള സ്തുതികളാണ്‌. എന്നാല്‍, കുടുംബവ്യവസ്ഥയെ അധികാരരൂപം എത്രമേല്‍ കുടിലമായ ധര്‍മ്മങ്ങളെയാണ്‌ നിറവേറ്റിക്കൊണ്ടിരിക്കുതെന്ന പ്രശ്നീകരണങ്ങള്‍ക്ക്‌ കൂടുതല്‍ തെളിമ കിട്ടിക്കൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തിലാണ്‌ ഈ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്‌. സവിശേഷശ്രദ്ധയര്‍ഹിക്കുന്ന കാര്യമാണിത്‌. സ്ഥിതവ്യവസ്ഥയുടെ മൂല്യങ്ങളുടെ പുനരുല്‍പാദനത്തിനും സുസ്ഥാപനത്തിനും ഈ പരസ്യങ്ങള്‍ എത്രമാത്രം ഉത്സുകമാകുന്നുവെന്ന വിചാരത്തിലേക്ക്‌ നയിക്കാന്‍ ഇതു നമ്മെ പ്രേരിപ്പിക്കുന്നതാണ്‌. ഒരു പക്ഷേ, യൂണിയന്‍ബാങ്കിന്റെ പ്രവര്‍ത്തനത്തിന്‌ ഊര്‍ജ്ജസ്വലത നല്‍കുതിനേക്കാളുപരിയായി കുടുംബവ്യവസ്ഥയുടെ മൂല്യങ്ങളെ ഉറപ്പിക്കുതിന്നായിരിക്കും ഈ പരസ്യങ്ങള്‍ പ്രയോജനപ്പെടുന്നത്‌. ഒരു ബ്ലോഗില്‍ ഈ പരസ്യങ്ങളെ കുറിച്ച്‌ പ്രത്യക്ഷപ്പെട്ട അഭിപ്രായം ശ്രദ്ധേയമാണ്‌. (സുവോളജിയില്‍ ബിരുദധാരിയായ ബ്ലോഗുകാരന്‍ പരസ്യകലയില്‍ ഒരു വിദ്യാര്‍ത്ഥിയാണെന്നു സ്വയം പരിചയപ്പെടുത്തുന്നു. ഇദ്ദേഹം ബാംഗ്ളൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്മ്യൂണിക്കേഷന്‍ ഏജന്‍സിയുടെ വൈസ്‌ പ്രസിഡന്റുമാണ്‌.) യൂണിയന്‍ ബാങ്കിനെ കുറിച്ച്‌ ധനാത്മകമായ വികാരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പരസ്യത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് ഈ ബ്ലോഗര്‍ പറയുന്നു. സമൂഹത്തിന്റെ ഏതു തുറയില്‍ നിന്നു വരുവരാണെന്ന കാര്യം പരിഗണിക്കാതെ തന്നെ, പരസ്യത്തില്‍ കാണുന്നതു പോലെ എല്ലാ രക്ഷകര്‍ത്താക്കളും ഒരേ പോലെയാണ്‌ പെരുമാറുന്നതെന്ന ഒരു സാമാന്യപാഠം കൂടി ബ്ലോഗര്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്‌. സൂക്ഷ്മാര്‍ത്ഥത്തില്‍ കുടുംബവ്യവസ്ഥക്കു നല്‍കുന്ന വലിയ ഒരു പ്രശംസയാണിത്‌. തന്റെ ബാങ്ക്‌ മാറി യൂണിയന്‍ ബാങ്കിനെ സ്വീകരിക്കാന്‍ ഈ പരസ്യം പ്രേരിപ്പിച്ചില്ലെങ്കിലും താന്‍ ഈ പരസ്യം ഇഷ്ടപ്പെടുന്നുവെന്ന് ബ്ലോഗുകാരന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്‌. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിപ്പിക്കുതിനേക്കാളുപരിയായി വ്യവസ്ഥയുടെ മൂല്യങ്ങളെ ഉറപ്പിക്കുതിലൂടെയാണ്‌ ഈ പരസ്യം കൂടുതല്‍ ആകര്‍ഷകമാകുതെന്ന് ബ്ലോഗറുടെ വാക്കുകള്‍ തെളിയിക്കുന്നുണ്ട്‌.


സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും അഭിവൃദ്ധിയില്‍ അസൂയയോടെ നോക്കുന്ന മകനേയും അവന്റെ സ്വപ്നങ്ങള്‍ പൂവണിയാന്‍ ലിഫ്ട് ടെക്നോളജി പഠിക്കാന്‍ പറയുന്ന പിതാവിനെയും കാണിക്കുന്ന ചകഎഋയുടെ പരസ്യം നമ്മുടെ മദ്ധ്യവര്‍ഗ്ഗകുടുംബങ്ങളുടെ മനസ്സറിഞ്ഞു തയ്യാര്‍ ചെയ്യപ്പെട്ടതാണ്‌. വിദ്യാര്‍ത്ഥിക്ക്‌ വിദ്യയോടും അറിവിനോടും ഉണ്ടാകേണ്ട സ്വാഭാവികതാല്‍പര്യങ്ങളെയല്ല തന്റെ വാക്കുകളിലൂടെ പിതാവ്‌ ഉദ്ദീപിക്കുന്നത്‌, മറിച്ച്‌, പണത്തേയും സമ്പന്നതയേയും എല്ലാറ്റിലും ഉപരിയായി കാണുന്ന വ്യവസ്ഥയുടെ മനോഭാവത്തേയാണ്‌. വ്യവസ്ഥയുടെ മൂല്യങ്ങളില്‍ പങ്കു ചേരാനോ അതിന്റെ ഭാഗമായി തീരാനോ ക്ഷണിക്കാത്ത പരസ്യങ്ങളില്ലെന്നു തന്നെ പറയണം. വ്യവസ്ഥയെ തൃപ്തിപ്പെടുത്തിക്കൊണ്ടാണ്‌ ഉല്‍പന്നങ്ങളുടെ വിപണനം ഈ പരസ്യങ്ങള്‍ ഉറപ്പുവരുത്തുത്‌.യഥാര്‍ത്ഥത്തില്‍, കേരളത്തിന്റെ ബുദ്ധിജീവിതത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നുവെന്ന് പരോക്ഷമായി അവകാശപ്പെടുകയും കൂടൂതല്‍ പ്രചാരത്തെ ലക്ഷ്യം വയ്ക്കുകയും ചെയ്തുകൊണ്ട്‌ പ്രത്യക്ഷപ്പെട്ട മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പരസ്യം പോലും ഈ പ്രവണതയില്‍ നിന്നും മാറിനില്‍ക്കന്നില്ല. സാമൂഹികവും സാംസ്ക്കാരികവുമായ പ്രശ്നങ്ങളെ ഗൌരവത്തോടെ നോക്കിക്കാണുന്നവരെയാണ്‌ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ അഭിസംബോധന ചെയ്യുതെന്ന് പരസ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ജീവിതത്തെ 'അടിച്ചുപൊളി'യായി കാണുന്ന, ഗൌരവങ്ങളേതുമില്ലാത്ത ഒരാളുടെ പ്രതികരണത്തിന്റെ ഋണാത്മകസ്വാധീനം ഉപയോഗപ്പെടുത്താനാണ്‌ ഈ പരസ്യം ശ്രമിക്കുന്നത്‌. തന്റെ കൈയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ പിടിച്ചിട്ടുളള ഒരാളെ ഈ അടിച്ചുപൊളിക്കാരന്‍ വലിയ ബുദ്ധിജീവിയായി നടിക്കുന്നവനെന്ന് ആക്ഷേപിക്കുന്നു. ഇതോടൊപ്പം അടുത്ത ദിവസത്തെ ഹര്‍ത്താല്‍ ദിവസം താന്‍ അടിച്ചുപൊളിക്കാന്‍ പോകുകയാണെന്നു പറയുകയും 'ബുദ്ധിജീവി'യോട്‌ ബന്ദിനെതിരെ പറഞ്ഞു നടന്നോളാന്‍ പരിഹസിക്കുകയും ചെയ്യുന്നു. കാര്യങ്ങളെ ഗൌരവപൂര്‍വ്വം കാണുന്നവരെയാണ്‌ ആഴ്ചപ്പതിപ്പ്‌ അഭിസംബോധന ചെയ്യുന്നതെന്നു നേരിട്ടു പറയുതിലുപരിയായി കാര്യങ്ങളെ ഗൌരവപൂര്‍വ്വം കാണുന്നവര്‍ ഹര്‍ത്താലിനെയും ബന്ദിനെയും കേവലമായി എതിര്‍ക്കുന്നവരാണെന്നു കൂടി പരസ്യം പറഞ്ഞുവയ്ക്കുന്നുണ്ട്‌. ഈ പരസ്യത്തില്‍ ബന്ദിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കിക്കൊണ്ടു തന്നെ ആഴ്ചപ്പതിപ്പിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയുമായിരുന്നു. ആഴ്ചപ്പതിപ്പിന്റെ വായനക്കാര്‍ ഗൌരവബുദ്ധികളാണെങ്കില്‍ അവര്‍ ഏതെങ്കിലും ഒരു ജനകീയസമരരൂപത്തെ കേവലമായി എതിര്‍ക്കുമെന്നു കരുതുക വയ്യ! എതിര്‍ക്കപ്പെടേണ്ടത്‌ ആ സമരരൂപമല്ല. സാമൂഹികമോ രാഷ്ട്രീയമോ ആയ മാനങ്ങളുളള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താതെ തങ്ങളുടെ സംഘടനയില്‍ പെട്ടവര്‍ സംഘട്ടനത്തില്‍ മരിച്ചതിന്റെ പേരിലും അതിനു പകരം ചെയ്യാന്‍ വേണ്ടിയും തങ്ങളുടെ പിഴവുകള്‍ മൂടിവയ്ക്കാന്‍ വേണ്ടിയും കപടമായ ആദര്‍ശപ്രഖ്യാപനങ്ങളുടെ പേരിലും മറ്റും ആണ്ടില്‍ പകുതിയിലേറെ ദിവസവും ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന വ്യവസ്ഥാപിത രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ചെയ്തികളെയാണ്‌ എതിര്‍ക്കേണ്ടത്‌. ആ സമരരൂപത്തിന്റെ ദുരുപയോഗത്തെയാണ്‌ എതിര്‍ക്കേണ്ടത്‌. നമ്മുടെ രാജ്യത്തെ വ്യവസ്ഥാപിത രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ രാഷ്ട്രീയമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട്‌ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത്‌ വിരളമാണെന്നു കാണാം. ഒരു നല്ല സമരരൂപത്തെ ദുരുപയോഗപ്പെടുത്തിക്കൊണ്ട്‌ അതിനെ വ്യവസ്ഥാപിതമാക്കുകയാണ്‌ ബി.ജെ.പിയും സി.പി.ഐ (എം)യും മറ്റും ചെയ്യുന്നത്‌. (ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നതില്‍ പഞ്ഞം കാണിക്കാത്തവരും വിപ്ളവകാരികള്‍ എന്നു സ്വയം പ്രഖ്യാപിക്കുന്നവരുമായ വ്യവസ്ഥാപിത ഇടതുപക്ഷം ഗാട്ടുകരാര്‍ ഒപ്പിട്ട സന്ദര്‍ഭത്തിലോ ലോക വാണിജ്യസംഘടന രൂപീകരിക്കപ്പെട്ട സന്ദര്‍ഭത്തിലോ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുകയുണ്ടായില്ലെന്ന് ഓര്‍ക്കുക.) ഹര്‍ത്താലുകളും ബന്ദുകളും മഹാത്മാഗാന്ധിയുടെ നിയമലംഘനപ്രസ്ഥാനത്തോടൊപ്പവും മറ്റും ഉയര്‍ന്നു വന്ന ഫലപ്രദമായ സമരരൂപങ്ങളായിരുന്നു ഈ സമരരൂപത്തെ കേവലമായി നിഷേധിക്കുന്ന സമീപനം ഇതിനെ ദുരുപയോഗപ്പെടുത്തി വ്യവസ്ഥാപിതമാക്കുന്ന സമീപനം പോലെ തന്നെ വ്യവസ്ഥയുടെ പ്രീണനമാണ്‌. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പരസ്യം വ്യവസ്ഥയുടെ പ്രീണനമെന്ന ധര്‍മ്മവും കൂടി നിര്‍വ്വഹിക്കുന്നുണ്ട്‌. ഹര്‍ത്താലുകളെ ഉത്സവാഘോഷമാക്കി മാറ്റുന്ന മലയാളിയുടെ മന:ശാസ്ത്രത്തെ വിമര്‍ശിക്കുന്നുവെന്നു നടിച്ചു കൊണ്ട്‌, ഈ പരസ്യം ജനങ്ങള്‍ക്ക്‌ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ജനകീയസമരരൂപത്തെ നിഷേധിക്കുന്നു. മലയാളസാഹിത്യരംഗത്ത്‌ ആധുനികതാവാദം സൃഷ്ടിച്ച ജനപ്രിയസാഹിത്യം/ബുദ്ധിജീവിസാഹിത്യം എന്ന വിഭജനത്തെ പുതിയരൂപത്തില്‍ ഏറ്റെടുക്കുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പരസ്യം മലയാളികളെ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ വായിക്കുന്നവരും വായിക്കാത്തവരും എന്നു വിഭജിക്കുന്നു. വരേണ്യസങ്കല്‍പനങ്ങളാണ്‌ ഈ വിഭജനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ പരസ്യം വരേണ്യവാദത്തെ പ്രകാശിപ്പിക്കുന്നുവെന്നു കൂടി പറയാവുന്ന സന്ദര്‍ഭമാണിത്‌.


ഒരു വര്‍ഗസമൂഹത്തില്‍ ഉല്‍പാദിപ്പിക്കപ്പെടു ആശയങ്ങളില്‍ അധീശവര്‍ഗത്തിന്റെ മുദ്ര പതിഞ്ഞിട്ടുണ്ടാകാം. ഒരു വര്‍ഗസമൂഹത്തിന്റെ നിര്‍ണ്ണായകമായ ചലനങ്ങളെ നയിക്കുന്നത്‌ അധീശത്വത്തിന്റെ മൂല്യങ്ങളാണ്‌. (ഇതിനു വിരുദ്ധമായ മൂല്യങ്ങളെ കുറിച്ചു ചിന്തിക്കാന്‍ വൈരുദ്ധ്യാത്മകത നമ്മെ പ്രേരിപ്പിക്കുന്നുണ്ട്‌ തീര്‍ച്ച!) ഒരു വര്‍ഗസമൂഹത്തില്‍ ജീവിച്ചിരിക്കുവന്റെ അബോധം അധീശമൂല്യങ്ങളുടെ വലയ്ക്കുള്ളിലാണ്‌. അതുകൊണ്ട്‌ നമ്മുടെ ലോകത്ത്‌ പ്രത്യക്ഷപ്പെടു പരസ്യങ്ങള്‍ സംസാരിക്കുന്നത്‌ നമ്മളെ കുറിച്ചു തന്നെയൊണ്‌. നമ്മുടെ മനസ്സാണ്‌, നാം തന്നെയാണ്‌ ഈ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌. നിങ്ങളുടെ സ്വപ്നങ്ങള്‍ നിങ്ങളുടേതു മാത്രമല്ല, വ്യവസ്ഥയുടെ സ്വപ്നങ്ങള്‍ കൂടിയാണ്‌. നമ്മുടെ കാലഘട്ടത്തിലെ പരസ്യങ്ങളാണ്‌ ഒരു സമൂഹം സൃഷ്ടിച്ച ഏറ്റവും വിശ്വസ്തവും സമ്പന്നവുമായ സ്വയംപ്രതിഫലനങ്ങളെന്ന് ചരിത്രകാരന്‍മാരും പുരാവസ്തുഗവേഷകരും ഒരിക്കല്‍ കണ്ടെത്തുമെന്ന മാര്‍ഷല്‍ മക്ളൂഹന്റെ വാക്കുകള്‍ സാര്‍ത്ഥകമാണ്‌.


അന്വേഷണം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം

3 comments:

chithrakaran:ചിത്രകാരന്‍ said...

സോപ്പ് കുമിളപോലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന
ദൈനം ദിന ബുദ്ധിവ്യാപാരങ്ങളില്‍ നിന്നും ഭിന്നമായി
ആഴത്തിലുള്ള സാമൂഹ്യ ശാസ്ത്ര സത്യങ്ങളിലേക്ക്
താഴ്ന്നിറങ്ങാനുള്ള ശേഷി മലയാളിക്ക് തുലോം കുറവാണ്.
അതുകൊണ്ടായിരിക്കും ഇവിടെ കമന്റുകളൊന്നും പ്രത്യക്ഷപ്പെടാത്തതെന്ന മുന്‍ വിധിയുമായാണ് ഈ കമന്റുബോക്സിനു മുന്നിലെത്തിയത്. അപ്പോള്‍ ദാ കിടക്കുന്നു കമന്റ് മോഡറേഷന്റെ വൈദ്യുത വേലി !!!!
(കാറ്റിനെയും വെളിച്ചത്തേയും വൈദ്യുതവേലികൊണ്ട് തടഞ്ഞു നിര്‍ത്താനാകാത്തതുകൊണ്ട് ചിത്രകാരന്‍ അകത്തുകേറുകയാണ്. ഇവിടെ കമന്റിന്റെ പൊടിപോലും ശേഷിച്ചില്ലെങ്കിലും ചിത്രകാരന്റെ കമന്റു ഭരണിയില്‍ കറണ്ടടിച്ചുചാകാതെ കമന്റുകള്‍ സ്വൈര്യവിഹാരം നടത്തും. ജാഗ്രതൈ !!! :)

ലേഖകന്‍ ഈ പോസ്റ്റിലുന്നയിച്ച ദര്‍ശനത്തോട് പൂര്‍ണ്ണമായും ചിത്രകാരന്‍ യോജിക്കുകയാണ്. സമൂഹത്തിന്റെ അധികാര ബലതന്ത്രങ്ങള്‍, വിശ്വാസ ദൌര്‍ബല്യങ്ങള്‍,സ്വപ്നങ്ങള്‍,പേടിസ്വപ്നങ്ങള്‍,
ദുരഭിമാനങ്ങള്‍, പൊങ്ങച്ചങ്ങള്‍, സ്ത്രീപുരുഷ സ്ഥാനബോധങ്ങള്‍, ശീലങ്ങള്‍,പ്രായം, സദാചാര സംങ്കല്‍പ്പങ്ങള്‍, ഭാഷാവിധേയത്വങ്ങള്‍,ഭേദവിചാരങ്ങള്‍,കീശയുടെ ഘനം,ജാതി മത ചിഹ്നങ്ങള്‍ ... എന്നിങ്ങനെയുള്ള
എല്ലാ ഗ്രഹസാന്നിദ്ധ്യങ്ങളുടേയും കവിടി നിരത്തി ശാസ്ത്രീയമായും സാമൂഹ്യമനശ്ശാസ്ത്രത്തെ ആവാഹിച്ചു ധ്യാനിച്ചുകൊണ്ടും വിവിധ നാളുകാരായ മീഡിയകള്‍ക്ക് പ്രത്യേകം പ്രത്യേകം ഗ്രഹനിലകള്‍ ഗണിച്ചുണ്ടാക്കിയും
തയ്യാറാക്കപ്പെടുന്നതാണ് മീഡിയ പ്ലാ‍നുകള്‍. അതിന്റെ ക്രിയാത്മക സന്തതികളാണ് നാം കാണുന്ന/കേള്‍ക്കുന്ന/വായിക്കുന്ന/അനുഭവിക്കുന്ന പരസ്യമന്ത്രങ്ങള്‍.

ഒരു സമൂഹത്തിന്റെ പരിച്ഛേദം തന്നെ ലഭിക്കാന്‍
പത്രങ്ങളിലെ ക്ലാസിഫൈഡ് പരസ്യ കോളം വായിച്ചാല്‍ മതിയാകും എന്ന് മഹാനായ ഈ ചിത്രകാരന്‍ പലപ്പോഴും അഹംഭാവമില്ലാതെ പറയാറുണ്ട് :) വിവിധ സമുദായങ്ങളുടേയോ അപ്പര്‍ ലോവര്‍ ക്ലാസ്സുകളുടേയോ മനസ്സറിയാന്‍ അവരുടേതായ വിഭാഗീയമായ മാധ്യമങ്ങളുമുണ്ട്.
അങ്ങനെ ലഭിക്കുന്ന സാമൂഹ്യ ശാ‍സ്ത്ര അറിവുകൊണ്ട്
സമൂഹത്തിന്റെ ജാതകം തന്നെ മാറ്റി എഴുതാനുള്ള
സിദ്ധി ലഭിക്കുന്നതാണ്. എന്നാല്‍, ആ സിദ്ധി നമ്മുടെ സമൂഹം ആവശ്യപ്പെടുകയോ വിലമതിക്കുകയോ ചെയ്യാത്തതിനാല്‍ കലാകാരന്മാരും,
സാഹിത്യകാരന്മാരും,ദാര്‍ശനികരും തങ്ങളുടെ സാമൂഹ്യശാസ്ത്ര അറിവുകളെ വിപണിയില്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. സാമൂഹ്യവും സാസ്ക്കാരികവുമായ വളര്‍ച്ചക്ക് ആവശ്യമായ അറിവുകളുപയോഗിച്ച് അങ്ങനെ സ്വകാര്യ മൂലധനം ധരിദ്ര സമൂഹത്തെ വീണ്ടും വീണ്ടും ചൂഷണം ചെയ്തുകൊണ്ട് കുന്നുകൂടുന്നു.

ഒരോ പരസ്യവും ഒരു ബ്രാന്‍ഡിനെ നിര്‍മ്മിക്കാനുള്ള ശ്രമമാണ്. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മുതലിറക്കുന്ന സംരഭകന് തന്റെ ബ്രാന്‍ഡ് സ്ഥിരതയോടെ, ഉറപ്പോടെ സമൂഹപ്രതലത്തില്‍
കരുത്തോടെ വളര്‍ന്നുവരണമെന്നേ ആഗ്രഹിക്കാനാകു.
അതിനാല്‍ നിലവിലുള്ള സാമൂഹ്യ വ്യവസ്ഥിതി എത്ര മനുഷ്യത്വ വിരുദ്ധവും,സാംസ്ക്കാരിക ശൂന്യവും,നിന്ദ്യവും,അസംതുലിതവും,അസമത്വമുള്ളതുമാണെങ്കിലും
അതിനെ സ്ഥായിയായി നിലനിര്‍ത്താനുള്ള സിമന്റും കംബിയും സാമൂഹ്യശാസ്ത്ര അറിവുകളും മനസ്സാക്ഷിക്കുത്തില്ലാതെ ഉപയോഗിക്കുക എന്നതെ വഴിയുള്ളു. കാരണം കച്ചകപടം എത്ര മഹനീയമാണെന്ന് പുറത്തേക്ക് കൊട്ടിഘോഷിച്ചാലും ഒരിക്കലും നിസ്വാര്‍ത്ഥമല്ല. അത് സമൂഹത്തിന്റെ സ്വാര്‍ത്ഥത തന്നെയാണ്. സമൂഹത്തിന്റെ ഒഴുക്കിന് അനുകൂലമായി മാത്രമേ അതിനു ചിന്തിക്കാനാകു.വല്ലവനും ഇടക്കൊരു ചുഴിയുണ്ടാക്കി,ഇടതുപക്ഷത്തേക്ക് ചേര്‍ന്നൊഴുകുന്നുണ്ടെങ്കില്‍ പോലും അത് അവസരങ്ങളെ പിന്നോട്ടാഞ്ഞു നക്കിത്തുടച്ചെടുത്ത് ഒഴുക്കിലേക്ക് സമഗ്രത കൂട്ടാനുള്ള അതിബുദ്ധിയുടെ ഭാഗമായി മാത്രമേ സംഭവിക്കു !

ചിത്രകാരന്റെ കമന്റു ഭരണിയിലെ വായന പോസ്റ്റ് ലിങ്ക്: പരസ്യത്തിന്റെ രഹസ്യഭാഗങ്ങള്‍ !!!
ഈ നല്ല പോസ്റ്റിന് ചിത്രകാരന്റെ ആശംസകള്‍ !!!

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

നല്ല ലേഖനമായിരിക്കുന്നു കേട്ടൊ മാഷെ

വി. കെ ആദര്‍ശ് said...

പരസ്യശരീരവും അത് പ്രസരിപ്പിക്കുന്ന സാമൂഹികസാഹചര്യങ്ങളും വിമര്‍ശനത്തിന് വിധേയമാക്കേണ്ടത് അനിവാര്യമാണ്. അഡ്‌വര്‍ടൈസ്മെന്റ് സ്റ്റാന്‍‌ഡേര്‍ഡ് കൌണ്‍സില്‍ എന്നൊന്ന് ഉണ്ട്, അത് കൊണ്ട് എന്തു പ്രയോജനം എന്നായിരിക്കുന്നു കാര്യങ്ങള്‍.

പരസ്യത്തിലെ ദ്വയാര്‍ത്ഥപ്രയോഗവും ഈയടുത്ത കാലങ്ങളായി കൂടിവരുന്നു.

ബ്ലോഗ് പോസ്റ്റ് ഗംഭീരമായിരിക്കുന്നു.
ഓണാശംസകളോടെ