Wednesday, October 20, 2010

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."



ഓട്ടോ റെനേ കാസ്റ്റിലോയുടെ 'അരാഷ്ട്രീയബുദ്ധിജീവികള്‍' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ്. കെ.ജി.ശങ്കരപ്പിളളയുടെ വിവര്‍ത്തനം. സച്ചിദാനന്ദന്‍ എഡിറ്റു ചെയ്ത 'കറുത്ത കവിത' എന്ന നീഗ്രോകവിതകളുടെ സമാഹാരത്തില്‍. വടകരയിലെ അയിനിക്കാട് ദര്‍ശന ഗ്രന്ഥവേദിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരുന്നത്. ജീവന്‍ എന്നു പാര്‍ട്ടി പേരിട്ടിരുന്ന സഖാവാണ് കറുത്ത കവിതയുടെ കുറേ പ്രതികളുമായി കുടയത്തൂര്‍ പബ്ലിക് ലൈബ്രറിയില്‍ വന്നത്. ( ഒരു ഉന്മൂലനക്കേസില്‍ പ്രതിയായിരുന്ന അബ്ദുളളയാണ് ജീവന്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഏതാണ്ട് പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അറിയുന്നത്. ) ഞങ്ങള്‍, ഇടതുപക്ഷരാഷ്ട്രീയത്തോട് ആഭിമുഖ്യമുളള വിദ്യാര്‍ത്ഥികളുടെ ഒരു സുഹൃത് വൃന്ദം ലൈബ്രറിയിലുണ്ടായിരുന്നു. ജീവന്‍ ഞങ്ങള്‍ക്കുവേണ്ടി മാത്രമായി കൊണ്ടുവന്നതായിരുന്നു ആ പുസ്തകം. 'കറുത്ത കവിത' യില്‍ ചേര്‍ത്തിരുന്ന അവസാനത്തെ കവിത കാസ്റ്റിലോയുടേതായിരുന്നു. സെങ്കോറിന്റേയും സെസയറുടേയും സോയിങ്കയുടേയും നിക്കോളസ് ഗിയന്റേയും കവിതകള്‍ ഈ സമാഹാരത്തില്‍ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് എല്ലാവരാലും സ്വീകരിക്കപ്പെട്ടത് കാസ്റ്റിലോയുടെ ഈ കവിതയായിരുന്നു. എവിടെയെങ്കിലും അനീതി നടന്നാല്‍ അവിടെ ഒരു കലാപം നടക്കണമെന്ന സാംസ്ക്കാരികവേദിയുടെ മുദ്രാവാക്യത്തില്‍ ആകൃഷ്ടരായിരുന്നവര്‍ക്ക് ഈ കവിതയോട് താല്പര്യം തോന്നിയതില്‍ അത്ഭുതമില്ലല്ലോ.

ഇപ്പോള്‍, ഈ കവിതയുടെ പുതിയ ചില വിവര്‍ത്തനങ്ങള്‍ നമുക്ക് വായിക്കാന്‍ ലഭിക്കുന്നു. അമേരിക്കയില്‍ പ്രവൃത്തിയെടുക്കുന്ന രാജേഷ് ആര്‍ വര്‍മ്മയുടെ ബ്ലോഗിലാണ് ആദ്യത്തെ വിവര്‍ത്തനം പ്രത്യക്ഷപ്പെട്ടത്. ഇത് കാസ്റ്റിലോയുടെ വരികളെ മാനകഭാഷയില്‍ പിന്തുടരുന്ന വിവര്‍ത്തനമാണ്. കെ.ജി.ശങ്കരപ്പിളളയുടെ പരിഭാഷയേയും അത് പിന്തുടരുന്നുണ്ടെന്ന് പറയണം. ഇതിന്റെ തുടര്‍ച്ചയെന്നോണം വ്യത്യസ്ത ബ്ലോഗുകളിലും ഗൂഗിള്‍ ബസ്സുകളിലും ചില വിവര്‍ത്തനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ദേവാനന്ദ് പിളള, ഡാലി ഡേവിസ്, ആദിത്യന്‍, പ്രമോദ് എന്നിവരുടെ പരിഭാഷകളാണ് ഈ ലേഖകന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. കവിതയുടെ പരിഭാഷകളോടൊപ്പം ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുളള കമന്റുകളും സവിശേഷശ്രദ്ധ അര്‍ഹിക്കുന്നവയാണ്. ചില വിവര്‍ത്തനങ്ങളുടെ പകര്‍പ്പുകള്‍ ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക്കിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

കാസ്റ്റിലോയുടെ കവിതയെകുറിച്ച് ഏകദേശരൂപം ലഭിക്കാന്‍ അതിന്റെ ആംഗലഭാഷാ പരിഭാഷയുടേയും, കെ.ജി.എസ്സിന്റെയും രാജേഷ്.ആര്‍.വര്‍മ്മയുടേയും പരിഭാഷകളുടെയും ആദ്യഖണ്ഡം നല്‍കാം.
One day
the apolitical
intellectuals
of my country
will be interrogated
by the simplest
of our people.

They will be asked
what they did
when their nation died out
slowly,
like a sweet fire
small and alone.
(ആംഗല വിവര്‍ത്തനം, കാസ്റ്റിലോ ആര്‍ക്കൈവില്‍ നിന്നും)

ഒരു ദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ചോദ്യം ചെയ്യപ്പെടും.
ഏകാന്തവും ചെറുതുമായ ഒരു ജ്വാലപോലെ
രാജ്യം ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോള്‍
എന്തുചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും.
(കെ.ജി.എസ്.)


ഒരു നാള്‍,
ഇന്നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ഇവിടുത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങളാല്‍
ചോദ്യം ചെയ്യപ്പെടും.ഒറ്റപ്പെട്ട ഒരു ചെറുനാളം പോലെ
സ്വന്തം രാജ്യം കെട്ടടങ്ങിയപ്പോള്‍
നിങ്ങള്‍ എന്തു ചെയ്തു എന്ന്
അവര്‍ ചോദിക്കും
(രാജേഷ് ആര്‍ വര്‍മ്മ)

എന്നാല്‍, ഈ വിവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്തമായി മലയാളഭാഷയുടെ പ്രാദേശികഭേദങ്ങളിലാണ് പുതിയ 
വിവര്‍ത്തനങ്ങള്‍ ഊന്നിനില്‍ക്കുന്നത്.
വ്യത്യസ്ത സ്വത്വങ്ങളെ ഈ ഭാഷാഭേദങ്ങള്‍ പ്രതിനിധീകരിക്കുന്നുവെന്നു വ്യാഖ്യാനിക്കുന്നവരുണ്ടാകാം.അരാഷ്ട്രീയബുദ്ധിജീവികളെ ചോദ്യം ചെയ്യുന്നവരുടെ സ്വത്വത്തെ ഉള്‍ക്കൊളളുന്നതിനുളള മാര്‍ഗ്ഗമായും ഇത് അവതരിക്കപ്പെട്ടേക്കാം. തിരുവനന്തപുരം, തൃശൂര്‍, മലബാര്‍ ഭാഷാഭേദങ്ങളിലാണ് യഥാക്രമം ദേവാനന്ദും ഡാലി ഡേവിസും പ്രമോദും വിവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. അവരുടെ വിവര്‍ത്തനങ്ങളില്‍ നിന്നുള്ള ചില ഭാഗങ്ങള്‍.

നാട് മുടിയുമ്പ
ഈ എരണംകെട്ടതുങ്ങള്‍
എന്തരില്‍ ചാളുവ ഒലിപ്പിച്ചതെന്ന് കേക്കും.
യെവമ്മാരടെ ബാലരാമൊരം മുണ്ടും
ഉണ്ടേച്ചൊള്ള തൂക്കവും ഗവനിക്കൂല്ല.
യെവന്മാരുടെ ഷണ്ണം പിടിച്ച കഴപ്പും
ചിക്കിലീടെ പടിപ്പും കാര്യാക്കൂല്ല.
യെവമ്മാരടെ അസ്തിത്ത ദുഖോം
കോണോത്തിലെ ചരിത്രപ്പടിപ്പും
യെവനും മൈന്‍ഡ് ചെയ്യൂല്ല
യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക്
ഞായോം കേക്കൂല്ല.
ഇഞ്ഞോട്ട് വരും സാതാരണക്കാര്
പള്ളിക്കൂടത്തി പോവാതെ
വിയര്ത്ത്‍ പണിത അണ്ണമ്മാര്
എന്നിട്ട് കേക്കും നിന്നോടൊക്കെ
ഞാളിവിടെ കട്ടയടിച്ച് തള്ളിപ്പോയപ്പ
നീയെക്കെ എന്തരു ചെരക്കുവാരുന്നെടേന്ന്.
നാക്കെറങ്ങിപ്പോവും അപ്പം പയലുകളേ, തള്ളേണെ
(ദേവാനന്ദ് പിള്ള)


പൂരത്തിന്റെ ചരിത്രാ, ഭൂമിശാസ്ത്രാ, പെരന്നാള്‍‌ക്ക് വാലായ്മ നോക്കീതാ, ഒരു രോമോം ചോയ്ക്കാന്‍ നിക്കില്യ
എമണ്ടന്‍ നോണൊണ്ട്
ഇവറ്റോളിണ്ടാക്കണ
ന്യായീകരണോം കേക്കാന്‍ നിക്കില്യ
ആ ദൂസം
അങ്ങാടിക്കാര് കേറി നെരങ്ങും
പഠിപ്പും പത്രാസുമില്യാത്തോര്
ഇവറ്റോള്‍‌ക്കായിറ്റ്
മുണ്ട് മുറുക്കി പണീട്‌ത്ത സാധാരണക്കാര്
എന്നട്ടൊരു ചോദ്യണ്ട് ;
ഇമ്മളൊക്കെ കെടന്ന്
ചക്രശ്വാസം വലിക്ക്‌ണ നേര്‌ത്ത്
ഏത് കോണത്തീ പോയീ കെടക്കാര്‍ന്നൂറാ കന്നാല്യോളേന്ന്
കൊരലു വറ്റി, നാക്കെറ്ങ്ങി
മിണ്ടാട്ടം മുട്ടിപൂവും
ഒക്കേത്തിനും
(ഡാലി ഡേവിസ്)


അന്ന്
കഞ്ഞികുടിക്കാനില്ലാത്തോന്മാറ് വെരും.ഈ നായിന്റെ മോന്റെയെല്ലാം കതേലും പാട്ടിലൊന്നും
സലം കിട്ടീറ്റില്ലാത്തോന്മാറ്.ഓന്റെയെല്ലാം അണ്ണാക്കില്
ചോറും കറീം കുത്തിക്കേറ്റിയോന്മാറ്
എറച്ചീം മുട്ടേം കൊടുത്തോമ്മാറ്
കോണം അലക്കിക്കൊടുത്തോമ്മാറ്
ഓന്റെ നായീനെ പോറ്റിയോമ്മാറ്
ഓന്റെ വണ്ട്യോടിച്ചോമ്മാറ്
ഓറ് വെരും
എന്നിറ്റ് മോത്തു നോക്കി ചോയിക്കും
പൊര കത്തുമ്പം
ഏട്യേനും നായിന്റെ മക്കളേ
നിങ്ങളെല്ലാംന്ന്
അന്ന്
നിന്റ്യെല്ലാം
നാവ് താണുപോകും

നായീ 
(പ്രമോദ്)

മലയാളകവിതയിലേക്കു കടന്നുവന്നിട്ടില്ലാത്ത വാക്കുകളെ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. "ശാസ്ത്രത്തില്‍ എന്തുമാകാ" (“anything goes”)മെന്നു് ശാസ്ത്രദാര്‍ശനികനായ 
പോള്‍ ഫയറബന്റ് പറഞ്ഞതിനെ ഇവര്‍ കവിതയ്ക്കും ബാധകമാക്കുന്നുവെന്നു പറയണം. കവിതയില്‍ എന്തുമാകാം. മാനകഭാഷയെ കൈവിട്ട് പ്രാദേശികഭാഷാഭേദങ്ങളില്‍ നിന്നുകൊണ്ട് എഴുതാന്‍ 
ശ്രമിക്കുന്നതിലെ പുരോഗമനപരവും ധനാത്മകവുമായ 
അംശങ്ങളെ കാണുന്നത് നല്ലതു തന്നെ. ഇത് കവിതയില്‍ സൃഷ്ടിക്കുന്ന മിമിക്രിയെ കാണാതിരിക്കുന്നതിനുള്ള മാര്‍ഗ്ഗമാകരുത്. മിമിക്രിയെ അനുകരണമെന്നു പോലും വിളിക്കാന്‍ കഴിയില്ല. പലപ്പോഴും ഒന്നിനേയും ആത്മാവില്‍ വഹിക്കാതിരിക്കുകയും മനുഷ്യനെ വിഡ്ഢിയാക്കി ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു പരിപാടിയായി മാറിത്തീരുന്നു, അത്. വിവര്‍ത്തനം ചെയ്തപ്പോള്‍ കവിത ചോര്‍ന്നുപോയോ എന്ന ചോദ്യം ഇവിടെ ഉന്നയിക്കുന്നില്ല. എന്നാല്‍, ഓട്ടോ റെനെ കാസ്റ്റിലോ രചിച്ച കവിതയുടെ ആത്മാവിനെ ഈ വിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊളളുന്നുണ്ടോ 
എന്നു ചോദിക്കേണ്ടിയിരിക്കുന്നു. സാമൂഹികയാഥാര്‍ത്ഥ്യത്തെ കേവലം ഭാഷാലീലകളാക്കി മാറ്റി രസിക്കുന്ന പുതിയ ബുദ്ധിജീവിതത്തെ നാം ഇവിടെ കാണുന്നു. ഇത് ഉത്തരാധുനിക ബുദ്ധിജീവിതമാണ്. ഈ ബുദ്ധിജീവിതത്തില്‍ കാസ്റ്റിലോയുടെ കവിത ചിരിക്കുളള ഒരു ഉപകരണമായി മാറുന്നു.  
മറ്റൊരു സിനിമാല പരിപാടിയാണ് ഇവര്‍ അവതരിപ്പിക്കുന്നതെന്ന്
നമുക്കു തോന്നിപ്പോകുന്നു. ഇത് ആ കവിതയുടെ ആത്മാവിനെത്തന്നെ വഞ്ചിക്കുകയും അപ്രസക്തമാക്കുകയും ചെയ്യുന്നു. "കലക്കി അളിയാ, കൈകൊട്" എന്ന് ഒരു വിവര്‍ത്തകന്‍ അടുത്തയാളെ പ്രശംസിക്കുമ്പോള്‍, കവിതയുടെ ആത്മാവിനെ ചൂണ്ടിയല്ല പ്രശംസയെന്നു തോന്നിപ്പോകുന്നു. ദരിദ്രന്റെ ഭാഷയിലെ ഭേദങ്ങളെ മദ്ധ്യവര്‍ഗ്ഗത്തിന്റെ ചിരിക്കുളള വിഭവമാക്കി ചുരുക്കുന്ന കൃത്യമാണിത്. പാസ്റ്റിഷ് എന്ന പോലെ മിമിക്രിയും ഉത്തരാധുനികരചനകളുടെ രൂപമായി മാറുന്നുവോ?

ഈ കവിതയുടെ വിവര്‍ത്തകര്‍ മാനകഭാഷ ഉപയോഗിക്കുന്നതില്‍ പ്രവീണരല്ലാത്തതുകൊണ്ടല്ല രചനകള്‍ ഇങ്ങിനെയായിത്തീരുന്നത്. വിവര്‍ത്തകരുടെ സ്വത്വത്തിന്റെ പ്രകാശനമായിരുന്നു വിവര്‍ത്തനങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടതെന്നു കരുതുകയും വയ്യ. ഇത് നമ്മുടെ കവിതയിലെ ചില പുതിയ പ്രവണതകളെ കാണിച്ചുതരുന്നുണ്ടോ? നമ്മുടെ അറിയപ്പെടുന്ന ഒരു യുവകവി കൂടി ഈ വിവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നുണ്ടല്ലോ ഇതൊരു പ്രവണതയായി മാറിയാല്‍ 
മലയാളത്തിലെ ചലച്ചിത്രങ്ങളെന്ന പോലെ കവിതയും മിമിക്രിയില്‍ മുങ്ങിപ്പോകുമോ? നമ്മുടെ ഭാവുകത്വത്തെ ഈ പ്രവണതകള്‍ എങ്ങനെയാണ് പരിവര്‍ത്തിപ്പിക്കുക?

ഇതോടൊപ്പം മറ്റൊരു കവിതയെ കുറിച്ചു കൂടി പറയണം
 കെ.ജി.എസിന്റെ "ചെറിയ ചെറിയ വിധികര്‍ത്താക്കള്‍ വരും”
എന്ന കവിതയെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.  
ഈ കവിതയില്‍ ഒരു പുതിയ ചോദ്യം ചെയ്യലിനെ നാം അഭിമുഖീകരിക്കുന്നു. പ്രകൃതിയിലെ സൂക്ഷ്മജീവികള്‍ മനുഷ്യകുലത്തോട് ചില ചോദ്യങ്ങള്‍ 
ഉന്നയിക്കുന്നു. കാസ്റ്റിലോയുടെ കവിതയെ ഓര്‍മ്മിപ്പിക്കുന്ന ശീര്‍ഷകത്തിന്നടിയില്‍ എഴുതപ്പെട്ടിരിക്കുന്ന വാക്കുകള്‍ ഉയര്‍ന്ന പാരിസ്ഥിതികാവബോധത്തിന്റെ സൃഷ്ടിയാണ്.  
കെ.ജി.എസിന്റെ കവിത മുന്നോട്ടുള്ള കാല്‍വയ്പാണ്.  
കാസ്റ്റിലോയുടെ കവിതയുടെ പുതിയ വിവര്‍ത്തനങ്ങളോ?

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...