Saturday, August 6, 2011

'ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട'

സ്വയം നേര്‍ക്കുനേര്‍ കാണാനുള്ള ഉപകരണം. സ്വയം അലങ്കരിക്കാന്‍ ഒരു സഹായി, മുറികള്‍ അലങ്കരിക്കാനും. സ്ഫടികക്കണ്ണാടിയില്‍ വരച്ച ചിത്രങ്ങളും ഇപ്പോള്‍ അലങ്കാരവസ്തുക്കളായിരിക്കുന്നു. 'ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട' എന്ന പഴമൊഴി കണ്ണാടിയില്‍ നല്ലൊരു ചങ്ങാതിയുണ്ടെന്നു കൂടി കാണുന്നുണ്ട്‌. മുഖം മനസ്സിന്റെ കണ്ണാടിയായതിനാല്‍ കണ്ണാടിയില്‍ മുഖം നോക്കുന്നവന്‍ തന്റെ മുഖശരീരത്തെ മാത്രമല്ല മനസ്സിനെ കൂടിയാണു കാണുന്നത്‌. അത്‌ നമ്മുടെ ഗുണവും ദോഷവും പറഞ്ഞുതരുന്നു. ദേഷ്യം കൊണ്ടു മനസ്സും ശരീരവും വിറച്ചു കൊണ്ടിരുന്ന ഒരു സന്ദര്‍ഭത്തില്‍ കണ്ണാടിയുടെ മുന്നില്‍ പെട്ടുപോയ ഞാന്‍ എന്റെ മുഖം കണ്ടു ഭയന്നു. സ്വയം കാണാനും അറിയാനും തിരുത്താനും നന്നാവാനും വേണ്ടി കണ്ണാടിയില്‍ നോക്കാം. നാരായണഗുരുവിന്‌ കണ്ണാടി ദൈവത്തിനു തുല്യമായത്‌ അതുകൊണ്ടാണ്‌. ദേവപ്രതിഷ്ഠക്കു പകരം കണ്ണാടിപ്രതിഷ്ഠ. സ്വയം അറിയാനുള്ള നിര്‍ദ്ദേശമായിരുന്നു അത്‌. കണ്ണാടി കാണുന്നതു വരെ മാത്രമേ 'തന്നുടെ മുഖം ഏറ്റം നന്നെന്ന്‌ നിരൂപിക്കാന്‍' വിരൂപന്‍മാര്‍ക്കു കഴിയൂയെന്ന് എഴുത്തച്ഛന്‍. കണ്ണാടിയില്‍ നോക്കുമ്പോള്‍ കണ്ണ്‌ ആടുന്നുണ്ടാകണം. കാഴ്ച പതറുന്നുണ്ടാകണം, മനസ്സും. സന്ദേഹങ്ങള്‍ ജനിക്കുന്നുണ്ടാകണം. സന്ദേഹങ്ങള്‍ വിവേകത്തിനും തിരുത്തിനും നാന്ദിയാകുന്നു. കണ്ണാടി പോലുള്ള വെള്ളം വെള്ളത്തിന്റെ ശുദ്ധിയെ കുറിക്കുന്നു. പക്ഷേ, മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ദുഷ്ടിനെ സ്വയം തിരിച്ചറിഞ്ഞു പരിതപിച്ചിരിക്കുന്നവന്‌ കണ്ണാടിയില്‍ എങ്ങനെ നോക്കാന്‍ കഴിയും. "ചെറ്റയാം വിടന്‍ ഞാനിനിമേലില്‍ കഷ്ടമെങ്ങനെ കണ്ണാടി നോക്കും?" എന്നു വൈലോപ്പിള്ളിയുടെ മദ്ധ്യവര്‍ഗക്കാരനായ സാഹിത്യകാരന്‍, 'കുടിയൊഴിക്കലി'ല്‍.കണ്ണാടികള്‍ ഉടയുന്നത് ദോഷകാലത്താണെന്നു കരുതുന്നവരുമുണ്ട്.  




എന്നാല്‍, കണ്ണാടി നല്‍കുന്നത്‌ തികഞ്ഞ യാഥാര്‍ത്ഥ്യമാണോ? ചില കണ്ണാടികള്‍ നീണ്ടു വലിഞ്ഞു വികൃതമായ രൂപങ്ങളെ നല്‍കുന്നതു കണ്ടിട്ടില്ലേ? കണ്ണാടിയിലേത്‌ പ്രതിബിംബം. അതു തന്നെ വിപഥനങ്ങള്‍ക്കു വിധേയമായത്‌. കണ്ണാടിയില്‍ കണ്ട പണം കാര്യത്തിനുതകില്ലെന്ന് ആര്‍ക്കാണറിയാത്തത്‌? ഇനി, കണ്ണാടി എന്നു പറഞ്ഞാല്‍ മാത്രം മതിയാകുമോ? എല്ലാ കണ്ണാടിയും ഒരു പോലെ തന്നെയോ? മിനുക്കിയ പ്രതലത്തിലെ വളവുകള്‍ പ്രതിബിംബങ്ങളുടെ അളവും രൂപവും മാറ്റിത്തീര്‍ക്കുന്നു. സമതലം, അകത്തേക്കു വളഞ്ഞത്‌, പുറത്തേക്കു വളഞ്ഞത്‌... പലതരം കണ്ണാടികള്‍. സമതലദര്‍പ്പണങ്ങളില്‍, ബിംബവും പ്രതിബിംബവും ദര്‍പ്പണത്തില്‍ നിന്ന് ഒരേ അകലത്തിലായിരിക്കുമത്രേ. സമതലദര്‍പ്പണത്തിന്റെ മുന്നില്‍ നില്‍ക്കുന്നയാള്‍ പിന്നോട്ടു നീങ്ങിയാല്‍ പ്രതിബിംബവും പിന്നോട്ടു നീങ്ങും. സമതലദര്‍പ്പണങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമോയെന്നു ചോദിച്ചാല്‍ അത്‌ ഒരു ആദര്‍ശം മാത്രം എന്നു മറുപടി. കണ്ണാടി എന്ന വാക്കിന്‌ ആദര്‍ശം എന്ന അര്‍ത്ഥം കൂടി പറയുന്നുമുണ്ട്‌. മിനുക്കലിന്റെ ക്ഷമത അനുസരിച്ച്‌ നിങ്ങള്‍ക്കു സമതലദര്‍പ്പണത്തിലേക്ക്‌ അടുത്തടുത്തു വരാന്‍ കഴിയും. അതിന്റെ ഫോക്കസിലേക്കുള്ള നീളം അനന്തം. ഉത്തലദര്‍പ്പണങ്ങള്‍ ചെറിയ പ്രതിബിംബങ്ങള്‍ നല്‍കുന്നു. പിന്‍ഭാഗം കാണാനായി സൈക്കിളില്‍ ഘടിപ്പിച്ചിരിക്കുന്നത്‌ ഉത്തലദര്‍പ്പണമാണ്‌. അവതലദര്‍പ്പണത്തിനുള്ളില്‍ നിങ്ങള്‍ക്കു പ്രതിബിംബം കാണണമെങ്കില്‍ അതിനെ മുഖത്തോടു ചേര്‍ത്തു പിടിക്കണം. മുഖത്തേക്കാള്‍ വളരെ വലിയ മുഖം കണ്ണാടിയില്‍. വലിയൊരു കണ്ണാടിയില്‍ നിന്നുള്ള പ്രതിഫലനങ്ങളെ കേന്ദ്രീകരിപ്പിച്ച്‌ റോമന്‍സൈന്യത്തിന്റെ കപ്പലിനെ കത്തിക്കാന്‍ ആര്‍ക്കമെഡീസിനു കഴിഞ്ഞുവത്രേ. കുട്ടിക്കാലത്ത്, തന്റെ മുറിയില്‍ അലമാര തുറക്കുമ്പോള്‍ പരസ്പരം അഭിമുഖീകരിച്ചു വരുന്ന രണ്ടു കണ്ണാടികള്‍ സൃഷ്ടിച്ച മായാലോകങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ തന്റെ ജീവിതം മറ്റൊന്നാകുമായിരുന്നുവെന്ന് ബ്രിയാന്‍ ഗ്രീന്‍ എന്ന ഭൌതികശാസ്ത്രജ്ഞന്‍ പറയുന്നു. ദര്‍പ്പണങ്ങള്‍ ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങള്‍ മഹാശാസ്ത്രജ്ഞനായ ഐസക്‌ ന്യൂട്ടന്റെ കാഴ്ചശക്തിയെ നശിപ്പിച്ചു. കണ്ണാടിയുടെ ചരിത്രത്തില്‍ നിശ്ചലമായ ജലോപരിതലവും ആറന്‍മുള കണ്ണാടിയും മുതല്‍ ആധുനിക ദൂരദര്‍ശിനികളില്‍ ഉപയോഗിക്കുന്ന വിസ്താരം കൂടിയ പാരാബോളിക ദര്‍പ്പണങ്ങള്‍ വരെയുണ്ട്‌. അത്‌ മിനുക്കലിന്റെ സവിശേഷമായ വിദ്യകളുടെ ചരിത്രം കൂടിയാണ്‌.


കണ്ണാടിയില്ലായിരുന്നെങ്കില്‍ വാന്‍ഗോഗിന്റെ സ്വചിത്രാലേഖം അസാദ്ധ്യമാകുമായിരുന്നു. ലിയോനാര്‍ദോ ഡാവിഞ്ചി കണ്ണാടിയെ ചിത്രകാരന്മാരുടെ ഗുരുവായി കണ്ടു. നിങ്ങള്‍ പ്രകൃതിയില്‍ നോക്കി വരച്ചത്‌ യഥാര്‍ത്ഥവസ്തുവിന്‌ അനുസരണമായിട്ടുണ്ടോയെന്നറിയാന്‍ കണ്ണാടിയിലെ പ്രതിബിംബത്തെ ചിത്രവുമായി താരതമ്യം ചെയ്യാന്‍ ആ മഹാചിത്രകാരന്‍ നിര്‍ദ്ദേശിച്ചു. ചില യൂറോപ്യന്‍ ചിത്രകാരന്‍മാരുടെ പ്രശസ്തരചനകളില്‍ കണ്ണാടി കേന്ദ്രപ്രമേയമാകുന്നു. കണ്ണാടിക്കു മുന്നിലെ വീനസ്‌ പല ചിത്രകാരന്‍മാരുടെയും പ്രമേയമായിരുന്നു. എത്രയോ ചലച്ചിത്രകാരന്‍മാരുടെ ക്യാമറക്കണ്ണുകള്‍ക്കും കണ്ണാടിക്കു മുന്നിലെ സ്ത്രീ വിഷയമായിരിക്കുന്നു. കണ്ണാടിയുടെ പുറത്തെ ചട്ടം ക്യാമറക്കണ്ണില്‍ വരുന്നില്ലെങ്കില്‍, നായികയുടെ പ്രതിബിംബമാണു കാണുന്നതെന്ന് നാം തിരിച്ചറിയുകയില്ല. ഇടതെന്നും വലതെന്നുമുള്ള വേര്‍തിരിവ്‌ പ്രകൃതിക്കില്ല. കണ്ണാടിയിലെ പ്രതിബിംബം യാഥാര്‍ത്ഥ്യത്തിലും നിര്‍മ്മിച്ചെടുക്കാന്‍ കഴിയുമെന്നര്‍ത്ഥം. ഊര്‍ജ്ജസംരക്ഷണനിയമം പോലെ മറ്റൊരു സംരക്ഷണനിയമത്തെ കുറിച്ചു പറയാന്‍ ഇതു ശാസ്ത്രജ്ഞന്‍മാര്‍ക്കു ശക്തി നല്‍കുന്നു. എന്നാല്‍, ഈ സംരക്ഷണനിയമം ക്ഷീണബലത്തിനു ബാധകമാകുന്നില്ല. ക്ഷീണബലത്തിനു വിധേയമാകുന്ന ന്യൂട്രിനോകണികകളില്‍ ചിലത്‌ ഇടം കൈയ്യന്‍മാരാണ്‌, മറ്റു ചിലത്‌ വലം കൈയ്യന്‍മാരും.


കണ്ണാടി മിഥ്യാഭ്രമങ്ങളേയും സൃഷ്ടിക്കുന്നു. പാണ്ഡവരാജധാനിയില്‍ കണ്ണാടികള്‍ കൊണ്ടൊരുക്കിയ മിഥ്യാവലയങ്ങളില്‍ പെടുന്ന ദുര്യോധനനെ കളിയാക്കി ചിരിച്ച ദ്രൌപദി ഒരു വലിയ യുദ്ധത്തിന്‌ തുടക്കമിടുകയായിരുന്നുവത്രെ. ജ്ഞാനശാസ്ത്രത്തിലും സാഹിത്യവിമര്‍ശനത്തിലും കണ്ണാടി ഒരു രൂപകമെന്ന നിലയില്‍ ഫലപ്രദമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്‌. ഷേക്സ്പിയര്‍ നാടകങ്ങള്‍ ജീവിതത്തിന്റെ കണ്ണാടിയാണെന്ന് സാമുവല്‍ ജോണ്‍സ്‌ പറഞ്ഞു. ടോള്‍സ്റ്റോയിയുടെ കൃതികളെ റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടിയായി കണ്ട ലെനിന്‍ പ്രതിഫലനസിദ്ധാന്തത്തിന്റെ കരുത്തുള്ള വാക്കുകള്‍ എഴുതുകയായിരുന്നു. കണ്ണാടിയില്ലാത്ത പ്രതിഫലനത്തെ കുറിച്ചു പറഞ്ഞവരും കണ്ണാടിയില്‍ നിന്നാണ്‌ തുടങ്ങുന്നത്‌. അനുഭവൈകവാദപരമായ ആശയങ്ങളുടെ ലോകത്തെ ഫലപ്രദമായി നശിപ്പിക്കുന്നതും യാഥാര്‍ത്ഥ്യത്തെ ചിന്തയോടു ബന്ധിപ്പിക്കുന്നതുമായ ഉഭയദിശീയമായ ഒരു പ്രതിഫലനത്തെ കുറിച്ചാണ്‌ അവര്‍ പറഞ്ഞത്‌. ഉടയുന്ന കണ്ണാടികളെ കുറിച്ചെഴുതിയ കെ.പി. അപ്പന്‍ സാഹിത്യവിമര്‍ശനത്തിലെ പ്രതിഫലനസിദ്ധാന്തത്തിനെതിരായ വാക്കുകളാണ്‌ എഴുതിയത്‌. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കണ്ണാടികള്‍ ഉടയുന്നുവെന്നു പറഞ്ഞാല്‍ സമൂഹശാസ്ത്രപരമായ വിമര്‍ശനം ഉടയുകയെന്നായിരുന്നു അര്‍ത്ഥം. എന്നാല്‍, കണ്ണാടികളുടയ്ക്കാനുള്ള ഗീതയുടെ നിര്‍ദ്ദേശം പുരുഷാധികാരം സ്ത്രീയെ കുടുക്കിയിട്ടിരിക്കുന്ന സമകാല അവസ്ഥകളില്‍ നിന്നും വിമോചനം നേടാനുള്ള ത്വരയില്‍ നിന്നും ഉയിര്‍ക്കൊണ്ടതായിരുന്നു.


കണ്ണാടികള്‍ ഇല്ലായിരുന്നെങ്കില്‍...

'തോര്‍ച്ച'യില്‍ പ്രസിദ്ധീകരിച്ചത് 

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...