Showing posts with label ചലച്ചിത്രം. Show all posts
Showing posts with label ചലച്ചിത്രം. Show all posts

Friday, May 28, 2021

മതാത്മകമൂല്യങ്ങള്‍ കൊണ്ട് എഴുതിയ ചലച്ചിത്രവിമര്‍ശം

 (മലയാളം വാരികയിൽ ഫാദർ പോൾ തേലക്കാട്ട് എഴുതിയ ലേഖനത്തിന്

എഴുതിയ പ്രതികരണം)

ഫാദര് പോള് തേലക്കാട്ട് എഴുതിയ ചലച്ചിത്രനിരൂപണം; ജോജി എന്ന ചലച്ചിത്രത്തെ കുറിച്ചുള്ളത്, സവിശേഷമായ താല്പ്പര്യങ്ങളോടെ വായിക്കപ്പെടേണ്ടതാണ്. സമകാലകേരളത്തിലെ ക്രൈസ്തവപുരോഹിതസമൂഹത്തില് പുരോഗമനപരമായ നിലപാടുകള് സ്വീകരിക്കാന് വിസമ്മതിക്കാത്തയാളാണ് അദ്ദേഹം. കേരളത്തിലെ ഒരു ക്രൈസ്തവകുടുംബത്തില് നടക്കുന്ന പിതൃഹത്യയുടേയും ഭാതൃഹത്യയുടേയും ചിത്രണം ഈ ക്രൈസ്തവ പുരോഹിതന് എങ്ങനെ നോക്കിക്കാണുന്നുവെന്ന ആകാംക്ഷയാണ് ആദ്യ താല്പ്പര്യം. ജോജി നന്മ വറ്റിയവനാണെന്ന് ഫാദര് എഴുതുന്നു. തിന്മയുടെ അസാധാരണത്വമാണ് പോള് തേലക്കാട്ട് അവനില് കണ്ടെത്തുന്നത്. സ്‌നേഹത്തിന്റേയും പാരസ്പര്യത്തിന്റേയും അഭാവം ആ കുടുംബത്തില് അദ്ദേഹം കണ്ടെത്തുന്നു.
എന്നാല്, ഫാദര് പോള് തേലക്കാട്ട് ചില ചോദ്യങ്ങള് ഉന്നയിക്കാന് സന്നദ്ധനല്ല. ജോജി എന്തുകൊണ്ടാണ് ഇങ്ങനെ രൂപപ്പെട്ടത്? ആ കുടുംബത്തിലെ എല്ലാവരിലും പിതാവു ചത്തുപോകണമെന്ന ആഗ്രഹചിന്ത വളരുന്നതെന്തു കൊണ്ടാണ്? കുടുംബനാഥനായ ജോജിയുടെ പിതാവിന്റെ അധികാരത്തിലേക്കും സമ്പത്തിനെ തന്റേതുമാത്രമാക്കി മാറ്റുന്ന സ്വഭാവത്തിലേക്കും നീളുന്ന ചോദ്യമാണത്. അത് പിതൃഅധികാരത്തിലേക്കു എത്തിനോക്കുന്ന ചോദ്യമാണ്. നിരൂപകന് തന്നെ സൂചിപ്പിക്കുന്നതു പോലെ പിതൃഅധികാരം ദൈവാധികാരത്തിനു സദൃശമാണ്. ആ കുടുംബത്തിലെ അംഗങ്ങള്ക്കു സമ്പത്തില് പങ്കാളിത്തമില്ല. ചോദിച്ചാലും കിട്ടില്ല. മുഴുവന് സമ്പത്തും അധികാരവും കയ്യടക്കി വച്ചിരിക്കുന്ന പിതൃരൂപത്തിനു കീഴില് അടങ്ങിയൊതുങ്ങി അസ്വതന്ത്രരായി കഴിയേണ്ടി വരുന്നവരുടെ പ്രതികരണമായി ജോജിയുടേയും ബിന്സിയുടേയും സ്വഭാവത്തേയും പ്രവൃത്തികളേയും കാണാന് കഴിയേണ്ടതല്ലേ? കേന്ദ്രപ്രശ്‌നം പിതൃഅധികാരം തന്നെയല്ലേ? അങ്ങനെയൊരു ചോദ്യം ഉന്നയിക്കാനാണ് നിരൂപകന് തയ്യാറാകാതിരിക്കുന്നത്.
വ്യാകരണത്തില് വിശ്വാസമുള്ളിടത്തോളം നമുക്ക് ദൈവത്തെ ഒഴിവാക്കാനാവില്ല എന്ന നീത്‌ഷെയുടെ വാക്കുകളെ ഫാദര് ഉദ്ധരിച്ചു ചേര്ക്കുന്നുണ്ട്. ദൈവത്തിന്റെ അനിവാര്യതയെ കുറിച്ച് ദൈവനിഷേധിയുടെ വാക്കുകള് ഉദ്ധരിച്ച് പോള് തേലക്കാട്ട് എഴുതുന്നു. നമ്മുടെ എല്ലാ വ്യവഹാരങ്ങളിലും കര്ത്തൃകേന്ദ്രത്തിന്റെ ഇടപെടലുകളെ കാണുന്ന ഉത്തരാധുനികരേയും ഇവിടെ ഓര്ക്കാം. ദൈവം നമ്മെ ഒഴിഞ്ഞു പോകുന്നില്ലെന്നു പറയാനാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. സര്വ്വശക്തനും സര്വ്വാധികാരിയും എല്ലാറ്റിന്റേയും കേന്ദ്രവുമായ ദൈവമാണിത്. കോപിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവം. പഴയനിയമത്തിലെ ദൈവമാണിത്. രണ്ടു സഹസ്രാബ്ദങ്ങള് കഴിഞ്ഞിട്ടും ക്രൈസ്തവസഭയുടെ ദൈവബോധം നവീകരിക്കപ്പെട്ടിട്ടില്ല. അധികാരത്തിനു പകരം സ്‌നേഹത്തെ പകരം വച്ച ക്രിസ്തു ഇപ്പോഴും അകലെയാണ്. പഴയ നിയമം പുതിയ നിയമത്തിനു മുകളില് നില്ക്കുന്നു; ഇപ്പോഴും. ദൈവം സ്‌നേഹമാണെന്നത് ഒരു പരസ്യവാക്യത്തിന്നപ്പുറത്തേക്ക് ജീവിതത്തിന്റെ സന്ദേശമായി സഭ പോലും ഉള്ക്കൊണ്ടിട്ടില്ല. പിതൃഅധികാരത്തില് സ്‌നേഹം പ്രവര്ത്തിക്കുന്നുണ്ടോ? ജോജിയുടെ അപ്പനില് സ്‌നേഹം പ്രവര്ത്തിക്കുന്നുണ്ടോ? അധികാരം കൊണ്ട് നിര്ണ്ണയിക്കപ്പെടുന്ന സ്‌നേഹം ഉപാധികളുള്ള സ്‌നേഹമാണ്. പിതൃഅധികാരത്തിനെതിരായ ശബ്ദം പോള് തേലക്കാട്ടില് നിന്നും ഉയരാത്തത് സ്‌നേഹത്തെ നിരുപാധികമായി കാണാത്തതു കൊണ്ടാണ്. സ്‌നേഹം പിതൃഅധികാരത്തിനു കീഴ്‌പ്പെട്ടു നില്ക്കുന്നതു കൊണ്ടാണ്. പിതൃഅധികാരത്തിനെതിരായ വിമര്ശം മതാത്മകതക്കെതിരായ വിമര്ശമാണ്, മതത്തിന്റെ മൗലികമൂല്യങ്ങളിലേക്ക് ആരും ഉയരുന്നില്ല എന്ന വിമര്ശം; ഒരു പക്ഷേ ചലച്ചിത്രത്തിലെ കഥാപാത്രങ്ങളേക്കാളുപരി സഭയുടെ ഇന്നത്തെ സ്ഥിതിക്കെതിരായ വിമര്ശം കൂടിയാണത്, ഫാദര് മുന്നോട്ടു വയ്ക്കുമ്പോഴും മതാത്മകതയുടെ പരിമിതികള്ക്കുള്ളില് നിന്നുകൊണ്ടേ അദ്ദേഹത്തിനു എഴുതാന് കഴിയൂ.
തിന്മയുടെ അസാധാരണത്വത്തിന്റെ മനുഷ്യനായും കുറ്റബോധത്താല് പിടിക്കപ്പെടാത്തവനുമായി ജോജിയെ കാണുന്ന ഫാദര് അവന് പരിചയിച്ച കുറ്റവാളിയല്ലെന്നു കൂടി കണ്ടെത്തുന്നു. ജോജിയെ നയിക്കുന്ന തനതും അനിവാര്യവുമായ ഗുണങ്ങളാണ് അവനെ കൊലയാളിയാക്കുന്നതെന്ന വായനക്ക് വലിയ സാംഗത്യമില്ല. അപ്പന്റെ മരണം ആ കുടുംബത്തിന്റെ മുഴുവന് വികാരമാണ്. ബിന്സിയാണോ ജോജിയാണോ കുറ്റവാളിയെന്ന ചോദ്യമുന്നയിക്കുന്ന നിരവധി നിരൂപണങ്ങള് ഇതിന്നകം പുറത്തുവന്നിട്ടുണ്ട്. ജോജിയെ പിതാവിന്റെ കൊലയിലേക്കു നയിക്കുന്നതില് ബിന്സിയുടെ പ്രേരണ വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്. അവള് പനച്ചേല് തറവാട്ടിലെ ലേഡി മാക്ബത്ത് തന്നെ! എന്നാല്, ബിന്സി കുറ്റബോധത്തിലേക്കോ നിശാടനങ്ങളിലേക്കോ നയിക്കപ്പെടുന്നില്ല!
'നിന്റേം കൂടി വീടല്ലേടാ, ആരോടു ചോദിക്കാനാ, കേറ്റിയങ്ങു കെട്ടണം.'
'നല്ല കാലം മുഴുവന് നിനക്കൊക്കെ ഈ സ്ലാബിന്റെ പുറത്തിരുന്നു കഴിക്കാനാടാ വിധി.'
'മരിച്ചവരാരും ഇനി തിരിച്ചു വരില്ല. ജീവിച്ചിരിക്കുന്നവരെ സൂക്ഷിച്ചാല് മതി'
ബിന്സിയുടെ സംഭാഷണങ്ങളില് ജോജിയ്ക്കുള്ള പ്രേരണകള് നമുക്കു കേള്ക്കാം. അപ്പന് ചാകണമെന്ന് നിങ്ങളും ആഗ്രഹിച്ചിട്ടില്ലേയെന്നു ഭര്ത്താവായ ജെയ്‌സനോടും അവള് ചോദിക്കുന്നുണ്ട്. അവന് മൗനം കൊണ്ടാണ് മറുപടി പറയുന്നത്. കുട്ടപ്പന്റെ പണം അയാള് അറിയാതെ കൈമാറ്റം ചെയ്ത് കൊരിയറില് തോക്കു വരുത്തുന്ന കൊച്ചുമകനില് പോലും എന്താണ് പ്രവര്ത്തിക്കുന്നത്?
ജോജിയുടെയോ മറ്റാരുടെയെങ്കിലുമോ സ്വഭാവദൂഷ്യത്തെ കുറിച്ചോ തിന്മയോടുള്ള ആഭിമുഖ്യത്തെയോ കുറിച്ചു പറയുന്നതിനു മുമ്പ് ദുഷിച്ച പിതൃഅധികാരത്തെ കുറിച്ചു പറയേണ്ടിയിരിക്കുന്നു. ഫാദറിന് അതു നിര്വ്വഹിക്കാനാവുന്നില്ല!
സിനിമയില് സംഭവിക്കുന്നത് പ്രേതാവാസവും അതിന്റെ ഭയവും വിറയലുമാണെന്ന് എഴുതുന്ന ഫാദര് പോള് തേലക്കാട്ട് സിനിമയ്ക്ക് വ്യത്യസ്തമായ ഒരു വ്യാഖ്യാനം നല്കുന്നു. ഇതോ ചലച്ചിത്രത്തിന്റെ മറ്റു നിരൂപണങ്ങളില് നിന്നും വ്യത്യസ്തമായി മാക്ബത്തിനോടൊപ്പം കാരമസോവ് സഹോദരന്മാരെ കൂടി തന്റെ വികലനത്തിലേക്കു കൊണ്ടുവരുന്നുവെന്ന പുതുമയുമുണ്ട്. ദാര്ശനികത നിറഞ്ഞു നില്ക്കുന്ന ലേഖനം സാധാരണ ചലച്ചിത്രനിരൂപണങ്ങളില് നിന്നും വ്യത്യസ്തമായിരിക്കുന്നു!
Like
Comment
Share

Saturday, August 17, 2013

മറവു ചെയ്ത രഹസ്യങ്ങള്‍



 ടുണീഷ്യയില്‍ നിന്നുള്ള ചലച്ചിത്രസംവിധായികയായ രാജാ അമരി സംവിധാനം ചെയ്ത 'അടക്കിയ രഹസ്യങ്ങള്‍'(Buried Secrets) എന്ന ചലച്ചിത്രം മര്‍ദ്ദിതരാജ്യങ്ങളിലെ സ്ത്രീജീവിതങ്ങളിലേക്ക്‌ ഒരു നുറുങ്ങുവെട്ടം പായിക്കുന്നു. ടുണീഷ്യയുടെ സാംസ്ക്കാരിക പരിസരത്തു നിന്നുകൊണ്ട്‌, ബാഹ്യയാഥാര്‍ത്ഥ്യത്തോടു ചേര്‍ത്തുവെച്ച്‌ കാണുകയും അറിയുകയും ചെയ്യേണ്ട ചലച്ചിത്രമാണിത്‌. (ടുണീഷ്യയുടെ സംസ്ക്കാരത്തെയോ രാഷ്ട്രീയപരിതോവസ്ഥയെയോ സവിശേഷമായി അറിയാന്‍ സഹായിക്കുന്ന മൂലകങ്ങള്‍ ഈ ചലച്ചിത്രത്തില്‍ നിന്നും അധികമൊന്നും ലഭ്യമല്ല താനും.) തന്റെ കാഴ്ചയുടെ പരിമിതികളില്‍ നിന്നുകൊണ്ട്‌ ചലച്ചിത്രത്തിന്റെ 'സാര്‍വ്വലൌകികമായ' അര്‍ത്ഥങ്ങളെ മാത്രമാണ്‌ ഒരു വിദേശപ്രേക്ഷകന്‌ കണ്ടെത്താനോ നിര്‍മ്മിക്കാനോ കഴിയുക. അരികുകളിലേക്ക്‌ തള്ളി മാറ്റപ്പെട്ട, ഒളിവുജീവിതം നയിക്കേണ്ടിവരുന്ന മൂന്നു സ്ത്രീകളുടെ കഥയാണിത്‌. കഥാനായികയായ ഐശയുടേയും അവളുടെ മൂത്ത സഹോദരി റാദിയയുടേയും കണിശക്കാരിയായ അമ്മയുടേയും കഥ.



 ഐശയും റാദിയയും അമ്മയും വിജനമായ എസ്റ്റേറ്റിലുളള വലിയ ഒരു മാളികയിലെ പരിചാരകരുടെ മുറികളില്‍ ഒളിച്ചുതാമസിക്കുന്നു. അമ്മയുടേയും സഹോദരിയുടേയും കണ്ണുകള്‍ എപ്പോളും ഐശയുടെ മേലാണ്‌. അവള്‍ ഇരുവരുടേയും നിയന്ത്രണത്തിലാണ്‌. ഐശയുടെ പ്രവൃത്തികളില്‍ സ്വാഭാവികമല്ലാത്തതു ചിലതുണ്ട്‌. അവളോടു പ്രതികരിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ അമ്മയുടേയും സഹോദരിയുടേയും പ്രവൃത്തികളും അസ്വാഭാവികമാകുന്നു. കരകൌശലവേലകളും തുന്നല്‍പ്പണികളും ചെയ്തു ലഭിക്കുന്ന പണം കൊണ്ടാണ്‌ അവര്‍ ജീവിക്കുന്നത്‌. മാളികയിലേക്കു താമസിക്കാനായി എസ്റ്റേറ്റിന്റെ ഉടമയുടെ പേരമകന്‍ അലിയും കാമുകി സെല്‍മയും എത്തിച്ചേരുന്നതോടെ ഇവരുടെ ഒളിഞ്ഞതും നിഗൂഢവുമായ ജീവിതത്തിന്റെ സവിശേഷതാളം തെറ്റാന്‍ തുടങ്ങുന്നു. സെല്‍മയുടെ ആഡംബരജീവിതം ഐശയുടെ മോഹങ്ങളേയും ആഭിമുഖ്യങ്ങളേയും പ്രചോദിപ്പിക്കുന്നു. അലിയുടേയും സെല്‍മയുടേയും ജീവിതത്തിലേക്ക്‌ അവള്‍ ഒളിഞ്ഞുനോക്കുന്നുണ്ട്‌. അവരുടെ വസ്ത്രങ്ങളും മറ്റും അവള്‍ ഒളിച്ചു കണ്ടെത്തി പരിശോധിക്കുന്നു. അവരുടെ കിടപ്പറയിലെ കേളികള്‍ ഐശ നോക്കിനില്‍ക്കുന്ന ഒരു രംഗവും ചിത്രത്തിലുണ്ട്‌. സെല്‍മയുടേയും അലിയുടേയും സുഹൃത്തുക്കളോടൊത്തുള്ള ഒരു ആഘോഷവേളയില്‍ ഐശ അവരുടെ മുന്നില്‍ എത്തിപ്പെടുന്നുണ്ട്‌. നായികയുടേയും അവളുടെ കുടുംബത്തിന്റേയും ഒളിച്ചുള്ള താമസം സെല്‍മ കണ്ടെത്തുന്നതോടെ കഥ ഒരു വഴിത്തിരിവിലെത്തുന്നു. ഐശയുടെ അമ്മയും റാദിയയും ചേര്‍ന്ന് അവരുടെ ഒളിവുമുറിയില്‍ സെല്‍മയെ ബന്ധിതയാക്കുന്നു. സെല്‍മയെ കണ്ടെത്താനുള്ള അലിയുടേയും സുഹൃത്തുക്കളുടേയും ശ്രമം വിഫലമാകുന്നു. പതുക്കെയെങ്കിലും സെല്‍മ ഐശയുടെ കുടുംബവുമായി അടുക്കുന്നുണ്ട്‌. ഐശയുടെ ഇഷ്ടങ്ങളറിയുന്ന സെല്‍മ അവളോട്‌ സ്നേഹത്തോടെ പെരുമാറുന്നത്‌ അമ്മയ്ക്കും റാദിയയ്ക്കും ഇഷ്ടപ്പെടുന്നില്ല. എങ്കിലും, സെല്‍മയും കഥാനായികയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുുന്നു. ഒരു ദിവസം എസ്റ്റേറ്റിലെ തോട്ടത്തിലേക്ക്‌ സെല്‍മയേയും കൂട്ടിക്കൊണ്ടു പോകുന്ന ഐശ, ഒരു മരച്ചുവട്ടിലെ മണ്ണു നീക്കി തുണിയില്‍ പൊതിഞ്ഞ എന്തോ എടുത്ത്‌ കുഞ്ഞിനെയെന്നോണം താലോലിച്ചു കരഞ്ഞു വിളിക്കുന്നു. ഐശ ഉന്മാദത്തിലേക്കു നയിക്കപ്പെടുകയാണ്‌. ഐശയുടെ ഭാവമാറ്റത്തില്‍ സെല്‍മ ഭയചകിതയാകുന്നു. ആ കുടുംബത്തിന്റെ ഒളിത്താവളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അവളെ റാദിയയുടെ അമ്മ കൊലപ്പെടുത്തുന്നു. സെല്‍മ നല്‍കിയ കുപ്പായമണിഞ്ഞ്‌ അസ്വാഭാവികമായ ഭാവഹാദികളോടെ, ഐശ ഉറങ്ങികിടക്കുന്ന അമ്മയെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു. കുളിമുറിയില്‍ കയറി കാലിലെ രോമങ്ങള്‍ വടിച്ചുനീക്കുകയും കണ്ണാടിക്കു മുന്നില്‍ നിന്ന് സുന്ദരിയാകുകയും ചെയ്യുന്ന ഐശയെ റാദിയ വാതിലില്‍ മുട്ടിവിളിക്കുന്നതോടെ, അവള്‍ വീണ്ടും ക്രൂരയാകുുന്നു. റേസര്‍ ബ്ലേഡിന്റെ കഷണം കൊണ്ട്‌ അവള്‍ റാദിയയുടെ കഴുത്തില്‍ വരഞ്ഞു ചോര ചിതറിക്കുന്നു. ചോരയില്‍ കുതിര്‍ന്ന ആഡംബരക്കുപ്പായം ധരിച്ച്‌ ഭ്രാന്തമായി പുഞ്ചിരിച്ച്‌ നഗരത്തെരുവിനു നടുവിലൂടെ നടക്കുന്ന ഐശയെ കാണിച്ചുകൊണ്ടാണ്‌ ചലച്ചിത്രം അവസാനിക്കുന്നത്‌.
RAJA AMARI

HAFZIA HERZI

പുതിയ തലമുറ ആഡംബരജീവിതത്തോടും ഫാഷനോടും കാണിക്കുന്ന ആഭിമുഖ്യങ്ങള്‍ ഏറെയും ഐശയില്‍ കാണാം. ഈ കുടുംബത്തെ ഒളിവുവാസത്തിലേക്കു നയിച്ചത്‌ ഐശയുടെ ആഭിമുഖ്യങ്ങള്‍ സൃഷ്ടിച്ച പ്രശ്നങ്ങളാണെന്ന് തോന്നാം. ഇവളുടെ അഭിലാഷങ്ങള്‍ പഴയ തലമുറയുടെ കണ്ണില്‍ തെറ്റായി തോന്നുന്ന കാര്യങ്ങളിലേക്ക്‌ അവളെ നയിച്ചിരുന്നു. സെല്‍മയോടൊപ്പം തോട്ടത്തിലെ മരച്ചുവട്ടില്‍ നിന്നും മണ്ണു നീക്കി സ്വന്തം കുഞ്ഞിനെ കണ്ടെടുക്കുന്ന ഐശയിലൂടെ അവളുടെ കുടുംബം പേറുന്ന പാപഭാരവും നികൃഷ്ടാവസ്ഥയും വെളിപ്പെടുന്നുണ്ട്‌. അവളുടെ ഭ്രാന്തമായ ചേഷ്ടകളില്‍ നഷ്ടപ്രണയവും കുഞ്ഞിന്റെ മരണവും (അതും കൊലയോ?) നിഷേധിക്കപ്പെട്ട ആഡംബരജീവിതവും നല്‍കുന്ന വ്യഥിതമനസ്സ്‌ തെളിയുന്നു. ലോകത്തെ വ്യത്യസ്തമായി കാണാനുള്ള ത്വരകളില്‍ നിന്നാണ്‌ ഭ്രാന്ത്‌ ജനിക്കുതെന്ന്, ഐശ എത്തിപ്പെടുന്ന ഉന്മാദാവസ്ഥ സാക്ഷ്യപ്പെടുത്തുന്നു. (ഐശയെ അവതരിപ്പിച്ച ഹഫ്സിയ ഹെര്‍സി അസാധാരണമായ അഭിനയവൈഭവമാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. )






 ഐശയുടെ അമ്മയുടെ കണിശതയില്‍ വ്യവസ്ഥാപിത സാമൂഹികജീവിതമൂല്യങ്ങളോടുള്ള ഉറച്ച വിശ്വാസം പ്രതിഫലിക്കുന്നു. അവളില്‍ അന്ധമായ വിശ്വാസങ്ങള്‍ നിറഞ്ഞിരിക്കുന്നുവെന്നും പറയണം. വിശ്വാസങ്ങളുടെ ലംഘനങ്ങളിലൂടെ മകള്‍ വരുത്തിവച്ച അപമാനം നിഷ്ഠൂരമായ കൃത്യങ്ങള്‍ ചെയ്യാന്‍ അവളെ പ്രേരിപ്പിക്കുന്നു. തങ്ങളുടെ കുടുംബം അടക്കിവച്ച രഹസ്യങ്ങളറിഞ്ഞ്‌ ഭയചകിതയായി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സെല്‍മയെ കൊല്ലാന്‍ കണിശക്കാരിയായ അമ്മയെ പ്രേരിപ്പിക്കുന്നത്‌ അവളുടെ അപമാനബോധമാണ്‌. ഐസയുടെ കുഞ്ഞിന്‌ എന്തായിരിക്കും സംഭവിച്ചതെന്ന് ആലോചിക്കുമ്പോഴും ഈ അമ്മയുടെ കണിശതയാര്‍ന്ന മുഖഭാവങ്ങളിലാണ്‌ നാം എത്തിച്ചേരുന്നത്‌. എങ്കിലും ഇവര്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റേയും ലൈംഗികജീവിതത്തിലെ യാതനകളുടേയും ചിത്രങ്ങള്‍ കൂടി ചലച്ചിത്രത്തില്‍ കണ്ടെത്താന്‍ കഴിയും. ഐശയ്ക്കും അവളുടെ അമ്മയ്ക്കുമിടയില്‍ നില്‍ക്കുന്ന റാദിയ ഇരുവരുടേയും മൂല്യങ്ങളോടു താല്‍പര്യങ്ങള്‍ കാണിക്കുന്നു. എങ്കിലും അവള്‍ അമ്മയോടൊപ്പമാണ്‌. റാദിയയുടെ ഫാഷനോടുള്ള ആഭിമുഖ്യങ്ങള്‍ അവള്‍ ഒളിച്ചുവയ്ക്കാന്‍ ആഗ്രഹിക്കുന്നവയാണ്‌. തീര്‍ത്തും വ്യത്യസ്തങ്ങളായ മാനസികലോകങ്ങളില്‍ കഴിയുന്ന മൂന്നു പേര്‍; ഒരേ കുടുംബാംഗങ്ങള്‍, ഒരു തുരുത്തിലകപ്പെട്ടിരിക്കുന്നു. തുരുത്തിലകപ്പെട്ടു പോയവരുടെ അന്യതാബോധവും ഭയാശങ്കകളും കണിശതയുമെല്ലാം ഈ കുടുംബത്തിലെ അംഗങ്ങളുടെ ചെറുചലനങ്ങളിലൂടെ പോലും സമര്‍ത്ഥമായി സംവിധായിക ചിത്രീകരിച്ചിരിക്കുന്നു. പുറംലോകവുമായുള്ള എല്ലാ കരണപ്രതികരണങ്ങളേയും സന്ദേഹങ്ങളോടെ മാത്രം വീക്ഷിക്കാന്‍, തുരുത്തുകളിലെ ഒറ്റപ്പെട്ട ജീവിതം അമ്മയേയും റാദിയയേയും പരിശീലിപ്പിച്ചിട്ടുണ്ട്. മറ്റു മനുഷ്യരുമായി വലിയ ബന്ധങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന മൂന്നുപേരും വ്യത്യസ്തങ്ങളായ മൂന്നു ലോകങ്ങളിലാണ്‌ മനസ്സു കൊണ്ടു ജീവിക്കുന്നത്‌. ഇത്,തുരുത്തുകളിലകപ്പെടുന്നവരുടെ കഥയായി മാറുന്നു.

 പുതിയകാലലോകജീവിതവും പാരമ്പര്യവിശ്വാസങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ഭൂമികയിലാണ്‌ ഈ ചലച്ചിത്രം നെയ്തെടുത്തിരിക്കുന്നത്‌. ഈ സംഘര്‍ഷങ്ങളുടെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്നത്‌ ഏറെയും സ്ത്രീകളാണെന്ന് സംവിധായിക പറയുന്നു. അവര്‍ പുറമ്പോക്കുകളിലേക്ക്‌, തുരുത്തുകളിലേക്ക്‌, ഒളിജീവിതങ്ങളിലേക്ക്‌ എറിയപ്പെടുന്നു. ഭീതിയിലും അപമാനഭാരത്തിലും പെട്ട് ഉന്മാദികളാകുന്നു, കൊല്ലുന്നു, നശിക്കുന്നു. ഉറങ്ങുന്ന സ്ത്രീകളുടെ രംഗങ്ങള്‍, സവിശേഷമായും ഐശ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന രംഗങ്ങള്‍ ഈ ചലച്ചിത്രത്തിന്റെ പ്രധാനഭാഗമാണ്‌. തുരുത്തിലെ ബന്ധിതാവസ്ഥയെ പോലെ തന്നെ സ്ത്രീകള്‍ കട്ടിലിലോ മുറിയിലോ ബന്ധിക്കപ്പെടുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്‌. സ്ത്രീകള്‍ ഉണര്‍ന്നിട്ടില്ലെന്നു പറയുകയും ഉണരുന്നവളുടെ ഭ്രാന്തമായ അനുഭവങ്ങളെ കാണിക്കുകയും ചെയ്യുന്ന രാജാ അമരി സ്ത്രീജീവിതത്തിന്റെ സമകാല ലോകാവസ്ഥയെയാണ്‌ കാണിച്ചു തരുന്നത്‌. ഇനിയും ഉണരാത്ത, ഇപ്പോഴും ബന്ധിതമായിരിക്കുന്ന സ്ത്രീസ്വത്വങ്ങളിലേക്ക്‌ സംവിധായിക തന്റെ ക്യാമറക്കണ്ണിനെ തിരിച്ചുവയ്ക്കുന്നു. സ്വയം പ്രകാശനസാദ്ധ്യതകളില്ലാതെ, നിന്ദ്യമായ നിയന്ത്രണങ്ങളാലും പാപഭാരത്താലും അപമാനബോധത്താലും ഒളിച്ചുവെയ്ക്കേണ്ടി വരുന്ന സ്ത്രീയുടെ സ്വത്വാഭിലാഷങ്ങളെ സൂചിപ്പിക്കുന്ന രംഗങ്ങളെ സവിശേഷമായ ആവിഷ്ക്കരണചാതുരി പ്രകടിപ്പിച്ചു കൊണ്ടാണ്‌ സംവിധായികയായ രാജാ അമരി സൃഷ്ടിക്കുന്നത്‌. സ്ത്രീജീവിതത്തിലെ നിന്ദ്യമായ അവസ്ഥകളുടെ ചിത്രങ്ങള്‍ അവര്‍ വരച്ചിടുന്നു. സ്ത്രീയുടെ സ്വാതന്ത്ര്യാഭിലാഷങ്ങള്‍ തടയപ്പെടുന്നതെങ്ങനെയെന്ന്, ഈ രോധനപ്രക്രിയയില്‍ സ്ത്രീകള്‍ എങ്ങനെ കരുക്കളാക്കപ്പെടുന്നുവെന്ന് പറയുന്നു. സ്വാതന്ത്ര്യനിഷേധങ്ങള്‍ എത്തിച്ചേരുന്ന മനുഷ്യത്വവിരുദ്ധവും ഭീകരവുമായ അനന്തരാവസ്ഥകളെ കാണിച്ചു തരുന്നു. പ്രേക്ഷകര്‍ ഈ ചിത്രം കണ്ടു പുറത്തിറങ്ങുന്നത്‌ ആകുലമായ മനസ്സുകളോടെയാണ്‌. ****************************************************************************
ചെണ്ട മാസികയിലെ ബഹുവചനം എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത്.

Sunday, October 9, 2011

എങ്കേയും എപ്പോതും


  • ഭൌതികശാസ്ത്രം അറിയാത്തവര്‍ പോലും ന്യൂട്ടോണിയന്‍ ബലതന്ത്രം നല്കിയ ആത്മവിശ്വാസത്തില്‍ ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ന്യൂട്ടന്റെ ലോകം പൊതുബോധമായി തീര്‍ന്ന കാലം. ഉറപ്പുള്ള വിശ്വാസങ്ങള്‍, ആദര്‍ശങ്ങള്‍, അനിവാര്യമായ നിയമങ്ങള്‍, നിശിതമായ നിശ്ചിതത്വം, പ്രവചനീയമായ ലോകം...ഇവയെല്ലാം ചേര്‍ന്നു നല്കിയ ആത്മവിശ്വാസമായിരുന്നു അത്. യാദൃച്ഛികതകളെ, അനിശ്ചിതത്വങ്ങളെ, ഇതര സംഭാവ്യതകളെ ഗൌരവതരമായി പരിഗണിക്കാതിരുന്ന കാലം. മൂര്‍ച്ചയുള്ള മുദ്രാവാക്യങ്ങളും മാറ്റിത്തീര്‍ക്കാനുള്ള ആഹ്വാനങ്ങളും കൈ-മെയ് മറന്നുള്ള എടുത്തുചാട്ടങ്ങളും സാഹസികപ്രയാണങ്ങളും സാദ്ധ്യമാക്കിയ കാലം. വിശ്വാസത്തിന്റെ ഉറപ്പില്‍ സുരക്ഷിതത്വത്തെ കുറിച്ചുള്ള ഉല്ക്കണ്ഠകളും ആശങ്കകളും ഉണരാതിരുന്ന കാലം. വിപ്ലവങ്ങള്‍ പിഴയ്ക്കുകയും ജ്ഞാനമണ്ഡലം പുതിയ ഉള്‍ക്കാഴ്ചകള്‍ കൊണ്ട് പുതുക്കിപ്പണിയുകയും ചെയ്തപ്പോള്‍ പഴയ ആത്മവിശ്വാസം കൂടി നഷ്ടപ്പെടുകയായിരുന്നു. മദ്ധ്യവര്‍ഗത്തിനു മേല്‍ക്കൈയും അണുകുടുംബങ്ങള്‍ക്കു വലിയ പ്രാധാന്യവും നല്കുന്ന സമൂഹം കൂടി സൃഷ്ടിക്കപ്പെട്ടതോടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ഉല്ക്കണ്ഠകള്‍ പെരുകാനും തുടങ്ങി. അനിശ്ചിതത്വങ്ങളെ, യാദൃച്ഛികതകളെ സൂക്ഷ്മതയോടെ പിന്തുടരണമെന്ന നിര്‍ദ്ദേശം എവിടേയും ഉയരുന്നു. യാദൃച്ഛികതയുടെ കടന്നാക്രമണങ്ങളെ കീഴടക്കാന്‍ അതിഭൌതികമായ വഴികളിലേക്കു തിരിയുന്നു. മൂര്‍ച്ചയുള്ള മുദ്രാവാക്യങ്ങളുടേയും സാഹസികമായ എടുത്തുചാട്ടങ്ങളുടേയും സ്ഥാനങ്ങളെ നിഷ്ക്കാസിതമാക്കി അന്ധവിശ്വാസങ്ങളും പുതിയ ആചാരങ്ങളും കടന്നുവരുന്നു. പൂര്‍വ്വകാലവും ഈ ഉത്തരകാലവും ഏകപക്ഷീയതകളാലാണ് നയിക്കപ്പെട്ടത്. യാദൃച്ഛികതയുടേയും അനിവാര്യതയുടേയും സംഗമസ്ഥാനമായി യാഥാര്‍ത്ഥ്യത്തെ കാണാന്‍ രണ്ടിനും കഴിയുന്നില്ലല്ലോ‍.

 
  • ഈ സുരക്ഷിതത്വബോധത്തിന്റെ കാലത്ത് മരണം പേടിപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. മരണം കൊണ്ടുള്ള ദു:ഖം ഒഴിവാക്കാനാവില്ലെന്ന് അറിഞ്ഞവരെ പോലെ എല്ലാവരും സുരക്ഷിതഭയത്താല്‍ അസ്വസ്ഥരായിരിക്കുന്നു. രംഗബോധമില്ലാത്ത കോമാളിയായി അത് എപ്പോഴും എവിടെയും പ്രത്യക്ഷപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു. എന്നാല്‍, ഈ ഭയത്തില്‍ യാഥാര്‍ത്ഥ്യത്തിന്റെ മൂലകങ്ങളുമുണ്ട്. ആദര്‍ശത്തിന്റെ ഭാരം ചുമടായി തൂങ്ങിനില്ക്കാത്തതിനാല്‍ യാഥാര്‍ത്ഥ്യത്തെ നേര്‍ക്കുനേര്‍ കാണാനും മനസ്സിലാക്കാനും കഴിയും. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ അതിനെ ശരിയായി ആവിഷ്ക്കരിക്കാനുമാകും. നമ്മുടെ യുവ കലാകാരന്മാരില്‍ സാമൂഹിക പ്രതിജ്ഞാബദ്ധതയുടെ ആദര്‍ശബോധമൊഴിഞ്ഞവരെങ്കിലും സത്യസന്ധരായവര്‍ ഏറെയുണ്ട്. 'എങ്കേയും എപ്പോതും' എന്ന തമിഴ് ചലച്ചിത്രം മെനഞ്ഞെടുത്തവര്‍ ഈ ഗണത്തില്‍ പെടുന്നു. യുവാക്കളുടെ ഏറ്റവും ഇഷ്ടവിഷയമായ പ്രണയത്തെയാണ് ഈ ചലച്ചിത്രവും പ്രമേയമാക്കുന്നത്. ഇതില്‍ നാലു പ്രണയജോഡികളുടെ കഥ പറയുന്നു. അമുദയും ഗൌതവും, മണിമേഖലയും കതിരേശനും, പൂജയും രമേശും, നവ വധൂവരന്മാരായ രണ്ടുപേര്‍ - ചലച്ചിത്രത്തിന്റെ സംവിധായകന്‍ ഇവരുടെ പ്രണയങ്ങളെ മരണത്തോടു മുഖാമുഖം നിര്‍ത്തുന്നു. രംഗബോധമില്ലാത്ത കോമാളിയുടെ മുന്നില്‍ മൂന്നു കാമുകര്‍ കീഴടങ്ങുന്നു. നാലാമത്തെ പ്രണയം അതിജീവനത്തിനായി മുള്‍മുനയിലാണ്. സാഫല്യമടയാത്ത പ്രണയങ്ങളെ കുറിച്ചു പറഞ്ഞുകൊണ്ട് നമ്മുടെ ജീവിതങ്ങളെ കീഴ്പ്പെടുത്തി നില്ക്കുന്ന അനിശ്ചിതത്വങ്ങളെ സംവിധായകനായ ശരവണന്‍ എടുത്തുകാണിക്കുന്നു.


  •   വധുവിനെ യാത്രയാക്കാനായി എത്തുന്ന വരന്‍ അവളോടൊപ്പം യാത്ര ചെയ്യുകയാണ്. അവളെ പിരിയുന്നതിലുളള വിഷമത്തിലാണ് അയാള്‍. യാത്ര പറഞ്ഞു പിരിഞ്ഞതിനു ശേഷം, വണ്ടി പുറപ്പെട്ടു കഴിയുമ്പോള്‍ അയാള്‍ ഓടിവന്ന് വണ്ടിയില്‍ കയറുന്നു. ഇത് രണ്ടു പ്രാവശ്യം ആവര്‍ത്തിക്കുന്നുണ്ട്. വധുവിനെ പിരിഞ്ഞിരിക്കാന്‍ പോലും കഴിയാതെ പ്രണയിക്കുന്നവനെ അവളില്‍നിന്നും വേര്‍പെടുത്താന്‍ മരണം പെട്ടെന്നു കടന്നുവരുന്നു. വരന്റെ മൃതദേഹത്തിനു മുന്നില്‍ ആര്‍ത്തലച്ചു കരയുന്ന വധുവിനെ ചലച്ചിത്രകാരന്‍ കാണിക്കുന്നു. ആദ്യകാഴ്ചയില്‍ തന്നെ പ്രണയത്തില്‍ പെടുന്ന കോളേജ് വിദ്യാര്‍ത്ഥികളായ പൂജയും രമേശും മരണത്താല്‍ വേര്‍പെടുത്തപ്പെടുന്നു. അവര്‍ സഞ്ചരിച്ചിരുന്ന ബസ്സിന്റെ ടയര്‍ കേടാകുമ്പോള്‍ പൂജ മറ്റൊരു ബസ്സിലേക്കു മാറിക്കയറിയതാണ്. എന്നാല്‍, രമേശിന്റെ പാരവശ്യം കണ്ട് അവള്‍ തിരിച്ചിറങ്ങി പഴയ ബസ്സില്‍ തന്നെ കയറുന്നു. ആദ്യകാഴ്ചയില്‍ തന്നെ അകലാന്‍ വയ്യാതായി തീര്‍ന്നവരെ മരണത്തിന്റെ കോമാളിക്കൈകള്‍ അകറ്റുന്നു. ആശുപത്രിയില്‍ കൂട്ടിയിട്ടിരിക്കുന്ന ശവശരീരങ്ങള്‍ക്കിടയില്‍ നിന്ന് രമേശ് പൂജയുടെ മൃതദേഹം കണ്ടെത്തുന്നു. അമുദയുടേയും ഗൌതത്തിന്റേയും പ്രണയം വളരെ വലിയ യാദൃച്ഛികതയുടെ സൃഷ്ടിയാണ്. അവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും ഇഷ്ടപ്പെടുന്നതും വളരെ യാദൃച്ഛികമായിട്ടാണ്. അമുദയ്ക്ക് അവന്റെ പേരു പോലും അറിയില്ല. ആശുപത്രികിടക്കയിലെ അര്‍ദ്ധബോധാവസ്ഥയില്‍ അമുദ അവന്റെ പേരു ചോദിക്കുന്നു. മണിമേഖലയുടേയും കതിരേശന്റേയും പ്രണയം ഇങ്ങനെയായിരുന്നില്ല. അതില്‍ ബോധപൂര്‍വമായ ഇടപെലുകളും ഇരുവരുടേയും താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള പരസ്പര സമവായങ്ങളുമുണ്ട്. കതിരേശന്റെ രക്തത്തില്‍ എച്ച് ഐ വി ബാധയുണ്ടോയന്ന് മണിമേഖല പരിശോധിക്കുന്നുണ്ട്. അയാള്‍ക്ക് തന്റെ കുടുംബത്തിന്റെ സമ്മര്‍ദ്ദങ്ങളെ താങ്ങാനുള്ള കരുത്തുണ്ടോയെന്നും അവള്‍ അന്വേഷിക്കുന്നു. കതിരേശന്റെ പ്രണയം പല പരീക്ഷണഘട്ടങ്ങളേയും താണ്ടുന്നു. എന്നാല്‍, ഇങ്ങനെ ഊതിക്കാച്ചിയെടുക്കുന്ന പൊന്നായ പ്രേമം യാദൃച്ഛികമായി കടന്നുവരുന്ന അപകടത്തില്‍ പെട്ട് ഇല്ലാതാകുന്നു. കതിരേശന്റെ തലയ്കാണ് പരിക്കേറ്റത്. അയാളെ ആംബുലന്‍സില്‍ കയറ്റി വിട്ടതിനു ശേഷം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മണിമേഖല ആശുപത്രിയില്‍ എത്തുമ്പോഴേക്കും കതിരേശന്‍ മരിച്ചുകഴിഞ്ഞിരുന്നു. കതിരേശന്റെ പ്രണയത്തെ പരീക്ഷിച്ച് ഉറപ്പു വരുത്തിയവള്‍ അവന്റെ ചേതനയില്ലാത്ത ശരീരത്തില്‍ വീണ് ഉറക്കെ നിലവിളിക്കുന്നു. യാദൃച്ഛികമായ കൂടിച്ചേരല്‍ കൊണ്ട് സൃഷ്ടിക്കപ്പെടുന്ന അമുദയുടേയും ഗൌതത്തിന്റേയും പ്രണയം മരണത്തിന്റെ ഭീകരമുഖത്തെ എങ്ങനെയോ അതിജീവിക്കുമ്പോള്‍, ശരിയായി ക്രമീകരിച്ചു വളര്‍ത്തിയെടുത്ത മണിമേഖലയുടേയും കതിരേശന്റേയും പ്രണയം ആ കോമാളിയുടെ മുന്നില്‍ തോറ്റുപോകുന്നു. യാദൃച്ഛികതയെ കുറിച്ചു് നമ്മുടെയെല്ലാം അബോധത്തിലുള്ള കാര്യങ്ങളാണ് സംവിധായകനായ ശരവണന്‍ പറയുന്നത്. ആക്സിഡന്റ് എന്നു കേള്‍ക്കുമ്പോഴേ നിലവിളിച്ചു നിലതെറ്റി വീഴുന്നവള്‍ നമ്മളിലെല്ലാവരിലുമുണ്ട്. റോഡുയാത്രയെ കുറിച്ചുള്ള മദ്ധ്യവര്‍ഗത്തിന്റെ ആശങ്കകളെ ഇതോടൊപ്പം ചേര്‍ത്തുവയ്ക്കണം. വാഹനാപകടത്തിന്റെ ഭീകരവും ദാരുണവുമായ ദൃശ്യങ്ങള്‍ പറയുന്നത് മറ്റൊന്നുമല്ലല്ലോ.

 
നമ്മുടെ മദ്ധ്യവര്‍ഗത്തെ ബാധിച്ചു നില്ക്കുന്ന സുരക്ഷിതത്വഭീതിയെ ഈ ചലച്ചിത്രം നന്നായി പകര്‍ത്തിയെഴുതുന്നു. നമ്മുടെ ജീവിതങ്ങള്‍ അനിശ്ചിതത്വങ്ങളില്‍ മുങ്ങി കിടക്കുന്നുവെന്ന് ചലച്ചിത്രകാരന്‍ പറയുന്നു. നാം നിസ്സഹായരാണെന്ന്, എപ്പോള്‍ വേണമെങ്കിലും പൊട്ടിവീണേക്കാവുന്ന നൂല്പാലത്തിലൂടെ നടക്കുന്നവരാണെന്ന് നമുക്കു തോന്നിപ്പോകുന്നു. എന്നാല്‍, യാദൃച്ഛികതയും അനിവാര്യതയും തമ്മിലുളള സംഗമസ്ഥാനങ്ങള്‍ അന്വേഷിക്കുന്നില്ലെന്ന അബദ്ധം ഇവിടെയും തുടരുന്നു. നാം ജീവിക്കുന്ന സമൂഹത്തിന്റെ വിമര്‍ശനങ്ങളിലേക്കു കടന്നു കയറാന്‍ സംവിധായകനു കഴിയുന്നതേയില്ല. ചലച്ചിത്രത്തെ അപ്പാടെ കീഴ്പ്പെടുത്തി നില്ക്കുന്ന മദ്ധ്യവര്‍ഗബോധം ഈ പരിമിതിയുടെ ലക്ഷണവും കാരണവുമാണ്. വ്യക്തിപരമായ തലങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന പരാവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ ഒരു മുഖത്തെ മാത്രം അവതരിപ്പിക്കുന്നു. പ്രശ്നങ്ങള്‍ക്ക് സാമൂഹികമായ ഒരു തലം കൂടിയുണ്ടെന്ന, അത് അതിപ്രധാനമാണെന്ന അറിവിലേക്കു കൂടി നമ്മുടെ കലാകാരന്മാരുടെ കാഴ്ചകള്‍ നീങ്ങേണ്ടതുണ്ട്.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...