Showing posts with label കവിതാപഠനത്തില്‍ നിന്നും. Show all posts
Showing posts with label കവിതാപഠനത്തില്‍ നിന്നും. Show all posts

Friday, April 1, 2011

'ഒടിച്ചുമടക്കിയ ആകാശം'

'ഒടിച്ചുമടക്കിയ ആകാശം' ബൃഹത്‌ ദാര്‍ശനികമാനങ്ങളുളള ഒരു കവിതയാണ്‌. ഇപ്പോള്‍, രാഷ്ട്രീയവും തത്ത്വചിന്തയും കൂടിക്കലരുന്ന വാക്കുകളുടെ കൂട്ടുകള്‍ കവി നിര്‍മ്മിച്ചെടുക്കുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചുളള മഹത് സങ്കല്പനങ്ങള്‍ ഈ രാഷ്ട്രീയകവിതയില്‍ സംവാദസന്നദ്ധമാകുന്നു. ആകാശം എന്ന വാക്ക്‌ മനുഷ്യന്‌ എത്തിപ്പിടിക്കാനുളള സാദ്ധ്യതകളുടെ രൂപകമായി മാറിത്തീരുന്നു. വിഹായസ്സിലേക്ക്‌ പറന്നുയരുന്ന പക്ഷി സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണെങ്കില്‍ ഒടിച്ചു മടക്കിയ ആകാശം എന്ന പദക്കൂട്ട് സ്വാതന്ത്ര്യം നേരിടുന്ന പ്രതിസന്ധികളെ സൂചിപ്പിക്കുന്ന പരികല്‍പനയാണ്‌. ഈ കവിതയില്‍ ആകാശത്തെ കുറിച്ച്‌ അധികമൊന്നും പറയുന്നില്ല. അത്‌ പക്ഷികളെ കുറിച്ചാണു പറയുന്നത്‌. ആകാശം പക്ഷികള്‍ക്ക്‌ സഞ്ചാരപഥങ്ങള്‍ ഒരുക്കി നല്‍കുന്നു. പക്ഷികള്‍ ചലിക്കുന്നത്‌ സ്വാതന്ത്ര്യത്തിന്റെ പഥങ്ങളിലൂടെ. പക്ഷികളില്‍ നിന്ന് കവി  സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം പഠിക്കുന്നു. "പക്ഷികള്‍ എന്നെ വ്യാപിപ്പിച്ചു, എന്നെ പൂരിപ്പിച്ചു. " കവി എല്ലാ പക്ഷികളോടുമൊപ്പം പറക്കുന്നു. പക്ഷികളില്‍ നിന്ന് പഠിച്ചതിന്റെ ക്രമത്തില്‍ തന്റെ ജീവചരിത്രം എഴുതുന്നു. 'കുട്ടിക്കാലം ഒരു പക്ഷിസങ്കേതം' എന്ന് എഴുതുമ്പോള്‍ കുട്ടിയുടെ സ്വതന്ത്രമായ മനസ്സ്‌ തെളിയുന്നു. ഓരോ പക്ഷിയില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകങ്ങളേയും വലിയ അര്‍ത്ഥങ്ങളേയും കുറിച്ച്‌ പഠിക്കുന്നു. സ്വാതന്ത്ര്യത്തിനായുളള ദാഹത്തില്‍ മയൂരം പീലി വിടര്‍ന്നാടുന്ന ഉത്സവം സ്വപ്നം കാണുന്നു. സ്വാതന്ത്ര്യം ഒരു മഹാസ്വപ്നമായി മനസ്സില്‍ പൂത്തുവിടരുന്നു. എന്നാല്‍, പക്ഷികള്‍ നല്‍കിയ "പാഠപുസ്തകത്തിലെ പീലിക്കിനാവ്‌ ലോകമയൂരമായി വിടര്‍ന്നില്ല". ഒടിച്ചു മടക്കിയ ആകാശപഥങ്ങളില്‍ സ്വാതന്ത്ര്യദാഹികള്‍ക്കും വഴി തെറ്റുന്നു. "കുയിലും മയിലും കുഞ്ഞിരാമന്‍നായരും കൂടുണ്ടാക്കാറില്ല" എന്നു പഠിക്കാത്തവന്‍ കൂടുകള്‍ നിര്‍മ്മിച്ചു. പൂവനും പിടയ്ക്കും പാകത്തില്‍ കൂടുണ്ടാക്കി. "വരവായ്‌ വന്‍ പ്രളയമെന്നോതി വരാന്‍ മടിച്ച വിദൂരസ്വപ്നരാഗങ്ങളേയും ഞാനെന്റെ പാര്‍ട്ടിയുടെ കൂട്ടിലാക്കി". പിന്നെ വരുന്ന വിവേകത്തില്‍ കാക്കയിലെ കുറുക്കനെ കാണുന്നു, ഒട്ടകപ്പക്ഷിയില്‍ ഒട്ടകത്തേയും. ഗുരുക്കന്‍മാരായി നിന്ന ചില പക്ഷികളില്‍ മൃഗമുണ്ടെന്ന അറിവ്‌ നേടുന്നു. സ്വാതന്ത്ര്യത്തിന്റെ സിദ്ധാന്തസംഹിതകളില്‍ സത്യവും സാന്ത്വനവും അധികാരവും നുണയും കൂടിക്കുഴയുന്നതിനെ കവി കാണിച്ചുതരുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചുളള കേവലസങ്കല്‍പനങ്ങള്‍ നിരര്‍ത്ഥകമെന്ന് ബോദ്ധ്യപ്പെടുത്തുന്നു. ഈ കേവലസങ്കല്‍പനങ്ങളില്‍ നിന്നും വിടുതി നേടുന്നവന്‍ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സങ്കല്പനങ്ങളെ കൂടുതല്‍ ഖരമാര്‍ന്ന അടിത്തറകളില്‍ സ്ഥാപിക്കുകയാണ്‌ ചെയ്യുന്നത്‌.

Sunday, October 3, 2010

സുന്ദരമൂര്‍ത്തിക്ക്‌ എന്തു സംഭവിച്ചു?

മതത്തിനും കലയ്ക്കും പരമമായി ഉദ്ബോധിപ്പിക്കാന്‍ കഴിയുന്ന ഈശ്വരവൃത്തിയുടെ സദൃശചിത്രമാണ്‌ നടരാജനൃത്തം നല്‍കുന്നതെന്ന് ആനന്ദകുമാരസ്വാമി പറയുന്നു. മഹേശ്വരന്റെ വന്യവും ലാവണ്യപൂരിതവുമായ അംഗചലനങ്ങള്‍ പ്രാപഞ്ചിക മിഥ്യയെ വെളിപ്പെടുത്തുന്നുവെന്ന് ഹെയ്ന്‍ റീഹ്‌ സിമ്മര്‍. അര്‍ദ്ധനാരീശ്വര സങ്കല്പത്തില്‍ പ്രപഞ്ചസൌന്ദര്യം മുഴുവന്‍ ആവാഹിക്കപ്പെട്ടിരിക്കുന്നുവെന്ന് വാഴ്ത്തുന്നവരുമുണ്ട്‌. ഉയര്‍ന്നു നില്‍ക്കുന്ന വലതുകൈയില്‍ സൃഷ്ടിയുടെ ആദിശബ്ദത്തിന്റെ പ്രതീകമായ കടുന്തുടി. സംഹാരത്തിന്റെ പ്രതീകമായ അഗ്നിനാളത്തെ വഹിക്കുന്ന ഇടതുകൈ. സന്തുലിതമായി നില്‍ക്കുന്ന ഇരുകൈകള്‍ക്കുമിടയിലായി; മദ്ധ്യത്തില്‍, സൃഷ്ടിയുടേയും സംഹാരത്തിന്റേയും സന്തുലിതാവസ്ഥയെ വിളംബരം ചെയ്യുന്ന നര്‍ത്തകന്റെ ശാന്തഗംഭീര മുഖഭാവം. രണ്ടാം വലംകൈ ഭയത്തില്‍ നിന്നു മുക്തനാകാന്‍ ഉപദേശിക്കുന്നു. കാണുന്നവന്‌ സാന്ത്വനമാകുന്നു. ഉയര്‍ത്തിയ പാദങ്ങളിലേക്ക്‌ ചൂണ്ടി നില്‍ക്കുന്ന ഇടംകൈ മായാവലയത്തില്‍പ്പെട്ടു പോകരുതെന്ന് ഓര്‍മ്മിപ്പിക്കുന്നു. അജ്ഞതയുടെ പിശാചിനു മുകളില്‍ താണ്ഡവമാടുന്ന ശിവരൂപം അവിദ്യയില്‍ നിന്നു വിമോചിതനാകാന്‍ ഉദ്ബോധിപ്പിക്കുന്നു. ദക്ഷിണേന്ത്യന്‍ ശില്‍പികള്‍ വെള്ളോടില്‍ മെനഞ്ഞെടുത്ത മുക്കണ്ണന്റെ രൂപത്തിന്‌ ശിവഭക്തി നിറഞ്ഞ മനസ്സുകള്‍ നല്‍കിയ വ്യാഖ്യാനങ്ങളാണിവ. എന്നാല്‍, ഇപ്പോള്‍ സുന്ദരമൂര്‍ത്തിയുടെ രൂപം ഈ വ്യാഖ്യാനങ്ങള്‍ക്കു വഴങ്ങുന്നില്ല. കൊളോണിയലിസം നമ്മുടെ ഈശ്വരന്‍മാരേയും വെറുതെ ഉപേക്ഷിക്കുകയുണ്ടായില്ലല്ലോ. അവര്‍ കാഴ്ചപ്പണ്ടങ്ങളായി. അന്താരാഷ്ട്ര പ്രദര്‍ശനങ്ങളിലെ വില്‍പനച്ചരക്കുകളായി. നാട്ടില്‍ പാര്‍ക്കാത്ത ഇന്ത്യക്കാരന്‍ എന്ന ആറ്റൂര്‍ രവിവര്‍മ്മയുടെ കവിത തിക്തമായ പ്രവാസജീവിതത്തിന്റെ കഥ മാത്രമല്ല പറയുന്നത്. ഇന്ത്യക്കാരന്റെ സുന്ദരമൂര്‍ത്തിക്ക്‌ എന്തു സംഭവിച്ചു എന്ന അന്വേഷണം കൂടിയാണത്.


ഇത്‌ മാര്‍ക്കണ്ഡേയന്റെയോ അക്കമഹാദേവിയുടേയോ കാലമല്ല. ഒച്ചപ്പെരുക്കിയിലൂടെ തെരുവുദൈവങ്ങള്‍ക്ക്‌ മംഗളവാദനം ഉയരുന്ന കാലം. നെല്ലും കരിമ്പും വിളയുന്ന നിലങ്ങളും കുരുമുളകും കുന്തിരിക്കവും ആനയുമുളള മലകളും ഇപ്പോള്‍ ഓര്‍മ്മകള്‍ മാത്രം! സുന്ദരമൂര്‍ത്തിക്ക്‌ ഉറക്കം വരാത്ത നാളുകള്‍. അമ്പിളിക്കീറിന്റെ കുളിരിന്‌ ശിരസ്സിലെ താപമകറ്റാനാകുന്നില്ല. നടരാജന്‍ നടനച്ചുവടുകളോടെ അകക്കോവിലില്‍ നിന്നും ഇറങ്ങിനടക്കുകയാണ്‌; നഗരത്തിലേക്ക്‌. തെരുവുദൈവങ്ങളെ കണ്ടു. ചുടലപ്പണി ചെയ്തു. പഞ്ചനക്ഷത്രത്തിന്റെ വാതിലില്‍ പാറാവുകാരനായി. പിന്നെ, ലോകക്കലവറയിലേക്ക്‌ ക്ഷണം. ഇത് നടരാജനേയും പ്രലോഭിപ്പിക്കുന്നു. സുന്ദരമൂര്‍ത്തി വിദേശത്തേക്ക്. 
പശിയോ വറുതിയോ ഈ സ്വര്‍ഗ്ഗീയ പുരികള്‍ക്ക്‌ അന്യമത്രെ. അവ കഥകളില്‍ മാത്രം. ശീതീകരിച്ച മുറികളില്‍ ധ്യാനം. ഇവിടെ ജീവിതം ശിവനര്‍ത്തനം തന്നെ. പക്ഷേ.കാഴ്ചക്കണ്ണുകളുടെ തിരക്കിനും അഭിനന്ദനങ്ങള്‍ക്കുമിടയില്‍ പകച്ചു നില്ക്കുന്നവന്റെ ആനന്ദം. സ്വയം തിരിച്ചറിയുമ്പോള്‍ കണ്ണുകള്‍ നിറയുന്നു. ഇനി മടക്കമുണ്ടോയെന്ന് നെഞ്ചില്‍ ഇടിവെട്ടുന്നു. നാട്ടില്‍ പാര്‍ക്കുന്ന ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം നോ റെസിഡന്റ് ഇന്‍ഡ്യന്‍ അന്തസ്സിന്റെ പര്യായമാണ്‌. എന്നാല്‍, ..

ഇന്ത്യക്കാരന്റെ സുന്ദരമൂര്‍ത്തിയെ സമകാല ലോകയാഥാര്‍ത്ഥ്യത്തിലേക്ക്‌ ഇറക്കിക്കൊണ്ടു വരികയാണ്‌ ആറ്റൂര്‍ ഈ കവിതയിലൂടെ ചെയ്യുന്നത്‌. ശിവചരിതം കേവല ആത്മീയതയുടെ സങ്കീര്‍ത്തനമല്ല. ശ്രേഷ്ഠരായ ലൌകിക നായകന്മാരെ അനുകരിക്കുന്ന ഈ മഹാനര്‍ത്തകന്‍ ലൌകിക ജീവിതം എത്രമേല്‍ ആദരണീയമാണെന്ന് തെളിയിച്ചുവെന്ന് മുമ്പേ തന്നെ പറഞ്ഞുവച്ചിട്ടുണ്ട്‌. ആറ്റൂരിന്‌ ആ ബോദ്ധ്യമുണ്ട്‌. കാവ്യകാരന്‍മാരുടെ അതിസാധാരണമായ ചിന്താപഥങ്ങളില്‍ നിന്നും തെറ്റിസഞ്ചരിച്ചുകൊണ്ട്‌ ആഗോളീകരണത്തിന്റെ ദുഷിച്ച അധികാരശക്തിക്കെതിരായ അനുഭവമായി നടരാജന്‍ ഈ കവിതയില്‍ പ്രത്യക്ഷപ്പെടുന്നത്‌ അതുകൊണ്ടാണ്‌. ലോകക്കലവറയില്‍ വച്ച്‌, ആക്ഷേപത്തിന്റേയും അവഗണനയുടേയും പ്രശംസയുടേയും ഘോരതാപമേറ്റ്‌ ആത്മാഭിമാനവും അന്തസ്സും വറ്റിപ്പോകുന്ന നടരാജന്‍ നവകോളണിയുടെ പ്രതിനിധിയാണ്‌. മഹേശ്വരന്റെ ആത്മീയ - സൌന്ദര്യ മൂല്യങ്ങള്‍ കമ്പോള മൂല്യമായി പരിവര്‍ത്തിക്കപ്പെടുന്നു. ശൈവപാരമ്പര്യത്തെ സംബന്ധിച്ച്‌ കവിക്കുളള ജ്ഞാനം കാവ്യവിഷയത്തെ രാഷ്ട്രീയവുമായി ഘടിപ്പിക്കുതിനും കവിത പ്രേക്ഷണം ചെയ്യുന്ന കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാകുന്നുണ്ട്‌. കവിതയുടെ ഭാഷയും ശൈലിയും ദ്രാവിഡ പാരമ്പര്യത്തില്‍ ഊന്നി നിന്നുകൊണ്ട്‌ ഭാവുകത്വത്തിന്റെ നിര്‍കോളണീകരണത്തിനുളള ത്വരയെ ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്‌. ഇത്‌ ഒരു ശിവസ്തുതിയല്ല. നമ:ശിവായ ജപിക്കുന്ന കവിയെ ഇവിടെ തിരയേണ്ടതുമില്ല.


ലോകവിപണിയില്‍ ചരക്കായി മാറുന്ന ദരിദ്രരാഷ്ട്രങ്ങളിലെ (ആഫ്രിക്കന്‍) കലാശില്പങ്ങളെക്കുറിച്ച്‌ ക്വാമേ അന്തോണി അപ്പിയാ ഒരു ലേഖനത്തില്‍ പറയുന്നു. ഡേവിഡ്‌ റോക്ക്ഫെല്ലറുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ്‌ അപ്പിയാ എഴുതുത്‌. അത്യാധുനികമായ ഓഫീസ്‌ മുറികളിലോ വീടുകളിലോ പ്രതിഷ്ഠിക്കാന്‍ കഴിയുന്ന വസ്തുക്കളായാണ്‌ റോക്ക്ഫെല്ലര്‍ ആഫ്രിക്കന്‍ കലാശില്പങ്ങളെ കാണുന്നത്‌. ഈ ആവശ്യങ്ങള്‍ക്ക്‌ ഉതകുന്ന നല്ല പീസുകള്‍ തെരഞ്ഞെടുത്താല്‍ വരുംകാലങ്ങളില്‍ കൂടുതല്‍ ആദായകരമാകുമെന്ന് അയാള്‍ക്ക്‌ അഭിപ്രായമുണ്ട്‌. കലാശില്പത്തിന്റെ സൌന്ദര്യമൂല്യം റോക്ക്ഫെല്ലറുടെ മൂലധനതാല്‍പര്യങ്ങള്‍ക്കും അതിന്നുണ്ടാകേണ്ട ആലങ്കാരിക മൂല്യത്തെ കുറിച്ചുളള കാഴ്ചപ്പാടിനും കീഴ്പ്പെടുന്നു. സൌന്ദര്യമൂല്യങ്ങള്‍ കമ്പോള മൂല്യങ്ങളുമായി എത്ര കര്‍ശനമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നതിലുമുപരിയായി റോക്ക്ഫെല്ലറെ പോലുളള ഒരാള്‍ക്ക്‌ ഏതു കലാശില്പത്തെ കുറിച്ചും എന്തും പറയാന്‍ കഴിയുമെന്ന ഒരു കലാപ്രവര്‍ത്തകനായ ആഫ്രിക്കക്കാരന്റെ വാക്കുകള്‍ കലാശില്പത്തെ ചരക്കായി മാറ്റുന്ന പ്രക്രിയയുടെ ഭാഗമായി മാത്രമേ ശ്രദ്ധിക്കപ്പെടുകയുളളുവെന്നും ഓര്‍ക്കുക! കലാശില്പം ഒരു ചരക്കാണെന്നതുമാത്രം പ്രധാനമായി തീര്‍ന്നിരിക്കുന്നുവെന്ന് അപ്പിയാ എഴുതുന്നു.


നടരാജന്‍ ഇന്ത്യക്കാരന്‍ നിര്‍മ്മിച്ച ഒരു കലാശില്‍പം മാത്രമല്ല: ഈ നര്‍ത്തകന്‍ അവന്റെ ആത്മീയമൂര്‍ത്തിയാണ്‌. അധീശത്വം വില്പനച്ചരക്കായി മാറ്റിയത്‌ ഈ ആത്മീയമൂര്‍ത്തിയെയാണ്‌. നോക്കൂ; ഉപഭോക്താവിനുവേണ്ടി വിഗ്രഹത്തിനു പുറത്തു പേരും ചരിത്രവും രേഖപ്പെടുത്തിയിരിക്കുന്നു.
നടരാജ നൃത്തം
അറിയപ്പെടാത്ത ചോഴശില്‍പി
വെള്ളോടില്‍ നിര്‍മ്മിച്ചത്‌
ദക്ഷിണേന്ത്യ
12-oനൂറ്റാണ്ട്‌.
കന്യാമുനമ്പു മുതല്‍ കൈലാസം വരെ ജനകോടികള്‍ വണങ്ങി നിന്ന സൌന്ദര്യമൂര്‍ത്തി കാഴ്ചപ്പണ്ടമായി മാറുന്നു. തിങ്കള്‍ക്കലയിലും നാഗത്തലകളിലും നടുക്കണ്ണിലും ദീപം കൊളുത്തി പ്രദര്‍ശനവസ്തു അലങ്കരിക്കപ്പെടുന്നു. ആംഗലത്തിലും പരന്ത്രീസ്സിലും ജര്‍മ്മന്‍മൊഴികളിലുമുളള സൌന്ദര്യവാദങ്ങളിലൂടെ, നടേശന്റെ സാന്നിദ്ധ്യം കുബേരന്റെ സ്വീകരണമുറിയെ എത്ര ചന്തമുളളതാക്കുമെന്ന് അളക്കുന്നു.


സദ്യക്കു മുന്നില്‍ വിശന്നവന്‍ പോലെയോ
വേളിയരങ്ങില്‍ വധുവെന്ന പോലെയോ
സമ്മാനിതനാം ചെറുകവിപോലെയോ
ഒന്നു പകച്ചുവെന്നാലും സുഖിച്ചു ഞാന്‍


എന്ന നടരാജന്റെ സ്ഥിതി ദൈന്യവും അമ്പരപ്പും കോമാളിത്തവും ചേര്‍ന്നതാണ്. മായാവലയത്തില്‍പ്പെടരുതെന്നും അവിദ്യയില്‍ നിന്നും മോചിതനാകണമെന്നും ഉദ്ബോധിപ്പിക്കുന്ന ഇന്ത്യക്കാരന്റെ ദേവന്‍ തന്നെ കൊളോണിയലിസത്തിന്റെ പ്രലോഭനങ്ങളില്‍ കുരുങ്ങി അപഹാസ്യനാകുന്ന ദയനീയവും അമ്പരപ്പിക്കുന്നതുമായ ചിത്രമാണ്‌ കവി അവതരിപ്പിക്കുന്നത്‌. നമ്മുടെ ദൈവങ്ങളുടെ അതിജീവനം പോലും നവകൊളോണിയല്‍ശക്തികളുടെ ദയാദാക്ഷിണ്യങ്ങള്‍ക്കനുസൃതമായിരിക്കുന്നു.
രാജ്യവും ജനതയും അകപ്പെട്ടിരിക്കുന്ന കൊടിയ വിഷമസന്ധിയെ ആവിഷ്ക്കരിക്കുന്ന ഉത്തമരൂപകമായി ആധുനികനടരാജകഥ മാറുന്നു. നന്ദികേശന്റെ അമറലിന്റേയും ഗണേശന്റെ ചിന്നംവിളിയുടേയും ഓര്‍മ്മകള്‍ നടേശനെ സ്വന്തം അവസ്ഥയെക്കുറിച്ച്‌ വിവേകിയാക്കുന്നു. ഇനി മടക്കമുണ്ടോയെന്ന ആത്മവിലാപം ഇവിടെ നടേശനിലെന്ന പോലെ ആറ്റൂരിന്റെ പ്രവാസിക്കവിതകളിലെല്ലാം ആവര്‍ത്തിക്കുന്നുണ്ട്‌. മറ്റൊരു കവിതയില്‍ മടങ്ങി വരുന്നവര്‍ക്കുവേണ്ടി ഉപ്പിട്ട വെളളം തിളപ്പിച്ച്‌ കണ്ണില്‍ കരുതിവെച്ചിരിക്കുന്ന കവിയെ നാം കാണുന്നു.


ഗിത്താറിന്റെ ഇമ്പമേറിയ ശബ്ദം ഈ കവിതയില്‍ നിന്നും നിങ്ങള്‍ ശ്രവിക്കുന്നില്ല. എന്നാല്‍, കടുന്തുടിയുടെ മുഴക്കം കേള്‍ക്കുന്നു. കവിത അധിനിവേശചൂഷണത്തിന്നെതിരായ അഗ്നിയെ ഉളളില്‍ വഹിക്കുന്നുവെന്ന് നാം കണ്ടുകഴിഞ്ഞു. ഉളളില്‍ തീ നിറഞ്ഞിട്ടും പുറത്തേക്കൊഴുകുന്ന നര്‍മ്മം നിസ്സംഗന്റെ ഗംഭീരമുഖഭാവം കവിതയ്ക്കു നല്‍കുന്നു. നീന്തല്‍ക്കുളമായി മെരുങ്ങാനറിയാതെ മീനച്ചിലാറായി ഒഴുകുന്ന കവിത, സഹൃദയനെ ചന്തങ്ങളുടേയും ബാഹ്യമോടികളുടേയും മായാവലയത്തില്‍ വീഴ്ത്തുന്നില്ല. കവിതയുടെ ശില്പസൌന്ദര്യം കടുന്തുടിയും അഗ്നിയും വഹിക്കുന്ന സുന്ദരമൂര്‍ത്തിയുടെ ലോഹശില്പത്തെ പോലെ. കൂറ്റന്‍ കരിങ്കല്ലു കുന്നിലുണ്ടായ കന്ന്, ഉണ്ണിഗണപതിത്തുമ്പിക്കരത്തുമ്പ്‌ എന്നിങ്ങനെ ലോഹശക്തിയെ തോല്‍പിക്കുന്ന പദക്കൂട്ടുകള്‍ നടരാജശില്പത്തിന്റെ കരുത്തു കൂടി കവിതയ്ക്കു നല്‍കുന്നു.


ഇന്ത്യയുടെ സുന്ദരമൂര്‍ത്തി ലോകസാംസ്ക്കാരിക വിപണിയിലെ ലേലം വിളികള്‍ക്കിടയില്‍ ചൂളിനില്‍ക്കുന്നു. സാമ്രാജ്യത്വത്തിന്റെ ഇന്ത്യന്‍ ദല്ലാളന്‍മാര്‍ രാജ്യത്തിന്റെ മര്യാദാപുരുഷനെ തെരഞ്ഞെടുപ്പുചിഹ്നവും മുദ്രാവാക്യവുമാക്കി മാറ്റുന്നു. ഇന്ത്യയുടെ സൌന്ദര്യവിഗ്രഹങ്ങള്‍ക്കേറ്റ ഈ അവമതികള്‍ ആത്മീയത വറ്റിപ്പോയ രാഷ്ട്രമനസ്സിനെയാണ്‌ കാണിക്കുന്നത്‌.

കവിതാസംഗമത്തില്‍ പ്രസിദ്ധീകരിച്ചത്

Wednesday, September 15, 2010

കവിതയില്‍ പുതിയ വിവേകങ്ങള്‍

ഏതു നല്ല കവിയും അയാള്‍ക്കു മാത്രം കാണാന്‍ കഴിയുന്ന ചിലതു കാണുന്നു. അയാള്‍ക്കു മാത്രം കേള്‍ക്കാന്‍ കഴിയുന്ന ചിലതു കേള്‍ക്കുന്നു. അയാള്‍ കാണുന്നതും കേള്‍ക്കുന്നതും നമ്മുടെ ഇടയിലുളളതു തന്നെയാണ്‌. പക്ഷേ, മറ്റാരുടേയും ഇന്ദ്രിയങ്ങള്‍ക്കു പിടിച്ചെടുക്കാന്‍ കഴിയാതിരുന്നത്‌ ഇയാള്‍ പിടിച്ചെടുക്കുന്നു. ഇതിനെ വ്യക്തി അനുഭവം എന്നു വിളിക്കേണ്ടതില്ല. എല്ലാ സമൂഹപ്രക്രിയകളും വ്യക്തികളിലൂടെയാണ്‌ പ്രകാശനം നേടുന്നത്‌. അപരിചിതവും നവീനവുമായ സംവേദനങ്ങള്‍ക്ക്‌ കഴിവുളളവരെ സമൂഹവും കാലവും തന്നെയാണ്‌ സൃഷ്ടിച്ചെടുക്കുന്നത്‌. ആപേക്ഷികസിദ്ധാന്തം ഐന്‍സ്റ്റൈന്റെ മാത്രം സിദ്ധാന്തമല്ലാത്തതു പോലെ, 'മടിയന്മാരുടെ മാനിഫെസ്റ്റോ' ഗോപീകൃഷ്ണന്റെ മാത്രം കവിതയല്ല. ഇവിടെ, കവി മടിയന്മാര്‍ക്കുവേണ്ടി സംസാരിക്കുന്നു. മടിയനെന്ന വാക്കിനു പുതിയ അര്‍ത്ഥം നല്‍കുന്നു. കവികളെല്ലാം മടിയന്മാരാണെന്നു പറയുന്നു. അവര്‍ ഒരു മാത്രയില്‍ അതിലുമേറെ മടിച്ചിരുന്നു്‌ കവിത കാണുന്നു. മടിയന്‍ മല ചുമക്കുന്നില്ല. അവന്‍ കാലത്തിന്റെ ഭാരത്തെ ചുമക്കുന്നു. അതുകൊണ്ടു മടിയന്മാരുടെ സംഘം ചേരല്‍ കാലത്തെ അട്ടിമറിക്കും. വ്യവസ്ഥയുടെ വേഗത്തിന്നൊപ്പം എത്താത്തതിനാലാണ്‌ മടിയനെന്ന വിളിപ്പേരെന്നു്‌ കവി കണ്ടെത്തുന്നു. ഈ ലോകത്തിലുള്ളതെല്ലാം വലിയ വേഗത്തില്‍ വിശ്രമമില്ലാതെ ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ 'മടിയന്മാരുടെ മാനിഫെസ്റ്റോ' എഴുതുന്നത്‌ വ്യവസ്ഥയുടെ മൂല്യങ്ങളെ പ്രതിരോധിക്കാനുള്ള ഒരു ശ്രമമാണ്‌. മടിയേയും അലസതയേയും എപ്പോഴും തിന്മയോടൊപ്പം ഗണിക്കേണ്ടതില്ലെന്ന തിരുത്തും അത്‌ പ്രതിരോധത്തിനുള്ള ആയുധമാകാമെന്ന കണ്ടെത്തലും ഈ കവിതയിലുണ്ട്‌.


കവിതയെ പറ്റി പുതിയ കവിയുടെ സ്വപ്നമെന്താണെന്ന ചോദ്യത്തിനു മുന്നില്‍ സ്വയം വിമര്‍ശനത്തിന്റെ വാക്കുകളെഴുതാനാണ്‌; തന്റെ കവിതകളുടെ ന്യായീകരണങ്ങളില്‍ മുഴുകാനല്ല, പി.എന്‍.ഗോപീകൃഷ്ണന്‍ താല്‍പര്യപ്പെട്ടത്‌. തെറ്റിയേക്കാവുന്ന വഴികളെ കുറിച്ച്‌ ദീര്‍ഘദര്‍ശിയാകാന്‍, കേവലം ഭാഷാലീലയായി മാറുന്ന കവിത അരാഷ്ട്രീയവല്‍ക്കരണത്തിനും വാണിജ്യവല്‍ക്കരണത്തിനും കീഴ്പ്പെടുമോ എന്ന ഭീതി പ്രകടിപ്പിക്കാന്‍, കവിതയുളളത്‌/കവിതയില്ലാത്തത്‌ എന്നു വേര്‍പെടുത്തുന്ന ലോകത്തിലെ അനീതിയെ കുറിച്ച്‌ അസ്വസ്ഥനാകാന്‍, സാങ്കേതികത അധികാരത്തിന്‌ ന്യായീകരണമാകുമ്പോള്‍ ഉള്‍ക്കാഴ്ചയുടെ ഒരു ബദല്‍ സാങ്കേതികതയായി കവിത മാറണമെന്ന്‌ നിര്‍ദ്ദേശിക്കാന്‍.. .. ഈ കവി സന്നദ്ധനായി. സംയമനവും ആര്‍ജ്ജവവും നിറഞ്ഞ നിലപാടുകളായിരുന്നു അവ. പുതിയ കവികളില്‍ ചിലര്‍, ഉത്തരാധുനികതയുടെ രൂപലക്ഷണങ്ങള്‍ നിഘണ്ടുക്കളില്‍ നിന്നും സിദ്ധാന്തപുസ്തകങ്ങളില്‍ നിന്നും വായിച്ചറിഞ്ഞ്‌ അതിന്നനുസരിച്ച്‌ കവിത നിര്‍മ്മിച്ചപ്പോള്‍, ഇയാള്‍ കവിതക്കായി ജീവനുള്ള അനുഭവങ്ങള്‍ നേടി. നിസ്സഹായതക്ക്‌ ഇച്ഛയേക്കാള്‍ വേഗം
അതിനാല്‍ അത്‌ മനുഷ്യനോളമല്ല
മനുഷ്യന്റെ ഭാവിയോളം
വ്യാപിച്ചിരിക്കുന്നു.
എന്നിങ്ങനെ നേരിന്റെ മൂലകങ്ങളെ ആവിഷ്ക്കരിച്ചു.


നാഗരികതയുടെ കടന്നുകയറ്റത്തിന്നിടയില്‍ മനുഷ്യനു നഷ്ടമാകുന്നവയെ കുറിച്ചുളള ആകുലതകളും വിചാരങ്ങളുമാണ്‌ ഗോപീകൃഷ്ണന്റെ കവിതയുടെ കാതല്‍. പുതിയ നാഗരികതയുടെ ലോകത്ത്‌ നിലനില്‍ക്കുന്ന ഏകമൂല്യം ഉപയോഗക്ഷമതയുടേതു മാത്രമായിരിക്കുന്നു. ലാഭത്തിന്റെ കലനങ്ങള്‍ക്ക്‌ യോജിക്കുന്നവ മാത്രം അരങ്ങത്തു പ്രകാശിക്കുന്നു. ഇവിടെ, ഒരു കവിക്ക്‌ ചെയ്യാനുളളതെന്താണ്‌? അയാള്‍ തമസ്ക്കരിക്കപ്പെടു യാഥാര്‍ത്ഥ്യത്തെ തേടി യാത്രയാകുന്നു. യാഥാര്‍ത്ഥ്യത്തിന്റെ മൂല്യം വ്യാപാരമൂല്യങ്ങളുടെ ഏകമുഖം മാത്രമല്ലെന്നു പറയുന്നു. യാഥാര്‍ത്ഥ്യവും പ്രയോജനമൂല്യവും ഒത്തുപോകുന്നവയാണോയെന്ന തത്ത്വചിന്തയിലെ പ്രശ്നത്തെ 'ചാള' എന്ന കവിതയില്‍ നമുക്കു വായിച്ചെടുക്കാം. ചാളയെ കവി ജീവനോടെ കണ്ടിട്ടില്ല. വെളളത്തിലെ അതിന്റെ വാഴ്‌വിനെ കുറിച്ച്‌ കവിക്ക്‌ അറിയില്ല. ചാളയുടെ തിളങ്ങുന്ന തൊലിയും ഇരുണ്ട ചങ്കും അറിയുന്ന കവിക്ക്‌ ചാളയുടെ യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായി അറിയില്ല. യാതൊന്നിന്റേയും യാഥാര്‍ത്ഥ്യം കേവലമായി ആരും അറിയുന്നില്ലെന്നു തന്നെയാണ്‌ കവിത പറയുന്നത്‌. ഇനി അറിയുന്നതോ? അതിന്റെ പ്രയോജനത്തെ കുറിച്ചു മാത്രം. അറിവിനെ അതിന്റെ ഉപയോഗമൂല്യം മാത്രമായി ചുരുക്കുന്നതിനെതിരെ കവി, സന്ദേഹത്തിന്റെയും പ്രതിരോധത്തിന്റേയും വരികള്‍ എഴുതുന്നു.
നമ്മെ മനസ്സിലാക്കി എന്ന്‌
ചിലര്‍ പറയുന്നത്‌
വലിയൊരു പാത്രത്തില്‍
തിളയ്ക്കുന്ന എണ്ണയില്‍
വറുത്തെടുക്കാനായിരിക്കുമോ?
എല്ലാ അറിവും ഉപയോഗിക്കാന്‍ മാത്രമാകുന്ന അവസ്ഥ എത്രമാത്രം ഉചിതമാണ്? അകലുന്ന ബന്ധങ്ങളെ കുറിച്ചും ഇല്ലാതാകുന്ന സ്നേഹങ്ങളെ കുറിച്ചും കൂടി ഈ കവിത ധ്വനിപ്പിക്കുന്നു.


ഒരു പിരിയാണിയെ കുറിച്ച്‌ കവി എന്തു പറയാനാണ്‌? ഇനി ഈ സന്ദേഹമില്ല. ചക്രങ്ങളാണ്‌ മാനവരാശിയെ മുന്നോട്ടു കുതിപ്പിച്ചതെന്നു പറയുന്നവര്‍, ആധാരം നല്‍കി അവയെ പരിപാലിച്ച പിരിയാണിയെ മറന്നുപോയിരുന്നു. സ്വയം പൊളളിയും പൊടിഞ്ഞും വേഗത്തെ സംരക്ഷിച്ച പിരിയാണി ഇപ്പോള്‍ മനുഷ്യകുലത്തോട്‌ സംസാരിക്കുകയാണ്‌. അടിസ്ഥാനങ്ങളും ആധാരങ്ങളുമില്ലാത്ത ലോകത്തെ കുറിച്ചുള്ള തത്ത്വചിന്തകള്‍ നിര്‍മ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്ത്‌ നമ്മുടെ ചലനങ്ങള്‍ക്ക്‌ പിരിയാണി നല്‍കിയ ആധാരത്തെ കുറിച്ചു പറയാന്‍ തുനിയുന്ന കവി തന്റെ ദര്‍ശനത്തെ തന്നെയാണ്‌ പ്രഖ്യാപിക്കുന്നത്‌. പ്രാന്തവല്‍ക്കരിക്കപ്പെട്ട എല്ലാറ്റിനേയും കുറിക്കുന്ന രൂപകമായി ഈ കവിതയിലെ പിരിയാണി മാറുന്നു. അത്‌ പ്രകൃതിയുടെ ഒരു തനത്‌ ഘടകം പോലുമല്ല. ഒരു മനുഷ്യസംസ്ക്കാരനിര്‍മ്മിതി. പിരിയാണിയില്‍ പ്രകൃതിയുടെ സര്‍ഗ്ഗാത്മകതയെ വായിച്ചെടുക്കുന്ന കവി മനുഷ്യന്റെ സംസ്ക്കാരത്തെ കൂടി പ്രകൃതിയുടെ ഭാഗമായി വായിച്ചെടുക്കുകയാണ്‌. പിരിയാണിയില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവളെ കാണുന്ന കവി മനുഷ്യാദ്ധ്വാനവും സംസ്ക്കാരവും മനുഷ്യനും പ്രകൃതിക്കു തന്നെയും എതിരാകുന്ന അന്യവല്‍ക്കരണത്തെ സൂചിപ്പിക്കുന്നു. അങ്ങനെ, മനുഷ്യകുലത്തോടുളള പിരിയാണിയുടെ സംഭാഷണം വിവേകം നിറഞ്ഞ ദര്‍ശനത്തെ സ്വീകരിക്കാനുളള ആഹ്വാനമായി മാറുന്നു.


സച്ചിന്‍ തെണ്ടുല്‍ക്കറെ കുറിച്ച്‌ എഴുതാതെ ഗോപീകൃഷ്ണന്‍ അന്തോണി ടെറിക്കനെ കുറിച്ച്‌ എഴുതുന്നു. ബാറ്റിനെ തോക്കും പങ്കായവും ചൂലും ഗിത്താറും പതാകയുമാക്കി മാറ്റിയ അന്തോണി ടെറിക്കന്റെ ക്രിക്കറ്റില്‍ പാഡും ഗ്ലൗസും തൊപ്പിയുമില്ല. അതുകൊണ്ടു തന്നെ, അയാള്‍ തെണ്ടുല്‍ക്കറായില്ല. ഗോപീകൃഷ്ണന്റെ കവിതയിലെ അന്തോണി ടെറിക്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലില്ല. ഇവിടെ, ഗോപീകൃഷ്ണന്റെ കവിത പ്രാദേശികചരിത്രമെഴുതുന്ന പ്രക്രിയയില്‍ ഏര്‍പ്പെടുന്നു. ബൃഹത്ഗ്രന്ഥങ്ങള്‍ക്ക്‌ രേഖപ്പെടുത്താന്‍ കഴിയാഞ്ഞതും കഴിയാത്തതും ഇവിടെ ചെറിയ വരികളില്‍ നാം വായിക്കുന്നു. ചരിത്രത്തില്‍, അറിയപ്പെടാത്തവര്‍ കവിതയിലൂടെ അറിയപ്പെടുന്നു. നാം അകപ്പെട്ടു പോയ അവസ്ഥയെ കുറിച്ചും നമ്മെ കുറിച്ചും നാം തന്നെ വിസ്മരിക്കുമ്പോള്‍, ചരിത്രത്തിന്റെ വിസ്മൃതികള്‍ക്ക്‌ ഇതു കൂടി ത്വരകമാകുന്നുവെന്നു പറയുന്നു. 'ഒരു ഓട്ടോറിക്ഷയുടെ ആത്മഗതം' എന്ന കവിതയിലും നാം വായിക്കുന്നത്‌ ചരിത്രത്തില്‍ രേഖപ്പെടാത്തവയെ കുറിച്ചാണ്‌. ചരിത്രത്തില്‍ രേഖപ്പെടാത്തവയുടെ ആത്മഗതങ്ങള്‍. നഗരത്തിന്റെ മറവില്ലാത്തസ്ഥലങ്ങളിലും പുറമ്പോക്കിലും കഴിയുന്ന ഓട്ടോറിക്ഷയാണ്‌ ഈ നഗരത്തെ ചലിപ്പിക്കുന്നത്‌.


'പതിനഞ്ചു വര്‍ഷം
ഞാന്‍
നിനക്കുവേണ്ടി കുരച്ചു. അപരിചിതര്‍ക്ക്‌
ദ്വിഭാഷിയായി. അനുയോജ്യര്‍ക്ക്‌
പൗരത്വം നല്‍കി. ടൂറിസ്റ്റുകള്‍ക്കുവേണ്ടി
നിന്നെ
മാദകമായി മാറ്റിയെഴുതി.'
എന്നാല്‍, അത്‌ എപ്പോഴും 'പടിക്കുപുറത്തായിരുന്നു', 'സിലബസ്സിനു പുറത്തായിരുന്നു'. കൂലി ചോദിക്കുമ്പോള്‍ 'സമയമായില്ലാപോലും'. പ്രാന്തവല്‍ക്കരിക്കപ്പെട്ട എല്ലാറ്റിനേയും കുറിക്കുന്ന രൂപകമായി ഓട്ടോറിക്ഷ മാറുന്നു.


മടിയെ പ്രതിരോധായുധമെന്ന നിലയ്ക്കു മനസ്സിലാക്കുന്ന കവി 'നുണയനി'ല്‍ നുണയുടെ സത്യം പറയുന്നു.
'ഞാന്‍ ഭാവനയുടെ ഒരു
എളിയ ഉറവിടം മാത്രം"
"സത്യമായ ഭാഷ കൊണ്ട്‌
സത്യമായ നുണ
ഞാന്‍
സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു."
കവി നുണയുടെ നന്മയെ കുറിക്കുന്ന വാക്കുകള്‍ എഴുതുന്നു. വ്യവസ്ഥാപിതത്വവും അധികാരത്തിന്റെ നൃശംസതയും എന്തിനേയും അധാര്‍മ്മികമാക്കുന്നു.;നുണയേയും.
"ആരാണ്‌ നുണയെ സ്ഥാപനമാക്കിയത്‌?
ലോകക്രമമാക്കിയത്‌?"
സത്യത്തേയും നുണയേയും സംബന്ധിച്ച നമ്മുടെ ധാരണകളെ പുതിയ വെളിച്ചത്തില്‍ കാണാനും പരിശോധിക്കാനും ഗോപീകൃഷ്ണന്റെ കവിത പ്രേരകമാകുന്നു.


അനശ്വരനാകാന്‍ കൊതിക്കുന്ന പുരുഷനെ കുറിച്ച്‌ ഗോപീകൃഷ്ണന്‍ എഴുതുമ്പോള്‍ പുരുഷാധിപത്യവ്യവസ്ഥയുടെ അടിസ്ഥാനത്തെ കുറിച്ചുള്ള ഒരു പുതിയ നിരീക്ഷണമായി അതു മാറുന്നു. പാണ്ഡിത്യത്തെ തുളച്ചുയര്‍ന്ന കോമാളിയാണു താനെന്നു ധരിപ്പിക്കുന്ന കോമാളിയുടെ, ഷണ്ഡത്വത്തെ തോല്‍പിച്ചാണ്‌ താന്‍ വിടനായതെന്നു പറയുന്നവന്റെ വിശ്വാസമില്ലായ്മയാണ്‌ ഈ അധീശത്വവ്യവസ്ഥയെ സൃഷ്ടിക്കുന്നത്‌. പുരുഷാധിപത്യവ്യവസ്ഥക്ക്‌ പുരുഷന്റെ ദൗര്‍ബ്ബല്യങ്ങള്‍ ഒരു വലിയ കാരണമാണെന്നു്‌ കവി പറയുന്നു. പ്രകൃതിയില്‍ തോറ്റുപോയവന്റെ അനശ്വരനാകാനുളള കൊതിയാണ്‌, സമഭാവനയെ തോല്‍പിച്ച്‌ നീചമായ അധീശത്വത്തെ സൃഷ്ടിച്ചത്‌. ഒരു പിടക്കോഴി മുട്ടയിട്ട്‌ കൊത്തി വിരിയിച്ച്‌ പരിഹരിക്കുന്ന അനശ്വരതയുടെ പ്രശ്നം അധികാരം കൊണ്ട്‌ പരിഹരിക്കാന്‍ പുരുഷന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.


'മടിയന്മാരുടെ മാനിഫെസ്റ്റോ' എന്ന സമാഹാരത്തിലെ മൂന്നിലൊന്നു കവിതകളിലും ഭാഷയെ കുറിച്ചുളള നേര്‍വിചാരങ്ങള്‍ വായിക്കാം. ഭാഷയെ കുറിച്ചും വാക്കിനെ കുറിച്ചുമുളള ചിന്തകള്‍ ഗോപീകൃഷ്ണന്റെ കവിതകളുടെ പ്രധാന ഭാഗമാണ്‌. ഉറങ്ങുന്നതൊഴികെ മറ്റൊന്നും മലയാളത്തിലല്ലാതാകുന്ന മലയാളിയുടെ അവസ്ഥയെ കുറിച്ച്‌ ഗോപീകൃഷ്ണന്‍ എഴുതുന്നു. ദേശഭാഷ സംസാരിക്കുന്നത്‌ അപമാനകരമായി കരുതുന്ന ഒരു വലിയ മദ്ധ്യവര്‍ഗ്ഗവിഭാഗം അധിവസിക്കുന്ന ദേശത്താണ്‌ ഈ കവി വസിക്കുന്നത്‌. ഈ ദേശഭാഷയിലാണ്‌ ഇയാള്‍ എഴുതുന്നത്‌. ലോകത്തിന്റെ ഏതു കോണിലും ഇറങ്ങുന്ന പുതിയ പുസ്തകങ്ങള്‍ ഈ ദേശത്തെ ബുദ്ധിജീവിയുടെ പക്കല്‍ പെട്ടെന്ന്‌ എത്തിച്ചേരുന്നു. ബുദ്ധിലോകത്ത്‌ അവതരിപ്പിക്കപ്പെടുന്ന എല്ലാ പുതിയ ചിന്തകളും ആദ്യം പഴകിത്തുടങ്ങുന്നത്‌ ഈ ദേശത്താണ്‌. എങ്കിലും, മൗലികമായ ചിന്തകളൊന്നും ഇവിടെ പിറക്കുന്നില്ല, മലയാളി ഇറ്റാലിയന്‍ സിനിമ കാണുകയും ഫ്രഞ്ചു നോവല്‍ വായിക്കുകയും ആന്ധ്രയില്‍ നിന്നു കൊണ്ടുവന്ന അരി കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. എന്നാല്‍, രക്ഷ വറ്റുമ്പോള്‍, ഭാഷയുടെ വാക്കിന്‍ ഗുഹകളില്‍ തിരിച്ചെത്തുന്നവന്‍, ചിലര്‍ പണ്ടേ പ്രാണന്‍ കടഞ്ഞ്‌ കൊത്തിയ ചിത്രങ്ങള്‍ കാണുന്നു. മറ്റൊരു കവിതയില്‍, മരണത്തെ നേരിടുന്ന അക്ഷരങ്ങളെ കുറിച്ച്‌ ഈ കവി പറയുന്നു. ഭാഷയില്‍ നിന്ന്‌ ആദ്യം ഒഴിഞ്ഞുപോകുന്നത്‌ നന്മയെ വഹിക്കുന്ന അക്ഷരങ്ങളാണ്‌. ആദ്യം നന്മ വറ്റുന്നു. പിന്നെ നാശം എളുപ്പമാണ്‌. സ എന്ന അക്ഷരത്തെ കാണാനില്ലെന്ന്‌ ഗോപീകൃഷ്ണന്‍ എഴുതുന്നു. മലയാളത്തിലേക്ക്‌ നന്മയെ കൊണ്ടുവരുന്നത്‌ നടുവൊടിഞ്ഞു തകര്‍ന്നടിഞ്ഞ ഈ കീഴാളനാണ്‌. കീഴാളനായ അക്ഷരത്തെ കുറിച്ചു പറയുന്ന കവി, ഭാഷയുടെ രാഷ്ട്രീയത്തെ വര്‍ഗ്ഗരാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നു. ഉയര്‍ച്ച താഴ്ചകളില്ലാത്ത മദ്ധ്യവര്‍ഗ്ഗികളാല്‍ നിബിഡമായ ഭാഷയില്‍ ഈ കീഴാളന്‍ അപ്രസക്തനാകുന്നു. എന്നാല്‍, ഈ നന്മയുടെ വാഹകന്‍ കാഴ്ചയെ നല്ല കാഴ്ചയാക്കി. കേള്‍വിയെ നല്ല കേള്‍വിയാക്കി. തന്ത്രത്തെ സ്വാതന്ത്ര്യമാക്കി. ഗന്ധത്തെ സുഗന്ധമാക്കി. മനം ആഴത്തില്‍ മനസ്സായി. സത്യവും സ്നേഹവും വന്നത്‌ ഈ അക്ഷരത്തിലൂടെയാണ്‌. സ കൊണ്ടു വിളങ്ങിയ വാക്കുകളില്‍ മറ്റ്‌ അക്ഷരങ്ങള്‍ നിരന്ന്‌ അര്‍ത്ഥലോപം വരുന്നു. വ്യാസന്‍ വ്യാജനാകുന്നു. സിന്ധു ഹിന്ദുവാകുന്നു. സമത ചമതയാകുന്നു. അധിനിവേശശക്തികളുടെ ഭാഷ നമ്മുടെ ഭാഷയിലേക്ക്‌ അതിക്രമിച്ചു കയറുന്നു. ഇത്‌ സംസ്ക്കാരങ്ങളുടെ പരസ്പരവിനിമയമല്ല. സമഭാവനയുള്ളവരുടെ പെരുമാറ്റമല്ല. കീഴടക്കാനുളള കടന്നാക്രമണമാണ്‌ .


ആദ്യത്തെ വരിയില്‍ പറ്റിയില്ലെങ്കില്‍, നിര്‍ബ്ബന്ധമായും രണ്ടാമത്തെ വരിയിലെങ്കിലും കവിത അതിഭൗതികമായി തീര്‍ന്നിരിക്കണമെന്ന വാശിയോടെ എഴുതുന്നവരുണ്ട്‌. എന്നാല്‍, കവിതയിലെ ഭൗതികതയിലാണ്‌ ഗോപീകൃഷ്ണനു താല്‍പര്യം. കവിതയില്‍ നിന്നും അതിഭൗതികതയുടെ ഭാരമൊഴിക്കാന്‍ ഇയാള്‍ വ്യഗ്രനാകുന്നു. ആപേക്ഷികതയെ വലിച്ചുനീട്ടി ആപേക്ഷികവാദമാക്കുന്ന ഉത്തരാധുനികദാര്‍ശനികപരിസരത്തില്‍ നിന്നും മാറി നിന്നു കൊണ്ട്‌ ഗോപീകൃഷ്ണന്‍ ഒരു "ഫലപ്രശ്നം" അവതരിപ്പിക്കുന്നു.
'പഴങ്ങള്‍ക്കും ഒരു
ആപേക്ഷികസിദ്ധാന്തമുണ്ട്‌.
കേവലമല്ലാത്ത ഒന്ന്‌
ഓരോ പഴത്തിലും നിറയുന്നുണ്ട്‌.'
ഈന്തപ്പഴത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഇങ്ങനെയൊരു ഉത്തരത്തിലാണ്‌ അവസാനിക്കുന്നത്‌. ഇത്‌ ഭൗതികതയിലുള്ള ഉറപ്പാണ്‌. ഈന്തപ്പഴവും പഴമാണെന്ന പ്രസ്താവനയില്‍ ഈന്തപ്പഴത്തിന്റെ സവിശേഷതകളും വ്യത്യസ്തതകളും രേഖപ്പെടുന്നില്ല. "?അപ്പോള്‍, ഒരു സബര്‍ജല്ലി ആയിരിക്കുകയെത്‌ സബര്‍ജല്ലിയെ സംബന്ധിച്ചിടത്തോളം സാരമായിട്ടുള്ളതല്ലെന്ന്‌, ഒരു ആപ്പിള്‍ ആയിരിക്കുകയെന്നത്‌ ആപ്പിളിനെ സംബന്ധിച്ചിടത്തോളം സാരമായിട്ടുള്ളതല്ലെന്ന്‌ പറയുകയായിരിക്കും ചെയ്യുന്നത്‌??. 'പഴം' എന്നതു മാത്രമാണ്‌ അവയിലെല്ലാം ഉള്ളതായി അതു കാണുന്നത്‌.. ???. എല്ലാ ഖാനിജങ്ങളും 'പൊതുവില്‍ ഖാനിജ'മാണെ പ്രസ്താവനയില്‍ തന്റെ ശാസ്ത്രത്തെ മുഴുവന്‍ ഒതുക്കി നിര്‍ത്തുന്ന ഭൗതികശാസ്ത്രജ്ഞന്‌ അയാളുടെ ഭാവനയില്‍ മാത്രമേ ഒരു ഖാനിജശാസ്ത്രജ്ഞനായിരിക്കാന്‍ കഴിയൂ" എന്ന 'വിശുദ്ധകുടുംബ'ത്തിലെ വാക്കുകള്‍ ഓര്‍ക്കുക! ആപേക്ഷികതയെ അറിയുന്ന ഗോപീകൃഷ്ണന്റെ കവിത സാമാന്യവല്‍ക്കരണത്തെ നിഷേധിക്കുന്നില്ലതാനും.


'വസന്തത്തിന്റെ ഇക്കിളി'യില്‍ ഗോപീകൃഷ്ണന്‍ പുതിയ ലോകത്തിന്റെ ചരിത്രമെഴുതുന്നു. വസ്തുക്കളുടെ യുവത്വം കൊണ്ട്‌ സ്വതന്ത്രമായ ലോകത്തെ കുറിച്ച്‌ കവി പറയുന്നു. ഇവിടെ, ഒന്നിനും ഭാരമില്ല. പിണ്ഡമുളളത്‌ താഴ്‌ന്നുപോകാന്‍ വിധിക്കപ്പെട്ടവയാണ്‌. അതുകൊണ്ട്‌ ഭാരമില്ലായ്മ ശ്രേഷ്ഠതയായി കൊണ്ടാടപ്പെടുകയാണ്‌. അത്‌ എവിടെയും പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നു. ചലനം ഒഴുക്കാണ്‌. ചലനത്തെ കുറിച്ചുള്ള മറ്റു ധാരണകളെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ഒഴുക്കിനൊത്തു പോവുക. അന്ധമായി നീങ്ങുക. ശലഭജാതികള്‍ നശിച്ചുപോയത്‌ വെറുതെയല്ല. അതിനു കണ്ണുണ്ടായിരുന്നു. കാഴ്ചയുണ്ടായിരുന്നു. കാഴ്ചപ്പാടുണ്ടായിരുന്നു. അന്ധമായത്‌ മാത്രം നിലനില്‍ക്കുന്നു. ആന്ധ്യത്തെ വരിക്കുക. കാഴ്ചപ്പാടുകളില്‍ നിന്ന്‌, ദര്‍ശനത്തില്‍ നിന്ന്‌, പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന്‌ വിമുക്തമായ ലോകത്ത്‌ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടിരിക്കുന്നു. പ്രത്യയശാസ്ത്രങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും ഉപഭോഗസംസ്ക്കാരത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക്‌ ഉയര്‍ത്തപ്പെടുകയും അറിവും വിവേകവും അനാവശ്യമാകുകയും ചെയ്യുന്ന ലോകത്തെ കുറിച്ച്‌ ഈ കവി എഴുതുമ്പോള്‍ അത്‌ പ്രബന്ധമാകുന്നു. വ്യവഹാരങ്ങളുടെ വ്യത്യസ്തതകള്‍ നഷ്ടമാകുന്ന അനുഭവത്തിന്‌ നാം സാക്ഷികളാകുന്നു. കവിതയുളളത്‌/കവിതയില്ലാത്തത്‌ എന്ന വ്യവച്ഛേദനത്തെ മറികടക്കാനുള്ള കവിയുടെ ശ്രമത്തിന്റെ ഭാഗമാണിത്‌. സര്‍വ്വസമ്മതം നേടുന്ന കാവ്യഭാഷക്ക്‌ നിരന്തരം പ്രഹരമേല്‍പിക്കാന്‍ ഗോപീകൃഷ്ണന്‍ ശ്രമിക്കുന്നു.


സംസ്ക്കാരത്തിന്റെ സങ്കീര്‍ണ്ണതയെ ന്യൂനീകരിക്കുന്ന പ്രവണതകളോട്‌ നിരന്തരം കലഹിക്കാനും അവയില്‍ നിന്നു വിടുതി നേടാനും ഗോപീകൃഷ്ണനു കഴിഞ്ഞിട്ടുണ്ട്‌. പുതിയ കവിതയിലെ അയഥാര്‍ത്ഥവിഭജനങ്ങളില്‍ ഗോപീകൃഷ്ണന്റെ കവിത ഉള്‍പ്പെടുന്നുമില്ല.  

Tuesday, August 24, 2010

ഈ കവിതയില്‍ സ്വാതന്ത്ര്യം നിറഞ്ഞിരിക്കുന്നു

മലയാളവാക്കിനു മേല്‍ ചാര്‍ത്തിയിട്ടുളള തോരണങ്ങളെ അഴിച്ചുമാറ്റിക്കൊണ്ടാണ്‌ എസ്‌.ജോസഫ്‌ കവിത എഴുതുന്നത്‌. ഇവിടെ, ഭാഷ നഗ്നമാകുകയും അലങ്കാരങ്ങളില്ലാത്ത വാക്ക്‌ നമ്മോട്‌ നേരിട്ടു സംവദിക്കുകയും ചെയ്യുന്നു. ഈ നാട്ടുഭാഷ ഇതേ വരെ മലയാളകവിതയ്ക്ക്‌ അന്യമായിരുന്നു. ഒരുകാലത്ത്‌ കവിതക്കിണങ്ങില്ലെന്നു്‌ സന്ദേഹങ്ങളില്ലാതെ സ്ഥാപിക്കപ്പെട്ടിരുന്ന ഭാഷയില്‍, വാക്കുകളില്‍.. ജോസഫ്‌ കവിതയെഴുതുന്നു. കുഴിവെട്ടുകാരന്റേയും അലക്കുകാരിയുടേയും കല്‍പണിക്കാരന്റേയും കവിതയാണിത്‌.

ജോസഫിന്റെ കവിത ഉരുവം കൊളളുന്നത്‌ സ്വാതന്ത്ര്യത്തിന്റെ ലോകത്താണ്‌. അതുകൊണ്ട്‌, അത്‌ ഇത്രമേല്‍ സ്വാഭാവികമാകുന്നു. നിനക്ക്‌ വേണ്ടത്‌ സ്വാതന്ത്ര്യമല്ലേ? ഇവിടെ അതേയുളളൂ എന്നു കവിതയോട്‌ പെറുക്കിപ്പയ്യന്‍ പറയുന്നു. കവിതയുടെ ഉടമസ്ഥര്‍; വലിയ കെട്ടിടങ്ങള്‍ പോലുളളവര്‍, ചതുരങ്ങളിലും വൃത്തങ്ങളിലും കവിതയെ പൂട്ടിയിടുമ്പോള്‍ ഓലപ്പുരയിലുറങ്ങാനും ചെളിവെളളത്തില്‍ നടക്കാനും തോട്ടില്‍ പോയി കുളിക്കാനും കഞ്ഞിയും മുളപ്പിച്ച പയറും കഴിക്കാനും അപ്പന്റെ ചീത്തവിളികള്‍ കേള്‍ക്കാനും ഇവന്‍ കവിതയെ ക്ഷണിക്കുന്നു. കറുത്ത കല്ലില്‍ നിന്നും മീന്‍കാരനിലേക്കും ഐഡന്റിറ്റി കാര്‍ഡിലേക്കും എത്തുമ്പോഴേക്കും ജോസഫ്‌ തന്റെ വഴികള്‍ നന്നായി ഉറപ്പിച്ചിരിക്കുന്നു. കവിതയിലെ വലിയ ആള്‍ക്കാരോടുണ്ടായിരുന്ന ചെറിയ ആകര്‍ഷണം പോലും ഒഴിഞ്ഞുപോകുകയും തന്റെ വഴികളുടെ തെളിച്ചം സ്വയം അറിയുകയും ചെയ്യുന്നു.

ജോസഫിന്റെ കവിതയിലെ കാഴ്ചകള്‍ ആരും കാണാതിരുന്നവയല്ല. അവ നാം കണ്ടിട്ടും തിരിച്ചറിയാതിരുന്ന കാഴ്ചകളാണ്‌. കണ്ടിട്ടും കാണാതിരുന്ന കാഴ്ചകളാണ്‌. അവയെ കുറിച്ച്‌ ജോസഫ്‌ എഴുതുമ്പോള്‍ നമ്മില്‍ അത്ഭുതം ജനിക്കുന്നു. പ്രകൃതിയുടെയും ജീവിതത്തിന്റേയും എളിമകള്‍ കവിതയിലാകെ പടര്‍ന്നു്‌ നിറയുകയും വായനക്കാരന്റെ അഹന്തയെ ചോര്‍ത്തിക്കളയുകയും ചെയ്യുന്നു. ഈ കവിതയില്‍ ആര്‍ദ്രത നിറഞ്ഞിരിക്കുന്നു. അത്‌ ആര്‍ദ്രമാകുന്തോറും പിന്നേയും പിന്നേയും ആര്‍ദ്രമാകാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌, ജോസഫിന്റെ കവിതയില്‍ ധിഷണയുടേയും ഭാഷാശേഷിയുടെയും നാട്യങ്ങള്‍ ഒട്ടുമേയില്ല. ഇത്‌ കവി തന്നെ തിരിച്ചറിയുന്നുണ്ട്‌. വാക്കുകളുടെ കൂടുതല്‍ കുറവുകളല്ലല്ലോ കവിത്വത്തിന്‌ അടിത്തറയെന്നു്‌ കവി. അയാള്‍ വിനീഷ്‌ എന്ന കുട്ടിയുടെ എഴുതാത്ത കവിതാപുസ്തകത്തിലെ ആദ്യത്തെ വരി കണ്ടെത്തുന്നു. "കാക്ക കരയുമ്പോള്‍ സ്വന്തം പേരു പറയുന്നു " കവിതയ്ക്ക്‌ പ്രായഭേദങ്ങളില്ലെന്ന്‌, പണ്ഡിത-പാമര ഭേദങ്ങളില്ലെന്ന്‌, അത്‌ എത്രമേല്‍ മൃദുവും ലഘുവുമെന്ന്‌ സൂചിപ്പിക്കുന്നു.


ജോസഫ്‌ കവിതയില്‍ രചിക്കുന്ന ചരിത്രം മറ്റാരും രചിക്കാത്തതാണ്‌. താലൂക്കിന്റെയത്രയും വലുതായ ലോകമുളള ഒരു അമ്മയെ കുറിച്ച്‌ ജോസഫ്‌ ഇപ്പോള്‍ എഴുതിയിരുന്നില്ലെങ്കില്‍ ചരിത്രത്തില്‍ നിന്നും ഒരേട്‌ മുറിഞ്ഞുപോകുമായിരുന്നു. പൂച്ചക്കുഞ്ഞുങ്ങളെ വളര്‍ത്തുകയും കോഴികളോടും പട്ടികളോടും വര്‍ത്തമാനം പറയുകയും ചെയ്യുന്ന അമ്മ. അ എന്ന ഒറ്റയക്ഷരം മാത്രമറിയുന്ന അമ്മ, കോഴി കൂവലിന്നൊപ്പം നന്‍മ നിറഞ്ഞ മറിയം ചൊല്ലുന്ന അമ്മ. ഭൂമിയേക്കാള്‍ വലുതായ, ബോണ്‍വിറ്റയും ആപ്പിളും മാത്രം വിളമ്പുന്ന കൊച്ചമ്മമാര്‍ മാത്രം നിറഞ്ഞു കൊണ്ടിരിക്കുന്ന ലോകത്തില്‍ ഈ അമ്മയുടെ ചരിത്രം രേഖപ്പെടേണ്ടത്‌ കവിതയില്‍ തന്നെ വേണം.

മലയാളി മറന്നു പൊയ്ക്കഴിഞ്ഞ കാഴ്ചകളും അനുഭവങ്ങളും ഈ കവിതയില്‍ രേഖപ്പെടുന്നു.

കുലച്ച വാഴകള്‍ക്കിടയില്‍
നിറയെ കായ്ച്ച പേരമരം.
... ... ...

പറന്നുവന്നൊരു കാക്ക
കാപ്പിക്കമ്പിലിരിക്കുന്നു.

അവിടൊരു കുടപ്പന
അതില്‍ പനറാതളുകള്‍
ചുവട്ടില്‍ ഞങ്ങള്‍ പീടിക
കളിച്ചു.

ഒഴിഞ്ഞുപോകുന്ന കാഴ്ചകളെ കുറിച്ചുളള ആകുലതയാണോ ജോസഫിന്റെ കവിതയോട്‌ നമ്മെ അടുപ്പമുളളവരാക്കുന്നത്‌. ഈ കവിതയുടെ വായനയില്‍ കാലം അതിന്റെ പങ്കു വഹിക്കുന്നൂണ്ട്‌ തീര്‍ച്ച! വറ്റിക്കൊണ്ടിരിക്കുന്ന ഗ്രാമജീവിതഭംഗികള്‍, നന്‍മകള്‍, നിഷ്ക്കളങ്കതകള്‍..അവയെ പുതുസൌന്ദര്യത്തോടെ കാണാന്‍ ഈ കവിത നമ്മെ പ്രേരിപ്പിക്കുന്നുണ്ടാകാം. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍ മാത്രമല്ല; മലയാളി മറന്നു പോയിക്കൊണ്ടിരിക്കുന്ന വാക്കുകളും ഈ കവിത പറഞ്ഞുതരുന്നു.
തികത്തിയ കപ്പ, കാനകൂമ്പി വെയില്‍ , അളിയനെ അറിയിച്ചോ ..

മലയാള ഭാഷയിലെ ഗ്രാമ്യപദങ്ങള്‍ ഈ കവിതയിലൂടെ അതിജീവിക്കുന്നു. അങ്ങനെ മലയാളഭാഷ അതിജീവിക്കുന്നു. പുതിയ കവികളുടെ വാക്കിനെക്കുറിച്ചുളള ഖേദങ്ങള്‍ ഇയാളിലുമുണ്ട്‌. നാട്ടുഭാഷയുടെ നന്‍മയെ ആവാഹിച്ചുകൊണ്ട്‌ ഇയാള്‍ വാക്കിന്റെ ശക്തിയെ ഉണര്‍ത്തിയെടുക്കുന്നു.

തോര്‍ച്ച മാസികയില്‍ പ്രസിദ്ധീകരിച്ചത്

Friday, July 30, 2010

തെറി

വീണപൂവിനെ കാവ്യവിഷയമാക്കിയതിന്‌ കുമാരനാശാനെ വിമര്‍ശിച്ചവര്‍ തൊമ്മനോടും തൊപ്പിപ്പാളയോടുമൊപ്പം വീണപൂവിനേയും ചേര്‍ത്തുവച്ചുകൊണ്ടാണ്‌ തങ്ങളുടെ ശകാരവാക്കുകള്‍ ചൊരിഞ്ഞത്‌. തൊമ്മനും തൊപ്പിപ്പാളയും ഒരിക്കലും കാവ്യവിഷയമാകില്ലെന്ന കാര്യത്തില്‍ ആ സാഹിത്യസിംഹങ്ങള്‍ക്ക്‌ നല്ല ഉറപ്പുണ്ടായിരുന്നു. കവികളുടേയും ആസ്വാദകരുടേയും സമൂഹത്തില്‍ ഉള്‍പ്പെടുന്ന എല്ലാവരും തങ്ങളുടെ വിശ്വാസം പങ്കുവയ്ക്കുന്നുണ്ടെന്ന്‌ ഇവര്‍ കരുതിയിരിക്കണം. പില്‍ക്കാലത്ത്‌, കൊച്ചുതൊമ്മന്‍ എന്ന ശീര്‍ഷകത്തില്‍ എന്‍. വി. കൃഷ്ണവാര്യര്‍ ഒരു കവിത എഴുതി. ആശാനും എന്‍.വിയും വൈലോപ്പിള്ളിയും ഇടശ്ശേരിയും അവരവരുടെ കാലങ്ങളിലെ വ്യവസ്ഥവല്‍ല്ക്കരിച്ച കാവ്യാസ്വാദനശീലങ്ങള്‍ക്ക്‌ പ്രഹരങ്ങളേല്‍പിച്ചത്‌, കവികള്‍ക്കു നിരോധിക്കപ്പെട്ട മേഖലകളിലേക്ക്‌ കടന്നുകയറിക്കൊണ്ടു കൂടിയായിരുന്നു. കാവ്യാസ്വാദനപാരമ്പര്യത്തിലെ യാഥാസ്ഥിതികത്വം സംശയങ്ങളേതുമില്ലാതെ ദീര്‍ഘകാലമായി ഒഴിവാക്കിയിരുന്ന വിഷയങ്ങളേയും വാക്കുകളേയും കവികളുടെ ഏറ്റവും പുതിയ തലമുറ കവിതയിലേക്കു കൊണ്ടുവരുന്നു. മാറാലയെ കുറിച്ച്‌ കവിതയെഴുതിയ പി.രാമന്‍ നമ്മുടെ ജീവിതത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ചില യാഥാര്‍ത്ഥ്യങ്ങളില്‍ കവിത കണ്ടെത്തുകയായിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന വാക്കുകളിലും വസ്തുക്കളിലും നാം തിരിച്ചറിയാതിരുന്ന യാഥാര്‍ത്ഥ്യത്തിന്റെ ഭാവങ്ങളുണ്ടെന്ന്‌ പുതിയ കവികള്‍ മനസ്സിലാക്കുന്നു. ഒരു പിരിയാണി(Screw)യെ കുറിച്ച്‌ കവിതയെഴുതുന്ന പി.എന്‍. ഗോപീകൃഷ്ണനും
"കൊട്ടകള്‍ ചന്തയ്ക്കുപോകുന്നു
തെരണ്ടിയും കുറിച്ചിയും
കൈച്ചെരവയും തഴപ്പായും
പിള്ളേര്‍ക്കു തിന്നാന്‍
തേങ്ങായുടെ പൊങ്ങുമായി വരുന്നു." എന്നിങ്ങനെയുള്ള കാഴ്ചകളെ കവിതയില്‍ രേഖപ്പെടുത്തുന്ന എസ്‌. ജോസഫും ഈ തിരിച്ചറിവുള്ളവരാണ്‌. പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനതയുടെ രാഷ്ട്രീയത്തെ മുന്‍നിരയിലേക്കു കൊണ്ടുവരുന്ന പുതിയ ചിന്തകള്‍ ഇവരുടെ രചനകള്‍ക്ക്‌ ത്വരകമായിട്ടുണ്ട്‌. തെറിയെ കുറിച്ചുള്ള റഫീഖ്‌ അഹമ്മദിന്റെ കവിതയും ഈ പുതിയ ചിന്തയുടേയും വിചാരത്തിന്റെയും ഫലമാണ്‌.


തെറി സ്വയം തന്നെ സദാചാരങ്ങള്‍ക്കു വിരുദ്ധമാകയാല്‍ അതിനു കൃത്രിമവേഷങ്ങള്‍ ആവശ്യമില്ല. അതില്‍ നേരുണ്ട്‌. നാഗരികതയുടെ തൊങ്ങലുകളണിയാതെ പച്ചയായി ജീവിക്കുന്നവര്‍ക്കിടയില്‍ തെറിയുണ്ട്‌. 'നന്‍മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറങ്ങളില്‍' തെറിയുണ്ട്‌. നഗരത്തിലെ ചാളകളിലും ചന്തയിലും തെറിയുണ്ട്‌. തെറി എന്ന വാക്കില്‍ നിന്നും തെറിയനും തെറിച്ചവനും തെറിച്ചോളും ഉണ്ടാകുന്നു. അവര്‍ നടപ്പുലോകത്തിനെതിരെ നടക്കുന്നു. തെറിയന്‍ തെറി പറഞ്ഞ്‌ കണ്ണുപൊട്ടിക്കുന്നു. ഐ.ടി ഓഫീസിലെ പരിഷ്ക്കാരികള്‍ക്കിടയില്‍ തെറിയില്ല. മന്‍മോഹന്‍സിങ്ങിനും ജോര്‍ജ്‌ ബുഷിനും ഇടയില്‍ തെറിയില്ല. എന്നാല്‍, അവര്‍ക്കിടയിലെ ഉപചാരം ടെലിവിഷനിലൂടെ കാണുന്നവരില്‍ ചിലര്‍ ഇതു തെറിയല്ലേയെന്നു സന്ദേഹിക്കുന്നു. തീര്‍ച്ചയായും രാമന്‍ സഖാവിനും ജോര്‍ജ്‌ ബുഷിനും ഇടയില്‍ തെറിയുണ്ട്‌.


മീനാക്ഷിയമ്മയുടെ മനസ്സിലെ പാലയ്ക്കാമോതിരവും പച്ച ബ്ളൌസും പോലെ എല്ലാവരുടേയും മനസ്സില്‍ തെറിയുണ്ട്‌. മീനാക്ഷിയമ്മയുടെ ആദര്‍ശവാദം പച്ച ബ്ളൌസിനു പകരം ഖദര്‍ ബ്ളൌസ്‌ അണിയാന്‍ അവരെ പ്രേരിപ്പിച്ചു. ദ്വേഷം കൊണ്ടു മനസ്സു വിങ്ങുമ്പോള്‍ പുറത്തേക്ക്‌ കുതറാനൊരുങ്ങുന്ന തെറിവാക്കിനെ പിടിച്ചുനിര്‍ത്തി അലക്കിത്തേച്ച വാക്കുപറയാന്‍ സദാചാരബോധം പലരേയും നിര്‍ബ്ബന്ധിക്കുന്നു. തെറിക്കുത്തരം മേത്തരം പത്തല്‍ എന്ന ന്യായശാസ്ത്രം ഈ സദാചാരവാദികളാണ്‌ എഴുതുന്നത്‌. ബോധത്തോടെ പറയാന്‍ കഴിയാത്തത്‌ മദ്യത്തിന്റെ ലഹരിയില്‍ പാതിബോധത്തില്‍ പറയുന്നു. മാന്യനായി, സുഖമനസ്ക്കനായി ജീവിച്ചപ്പോള്‍ പറയാന്‍ കഴിയാതിരുന്നത്‌ ഭ്രാന്തു പിടിച്ചപ്പോള്‍ നിരത്തിലൂടെ നടന്നു പറയുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് പണ്ഡിതന്റെ സംസ്കൃതഭാഷയല്ല, സത്യസന്ധമായ ഭാഷ. വേദവാക്യങ്ങള്‍ മാത്രം പറഞ്ഞും പഠിപ്പിച്ചും ശീലിച്ചവന്‍ ഉറക്കത്തില്‍ ഉറക്കെ ഒരു മുട്ടന്‍ തെറി വിളിച്ചു പറയുന്നു. നാഗരികന്റെ വായില്‍ പറയാത്ത തെറിവാക്കു കെട്ടിക്കിടന്നു പൊള്ളിപ്പഴുക്കുന്നു.


" മൂഢം കിനാവോ പുലര്‍ച്ചവണ്ടിക്കു വന്ന
പൂര്‍വ്വകാലമിത്രം സഖാവോ പടി കടന്നെത്തുന്നു.
പീഠത്തിലമരുന്നു സിഗരറ്റിലെരിയുന്നു,
ലോകപരിഹാസമൂര്‍ച്ഛയില്‍ സ്ഖലിതനാകുന്നു,
സുഖവേഷധാരിയാം തോല്‌വി
അവനോടു പറയാത്ത തെറിവാക്ക്‌
കെട്ടിക്കിടന്നെന്റെ നാവു പൊള്ളുന്നു." ("അന്യാധീനം" - കെ.ജി. ശങ്കരപ്പിള്ള)


മൂല്യങ്ങള്‍ വെടിഞ്ഞ്‌, സുഖവേഷം ധരിച്ച്‌ തോല്‍വിയെ വരിച്ചവനോട്‌ തെറി പറയണം. സുഖവേഷം ധരിച്ചവന്‍ സ്വയം തെറി പറയണം. അല്ലെങ്കില്‍ നാം ഇനിയും മലിനരാകും.


സാറാജോസഫിന്റെ 'ആലാഹയുടെ പെണ്‍ മക്കള്‍' എന്ന നോവലില്‍ നാഗരികത തെറിയെന്നു വിധിക്കുന്ന വാക്കുകള്‍ കടന്നു വരുന്നു. കോക്കാഞ്ചറയിലെ ജനങ്ങളെ കടന്നാക്രമിക്കുന്ന നാഗരികതക്ക്‌ കാവലാളുകളായി വരുന്ന പട്ടിത്തമ്പുരാക്കന്‍മാരെ വളര്‍ത്തു ഭവനങ്ങളുടെ ഇരുമ്പുപടി പിടിച്ചുകുലുക്കി ചെമ്പന്റെ അന്തോണി വെല്ലുവിളിക്കുന്നു. "ടാ, പട്ടിമയിരേ, ദയിര്യണ്ടങ്ങ്യെ വന്നു കടിച്ച്‌ നോക്കറാ". കോക്കാഞ്ചറക്കാരുടെ നേരുള്ള വികാരങ്ങളുടെ ചിത്രണത്തിന്‌ നാഗരികന്‍ അയിത്തം കല്‍പിച്ച ഭാഷ സഹായകമാകുകയായിരുന്നു. ചെമ്മണ്ണാര്‍ - നെടുങ്കണ്ടം ദേശങ്ങളിലൂടെ നടത്തിയ രാത്രിയാത്രയുടെ കഥ പറയുന്ന സുസ്മേഷ്‌ ചന്ത്രോത്തിന്റെ ആഖ്യാനത്തില്‍ കടന്നുവരുന്ന തെറിവാക്കുകള്‍ ഹൈറേഞ്ചിലെ ജനജീവിതത്തിന്റെ കാഠിന്യങ്ങളേയും കാലുഷ്യങ്ങളേയും പകരുന്നു.


തെറി ദൈവങ്ങള്‍ക്കു വിരോധമുള്ള കാര്യമല്ല. തെറിപ്പാട്ടു കേട്ടില്ലെങ്കില്‍ കോപിക്കുന്ന ദേവിമാരുണ്ട്‌. തെറിക്ക്‌ ബ്രഹ്മസങ്കല്‍പത്തോട്‌ യോജിപ്പുകളുമുണ്ട്‌. എപ്പോഴും തെറി പറയുന്നവന്‍ തെറിയെ അറിയുന്നില്ല."മുട്ടിനു മുട്ടിനു തെറി പറയുന്ന ഇട്ടി അവിരാ ആകട്ടെ താന്‍ പറയുന്നതിന്റെ തെറിമ അറിയുന്നില്ല" തെറി എന്താണെന്നു തന്നെ എനിക്കറിയില്ലെന്നു പറയുന്നവന്‍ തെറിയെ അറിയുന്നു. "പറഞ്ഞു വരുമ്പോള്‍ പ്രപഞ്ചത്തിന്റെ ആധാരശ്രുതി തന്നെ ഒരു തെറി ആയിരിക്കുമോ" കുരിശിലേറുമ്പോള്‍ ഈ പാപികളോട്‌ പൊറുക്കേണമേയെന്ന്‌ ദൈവത്തോട്‌ അപേക്ഷിച്ചവന്‍ തന്നെ പച്ചമരത്തോട്‌ ഇങ്ങനെയാണ്‌ ചെയ്യുന്നതെങ്കില്‍ ഉണങ്ങിയതിന്‌ എന്തു സംഭവിക്കും എന്നു ജറുസലേം പുത്രിമാരോടു പറയുമ്പോള്‍, പറയാതെ ഒരു വാക്ക്‌ തൊണ്ടയില്‍ കെട്ടിയിരുന്നില്ലേ? ഭാവഭേദങ്ങളില്ലാതെ വിഷം കുടിച്ചു തീര്‍ത്ത സോക്രട്ടീസിന്റെ മനസ്സില്‍ ഏതു വാക്കാണ്‌ നിറഞ്ഞു നിന്നത്‌? താന്‍ കോപ്പര്‍നിക്കസിന്റെ വ്യവസ്ഥയില്‍ വിശ്വസിക്കുന്നില്ലെന്ന്‌ ഉറക്കെയും എങ്കിലും അതു ചലിക്കുന്നു എന്നു പതുക്കെയും മൊഴിഞ്ഞ ഗലീലിയോ പുറത്തേക്കു പറയാതെ അടക്കിയ മൊഴി ഏതാണ്‌?


തെറിവാക്കിനു വിവര്‍ത്തനമില്ല. വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നത്‌ കവിത മാത്രമല്ല, തെറിയും വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നു. തെറിയില്‍ കളങ്കമില്ല. "പാര്‍ലമെന്റില്‍ പ്രവേശനമില്ലാത്ത നിലക്ക്‌ തെറി കളങ്കമില്ലാത്ത ഒരു വസ്തുവായിരിക്കണം" അജ്ഞനായ ന്യായാധിപനെ സത്യമുള്ള തെറി ഞെട്ടിച്ചു കൊണ്ടിരിക്കും. നല്ല വസ്ത്രങ്ങളണിയിച്ചാണ്‌ റഫീഖ്‌ അഹമ്മദ്‌ 'തെറി'യെ പുറത്തിറക്കുന്നത്‌. തെറിയെ കുറിച്ചുള്ള ആഖ്യാനങ്ങളില്‍ തെറിയുണ്ടാകില്ലെന്ന്‌ കവി സാക്ഷ്യപ്പെടുത്തുന്നു.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...