Monday, March 10, 2008

സരതുസ്ത്ര പറഞ്ഞത്‌..

ദൈവമില്ലെങ്കില്‍ എല്ലാം അനുവദനീയമാണെന്ന ഡോസ്റ്റോയെവിസ്ക്കിയുടെ കഥാപാത്രത്തിന്റെ വാക്കുകള്‍ നീത്ഷെയേയും വേട്ടയാടിയിട്ടുണ്ടാകണം. പക്ഷേ, അയാള്‍ ദൈവത്തിന്റെ മരണം ഉറപ്പിച്ചു. ജീവിതത്തില്‍ അനുവദനീയമല്ലാത്തതായി ഒന്നുമില്ലെന്നു്‌ തന്റെ ദാര്‍ശനിക വ്യവഹാരങ്ങളിലൂടെ സൂചിപ്പിക്കുകയും ചെയ്തു. ദൈവത്തിന്റെ അസ്തിത്വത്തെ സംബന്ധിച്ച അടിസ്ഥാനസങ്കല്‍പനങ്ങളെ ചോദ്യം ചെയ്ത നീത്ഷെ ഒരിക്കലും ദൈവവിശ്വാസത്തിലേക്ക്‌ മടങ്ങിപ്പോയില്ല. ദൈവത്തിന്റെ മരണവും അതീതമനുഷ്യനെക്കുറിച്ചുളള വിചാരങ്ങളും അദ്ദേഹത്തിന്റെ കൃതികളിലെ ഈടുളള പ്രതിപാദ്യവിഷയങ്ങളായി. ഏത്‌ വിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ടുന്ന ഗ്രന്ഥമെന്ന ചോദ്യത്തിനു
മുന്നില്‍ ഏറെ സന്ദേഹങ്ങള്‍ ഉണര്‍ത്തുന്ന സരതുസ്ത്ര ദസ്‌ സ്പേക്‌ എന്ന കൃതിയിലും ഇതേ ചിന്താലോകത്തെ നാം കണ്ടുമുട്ടുന്നു. എല്ലാ ദൈവങ്ങളും മരിച്ചിരിക്കുന്നു. ഇനി ജീവിക്കേണ്ടത്‌ അതീത മനുഷ്യനത്രെ എന്നു സരതുസ്ത്രയുടെ വചനങ്ങള്‍.

ഖണ്ഡന വിമര്‍ശനങ്ങളില്‍നിന്നും സുരക്ഷിതമായ അകലത്തിലാണ്‌ ഈ ഗ്രന്ഥത്തിന്റെ സ്ഥാനമെന്ന്‌, എല്ലാ ദോഷക്കാഴ്ചകളേയും ലഘുതരമാക്കുന്ന മേന്മകള്‍ ഇതിന്നുണ്ടെന്നും വില്‍ ഡുറന്റ്‌ പറഞ്ഞിട്ടുണ്ട്‌. ഇത്‌, നീത്ഷേചിന്തകളുടെ പരിമിതികളെ വ്യവച്ഛേദിച്ചറിയാതിരിക്കാനുളള വാദമാകരുത്‌. എല്ലാ അടിസ്ഥാനങ്ങളേയും നിഷേധിക്കുന്ന ദാര്‍ശനികസമീപനം ആദ്യമായി ഉരുവം കൊളളുന്നത്‌ നീത്ഷേയിലാണ്‌. ഉത്തരാധുനികത, നീത്ഷേയുടെ തത്ത്വചിന്തയ്ക്കുളള ദീര്‍ഘമായ ഒരു അടിക്കുറിപ്പ്‌ മാത്രമാണെന്ന ടെറി ഈഗിള്‍ടന്റെ അഭിപ്രായവും നീത്ഷേയെ വായിച്ചതുകൊണ്ടാണ്‌ താന്‍ ഉണര്‍ന്നെണീറ്റതെന്ന ഫൂക്കോവിന്റെ പ്രശംസാവചനങ്ങളും സാക്ഷ്യപ്പെടുത്തുന്നത്‌ ഒരേ കാര്യം തന്നെയാണ്‌. അടിസ്ഥാന നിഷേധവാദവും സങ്കരവാദവും ചേര്‍ന്ന്‌ സൃഷ്ടിക്കുന്ന അവ്യക്തതകള്‍ സരതുസ്ത്രയിലും ഏറെയുണ്ട്‌. ഉത്തരാധുനികതയുടെ പ്രചാരകന്മാര്‍ നീത്ഷെയുടെയും സരതുസ്ത്രയുടേയും മഹത്വം പറഞ്ഞുകൊണ്ട്‌ ആരംഭിക്കുന്നതും വെറുതെയല്ല.

ദൈവത്തിന്റെ മരണം പ്രപഞ്ചത്തിന്റെ കര്‍ത്തൃകേന്ദ്രസത്തയുടെ മരണമായിരുന്നു. മതദര്‍ശനങ്ങള്‍ നിഷ്ക്കാസിതമായപ്പോള്‍, മനുഷ്യനെ കേന്ദ്രസ്ഥാനത്ത്‌ പ്രതിഷ്ഠിച്ചുകൊണ്ട്‌ ഉദാരവും വിമോചനപരവുമായ ദര്‍ശനങ്ങള്‍ക്ക്‌ ആധുനികത അടിസ്ഥാനങ്ങള്‍ നിര്‍മ്മിച്ചു. നീത്ഷെയെ സംബന്ധിച്ചിടത്തോളം മാനവികതയുടെ മോചനം ഒരു ലക്ഷ്യമായിരുന്നില്ല. മാനവികത സ്വയം ഒരു ലക്ഷ്യമാകാതിരിക്കുകയും അതീതമനുഷ്യന്‍ സ്വപ്നങ്ങളിലും വിചാരങ്ങളിലും മാത്രമായിരിക്കുകയും ചെയ്യുമ്പോള്‍ പ്രതിസ്ഥാപിക്കാനുളളത്‌ ശുദ്ധ ശൂന്യത മാത്രമാണ്‌. നീത്ഷെയുടെ ചിന്തകളിലെ അടിസ്ഥാന നിഷേധവാദത്തിന്റെ ഉത്ഭവസ്ഥാനം ഇതാണ്‌. ഉത്തരാധുനികര്‍ക്ക്‌ ലഹരി പകരുന്ന വിചാരലോകമാണിത്‌.

സരതുസ്ത്രയ്ക്കും മനുഷ്യരാശി ഒരു ലക്ഷ്യമല്ല. അതീത മനുഷ്യനാണ്‌ ലക്ഷ്യം. അതീതമനുഷ്യന്‌ ജന്മം നല്‍കണമെന്ന സ്വപ്നം ഓരോ സ്ത്രീയിലും നിറയണമെന്ന്‌ സരതുസ്ത്ര ആഗ്രഹിക്കുന്നു. മനുഷ്യര്‍ സമന്മാരല്ലെന്നു്‌, ഒരിക്കലും അങ്ങിനെയാവുകയില്ലെന്ന്‌ അയാള്‍ക്ക്‌ ഉറപ്പുണ്ട്‌. ചെറിയ മൂല്യങ്ങള്‍ മാത്രം മതിയായ ചെറിയ മനുഷ്യര്‍ നിലനില്‍ക്കണമെന്നു പോലും സരതുസ്ത്ര കരുതുന്നില്ല. ഈ വാക്കുകളിലൂടെ ഉത്തമ നരവംശത്തെക്കുറിച്ചുളള പാഠങ്ങളാണ്‌ രചിക്കപ്പെടുന്നത്‌. അതീത മനുഷ്യനെ കുറിച്ച്‌ സ്വരൂപിച്ചെടുത്ത ഈ ആശയങ്ങള്‍ വംശീയതയുടെ സൈദ്ധാന്തികര്‍ക്ക്‌ ഊര്‍ജ്ജം പകരുന്നതായിരുന്നു. ഹിറ്റ്ലറുടെ ആര്യമഹത്ത്വവാദത്തിന്‌ നീത്ഷെ എന്തു സംഭാവന നല്‍കി എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണിത്‌.

സരതുസ്ത്രയെ സംബന്ധിച്ചിടത്തോളം സ്ത്രീ സന്തോഷിപ്പിക്കാനുളളവളാണ്‌. ബാക്കിയെല്ലാം നുണയാണ്‌.
'ഒരു സ്ത്രീയുടെ കൈകളില്‍ വീഴുന്നതിനേക്കാള്‍ നല്ലത്‌ കൊലയാളിയുടെ കൈകളില്‍ വീഴുന്നതാണ്‌.'
'കാലങ്ങളായി സ്ത്രീയില്‍ അടിമയും സ്വേച്ഛാധിപതിയും ഒരുമിച്ചു വാഴുന്നതിനാല്‍ സ്ത്രീക്ക്‌ ഒരിക്കലും സൗഹൃദം സാധ്യമല്ല.'
'നീ സ്ത്രീകളെ അന്വേഷിച്ചു ഇറങ്ങിയതാണോ. എങ്കില്‍ ആ ചമ്മട്ടി എടുക്കാന്‍ മറക്കേണ്ട.'

സ്ത്രീ വിരുദ്ധതയുടെ ഈ വചനങ്ങള്‍ പീഡിത ജനവിഭാഗങ്ങളോടുളള നീത്ഷേയുടെ പൊതുസമീപനത്തിന്റെ ഭാഗമാണ്‌. അര്‍ഹതയുളളവയാണ്‌ അതിജീവിക്കുന്നതെന്ന സാമൂഹിക ഡാര്‍വിനിസ്റ്റുകളുടെ സിദ്ധാന്തം നീത്ഷെ എപ്പോഴും ഉയര്‍ത്തിപ്പിടിച്ചിരുന്നു. പീഡിതര്‍ അതിജീവിക്കാന്‍ അര്‍ഹതയില്ലാത്തവരാണെന്ന ഉറച്ച ബോധ്യം സരതുസ്ത്രയുടെ വാക്കുകള്‍ക്കിടയില്‍ നിന്നും വായിച്ചെടുക്കാവുന്നതാണ്‌. തന്നെ ഏറ്റവുമധികം സ്വാധീനിച്ച ആംഗലേയ പരിണാമവാദികളേയും ജര്‍മ്മന്‍ ദേശീയവാദികളേയും ആക്ഷേപിക്കുന്നതിലൂടെ തന്റെ കടപ്പാടുകളെ മറച്ചുവെക്കുന്ന അബോധമാര്‍ഗത്തിന്‌ കീഴ്പ്പെടുകയാണ്‌ നീത്ഷെ ചെയ്തതെന്ന്‌ തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌.

മഹത്‌ ആത്മാക്കളുടെ മുഴുവന്‍ നന്മകളും ശേഖരിച്ച സാകല്യത്തിനു പോലും സരതുസ്ത്രയുടെ വ്യവഹാരങ്ങളില്‍ ഏതെങ്കിലുമൊന്ന്‌ സൃഷ്ടിക്കാന്‍ കഴിവില്ലെന്നാണ്‌ നീത്ഷെ അവകാശപ്പെട്ടത്‌. തന്റെ ഈ രചനയെ കുറിച്ച്‌ അദ്ദേഹം എപ്പോഴും ഉത്തമമായ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഒറ്റയ്ക്കു നിലനില്‍ക്കാന്‍ ക്ഷമതയുളള ഗ്രന്ഥമായി, കാലത്തെ അതിജീവിക്കുന്ന ഗ്രന്ഥമായി സരതുസ്ത്രയെ നീത്ഷെ കണ്ടു. നീത്ഷെയ്ക്കു മുമ്പ്‌, നീത്ഷെയ്ക്കു ശേഷം എന്നിങ്ങനെ കാലം വിഭജിക്കപ്പെടുമെന്ന്‌ അദ്ദേഹം പ്രവചിച്ചു. ആത്മപ്രശംസയും അതിശയോക്തിയും നിറഞ്ഞ ഈ അവകാശവാദങ്ങളെ മാറ്റിനിര്‍ത്തിയാല്‍ തന്നെയും പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ കൃതികള്‍ക്കൊപ്പം നീത്ഷെയുടെ ഈ ഗ്രന്ഥത്തിനും സ്ഥാനമുണ്ട്‌. ആധുനികതയുടെ ബൃഹത്‌ ആഖ്യാനങ്ങള്‍ നിര്‍മിക്കപ്പെട്ടൂ കൊണ്ടിരുന്ന ഒരു കാലത്ത്‌ ഒറ്റയ്ക്കു നടക്കാനുളള വഴി തിരഞ്ഞെടുത്തു എന്ന അപൂര്‍വ്വത നീത്ഷെയ്ക്ക്‌ അവകാശപ്പെട്ടതാണ്‌.

മധ്യവര്‍ഗക്കാരനെ വീണ്ടും വീണ്ടും ഇതിലേക്ക്‌ ക്ഷണിക്കുന്ന ചിലത്‌ ഈ പുസ്തകത്തിലുണ്ട്‌. അപകടകരമായി ജീവിക്കുക എന്ന ഉപദേശം ആഴമില്ലാതെ ഉള്‍ക്കൊളളാനും അതിന്റെ വ്യവസ്ഥാവിരുദ്ധതയില്‍ സന്തോഷിക്കാനും മധ്യവര്‍ഗത്തിനു കഴിയും. അടിസ്ഥാന നിഷേധത്തില്‍ നിന്നും ഉയിരെടുക്കുന്ന അരാജകത്വം ഇവരുടെ അഭിനിവേശങ്ങളെ തൃപ്തിപ്പെടുത്തുകയും ചെയ്യും. നീത്ഷെ വീണ്ടും ഗൗരവത്തോടെ വായിക്കപ്പെടുന്നില്ലെന്ന്‌ ഇതിന്നര്‍ത്ഥമില്ല. നീത്ഷെയുടെ വിമര്‍ശകര്‍ക്കു പോലും അദ്ദേഹത്തിന്റെ കൃതികള്‍ വീണ്ടും വായിക്കേണ്ടി വരുന്ന ചരിത്ര സന്ദര്‍ഭമാണിത്‌.

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

1 comment:

josephjohn said...

അലക്സാണ്ടര്‍ സോള്‍ സെനിറ്റ്സന്‍ ജീവിതത്തോട് വിടവാങ്ങി. സ്റ്റാലിന്റെ ക്രൂരതകള്‍ അനുഭവിച്ച് ജയിലില്‍ കിടന്നിരുന്ന അദ്ദേഹത്തിന്റെ ഓര്‍ മ്മകളാണ്‌ ' ഇവാന്‍ ദെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം ' എന്ന കൃതിയില്‍ വിവരിക്കുന്നത്. ഭരണകൂടത്തിന്റെ ക്രൂരതകളുടെ ചരിത്രം അദ്ദേഹം എഴുതി.

നോബല്‍ സമ്മാനാര്‍ ഹനായ സോള്‍ സെനിറ്റ്സനെ ദസ്തേവ്സ്ക്കി, ടോള്‍ സ്റ്റോയ് എന്നിവരോടൊപ്പമാണ്‌ ആരാധിക്കപ്പെടുന്നത്...

മഹാനായ ആ എഴുത്തുകാരന്‌ ആദരാഞ്ജലികള്‍ ......................ഇതിനോട് എന്താണ്‍ അഭിപ്രാ‍യം pls visit http://theruvarangu.blogspot.com

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...