Thursday, March 24, 2011

'ശൈലജയും ലാറസ്‌ പക്ഷികളും'

മേതില്‍ രാധാകൃഷ്ണന്‍ വ്യവസ്ഥയുടെ മൂല്യങ്ങള്‍ക്കൊപ്പിച്ചു രചനകള്‍ നിര്‍വ്വഹിക്കുന്ന എഴുത്തുകാരനല്ല. ഇയാള്‍ വിമതനാണ്‌. അരാജകവാദിയാണ്‌. അരാജകവാദം അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഒട്ടും മോശപ്പെട്ട കാര്യമല്ല. നാം പുലര്‍ത്തേണ്ടിയിരിക്കുന്ന ഉന്നതമൂല്യങ്ങളെ പ്രഖ്യാപിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തുകൊണ്ടു നടത്തുന്ന കടന്നാക്രമണങ്ങളായിരിക്കില്ല അരാജകവാദിയുടേത്‌. ചിലപ്പോള്‍ ഇത്‌ മുന്നിലോട്ടും പിന്നിലോട്ടും നോക്കാതെ നടത്തുന്ന നിഷേധപ്രകടനങ്ങളായി മാറാം. അരാജകവാദിയുടെ മുന്നില്‍ ഭൂതകാലചരിത്രം പ്രത്യക്ഷപ്പെടണമെന്നില്ല. ഭാവികാലലോകത്തിന്റെ പ്രശ്നമണ്ഡലങ്ങളോടും അത്‌ താല്‍പര്യം പുലര്‍ത്തണമെന്നില്ല. എന്നാല്‍ സമകാലലോകത്തിന്റെ തിന്മകളോട്‌ കേവലനീതി നിറഞ്ഞ മനസ്സു കൊണ്ട്‌ അരാജകവാദി പ്രതികരിക്കുന്നു. അരാജകവാദത്തിന്റെ കേവലസ്വാതന്ത്ര്യം അരാജകവാദിയായ എഴുത്തുകാരന്റെ ഭാഷയ്ക്ക്‌ ശക്തിയും സൌന്ദര്യവും നല്‍കുന്നു. അരാജകവാദത്തിലെ വിമതത്വം വഹിക്കുന്ന കലാപത്തിന്റെ മൂലകങ്ങളെ മേതിലിന്റെ കഥകളില്‍ കണ്ടെത്താം. മേതിലിന്റെ കഥകള്‍ യാഥാര്‍ത്ഥ്യത്തിന്റെ ആവിഷ്ക്കരണം തന്നെയാണ്‌. എന്നാല്‍, യാഥാര്‍ത്ഥ്യത്തെ ഇദ്ദേഹം സവിശേഷമായ ഒരു രീതിയില്‍ നോക്കികാണുന്നു. മേതിലിന്റെ രചനകളുടെ മൌലികത ഈ സവിശേഷകാഴ്ചയില്‍ നിന്നും ഉയിര്‍ക്കൊള്ളുന്നതാണ്‌. 

എഴുത്തും വായനയും ലളിതമായ കര്‍മ്മങ്ങളാണെന്ന് മേതില്‍ കാണുന്നില്ല. കഥയെഴുത്ത്‌ ഒരു കലയാണെങ്കില്‍ അതിന്റെ ആദര്‍ശലോകങ്ങളെ കയ്യെത്തിപ്പിടിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ കഥയുടെ വായന പ്രാപ്തമാകുന്നുള്ളൂ. കലയുടെ പ്രചരണമൂല്യങ്ങളുടെ നിരാസം ഈ വീക്ഷണത്തിലുണ്ട്‌. കലയെ പ്രചരണായുധമാക്കി മാറ്റുന്നത്‌ അധീശത്വമാണെന്നതിനാല്‍ ഇത്‌ അധീശവിരുദ്ധമായ സമീപനമാണ്‌. മേതില്‍ രാധാകൃഷ്ണന്റെ കഥയില്‍ തെളിയുന്നത്‌ കലയുടെ ബോധവല്‍ക്കരണത്തിനും നവീകരണത്തിനുമുള്ള ശേഷികളുടെ നിഷേധമല്ല. മികച്ച കലാസൃഷ്ടികള്‍ ഓരോ സഹൃദയനേയും മാറ്റിത്തീര്‍ക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നുവെന്ന് മേതിലിന്റെ രചനകള്‍ പഠിപ്പിക്കുന്നുണ്ട്‌. 

'ശൈലജയും ലാറസ്‌ പക്ഷികളും' എന്ന കഥ മേതിലിന്റെ രചനകളുടെ പ്രധാന പ്രവണതകളെയല്ലാം ഉള്‍ക്കൊള്ളുന്നതാണ്‌. ഈ കഥയില്‍ ഉപഭോഗഭ്രാന്തിനെതിരായ കലാപത്തിന്റെ സ്വരങ്ങള്‍ സന്നിവേശിച്ചിരിക്കുന്നു. ഉപഭോഗഭ്രാന്തില്‍ തിരിയുന്ന ലോകം. 'തെരുപ്പറക്കുന്ന കച്ചവടം'. കമ്പോളത്തിന്റെ തിരക്കുകളില്‍ നിന്നും ആകര്‍ഷണീയതകളില്‍ നിന്നും ഒഴിവായി നില്‍ക്കുന്ന, ഇവയൊന്നും തനിക്കു വേണ്ടെന്നു പറയുന്ന ശൈലജ എന്ന യുവതി. ചന്തയുടെ പ്രലോഭനങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള അവളുടെ ശ്രമത്തില്‍ തുറക്കപ്പെടുന്നത്‌ അപകടത്തിലേക്കുള്ള വാതിലുകളാണ്‌. അവള്‍ ഈ ലോകത്തില്‍ നിന്നും വിച്ഛേദിക്കപ്പെടുന്നു. കമ്പോളഭ്രാന്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ നിങ്ങളും ഭ്രാന്തിയായി മാറാം. 

ശൈലജ നഗ്നകളായ ഡമ്മികളുടെ ലോകത്തില്‍. അവരുടെ വശീകരണശക്തി ശൈലജയെ സ്തബ്ധയാക്കി. നമ്മുടെ മാതൃകകളെല്ലാം വെളുത്ത മേനിയുള്ളവര്‍. വെളുത്ത മേനി നമുക്കു സൌന്ദര്യത്തിന്റെ ചിഹ്നമായി തീര്‍ന്നത് ഒരു കൊളോണിയല്‍ പ്രഭാവം. ഇപ്പോഴും പേറുന്ന കൊളോണിയലിസത്തിന്റെ ഭാരം. അധീശത്വത്തോടുള്ള വിധേയത്വം. ശൈലജയെ സ്തബ്ധയാക്കിയ സൌന്ദര്യമാതൃകകള്‍ക്ക്‌ കറുത്ത മുലഞ്ഞെട്ടുകള്‍ പോലുമില്ല. ആ നഗ്നകളുടെ വിപുലമായ മാറിടത്തില്‍ മുലക്കണ്ണുകളില്ല. അവര്‍ മുലയൂട്ടില്ല. അവര്‍ ഒന്നിനേയും പോറ്റി വളര്‍ത്തില്ല. നിര്‍ജ്ജീവമായ പെണ്‍കോലങ്ങള്‍.  അധീശമൂല്യങ്ങള്‍ സര്‍ഗാത്മകതയെ നിഹനിക്കുന്നു.

ചേച്ചിയുടെ മുറിയില്‍ വിശ്രമിക്കുന്ന ശൈലജ മൂന്നു പുസ്തകങ്ങള്‍ വായിക്കുന്നു. ലാറസ്‌ എന്നു പേരുള്ള ധ്രുവപക്ഷികളെ കുറിച്ച്‌ അറിയുന്നു. വെളുത്ത പക്ഷികള്‍. ശരീരത്തില്‍ നിറമുള്ള രണ്ടേ രണ്ടു കുത്തുകള്‍. അവയുടെ കണ്ണുകള്‍. താന്‍ കണ്ട പെണ്‍കോലങ്ങള്‍ അന്ധകളായ ലാറസ്‌ പക്ഷികളാണെന്ന് ശൈലജക്കു തോന്നുന്നു. സ്വകാര്യജീവിതം വിധിച്ചിട്ടില്ലാത്ത ഡമ്മികളെ പോലെയാണ്‌ തന്നെ കൂറ്റന്‍ തുണിക്കടയിലേക്ക്‌ തട്ടിക്കൊണ്ടു പോയ കമ്പോളഭ്രാന്തിയായ ചേച്ചിയെന്ന് ശൈലജ തിരിച്ചറിയുന്നു. അല്ലെങ്കില്‍, തന്റെ ചേച്ചി അന്ധയായ ഒരു ലാറസ്‌ പക്ഷിയാണ്‌. കമ്പോളത്തില്‍ നിന്നും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നേടിയവര്‍ നഷ്ടപ്പെടുത്തുന്നത്‌ എന്താണ്‌? സ്ത്രീ അവളുടെ തനിമയെ, വ്യക്തിത്വത്തെ, സ്വത്വത്തെ തന്നെയും നഷ്ടപ്പെടുത്തുന്നു. മാതൃത്വത്തെ നിഹനിക്കുന്നു. വെളുത്ത സ്ത്രീ ഒരു പ്രദര്‍ശന വസ്തു. കമ്പോളം സ്ത്രീയെ അവളുടെ സ്വത്വത്തില്‍ നിന്നും പുറത്താക്കുകയും അന്യവല്‍ക്കരിക്കുകയും ചെയ്യുന്നുവെന്ന് മേതിലിന്റെ കഥ പറയുന്നു. അവളെ ഡമ്മി പ്രതിമകളാക്കി മാറ്റുന്നു.

ലാറസ്‌ പക്ഷികളെ കുറിച്ചും റെനെ മാഗ്രിറ്റിന്റെ ചിത്രത്തെ കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍, വിവിധ വിജ്ഞാനമേഖലകളിലെ അറിവുകളും നൂതനമായ കാര്യങ്ങളും കഥകളിലൂടെ അവതരിപ്പിക്കുന്ന രീതിക്ക്‌ ഒരു ഉദാഹരണമാണ്‌. മേതിലിന്റെ ആവിഷ്ക്കരണകലയുടെ നവീനതയില്‍ ഇത്തരം ഘടകങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്‌. ഇത്തരം ഘടകങ്ങളെ ഉള്‍ച്ചേര്‍ക്കുമ്പോള്‍ വസ്തുതാപരമായ പിശകുകള്‍ ഒഴിവാക്കുന്നതില്‍ കഥാകാരന്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിപ്പിക്കുന്ന ഒരു സന്ദര്‍ഭം കൂടി നമുക്കു കണ്ടെത്താം. ഈ കഥയില്‍ വസ്തുതാപരമായ ഒരു പിശകുണ്ട്‌. ശൈലജ വായിക്കുന്ന ആദ്യപുസ്തകത്തിലുള്ള റെനെ മാഗ്‌റിറ്റിന്റെ ഒരു ചിത്രത്തെ കുറിച്ച്‌ പറയുതായി കഥയില്‍ എഴുതിയിരിക്കുന്നു. റെനെ മാഗ്‌റിറ്റിണ്റ്റെ ഒഴിഞ്ഞ കൈയ്യൊപ്പ്‌ (Blank Signature) എന്ന ചിത്രം മേതിലിന്റെ രചനയില്‍ കറുത്ത കൈയ്യൊപ്പ്‌ (Black Signature) ആയി മാറുന്നു. വെളുപ്പു സൃഷ്ടിക്കുന്ന ശൂന്യതകളെ കുറിച്ചു പറയാന്‍ ഒഴിഞ്ഞ കൈയ്യൊപ്പ്‌ എന്ന രൂപകവും സമര്‍ത്ഥമായിരുന്നു. 

മേതിലിന്റെ കഥ സ്ത്രീവാദികളുടെ വിമര്‍ശനങ്ങളെ ക്ഷണിച്ചു വരുത്തുന്നതാണ്‌. സ്ത്രീപ്രകൃതിയെ ശുശ്രൂഷയുടേയും മാതൃത്വത്തിന്റേയും സഹനത്തിന്റേയും പ്രതീകമായി മാത്രം കാണുന്ന ധാരണകളെ പുനരുല്‍പാദിപ്പിക്കുന്നതിലേക്ക്‌ എത്തിപ്പെടുന്ന സന്ദര്‍ഭങ്ങള്‍ മേതിലിന്റെ കഥ പ്രകാശിപ്പിക്കുന്നുവെന്ന് വിമര്‍ശിക്കപ്പെടാം. സ്ത്രീയുടെ ഉടലിന്റെ ആവിഷ്ക്കാരങ്ങളെ യാഥാസ്ഥിതികബുദ്ധിയോടെ കാണുന്നുവെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നു വരാം

No comments: