Thursday, September 23, 2010

എനിക്കും മരണമുണ്ട്

മനുഷ്യകേന്ദ്രിതമായ ദര്‍ശനങ്ങളുടെ ഉത്ഭവസ്ഥാനങ്ങള്‍ പാശ്ചാത്യലോകമാണ്. മുതലാളിത്തവും വ്യാവസായിക വിപ്ലവവും ശാസ്ത്രവിപ്ലവങ്ങളും ചേര്‍ന്നു സൃഷ്ടിച്ച ആധുനികത മതദര്‍ശനങ്ങള്‍ക്കു കനത്ത പ്രഹരങ്ങളേല്പിക്കുകയും ദൈവത്തിന്റെ മരണം പ്രഖ്യാപിക്കുകയും ചെയ്തുവല്ലോ. ദൈവത്തിന്റെ മരണത്തില്‍ കേന്ദ്രകര്‍ത്തൃസത്തയുടെ മരണം കൂടി ഉള്‍ക്കൊണ്ടിരുന്നുവെങ്കിലും ആ രൂപത്തില്‍ അതിനെ മനസ്സിലാക്കാന്‍ അന്നു കഴിയുമായിരുന്നില്ല. മതദര്‍ശനങ്ങളും ദൈവങ്ങളും നിഷ്ക്കാസിതമായ ലോകത്ത് മനുഷ്യനെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചു കൊണ്ട് ഉദാരദര്‍ശനങ്ങള്‍ക്ക് ആധുനികത രൂപം നല്കി. ഈ പ്രക്രിയക്ക് ആധുനികശാസ്ത്രം നല്കിയ ആത്മവിശ്വാസം അപാരമായിരുന്നു. പ്രപഞ്ചത്തിലെ ഓരോ കണികയുടേയും ഭാവി പ്രവചിക്കാന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസമാണ് ന്യൂട്ടോണിയന്‍ ഭൌതികം ലോകത്തിനു നല്കിയത്. മതദര്‍ശനങ്ങള്‍ക്കു പകരം കാരണയുക്തി സ്ഥാപിക്കപ്പെട്ടു. തന്റെ അധിപന്‍ താന്‍ തന്നെയാണെന്നു മനുഷ്യന്‍ സ്ഥാപിക്കണമെന്ന് ആധുനികതക്ക് ഉറപ്പുണ്ടായിരുന്നു. മുതലാളിത്തത്തിനെതിരെ രൂപം കൊണ്ട വിമോചനദര്‍ശനങ്ങള്‍ പാശ്ചാത്യആധുനികതയുടെ പരിമിതികളേയും ആന്തരിക വൈരുദ്ധ്യങ്ങളേയും പുറത്തു കൊണ്ടു വന്നിരുന്നുവെങ്കിലും പില്ക്കാലത്തു രൂപം കൊണ്ട യാന്ത്രികവ്യാഖ്യാനങ്ങള്‍ ഈ വിമോചനദര്‍ശനങ്ങളെ തന്നെ പാശ്ചാത്യയുക്തിയുടെ ബന്ധനത്തില്‍ അകപ്പെടുത്തുന്നതിലേക്കാണ് നയിച്ചത്. ഈ വിമോചനദര്‍ശനങ്ങള്‍ തന്നെ കേവലമനുഷ്യകേന്ദ്രിതമായ നിലപാടുകളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. തികച്ചും യാന്ത്രികഭൌതികവാദപരമായ സമീപനങ്ങളിലേക്കാണ് ഇവ എത്തിപ്പെട്ടത്. ഇങ്ങനെ, പാശ്ചാത്യയുക്തിക്കെതിരെ പാശ്ചാത്യലോകം തന്നെ ഉയര്‍ത്തിയെടുത്ത വിമര്‍ശനങ്ങള്‍ യാന്ത്രികവും വികലവുമാക്കപ്പെട്ടതിനുശേഷമാണ് ഇന്ത്യയടക്കം കൊളോണിയല്‍ ഭരണത്തിന്‍ കീഴിലുള്ള രാജ്യങ്ങളിലേക്ക് ഈ വിമോചനാദര്‍ശങ്ങള്‍ കടന്നുവരുന്നത്. യഥാര്‍ത്ഥത്തില്‍, ഇന്ത്യയെ പോലുള്ള കൊളോണിയല്‍ രാജ്യങ്ങളില്‍ മിക്കവാറും പ്രചരിച്ചതും സ്ഥാപിക്കപ്പെട്ടതും ഇന്ത്യയിലെ വിമോചനകാംക്ഷകളുള്ള എഴുത്തുകാരേയും ബുദ്ധിജീവികളേയും സ്വാധീനിച്ചതും യാന്ത്രികമായ വീക്ഷണങ്ങളായിരുന്നു. മലയാളത്തില്‍ വയലാര്‍ രാമവര്‍മ്മ എഴുതിയ 'എനിക്കു മരണമില്ല' എന്ന കവിതയെ അടിസ്ഥാനപ്പെടുത്തി ഈ വസ്തുതകളുടെ അവലോകനത്തിനുള്ള ശ്രമമാണ് ഈ ലേഖനം. മനുഷ്യകേന്ദ്രിതമായ വീക്ഷണങ്ങളെ പരമകോടിയില്‍ പ്രതിഷ്ഠിച്ചു സ്തുതിക്കുന്ന ഒരു കവിതയാണിത്. വായനക്കാരനു നേരിട്ടു സംവദിക്കാന്‍ കഴിയുന്ന രീതിയില്‍ മനുഷ്യന്റെ സ്നേഹത്തിലും സര്‍ഗശേ‍ഷിയിലുമുള്ള വാഴ്ത്തുകള്‍ ഈ കവിതയിലുണ്ട്. ഇതിന്നപ്പുറം, തനിക്കു സഹൃദയനിലേക്കു പകരാനുള്ള ആശയത്തെ അവതരിപ്പിക്കുന്നതിനു കവി ഉപയോഗിക്കുന്ന രൂപകങ്ങളിലാണ് ഇവിടെ ശ്രദ്ധ. കവിയുടെ അബോധത്തേയും പ്രത്യയശാസ്ത്രത്തേയും അനാവരണം ചെയ്യാന്‍ ഇതു സഹായിക്കും.


കുതിരപ്പുറത്ത് ചാട്ടവാറുമായി സഞ്ചരിക്കുന്നവന്റെ ചിത്രത്തോടെയാണ് കവിത ആരംഭിക്കുന്നത്. ഒരു അധികാരിയുടെ, മഹാരാജാവിന്റെ, പോരാളിയുടെ, മര്‍ദ്ദകന്റെ രൂപത്തോടാണ് ഇതിനു സാമ്യം. അവന്‍ ജേതാവായിരിക്കുന്നു. വിജയഭേരി മുഴക്കി സഞ്ചരിക്കുന്ന അവന്റെ കുതിരയുടെ കുളമ്പടികള്‍ കേട്ട് അണ്ഡകടാഹങ്ങള്‍ നടുങ്ങുന്നു. അണ്ഡകടാഹങ്ങളെ പേടിപ്പിക്കുന്ന വിജയം ഈ പോരാളി നേടിയിരിക്കുന്നു. ഭൂമിയില്‍നിന്നും വളരെയകലെ കത്തുന്ന താരകത്തിനുപോലും ഇതു വിളര്‍ച്ചയുണ്ടാക്കുന്നു. താരകം ശുഷ്ക്കമായിരിക്കുന്നു. ശാസ്ത്രം നല്കിയ അനുഗ്രഹങ്ങളാണ് ഈ പോരാളിയെ വിജയിയാക്കുന്നത്. വയലാര്‍ രാമവര്‍മ്മ കവിതയിലൂടെ വരച്ചിട്ട ഈ വിജയിയുടെ ചിത്രം, മനുഷ്യകേന്ദ്രിതമായ ദര്‍ശനങ്ങളുടെ സംഭാവനയായിരുന്നു. കവിതയില്‍ മനുഷ്യാദ്ധ്വാനത്തെ പ്രകീര്‍ത്തിക്കുന്നുണ്ട്. മനുഷ്യന്‍ സത്യസൌന്ദര്യങ്ങളെ നെഞ്ചേറ്റുന്നതായി പറയുന്നുണ്ട്. ഇങ്ങനെയൊക്കെയാകുമ്പോഴും ഈ ആഖ്യാനത്തില്‍ പ്രത്യക്ഷപ്പെട്ട ചാട്ടവാര്‍ ചുഴറ്റുന്ന അധികാരിയുടേയും മര്‍ദ്ദകന്റെയും ഭാവങ്ങള്‍, പാശ്ചാത്യയുക്തി സൃഷ്ടിച്ചെടുത്ത മനുഷ്യകേന്ദ്രിതമായ വ്യവസ്ഥക്കുളളിലാണ് നിലകൊളളുന്നത്. എല്ലാം മനുഷ്യനു വേണ്ടിയാകുന്ന ഈ മനുഷ്യകേന്ദ്രവ്യവസ്ഥയില്‍ മറ്റൊന്നും, ഇതര ജീവജാലങ്ങള്‍ പോലും, പരിഗണിക്കപ്പെടുന്നതേയില്ല. പ്രകൃതി ഇവിടെ മനുഷ്യനു കീഴ്പ്പെട്ട പ്രകൃതിയാകുന്നു. മനുഷ്യേതരപ്രകൃതി മനുഷ്യനു കീഴടങ്ങി നില്‍ക്കേണ്ടതും മനുഷ്യന്റെ ഉപയോഗത്തിനുളളതും മാത്രമായി മാറുന്നു. പ്രകൃതിയുടെ മൂല്യം ഉപയോഗമൂല്യം മാത്രം എന്നു വിധിക്കപ്പെടുന്നു. സമഗ്രവും സമതുലിതവുമായ ഒരു ചിന്തയില്‍ നിന്നായിരുന്നില്ല, മനുഷ്യന്‍ എന്ന ഗണത്തെ കേവലമായി പ്രതിഷ്ഠിക്കുന്ന വളരെ ഏകപക്ഷീയമായ ഒരു ചിന്തയില്‍ നിന്നാണ് ഈ ദര്‍ശനം രൂപം കൊളളുന്നത്. അതിന് മുതലാളിത്തത്തിന്റെ ഉല്പാദനവ്യവസ്ഥയുമായി ബന്ധമുണ്ടായിരുന്നു. ഏതിലും കുടികൊളളുന്ന വൈരുദ്ധ്യത്തെ ഏകപക്ഷീയതയുടെ ചിന്തക്ക് ഉള്‍ക്കൊളളാന്‍ കഴിയില്ല. വൈരുദ്ധ്യങ്ങളെ കണ്ടെത്തുകയും പരിഗണിക്കുകയും ചെയ്യാത്ത ചിന്തക്ക് വൈരുദ്ധ്യങ്ങളുടെ ശത്രുതാഭാവങ്ങളെ കുറിച്ചോ ഐക്യത്തെ കുറിച്ചോ ആലോചിക്കേണ്ടതുമില്ല. അത് കേവലസത്യത്തെ കുറിച്ചുളള നിലപാടുകളിലേക്ക് എത്തിച്ചേരുന്നു. കേവലസത്യസങ്കല്പനം ഇപ്പോള്‍ ദൈവസത്യസങ്കല്പനത്തില്‍ നിന്നുമാറി മനുഷ്യസങ്കല്പനമായി എന്നുമാത്രം. ഇത് ചിന്താലോകത്ത് സവിശേഷമായ ഒരു മാറ്റവും സൃഷ്ടിക്കുന്നില്ല. ദൈവത്തെ മാറ്റി മനുഷ്യനെ പ്രതിഷ്ഠിക്കുന്ന അവസ്ഥ, മനുഷ്യനെ ദൈവമാക്കുന്ന അവസ്ഥ തന്നെയാണ്. അതുകൊണ്ടാണ്, ദേവരൂപത്തില്‍ അല്ലെങ്കില്‍ രാജാവിന്റെ രൂപത്തില്‍ വയലാറിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുന്നത്.


ഓരോ അവസ്ഥയിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന വൈരുദ്ധ്യങ്ങളെ കാണുന്നവര്‍ക്ക് ധനാത്മകതയെ കുറിച്ച് അറിയുമ്പോള്‍തന്നെ ഋണാത്മകത പ്രത്യക്ഷമാകും. ദ്രവ്യത്തെ കുറിച്ച് അറിയുമ്പോള്‍തന്നെ പ്രതിദ്രവ്യത്തെ കുറിച്ചുളള ധാരണ രൂപപ്പെടും. ഇവര്‍ സാന്നിദ്ധ്യത്തെ കുറിച്ചു പറയുമ്പോള്‍തന്നെ അസാന്നിദ്ധ്യത്തെ കുറിച്ചും പറയും. വെളിച്ചത്തില്‍ നില്‍ക്കുമ്പോള്‍പോലും ഇരുളിനെ ഓര്‍ക്കും. അത് ഒരു താരകത്തെ കാണുമ്പോള്‍ രാവു മറക്കുന്നില്ല. വൈരുദ്ധ്യശാസ്ത്രമറിയുന്നവര്‍ക്ക് ആധുനികശാസ്ത്രവും മുതലാളിത്തവും ചേര്‍ന്ന് സൃഷ്ടിക്കുന്ന പുതിയ വ്യവസ്ഥയുടെ അനന്തരഫലങ്ങളെ കാണാന്‍ കഴിയുമായിരുന്നു. ആധുനികമായ രാസകൃഷിരീതികള്‍ മേല്‍മണ്ണിനെ നശിപ്പിക്കുകയും കൃഷിയെ തന്നെ ഇല്ലാതാക്കുകയും ചെയ്തേക്കാമെന്ന് ആകുലനാകുന്ന കാള്‍ മാര്‍ക്സും മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണെന്നും പ്രകൃതിയുടെ മേല്‍ മനുഷ്യന്‍ നടത്തുന്ന ഓരോ വിജയത്തിനും അത് തിരിച്ചടി നല്‍കുന്നുണ്ടെന്നും എഴുതുന്ന എംഗല്‍സും, അവരുടെ കാലത്തെ ചരിത്രത്തില്‍ നിന്നുകൊണ്ട് മുതലാളിത്തത്തിനു മാത്രമല്ല, അത് പ്രയോഗിക്കുന്ന ശാസ്ത്രത്തിനു കൂടിയാണ് വിമര്‍ശനക്കുറിപ്പുകള്‍ എഴുതിയത്.


മനുഷ്യനെ വിജയിപ്പിച്ച ശാസ്ത്രത്തെ പ്രകീര്‍ത്തിക്കുന്ന കവി ശാസ്ത്രത്തിന്റെ ചരിത്രത്തെ മറന്നുപോയിരുന്നു. ശാസ്ത്രം വന്നത് ഒറ്റയ്ക്കായിരുന്നില്ല. അത് മുതലാളിത്തത്തോടൊപ്പമായിരുന്നു. ശാസ്ത്രം ബൂര്‍ഷ്വാസിയുടെ മതമായിരുന്നു. ഈ മുതലാളിത്തമതമാണ്, കവി പറയുന്ന രീതിയില്‍ മനുഷ്യനെ വിജയിയാക്കിയത്. ഇത് അവനില്‍ കുറേയേറെ കളങ്കങ്ങള്‍ കൂടി നല്‍കി. ശാസ്ത്രം മനുഷ്യനും പ്രകൃതിക്കും നല്‍കിയ കളങ്കങ്ങള്‍ കാണാന്‍ കവിയെ അശക്തനാക്കിയത് വൈരുദ്ധ്യാത്മകചിന്തയുടെ അഭാവമായിരുന്നു. യാന്ത്രികഭൌതികവാദത്തിന്റെ കടന്നുകയറ്റത്തില്‍ വൈരുദ്ധ്യാത്മകതയുടെ സവിശേഷചിന്ത ശ്രദ്ധിക്കപ്പെട്ടതേയില്ല. യഥാര്‍ത്ഥത്തില്‍, പുരോഗമനകാരികളെന്നു പുകഴ് പെറ്റ കവികളെപ്പോലും നയിച്ചിരുന്നത് വൈരുദ്ധ്യാത്മക ചിന്തയായിരുന്നില്ലെന്ന്, കേവലമനുഷ്യകേന്ദ്രിതമായ യാന്ത്രികവീക്ഷണങ്ങള്‍ ആയിരുന്നുവെന്നാണ്, പഴയ കാലത്തേക്ക് കാതു നീട്ടുമ്പോള്‍ നാം കേള്‍ക്കുന്നത്.


ആധുനികശാസ്ത്രത്തിന് പുതിയ വിമര്‍ശകര്‍ എഴുതുന്ന വാക്കുകളെ കൂടി പരിഗണിക്കുക. മര്‍ദ്ദനത്തിന്റേയും ചൂഷണത്തിന്റേയും രൂപകങ്ങള്‍ കൊണ്ടാണ് ശാസ്ത്രം സ്വയം നിര്‍വ്വചിച്ചതെന്ന ഫെമിനിസ്റ്റുകളുടെ വിമര്‍ശനങ്ങളുടെ സാംഗത്യം ഇവിടെ തെളിയിക്കപ്പെടുന്നുണ്ട്. പ്രപഞ്ചത്തെ കൈയ്യിലെടുത്ത് അമ്മാനമാടുമെന്നും ഗോളങ്ങളെ പന്താടുമെന്നും താരകങ്ങളെ നര്‍ത്തനം ചെയ്യിക്കുമെന്നും പറയുന്ന കവികല്പനകളില്‍ മുതലാളിത്തശാസ്ത്രത്തിന്റെ മര്‍ദ്ദകഭാവം തന്നെയാണ് പ്രത്യക്ഷപ്പെട്ടത്. ഇവിടെ, ഒരു പൌരസ്ത്യരാജ്യത്തിലിരുന്ന് മനുഷ്യന്‍ അജയ്യനാണെന്നും എനിക്കു മരണമില്ലെന്നും കവി പ്രഖ്യാപിക്കുമ്പോഴേക്കും പാശ്ചാത്യരാജ്യങ്ങളിലെ ശാസ്ത്രം നക്ഷത്രങ്ങളുടെ മരണത്തെ കുറിച്ചും ആദിയും അന്തവുമുളള പ്രപഞ്ചത്തെ കുറിച്ചും പറയാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍, പ്രാഥമികകണങ്ങളിലൊന്നായ പ്രോട്ടോണ്‍ പോലും നശിച്ചേക്കുമെന്ന പ്രവചനത്തിലേക്ക് അത് എത്തിച്ചേര്‍ന്നിരിക്കുന്നു. നമുക്കു വിയോജിപ്പുകള്‍ പറയാമെങ്കില്‍ തന്നെയും, നശ്വരമായ ഒരു ലോകത്തിരുന്നുകൊണ്ടാണ് തന്റെ അനശ്വരതയെ കുറിച്ച് കവി പാടിയത്. ഇന്നത്തെ കവിക്ക് എനിക്ക് മരണമുണ്ട് എന്നു പറയാതെ വയ്യ.


കൈരളി ചാനല്‍ നടത്തുന്ന മാമ്പഴം എന്ന കവിതാ മത്സരവേദിയില്‍ ലക്ഷ്മിദാസ് എന്ന പെണ്‍കുട്ടി ഈ കവിത ഹൃദയസ്പര്‍ശിയായി ചൊല്ലുകയുണ്ടായി. ഇപ്പോഴും മനുഷ്യരെ ആഹ്ലാദഭരിതരാക്കുന്നതും ആത്മവിശ്വാസമുളളവരാക്കുന്നതുമായ വരികള്‍ ഈ കവിതയിലുണ്ട്. മനുഷ്യന്റെ നേട്ടത്തിന്റേയും വിജയത്തിന്റേയും സ്ത്രോത്രം ചിലപ്പോള്‍ മന:ശുദ്ധീകരണത്തിനും ഉതകിയേക്കാം. ഈ കവിതയെ പ്രശംസിക്കുക. ഒപ്പം പരിമിതികളെ തിരിച്ചറിയുക. നാം എഴുതുന്ന പ്രശംസകള്‍, കവിതയുടെ അടിയില്‍ സൂക്ഷിച്ചുവയ്ക്കപ്പെടുന്ന ആശയലോകത്തെ കേള്‍ക്കാതിരിക്കുന്നതിനുളള മാര്‍ഗ്ഗമായി മാറേണ്ടതില്ല. *

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...