Monday, March 31, 2014

നാരായണീയം

വാക്ക്‌ വക്കില്ലാത്തതാകുന്നത്‌ 
അതിരുകളിലൊതുങ്ങാത്തത്‌ 
ഈ കവിതയില്‍.
വാക്കിന്‌ നാനാര്‍ത്ഥങ്ങള്‍
സൂക്ഷ്മധ്വനികള്‍
ഏറെ ദൂരങ്ങള്‍
ബഹുസ്വരങ്ങള്‍.

ആദിയില്‍ വചനമുണ്ടായി 

എന്നെഴുതപ്പെട്ടത്‌
ഇയാള്‍ക്കു വേണ്ടി.
വാക്കാണ്‌ ആദ്യം.
ഇയാള്‍ വാക്കിനെ നോക്കുന്നു.
അവിടെയും ഇവിടെയും
അപ്പുറത്തും ഇപ്പുറത്തും നോക്കുന്നു.
കണ്ടു നോക്കുന്നു.
കേട്ടു നോക്കുന്നു.
ആറാം ഇന്ദ്രിയം കൊണ്ട്‌
വാക്കിന്റെ പൊരുളറിയുന്നു.
വാക്കു നടന്ന വഴികള്‍ അറിയുന്നു.
വരാനുള്ള വഴികള്‍,
പോകാനുള്ളതും കാണുന്നു.
പുറത്തിറങ്ങാന്‍
വാക്കിന്റേതല്ലാത്ത വാതിലുണ്ടോ?
അകത്തു കയറാന്‍
വാക്കിന്റേതല്ലാത്ത വാതിലുണ്ടോ?

വാക്ക്‌ കവിത തന്നെയെന്ന്,
കവിതയോടൊത്തേ നടക്കൂയെന്ന്
തീരുമാനിച്ചവന്റെ കവിത, ഇത്‌.
നാട്ടോര്‍മ്മകളില്‍ കവിത. 
നോവലും ചലച്ചിത്രനിരൂപണവും കവിത.
കവിതയില്ലാത്തതൊന്നുമില്ല.
എല്ലാറ്റിലും കവിത.
വസ്തുപ്രപഞ്ചം, വികാരങ്ങള്‍...
എല്ലാം കാവ്യവിഷയങ്ങള്‍
മഴ, മുടന്തന്‍, കണ്ണാടി, ബീഡി,
പൂച്ച, അതിഭാവുകത്വം, മഹസ്സര്‍,
സരോജിനി ടീച്ചര്‍, സുമിത്ര...


ഈ കവിത നിങ്ങളെ അഴിയ്ക്കുന്നു.
പിന്നെ, മാറ്റിപ്പണിയുന്നു.
ഇവിടെ എല്ലാം പരിണമിക്കുന്നു,
പുതുതാകുന്നു.


ഈ കവിതയില്‍
വലിയ ബുദ്ധിമാനെ കാണില്ല.
നാടന്‍മൊഴികള്‍
നാട്ടുവെളിച്ചങ്ങള്‍ ഏറെ.
ഇത്‌ എപ്പോഴും എപ്പോഴും
കവിതയെ കുറിച്ചോര്‍ക്കുന്ന കവിത.

വയനാട്ടിലെ
മഞ്ഞും മഴയും കൊണ്ടു വളര്‍ന്നത്,
ആദിവാസി ഊരുകളില്‍
കയറിയിറങ്ങിയത്‌.
പിന്നെ, ചുരമിറങ്ങി വന്നത്‌.

ഈ കവിത പറയുന്നു
കഴുതപ്പുറത്തിരിക്കുന്ന
ക്രിസ്തുവോളം ക്രിസ്തുവല്ല
ഗിരിപ്രഭാഷണം നടത്തുന്ന ക്രിസ്തു.
സരോജിനി ടീച്ചര്‍
ഇപ്പോഴും രണ്ടാം ക്ലാസിലാണ്‌. 
പാവപ്പെട്ടവന്റെ കൈയിലെ നാണയത്തിന്‌
അവന്റെ ആഗ്രഹങ്ങളൊക്കെ അറിയാം.
കണ്ണാടി ബൈബിളിനേക്കാള്‍
സ്തോത്രം ചെയ്യപ്പെട്ട ഉത്തമഗ്രന്ഥം,
ആത്മാരാധകന്‍ മുങ്ങിത്താഴുന്ന തടാകം.

ഇതു സന്ദേഹിക്കുന്നു
ഇരുട്ടിയില്ലെങ്കില്‍
പുതിയതെങ്ങിനെ വരും?
ഇരുളാത്തത്‌
എങ്ങനെ തെളിയും?
ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന
ഈ പെണ്‍കുട്ടി
കാത്തുനില്‍ക്കുന്നതിനെ മാത്രമാണോ
കാത്തുനില്‍ക്കുന്നത്‌?
എത്ര ശരീരങ്ങള്‍ കത്തിയ വെളിച്ചത്തിലിരുന്നാണ്‌
നാം തര്‍ക്കിക്കുന്നത്‌?
എത്ര കഷ്ടപ്പെട്ടാലാണ്‌
സ്വയം നീങ്ങാനാവാത്ത
ഒരു വസ്തു
നമ്മുടെ മുന്നിലെത്തുക?

ഇതു കാണുന്നു
കാട്ടില്‍ ഒരു മുടന്തന്‍ മൃഗവും 
അധികനാള്‍ ശേഷിക്കുകയില്ലെന്ന്
മൂന്നുവയസ്സുകാരി വെച്ചു നീട്ടുന്ന
കോറിവരയലുകള്‍
അച്ഛാ വായിച്ചുതാ.
കേട്ടെഴുത്തിന്‌ ഉണ്മ എന്ന വാക്കു കൊടുത്ത
ടീച്ചര്‍ക്കു കിട്ടിയ ഉമ്മകള്‍
ഉണ്മയെന്നെഴുതിയ മരവിച്ച മുഖമുള്ള
മിടുക്കന്‍ കുട്ടിയേയും.

വാക്കിന്റെ  പുത്തന്‍ മുനകളെ
കണ്ടെത്തുന്നവന്‍
നവീകരിക്കുന്നത്‌
ഭാഷയെ മാത്രമല്ല.
ഗണങ്ങളെ, സംപ്രത്യയങ്ങളെ
തത്ത്വചിന്തയെ, ഭൌതികശാസ്ത്രത്തെ,
രാഷ്ട്രീയത്തെ,
മനുഷ്യനെ നവീകരിക്കുന്നു.



കല്പറ്റ നാരായണന്റെ
കവിത
ചെയ്യുന്നത്‌ ഇതത്രെ!

Monday, March 3, 2014

ജനസഞ്ചയത്തിന്റെ രാഷ്ട്രീയം

രാഷ്ട്രീയത്തെ മതാത്മകതയുടെ ജഡത്വത്തിലേക്കും
കൊടിയ അപചയത്തിലേക്കും നയിക്കുന്ന
തടവറകളായി നമ്മുടെ രാഷ്ട്രീയകക്ഷികള്‍ മാറിത്തീര്‍ന്നിരിക്കുന്നു.
കക്ഷി രാഷ്ട്രീയത്തിന്റെ ഈ തടവറകള്‍ ഭേദിച്ചു കൊണ്ട്‌ രാഷ്ട്രീയത്തിന്‌
പുതിയ ആശയമാതൃക(Paradigm)യെ സംഭാവന ചെയ്യാനും
ഒരു ജനാധിപത്യ പൌരസമൂഹമായി മാറാനും
കേരളജനതയ്ക്ക്‌ കഴിയുമോയെന്ന വളരെ പ്രസക്തമായ ചോദ്യമാണ്‌
ബി. രാജീവന്‍ തന്റെ പുതിയ ലേഖനത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്‌.
വോട്ടുബാങ്കുകളായി വിഭജിക്കപ്പെട്ടിരിക്കുന്നതു മൂലം
ഒരു ജനാധിപത്യപൌരസമൂഹത്തിന്റെ കടമകളും
ഉത്തരവാദിത്തങ്ങളും നിര്‍വ്വഹിക്കാന്‍ കെല്‍പില്ലാതെ,
മതാനുയായികളെ എന്ന പോലെ രാഷ്ട്രീയകക്ഷികളുടെ
ആജ്ഞാനുവര്‍ത്തികളായി തീര്‍ന്നിരിക്കുന്ന ജനതക്ക്‌
ഇപ്പോഴത്തെ പുതിയ രാഷ്ട്രീയപ്രവണതകള്‍ വിമോചനത്തിനുള്ള വാതായനങ്ങള്‍
തുറന്നു നല്‍കുമോയെന്ന പ്രശ്നമാണ്‌
സമകാലരാഷ്ട്രീയത്തെ വികലനം ചെയ്തു കൊണ്ട്‌
അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്‌.
ആം ആദ്മി പാര്‍ട്ടിയുടെ അധികാരാരോഹണവുമായി ബന്ധപ്പെട്ട്
ഉയര്‍ന്നു വന്ന പുതിയ രാഷ്ട്രീയത്തെ വിശദീകരിച്ചുകൊണ്ട്‌
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ രാജീവന്‍ എഴുതിയ ലേഖനത്തിന്റെ
തുടര്‍ച്ചയായി ഇതിനെ വായിക്കുകയും വേണം.

ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങളിലെ ജനാധിപത്യകേന്ദ്രീകരണത്തിന്റെ
 അടിസ്ഥാനത്തിലുളള സംഘടനാ ചട്ടക്കൂട്‌ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ
നശിപ്പിക്കുന്നതാണെന്ന വിമര്‍ശനം സാംഗത്യമുള്ളതാണ്‌.
എന്നാല്‍, ഇതില്‍ നിന്നു വ്യത്യസ്തമോ മെച്ചപ്പെട്ടതോ ആയ
സംഘടനാസംവിധാനങ്ങള്‍ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കൊന്നുമില്ല.
മറിച്ച്‌, അവയിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാണ്‌.
ഔപചാരികമായിട്ടാണെങ്കിലും, ജനാധിപത്യക്രമത്തിലുളള
തെരഞ്ഞെടുപ്പുകളെങ്കിലും നടക്കുന്നത്‌ ഇടതുകക്ഷികളിലാണ്‌.
മറ്റു രാഷ്ട്രീയകക്ഷികളിലെല്ലാം തന്നെ ചോദ്യം ചെയ്യപ്പെടാത്ത ഹൈക്കമാന്‍ഡുകളും
അവരുടെ നോമിനികളുമാണ്‌ രാഷ്ട്രീയനേതൃത്വം.
വോട്ടുബാങ്കുകളുടെ രൂപീകരണത്തില്‍ ഇരുപക്ഷവും
സംഭാവനകള്‍ നല്‍കുന്നുണ്ടെന്നതു തീര്‍ച്ചയാണ്‌.
എന്നാല്‍, മതനേതൃത്വങ്ങളേയും മറ്റും കൂടുതലായി ആശ്രയിച്ച്‌
വോട്ടുബാങ്കുകള്‍ സൃഷ്ടിക്കുന്നത്‌ വലതുരാഷ്ട്രീയപ്രസ്ഥാനങ്ങളാണ്‌.
തീര്‍ച്ചയായും, ഇടതും വലതും തമ്മില്‍ ഇക്കാര്യത്തില്‍ നയപരമായി
എന്തെങ്കിലും വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നില്ല.
ഇതില്‍ നിന്നും വ്യത്യസ്തമായി ജനങ്ങളില്‍ നിന്നും
തീരുമാനങ്ങളെ തേടുന്ന സമീപനങ്ങള്‍ സ്വാഗതാര്‍ഹമാണ്.


 ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതി കൂടുതല്‍ സുതാര്യവും
ജനതയുടെ പങ്കാളിത്തത്തെ ഉറപ്പുവരുത്തുന്നതുമാണ്‌.
അരാജകത്വമെന്നു വിമര്‍ശിക്കപ്പെടുന്നു, അത്‌.
 എന്നാല്‍, ചരിത്രം തുറന്നു തരുന്ന പുതിയ വഴികളെ കണ്ടെത്താനും
 ഉപയോഗിക്കാനും ഈ അരാജകത്വം സഹായകമാകുന്നുവെന്നാണ്‌
ആദ്യാനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌.
ഉചിതമായ സമയത്ത്‌ ഏറ്റവും ഉചിതമായ തീരുമാനങ്ങളെടുക്കുകയും
കൃത്യസമയത്ത്‌ വെടി പൊട്ടിക്കുകയും ചെയ്ത ലെനിന്റെ
നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തുന്ന ചില അനുഭവങ്ങളാണ്‌
ആം ആദ്മി പാര്‍ട്ടിയുടെ ചില പ്രവര്‍ത്തനങ്ങളിലെങ്കിലും
നമുക്കു കണ്ടെത്താന്‍ കഴിയുന്നത്‌.
 ജനതയ്ക്കു വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത സൂക്ഷിച്ചുകൊണ്ട്‌
ഒട്ടും വിഭാഗീയമാകാതെ,
വളരെ അയവുള്ള സംഘടനാചട്ടക്കൂടില്‍ പ്രവര്‍ത്തിച്ചു കൊണ്ടു മാത്രം
നേടാവുന്ന കാര്യങ്ങളാണ്‌ 1917ല്‍ ലെനിന്‍ നേടിയെടുത്തത്‌.
അതിന്നായി രാഷ്ട്രീയമൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തതുമില്ല.
എല്ലാ സമരമാര്‍ഗ്ഗങ്ങളും ഉപയോഗിക്കുകയെന്ന
ലെനിന്റെ സമീപനത്തിലും അരാജകത്വമുണ്ടെന്നു പറയാം.
 എന്നാല്‍, അത്‌ ഏറ്റവും അയവുള്ള,
എല്ലാറ്റിനേയും സ്വീകരിക്കാന്‍ കെല്‍പുള്ള ആശയത്തിന്റെ പ്രകാശനമായിരുന്നു.
ചരിത്രം മുഴുവനും മുന്നണിപ്പടയാളികള്‍ക്കു പോലും വിവേചിച്ചറിയാന്‍
കഴിയാത്ത രീതിയില്‍ ഉള്ളടക്കത്തില്‍ സമ്പന്നവും ബഹുരൂപമാര്‍ന്നതും
വൈവിദ്ധ്യപൂര്‍ണ്ണവും ഊര്‍ജ്ജസ്വലവും
ധൈഷണികവുമാണെന്ന് ലെനിന്‍ എഴുതുന്നുണ്ട്‌.
പരമ്പരാഗതമായ ധാരണകളില്‍ തളച്ചിടപ്പെടാതിരിക്കാന്‍
ചരിത്രം വച്ചു നീട്ടുന്ന പുതിയ സാദ്ധ്യതകളെ സ്വീകരിക്കാന്‍
രാഷ്ട്രീയത്തിലും തുറന്ന സമീപനങ്ങളെ സ്വീകരിക്കേണ്ടതുണ്ട്‌.
അരാജകത്വം, എല്ലാ ചിന്തകളേയും കടന്നുകയറാനും കൂടിക്കുഴയാനും
പരസ്പരം പ്രതിപ്രവര്‍ത്തിക്കാനും അവസരമൊരുക്കുന്നു.
രാഷ്ട്രീയത്തിലെ സര്‍ഗാത്മകതയെ ത്വരിപ്പിക്കുന്നു.
സര്‍ഗാത്മകതയെ തടവിലിടുന്ന അടഞ്ഞ രാഷ്ട്രീയവ്യവസ്ഥകളില്‍ നിന്നും
മോചിപ്പിക്കാന്‍ ഈ അരാജകത്വം ഇപ്പോള്‍ ആവശ്യമാണ്‌.

എന്നാല്‍, ഇത്‌ രാഷ്ട്രീയത്തെ ഒഴിവാക്കാനുളള മാര്‍ഗ്ഗമല്ല.
 ആം ആദ്മി പാര്‍ട്ടിയുടെ ചില പ്രസ്താവങ്ങളില്‍ നിന്നും
രാഷ്ട്രീയയാഥാര്‍ത്ഥ്യം മാഞ്ഞുപോകുന്നു.
മുതലാളിത്തത്തിനെതിരല്ല, ദുഷിച്ച ചങ്ങാത്ത മുതലാളിത്തത്തെയാണ്‌
എതിര്‍ക്കുന്നതെന്നു പറയുമ്പോള്‍,
മുതലാളിത്തവ്യവസ്ഥ ലോകത്തെ നയിച്ചു കൊണ്ടിരിക്കുന്നത്‌
വലിയ നാശത്തിലേക്കാണെന്നുള്ള രാഷ്ട്രീയജ്ഞാനത്തില്‍ നിന്നും
അവര്‍ അകലുകയാണ്‌.
വിഷമില്ലാത്ത രാജവെമ്പാലയെ കുറിച്ചാണ്‌ ആം ആദ്മി പാര്‍ട്ടി പറയുന്നതെന്ന
രാഷ്ട്രീയസുഹൃത്തിന്റെ ഫലിതത്തില്‍ കലര്‍ന്ന വിമര്‍ശം പ്രധാനമാണ്‌.
സാമ്പത്തികന്യൂനീകരണത്തിലേക്കു നിപതിക്കാതിരിക്കണം.
തൊഴിലാളികളും കര്‍ഷകരും ആദിവാസികളും സ്ത്രീകളും ദളിതരും പരിസ്ഥിതിയും ഉള്‍പ്പെടെ
എല്ലാ രാഷ്ട്രീയഗണങ്ങളും സന്ദര്‍ഭത്തിന്റെ പ്രാമുഖ്യങ്ങള്‍ക്കനുസരിച്ച്‌ ഫോക്കസ്‌ ചെയ്യപ്പെടണം. എക്കാലത്തേക്കും ബാധകമായ മുഖ്യവൈരുദ്ധ്യത്തെ
കുറിച്ചുള്ള അതിവാദങ്ങളും അതിലേക്കുള്ള ന്യൂനീകരണങ്ങളും ഒഴിവാക്കപ്പെടണം.
എപ്പോഴും നവീകരിക്കാനും മാറിത്തീരാനുമുള്ള
അയവും സന്നദ്ധതയുമായിരിക്കണം ഇനിയും ഉയര്‍ന്നു വരേണ്ട
ജനസഞ്ചയരാഷ്ട്രീയത്തിന്റെ മുഖമുദ്രയായിരിക്കേണ്ടത്‌.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...