Wednesday, February 27, 2013

ഭീകരം ഈ അകംലോകം

പ്രമോദ്‌ രാമന്റെ കഥകള്‍ വായനയെ ലഘുവല്ലാത്ത, ലളിതമല്ലാത്ത പ്രവൃത്തിയാക്കി മാറ്റാന്‍ പ്രേരിപ്പിക്കുന്നവയാണ്‌. പ്രത്യക്ഷത്തില്‍ കാണുന്നതൊന്നുമല്ല നമ്മുടെ ജീവിതം എന്നു പറയേണ്ടതുണ്ട്‌, ഈ കഥാകാരന്‌. സങ്കീര്‍ണ്ണമായ ലോകത്തെ ലളിത,കോമളപദങ്ങളിലെഴുതുക അസാദ്ധ്യമത്രെ. മറയ്ക്കുകയോ ഒളിച്ചുവയ്ക്കപ്പെടുകയോ ഇതരരീതികളില്‍ പരോക്ഷീകരിക്കപ്പെടുകയോ ചെയ്യുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ, മലയാളകഥാലോകത്തിന്‌ അധികമൊന്നും പരിചയമില്ലാത്ത സവിശേഷമായ കഥാനിര്‍മ്മാണചാതുരി കൊണ്ട്‌ വെളിപ്പെടുത്തുന്നു, ഇയാള്‍. ഈ രചനയുടെ വഴികള്‍ ദുര്‍ഘടം പിടിച്ചതെന്നു കുറ്റപ്പെടുത്തുന്നവരുണ്ടാകാം. സങ്കീര്‍ണ്ണമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ലളിതമായ ഘടനകള്‍ക്കു വഴങ്ങുന്നതല്ലല്ലോ. എന്നാല്‍, വിശ്വാസങ്ങളുടേയും വികാരങ്ങളുടേയും ഏതേതു ലോകങ്ങളിലാണ്‌ ജീവിക്കുന്നതെന്ന് സ്വയം തിരിച്ചറിയാത്ത നമ്മളോട്‌ 'ഇതാണ്‌ നിങ്ങളുടെ ഉള്ള്‌' എന്നു പറയുന്നു, ഈ കഥകള്‍. 

അപസ്മാരകം എന്ന കഥ കേരളത്തിലെ മധ്യവര്‍ഗകുടുംബജീവിതത്തിലെ അവസ്ഥാവിശേഷങ്ങളിലേക്ക്‌ കണ്ണെത്തിക്കുന്നു. റാമും ചിന്തയും മിഷയും അടങ്ങുന്ന അണുകുടുംബമാണ്‌ കഥയിലേത്‌. ഐ.ജി. റാമിന്റേയും അയാളുടെ ഗൃഹനാഥയായ ഭാര്യ ചിന്തയുടേയും കുടുംബം. പുറമേയ്ക്കു കാണുന്നതല്ല അകത്തുള്ളത്‌. പുറമേയ്ക്കു സ്വസ്ഥം, സംതൃപ്തം. എന്നാല്‍, അസംതൃപ്തികളും അസ്വസ്ഥതകളും ചൂഴ് ന്നു നില്‍ക്കുന്ന വിഭജിതമായ ലോകങ്ങള്‍, ഉള്ളില്‍. ചവിട്ടുപടികളില്‍ ചിതറി കിടക്കുന്ന വറ്റുകളില്‍ ചവിട്ടുമ്പോള്‍ കുഞ്ഞുകിളിമുട്ടകള്‍ ഉടയ്ക്കുന്നതിന്റെ സുഖമനുഭവിക്കുന്നവന്‍ റാം. പടികളില്‍ തൂവികിടക്കുന്ന വറ്റുകളെ ചവിട്ടാതെ പോകുന്ന ചിന്തയോട്‌ റാമിന്‌ എതിര്‍പ്പുണ്ട്‌. ബന്ധങ്ങളിലെ വിടവുകള്‍ ഇവരെ സ്വയം പിളര്‍ത്തുന്നു. റാം റാം മാത്രമല്ല, ചിന്ത ചിന്ത മാത്രമല്ല. ചിന്ത വില്‍ഫ്രഡ്‌ ഷെഫാനെന്ന എഴുത്തുകാരനായി മാറുന്നു. ഈ എഴുത്തുകാരന്റെ നോവലിലെ കഥാപാത്രങ്ങളായി റാമും ചിന്തയും അവതരിക്കുന്നു. റാം ജെറാര്‍ഡ്‌ നോറി എന്ന ആരാച്ചാരാണ്‌, ചിന്ത അഗതയും. ചിന്തയില്‍ ചിന്തിച്ചു തുടങ്ങുന്ന പെണ്ണിനെ കുറിച്ചുള്ള സൂചനകളുണ്ട്‌, അഗതയില്‍ അന്വേഷണബുദ്ധിയുള്ളവളും. അഗത നോറിയുടെ ആദ്യത്തേയും അവസാനത്തേയും പെണ്ണിര. അച്ഛന്‍ ബ്രയാന്‍ അമ്മ നിമോണയെ മുറ്റത്തു നിന്നും വീടിന്നകത്തേക്കു വലിച്ചു കൊണ്ടുപോയി ബലാല്‍ക്കാരം ചെയ്യുമ്പോള്‍ പാറാവുകാരനായി നിന്നു വളര്‍ന്നവന്‌ അഗതയെ കെട്ടണമായിരുന്നു, ബലാത്സംഗം ചെയ്യാന്‍. ആനയെ പിഴിഞ്ഞു നീരെടുക്കുന്ന നോറി യഥാര്‍ത്ഥത്തില്‍ വാഴപ്പിണ്ടിക്കു ജീവന്‍ വച്ചവനായിരുന്നു, റാമും അങ്ങനെ തന്നെ. അവന്‌ മദ്യപാനവും ഭോഗവും വെള്ളിയാഴ്ച തോറും. ഐ.ജി.യുടെ കൃത്യത. ഫ്ളാറ്റിലെ മുറിയിലേക്ക്‌ വണ്ടുകളെ അഴിച്ചു വിട്ട്, ബലാല്‍സംഗം ചെയ്യപ്പെടാനുള്ള പശ്ചാത്തലമൊരുക്കി, ചിന്തയെ ഒറ്റയ്ക്കാക്കി റാം ഓഫീസിലേക്കു പോകും. എങ്കിലും, പൊട്ടറ്റോ ചിപ്സ്‌ വില്‍ക്കുന്നവന്റെ വേഷത്തില്‍ റാം കോളിങ്ങ്‌ ബെല്ലമര്‍ത്തും. ചിപ്സ്‌ വില്‍പനക്കാരന്‌ ചിന്തയെ ബലാത്സംഗം ചെയ്യണം, ബലാത്സംഗം ചെയ്യുന്നതായി അവന്‌ അഭിനയിക്കണം. കാളക്കൂറ്റനെ പോലെ ചിന്തയുടെ നേര്‍ക്ക്‌ അടുത്തുവരുന്നവന്‍ മുക്രയിട്ട് മുക്രയിട്ട് അപസ്മാരം ബാധിച്ച്‌ വായില്‍ നിന്നും  നുര ഒഴുക്കുന്നു. മണിയൊച്ച കേള്‍ക്കുന്നവള്‍ ചിപ്സ്‌ വില്‍പനക്കാരന്റെ അപസ്മാരത്തില്‍ നിന്നും ഉണരുന്നത്‌ അപസ്മാരബാധയാല്‍ മോഹാലസ്യപ്പെട്ട് വീല്‍ ചെയറില്‍ മുറിയിലേക്കു വരുന്ന റാമിലേക്കാണ്‌. വില്‍ഫ്രഡ്‌ ഷെഫാന്റെ അവസാനനോവലില്‍ നോറിയെ തൂക്കിലേറ്റുന്നു. അയാളെ തൂക്കിലേറ്റിയ ആരാച്ചാര്‍ അഗതയായിരുന്നു. പിന്നെ, വില്‍ഫ്രഡ്‌ ഷെഫാന്‍ എഴുതിയതേയില്ല. 'അഗതയെ വിശേഷിപ്പിക്കാന്‍ ആരാച്ചാരുടെ സ്ത്രീലിംഗപദം കിട്ടാതെയായപ്പോള്‍ താഴെയിട്ട പേന ഷെഫാന്‍ തിരിച്ചെടുത്തില്ല.' ഈ വാക്യത്തോടെയാണ്‌ പ്രമോദ്‌ രാമന്റെ കഥ അവസാനിക്കുന്നത്‌. 


വിശുദ്ധമെന്നും സംതൃപ്തമെന്നുമുള്ള പ്രതീതികള്‍ നിലനിര്‍ത്തുന്ന നമ്മുടെ മധ്യവര്‍ഗകുടുംബങ്ങളുടെ ഉള്ളിലേക്കു നോക്കുന്നു, ഈ കഥ. അവിടെ ലൈംഗിക അസംതൃപ്തികളുടെ, ലൈംഗിക അരാജകത്വത്തിന്റെ, ലൈംഗിക പീഡനങ്ങളുടെ... മറച്ചുവെയ്ക്കപ്പെട്ട ഭീകരയാഥാര്‍ത്ഥ്യങ്ങളെ കണ്ടെത്തുന്നു. പരിശുദ്ധിയുടെ വിളനിലമെന്നു കൊണ്ടാടപ്പെടുന്ന മധ്യവര്‍ഗകുടുംബവ്യവസ്ഥ പേറുന്ന പാപഭാരങ്ങളെ വിവൃതമാക്കുന്നു. അച്ഛന്‍ അമ്മയെ ബലാത്സംഗം ചെയ്തതില്‍ പിറന്നവനും അച്ഛന്റെ ബലാത്സംഗങ്ങളുടെ പാറാവുകാരനുമായ നോറി അഗതയെ പിടിക്കാനായുന്നത്‌, അച്ഛന്‍ ബ്രയാനെ മൂന്നു വട്ടം മനസ്സിലുരുവിട്ടു കൊണ്ടാണ്‌. അവന്‍ വളര്‍ന്നു വന്ന ലൈംഗികതയുടെ സംസ്ക്കാരം കീഴടക്കലിന്റേതായിരുന്നു. ആ പാഠങ്ങളില്‍ വളര്‍ന്ന്, കൊടിയ ആക്രമണത്തിന്റേയും മര്‍ദ്ദനത്തിന്റേയും മനസ്സുമായി ചെല്ലുന്നവന്റെ ലൈംഗികശേഷിയോ? കൊല്ലന്‍ പഴുപ്പിച്ചെടുത്ത വാര്‍പ്പുലിംഗങ്ങള്‍ പെട്ടെന്നു വാടി വീഴുന്നുവെന്ന് കഥയില്‍ എഴുതപ്പെടുന്നുണ്ട്‌. അഗത പറയുതാകട്ടെ, തന്റെ ഉടല്‍ യുദ്ധം ചെയ്യപ്പെട്ട ഭൂമികയാണെന്നാണ്‌. തന്നെ വെട്ടിപ്പൊളിച്ചും ദണ്ഡനം ചെയ്തും ഭീതിപ്പെടുത്തിയും ഭോഗിക്കുന്നവനെ മാത്രമേ അവള്‍ക്കറിയൂ, അവനെ മാത്രമേ ഇനിയും പ്രതീക്ഷിക്കാനുള്ളൂ. 'എന്നെ ശിക്ഷിക്കാനാണെങ്കില്‍, നിനക്കെന്നെ കെട്ടാം' എന്നു പറയുന്നവള്‍ വിവാഹജീവിതം കൊടിയ ശിക്ഷയായി അനുഭവിക്കുന്ന സ്ത്രീലോകത്തെ തിരിച്ചറിയുന്നു. നമ്മുടെ ലൈംഗികജീവിതം ക്രൂരതയുടേയും അസംതൃപ്തികളുടേയും പരാജയങ്ങളുടേയും പര്യായമായി മാറിപ്പോകുന്നതിന്റെ കാഴ്ചകളാണിത്‌. ഇത്‌ കൊലയിലേ അവസാനിക്കൂ. ഷെഫാന്റെ നോവലില്‍ നോറിയെ തൂക്കിലേറ്റുന്ന അഗത, ജീവിതത്തില്‍ റാമിനെ തൂക്കിലേറ്റുന്ന അയാളുടെ ഭാര്യ ചിന്ത തന്നെയാണ്‌. ഈ കഥ വില്‍ഫ്രഡ്‌ ഷെഫാന്‍ എഴുതിയ നോവലുകളുടെ പ്രമേയവിവരണം മാത്രമല്ലാതാകുന്നത്‌ അങ്ങനെയാണ്‌. കഥയില്‍ നിന്നും ഉയരുന്ന സൂക്ഷ്മരാഷ്ട്രീയധ്വനികള്‍ പെരുക്കി കേല്‍പിക്കേണ്ടവയാണ്‌. എന്നാല്‍, ഇത്‌ ഒരു ഉത്തരാധുനികപ്രവണതക്കെതിരായ വിമര്‍ശം കൂടിയാണ്‌. ഉറച്ച രാഷ്ട്രീയപ്രതിരോധങ്ങള്‍ കൊണ്ട്‌ മാറ്റിത്തീര്‍ക്കേണ്ടതിനെ ചിഹ്നങ്ങളുടേയും അര്‍ത്ഥങ്ങളുടേയും പാഠങ്ങളുടേയും പ്രശ്നമാക്കി ചുരുക്കുന്നതിനെതിരായ വിമര്‍ശം.

പ്രമോദ് രാമന്റെ അപസ്മാരകം എന്ന കഥ നിര്‍വ്വഹിക്കുന്ന അപനിര്‍മ്മാണം പ്രധാനമാണ്. നമ്മുടെ കുടുംബങ്ങളെ കുറിച്ച് നാം പണ്ടേ കുടിയേറ്റിയിരിക്കുന്ന വിശ്വാസങ്ങളേയും നിര്‍മ്മിച്ചുറപ്പിച്ചിരിക്കുന്ന സ്മാരകങ്ങളേയും ഈ അപസ്മാരബാധയുടെ കഥ അപനിര്‍മ്മിക്കുന്നു. എന്‍. എസ്. മാധവന്റെ ഹിഗ്വിറ്റക്കു ശേഷം മലയാളകഥ ഇങ്ങനെ നിറഞ്ഞു പൂക്കുന്നത് ഇപ്പോഴാണ്.

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍
വായനക്കാരുടെ പേജില്‍ പ്രസിദ്ധീകരിച്ച പ്രതികരണം )



POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...