Showing posts with label കവിതാപഠനത്തില്‍ നിന്നും. Show all posts
Showing posts with label കവിതാപഠനത്തില്‍ നിന്നും. Show all posts

Friday, November 4, 2022

കാടിനു ഞാനെന്തു പേരിടും?





വിനയചന്ദ്രന്‍ 'കാട്' എന്ന കവിത ചൊല്ലുന്നത് കേള്‍ക്കുന്നത് 
പാല സെന്റ്‌തോമസ് കോളേജില്‍ ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. കോളേജ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയിലാകണം, 
കവിത ചൊല്ലാനായി വിനയചന്ദ്രന്‍ വന്നത്.* 
ആ കവിതയുടെ അര്‍ത്ഥതലങ്ങളല്ല, ശബ്ദതാളങ്ങളും ചൊല്ലലിലെ സവിശേഷതയുമായിരിക്കണം ആദ്യം ആകര്‍ഷിച്ചത്.
 എന്നാല്‍, അന്യൂനമായ എന്തോ അര്‍ത്ഥതലങ്ങള്‍ ഈ കവിതയിലുണ്ടെന്ന അനുഭവവും 
പെട്ടെന്നു തന്നെ നമുക്കുണ്ടാകുന്നു; 
അതു പിടികിട്ടിയില്ലെങ്കില്‍ തന്നെയും. 
പിന്നെ, പല പ്രാവശ്യം 'കാട്' വായിച്ചിരിക്കണം.

ഞാനെന്തുപേരിടും
കാട്ടിലെക്കാരണേന്മാര്‍ക്കെന്തു പേരിടും
...
ഞാനെന്തുപേരിടും
കാട്ടിലെ കൂട്ടുകാര്‍ക്കെന്തു ഞാന്‍ പേരിടും
...
ഞാനെന്തുപേരിടും
കാട്ടിലെ കുട്ടികള്‍ക്കെന്തു ഞാന്‍ പേരിടും
...
കാടിനു ഞാനെന്തു പേരിടും.
എന്നിങ്ങനെ സന്ദേഹങ്ങളുടെയും ആധികളുടെയും പല ഖണ്ഡങ്ങളിലൂടെ കടന്ന്

കാടിനു ഞാനെന്തു പേരിടും;
കാടിനു ഞാനെന്റെ പേരിടും.
എന്ന തീര്‍ച്ചയിലെത്തി പതുക്കെ വ്യാഖ്യാനതലത്തിലേക്കു നീങ്ങി
 
'പേരുകളല്ലയോ സര്‍വ്വചരാചരം
പേരുകള്‍ക്കുള്ളില്‍ പെരുമാളിരിക്കുന്നു.
പേരും പെരുമാളുമൊന്നുതാനല്ലയോ' എന്ന അറിവു നേടി

'ഒന്നുതാനല്ലയോ നിങ്ങളും ഞാനു
മിക്കാടും കിനാക്കളുമണ്ഡകടാഹവും' എന്ന അദ്വൈതസങ്കല്‍പ്പനത്തിലെത്തി ഈശാവാസ്യോപനിഷത്തിലെ ശാന്തിമന്ത്രത്തില്‍ കവിത അവസാനിക്കുന്നു.



പേരിനെ കുറിച്ചുള്ള ആകുലത കവിയുടെ 
വാക്കിനെ കുറിച്ചുള്ള ആകുലതയായിട്ടാണ് 
ആദ്യം നമുക്കു അനുഭവപ്പെടുക! 
അറിയാനുള്ള മാര്‍ഗ്ഗം പേരിടലാണ്. 
എല്ലാറ്റിനും പേരിടാന്‍ കഴിഞ്ഞാല്‍ എല്ലാം അറിഞ്ഞെന്നാകും!
പക്ഷേ, എല്ലാറ്റിനും പേരിടുകയെന്നത് അസാദ്ധ്യമാണ്. രാപകലെണ്ണിയടങ്ങാത്ത ഗന്ധങ്ങള്‍ക്കും 
മാരിവെയിലെണ്ണി മാറാത്ത കാറ്റുകള്‍ക്കും...
ഇങ്ങനെ ഓരോന്നിനും പേരിടുന്നതെങ്ങനെ? 
എത്ര കാറ്റുകള്‍ക്കു പേരിടും? 
എത്ര ഗന്ധങ്ങള്‍ക്കു പേരിടും?
എത്ര കല്ലുകള്‍ക്ക്, എത്ര കുന്നുകള്‍ക്ക്, എത്ര പ്രണയങ്ങള്‍ക്ക്,
എത്ര രാത്രികള്‍ക്കു പേരിടും?

'പൂവുകള്‍ ചോലകള്‍ പക്ഷികള്‍ യാമങ്ങള്‍
പൂര്‍വ്വജന്മങ്ങളെപ്പുല്‍കി നില്‍ക്കുന്നവര്‍
നാമരൂപങ്ങളാല്‍ നാമറിയാത്തവര്‍
നാമെന്തറിയുന്നു നമ്മളെക്കൂടിയും'
എല്ലാറ്റിനും പേരിടാന്‍ കഴിയാത്തതു കൊണ്ടു കവിതയുണ്ടാകുന്നു. സവിശേഷമായ അനുഭവം സാമാന്യമായി തീര്‍ന്ന വാക്കു കൊണ്ടും പേരു കൊണ്ടും പറയണമെങ്കില്‍ കവിതയുണ്ടാകണം. 
എന്തു പേരിടുമെന്ന കവിയുടെ ആകുലത വാക്കിനെ കുറിച്ചും കവിതയെ കുറിച്ചുമുള്ള ആകുലതയായി 
നമുക്കു തോന്നുന്നത് ഇതു കൊണ്ടാകാം. 
എല്ലാറ്റിനും പേരിടാന്‍ കഴിഞ്ഞാല്‍ കവിതയില്ലെന്നാകും.
ഈ അസാദ്ധ്യതയിലാണ് കവിതയുണ്ടാകുന്നത്. 
ഈ അസാദ്ധ്യത കവിതയുടെ സാദ്ധ്യതയാകുന്നു.

സാമാന്യാര്‍ത്ഥത്തില്‍ നിന്നും തെന്നിമാറി
പുതിയ അര്‍ത്ഥം കിട്ടിയ വാക്കാണ് കവിത.
വാക്കിന് പുതിയ അര്‍ത്ഥം നിര്‍മ്മിച്ചു നല്‍കലാണ്, കവികര്‍മ്മം.
ഇത് അനായാസമായ കാര്യമല്ല. 
ഇത് ഒരു വിഷമഘട്ടമാണ്. 
കാടിനു ഞാനെന്തു പേരിടും എന്ന സന്ദിഗ്ദ്ധത
കാടിന്റെ ബഹുലതയെ എങ്ങനെ ആവിഷ്‌ക്കരിക്കും
എന്ന സന്ദിഗ്ദ്ധതയാണ്. കാടിന്റെ അനുഭവം മുഴുവന്‍ എന്നിലുണ്ടാകയാല്‍ കാടിനു ഞാനെന്റെ പേരിടും 
എന്നു കവി പറയുന്നു. എല്ലാം എന്നിലുണ്ട്. 
എല്ലാം ഞാന്‍ തന്നെയാണ്. 
അപരമായതെല്ലാം ആത്മത്തിലുണ്ടെന്ന വിവേകത്തിലൂടെ കവികര്‍മ്മത്തിന്റെ വിഷമഘട്ടത്തെ ഭേദിക്കുകയാണ് കവി.
കവി അദ്വൈതിയായി മാറുന്നു.
ഞാന്‍ നീ തന്നെ, മറിച്ചും. 
കാട് ഞാന്‍ തന്നെ. അതുകൊണ്ട് കാടിനു ഞാനെന്റെ പേരിടും.
എല്ലാം ഞാനാകയാല്‍ പേരും പെരുമാളും ഒന്നുതന്നെ. 
ഞാന്‍ തന്നെ ദൈവവും. 
തികഞ്ഞ അദ്വൈതത്തില്‍ എത്തിയിട്ടാണ് കവി തന്റെ സന്ദേഹങ്ങളെയും ആകുലതകളെയും ശമിപ്പിക്കുന്നത്.
പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണമുണ്ടാകുന്ന അവസ്ഥയാണിതെന്ന പൂര്‍വ്വികവചനത്തെ ഉദ്ധരിച്ചു കവിത ഇത് ഉറപ്പിക്കുന്നു. 
എല്ലാമായ എന്നില്‍ നിന്നും എന്നെ മാറ്റിയാലും
എല്ലാം അവശേഷിക്കും. 
അനന്തത്തില്‍ നിന്നും അനന്തത്തെ നീക്കിയാലും
അനന്തം അവശേഷിക്കും.
 വിനയചന്ദ്രന്റെ കവിത അദ്വൈതത്തിന്റെ പ്രഘോഷണമാണ്.

ബഹുലതകളിലെ എല്ലാ വൈരുദ്ധ്യങ്ങളേയും ശമിപ്പിക്കാനുള്ള മാര്‍ഗ്ഗം എല്ലാറ്റിനേയും ഒന്നായി കാണുകയാണെന്ന്, എല്ലാം ഏകമാണെന്ന് ഉറപ്പിക്കുകയാണെന്ന് ഏതൊരു അദ്വൈതവാദിയോടുമൊപ്പം ചേര്‍ന്ന് വിനയചന്ദ്രനിലെ അദ്വൈതിയായ കവി പറയുന്നു. 
ഞാന്‍ ഈ സങ്കല്‍പ്പനത്തോടു യോജിക്കാത്തയാളാണ്. 
എല്ലാറ്റിനേയും ഒന്നായി കാണുകയെന്നത് 
എല്ലാറ്റിനേയും ഒന്നിലേക്കു ചുരുക്കുന്നതിലേക്കാണ് എത്തിപ്പെടുകയെന്ന്
ഈ ആദര്‍ശത്തിന്റെ ഇന്നേവരെയുള്ള പ്രയോഗങ്ങള്‍ ബോദ്ധ്യപ്പെടുത്തിക്കഴിഞ്ഞു. 
ബഹുലതയെ ഏകത്വത്തിലേക്കു മര്‍ദ്ദിച്ചൊതുക്കുന്നത് ആധിപത്യപരമായ സമീപനമാണ്. അതാണ് ഏകാധിപത്യം. ബഹുലതയുടെ ലക്ഷണം ബഹുലമായിരിക്കലാണ്. 
ഏകമായിരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് അതു ബഹുലമായിരിക്കുന്നത്. 
ബഹുലതകളിലെ എല്ലാ വൈരുദ്ധ്യങ്ങളേയും ശമിപ്പിക്കാനുള്ള മാര്‍ഗ്ഗം അവ നിലനില്‍ക്കുന്നുവെന്ന് അംഗീകരിക്കുകയും പരസ്പരം ആദരിച്ചുകൊണ്ടു അവയ്ക്കു നിലനില്‍ക്കാനുള്ള അവസ്ഥ സൃഷ്ടിക്കുകയുമാണ്. ഇതാണ് ജനാധിപത്യം. 
എന്നിലേയും നിന്നിലേയും ബഹുലതകളെ അമര്‍ത്തി ഞെരുക്കി
ഞാനും നീയും ഒന്നാണെന്നു പറയുന്നതിലും ഉചിതമായത് 
നമ്മളിലെ വ്യത്യസ്തകളെ പരസ്പരം അറിയുകയും ആദരിക്കുകയും വ്യത്യസ്തമായിരിക്കാന്‍ പരസ്പരം സഹായിക്കുകയുമാണ്. 
നമ്മുടെ ഭവശാസ്ത്രം ഗണിതമാണെങ്കില്‍ 
അതിലെ ഒന്ന് എന്ന സംഖ്യയെ അഭിമുഖീകരിക്കാതെ
 തന്നെ നമുക്കു കടന്നു പോകാവുന്നതാണ്. (നാം ഏകമായിരിക്കുന്ന സന്ദര്‍ഭങ്ങളില്ലേ എന്ന ചോദ്യത്തിന് അത് അനന്തത്തിലെ ഒന്നു മാത്രമാണെന്നു താല്‍പ്പര്യം) പ്രത്യക്ഷലോകത്തിലേക്കു നോക്കൂ. 
നമ്മുടെ ലോകത്ത് ശുന്യതയും ബഹുലതകളും മാത്രമേയുള്ളൂ.
നമ്മുടെ ഗണിതപരമായ ഭവശാസ്ത്രത്തില്‍ 
പൂജ്യവും ബഹുലതകളും മാത്രം മതിയാകും. 
പൂജ്യം, രണ്ട്, മൂന്ന്....എന്നിങ്ങനെ.

വിനയചന്ദ്രന്റെ കവിത സൗന്ദര്യപൂര്‍ണ്ണമാകുന്നതും ആനന്ദദായകമാകുന്നതും ബഹുലതകളെ തോറ്റിയുണര്‍ത്തുമ്പോഴും പാടിപ്പൊലിപ്പിക്കുമ്പോഴും ആണെന്നു കാണുക!
വിരുദ്ധങ്ങളെന്നു വിധിക്കപ്പെടുന്നവയുടെ ബഹുസ്വരതയില്‍
കവിത സൗന്ദര്യം കൊണ്ടു തളിര്‍ക്കുകയും പൂക്കുകയുംചെയ്യുന്നു. 
ഈ ബഹുലതകളെ ശമിപ്പിച്ച് ഏകത്തിലേക്ക് ആനയിക്കുന്നത് കവിയുടെ ദാര്‍ശനികമായ ആവശ്യം മാത്രമാണ്.
അതിനെ ഒഴിവാക്കിയാലും കവിത ആനന്ദദൗത്യം നന്നായി നിര്‍വ്വഹിക്കുന്നുണ്ട്. പദാര്‍ത്ഥത്തിനു ആത്മാവില്‍ നിന്നും ഭേദം കാണാത്ത, അവയെ വേര്‍തിരിക്കാത്ത, അവയെ ഒന്നായി കാണുന്ന ഏകത്വവാദം ഭൗതികപ്രകൃതിയെ ധാര്‍മ്മികയാഥാര്‍ത്ഥ്യത്തില്‍ നിന്നും വേര്‍തിരിക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് ശാസ്ത്രചിന്തകയായ മീരാനന്ദ പറയുന്നത്
 ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്. **
ധാര്‍മ്മികപിഴകള്‍ ഭൗതികയാഥാര്‍ത്ഥ്യത്തില്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുമെന്നു വാദിക്കുകയും കര്‍മ്മത്തിലേയും ധര്‍മ്മത്തിലേയും പിഴകളാണ് ഈ ലോകവാസത്തിലെ ദുരിതങ്ങള്‍ക്കും അസ്പര്‍ശ്യതയ്ക്കും പ്രകൃതിദുരന്തങ്ങള്‍ക്കുംമറ്റും കാരണമെന്നു ഉറപ്പിക്കുകയും ചെയ്യുന്നതിന് ഹിന്ദുത്വത്തെ സഹായിക്കുന്നത് ഈ അദ്വൈതവാദമാണെന്ന് അവര്‍ നിരീക്ഷിക്കുന്നു. 
അത് ജാതിവ്യവസ്ഥയുടെ ന്യായീകരണങ്ങള്‍ക്കു സഹായകമാകുന്നു. 
ജാതിവ്യവസ്ഥ ബഹുലതകളുടെ പ്രകാശനമല്ല. 
അത് നിര്‍ബ്ബന്ധപൂര്‍ണ്ണമായ വെട്ടിമുറിക്കലിലൂടെ സൃഷ്ടിക്കപ്പെടുന്നതാണ്. അത് വിഭജനമാണ്. 
അദ്വൈതവാദത്തിന്റെ തുടര്‍ച്ചയില്‍ രൂപപ്പെടുന്ന 
വേദനാകരമായ പ്രകരണമാണത്.
പ്രകൃതിയെ ധര്‍മ്മമൂല്യചിന്തകളില്‍ നിന്നും വിടര്‍ത്തുന്ന ആധുനികശാസ്ത്രചിന്തയുടെ രീതിശാസ്ത്രവും ദര്‍ശനവും
 ഇന്ത്യയിലെ അസ്പര്‍ശ്യരും നിന്ദിതരുമായ ജനകോടികള്‍ക്ക് ആശ്രയമാണെന്ന് മീരാനന്ദ എഴുതുന്നു. 
അംബേദ്ക്കറെ പോലുള്ള ദളിത് ചിന്തകര്‍ ഇതു തിരിച്ചറിഞ്ഞിരുന്നതായി മീര കൂട്ടിച്ചേര്‍ക്കുന്നു. 
വ്യത്യസ്തതകളുടെ ആഘോഷം 
ജാതിവ്യവസ്ഥയുടെ ന്യായീകരണമല്ല, 
അതിന്റെ നിരാസമാണെന്നു ചുരുക്കം. 
നൂറു നൂറു പൂക്കള്‍, നൂറു നൂറു വര്‍ണ്ണങ്ങള്‍ വിരിയട്ടെ! ബഹുസ്വരങ്ങള്‍ ആഘോഷിക്കപ്പെടട്ടെ!


***********************************************************************************************
*വിനയചന്ദ്രന്‍ 'കുഞ്ഞനുണ്ണി'യും ചൊല്ലി.
'ചക്കക്കുരുവിന്റെയുള്ളിലില്ല' എന്ന വരികളില്‍
എത്തിയപ്പോഴേക്കും കവിത കേള്‍ക്കാനായിരുന്ന
മലയാളവിഭാഗം തലവന്‍ എഴുന്നേറ്റു പോയി. 
എന്റെ അടുത്തിരുന്ന സുഹൃത്ത്; 
മലയാളവിഭാഗത്തില്‍ പഠിച്ചിരുന്ന പ്രദീപ്, പറഞ്ഞു :
'സാറിന് ഇഷ്ടമായില്ല'. 

**ശാസ്ത്രവും ധാര്‍മ്മികതയും എന്ന വിഷയം മീരാനന്ദയുടെ ഈ നിലപാടില്‍ അവസാനിക്കുന്നതാണെന്നു ഞാന്‍ കരുതുന്നില്ല. 'ശാസ്ത്രം ചിന്തിക്കുന്നുണ്ടോ?` എന്ന വിഷയത്തില്‍ ഞാന്‍ എഴുതിയ ലേഖനങ്ങള്‍ ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ശാസ്ത്രവും ധാര്‍മ്മികതയും ചേര്‍ന്നു സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ strategic പരിഹാരങ്ങളാകണം ആവശ്യപ്പെടുന്നത്.

Saturday, January 13, 2018

ചെണ്ട

ബാലചന്ദ്രന്‍ ചുള്ളിക്കാട് മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയ ചെണ്ട എന്ന കവിതയെ കുറിച്ച് എന്‍.പി, വിജയകൃഷ്ണന്‍ എഴുതിയ ഒരു ലേഖനം ഈ ലക്കം കലാപൂര്‍ണ്ണ മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ലേഖനത്തോടു പ്രതികരിക്കാനുള്ള ഒരു ശ്രമമാണ് ഈ കുറിപ്പ്.
ബാലചന്ദ്രന്റെ കവിത പൂര്‍ണ്ണമായും ആ ലേഖനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ആദ്യം കവിത വായിക്കുക.

ചെണ്ട

ചെണ്ട പറഞ്ഞു പശുവായിരുന്നു ഞാന്‍
പണ്ടു ഗോപാലകവേണു സംഗീതത്തില്‍
സല്ലീനയാകവേ, വായില്‍ച്ചവയ്ക്കുന്ന
പുല്ലുണ്ടയൂര്‍ന്നതറിയാതെ നിന്നവള്‍
ഒന്‍പതുദ്വാരവും പൊത്തിയെന്നെക്കൊന്നും
എന്റെ വപയെടുത്തും സ്വര്‍ഗകാമികള്‍
രണ്ടു മൂവായിരത്താണ്ടുകള്‍ക്കപ്പുറം
ഉണ്ടാക്കി സംസ്കാരഭദ്രമാം ഭാരതം
എന്റെ വംശത്തിനെ ത്രാണനം ചെയ്യുവാന്‍
സ്വന്തം കഴുത്തു പകരമായ് നീട്ടിയ
ബന്ധുരാകാരന്‍ തഥാഗതന്‍ കാരുണി
അന്ധകാരത്തെജ്ജയിച്ച തോജോമയന്‍
വിന്ധ്യഹിമാചല ഗംഗാതടങ്ങള്‍ തന്‍
സാന്ധ്യസ്മരണയില്‍ നിന്നേ മറഞ്ഞുപോയ്
പാവമാം പുല്ലു ഞങ്ങള്‍ക്കിരയാകുന്നു.
പായും പുലിക്കിരയാകുന്നു ഞങ്ങളും
കാടര്‍ കെണിയില്‍ കടുവയെ കൊല്ലുന്നു.
കാടരോ കാലദംശത്തിലൊടുങ്ങുന്നു.
ജീവികളൊക്കെയും ജീവികളെത്തിന്നു
ജീവിച്ചു പോകുന്നു ഭൂമിയിലിപ്പൊഴും
എങ്കിലും പൈത്തോലുരിക്കും പറയന്റെ
സങ്കടം കാലമൂര്‍ത്തിയ്ക്കു നേദിക്കുവാന്‍
അന്തിക്കു നാടിന്നബോധ ലോകങ്ങളില്‍
നൊന്തുമുഴങ്ങും പറച്ചെണ്ടയാണു ഞാന്‍.

ഈ കവിതയില്‍, ചെണ്ട കഥ പറയുകയാണ്. പശുവായിരുന്ന നാള്‍ മുതലുള്ള കഥ. ചെണ്ട പശുവിന്റെ തോലു കൊണ്ടുണ്ടാക്കിയതാണല്ലോ. ഗോപാലകവേണുവില്‍ നിന്നുതിരുന്ന ഗാനം കേട്ട് വിസ്മൃതിയിലാണ്ടു പോയ ദിനങ്ങളെ അത് ഓര്‍ക്കുന്നു. യാഗശാലകളില്‍ വപയെടുക്കാനായി ശ്വാസം മുട്ടിച്ചു കൊന്ന നാളുകളെ ഓര്‍ക്കുന്നു. (അങ്ങനെയത്രേ ഭാരതസംസ്കാരം ഉണ്ടാക്കപ്പെട്ടത്) ഈ ക്രൂരതക്കെതിരെ കരുണയുമായി വന്നു പശുക്കഴുത്തിന്റെ സ്ഥാനത്തു സ്വന്തം കഴുത്തു വച്ച തഥാഗതനെ ഓര്‍ക്കുന്നു. ആ കരുണ ഇന്നു മറയ്ക്കപ്പെട്ടിരിക്കുന്നുവെന്നു പറയുന്നു, ഇങ്ങനെ പറയുമ്പോള്‍ ശ്വാസം മുട്ടിച്ച് വപയെടുക്കുന്ന ക്രൌര്യം നിലനില്‍ക്കുന്നുവെന്നു ധ്വനിക്കുന്നുമുണ്ട്. ലോകസ്ഥിതിയെ എഴുതുകയാണ് തുടര്‍ന്നുള്ള വരികളില്‍.
പിന്നെ, ചെണ്ട അതിന്റെ സ്വത്വം വ്യക്തമാക്കുന്നു. പശുവിന്റെ തോലുരിക്കേണ്ടി വരുന്ന പറയന്റെ സങ്കടമാണ് തന്നില്‍ നൊന്തുമുഴങ്ങുന്നതെന്ന് ചെണ്ട പറയുന്നു. താന്‍ പറച്ചെണ്ടയാണെന്ന്, പറയന്റെ ചെണ്ടയാണെന്നു പറയുന്നു. ബാഹ്യയാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിച്ചാല്‍ സമകാലത്തെ പശുരാഷ്ട്രീയത്തെ, ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ...ഒക്കെ മനസ്സിലേക്കു കൊണ്ടുവരുന്ന വരികളാണിത്. അവര്‍ണ്ണരുടെ രാഷ്ട്രീയമാണ് ഈ കവിതയുടെ ഒന്നാം പാഠം. ഞാന്‍ ഈ കവിതയെ അങ്ങനെയാണ് വായിക്കുന്നത്.


ഇനി, എന്‍.പി. വിജയകൃഷ്ണന്‍ ഈ കവിതയെ വായിക്കുന്നത് ശ്രദ്ധിക്കുക.
‍വിജയകൃഷ്ണന്റെ നിരൂപണത്തില്‍ ചെണ്ട തായമ്പകയായി മാറുന്നു. പറച്ചെണ്ട എന്ന കവിവാക്യത്തെ അദ്ദേഹം സ്വീകരിക്കുന്നതേയില്ല. ആദ്യത്തെ നാലുവരികളില്‍ അദ്ദേഹം കണ്ടെത്തുന്നത് തായമ്പകയെ വേണുഗാനമാക്കിയ പല്ലാവൂര്‍ അപ്പുമാരാരുടെ കൊട്ടുശൈലിയെയാണ്. ഒമ്പതുദ്വാരവും പൊത്തി പശുവിനെ കൊല്ലുന്നതായി പറയുന്ന അടുത്ത നാലുവരികളില്‍ ചിതലി രാമമാരാരുടെ കോലിന്റെ ഘനത്തെ വിജയകൃഷ്ണന്‍ അനുഭവിക്കുന്നു! പിന്നീടുള്ള ആറു വരികള്‍ പല്ലാവൂര്‍ കുഞ്ഞുകുട്ടമാരാരുടെ ശൈലിയോട് ഇണങ്ങിനില്‍ക്കുന്നതായി അദ്ദേഹം പറയുന്നു. 'ബന്ധുരാകാരന്‍ തഥാഗതന്‍ കാരുണി' എന്ന വരികള്‍ മാരാരുടെ ഒരു എണ്ണത്തേയും അതിന്റെ തേജസ്സിനെയും ഓര്‍മ്മിപ്പിക്കുന്നതായി എഴുതുന്നു.
'പാവമാം പുല്ലു ഞങ്ങള്‍ക്കിരയാകുന്നു.
പായും പുലിക്കിരയാകുന്നു ഞങ്ങളും
കാടര്‍ കെണിയില്‍ കടുവയെ കൊല്ലുന്നു.
കാടരോ കാലദംശത്തിലൊടുങ്ങുന്നു.' എന്ന വരികള്‍ പൂക്കാട്ടിരി ദിവാകരപ്പൊതുവാളിന്റെ തായമ്പകപ്രയോഗങ്ങള്‍ക്കു സമാനമാണെന്നു നിരൂപിക്കുന്നു. ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍, മലമക്കാവ് ശൈലീകാരനായ തൃത്താല കേശവപ്പൊതുവാള്‍ എന്നിവരെയാണ് അവസാനവരികളില്‍ എന്‍.പി. വിജയകൃഷ്ണന്‍ കണ്ടെത്തുന്നത്.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയില്‍ പറയുന്ന വേദന കൊണ്ടു മുഴങ്ങുന്ന പറയന്റെ ചെണ്ടയെ നിരൂപകന്‍ തന്റെ ലേഖനത്തിലൊരിടത്തും പരാമര്‍ശിക്കുന്നതേയില്ല. അവര്‍ണ്ണന്റെ വേദന കൊണ്ടു രചിക്കപ്പെട്ട കവിതയെ വളരെ സവര്‍ണ്ണമായ തായമ്പകമേളമായി വിജയകൃഷ്ണന്‍ വായിച്ചെടുക്കുന്നു. പശുവിന്റെ ചോരയും ദളിതന്റെ വേദനയും രാജ്യത്തിന്റെ ചരിത്രവും ഈ സവര്‍ണ്ണലാവണ്യാന്വേഷണത്തില്‍ മറഞ്ഞില്ലാതാകുന്നു. അവര്‍ണ്ണനെ ഇല്ലാതാക്കാന്‍ അവന്റെ ചരിത്രം കൊണ്ടു രചിച്ച കവിതയെ തന്നെ ഉപയോഗിക്കുന്ന സവര്‍ണ്ണ പ്രത്യയശാസ്ത്രം വിജയകൃഷ്ണന്റെ കാവ്യനിരൂപണത്തില്‍ നന്നായി തിളങ്ങി വിളങ്ങി നില്‍ക്കുന്നു. ഹാ! കഷ്ടം.

Friday, July 12, 2013

ജോസഫിന്റെ കവിതയ്ക്ക് ഒരു നിരൂപണം




എന്റെ ബാല്യകൌമാരങ്ങള്‍ കവിത നിറഞ്ഞതായിരുന്നു.
ഞാന്‍ അറിഞ്ഞിരുന്നില്ല.

പുതുമഴയിലിറങ്ങി നിന്ന് നൃത്തം.
തുരുതുരാ വീഴുന്ന ആലിപ്പഴങ്ങള്‍.
വീടിന്നകത്തു നിന്ന അനിയനു കൊതി
അവനും മഴയിലേക്ക് ഇറങ്ങി വന്നു.
ഇറവെള്ളം പാത്രത്തില്‍ നിറയ്ക്കുന്നു.
ഒരു പാത്രം നിറയുമ്പോള്‍ അടുത്തത്.
മഴവെള്ളം നാവില്‍ പിടിക്കുന്നു.
പനി വരും മകനേ - അമ്മ

ഏത്തവാഴ നട്ടതോര്‍ക്കുന്നു.
കിണറ്റില്‍ നിന്നും വെള്ളം കോരി നനച്ചു.
വെള്ളം പല ചാലായി കുഴികളില്‍ ചുരുണ്ടു.
കുമ്പളം കയറിക്കിടക്കുന്ന പുളിയേയും ഓര്‍ക്കുന്നു.
മുത്തച്ഛനോടൊപ്പം
പയര്‍വള്ളിക്കു പടരാന്‍ മരക്കൊമ്പു കുത്തിക്കൊടുത്തത്.
മണ്ണിന്നടിയിലേക്ക്, വീണ്ടും അടിയിലേക്കു പോയ
കാച്ചിലിനെ കയ്യാല പോളിച്ചു പുറത്തെടുത്തത്.
മുറ്റത്തു പാവല്‍ നട്ടതോര്‍ക്കുന്നു.
പൂവുകളുണ്ടായി
വള്ളികള്‍ കാറ്റിലാടുന്നതു നോക്കിയിരുന്നു.

പാറപ്പുറത്തു നിന്നും ആറ്റിലേക്കു ചാടുന്നു.
സോമന്‍ ഒരു മരക്കൊമ്പില്‍ തൂങ്ങി മരത്തിലേക്കു കയറി.
അവിടെ നിന്നും ആറ്റിലേക്കു ചാടി.
ചാട്ടം, നീന്തല്‍, വെള്ളത്തിന്നടിയിലൂടെ ഊളിയിടല്‍.
കണ്ണു ചെമന്നു കലങ്ങി.
വാഴത്തടയില്‍ കെട്ടിയ ചങ്ങാടം തുഴഞ്ഞു
ദിലീപ് വരുന്നു.
കുളി കഴിഞ്ഞ്
തല തോര്‍ത്തി
പാറക്കെട്ടുകളിലൂടെ നടന്നു കേറി.

ആഞ്ഞിലി മരത്തിലിരുന്ന് കുഞ്ഞൂട്ടി
വിളകള്‍ പറിച്ചിടുന്നു, താഴത്തേക്ക്.
ചാക്കു വിരിച്ചു പിടിക്കുന്നു, ഞാനും അനിയനും.
ചിലത് ചാക്കില്‍ ചിതറിത്തെറിച്ചു.
വിളയുടെ തൊലി ഉരിഞ്ഞുകളയുമ്പോള്‍
കടുംമഞ്ഞ.
കുഞ്ഞൂട്ടിയോ,
ആഞ്ഞിലിക്കൊമ്പത്ത് വിളയും പിടിച്ചു കടുംമഞ്ഞയില്‍ നിന്ന്
കുരുവും തുപ്പിയിരുന്നപ്പോള്‍
ഒരു കൊട്ടനിറയെ പച്ചമുളകു പറിച്ചു കൊണ്ടുപോകുന്ന
കുട്ടിച്ചേട്ടനെ കണ്ടു
...
അയാള്‍ക്കിരിക്കട്ടെ പടുമഞ്ഞ – പടുവിള – പടൂസ്

രണ്ടു മലകള്‍ക്കിടയിലായിരുന്നു വീട്
മുന്നില്‍ മുതിയാമല
പിന്നില്‍ കുടയത്തൂര്‍ വിന്ധ്യന്‍
നടുവില്‍ നച്ചാര്‍
സന്ധ്യ മയങ്ങിത്തുടങ്ങുമ്പോള്‍
നാമജപത്തിനു മുമ്പ്
മുത്തശ്ശി
വരാന്തയിലിരുന്ന് ആകാശത്തേക്കു നോക്കും
നിരനിരയായി പറന്നുപോകുന്ന കടവാതിലുകള്‍
മലഞ്ചെരിവും പുഴയും
ഇരുട്ടില്‍ ചേക്കേറുമ്പോള്‍
റബ്ബര്‍മരങ്ങളില്‍
ഇടതൂര്‍ന്ന്
പക്ഷികളും ചേക്കേറുന്നു.
അവയ്ക്ക് മിന്നാമിന്നുകള്‍ വെട്ടം കാട്ടും

എല്ലാ പൂച്ചകളുടേയും പേര് പുസ്സി എന്നായിരുന്നു,
അമ്മയാണ് പേരു കൊടുക്കുക.
ഒരു പുസ്സിപൂച്ച
എന്റെ കാലില്‍ ചുറ്റുന്നു, കടിക്കുന്നു
മുന്നോട്ടോടുന്നു.
മച്ചിന്‍പടിയിലേക്കു ചാടിക്കയറുന്നു, ഇറങ്ങുന്നു
പിന്നെയും എന്റെ കാലില്‍ വന്ന് കടിക്കുന്നു.
പുസ്സിക്ക് ഞാന്‍ പിന്നാലെ ചെല്ലണം.
പുസ്സിയുടെ കൂടെ ഞാന്‍ മച്ചിന്‍പുറത്തേക്കു ചെന്നു.
അവിടെ അവള്‍ പെറ്റിട്ട
കണ്ണു തുറക്കാത്ത കുഞ്ഞുങ്ങള്‍.
രണ്ടു പൂച്ചക്കുഞ്ഞുങ്ങള്‍ ചത്തുപോയി
ഒരെണ്ണത്തെ ഒരു കുട്ടി കൊണ്ടുപോയി
മരത്തണലില്‍ തള്ളപ്പൂച്ച ഉറങ്ങുന്നു
അവിടെയിരുന്നാണ് ഈ കവിത
എഴുതിയത്.

തൊഴുത്തിനു പിറകില്‍ കപ്പളം
അതില്‍ നിറയെ കപ്പളങ്ങാപ്പഴങ്ങള്‍
ഒരു കിളി കൊത്തിത്തിന്നുന്നു
അതിനെ പിടിക്കാന്‍ പറ്റുമോ?
കപ്പളത്തിന്റെ പഴുത്ത കൈ പറന്നു വീഴുന്നു
അതുകൊണ്ട് ഒരോടക്കുഴലുണ്ടാക്കാം.
ഇപ്പോള്‍
കുരുമുളകുതോട്ടത്തിലെ ആളനക്കം
എന്നിലേക്കും ഒരു വരി തേടുന്നു.

എന്റെ സ്ക്കൂളിന്‍ വരാന്ത, മുറ്റം
ഉപ്പുമാവുണ്ടാക്കുന്ന പുര
പിന്നിലെ കിണര്‍
കേശവന്‍ സാര്‍, ചന്ദ്രവല്ലിടീച്ചര്‍
കൈകള്‍ തിരുമ്മി കണ്ണടച്ചു പിറുപിറുത്തു
നടക്കുന്ന ആഗസ്തി സാര്‍
അയ്യപ്പനും കുഞ്ഞപ്പനും അലിയാരും.
ടീച്ചറെയെന്നു നീട്ടി വിളിച്ചി-
ട്ടോടിമാഞ്ഞൊരു കുട്ടി, വേലിപ്പുറം
കേറി നീലപൂവിട്ട ചെടികളില്‍
കണ്ണുതട്ടിനില്ക്കുമ്പോള്‍ പെട്ടെന്നു നീ
ഓടിയെത്തുമെന്നോര്‍ത്തു ഞാന്‍.

അയല്‍വീട്ടിലെ ജാനകി
നീലാണ്ടന്റെ ഭാര്യ
രാത്രി മുഴുവന്‍ അവന്റെ തെറിവിളിയും
ഇടിയും ചവിട്ടും സഹിച്ചവള്‍
പകലിരുന്ന് കൊട്ട നെയ്യുന്നു.
അലകു പാകി

പൊളി ചുറ്റി
ചവിട്ടിപ്പിടിച്ചു തുടങ്ങുമ്പോള്‍
അതൊരു കുഞ്ഞുസൂര്യനാണ്.
കൊട്ടകള്‍ ചന്തയ്ക്കു പോകുന്നു.
തെരണ്ടിയും കുറിച്ചിയും കൈച്ചെരവയും
തഴപ്പായും
പിള്ളേര്‍ക്കു തിന്നാന്‍ തേങ്ങയുടെ
പൊങ്ങുമായി വരുന്നു.

വേനലില്‍ കപ്പ ഒരുമിച്ചു പറിച്ചെടുക്കും
ഏറെപ്പേര്‍ കൂടിയിരുന്ന്
തൊലികളഞ്ഞ് അരിഞ്ഞെടുക്കും.
പറമ്പില്‍ വലിയ അടുപ്പു കൂട്ടി
കുട്ടകത്തില്‍ തിളപ്പിക്കും.
പനമ്പട്ടയും ചകിരിയുമാണ് വിറക്.
വേവിച്ച കപ്പ ഉണക്കുന്നത്
പാറയുടെ മുകളില്‍ വിരിച്ചിട്ടാണ്.
മഴ പെയ്യല്ലേയെന്ന് അമ്മ പ്രാര്‍ത്ഥിക്കും.
അന്ന്
കപ്പ ഉണക്കാനിട്ട പാറ പൊട്ടിച്ചാണ്
വീടിന് അടിക്കല്ലിട്ടത്.
നാലുമണി വിട്ട് ഒരു കുട്ടി ഓടിപ്പോകുന്നു.
കപ്പ ഉണക്കാനിട്ടിരുന്ന പാറ
പൊട്ടിച്ചു മാറ്റിയിടത്തു കൂടി
പൊത്തില്‍ കോലിട്ടു കുത്തി
ഓടയ്ക്കായില്‍ നിന്ന് ചൂളമെറിഞ്ഞ് പോകുന്നു.

പാലക്കാട്ടേക്ക് തിരിച്ചു പോരുമ്പോള്‍
വണ്ടിയിലിരുന്ന് മോനു കരയുന്നു.
മീനുവിന് എപ്പോഴും പുഴയില്‍ പോകാം
വെള്ളത്തില്‍ കളിയ്ക്കാം
നമുക്കും കുടയത്തൂരു തന്നെ താമസിക്കാം.
പുഴ കുട്ടികളെ വിടുന്നില്ലെങ്കിലും
ഉരുളന്‍ കല്ലുകള്‍ പെറുക്കിക്കൂട്ടുകയാണവരെങ്കിലും
മടങ്ങണ്ടേ?

വാക്കാണ് കവിത
ഓര്‍മ്മയാണ് കവിത
വിചാരമാണ് കവിത

എന്റെ ബാല്യകൌമാരങ്ങള്‍ കവിത നിറഞ്ഞതായിരുന്നു.
ഞാന്‍ അറിഞ്ഞിരുന്നില്ല.
ജോസഫിന്റെ വാക്കുകളാണ്
ജീവിതത്തിലെ
കവിതയെ പറഞ്ഞു തന്നത്.
തിരിച്ചറിവു നല്കിയത്.
ഇപ്പോള്‍ എപ്പോഴും ചുറ്റും നോക്കുന്നു.
കവിത എന്നോടൊപ്പമുണ്ടോ?


 *****************************************************************
 
'ചെണ്ട' മാസികയിലെ 'ബഹുവചന'ത്തില്‍ പ്രസിദ്ധീകരിച്ചത്

Sunday, February 3, 2013

അഴകും അഴുക്കും

ഏതിനാണ്‌ ഏറെ അഴക്‌?
പ്രകൃതിയ്ക്കോ മനുഷ്യനിര്‍മ്മിതിയ്ക്കോ?
ഭാവനയിലെ അഴകു നിര്‍മ്മിക്കുന്നതിന്നിടയില്‍
എല്ലാ അഴകിന്റേയും ആധാരമായി നില്‍ക്കുന്ന
പ്രകൃതിയെ നാം വിസ്മരിക്കുന്നുവോ?
അഴകിനും അഴുക്കിനും ഇടയിലെ അകലം എത്ര?
സംസ്കൃതിയേയും പ്രകൃതിയേയും പെണ്ണിന്റേയും
പാരിസ്ഥിതികാവബോധത്തിന്റേയും
കണ്ണുകളിലൂടെ നോക്കി വികലനം ചെയ്യുന്ന വരികള്‍ അനിത തമ്പി എഴുതിയിട്ടുണ്ട്.



 ഭൂതകാരുണ്യത്തെ തിരിച്ചറിയാത്ത അഴകിന്റെ മേളക്കൊഴുപ്പുകളോട്‌ തരളമായ വാക്കിന്റെ കാരുണ്യം കൊണ്ടു കലമ്പുന്നു, ഈ കവി. അഴുക്കെല്ലാം അഴകാകുന്നത്‌ മിനുത്ത തറയിലല്ലെന്ന്, ഇരുത്തിയ മട്ടില്‍ എല്ലാമിരിക്കുന്ന സ്വീകരണമുറിയിലല്ലെന്ന്, അഴുക്കിനെ തുടച്ചെറിഞ്ഞു കളഞ്ഞ മണ്ണറയിലെന്ന് അനിതയുടെ കവിത കണ്ടെത്തുന്നു. എല്ലാം 'വൃത്തിയാക്കി' വെയ്ക്കുന്ന മദ്ധ്യവര്‍ഗശീലങ്ങളിലേക്ക്‌ വാക്കു കൊണ്ട് ഒരു കൂരമ്പ്‌. വൃത്തിയെ കുറിച്ചുള്ള വിചാരങ്ങള്‍ അനിതയുടെ കവിതയില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നതു കാണാം. നടു വേദനിച്ചു കുനിഞ്ഞു നിന്ന് വീടിന്റെ മുറ്റമടിച്ചു വൃത്തിയാക്കുന്ന ഇവള്‍ 'മണ്ണിരകളുറങ്ങാതെയാവാം കൊച്ചു മണ്‍വീടുകള്‍ വച്ചു രാവില്‍'എന്നു പ്രകൃതിയിലെ ചെറുജീവിയോട്‌ സഹഭാവത്തോടെ വിചാരം കൊള്ളുന്നവളാണ്‌. പെണ്ണും പ്രകൃതിയും തമ്മിലുള്ള ഈ സഹഭാവം 'രാവിലെയൊരു പെണ്ണിന്‍ കുനിഞ്ഞ
പിന്‍ചുവടിന്റെ നൃത്തം കഴിഞ്ഞാല്‍
ഈര്‍ക്കിലി വിരല്‍ പോറല്‍ നിരകള്‍
മാത്രമായി പൊടിഞ്ഞു പരക്കാന്‍'
എന്ന വരികളിലേക്കു വ്യാപിച്ചു നില്‍ക്കുന്നു.

        
എല്ലാ ഭേദങ്ങളേയും സന്ദേഹത്തോടെ കാണുന്ന മനസ്സുമായി, അനിതയുടെ കവിത അഴുക്കിനും അഴകിനും ഇടയിലെ സമുദ്രങ്ങളേയും പര്‍വ്വതങ്ങളേയും മുറിച്ചു കടക്കുന്നു. അഴകില്ലാത്തവയെന്ന് മനുഷ്യന്റെ സാമാന്യബോധം കരുതിവെച്ചവയെല്ലാം പുറപ്പെടുകയാണ്‌, മഴവില്ലിന്റെ കാന്തിയുടെ ലോകത്തിലേക്ക്‌. മീന്‍കുട്ടകള്‍, കീറപ്പായ, കോങ്കണ്ണന്‍ കാക്ക, പെരുവയറന്‍ ചക്ക, മുത്തശ്ശിത്തൊലി, തൂങ്ങിയ കാത്‌, അട്ട, ഇറയത്തെ ചൂല്‌... എല്ലാരും ചെല്ലുന്നു മഴവില്ലിന്റെ വീട്ടില്‍. അവിടെ, അവസാനമില്ലാത്ത പൂര്‍ണ്ണതയില്‍ കോട്ടത്തിനു കാത്തുനില്‍ക്കുന്നവര്‍. മഴവില്ല്‌, നക്ഷത്രക്കുഞ്ഞുങ്ങള്‍, ചന്ദ്രക്കല ...എല്ലാരും നമിക്കുന്നു, അഴുക്കിനെ. ഇപ്പോള്‍, അഴകിന്റെ ലോകത്തില്‍ നിന്നുകൊണ്ട് ഭൂമിയെ ജീവന്റെ കാട്ടമെന്ന് അറിയുന്നവര്‍, അറിയുന്നു വാഴ്‌വിന്റെ പൊരുള്‍. വൃത്തിയെ കുറിച്ചുള്ള സങ്കല്പനങ്ങള്‍ക്ക്‌ അധികാരവുമായി ഒഴിവാക്കാനാവാത്ത ബന്ധങ്ങളുണ്ട്.  അധികാരവും നാഗരികതയും ഒത്തുചേരുന്ന ബന്ധങ്ങളാണിത്‌. നാഗരികത വൃത്തിയെ നിര്‍ബ്ബന്ധപൂര്‍വം പരിപാലിക്ക്‌ ആദര്‍ശമാക്കുന്നു. ഇത്‌ സൃഷ്ടിക്കുന്നതോ, മാലിന്യക്കൂനകളെ. ശസ്ത്രക്രിയാമുറി പോലെ പാചകം ചെയ്യാത്ത അടുക്കളയെ പരിപാലിക്കുന്നവര്‍, പൊതുസ്ഥലങ്ങളില്‍ ഉച്ഛിഷ്ടം കൊണ്ടു നിറയ്ക്കുന്നു. മീന്‍കുട്ടകള്‍ക്കും കരിമൂടിയ ചട്ടിക്കും കൂറത്തുണിക്കും വര്‍ഗപരമായ ചില മാനങ്ങളുമുണ്ട്.  അഴകില്‍ ആകര്‍ഷിതരായി മഴവില്ലിന്റെ കൊട്ടാരത്തിലേക്ക്‌ യാത്രപുറപ്പെടുന്ന ഇവര്‍, 
മദ്ധ്യവര്‍ഗശീലങ്ങളിലേക്ക്‌ ആകര്‍ഷിക്കപ്പെടുകയോ ആട്ടിത്തെളിക്കപ്പെടുകയോ ചെയ്യുന്ന നമ്മുടെ അടിസ്ഥാനജനവിഭാഗങ്ങളെ എങ്ങനെയൊക്കെയോ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. ഈ ആകര്‍ഷണം മിഥ്യയെന്ന്, ആപത്ക്കരമെന്ന്, ഒരു മുന്നറിയിപ്പ്‌. വൃത്തിയെ അധീശത്വത്തിന്റെ മൂല്യബോധത്തിന്റെ ഭാഗമായി കണ്ടെത്തുന്ന ഒരു പ്രക്രിയ ഈ കവിതകളില്‍ സംഭവിക്കുന്നു.

വൃത്തി എന്ന ശീര്‍ഷകത്തില്‍ തന്നെ ഒരു കവിതയുണ്ട്, അനിതയുടേതായി.
 'വിരല്‍ തട്ടി മറിഞ്ഞിട്ടും
പരന്നൊഴുകാന്‍ വിടാതെ
പഴന്തുണി നനച്ചാരോ
തുടച്ചെടുക്കയാണെന്നെ'
വൃത്തി, പഴന്തുണി, പരൊഴുക്ക്‌, തുടച്ചെടുക്കല്‍... ഈ നാലുവരി കവിതയുടെ
ശീര്‍ഷകവും വാക്കുകളും ഉചിതമായി പരസ്പരം ഘടിപ്പിക്കപ്പെട്ടവയാണ്‌.
വാക്കുകളുടെ ഒഴിവാക്കാനാവാത്ത കൂടിച്ചേരലാണിത്‌. 
പരന്നൊഴുകാന്‍ കൊതിക്കുന്ന ദ്രാവകമെന്ന രൂപകമാണ്‌ സ്ത്രീക്ക്‌. 
ഒഴുക്കാണ്‌ തനതുഭാവം. ഇപ്പോള്‍. കുപ്പികളില്‍ നിറയ്ക്കപ്പെട്ടിരിക്കുന്നു. 
നിറച്ചിരിക്കുന്ന പാത്രത്തിന്റെ അതിര്‍ത്തികളില്‍ തന്മ തടയപ്പെട്ടിരിക്കുന്നു. 
വളരെ സ്വാഭാവികമായ പ്രതികരണങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന
 ദുരധികാരത്തിന്റെ പ്രയോഗത്തെ കുറിച്ചാണ്‌ ഈ കവിതയില്‍ എഴുതപ്പെട്ടിരിക്കുന്നത്‌. 
സദാചാരവും പുരുഷാധികാരവും ചേര്‍ന്ന് സ്ത്രീക്കു വിധിക്കുന്ന തടവ്‌. 
യാദൃച്ഛികമായി തൂവിപ്പോകുന്നതിനെ പോലും ഒഴുകിപ്പരക്കാന്‍
അനുവദിക്കാത്ത പഴന്തുണി പുരുഷാധികാരത്തിന്റെ നിഷ്ഠൂരതയാണ്‌. 
പഴയതാണത്‌. 
യാഥാസ്ഥിതികം. 
പുതുക്കാന്‍ കഴിയാത്തത്‌. 
ഉപേക്ഷിക്കപ്പെടേണ്ടത്‌. 
വൃത്തി എന്ന ശീര്‍ഷകം, വൃത്തിയേയും വെടുപ്പിനേയും കുറിച്ചുളള 
നമ്മുടെ സങ്കല്പനങ്ങള്‍ക്ക്‌ അധികാരവുമായുള്ള ബന്ധങ്ങളെ
നന്നായി വിവൃതമാക്കുന്നു. 

വൃത്തി അധികാരത്തിന്റെ മൂര്‍ത്ത മുദ്രാവാക്യമായി
മാറിത്തീരുന്നതിനെ 'അടിച്ചുതളിക്കാര്‍' എന്ന കവിതയില്‍ വായിക്കാം. 
"എന്തൊരു വൃത്തികേട്‌" എന്ന അധികാരത്തിന്റെ ഒച്ച നാം കേള്‍ക്കുന്നു. 
സമരമാടങ്ങളുടെ മുറ്റങ്ങള്‍ 
അടിച്ചുവാരി തളിച്ച്‌ വൃത്തിയാക്കുന്നവര്‍ പെരുകുന്നത്‌ കാണുന്നു. 
'മണ്ണ്‌ തരിതരിയായി വൃത്തിയാവാന്‍ തുടങ്ങി'യെന്ന് കവി എഴുതുമ്പോള്‍ 
ആരാണ്‌ മണ്ണില്‍ നിന്നും ഭൂമിയില്‍ നിന്നും ഒഴിഞ്ഞുപോകുതെന്ന് പെട്ടെന്നു ഗ്രഹിക്കാന്‍ കഴിയും. 
അഴുക്കാണ്‌, അഴുക്കിന്റെ വര്‍ഗമാണ്‌, വാഴ്‌വിന്റെ പൊരുളാണ്‌, 
അസ്തിത്വത്തിന്റെ അടിസ്ഥാനങ്ങളാണ്‌ ഒഴിഞ്ഞുപോകുന്നത്‌. 
ഉറപ്പിക്കപ്പെടുന്നത്‌, അഴകിന്റെ മിനുത്ത നിശബ്ദത. 
പ്ളാസ്റ്റിക്ക്‌, മൃതിയില്ലാത്ത ജന്മങ്ങള്‍, അധികാരം, വൃത്തി. 
അധികാരവ്യവസ്ഥ വൃത്തിയെ നിര്‍മ്മിച്ചെടുക്കുത് സര്‍ഗാത്മകതയുടെ നിഷേധത്തിലൂടെയാണെന്ന്, നാഗരികതയുടെ യാത്രകള്‍ സര്‍ഗാത്മകതയ്ക്ക്‌ എതിര്‍ദിശയിലാകുന്നുവെന്ന്,
ഭൂമിയിലെ വാഴ്‌വിന്‌ ഭീഷണിയാകുന്നുവെന്ന് 
ഈ വാക്കുകള്‍ പറയുന്നുവോ?


ചെണ്ട മാസികയില്‍(ഡിസംബര്‍ 2012) എഴുതിയ
അനിതതമ്പിയുടെ കവിതകളെ കുറിച്ചുള്ള നിരൂപണത്തിലെ ഒരു ഭാഗം


Saturday, March 3, 2012

നിലപ്പന ഒരു കാവ്യാദര്‍ശം



എഴുത്തുകാരന്‍ തന്റെ രചനയിലൂടെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത് പുതിയ അര്‍ത്ഥലോകങ്ങളെയാണ്. എഴുത്തിന്റെ ദൌത്യം തന്നെ ഇതാണ്. ഈ കര്‍ത്തവ്യത്തെ പുതിയ കവി നന്നായി മനസ്സിലാക്കിയിരിക്കുന്നു. തന്റെ ചെറിയ അനുഭവങ്ങളില്‍ നിന്നു പോലും പുതിയ അര്‍ത്ഥങ്ങളെ ഉണര്‍ത്താന്‍ അയാള്‍ ശ്രമിക്കുന്നു. തനിക്കു ചുറ്റുമുള്ള, നിത്യപരിചയത്തിലുള്ള വസ്തുക്കളില്‍ നിന്നു തന്നെ സമകാലലോകയാഥാര്‍ത്ഥ്യത്തെ അയാള്‍ കണ്ടെത്തുന്നു. നമുക്കു ചുറ്റുമുള്ള ചെറിയ വസ്തുക്കള്‍ക്കു നല്കാന്‍ കഴിയുന്നത് അവയുടെ തനതുപാഠങ്ങള്‍ മാത്രമല്ലെന്നും ലോകയാഥാര്‍ത്ഥ്യം ഇവയില്‍ എങ്ങിനെയൊക്കെയോ പ്രവര്‍ത്തനക്ഷമമാകുന്നുവെന്നും അറിയുന്നു. എല്ലാവര്‍ക്കും പെട്ടെന്നു കാണാനും അനുഭവിക്കാനും കഴിയുന്ന സ്ഥൂലത യാഥാര്‍ത്ഥ്യത്തിനു നഷ്ടമായിരിക്കുന്നു. അത് കൂടുതല്‍ സൂക്ഷ്മമായിരിക്കുന്നു. ലളിതമായ വാക്കുകള്‍ ഉപയോഗിച്ചു കൊണ്ട് പുതിയ കവികള്‍ ഈ സൂക്ഷ്മതലങ്ങളിലേക്കു സഞ്ചരിക്കുന്നു.

ബിജോയ് ചന്ദ്രന്റെ കവിതയില്‍ നാം പരിചയപ്പെടുന്നത് ഈ പ്രവണതകളെയാണ്. അത് പ്രാന്തവല്ക്കരിക്കപ്പെട്ടവരോടൊപ്പം നില്ക്കുന്നു. ബാല്യത്തിലേക്കും കൌമാരത്തിലേക്കും തിരിച്ചു നടന്ന് ഇപ്പോള്‍ കാണാനാകാത്ത കാഴ്ചകള്‍ കാണുന്നു. മനുഷ്യന്‍ മനുഷ്യരാശിയുടെ ബാല്യത്തിലേക്കു തിരിഞ്ഞുനോക്കുന്ന അതേ അത്ഭുതാദരങ്ങളോടെയാണ് ഒരു വ്യക്തി തന്റെ ബാല്യകൌമാരങ്ങളിലേക്കു തിരിഞ്ഞുനോക്കുന്നത്. ബിജോയിയുടെ കവിതയുടെ ആധാരങ്ങളില്‍ ഈ തിരിഞ്ഞുനോട്ടമുണ്ട്. ഈ തിരിഞ്ഞുനോട്ടങ്ങള്‍ ഇയാളുടെ കവിതയെ സഫലമാക്കുന്നു. അത് ഇപ്പോഴും ഞായറുച്ചയ്ക്ക് ജയചന്ദ്രന്റെ വിരഹങ്ങള്‍ കേല്ക്കുന്നു. കലക്കവെള്ളത്തിന്‍ കുതിപ്പുമായി തെങ്ങിന്‍പാലം കടക്കുന്നു. മഴയത്തു നനഞ്ഞ് പകര്‍ത്തുബുക്കില്‍ നിന്നും ഒലിച്ചിറങ്ങിയ മഷിക്കോലങ്ങളെ ഓര്‍ക്കുന്നു. ഇനിയുള്ള ബാല്യങ്ങള്‍ക്ക് ഒരിക്കലും കിട്ടാനിടയില്ലാത്ത ഒരു അനുഭവം 'ഒരു ചക്രവാഹനക്കാര്‍' എന്ന കവിതയില്‍ കവി എഴുതുന്നു. പ്രായപൂര്‍ത്തിയാകും മുമ്പേ നടത്തിയ വലിയ യാത്രകള്‍. യാത്രയുടെ സുഖവും രസവും അറിഞ്ഞവ. തേഞ്ഞു തീര്‍ന്ന ടയര്‍, വിളക്കിച്ചേര്‍ത്ത കമ്പിവളയം, ഉരുളുന്ന മൂളിപ്പാട്ട്, ലോകം തോല്ക്കുന്ന ജിജ്ഞാസയുടെ വേഗത. പിന്നെ, കമുകിന്‍പാളയിലെ വണ്ടിയില്‍ നടത്തിയ യാത്രയെ കുറിച്ചും എഴുതുന്നു. ചക്രങ്ങളില്ലാത്ത വണ്ടിക്കുതിപ്പ്. പാളയും നിക്കറും കീറിയാലും വിട്ടുകൊടുക്കാതെ പറ്റിപ്പിടിച്ച്. ഇപ്പോള്‍ വണ്ടികള്‍ ഓടുന്നു, വളരെ വേഗത്തില്‍ തന്നെ. ആരും യാത്ര ചെയ്യുന്നില്ല. മനസ്സു നിറയാത്ത ബാല്യങ്ങള്‍.

വരേണ്യസംസ്ക്കാരം കവിതയിലേക്കു പ്രവേശനം നിഷേധിച്ചിരുന്ന ഇടങ്ങളിലേക്കു് കവിത കടന്നുകയറിയതിന്റെ ചരിത്രമാണ് മലയാളകവിതയുടെ ചരിത്രം. കൊച്ചുതൊമ്മനും മാറാലയ്ക്കും കൊട്ടയ്ക്കും നിലപ്പനയ്ക്കും കട്ടന്‍ചായയ്ക്കും കവിതയില്‍ ഇടം കിട്ടുന്നതിന് കവിമനസ്സുകള്‍ വലിയ സംഘര്‍ഷങ്ങളെ അഭിമുഖീകരിക്കേണ്ടിയിരുന്നു. വ്യക്തിജീവിതവും സമൂഹപ്രകൃതിയും തമ്മിലുള്ള പരസ്പരസംക്രമണങ്ങള്‍ നമ്മുടെ കാവ്യാഖ്യാനങ്ങളില്‍ കൂടുതലായി പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ബിജോയിയുടെ കവിതയില്‍ വെറുതെ നടക്കുന്ന പൂച്ചകളെ കുറിച്ചു പറയുന്നു. പൂച്ചകളുടെ ആവാസവ്യവസ്ഥക്ക് വലിയ മാറ്റങ്ങളാണു വന്നത്. അതിന്റെ ഇരയെ നേരെ കാണാനില്ലാതായിരിക്കുന്നു. എലികള്‍ ഇല്ലാതെയായി. പ്രകൃതി ഒരുക്കി വച്ച ഭക്ഷണം ഇനി ഇല്ല. തുലിതാവസ്ഥ നഷ്ടമായ പ്രകൃതി. ഏതു ദൌത്യമാണ് ഇനി പൂച്ചകള്‍ക്കു നിര്‍വ്വഹിക്കാനുള്ളത്? പണ്ടെങ്ങോ കഴിച്ച എലിമാംസത്തിന്റെ രുചിയില്‍ അതു കൈ നക്കുന്നു. പണ്ട് എലികളോടു നടത്തിയ മഹായുദ്ധങ്ങളുടെ ഓര്‍മ്മയില്‍, പണ്ടു പുറത്തെടുത്ത നഖമുനകളുടെ ഓര്‍മ്മയില്‍ ഉറച്ച മണ്ണിനെ മാന്തിനോക്കുന്നു. മറ്റൊരു കവിതയില്‍ ഇങ്ങനെ കൂടി വായിക്കാം. മഴ കൊണ്ട് കയറി വന്ന വെളുത്ത പൂച്ചകള്‍, "അവ തിരിച്ചെടുക്കുന്നു കട്ടിലിന്നടിയില്‍ പണ്ടെങ്ങോ കുരുങ്ങിയ വായുവിന്‍ പഴഗന്ധം.” നിലപ്പനയാണ് വൃക്ഷം, മരംകൊത്തിയാണു പക്ഷി, മാര്‍ജ്ജാരന്‍ ജന്മമൃഗമെന്ന് ബിജോയ് ചന്ദ്രന്റെ കവിതയില്‍ എഴുതിയിരിക്കുന്നു. നിലപ്പന ഒരു കാവ്യാദര്‍ശം. നിലപ്പനക്കെന്നും അതു മാത്രമായാല്‍ മതി. ഏറ്റവും എളിയതെന്നു കരുതുന്നവ പോലും സംവഹിക്കുന്ന വലിയ അര്‍ത്ഥങ്ങളെ ഈ കവിത ഓര്‍മ്മിപ്പിക്കുന്നു. "നിലം പറ്റി നില്ക്കും നിലപ്പനയെന്നും". പാരിസ്ഥിതികവിവേകത്തിന്റെ ഉണര്‍ച്ചയില്‍ എഴുതപ്പെട്ട വരികളാണിത്. എന്നാല്‍, കേവലമായ പാരിസ്ഥിതികവിവേകത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാളേറെ ബിജോയ് ചന്ദ്രന്റെ കവിതയില്‍ എഴുതപ്പെടുന്നു. എല്ലാവരുടേയും വാക്കുകളില്‍ അപഹസിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് കൂടി ഇവിടെ കാവ്യവിഷയമാകുന്നു. ബാക്ടീരിയകള്‍ക്കു പോലും വേണ്ടാത്ത പ്ലാസ്റ്റിക്കിനെ കത്തിച്ചു കളഞ്ഞാലും ഒടുങ്ങാത്ത മനസ്സന്നു വിളിക്കുന്നു. ഇപ്പോള്‍ പരിസ്ഥിതിവാദികള്‍ പോലും ഈ കവിക്കു കൂട്ടില്ല. പ്രാന്തങ്ങളിലേക്കു മാറ്റി നിര്‍ത്തപ്പെട്ട മനുഷ്യരെ മാത്രമല്ല, പ്രാന്തങ്ങളിലേക്കു തള്ളപ്പെട്ട വസ്തുപ്രപഞ്ചത്തെ മുഴുവന്‍ കവി കാണുന്നു. അതില്‍ ചേതനം / അചേതനം എന്ന വിഭജനം പോലുമില്ല. മാറ്റിനിര്‍ത്തപ്പെടുന്നവയ്ക്കൊപ്പം, ഒഴിവാക്കപ്പെടുന്നവയ്ക്കൊപ്പം നില്ക്കുന്ന പുതിയ കവിയെ ഈ കവിതകളില്‍ വായിക്കാം.
 
നിലപ്പനക്കൊപ്പം കമ്മ്യൂണിസ്റ്റുപച്ച കൂടി. കമ്മ്യൂണിസ്റ്റുപച്ച കമ്മ്യൂണിസ്റ്റുകളെ പോലെയാണെന്ന് ചിലര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാരിലെ പച്ചയെന്ന പോലെ ഈ ചെടിയിലും നിറഞ്ഞ പച്ചയുണ്ടായിരുന്നു. നമ്മുടെ ആദ്യകാല കമ്മ്യൂണിസ്റ്റുകളെ പോലെ, ഈ ചെടി കേറിയ ഇടങ്ങളിലെല്ലാം പടര്‍ന്നു. കമ്മ്യൂണിസ്റ്റുപള്ളയെന്നു കൂടി ഇതു വിളിക്കപ്പെട്ടതിന് വര്‍ഗ്ഗപരമായ കാരണങ്ങള്‍ ഉണ്ടായിരുന്നുവോ? ബിജോയ് ചന്ദ്രന്റെ കവിതയിലും ഈ വാക്ക് രണ്ടു രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ നമുക്ക് ഏറെ പരിചിതമായ ഒരു ചെടിയാണത്. എന്നാല്‍, മിക്കപ്പോഴും കമ്മ്യൂണിസ്റ്റുകാരിലെ പച്ചയായി അതു പ്രത്യക്ഷപ്പെടുന്നു. മുറിവുകളിലെ ചെമന്ന ചോരയോടൊപ്പം കമ്മ്യൂണിസ്റ്റുപച്ചയുടെ തളിരിലകളുടെ നീര് ഇറ്റിച്ചാണ് നാം ഒരു കാലത്തു വേദന മറന്നത്. കമ്മ്യൂണിസ്റ്റു പച്ച എന്ന വാക്കില്‍ ചെമപ്പും പച്ചയും കൂടിക്കലരുന്നുണ്ട്. ഹരിതരാഷ്ട്രീയക്കാരുടെ വാക്കുകളെ ഓര്‍മ്മിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളെ അതു സൃഷ്ടിക്കുന്നു. തങ്ങള്‍ തക്കാളിയെ പോലെയാണെന്ന് അവര്‍ പറഞ്ഞു. ഇപ്പോള്‍, പച്ചയാണെങ്കിലും ചെമക്കുക തന്നെ ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തു. സ്വന്തം നാമത്തില്‍ വിപ്ലവത്തേയും പ്രകൃതിയേയും സംവഹിച്ച ഈ ചെടി ഹരിതരാഷ്ട്രീയക്കാരുടെ മുന്‍ഗാമിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ പച്ച ഒഴിഞ്ഞുപോകുകയാണെന്ന് കവിതയുടെ ഉള്ളം. നിലപ്പനയെ പുതിയ കവിയുടെ വൃക്ഷമായി തെരഞ്ഞെടുക്കുന്നവന്‍, 'പറിച്ചു കളഞ്ഞേക്കൂ' എന്ന ചൊല്ലിനെ പേരില്‍ തന്നെ സൂക്ഷിക്കുന്ന കളയെ കൂടി തന്റെ കവിതയിലേക്കു സ്വീകരിക്കുന്നു. മരുന്നൊഴിച്ചു കെടുത്തിയ പൂവെട്ടങ്ങള്‍ കാണുന്നു.

വാക്കിന് പുതിയ അര്‍ത്ഥലോകങ്ങള്‍ നല്കുന്നു, കവി. വെയിലിനെ കുറിച്ച് കവി എഴുതുമ്പോള്‍ അത് അസാധാരണമായ അര്‍ത്ഥങ്ങളുടെ അനുഭവമായി മാറുന്നു. കവിഹൃദയത്തിലൂടെ കടക്കുന്ന വെയില്‍ പ്രകീര്‍ണ്ണനത്തിലൂടെ സപ്തവര്‍ണ്ണങ്ങള്‍ സൃഷ്ടിക്കുന്നു. അത് ജലത്തെ പിളര്‍ക്കുന്ന മനസ്സാകുന്നു. വീടിനെ നിഴലിടങ്ങളായി മുറ്റത്തു നിവര്‍ത്തുന്നു. പനമ്പില്‍ തോരാനിട്ട നെല്ലിനെ കാക്കയെ വിളിപ്പിച്ചു കൊത്തിക്കുന്നു. കവി കരടിനെ കുറിച്ചെഴുതുമ്പോള്‍ അത് ഒഴിവാക്കാന്‍ പറ്റാത്ത ദിവസമാകുന്നു. പേനത്തുമ്പില്‍ നിന്നും തെറിച്ച മഴത്തുള്ളിയാകുന്നു. അടര്‍ന്നു ചെരിഞ്ഞ ജനല്‍പ്പാളിയുടെ ആട്ടമാകുന്നു. ഏതോ ഗണിതക്രിയ യിലെന്നോണം അര്‍ത്ഥങ്ങള്‍ പല മടങ്ങായി ഉണര്‍ന്നുയരുന്നു. പ്രത്യക്ഷ രാഷ്ട്രീയമുദ്രാവാക്യങ്ങളിലൂടെയല്ല കവി സംസാരിക്കേണ്ടതെന്ന് ഉറപ്പിക്കപ്പെടുകയാണ്. സമകാലത്ത് പ്രത്യയശാസ്ത്രങ്ങള്‍ക്കേറ്റ വിശ്വാസത്തകര്‍ച്ചകള്‍ അയാള്‍ ഗ്രഹിച്ച കാര്യങ്ങളെ സാധൂകരിക്കുന്നുണ്ടായിരുന്നു. "ഇതിന്നൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ”യെന്നും "വേട്ടക്കാരവരുടെ കൈയ്യുകള്‍ വെട്ടും ഞാന്‍" എന്നും നമ്മുടെ പുതിയ കവി ഇപ്പോള്‍ ഉറക്കെ ഘോഷിക്കേണ്ടതില്ല.

നിലപ്പനയോടൊപ്പം കരിമ്പനയെ കുറിച്ചും ഈ കവി എഴുതുന്നു. അത് പൊക്കമുള്ള ഒരു മരം. ഇവിടെ പോയകാല ജീവിതമോ ഓര്‍മ്മകളോ ആണത്. പൊക്കങ്ങള്‍ ഓര്‍മ്മകളാകുന്നുവെന്ന് ധ്വനി. കരിമ്പന ഒരു സിനിമയുടെ അനുഭവമാണിവിടെ. കാറ്റു പിടിച്ച ജീവിതങ്ങള്‍. വളരുന്ന ഉദ്വേഗങ്ങള്‍. ബീഡി മണക്കുന്ന ഗുഹകള്‍. വീട്ടിലേക്കു നടക്കുന്നു, പടം പൊഴിച്ച് മഞ്ഞവെയിലില്‍ ആദ്യം നടക്കുന്നവനെ പോലെ. മാറ്റിനിക്കു ശേഷമുള്ള അനുഭവം ഇനി ആരും എഴുതേണ്ടതില്ല. എല്ലാറ്റിലും നിറഞ്ഞു നില്ക്കുന്ന കവിതയെ കാണുന്നു, ഈ കവി. അതുകൊണ്ട്, ഇയാള്‍ക്ക് ഇനിയും ഇനിയും കവിതയെഴുതാതെ കഴിയില്ല.
ഇനി കവിത
എഴുതേണ്ടെന്നു തീരുമാനിച്ചു.
വീടെത്തിയപ്പോള്‍
അന്നേരം വിരിഞ്ഞ
പൂവു പോല്‍ മകള്‍”

Tuesday, December 20, 2011

കെ.സി.എസിന്റെ നായ


-->
തിരുവനന്തപുരത്തെ മ്യൂസിയം അര്‍ട്ട് ഗ്യാലറിയില്‍ കെ.സി.എസ്.പണിക്കര്‍ വരച്ച 'നായ' എന്നൊരു ചിത്രമുണ്ട്. യമദേവന്റെ തിരുമുഖമെന്നു വിശ്വസിക്കപ്പെടുന്ന ജീവിയുടെ ചിത്രം. ചിത്രത്തില്‍, നായയോടൊപ്പം ഒരു കാക്കയേയും കാണാം. പിതൃക്കള്‍ക്കു സമര്‍പ്പിക്കുന്ന ബലിച്ചോറു കൊത്തുന്ന കാക്കയോട് അതു സദൃശം. ചിത്രത്തിലെ കാക്ക ബലിക്കാക്ക തന്നെ. ബലികാക്കയോടൊപ്പം നില്‍ക്കുന്ന നായ മരണത്തിന്റെ ചിഹ്നമെന്നു വായിക്കപ്പെടുന്നു. നായയുടെ മുഖത്തിനു മനുഷ്യന്റെ ഛായയുണ്ട്. അത് യമനു നല്കുന്ന മനുഷ്യഭാവം. എന്നാല്‍, സാവിത്രി രാജീവന്‍ എഴുതിയ നായ എന്ന കവിത കെ. സി. എസിന്റെ ചിത്രത്തിനു പുതിയ വ്യാഖ്യാനങ്ങള്‍ നല്കുന്നു. ആ ചിത്രം പകരുന്ന സര്‍ഗാത്മകതയുടെ ഊര്‍ജ്ജത്തെ വാക്കുകളില്‍ ആവാഹിക്കുന്നു. 


കെ. സി. എസിന്റെ ചിത്രത്തിലെ നായ മ്യൂസിയം അര്‍ട്ട് ഗ്യാലറിയില്‍ നിന്നും ഇറങ്ങിവന്ന് കവിയുടെ മുന്നില്‍ നില്ക്കുന്നു. തന്നെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകാനായി വന്ന ധര്‍മ്മദേവനോയെന്ന് മരണത്തിന്റെ പഴയ അടയാളത്തെ സാവിത്രി ഓര്‍ത്തെടുക്കുന്നു. നായകളുടെ നായത്തത്തെ കുറിച്ച് സന്ദേഹിയാകുന്നു. ആ നായ ഒരു നായയെ പോലിരുന്നുവെന്ന് എഴുതുന്നതിനോടൊപ്പം അവന്റെ മന്ദഹാസത്തെ കൂടി കാണുന്ന കവി ചിത്രത്തിലെ മനുഷ്യഛായയെ കൂടി അറിയുന്നുമുണ്ട്. ഈ നായ മലയാളിയുടെ അല്പത്തങ്ങളെ കൂടി തിരിച്ചറിയാന്‍ ശേഷിയുള്ളവനാണ്. ഇവനോടൊപ്പം വരുന്ന കാക്ക കവിയുടെ അക്ഷരങ്ങളെ കൊത്തിപ്പറിക്കുന്നു. കെ.സി,എസിന്റെ ചിത്രത്തിലെ നായ സര്‍ഗാത്മകതയുടേയും വിമര്‍ശനത്തിന്റേയും രേഖാചിത്രങ്ങളായി മാറിത്തീരുന്നു. 

കവിത പറയുമ്പോഴും കേള്‍ക്കുമ്പോഴും നാം പുതുക്കപ്പെടുന്നതു പോലെ ഈ ചിത്രം കാണുമ്പോള്‍ നമ്മെ ബന്ധിച്ചിരുന്ന കെട്ടുകള്‍ അഴിയുകയും നാം സ്വതന്ത്രരാകുകയും ചെയ്യുന്നു. ഈ നായ കാന്‍വാസില്‍ നിന്നും സ്വതന്ത്രനായി ഇറങ്ങിവന്ന് നമ്മോടും സ്വതന്ത്രരാകാന്‍ പറയാതെ പറയുന്നു. തന്റെ മുന്നില്‍ വന്നു നില്ക്കുന്ന നായയോട് കവി അതിന്റെ സന്ദര്‍ശനോദ്ദേശ്യം തിരക്കുന്നില്ല. തന്നെ തളച്ചിട്ടിരുന്ന ചട്ടക്കൂടില്‍ നിന്നും വിമോചിതയാകുന്ന കവി നായയ്ക്കും കാക്കയ്ക്കുമൊപ്പം നടന്നു തുടങ്ങുന്നു. ഈ നായ കവിയേയും നമ്മളേയും നയിക്കുന്നത് മരണത്തിന്റെ സ്വാതന്ത്യത്തിലേക്കല്ലെന്നു പറയാനാണു താല്പര്യം.  സാവിത്രിയുടെ കവിത സൃഷ്ടിക്കുന്ന ഭാവങ്ങളെല്ലാം സര്‍ഗാത്മകതയെ ഉണര്‍ത്തുന്ന വിമോചനത്തിന്റേതാണ്. കെ.സി.എസ്.പണിക്കരുടെ ചിത്രത്തിന്റെ ആത്മാവിനെ തിരയുകയും കണ്ടെത്തുകയും ചെയ്യുന്ന ഈ കവിത ആ ചിത്രകാരന്റെ ഉജ്ജ്വലരചനയ്ക്കു നല്കുന്നത് ഉചിതമായ പ്രശംസാവചനങ്ങളത്രെ! കവിതയും ചിത്രവും ഒരുമിച്ചു വിളയിക്കുന്നവള്‍ക്കു മാത്രം കഴിയുന്നത്.

Sunday, July 24, 2011

'കുടിയൊഴിക്ക'ലും ചരിത്രവും

ഐക്യകേരളത്തിനും വിമോചനസമരത്തിനും മുമ്പ്‌, ആംഗലഭാഷയില്‍ ബോധനം നടത്തുന്ന വിദ്യാലയങ്ങള്‍ സാധാരണമാകുതിനു മുമ്പ്‌, 'ഖസാക്കിന്റെ ഇതിഹാസ'ത്തിനും 'ആള്‍ക്കൂട്ട"ത്തിനും 'തലശ്ശേരികള്‍'ക്കും മുമ്പ്‌, ദളിതര്‍ ലക്ഷംവീടു കോളനികളിലേക്കും പട്ടികജാതി, പട്ടികവര്‍ഗകോളനികളിലേക്കും മാറ്റി പാര്‍പ്പിക്കപ്പെടുതിനു മുമ്പ്‌, സഖാവ്‌ വര്‍ഗീസിനും ജനകീയ സാംസ്ക്കാരികവേദിക്കും മുമ്പാണ്‌ 'കുടിയൊഴിക്കല്‍' എഴുതപ്പെട്ടത്‌. 1952. ബ്രിട്ടീഷ്‌ സാമ്രാജ്യത്വവിരുദ്ധസമരത്തിന്റെ അലയൊലികള്‍ കെട്ടടങ്ങാനുള്ള കാലമായിരുന്നില്ല. ലോകമെമ്പാടും അധിനിവേശശക്തികള്‍ പിന്‍മാറ്റത്തിനു നിര്‍ബ്ബന്ധിതരാകുകയും മര്‍ദ്ദിതജനതകളുടെ നേതൃത്വത്തിലുള്ള വിമോചനപോരാട്ടങ്ങള്‍ ശക്തിപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭമായിരുന്നു. പുത്തന്‍ അധിനിവേശത്തിന്റെ ഒളിപ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയപ്പെട്ടിരുന്നില്ല താനും. നൃശംസശക്തികളില്‍ നിന്നു വിമോചനമെന്ന സന്ദേശത്തിന്റെ അനുരണനങ്ങള്‍ എല്ലായിടത്തേക്കും വ്യാപിക്കുന്നുണ്ടായിരുന്നു. ഈ കാലഘട്ടത്തിന്റെ കേരളചരിത്രമാണ്‌ കുടിയൊഴിക്കലിന്റെ രചനക്ക്‌ അബോധപ്രേരണയായത്‌. തങ്ങളുടെ കൂറ്‌ അടിസ്ഥാനജനവിഭാഗങ്ങളോടാണെന്ന് മദ്ധ്യവര്‍ഗത്തിനു പറയേണ്ടി വരുന്ന ചരിത്രസാഹചര്യങ്ങളാണ്‌ നിലനിന്നിരുന്നത്‌. എന്നാല്‍, ഇടച്ചേരിയിലുള്ളവരുടെ ഉറപ്പില്ലാത്ത ഈ ഐക്യപ്രഖ്യാപനത്തെ അന്നത്തെ കേരളത്തിന്റെ സാമൂഹികവ്യവസ്ഥയിലേക്കു നോക്കുന്നവര്‍ക്കു കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. കുടികിടപ്പ്‌ അവകാശമായിരുന്നില്ല. കുടിയൊഴിക്കലായിരുന്നു ന്യായം.


ആത്മവിചാരണയുടെ ഒരു മഹാശബ്ദം മലയാളകവിതയിലൂടെ കേല്‍ക്കുകയായിരുന്നു. ആത്മവിമര്‍ശനം സാമൂഹികവും വര്‍ഗപരവുമായ മൂല്യങ്ങളെ കേന്ദ്രീകരിച്ചാകുന്നത്‌ മലയാളകവിതയില്‍ ആദ്യമായിട്ടായിരുന്നു. ദേശീയസമരപ്രസ്ഥാനത്തിന്റേയും നവോത്ഥാനപ്രസ്ഥാനങ്ങളുടേയും കര്‍ഷകകലാപങ്ങളുടേയും വേരുകളില്‍ നിന്ന് ചിന്തകളിലും വിചാരങ്ങളിലും പുരോഗാമിയായ നിലപാടുകളുള്ള ഇടത്തരക്കാരുടെ ഒരു വര്‍ഗം കിളിര്‍ത്തു വന്നിരുന്നു. ചിന്തയുടേയും ഭാവനയുടേയും ലോകത്തില്‍ നിസ്വവര്‍ഗത്തോട്‌ കൂറുള്ളവരാകണമെന്ന് ഇവര്‍ നിശ്ചയിച്ചപ്പോള്‍ പോലും യഥാര്‍ത്ഥജീവിതത്തില്‍ അത്‌ സാദ്ധ്യമായതില്ല. മേലാളന്റെ വരേണ്യതയും ആജ്ഞാശക്തിയുമാണ്‌ യഥാര്‍ത്ഥജീവിതത്തില്‍ പ്രകടിതമായത്‌. മദ്ധ്യവര്‍ഗം വലിയൊരു സന്ദിഗ്ദ്ധാവസ്ഥയിലായിരുന്നു. 'കുടിയൊഴിക്കലി'ന്‌ അവതാരിക എഴുതിയ എന്‍.വി. കൃഷ്ണവാരിയര്‍, ആ കാലഘട്ടത്തിലെ ഏറ്റവും വിഷാദതന്തുരമായ വസ്തുത ഈ മദ്ധ്യവര്‍ഗമാണെന്ന് എഴുതി. "ഒരു വശത്ത്‌ ആര്‍ത്തിരമ്പി മറിയുന്ന അകിഞ്ചനവര്‍ഗം: മറുവശത്ത്‌ തങ്ങള്‍ കയ്യടക്കിയ പ്രപഞ്ചവിഭവങ്ങളുടെ കൊടുമുടിയില്‍ വിഹരിക്കുന്ന ധനികവര്‍ഗം; രണ്ടിനുമിടയില്‍ നിലത്തും മാനത്തുമല്ലാതെ തൂങ്ങിനില്‍ക്കുകയാണിവര്‍. കിട്ടിയതു കൈവിട്ടുപോകുന്നതിലെ ഭയം ഇവരെ മുതലാളികളോടൊരുമിച്ചു നിര്‍ത്തുന്നു. പക്ഷേ, ചരിത്രശക്തികളുടെ നിര്‍ദ്ദയപ്രവര്‍ത്തനങ്ങളെക്കുറിച്ചുളള ബോധവും, മനുഷ്യസ്നേഹാര്‍ദ്രമായ ഹൃദയവും ഇവരെ തൊഴിലാളികളുടെ ഭാഗത്തേക്കാകര്‍ഷിക്കുന്നു. ഫലം അതിദയനീയമാണ്‌. ബുദ്ധിയും ഹൃദയവും വിപ്ളവത്തെ അനുകൂലിക്കുമ്പോള്‍ ഇവരുടെ പ്രവൃത്തികള്‍ വിപ്ളവത്തിന്റെ മുമ്പില്‍ പ്രതിരോധങ്ങള്‍ കെട്ടിയുയര്‍ത്തുന്നു. സ്വന്തം നാശം സ്വയം കണ്ടറിഞ്ഞ്‌ അതിലേക്കു തന്നെ അവര്‍ അടിയടിയായി നീങ്ങുന്നു. ഈ വിനാശത്തിലാകെ വിധിയുടെ അലംഘ്യമായൊരു ശാസനം ഇവര്‍ കണ്ടെത്തുന്നു. അവര്‍ക്കു വിപ്ളവം അനിര്‍വ്വചനീയ നിര്‍ദ്ദയമായൊരു പ്രകൃതിക്ഷോഭമായും തോന്നുന്നു. അനുഭാവം ശത്രുവിനോടയാകയാല്‍ ഇവര്‍ തോല്‍ക്കാന്‍ നില്‍ക്കാതെ ആയുധം വെയ്ക്കുന്നു. വിപ്ളവത്തിന്റെ വിജയത്തില്‍ സന്തോഷിക്കുന്ന ഇവര്‍ അതിന്റെ രൂക്ഷതയെച്ചൊല്ലി വിലപിക്കുന്നു." മദ്ധ്യവര്‍ഗജീവിതത്തിന്റെ പിളര്‍പ്പിനെ കുറിച്ചെഴുതിയ എന്‍.വി, കാലഘട്ടത്തിന്റെ ദുരന്തമാണ്‌ 'കുടിയൊഴിക്ക'ലിലൂടെ ആവിഷ്ക്കരിക്കപ്പെട്ടതെന്നു പറയുന്നുമുണ്ട്‌. "അഭിജാതനായ കവിക്ക്‌ തന്റെ ഉയര്‍ന്ന സംസ്ക്കാരത്തോടുള്ള പ്രണയവും നിസ്വവര്‍ഗത്തോടുള്ള ഹാര്‍ദ്ദസ്നേഹവും തമ്മിലുള്ള പൊരുത്തക്കേടാണ്‌" കവിതയുടെ മര്‍മ്മമെന്ന് എം.എന്‍. വിജയനും എഴുതിയിരുന്നു. എന്നാല്‍, വര്‍ഗപരമായ വൈരുദ്ധ്യങ്ങളുടെ ആവിഷ്ക്കരണം മാത്രമായി ഈ കവിതയെ ലഘൂകരിച്ചു കാണാന്‍ കഴിയുമായിരുന്നില്ല താനും.


മനുഷ്യരാശിയുടെ ഭാവി മോഹനമാകുന്നതിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വൈലോപ്പിള്ളിയുടെ കവിതയില്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. 'സമത്വപ്പൊന്‍വനിയായി പുനര്‍വിരചിക്കപ്പെടു'ന്ന ലോകം വൈലോപ്പിള്ളിയുടെ സ്വപ്നമായിരുന്നു. ഈ മഹാകവിയുടെ കവിതകളില്‍ പേര്‍ത്തും പേര്‍ത്തും ഓണത്തെ കുറിച്ചുള്ള വിചാരങ്ങള്‍ കടന്നുവരുന്നത്‌ നല്ല ലോകത്തേയും കാലത്തേയും കുറിച്ചുള്ള ഈ പ്രതീക്ഷകളില്‍ നിന്നുമായിരുന്നു. 'വിദൂരതയിങ്കലുമൊരു തിരുവോണം' സ്വപ്നം കാണുന്ന ആ മനസ്സ്‌ തന്റെ കാലത്തെ സാമൂഹികജീവിതത്തെ കുറിച്ച്‌ എഴുതിയതു തന്നെ ഈ ലക്ഷ്യത്തെ കുറിച്ചു സൂചിപ്പിക്കാനായിരുന്നു. പാരമ്പര്യത്തില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത ആത്മീയമൂല്യങ്ങള്‍ വിപ്ളവത്തിന്റെ തീക്ഷ്ണതയെ വിമര്‍ശനാത്മകമായി കാണാന്‍ കവിയെ പ്രേരിപ്പിക്കുന്നുമുണ്ടായിരുന്നു. പുതിയ തത്ത്വശാസ്ത്രങ്ങളെ കുറിച്ചുള്ള അറിവ്‌, മൂല്യവിചാരങ്ങളെ കേവലമായി കാണുന്ന പ്രവണതകളില്‍ നിന്നും മാറി നില്‍ക്കുന്നതിന്‌ സഹായകമായി കവിയില്‍ പ്രവര്‍ത്തിച്ചു. ആധുനികതയുടേയും പുരോഗമനത്തിന്റേയും വിമോചനത്തിന്റേയും തത്ത്വശാസ്ത്രങ്ങള്‍ ഈ തിരുവോണസ്വപ്നത്തോടും മൂല്യവിചാരങ്ങളോടുമൊപ്പം കൂടിച്ചേരുന്നു. മദ്ധ്യവര്‍ഗസംസ്ക്കാരവും തിരുവോണസ്വപ്നവും പാരമ്പര്യം നല്‍കിയ ആത്മീയമൂല്യങ്ങളിലുള്ള വിശ്വാസവും തൊഴിലാളിവര്‍ഗം കൊണ്ടുവരുന്ന വിമോചനവുമെല്ലാം കൂടിച്ചേരുന്ന വൈരുദ്ധ്യങ്ങളുടെ ഐക്യമാണ്‌, വലിയ സംഘര്‍ഷങ്ങളുടെ ഒരു ഭൂമികയാണ്‌, 'കുടിയൊഴിക്കലി'ന്റെ രചനക്കു കാരണമായത്‌.


'കുടിയൊഴിക്കലി'ല്‍ മദ്ധ്യവര്‍ഗത്തിന്റെ പ്രതിനിധിയായി കവി തന്നെ പ്രത്യക്ഷപ്പെടുന്നു. കവിതയില്‍ സംസാരിക്കുതു കവി തന്നെയണ്‌. പുറത്തേക്കു കാട്ടുന്ന പുഞ്ചിരിയിലൂടെ കുലീനമായി കള്ളം പറയുന്ന വഞ്ചനയല്ല, നെഞ്ചുകീറി നേരിനെ കാട്ടുന്ന സത്യസന്ധതയെ പ്രഖ്യാപിച്ചു കൊണ്ടാണ്‌ കവിത തുടങ്ങുന്നത്‌. "പുഞ്ചിരി! ഹാ! കുലീനമാം കള്ളം
നെഞ്ചുകീറി ഞാന്‍ നേരിനെ കാട്ടാം." എന്നിങ്ങനെ ആദ്യഖണ്ഡത്തിലും
"നേരു മിന്നിത്തിളങ്ങുമെന്‍ ചിത്തം
ചോര ചിന്നിത്തുറന്നു ഞാന്‍ കാട്ടാം" എന്നു രണ്ടാം ഖണ്ഡത്തിലും
കവി എഴുതുന്നു. എന്‍.വി. സൂചിപ്പിച്ചതു പോലെ വിഭജിതമായ ആത്മാവിനെ പേറുന്ന ഒരു വര്‍ഗത്തിന്റെ സത്യസന്ധത സന്ദേഹജനകമായിരുന്നു. കവിയുടെ സത്യപ്രഖ്യാപനങ്ങള്‍ ഈ സന്ദിഗ്ദ്ധസ്ഥിതിയില്‍ നിന്നും ഉയിരെടുത്തതായിരുന്നു. മദ്ധ്യവര്‍ഗം അതിന്റെ സത്യസന്ധതയെ പറഞ്ഞുറപ്പിക്കേണ്ടി വരുന്ന ഒരു വര്‍ഗമാണ്‌. വലിയ പശ്ചാത്താപത്തിന്റേയും ആത്മവിചാരണയുടേയും വാക്കുകളോടൊപ്പം ചില വിശ്വാസങ്ങളെ കൂടി ഉറപ്പിച്ചു പറയുന്നതിലൂടെ വൈലോപ്പിള്ളിയുടെ ഈ കവിതയില്‍ മദ്ധ്യവര്‍ഗമനസ്സിന്റെ വാതിലുകള്‍ നന്നായി തുറക്കപ്പെട്ടു. "ഈ ഞാന്‍, ഞങ്ങള്‍ നിങ്ങളെ സ്നേഹിപ്പിതെന്നും" എന്നിങ്ങനെ ദരിദ്രവര്‍ഗത്തോടൊപ്പമാണെന്നു പറയാനുള്ള മദ്ധ്യവര്‍ഗത്തിന്റെ ശ്രമം കവിതയില്‍ നേരിട്ട് ആവിഷ്ക്കൃതമായി. ആ വാക്കുകള്‍ക്കു നേരെ തുപ്പല്‍, "വെള്ളം ചേര്‍ക്കാത്ത കള്ള" മെന്ന ആക്ഷേപം...കവിതയിലെ നായകന്റെ ശ്രമങ്ങള്‍ വിഫലമാകുകയാണ്‌. എന്നാല്‍, കവിത ആ കാലഘട്ടത്തിന്റെ സത്യത്തിന്റെ ആവിഷ്ക്കാരമായി മാറുകയായിരുന്നു. കവിഹൃദയത്തിലെ വികാരവൈരുദ്ധ്യമെന്ന രീതിയില്‍ ഇത്‌ മറ്റൊരു രീതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്‌.


മദ്ധ്യവര്‍ഗജീവിതത്തിന്റെ ആന്തരികവൈരുദ്ധ്യങ്ങളേയും പ്രതിസന്ധികളേയും എഴുതിയ കവിതയില്‍, ആ വര്‍ഗം ചരിത്രത്തില്‍ അഭിമുഖീകരിച്ച പിളര്‍പ്പ്‌ മറ്റൊരു രൂപത്തില്‍ കൂടി ആവിഷ്ക്കൃതമായി. കവിയുടെ കാവ്യജീവിതത്തിനും യഥാര്‍ത്ഥജീവിതത്തിനും ഇടയ്ക്കുള്ള വിഭജിതാവസ്ഥക്ക്‌ വര്‍ഗസമൂഹത്തില്‍ മദ്ധ്യവര്‍ഗം നേരിടുന്ന പിളര്‍പ്പിനോട്‌ സാദൃശ്യമുണ്ടായിരുന്നു. "കെട്ട ജീവിതം! ഉണ്ടെനിക്കെന്നാല്‍ മറ്റൊരു കാവ്യജീവിതം മന്നില്‍" എന്ന വാക്യത്തില്‍ കവിജീവിതത്തിന്റെ മഹത്ത്വത്തെ കുറിച്ചു പറയുക മാത്രമായിരുന്നില്ല, അത്‌ മദ്ധ്യവര്‍ഗത്തിന്റെ അനിശ്ചിതമായ സ്ഥിതിയുടെ ന്യായീകരണമായി മാറുകയും ചെയ്തു. കേരളത്തിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ ഏകശാസനസ്വഭാവമുള്ള നിലപാടുകള്‍ക്കെതിരെയുള്ള വിമര്‍ശനം കൂടിയായിരുന്നു ഇത്‌. യാന്ത്രികവാദത്തിനു കീഴ്പ്പെട്ട കലാദര്‍ശനങ്ങളോടുള്ള പ്രതിഷേധമായി കവിതയില്‍ ഇതു സൂചിതമാകുന്നുമുണ്ട്‌. കവികളേയും എഴുത്തുകാരേയുമെല്ലാം മദ്ധ്യവര്‍ഗക്കാരായി കാണുകയോ കലാകാരന്‍മാരുടെ മറ്റൊരു വര്‍ഗത്തെ നിര്‍വ്വചിക്കുകയോ ചെയ്യുന്ന കര്‍മ്മത്തിന്‌ കവി തുനിയുന്നു. ഈ വര്‍ഗത്തിനു സൌന്ദര്യബോധമുണ്ട്‌. സൌന്ദര്യബോധത്താല്‍ കുതികൊള്ളുന്ന പുരോഗമനവാഞ്ഛയും പ്രതിജ്ഞാബദ്ധതയുമുണ്ട്‌. പുരോഗാമിയായ എല്ലാ പ്രവൃത്തികള്‍ക്കും പിന്നില്‍ സൌന്ദര്യബോധമുണ്ടെന്ന് കവിതയില്‍ എഴുതപ്പെടുന്നു. കുടികിടപ്പുകാരനായ തൊഴിലാളിയുടെ ജീവിതത്തോട്‌ താരതമ്യം ചെയ്തുകൊണ്ട്‌ 'ഉണ്ടെനിക്കെന്നാല്‍ മറ്റൊരു കാവ്യജീവിത'മെന്നു നിനയ്ക്കുന്നതിന്‌ കവിയെ പ്രേരിപ്പിക്കുന്നത്‌ ഈ സൌന്ദര്യബോധം നല്‍കുന്ന ആത്മവിശ്വാസമാണ്‌. എന്നാല്‍, വിഭജിതമായ മനസ്സ്‌ ഇവിടെയും പ്രവര്‍ത്തിക്കാതിരിക്കുന്നില്ല. തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ കലാദര്‍ശനങ്ങളിലെ ഗരിമയുള്ള മൂലകങ്ങള്‍ കവിയുടെ മനസ്സിനെ ഉലയ്ക്കുകയും സന്ദിഗ്ദ്ധാവസ്ഥകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
"കനിവിന്റെ കണ്ണുനീര്‍ കലരാത്ത
കരളിന്റെ കവിതയിതൊക്കെയും കപടമല്ലേ?" എന്ന നിസ്വന്റെ ചോദ്യത്തിനു മുന്നില്‍ അതു പതറുകയും വിശ്വമഹാകവികളോടൊപ്പം ചേര്‍ന്ന്
"പോക, പോകടോ നീ കവിയ,ല്ലാ
-പ്രാകൃതനാണു സാഹിത്യകാരന്‍"
എന്നു നമ്മുടെ കവിയും തിരുത്തുകയും ചെയ്യുന്നു.


മദ്ധ്യവര്‍ഗ്ഗത്തിന്റെ ഉപബോധത്തില്‍ ദരിദ്രവര്‍ഗ്ഗത്തെക്കുറിച്ചുളള ഭയാശങ്കകളുണ്ട്‌. വൈലോപ്പിള്ളിയുടെ കവിത ഇതു തുറന്നുപറയുന്നു. കാലത്തിന്റെ വിളികള്‍ ഒരു സൊല്ലയായി മാറുമ്പോള്‍ സമൂഹത്തെ മുറുക്കിയിരിക്കുന്ന കെട്ടുകളഴിക്കാന്‍ ഇടച്ചേരിയും കൂടുന്നു. എന്നാല്‍, കെട്ടുകള്‍ അഴിച്ചുതുടങ്ങുമ്പോള്‍ തന്നെ ഇവര്‍ ഭീതിയില്‍ പെടുന്നു.
"സൊല്ലയാല്‍ ഞങ്ങളീ കടുംകെട്ടു
മെല്ലെമെല്ലെയഴിക്കുവാന്‍ നോക്കി
ചെറ്റഴിക്കവേ, യെന്തുപബോധ-
വൃത്തിയോ, പിണച്ചേറെ മുറുക്കി"
യെന്നു കവിത. മദ്ധ്യവര്‍ഗ്ഗത്തിന്‌ ദരിദ്രവര്‍ഗ്ഗത്തോട്‌ സമ്പൂര്‍ണ്ണ ഐക്യം പ്രാപിക്കാന്‍ കഴിയില്ലെന്ന്, സമ്പന്ന വര്‍ഗ്ഗത്തെ എത്തിപ്പിടിക്കാനുളള അതിന്റെ ഉപബോധമോഹങ്ങള്‍ എപ്പോഴും അതിനെ പിന്നോട്ടു വലിക്കുന്നുവെന്ന് കവിക്ക്‌ ഉറപ്പുണ്ടായിരുന്നു. എന്നാല്‍, സമൂഹത്തെ വലിഞ്ഞു മുറുക്കുന്ന കെട്ടുകളെ ഒറ്റ വെട്ടുകൊണ്ട്‌ തൊഴിലാളിവര്‍ഗ്ഗം അറുത്തുകളയുന്നു. തൊഴിലാളിവര്‍ഗത്തോടും അവരുടെ വിമോചനപോരാട്ടങ്ങളോടും കൂട്ടു കൂടുന്നവനാണെന്ന് സ്വയം ഉറപ്പുള്ള കവിയുടെ ശബ്ദത്തില്‍ ഇപ്പോള്‍ വിമര്‍ശനത്തിന്റെ വാക്കുകളും കടന്നുവരുന്നു. പരിവര്‍ത്തനം മര്‍ത്ത്യലോകമഹിമ പുലര്‍ത്തുന്ന വിധമായിരുന്നില്ലെന്ന് കവിത പറയുന്നു. ആദിമമനുഷ്യനോളം മനുഷ്യരാശി വീണുവെന്ന് കവിത. എങ്കിലും, അദ്ധ്വാനിക്കുന്ന വര്‍ഗ്ഗം സൃഷ്ടിക്കുന്ന വലിയ പരിവര്‍ത്തനങ്ങളെ കവി ആകാംക്ഷയോടെ കാണുന്നു. കവിവര്‍ഗ്ഗം സ്വപ്നം കണ്ട സ്നേഹമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കണമെന്ന്,
"മര്‍ദ്ദകനിണസ്വാദിനെയോര്‍ക്കും കത്തിയാല്‍ ആത്മഹത്യ ചെയ്യരുതെ"ന്ന് ആഗ്രഹിക്കുന്നു. ഭൌതികസുഖങ്ങളില്‍ മാത്രം മുഴുകി ജീവിക്കുന്ന വീക്ഷണത്തിനെതിരെ ജീവിതത്തില്‍ നിറയേണ്ട ആത്മീയ ഘടകങ്ങളെ കുറിച്ച്‌ പറയുന്നു. മാനുഷസത്തയെ പുലര്‍ത്താന്‍ അനന്തതക്കും കഴിയില്ല. 
"പോരുമിത്തിരി മെയ്യിന്‌, സര്‍വ്വം
പോരാ മാനുഷസത്ത പുലര്‍ത്താന്‍. "


'കുടിയൊഴിക്കല്‍' ആശങ്കകളുടെ ആഖ്യാനമായിരുന്നു. താന്‍ ഉള്‍പ്പെടുന്ന മദ്ധ്യവര്‍ഗത്തിന്റെ അനിശ്ചിതാവസ്ഥ, തൊഴിലാളിവര്‍ഗവിപ്ളവത്തിന്റെ രൂക്ഷതയും അതിന്റെ മാര്‍ഗത്തെ കുറിച്ചുള്ള സന്ദേഹവും, വിപ്ളവത്തിന്റെ ഭാവിയെ കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍... ഇവയെല്ലാം ചേര്‍ന്നു നിര്‍മ്മിക്കപ്പെട്ട കവിതയില്‍ സഹജാവബോധത്തിന്റെ കരുത്തു നിറഞ്ഞു നിന്നു. ഇതാകട്ടെ, പരോക്ഷമായി ഭാവിയെ പ്രവചിക്കുന്നതിനു കെല്‍പുള്ളതായിരുന്നു. 'കുടിയൊഴിക്കല്‍' എഴുതപ്പെടുന്ന കാലത്ത്‌ സോവിയറ്റ്‌ യൂണിയനിലെ സ്റ്റാലിന്‍ യുഗം അവസാനിച്ചിരുന്നില്ല. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസും ക്രൂഷ്ച്ചോവും മുതലാളിത്തപുന:സ്ഥാപനത്തെ കുറിച്ചുള്ള വിമര്‍ശനങ്ങളും മഹത്തായ സംവാദവും വരാനിരിക്കുന്നതേയുള്ളൂ. സ്റ്റാലിന്‍ ഭരണത്തിന്റെ കീഴില്‍ കലാകാരന്‍മാരും എഴുത്തുകാരും പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തേക്ക്‌ അധികമായി എത്തിയിരുന്നില്ല. സഹജാവബോധത്തിന്റെ നിറവില്‍ വൈലോപ്പിള്ളിയുടെ കവിതക്ക്‌ ഇതിനയെല്ലാം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നുവെന്ന് ഇപ്പോള്‍ നമുക്കു പറയാം. അന്യോന്യഹിംസ കൊണ്ട്‌ വിഷമപ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നത്‌ അപരിഷ്ക്കൃതരായ ആദിമമനുഷ്യര്‍ക്കു ചേര്‍താണെന്നു കാണുകയും വര്‍ഗമത്സരം ശീലിച്ച്‌ ആയുധമെടുത്തു ജയിച്ചവര്‍ ആ ശീലത്തെ ഇനിയും തുടര്‍ന്ന് ആഭ്യന്തരകലഹത്തിലൂടെ അധ:പതിക്കാതിരിക്കട്ടെയെന്ന് ആഗ്രഹിക്കുകയും കുടികിടപ്പുകാരനായ തൊഴിലാളിയും മദ്ധ്യവര്‍ഗക്കാരനായ കവിയും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ കവിതയിലുടനീളം ശ്രദ്ധയില്‍ നിര്‍ത്തുകയും ചെയ്യുന്ന കവി
"മംഗളമാക, മര്‍ത്ത്യമഹത്ത്വ
ശൃംഗകാമുകം താവകമാര്‍ഗം" എന്നു തുറന്നാശംസിക്കുമ്പോഴും ഇതു തെറ്റിപ്പോകില്ലേയെന്ന സന്ദേഹത്തിന്റെ വലിയ ഒഴുക്കില്‍ പെട്ടവനെ പോലെയാണ്‌ നിന്നിരുന്നത്‌. ഭൌതികസുഖസംതൃപ്തികള്‍ക്കപ്പുറത്ത്‌ വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും പുലരേണ്ട മാനുഷികമായ ആത്മീയമൂല്യങ്ങളെ കുറിച്ചുള്ള ഉറപ്പായിരുന്നു വൈലോപ്പിള്ളിയുടെ നിലപാടിന്റെ അടിത്തറ. എന്നാല്‍, മൂല്യങ്ങളുടെ ചരിത്രപരതയെ നിഷേധിക്കുന്ന നിലപാടില്‍ നിന്നുകൊണ്ടല്ല ഈ കവിത എഴുതിയത്‌. മൂല്യങ്ങളുടെ പരിണാമത്തെ കുറിച്ച്‌ കവിക്ക്‌ അറിയാമായിരുന്നു. ആദിമമനുഷ്യന്റെ മൂല്യങ്ങളല്ല, ഇന്നത്തെ മനുഷ്യന്റേതെന്ന് സൂചിപ്പിക്കപ്പെടുന്നത്‌ അതുകൊണ്ടാണ്‌.


തൊഴിലാളിവര്‍ഗവിപ്ളവത്തിന്റെ അനിവാര്യതയേയും പ്രസക്തിയേയും അംഗീകരിക്കുകയും അതിന്റെ കഠിനമാര്‍ഗങ്ങളേയും ഭാവിയേയും കുറിച്ച്‌ ഉല്‍ക്കണ്ഠാകുലനാകുകയും ചെയ്ത കവി, താന്‍ പ്രതിനിധീകരിക്കുന്ന മദ്ധ്യവര്‍ഗ്ഗത്തിന്റെ അനിശ്ചിതമായ സ്വഭാവത്തെ കുറിച്ച്‌ എഴുതിയ വാക്കുകള്‍ കേരളത്തിന്റെ പിന്നീടുള്ള ചരിത്രത്തില്‍ നന്നായി തെളിഞ്ഞു വരുന്നതു കാണാവുന്നതാണ്‌. വിപ്ളവത്തിന്റെ പിതൃഭൂമിയില്‍ നിന്നു പിന്നീടു കേട്ട വാര്‍ത്തകള്‍ സുഖകരമായിരുന്നില്ലല്ലോ. വിപ്ളവം നേരിടുന്ന തിരിച്ചടികളേയും പ്രശ്നങ്ങളേയും കുറിച്ച്‌ ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടായിരുന്നു. പുതിയ പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും വീണ്ടും തെറ്റും ശരിയും കലര്‍ന്ന മാര്‍ഗ്ഗങ്ങളെ സൃഷ്ടിച്ചുകൊണ്ടിരുന്നു. മഹത്തായ സംവാദവും പാരീസ്‌ കലാപവും യൂറോ കമ്മ്യൂണിസവും സാംസ്ക്കാരികവിപ്ളവവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. കേരളത്തിലും അതിന്റെ അനുരണനങ്ങളുണ്ടായി. ഇവിടുത്തെ മദ്ധ്യവര്‍ഗ്ഗത്തിന്റെ അവസാനത്തെ ഉരുള്‍പൊട്ടലെന്ന് അത്‌ വിശേഷിക്കപ്പെട്ടു. ഇക്കാലത്തു രചിക്കപ്പെട്ട കെ.ജി.ശങ്കരപ്പിള്ളയുടെ രചനകളില്‍ 'കുടിയൊഴിക്കലി'ന്റെ ചില നല്ല തുടര്‍ച്ചകള്‍ കണ്ടെത്താം. എന്നാല്‍, ഇവിടെ രൂപം കൊണ്ട സാംസ്ക്കാരിക പ്രസ്ഥാനം അടിസ്ഥാനവിഭാഗങ്ങളില്‍ നിന്നും പിന്തുണ നേടിയിട്ടും ജനകീയപ്രക്ഷോഭങ്ങളില്‍ വിജയങ്ങള്‍ നേടിയിട്ടും പെട്ടെന്നു തന്നെ പിരിച്ചുവിടപ്പെടേണ്ട സ്ഥിതിയിലാണ്‌ എത്തിച്ചേര്‍ന്നത്. വിജയിച്ചതിനാല്‍ പിരിച്ചുവിടപ്പെട്ട ഈ പ്രസ്ഥാനത്തെ കുറിച്ച്‌ മുന്നേ തന്നെ വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. ജനകീയസാംസ്ക്കാരികവേദിയെ നയിച്ചിരുന്ന മദ്ധ്യവര്‍ഗ്ഗത്തിന്റെ സ്വഭാവസവിശേഷതകള്‍ കൂടി അതിന്റെ പിന്തിരിഞ്ഞുപോക്കിന്‌ കാരണമായിരുന്നു. സ്റ്റാലിനിസ്റ്റ്‌ മാതൃകകളെ ഉപേക്ഷിച്ച്‌ മുന്നോട്ടുപോകാന്‍ മടി കാണിച്ച രാഷ്ട്രീയനേതൃത്വം കൂടിയായപ്പോള്‍ ആ ഉരുള്‍പൊട്ടലിന്‌ അന്ത്യമായി. ആഗോളികരണത്തിന്റെ കാലം ആഗതമാകുകയായിരുന്നു. ലോകത്തെ ഏകഗ്രാമമാക്കി മാറ്റുന്ന പ്രക്രിയ ഏറ്റവുമധികം ആവേശിച്ചത്‌ മദ്ധ്യവര്‍ഗ്ഗത്തെയാണ്‌. അതിന്റെ ഉപരിവര്‍ഗ്ഗമോഹങ്ങള്‍ക്ക്‌ കൊഴുപ്പേറി. വിമോചനത്തിന്റെ മുദ്രാവാക്യങ്ങളെ പേറുന്ന മദ്ധ്യവര്‍ഗ്ഗം അസാദ്ധ്യമാകുകയായിരുന്നു. സുഖകാമനകളും ഉപഭോഗസംസ്ക്കാരവും ജീവിതത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള അമിതമായ ആകാംക്ഷകളും ആവേശിച്ച സമകാലമദ്ധ്യവര്‍ഗം നിസ്വവര്‍ഗത്തെ കുറിച്ച്‌ എന്തെങ്കിലും ആകുലതകളെ സൂക്ഷിക്കുന്നുണ്ടോയെന്നു തന്നെ സംശയിക്കണം. അധീശവര്‍ഗം നീട്ടുന്ന വ്യവസ്ഥയോട്‌ അത്‌ ഒത്തുതീര്‍പ്പുകളിലൂടെ സമവായത്തിലെത്തുകയും അതിലേക്ക്‌ സ്വാംശീകരിക്കപ്പെടുകയും ചെയ്തു കഴിഞ്ഞിട്ടുണ്ടല്ലോ.


ജനശക്തിയുടെ ജൂലൈ ആദ്യലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...