Friday, December 27, 2019

യയാതി


ഇന്ത്യന്‍ ഭാഷകളില്‍ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും നല്ല നോവലുകളുടെ ഗണത്തില്‍ വി.എസ്. ഖാണ്‌ഡേക്കറുടെ യയാതിയെ പണ്ഡിതന്മാര്‍ ഉള്‍പ്പെടുത്താറുണ്ട്. മഹാഭാരതത്തിലെ ഒരു ഉപാഖ്യാനമായ യയാതിയുടേയും ദേവയാനിയുടേയും ശര്‍മ്മിഷ്ഠയുടേയും കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. ഒരു പുരാണകഥയെ സമകാലത്ത് പുനരാഖ്യാനം ചെയ്യുന്നതില്‍ പല താല്‍പ്പര്യങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. എഴുത്തുകാരന്റെ ബോധപൂര്‍വ്വമായ താല്‍പ്പര്യങ്ങള്‍ക്കപ്പുറം സമൂഹത്തിന്റെ അബോധപ്രേരണകളും ഈ രചനയ്ക്കു കാരണമായിട്ടുണ്ടെന്നും പറയണം. ഈ നോവല്‍ വായിക്കുന്നവര്‍ എടുത്തു കാണിച്ചേക്കാവുന്ന ഒരു കാര്യം സുഖഭോഗങ്ങളില്‍ മുങ്ങിത്താഴുന്ന മനുഷ്യര്‍ അഭിമുഖീകരിക്കുന്ന ദുരന്തത്തെ ഈ കൃതി അനുയോജ്യമായ ഭാഷയിലും ശൈലിയിലും ആവിഷ്‌ക്കരിക്കുന്നുവെന്നതാണ്. മറുവശത്ത്, വിരക്തിയിലും വൈരാഗ്യത്തിലും മുഴുകുന്നവര്‍ അനുഭവിക്കുന്ന ദുരിതങ്ങളും അവരുടെ നിന്ദ്യമായ ജീവിതവും കൂടി നോവലില്‍ ചിത്രിതമാകുന്നു. സമതുലിതമായ ഒരു ജീവിതവഴിയെ നിര്‍ദ്ദേശിക്കാനാണ് നോവല്‍ ആഗ്രഹിക്കുന്നതെന്ന് ഖാണ്‌ഡേക്കര്‍ തന്നെ പറഞ്ഞുവയ്ക്കുന്നുണ്ട്. “മനുഷ്യനു ശരീരവും ആത്മാവും ഒരു പോലെ അനുപേക്ഷണീയങ്ങളാണ്. ഇവ രണ്ടിന്റേയും വിശപ്പു ശമിച്ചാലേ ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനില്‍ക്കുകയുള്ളൂ. ആയിരം കൈകള്‍ കൊണ്ട് ഭൗതികസമൃദ്ധി വാരിവിതറുന്ന യന്ത്രയുഗത്തില്‍ ഈ സന്തുലനം കാത്തുസൂക്ഷിക്കുന്നതിനായി വ്യക്തിക്കു സ്വന്തം സുഖം പോലെ തന്നെ കുടുംബത്തിന്റേയും സമൂഹത്തിന്റേയും സുഖത്തിലും ശ്രദ്ധിക്കേണ്ടി വരും. മാത്രമല്ല, രാഷ്ട്രത്തിനു വേണ്ടിയും മാനവരാശിക്കു വേണ്ടിയും കുറേ ത്യാഗം സഹിക്കേണ്ടതായും വരും.” എന്നിങ്ങനെ ഖാണ്‌ഡേക്കര്‍ എഴുതുന്നുണ്ട്.
യയാതിയുടെ സുഖഭോഗവാസനകള്‍ തന്റെ മക്കളോടു അവരുടെ യൗവ്വനം തനിക്കു നല്‍കാന്‍ ആവശ്യപ്പെടുന്നിടത്തോളം അത്യാശ നിറഞ്ഞതാണ്. ആരുടെയല്ലാം ജീവിതമാണ് അയാളുടെ സുഖഭോഗങ്ങളില്‍ ഹോമിക്കപ്പെടുന്നത്? ഇതിന്നപ്പുറം സുഖഭോഗകാമനയെ സങ്കല്‍പ്പിക്കാന്‍ കഴിയുമോയെന്ന് ആശ്ചര്യപ്പെടാവുന്നതാണ്. നഹുഷന്റെ മൂത്തപുത്രന്‍ യതി രാജ്യവും അധികാരവും സുഖവുംഐശ്വര്യങ്ങളും വലിച്ചെറിഞ്ഞ് സന്യാസിയായി തീര്‍ത്തും വിരക്തമായ ജീവിതം നയിക്കുന്നു. അയാള്‍ മാനസികവിഭ്രാന്തിയിലാണ് എത്തിച്ചേരുന്നത്. നഹുഷന്റെ ഈ രണ്ടു മക്കളുടെ കഥയിലൂടെ തന്നെ അങ്ങേയറ്റത്തു നില്‍ക്കുന്ന വിരുദ്ധമാര്‍ഗ്ഗങ്ങളുടെ ദോഷത്തെ ഖാണ്‌ഡേക്കര്‍ ധ്വനിപ്പിക്കുന്നു. ഇതോടൊപ്പമാണ് ദേവയാനിയെന്ന ശാഠ്യക്കാരിയുടെ കഥയും നാം വായിക്കുന്നത്. അഹങ്കാരവും അത്യാഗ്രഹവും സ്വാര്‍ത്ഥതയും ദേവയാനിയോളം ആരില്‍ കണ്ടെത്താന്‍ കഴിയും? അവള്‍ കൂട്ടുകാരിയായ രാജകുമാരിയെ തന്റെ ദാസിയാക്കി മാറ്റുകയും അവളെ നിരന്തരം പീഡിപ്പിക്കുന്നതിലും അപമാനിക്കുന്നതിലും സുഖം കണ്ടെത്തുകയും ചെയ്യുന്നു. എപ്പോഴും അധികാരത്തിന്റെ ലഹരി നുണയുന്ന ദേവയാനി അന്ത്യത്തില്‍ ധര്‍മ്മസങ്കടങ്ങളില്‍ പതിക്കുന്നു. കചനും ശര്‍മ്മിഷ്ഠയും പുരുവും വിവേകത്തിന്റേയും സൗമ്യതയുടേയും സംയമനത്തിന്റേയും പ്രതിരൂപങ്ങളായി നോവലില്‍ പ്രത്യക്ഷപ്പെടുന്നു. ജീവിതത്തിന്റെ സമതുലിതാവസ്ഥയെ കുറിച്ചുള്ള എഴുത്തുകാരന്റെ ആദര്‍ശം ആര്‍ക്കും പെട്ടെന്നു കണ്ടെത്താവുന്നിടത്തോളം നോവലില്‍ സുവ്യക്തമാണ്. നോവലിസ്റ്റിന്റെ മന:ശാസ്ത്രപരമായ സമീപനവും എടുത്തു പറയണം. യയാതിയുടേയും ദേവയാനിയുടേയും ശര്‍മ്മിഷ്ഠയുടേയും ആഖ്യാനങ്ങളിലൂടെ മനുഷ്യമനസ്സിന്റെ വിചിത്രപഥങ്ങളിലൂടെയുള്ള സഞ്ചാരങ്ങളെ ഖാണ്‌ഡേക്കര്‍ എഴുതുന്നു.
ശുക്രാചാര്യന്റേയും കചന്റേയും തപസ്സും ശുക്രാചാര്യന്റെ ശാപങ്ങളും കഥയുടെ ഗതിയെ നിയന്ത്രിക്കുന്ന പ്രധാനഘടകങ്ങളാണ്. സഞ്ജീവനി മന്ത്രത്തിനു വേണ്ടിയും തുടര്‍ന്ന് അതിലും ഫലപ്രദമായ മന്ത്രത്തിനു വേണ്ടിയും ശുക്രാചാര്യര്‍ തപസ്സനുഷ്ടിക്കുന്നു. ഈ അറിവിന്റെ ധാര്‍ഷ്ട്യം അദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തികളിലുമുണ്ട്. വൃഷപര്‍വ്വാവ് രാജാവിനെ ഭയപ്പെടുത്തി നിര്‍ത്തുന്നതിന് ശുക്രാചാര്യര്‍ ഉപയോഗിക്കുന്നത് അയാളുടെ തപ:ശക്തിയേയും മന്ത്രജ്ഞാനത്തേയുമാണ്. പുരോഹിതനായ ശുക്രാചാര്യര്‍ക്കു കീഴ്‌പെട്ടു നില്‍ക്കുന്ന വൃഷപര്‍വ്വാവ് മഹാരാജാവിനെ നാം കാണുന്നു. രാജ്യാധികാരം പുരോഹിതന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചായി മാറിത്തീരുന്നു. വൃഷപര്‍വ്വാവ് മഹാരാജാവിന് തന്റെ മകളായ ശര്‍മ്മിഷ്ഠയെ ശുക്രാചാര്യരുടെ മകളായ ദേവയാനിയുടെ ദാസിയായി അയക്കേണ്ടി വരുന്നത് പൗരോഹിത്യത്തോടുള്ള ഭയം കൊണ്ടാണ്. ശര്‍മ്മിഷ്ഠയും തന്റെ പത്‌നിയാണെന്ന്, അവളുടെ കുഞ്ഞ് തന്റെ മകനാണെന്ന് യയാതിക്ക് ദേവയാനിയോടു പറയാന്‍ കരുത്തില്ലാതെ പോകുന്നതും ദേവയാനിയുടെ പിതാവായ ശുക്രാചാര്യരോടുള്ള ഭയം കൊണ്ടാണ്. സ്വേച്ഛയാ അധികാരമുള്ള രാജഭരണത്തില്‍ പോലും അധികാരം പൗരോഹിത്യത്തിന്റെ ഹിതാനുസരണം മാത്രമാകുന്നു. എന്നാല്‍, ഇത് പൗരോഹിത്യത്തിന്റെ പ്രശ്‌നം മാത്രമല്ല. അറിവ് പൗരോഹിത്യത്തിന്റെ കൈകളിലാണ് എന്ന കാര്യത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. അറിവും അധികാരവുമായുളള ബന്ധത്തിന്റെ പ്രശ്‌നം കൂടിയാണിത്. അറിവും അധികാരവും തമ്മിലുള്ള ബന്ധത്തെ പ്രശ്‌നവല്‍ക്കരിക്കാന്‍ ഒരു പഴയ കഥയുടെ പുനരാഖ്യാനത്തിലൂടെ നോവലിസ്റ്റിനു കഴിയുന്നുവെന്നത് ചെറിയ കാര്യമല്ല.
കചന്‍ മഹാഭാരതോപഖ്യാനത്തിലെന്ന പോലെയല്ല നോവലില്‍ പ്രത്യക്ഷപ്പെടുന്നത്. കചദേവയാനിയുടെ കഥയില്‍ സഞ്ജീവനി മന്ത്രം നേടുന്ന കചന്‍ ദേവലോകത്തേക്കു പോകുകയാണ്. പിന്നീടു തിരിച്ചു വരുന്നില്ല. എന്നാല്‍, നോവലില്‍ ആദ്യന്തം കചന്റെ സാന്നിദ്ധ്യമുണ്ട്. കചന്‍ നിര്‍ണ്ണായകമായ പല കാര്യങ്ങളും നിര്‍വ്വഹിക്കുകയും ചെയ്യുന്നു. ശുക്രാചാര്യനില്‍ നിന്നും വ്യത്യസ്തമായി അറിവില്‍ വിനയവാനാകുന്ന ഋഷിയേയാണ് കചനില്‍ നോവലിസ്റ്റ് വരയ്ക്കുന്നത്. അറിവും അധികാരവും ചേരുമ്പോളുണ്ടാകുന്ന ദുരന്തമുഹൂര്‍ത്തങ്ങളെ കാണാന്‍ കഴിവുള്ളവനാണ്, ഈ ഋഷി. എന്നാല്‍, ദേവന്‍ / അസുരന്‍ എന്ന വിഭജനത്തില്‍ കചദേവന് സാത്വികഗുണങ്ങള്‍ നല്‍കുകയും അസുരഗുരുവായ ശുക്രാചാര്യന് തമോഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്ന എഴുത്തുകാരനെ കാണാതിരുന്നു കൂടാ. പഴക്കം ചെന്ന ചരിത്രവിവാദത്തില്‍ സവര്‍ണ്ണപക്ഷം ചേരലല്ലേ ഇത്? പുരാണകഥയുടെ ആഖ്യാനം പൗരാണികമായ ചില മൂല്യങ്ങളെ സമകാലത്തേക്കു കൂട്ടിക്കൊണ്ടു വരുന്നതും കൂടി പറയണം. ജനാധിപത്യത്തിന്റേയും സഹിഷ്ണുതയുടേയും മൂല്യങ്ങളോടു ചേരാത്ത കല്ലു പിളര്‍ക്കുന്ന ശാപങ്ങളുടേയും ആജ്ഞകളുടേയും സ്വേച്ഛാധികാരത്തിന്റേയും മൂല്യങ്ങളോടു സംവദിക്കുന്നതിന് ഇതു വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ടാകണം.
ആഖ്യാനത്തിന്നിടയിലെ അത്യന്തം ചരിത്രവിരുദ്ധമായ ഒരു ഭാഗത്തെ കൂടി പരാമര്‍ശിക്കണം. ശര്‍മ്മിഷ്ഠയുടെ മനസ്സിലെ സ്വപ്നതുല്യമായ ഒരു വിചാരത്തില്‍ അവള്‍ യയാതിയുമായി ആലിംഗനബദ്ധരായി നില്‍ക്കുന്നതു കാണുന്നു. ആ നിര്‍വൃതിയില്‍ ഇല്ലാതാകാന്‍ ശര്‍മ്മിഷ്ഠ ആഗ്രഹിക്കുന്നു. പെട്ടെന്ന് വലിയ വര്‍ഷപാതത്തില്‍ എല്ലാം തകരുന്നതായി അവള്‍ സങ്കല്‍പ്പിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഏതോ പുരാവസ്തുശാസ്ത്രജ്ഞന്‍ ആലിംഗനബദ്ധരായിരിക്കുന്ന ഈ മിഥുനങ്ങളുടെ അസ്ഥികൂടം കണ്ടെടുക്കുന്നു. ആധുനികമായ പുരാവസ്തുശാസ്ത്രത്തേയും ശാസ്ത്രജ്ഞനേയും സങ്കല്‍പ്പിക്കുന്ന പുരാണത്തിലെ ശര്‍മ്മിഷ്ഠ വലിയൊരു തമാശയാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. നമ്മുടെ നല്ല നോവലുകള്‍ക്കു പോലും നല്ല എഡിറ്റര്‍മാരുടെ കൈകളെത്തിച്ചേരാത്തതിന്റെ കുറവുകളുണ്ട്.

No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...