Wednesday, February 7, 2018

ലാബ്

ലാബ്
സ്നേഹ
"കെമിസ്ട്രി സാറാണ് പറഞ്ഞത്
അടുക്കള ഒരു ലാബാണെന്ന്.
പരീക്ഷിച്ച്, നിരീക്ഷിച്ച്
നിന്നപ്പോഴാണ് കണ്ടത്
വെളുപ്പിനുണര്‍ന്ന്
പുകഞ്ഞു പുകഞ്ഞ്
തനിയെ സ്റ്റാര്‍ട്ടാകുന്ന
കരി പുരണ്ട് കേടുവന്ന
ഒരു മെഷീന്‍ അവിടെയെന്നും
സോഡിയം ക്ലോറൈഡ് ലായനി
ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന്.”
സ്നേഹ എന്ന സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കവിത വീണ്ടും ചര്‍ച്ച ചെയ്യുകയാണല്ലോ.
സ്നേഹയുടെ കവിത പ്രത്യക്ഷത്തില്‍ തന്നെ പ്രസരിപ്പിക്കുന്ന സ്ത്രീപാഠങ്ങള്‍ ആര്‍ക്കും കാണാതിരിക്കാനാവില്ല.ഒരു വിദ്യാര്‍ത്ഥിനി തന്റെ വീടിന്റെ അടുക്കളയില്‍ പുകയുന്ന, കരിപുരണ്ട സ്ത്രീജീവിതത്തെ കണ്ടെത്തുന്നു. അമ്മയോടുള്ള സഹഭാവത്തെ, സ്ത്രീയോടുള്ള സഹഭാവത്തെ, പാതി ലോകം വേതനമില്ലാതെ ചെയ്യുന്ന തൊഴിലിനെ, സ്ത്രീയുടെ സഹനത്തെ ഈ കവിത എഴുതുന്നുവെന്നത് അതിന്റെ നേര്‍ പാഠമാണ്. പ്രത്യക്ഷമായത്. വളരെ പ്രാധാന്യമുള്ള പാഠമാണത്. സ്ത്രീരാഷ്ട്രീയത്തിന്റേയും ശാക്തീകരണത്തിന്റേയും സവിശേഷപശ്ചാത്തലത്തില്‍ അതിന്റെ പ്രാധാന്യം ഏറുന്നു. സ്ത്രീജീവിതത്തിന്റെ ദയനീയസ്ഥിതിയോടുള്ള വിമര്‍ശം ഈ കവിതയിലുണ്ട്. നമ്മുടെ സഹൃദയലോകം കവിയെ അഭിനന്ദിക്കുന്നത് മിക്കവാറും ഈ പ്രത്യക്ഷപാഠത്തിന്റെ വായനയിലൂടെയാണ്. ഇതിന്നപ്പുറത്ത് , ഈ കവിത ധ്വനിപ്പിക്കുന്ന ശാസ്ത്രവിമര്‍ശവും പ്രധാനമാണെന്നു പറയാനാണ് ഇവിടെ ശ്രമിക്കുന്നത്.
കവിതയുടെ ഭാഷാഘടനയും അതിന്റെ അവബോധതലവും രസതന്ത്ര അദ്ധ്യാപകനില്‍ നിന്നും ലഭിക്കുന്ന ശാസ്ത്രനിര്‍ദ്ദേശവുമായി ചേര്‍ന്ന് സൃഷ്ടിക്കുന്ന വൈരുദ്ധ്യം ശ്രദ്ധിക്കേണ്ടതാണ്. അടുക്കളയെ പരീക്ഷണശാലയായി അവതരിപ്പിക്കുന്ന ശാസ്ത്രാദ്ധ്യാപകന്‍ വിവക്ഷിക്കാത്ത, ശാസ്ത്രം കാണുകയോ സൂചിപ്പിക്കുകയോ ചെയ്യാത്ത, അര്‍ത്ഥങ്ങളെയാണ് വിദ്യാര്‍ത്ഥിനി അടുക്കളയില്‍ കണ്ടെത്തുന്നത്. അടുക്കളയില്‍ അതിന്നാവശ്യമുള്ള വസ്തുക്കളെ രസതന്ത്രം കണ്ടെത്തുമ്പോള്‍; സോഡിയം ക്ലോറൈഡ് ഒരു നല്ല സൂചനയാണ്, വിദ്യാര്‍ത്ഥിനി കാണുന്നത് കരിപുരണ്ട് വിയര്‍പ്പൊഴുക്കി അദ്ധ്വാനിക്കുന്ന അമ്മയെയാണ്. തനിയെ സ്റ്റാര്‍ട്ടാകുന്ന കരി പുരണ്ട് കേടുവന്ന യന്ത്രം എന്ന കല്‍പ്പനയില്‍ ശാസ്ത്രത്തിന്റെ നിയമങ്ങള്‍ക്കപ്പുറത്തു പ്രവര്‍ത്തനക്ഷമമാകുന്ന ജീവിതത്തെ സ്നേഹ കാണുന്നു. ശാസ്ത്രത്തിലെ ഒരു യന്ത്രവും സ്വയം പ്രവര്‍ത്തിച്ചു തുടങ്ങുന്നില്ല. കേടായ യന്ത്രങ്ങളും പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ, പരപ്രേരണകളില്ലാതെ ,സ്വയം പ്രവര്‍ത്തിക്കുന്ന യന്ത്രത്തെ കാണുന്നു, കവി. കാണുന്നു, യന്ത്രത്തെ പോലെ പ്രവര്‍ത്തിക്കേണ്ടി വരുന്ന അമ്മയെ, പെണ്ണിനെ, പെണ്ണിന്റെ ആത്മാവിനെ. ശാസ്ത്രത്തിന്റെ ജീവിതസ്നേഹവിരുദ്ധമായ ദര്‍ശനത്തെ കവി വിമര്‍ശിക്കുന്നു. പ്രകൃതിയിലെ വസ്തുക്കളെ ശാസ്ത്രവസ്തുക്കളാക്കി മാറ്റിയ, അതിനെ ഗണിതവല്‍ക്കരണത്തിനു വിധേയമാക്കിയ ശാസ്ത്രം ജീവിതത്തില്‍ സൃഷ്ടിച്ച അര്‍ത്ഥലോപത്തെ കുറിച്ച് എഡ്മണ്ട് ഹുസേലിനെ പോലുള്ള ചിന്തകര്‍ എഴുതിയ വാക്കുകളെ ഓര്‍മ്മയില്‍ കൊണ്ടു വരുന്ന സന്ദര്‍ഭം കൂടിയാണിത്. വിയര്‍പ്പിലെ ഉപ്പ്, സോഡിയം ക്ലോറൈഡ് എന്ന രാസസംയുക്തം കൊണ്ട് സൂചിതമാകുമ്പോള്‍ വാക്കുകളില്‍ തീവ്രപ്രതിഷേധം നിറയുന്നുണ്ട്. ജീവിതയാഥാര്‍ത്ഥ്യത്തെ കാണാതിരിക്കുന്ന ശാസ്ത്രത്തോടുള്ള പ്രതിഷേധം.
ഈ കവിത, കവിതയ്ക്കും ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള പ്രശംസയായി തീരുന്നുണ്ട്. കവിതയില്ലാത്ത മനസ്സുകള്‍, കവിതയില്ലാത്ത വ്യവഹാരങ്ങള്‍, കവിതയില്ലാത്ത ജീവിതം ആത്മാവില്ലാത്ത മനുഷ്യനെ സൃഷ്ടിക്കുന്നു.

No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...