Sunday, March 26, 2017

രാധാകൃഷ്ണന്റെ ഹിന്ദുമതഭൌതികം

പ്രപഞ്ചത്തെ കുറിച്ച് പുതിയ ദർശനം എന്ന അവകാശവാദവുമായി
സി രാധാകൃഷ്ണനും ഇതിനു പിന്തുണയുമായി വി പി എൻ നമ്പൂതിരിയുടെയും
ഗിരിജാവല്ലഭന്റെയും നേതൃത്വത്തിലുള്ള കേരള സയൻസ് ആൻഡ് ടെക്നോളജി സൊസൈറ്റിയും
മുന്നോട്ടു വന്നതിനെ ഇന്നത്തെ മാതൃഭൂമി ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഭഗവത്ഗീത ശ്ലോകത്തിൽ നിന്നും തനിക്കു കിട്ടിയ വെളിപാടുകൾ എന്ന നിലയ്ക്കാണ് സി രാധാകൃഷ്ണൻ
കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ദ്രവ്യം അടിസ്ഥാനമാക്കി പ്രപഞ്ചത്തെ വ്യാഖ്യാനിക്കുന്ന ഫിസിക്സ്
ധാരണകളിൽ നിന്നും മാറി സ്പേസ് എന്ന സങ്കൽപ്പനത്തിൽ നിന്നും പുതിയ ദർശനം അവതരിപ്പിക്കുകയാണത്രേ!
ദ്രവ്യവും ഊർജ്ജവും തമ്മിലുള്ള പരസ്പരബന്ധം 1905ലെ സവിശേഷ ആപേ ക്ഷികസിദ്ധാന്തത്തിലൂടെ ഐൻസ്റ്റീൻ മുന്നോട്ടുവച്ചതാണ്. vaccum ശുദ്ധശൂന്യതയല്ലെന്നു vaccum fluctuations കുറിച്ചുള്ള സിദ്ധാന്തങ്ങളും ക്വാണ്ട൦ ഫീൽഡ് തിയറിയും 50 വർഷം മുന്നേ എങ്കിലും നിരൂപിച്ചിട്ടുണ്ട്. ഋണ ഊർജ്ജ വ്യവസ്ഥകളിൽ നിലനിൽക്കുന്ന കണങ്ങൾ ഊർജ്ജ൦ കരസ്ഥമാക്കി സ്വതന്ത്രമാകുന്നതിനെ കുറിച്ചുള്ള ആശയങ്ങൾ ഡിറക്കിന്റെ തിയറിയുടെ കാലം മുതൽ
ഫിസിക്സ് ചർച്ച ചെയ്യുന്നുണ്ട്. ഇന്ന്, ഭൗതികശാസ്ത്രജ്ഞന്മാർ മുഴുകിയിരിക്കുന്നതു theory of everything എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ്. അതിനു പ്രധാന പ്രതിബന്ധമായി നിൽക്കുന്നത് ക്വാണ്ട൦ ഫീൽഡ് തിയറിയും സാമാന്യ ആപേക്ഷിക സിദ്ധാന്തവും പരസ്പരം യോജിപ്പിക്കാൻ കഴിയുന്ന formalism രൂപീകരിക്കുന്നതിനുള്ള
പ്രയാസങ്ങളാണ്. ഇതിനകം ഏകീകരിക്കപ്പെട്ട മൂന്നു ബലങ്ങളെ ഗുരുത്വാകർഷണവുമായി ഏകീകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
പുതിയ ശാസ്ത്രദർശനം അവതരിപ്പിക്കുന്നുവെന്നു പറയുന്ന സി രാധാകൃഷ്ണൻ തന്റെ പുതിയ ദർശനം
എങ്ങനെയാണു ഫിസിക്സ് അന്വേഷണങ്ങൾക്ക് സഹായകമാകുന്നതെന്നു പറയണം. ഇതിനെ പിന്തുണക്കുന്ന
ശാസ്ത്രകാരന്മാർ രാധാകൃഷ്ണന്റെ ദർശനത്തിൽ നിന്നും theory of everything ആവശ്യപ്പെടുന്ന മാത്തമറ്റിക്കൽ ഫോർമലിസം രൂപപ്പെടുത്തുകയും ഇന്നത്തെ ഫിസിക്സ് അന്വേഷണങ്ങളുടെ ഭാഗമാണ് ഈ ദർശനമെന്നു തെളിയിക്കുകയുമാണ് വേണ്ടത്. അങ്ങനെയല്ലാതെ നടത്തുന്ന പത്രസമ്മേളനങ്ങൾ, എല്ലാം ഭഗവത്ഗീതയിലുണ്ടെന്നു പറയുന്ന ഹൈന്ദവരാഷ്ട്രീയത്തിന് സഹായകമായ രാഷ്ട്രീയപ്രവർത്തനമാണ്.
അത് ശാസ്ത്രപ്രവർത്തനമല്ല. ശാസ്ത്രത്തിന്റെ രീതി പത്രസമ്മേളനമല്ല. ഉയർന്ന മൂല്യങ്ങളുള്ള സയൻസ് ജേർണലുകളിൽ peer reviewed ലേഖനമായി പ്രസിദ്ധീകരിക്കുകയാണെന്ന കാര്യം രാധാകൃഷ്ണന്റെ കൂടെ നിൽക്കുന്ന ശാസ്ത്രകാരന്മാരെ ഓർമിപ്പിക്കുന്നു.
**************************************************************************************************************************************
അവ്യക്ത എന്ന് പേരിട്ടിരിക്കുന്ന സ്പേസുമായി ബന്ധപ്പെട്ട എന്തോ ഒന്നിനെ സങ്കൽപ്പിച്ചാൽ
ഫിസിക്സ് പൂർണ്ണമായും വിശദീകരിക്കാൻ കഴിയുമെന്നു പറയുന്ന ഒരു പ്രബന്ധമാണ്
രാധാകൃഷ്ണനും മകനും ചേർന്ന് എഴുതിയിരിക്കുന്നത്. കഴിഞ്ഞ നൂറു വർഷത്തിലേറെയായി ഫിസിക്സ്
രൂപപ്പെടുത്തിയെടുത്ത സിദ്ധാന്തങ്ങളെയെല്ലാം ഭഗവതഗീതയിലെ ഒരു ശ്ലോകത്തിലേക്കു ചുരുക്കുകയാണ്
ഇവർ. എന്തായാലും ഫിസിക്സ് ഇതേ വരെ
കണ്ടെത്താത്ത കാര്യങ്ങൾ എങ്ങനെ ആയിരിക്കുമെന്ന്
പ്രവചിക്കാൻ രാധാകൃഷ്ണനും പുത്രനും
തുനിയുന്നില്ല. അത് പൊള്ളുന്ന കാര്യമാണല്ലോ ?
ഈ ഫിസിക്സ് പറയുന്നതെല്ലാം ഒരു ഒറ്റ ശ്ലോകമായി
എത്രയോ നാളുകളായി ഇന്ത്യക്കാർക്ക് അറിയാമായിരുന്നുവെന്ന
സങ്കുചിതത്വത്തെ
വിളംബരം ചെയ്യുക മാത്രമാണ് ഇതിന്റെ ലക്‌ഷ്യം.
ഹിന്ദുത്വശക്തികളുടെ അജണ്ടക്കനുസരിച്ച
പ്രവർത്തനമാണിത്. RSS ശാസ്ത്രോപദേശകസമിതിയിലേക്കു
ഇന്ത്യയിലെ വലിയ ഇൻസ്റ്റിട്യൂട്ടുകളിലെ ഉപദേശകസമിതിയിലേക്കു
ഇദ്ദേഹവും മകനും നിയമിക്കപ്പെട്ടേക്കാം.
പരിതാപകരമായ കാര്യം ചില ശാസ്ത്രാദ്ധ്യാപകർ ഇതിനു കൂട്ടുനിൽക്കുന്നുവെന്നതാണ്.
ഇവരാകട്ടെ, യാഗസമയത്തു
മായാജാലങ്ങൾ സംഭവിക്കുന്നുവെന്നു തെളിയിക്കാൻ കിർലിയൻ ഫോട്ടോഗ്രാഫിയുടെ
കഴിവുകളും മറ്റും ഉപയോഗിക്കാൻ കൂട്ടു നിന്നവരാണ്