Wednesday, June 29, 2016

വിവര്‍ത്തനങ്ങളെ കുറിച്ച്


            ധൈഷണികജീവിതത്തിലും ഭാവുകത്വവികാസത്തിലും വിവര്‍ത്തനങ്ങളുടെ വലിയ പങ്കിനെ ബോദ്ധ്യപ്പെടുത്തുന്ന ചില അനുഭവങ്ങളുണ്ടായിരിക്കുന്നു. ഗാസ്റ്റണ്‍ ബാച്ചിലാര്‍ഡിന്റെ ശാസ്ത്രചിന്തയെ കുറിച്ചുള്ള ഒരു പുസ്തകവും അദ്ദേഹത്തിന്റെ രണ്ടു കൃതികളും കാണാനിടയായതിനെയാണ് ആദ്യം പരാമര്‍ശിക്കേണ്ടത്. ബാച്ചിലാര്‍ഡ് 1962ല്‍ മരിച്ചു. ആ വര്‍ഷമാണ് തോമസ് കുണിന്റെ പ്രശസ്തമായ പുസ്തകം ശാസ്ത്രവിപ്ലവങ്ങളുടെ ഘടന (The structure of scientific revolutions)പുറത്തിറങ്ങുന്നത്. ഈ പുസ്തകം ശാസ്ത്രത്തിന്റെ ചരിത്രത്തേയും ദര്‍ശനത്തേയും മാത്രമല്ല, മിക്കവാറും എല്ലാ വൈജ്ഞാനിക വ്യവഹാരങ്ങളേയും സ്വാധീനിക്കുകയുണ്ടായല്ലോ? തോമസ് കുണിന്റെ പുസ്തകം മുന്നോട്ടു വച്ച ആശയമാതൃകാവ്യതിയാനം (Paradigm Shift) എന്ന സങ്കല്പനം സാമൂഹികശാസ്ത്രങ്ങള്‍ക്ക് ഉണര്‍വു നല്കുകയുണ്ടായി. ശാസ്ത്രവിപ്ലവങ്ങള്‍ കൊണ്ടു വരുന്ന മാറ്റങ്ങള്‍ക്ക് ദാര്‍ശനികമായ നീതീകരണമില്ലെന്നും വിപ്ലവത്തിനു മുന്നേയുള്ള ശാസ്ത്രവും വിപ്ലവത്തിനു ശേഷമുള്ള ശാസ്ത്രവും പരസ്പരം സംവദിക്കാവുന്നവയോ ഒത്തുചേര്‍ക്കാവുന്നവയോ അല്ലെന്നും അവ incommensurable ആണെന്നുമുള്ള തോമസ് കുണിന്റെ നിലപാട് ഏറെ സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമാകുകയും ചെയ്തു. ശാസ്ത്രത്തെ തിരസ്ക്കരിക്കുന്നതും ഒഴിവാക്കുന്നതുമായ ഒരു സമീപനമാണതെന്ന്, അത് സൃഷ്ടിപരമല്ലെന്ന വിമര്‍ശം പ്രധാനമായിരുന്നു. തോമസ് കുണിന്റെ പുസ്തകം പ്രസിദ്ധീകൃതമായ വര്‍ഷം അന്തരിച്ച ബാച്ചിലാര്‍‍ഡിന്റെ ശാസ്ത്രസംബന്ധമായ രചനകളില്‍ ശാസ്ത്രരംഗത്തുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് കൂടുതല്‍ സൃഷ്ടിപരവും യുക്തിസഹവുമായ സമീപനങ്ങളുണ്ട് എന്നാണ് ഇപ്പോള്‍ ബോദ്ധ്യപ്പെടുന്നത്. ബാച്ചിലാര്‍ഡിന്റെ രചനകളില്‍ ചിലത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങളിലാണ് ഫ്രഞ്ച്, ജര്‍മ്മന്‍ ഭാഷകളില്‍ നിന്നും ആംഗലഭാഷയിലേക്കു പ്രസിദ്ധീകൃതമാകുന്നത്. വിവര്‍ത്തനങ്ങളിലുണ്ടായ കാലതാമസം ബാച്ചിലാര്‍ഡിന്റെ ചിന്തകള്‍ ലോകത്തിന്റെ പല  കോണുകളിലും എത്തിച്ചേരുന്നതിനു തടസ്സമായി നില്‍ല്ക്കുകയായിരുന്നു. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷങ്ങളേ ആയിട്ടുള്ളൂ ഇവ ഇവിടെ ലഭ്യമാകാന്‍ തുടങ്ങിയിട്ടെന്നു തോന്നുന്നു.

            ഇതോടൊപ്പം സാഹിത്യത്തിലെ പരിഭാഷകളെ കുറിച്ചു കൂടി പറയണം. മാര്‍ക്കേസിന്റെ കൃതികളുടെ വിവര്‍ത്തനത്തിനു ശേഷമാണ് ലാറ്റിനമേരിക്കന്‍ സാഹിത്യം പ്രധാനമായും ലോകശ്രദ്ധയിലേക്കു വരുന്നത്. One Hundred Years of Solitudeന്റെ മൊഴിമാറ്റം നിര്‍വ്വഹിച്ച ഗ്രിഗറി റബ്ബാസ ഇക്കാര്യത്തില്‍ സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചത്. അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങള്‍ അത്ഭുതകരങ്ങളായിരുന്നു. മാര്‍കേസ് പോലും അദ്ദേഹത്തിന്റെ ആരാധകനായി. മാര്‍കേസിന്റെ ക‍തികള്‍ മാത്രമല്ല, പില്ക്കാലത്ത് നോബല്‍ സമ്മാനാര്‍ഹരായ പല ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടേയും രചനകള്‍ അദ്ദേഹം മൊഴിമാറ്റം നടത്തി. ഉന്നതമായ സാഹിത്യത്തിന്റെ ഒരു ലോകം തന്നെ അതു തുറന്നു തന്നു.


            സാഹിത്യകൃതികളുടെ വിവര്‍ത്തനം പ്രശ്നപൂരിതമായ ഒരു മേഖലയാണ്. വിവര്‍ത്തനത്തിലൂടെ നഷ്ടപ്പെടുന്നതാണല്ലോ സാഹിത്യം. മലയാളത്തിലെ സാഹിത്യകൃതികളുടെ വിവര്‍ത്തനങ്ങള്‍ ഇന്നേവരെ വലിയ വിജയങ്ങളായിട്ടില്ലെന്നു പറയണം. നമ്മുടെ കൃതികള്‍ ലോകനിലവാരത്തില്‍ മത്സരിക്കാന്‍ ശക്തിയുള്ളവയാണ്. എന്നാല്‍, ബഷീറും വി.കെ.എനും മറ്റും എങ്ങനെയാണ് വിവര്‍ത്തനം ചെയ്യപ്പെടുകയെന്നും ആ കൃതികളുടെ സംസ്ക്കാരം വിവര്‍ത്തനങ്ങളിലൂടെ പകരാന്‍ കഴിയുമോയെന്നും ആലോചിക്കാവുന്നതാണ്. ഖസാക്കിന്റെ ഇതിഹാസം വിജയന്‍ തന്നെ മൊഴിമാറ്റം നടത്തിയിട്ടും ഏറെ സ്വീകാര്യത ലഭ്യമായില്ല. വിജയന് ആംഗലഭാഷയിലും നല്ല ശേഷികളുണ്ടായിരുന്നുവെന്നോര്‍ക്കണം. പലപ്പോഴും പ്രസാധകരും ഇക്കാര്യത്തില്‍ ഒരു പങ്കു വഹിക്കുന്നുണ്ട്. പുതിയ തലമുറയിലെ എഴുത്തുകാരനായ ഇ.സന്തോഷ് കുമാറിന്റെ അന്ധകാരനഴി എന്ന നോവല്‍, നമ്മുടെ സമീപഭൂതകാല ചരിത്രത്തില്‍ ആഴ്ന്നുനില്ക്കുമ്പോഴും, അധികാരവിമര്‍ശനവുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍ ആഗോളമാനങ്ങളുള്ള ഒരു കൃതിയാണ്. ആ നോവല്‍ ഈയിടെ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടെങ്കിലും ഇനിയും വേണ്ടത്ര ശ്രദ്ധ കിട്ടിയോ എന്നു സംശയമാണ്.