Sunday, August 16, 2015

മലയാളത്തിലെ വലിയ പ്രസാധകര്‍ ചെയ്യുന്നത്.

പ്രസാധനവും ഒരു കലയാണ്.
ഡി.സി. കിഴക്കേമുറി അങ്ങനെ കരുതിയിരുന്നു.
ഭാവുകത്വവികാസത്തില്‍ പ്രസാധകര്‍ക്കു വലിയ പങ്കു വഹിക്കാനുണ്ടെന്ന്
അദ്ദേഹത്തിന് അറിയാമായിരുന്നു.
കമ്പോളത്തെയും ലാഭത്തെയും മാത്രം നോക്കി പ്രവര്‍ത്തിക്കേണ്ട ഒരു മേഖലയായി
പുസ്തകപ്രസാധനത്തെ ഗൌരവപൂര്‍വ്വം കാണാനാഗ്രഹിക്കുന്ന ആര്‍ക്കും നോക്കിക്കാണാന്‍ കഴിയില്ല.
എഴുത്തിനോടും എഴുത്തുകാരോടും വായനക്കാരോടും മാന്യമായി
പെരുമാറുകയെന്നത്, പരസ്പരം ആദരവു പുലര്‍ത്തുകയെന്നത്
പ്രസാധനരംഗത്ത് വലിയ പഴക്കവും പാരമ്പര്യവും പുലര്‍ത്തുന്നവരില്‍ നിന്നെങ്കിലും
മലയാളികള്‍ പ്രതീക്ഷിക്കുന്നുണ്ട്.
എന്നാല്‍, മലയാളത്തിലെ വലിയ പ്രസാധകര്‍ ഇപ്പോള്‍ എന്താണു ചെയ്യുന്നത്.?

വായനക്കാരന്റെ ഭാഗത്തു നിന്നുള്ള ചില അനുഭവങ്ങള്‍ ആദ്യം എഴുതാം.
പുസ്തകവ്യാപാരികള്‍ക്കും ഇടനിലക്കാര്‍ക്കും മറ്റും നല്കുന്ന കിഴിവ്
വായനക്കാര്‍ക്കു നേരിട്ടു നല്കുന്ന രീതി പ്രസാധകര്‍ നേരത്തെ സ്വീകരിച്ചിരുന്നു.
പിന്നീട് പല പദ്ധതികളിലൂടെയും പണം സംഭരിക്കുകയും പുസ്തകപ്രസാധനരംഗത്തെ മെച്ചപ്പെടുത്തുകയും
ചെയ്യുമ്പോള്‍ പണം നല്കി സഹായിച്ചവര്‍ക്കു കിഴിവുകള്‍ നല്കുന്ന രീതി സ്വീകരിക്കുകയുണ്ടായി.
പ്രസാധകരും വായനക്കാരും ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന പ്രതീതി ഇതു സൃഷ്ടിച്ചിരുന്നു.
വി.ഐ.പി ഗോള്‍ഡ്, വിഐപി പദ്ധതികള്‍ ഇതിന് ഉദാഹരണമാണ്.

2000 മെയ് 30ന് 11102 എന്ന നമ്പരില്‍
ഞാന്‍ വിഐപി ഗോള്‍ഡ് അംഗത്വമെടുക്കുകയുണ്ടായി.
മൂവായിരം രൂപയാണ് അതിനു വേണ്ടി നല്കിയത്
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി
വിഐപി ഗോള്‍ഡ് നിയമാവലി അനുസരിച്ച്
ഇരുപത്തിരണ്ടര ശതമാനം കിഴിവ്
വാങ്ങുന്ന പുസ്തകങ്ങള്‍ക്കു ലഭിച്ചിരുന്നു
ഓരോ വര്‍ഷവും ആയിരം രൂപയുടെ പുസ്തകം സൌജന്യമായി
ലഭിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം കാര്‍ഡ് പുതുക്കുന്നതിനായി
തൃശൂരിലെ ഡി.സി ബുക്സിന്റെ ഓഫീസില്‍
ചെല്ലുമ്പോള്‍ ഈ പദ്ധതി നിര്‍ത്തലാക്കിയെന്നും
പുതിയ പദ്ധതിയിലേക്ക് മാറുകയോ
മൂവായിരം രൂപ മടക്കി വാങ്ങുകയോ ചെയ്യണമെന്നും
പറയുന്നത്. കൂടുതല്‍ അന്വേഷിച്ചപ്പോളാണ്
അറിയുന്നത്, പുതിയ പദ്ധതി പ്രകാരം 22.5 ശതമാനം കിഴിവ്
ലഭിക്കുകയില്ലെന്നും വര്‍ഷത്തില്‍ അറുനൂറ്റി അമ്പതു രൂപയുടെ
പുസ്തകങ്ങള്‍ മാത്രമേ സൌജന്യമായി ലഭിക്കുകയുള്ളൂവെന്നും.
വാങ്ങുന്ന പുസ്തകങ്ങളുടെ വിലയ്ക്കനുസരിച്ച് പോയന്‍റുകള്‍ നല്കുമെന്നും
മറ്റും പറയുന്നുമുണ്ട്.
പഴയ പദ്ധതി ഏകപക്ഷീയമായി പിന്‍വലിക്കുകയാണെന്നു ചുരുക്കം.

രണ്ടായിരം മെയ് മാസത്തില്‍ മൂവായിരം രൂപ വിലയുള്ള വസ്തുവിന്
ഇപ്പോള്‍ മൂന്നുലക്ഷം രൂപ വില ഉണ്ടായേക്കും.
പണത്തിന്റെ മൂല്യശോഷണവും മറ്റും മൂലം വലിയ വ്യത്യാസമാണ്
കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ വരുത്തിയിട്ടുള്ളതെന്നു തീര്‍ച്ച!
ചെറുകിട മേഖലകളില്‍ പോലും പ്രവര്‍ത്തിക്കുന്നവരുടെ വേതനത്തിലുണ്ടായ
വര്‍ദ്ധനവും മറ്റും ശ്രദ്ധിക്കണം.
അന്ന് മൂവായിരം രൂപ വാങ്ങി പുസ്തകവ്യാപാര
വികസനത്തിനുപയോഗിച്ചവര്‍
വ്യാപാരം പുഷ്ടിപ്പെട്ടിരിക്കുന്ന സമയത്ത്,
ഇപ്പോള്‍, അതേ തുക മടക്കി നല്കി കരാര്‍ അവസാനിപ്പിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നതല്ല.
എന്നാല്‍, ഈ വിഷയത്തില്‍ ഫേസ്ബുക്ക് മുഖേന മറ്റു ചിലര്‍
നടത്തിയ ഇടപെടലുകള്‍ക്ക്
ഈ പദ്ധതി നിര്‍ത്തിയിട്ടില്ലെന്നും ഇതിന്റെ ആനുകൂല്യങ്ങള്‍ തുടര്‍ന്നും
ഉപഭോക്താക്കള്‍ക്കു ലഭ്യമാകുമെന്നും രവി ഡിസി
അറിയച്ചതായി എഴുതിക്കണ്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ സി ഇ ഒക്ക് ഒരു കത്തെഴുതി.
അദ്ദേഹം നല്കിയ മറുപടിയില്‍ ഇങ്ങനെ എഴുതിയിരുന്നു.
"Due to technical reasons the VIP Scheme will come to a halt on expiry of the card.
However, the benefits as stated in the VIP Scheme will be given to the members without any pre-conditions."

എനിക്ക് വിഐപി ഗോള്‍ഡ് കാര്‍ഡ് പുതുക്കി നല്കാന്‍ കഴിയുമെങ്കില്‍
അങ്ങനെ ചെയ്യണമെന്നു ഞാന്‍ എഴുതിയിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം എനിക്ക് മൂവായിരം രൂപയുടെ ചെക്ക് ലഭിക്കുകയുണ്ടായി.
ഡി.സി. ബുക്സിന്റെ സി ഇ ഒ എഴുതിയ കാര്യവും ചെക്ക് അയച്ചു നല്കിയതും
തമ്മില്‍ യോജിക്കുന്നില്ലെന്നാണ് എനിക്കു തോന്നുന്നത്.
ഇതിനു മുന്നേ തന്നെ എനിക്കുണ്ടായ അനുഭവം സി ഇ ഒയുടെ വാക്കുകളെ സാധൂകരിക്കുന്നതായിരുന്നില്ലെന്ന് പറയട്ടെ
ജൂണ്‍ പതിമൂന്നിന് തൃശൂരിലെ ബുക് ഷോപ്പില്‍ നിന്നും നാനൂറു രൂപയുടെ പുസ്തകം വാങ്ങിയതിന് എനിക്ക് യാതൊരു കിഴിവും നല്കിയില്ല
പ്രിന്റര്‍ പ്രശ്നമാണെന്നു പറഞ്ഞ് ബില്ലും നല്കിയില്ല.
ഇവരുടെ വാക്കും പ്രവൃത്തിയും തമ്മില്‍ യോജിപ്പുകളുണ്ടോ?
(ഗ്രീന്‍ ബുക്സില്‍ നിന്നും നൂറു രൂപയ്ക്കു പുസ്തകം വാങ്ങിയപ്പോള്‍ പോലും കിഴിവു ലഭിച്ചു
ഗ്രീന്‍ ബുക്സിന്റെ ഒരു പദ്ധതിയിലും ഞാന്‍ അംഗമായിരുന്നിട്ടില്ല.
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഡിസി ബുക്സിന്റെ
വിഐപി ഗോള്‍ഡ് പദ്ധതിയില്‍ ഞാന്‍ അംഗമാണ്.)

മുകളില്‍ എഴുതിയത് വായനക്കാരന്‍ എന്ന നിലയ്ക്കുള്ള പ്രശ്നമാണെങ്കില്‍
എഴുത്തുകാരനെന്ന നിലയില്‍ ഇതിലും ദൂഷിതമായ അനുഭവങ്ങളാണ് എനിക്കുള്ളത്.
പുസ്തകപ്രസിദ്ധീകരണത്തിനായുള്ള എന്റെ ചില അഭ്യര്‍ത്ഥനകള്‍
നിരസിക്കപ്പെട്ടതിന് ചില കാരണങ്ങള്‍ നല്കിയിരുന്നു.
മറുപടികള്‍ എന്റെ യുക്തിക്കു മനസ്സിലാകാത്തവയായിരുന്നെങ്കിലും അവയെ കുറിച്ച്
എന്തെങ്കിലും പറയാന്‍ ഞാന്‍ അഗ്രഹിക്കുന്നില്ല
എന്നാല്‍, എന്റെ ചില ലേഖനങ്ങള്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച
പുസ്തകങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്
ഞാന്‍ വാരികകളിലും മാസികകളിലും എഴുതിയ പല ലേഖനങ്ങളും
കറന്റുബുക്സ് ബുള്ളറ്റിനില്‍ പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്.
(ലേഖനങ്ങള്‍ അവിടെയും ഇവിടെയും മുറിച്ച് ബുള്ളറ്റിനില്‍ ഉപയോഗിക്കും
അവര്‍ക്ക് അത് ഒരു കുറിപ്പടിയാണ്.)
ഒരിക്കലെങ്കിലും ഡിസി ബുക്സ് ഇക്കാര്യത്തില്‍
എന്റെ സമ്മതം ചോദിക്കുകയുണ്ടായിട്ടില്ല
Remuneration നല്കിയിട്ടില്ലെന്നു മാത്രമല്ല
പുസ്തകങ്ങളുടെയോ ബുള്ളറ്റിനുകളുടെയോ കോപ്പി പോലും അവര്‍ അയച്ചു നല്കുകയും ചെയ്തിട്ടില്ല.
എഴുത്തുകാരാണ് അതിന്റെ കോപ്പികള്‍ എനിക്കെത്തിച്ചിട്ടുള്ളത്.
ഒരിക്കല്‍ പരാതി പറഞ്ഞപ്പോള്‍ ഒരു കോപ്പി മാത്രം
അയച്ചുതന്ന അനുഭവവുമുണ്ട്.
പ്രസാധനത്തിനായി  അയച്ചു കൊടുത്ത പുസ്തകം പ്രസിദ്ധീകരിക്കാതിരുന്നപ്പോള്‍
മടക്കിത്തരാമെന്നു പറഞ്ഞിരുന്നെങ്കിലും
നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞിട്ടും അതു ലഭിച്ചിട്ടില്ല.
ഈ  പുസ്തകത്തിലെ ഒരു ലേഖനമാണ് എന്നോടു ചോദിക്കാതെ
ഒരു കഥാസമാഹാരത്തില്‍ ഇവര്‍ എടുത്തുചേര്‍ക്കുന്നത്.
മലയാളത്തിലെ വലിയ പ്രസാധകര്‍ക്ക് കോപ്പിരൈറ്റിനെ കുറിച്ചുള്ള നിയമങ്ങള്‍
അറിഞ്ഞുകൂടെന്നു വരുമോ?
എഴുത്തകാരുടെ രചനകളെ കുറിച്ച് സാഹിത്യനിരൂപകന്മാരും വിമര്‍ശകരും
എഴുതുന്ന ലേഖനങ്ങള്‍ പുസ്തകവില്പനയെ മാത്രം ലക്ഷ്യമാക്കി
അവരുടെ അനുവാദം പോലും വാങ്ങാതെ
ഉപയോഗിക്കുന്നത് എഴുത്തിനോടും എഴുത്തുകാരനോടും കാണിക്കുന്ന അനാദരവാണ്.
ഇത് സാഹിത്യവിമര്‍ശനത്തെ വ്യാപാരത്തിനുള്ള കുറിപ്പടിയായി
ഇകഴ്ത്തുന്ന സമീപനമാണ്.
സുഭാഷ്ചന്ദ്രന്റെ പുസ്തകത്തില്‍ എന്റെ ലേഖനം
പ്രസിദ്ധപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഞാന്‍ ഉന്നയിച്ച പരാതിയെ കുറിച്ച്
ഡി.സി. ബുക്സിലെ ചിലര്‍ പറഞ്ഞ ചില കാര്യങ്ങളാണ് കൂടുതല്‍ വേദനാകരം.
സഹതാപാര്‍ഹവും
എന്റെ പുസ്തകം പ്രസിദ്ധീകരിക്കാത്തതു കൊണ്ടാണ് പരാതിയെന്നു പറഞ്ഞു.
വിമര്‍ശനപുസ്തകങ്ങള്‍ വിറ്റഴിക്കപ്പെടുന്നില്ലെന്നു പറഞ്ഞു.
ഇത്തരം തരം താഴ്ന്ന അഭിപ്രായപ്രകടനങ്ങളെ കുറിച്ച് എന്താണു പറയുക?

ഇപ്പോള്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചാല്‍ അഞ്ചു കോപ്പികളാണത്രെ എഴുത്തുകാര്‍ക്കു നല്കുക.
ഛെറിയ പ്രസാധകര്‍ പോലും പത്തു കോപ്പികള്‍ നല്കുമ്പോളാണ്
വലിയ പ്രസാധകന്‍ ഇങ്ങനെ ചെയ്യുന്നത്.
എഴുത്തുകാരന്‍ അറിയാതെ ഇ-പുസ്തകം പ്രസിദ്ധീകരിക്കുന്നുവെന്ന
സന്തോഷവാര്‍ത്ത അവരെ അങ്ങോട്ട് അറിയിക്കുന്ന ഏര്‍പ്പാടും ഉണ്ടത്രെ!
എഴുത്തുകാരോട് സാമൂഹ്യമാധ്യമങ്ങളില്‍ സ്വയം പരസ്യം നല്കാന്‍
ഇവര്‍ നിര്‍ദ്ദേശിക്കുന്നുവത്രെ
പുസ്തകത്തിന്റെ വില്പനക്കണക്കുകളുമായി ഇവര്‍ ഫേസ്ബുക്ക് പേജിലും ലേലച്ചന്തകളിലും
പ്രത്യക്ഷപ്പെടുന്നത് ഈ പ്രസാധകനിര്‍ദ്ദേശത്തിന്റെ തുടര്‍ച്ചയിലാണത്രെ!
എഴുത്തുകാരന്റെ ആത്മാഭിമാനത്തെ കൂടി
കമ്പോളത്തില്‍ വില്ക്കാന്‍ വയ്ക്കുന്നുവോ ഈ പ്രസാധകര്‍.?

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വലിയ പ്രസാധകരുടെ ബുക്സ്റ്റാളുകളില്‍ ഇരുന്നിരുന്നവരെ
ഇപ്പോള്‍ കാണാനില്ല.
അവര്‍ പലരും പറഞ്ഞ കാര്യങ്ങള്‍ വായനക്കാരും എഴുത്തുകാരും
ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

Monday, May 11, 2015

ഭാവുകത്വം വിപണിയില്‍


നമ്മുടെ ഭാവുകത്വവും വിപണിയുടെ മൂല്യങ്ങള്‍ക്കു

കീഴ്പ്പെടുകയാണോ?


വിറ്റഴിക്കപ്പെടുന്ന എണ്ണത്തിന്റെ അടിസ്ഥാനത്തിലാണോ 

പുസ്തകത്തിന്റെ മൂല്യം നിര്‍ണ്ണയിക്കപ്പെടേണ്ടത് ?


ബഷീറും ഉറൂബും വിജയനും മറ്റും നോവലുകള്‍ 

എഴുതിയിരുന്ന കാലളവില്‍ തന്നെയാണ്
 
മുട്ടത്തുവര്‍ക്കി കാനവും മറ്റും നോവലുകള്‍ എഴുതിയിരുന്നത്. 

കൂടുതല്‍ വിറ്റഴിഞ്ഞിരുന്നത് കാനത്തിന്റേയും വര്‍ക്കിയുടേയും 

പുസ്തകങ്ങളായിരുന്നു. 

കാനത്തിന്റേയും  വര്‍ക്കിയുടേയും കൃതികള്‍

ബഷീറിന്റേയും ഉറൂബിന്റേയും

മറ്റും നോവലുകളേക്കാള്‍ മികച്ചതാണെന്നതിനുള്ള

തെളിവായിരുന്നോ ഇത്
?
പുസ്തകവ്യവസായത്തിന്റെ വളര്‍ച്ച വായനയുടെ 

അളവുകോലല്ല
 
പുസ്തകം ആഡംബരവസ്തുവായി മാറിത്തീര്‍ന്നിരിക്കുന്നു
 
ഷോകേസില്‍ പ്രദര്‍ശിപ്പിക്കാനുള്ളത്
 
വില്പനക്ക് പുതിയ തന്ത്രങ്ങള്‍
 
വിറ്റഴിച്ച കോപ്പികളുടെ എണ്ണത്തിന്റെ വലിപ്പം പറഞ്ഞ്
 
എഴുത്തുകാര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നു. 

കൃതിയുടെ വിമര്‍ശത്തെ വെറുക്കുന്നു. 

ഖണ്ഡനവിമര്‍ശനം തന്റെ പുസ്തകത്തിന്റെ വില്പനയെ
 
തളര്‍ത്തുമോയെന്ന് ശങ്കിക്കുന്നു