Saturday, August 17, 2013

മറവു ചെയ്ത രഹസ്യങ്ങള്‍ ടുണീഷ്യയില്‍ നിന്നുള്ള ചലച്ചിത്രസംവിധായികയായ രാജാ അമരി സംവിധാനം ചെയ്ത 'അടക്കിയ രഹസ്യങ്ങള്‍'(Buried Secrets) എന്ന ചലച്ചിത്രം മര്‍ദ്ദിതരാജ്യങ്ങളിലെ സ്ത്രീജീവിതങ്ങളിലേക്ക്‌ ഒരു നുറുങ്ങുവെട്ടം പായിക്കുന്നു. ടുണീഷ്യയുടെ സാംസ്ക്കാരിക പരിസരത്തു നിന്നുകൊണ്ട്‌, ബാഹ്യയാഥാര്‍ത്ഥ്യത്തോടു ചേര്‍ത്തുവെച്ച്‌ കാണുകയും അറിയുകയും ചെയ്യേണ്ട ചലച്ചിത്രമാണിത്‌. (ടുണീഷ്യയുടെ സംസ്ക്കാരത്തെയോ രാഷ്ട്രീയപരിതോവസ്ഥയെയോ സവിശേഷമായി അറിയാന്‍ സഹായിക്കുന്ന മൂലകങ്ങള്‍ ഈ ചലച്ചിത്രത്തില്‍ നിന്നും അധികമൊന്നും ലഭ്യമല്ല താനും.) തന്റെ കാഴ്ചയുടെ പരിമിതികളില്‍ നിന്നുകൊണ്ട്‌ ചലച്ചിത്രത്തിന്റെ 'സാര്‍വ്വലൌകികമായ' അര്‍ത്ഥങ്ങളെ മാത്രമാണ്‌ ഒരു വിദേശപ്രേക്ഷകന്‌ കണ്ടെത്താനോ നിര്‍മ്മിക്കാനോ കഴിയുക. അരികുകളിലേക്ക്‌ തള്ളി മാറ്റപ്പെട്ട, ഒളിവുജീവിതം നയിക്കേണ്ടിവരുന്ന മൂന്നു സ്ത്രീകളുടെ കഥയാണിത്‌. കഥാനായികയായ ഐശയുടേയും അവളുടെ മൂത്ത സഹോദരി റാദിയയുടേയും കണിശക്കാരിയായ അമ്മയുടേയും കഥ. ഐശയും റാദിയയും അമ്മയും വിജനമായ എസ്റ്റേറ്റിലുളള വലിയ ഒരു മാളികയിലെ പരിചാരകരുടെ മുറികളില്‍ ഒളിച്ചുതാമസിക്കുന്നു. അമ്മയുടേയും സഹോദരിയുടേയും കണ്ണുകള്‍ എപ്പോളും ഐശയുടെ മേലാണ്‌. അവള്‍ ഇരുവരുടേയും നിയന്ത്രണത്തിലാണ്‌. ഐശയുടെ പ്രവൃത്തികളില്‍ സ്വാഭാവികമല്ലാത്തതു ചിലതുണ്ട്‌. അവളോടു പ്രതികരിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ അമ്മയുടേയും സഹോദരിയുടേയും പ്രവൃത്തികളും അസ്വാഭാവികമാകുന്നു. കരകൌശലവേലകളും തുന്നല്‍പ്പണികളും ചെയ്തു ലഭിക്കുന്ന പണം കൊണ്ടാണ്‌ അവര്‍ ജീവിക്കുന്നത്‌. മാളികയിലേക്കു താമസിക്കാനായി എസ്റ്റേറ്റിന്റെ ഉടമയുടെ പേരമകന്‍ അലിയും കാമുകി സെല്‍മയും എത്തിച്ചേരുന്നതോടെ ഇവരുടെ ഒളിഞ്ഞതും നിഗൂഢവുമായ ജീവിതത്തിന്റെ സവിശേഷതാളം തെറ്റാന്‍ തുടങ്ങുന്നു. സെല്‍മയുടെ ആഡംബരജീവിതം ഐശയുടെ മോഹങ്ങളേയും ആഭിമുഖ്യങ്ങളേയും പ്രചോദിപ്പിക്കുന്നു. അലിയുടേയും സെല്‍മയുടേയും ജീവിതത്തിലേക്ക്‌ അവള്‍ ഒളിഞ്ഞുനോക്കുന്നുണ്ട്‌. അവരുടെ വസ്ത്രങ്ങളും മറ്റും അവള്‍ ഒളിച്ചു കണ്ടെത്തി പരിശോധിക്കുന്നു. അവരുടെ കിടപ്പറയിലെ കേളികള്‍ ഐശ നോക്കിനില്‍ക്കുന്ന ഒരു രംഗവും ചിത്രത്തിലുണ്ട്‌. സെല്‍മയുടേയും അലിയുടേയും സുഹൃത്തുക്കളോടൊത്തുള്ള ഒരു ആഘോഷവേളയില്‍ ഐശ അവരുടെ മുന്നില്‍ എത്തിപ്പെടുന്നുണ്ട്‌. നായികയുടേയും അവളുടെ കുടുംബത്തിന്റേയും ഒളിച്ചുള്ള താമസം സെല്‍മ കണ്ടെത്തുന്നതോടെ കഥ ഒരു വഴിത്തിരിവിലെത്തുന്നു. ഐശയുടെ അമ്മയും റാദിയയും ചേര്‍ന്ന് അവരുടെ ഒളിവുമുറിയില്‍ സെല്‍മയെ ബന്ധിതയാക്കുന്നു. സെല്‍മയെ കണ്ടെത്താനുള്ള അലിയുടേയും സുഹൃത്തുക്കളുടേയും ശ്രമം വിഫലമാകുന്നു. പതുക്കെയെങ്കിലും സെല്‍മ ഐശയുടെ കുടുംബവുമായി അടുക്കുന്നുണ്ട്‌. ഐശയുടെ ഇഷ്ടങ്ങളറിയുന്ന സെല്‍മ അവളോട്‌ സ്നേഹത്തോടെ പെരുമാറുന്നത്‌ അമ്മയ്ക്കും റാദിയയ്ക്കും ഇഷ്ടപ്പെടുന്നില്ല. എങ്കിലും, സെല്‍മയും കഥാനായികയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുുന്നു. ഒരു ദിവസം എസ്റ്റേറ്റിലെ തോട്ടത്തിലേക്ക്‌ സെല്‍മയേയും കൂട്ടിക്കൊണ്ടു പോകുന്ന ഐശ, ഒരു മരച്ചുവട്ടിലെ മണ്ണു നീക്കി തുണിയില്‍ പൊതിഞ്ഞ എന്തോ എടുത്ത്‌ കുഞ്ഞിനെയെന്നോണം താലോലിച്ചു കരഞ്ഞു വിളിക്കുന്നു. ഐശ ഉന്മാദത്തിലേക്കു നയിക്കപ്പെടുകയാണ്‌. ഐശയുടെ ഭാവമാറ്റത്തില്‍ സെല്‍മ ഭയചകിതയാകുന്നു. ആ കുടുംബത്തിന്റെ ഒളിത്താവളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അവളെ റാദിയയുടെ അമ്മ കൊലപ്പെടുത്തുന്നു. സെല്‍മ നല്‍കിയ കുപ്പായമണിഞ്ഞ്‌ അസ്വാഭാവികമായ ഭാവഹാദികളോടെ, ഐശ ഉറങ്ങികിടക്കുന്ന അമ്മയെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു. കുളിമുറിയില്‍ കയറി കാലിലെ രോമങ്ങള്‍ വടിച്ചുനീക്കുകയും കണ്ണാടിക്കു മുന്നില്‍ നിന്ന് സുന്ദരിയാകുകയും ചെയ്യുന്ന ഐശയെ റാദിയ വാതിലില്‍ മുട്ടിവിളിക്കുന്നതോടെ, അവള്‍ വീണ്ടും ക്രൂരയാകുുന്നു. റേസര്‍ ബ്ലേഡിന്റെ കഷണം കൊണ്ട്‌ അവള്‍ റാദിയയുടെ കഴുത്തില്‍ വരഞ്ഞു ചോര ചിതറിക്കുന്നു. ചോരയില്‍ കുതിര്‍ന്ന ആഡംബരക്കുപ്പായം ധരിച്ച്‌ ഭ്രാന്തമായി പുഞ്ചിരിച്ച്‌ നഗരത്തെരുവിനു നടുവിലൂടെ നടക്കുന്ന ഐശയെ കാണിച്ചുകൊണ്ടാണ്‌ ചലച്ചിത്രം അവസാനിക്കുന്നത്‌.
RAJA AMARI

HAFZIA HERZI

പുതിയ തലമുറ ആഡംബരജീവിതത്തോടും ഫാഷനോടും കാണിക്കുന്ന ആഭിമുഖ്യങ്ങള്‍ ഏറെയും ഐശയില്‍ കാണാം. ഈ കുടുംബത്തെ ഒളിവുവാസത്തിലേക്കു നയിച്ചത്‌ ഐശയുടെ ആഭിമുഖ്യങ്ങള്‍ സൃഷ്ടിച്ച പ്രശ്നങ്ങളാണെന്ന് തോന്നാം. ഇവളുടെ അഭിലാഷങ്ങള്‍ പഴയ തലമുറയുടെ കണ്ണില്‍ തെറ്റായി തോന്നുന്ന കാര്യങ്ങളിലേക്ക്‌ അവളെ നയിച്ചിരുന്നു. സെല്‍മയോടൊപ്പം തോട്ടത്തിലെ മരച്ചുവട്ടില്‍ നിന്നും മണ്ണു നീക്കി സ്വന്തം കുഞ്ഞിനെ കണ്ടെടുക്കുന്ന ഐശയിലൂടെ അവളുടെ കുടുംബം പേറുന്ന പാപഭാരവും നികൃഷ്ടാവസ്ഥയും വെളിപ്പെടുന്നുണ്ട്‌. അവളുടെ ഭ്രാന്തമായ ചേഷ്ടകളില്‍ നഷ്ടപ്രണയവും കുഞ്ഞിന്റെ മരണവും (അതും കൊലയോ?) നിഷേധിക്കപ്പെട്ട ആഡംബരജീവിതവും നല്‍കുന്ന വ്യഥിതമനസ്സ്‌ തെളിയുന്നു. ലോകത്തെ വ്യത്യസ്തമായി കാണാനുള്ള ത്വരകളില്‍ നിന്നാണ്‌ ഭ്രാന്ത്‌ ജനിക്കുതെന്ന്, ഐശ എത്തിപ്പെടുന്ന ഉന്മാദാവസ്ഥ സാക്ഷ്യപ്പെടുത്തുന്നു. (ഐശയെ അവതരിപ്പിച്ച ഹഫ്സിയ ഹെര്‍സി അസാധാരണമായ അഭിനയവൈഭവമാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. )


 ഐശയുടെ അമ്മയുടെ കണിശതയില്‍ വ്യവസ്ഥാപിത സാമൂഹികജീവിതമൂല്യങ്ങളോടുള്ള ഉറച്ച വിശ്വാസം പ്രതിഫലിക്കുന്നു. അവളില്‍ അന്ധമായ വിശ്വാസങ്ങള്‍ നിറഞ്ഞിരിക്കുന്നുവെന്നും പറയണം. വിശ്വാസങ്ങളുടെ ലംഘനങ്ങളിലൂടെ മകള്‍ വരുത്തിവച്ച അപമാനം നിഷ്ഠൂരമായ കൃത്യങ്ങള്‍ ചെയ്യാന്‍ അവളെ പ്രേരിപ്പിക്കുന്നു. തങ്ങളുടെ കുടുംബം അടക്കിവച്ച രഹസ്യങ്ങളറിഞ്ഞ്‌ ഭയചകിതയായി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സെല്‍മയെ കൊല്ലാന്‍ കണിശക്കാരിയായ അമ്മയെ പ്രേരിപ്പിക്കുന്നത്‌ അവളുടെ അപമാനബോധമാണ്‌. ഐസയുടെ കുഞ്ഞിന്‌ എന്തായിരിക്കും സംഭവിച്ചതെന്ന് ആലോചിക്കുമ്പോഴും ഈ അമ്മയുടെ കണിശതയാര്‍ന്ന മുഖഭാവങ്ങളിലാണ്‌ നാം എത്തിച്ചേരുന്നത്‌. എങ്കിലും ഇവര്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റേയും ലൈംഗികജീവിതത്തിലെ യാതനകളുടേയും ചിത്രങ്ങള്‍ കൂടി ചലച്ചിത്രത്തില്‍ കണ്ടെത്താന്‍ കഴിയും. ഐശയ്ക്കും അവളുടെ അമ്മയ്ക്കുമിടയില്‍ നില്‍ക്കുന്ന റാദിയ ഇരുവരുടേയും മൂല്യങ്ങളോടു താല്‍പര്യങ്ങള്‍ കാണിക്കുന്നു. എങ്കിലും അവള്‍ അമ്മയോടൊപ്പമാണ്‌. റാദിയയുടെ ഫാഷനോടുള്ള ആഭിമുഖ്യങ്ങള്‍ അവള്‍ ഒളിച്ചുവയ്ക്കാന്‍ ആഗ്രഹിക്കുന്നവയാണ്‌. തീര്‍ത്തും വ്യത്യസ്തങ്ങളായ മാനസികലോകങ്ങളില്‍ കഴിയുന്ന മൂന്നു പേര്‍; ഒരേ കുടുംബാംഗങ്ങള്‍, ഒരു തുരുത്തിലകപ്പെട്ടിരിക്കുന്നു. തുരുത്തിലകപ്പെട്ടു പോയവരുടെ അന്യതാബോധവും ഭയാശങ്കകളും കണിശതയുമെല്ലാം ഈ കുടുംബത്തിലെ അംഗങ്ങളുടെ ചെറുചലനങ്ങളിലൂടെ പോലും സമര്‍ത്ഥമായി സംവിധായിക ചിത്രീകരിച്ചിരിക്കുന്നു. പുറംലോകവുമായുള്ള എല്ലാ കരണപ്രതികരണങ്ങളേയും സന്ദേഹങ്ങളോടെ മാത്രം വീക്ഷിക്കാന്‍, തുരുത്തുകളിലെ ഒറ്റപ്പെട്ട ജീവിതം അമ്മയേയും റാദിയയേയും പരിശീലിപ്പിച്ചിട്ടുണ്ട്. മറ്റു മനുഷ്യരുമായി വലിയ ബന്ധങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന മൂന്നുപേരും വ്യത്യസ്തങ്ങളായ മൂന്നു ലോകങ്ങളിലാണ്‌ മനസ്സു കൊണ്ടു ജീവിക്കുന്നത്‌. ഇത്,തുരുത്തുകളിലകപ്പെടുന്നവരുടെ കഥയായി മാറുന്നു.

 പുതിയകാലലോകജീവിതവും പാരമ്പര്യവിശ്വാസങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ഭൂമികയിലാണ്‌ ഈ ചലച്ചിത്രം നെയ്തെടുത്തിരിക്കുന്നത്‌. ഈ സംഘര്‍ഷങ്ങളുടെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്നത്‌ ഏറെയും സ്ത്രീകളാണെന്ന് സംവിധായിക പറയുന്നു. അവര്‍ പുറമ്പോക്കുകളിലേക്ക്‌, തുരുത്തുകളിലേക്ക്‌, ഒളിജീവിതങ്ങളിലേക്ക്‌ എറിയപ്പെടുന്നു. ഭീതിയിലും അപമാനഭാരത്തിലും പെട്ട് ഉന്മാദികളാകുന്നു, കൊല്ലുന്നു, നശിക്കുന്നു. ഉറങ്ങുന്ന സ്ത്രീകളുടെ രംഗങ്ങള്‍, സവിശേഷമായും ഐശ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന രംഗങ്ങള്‍ ഈ ചലച്ചിത്രത്തിന്റെ പ്രധാനഭാഗമാണ്‌. തുരുത്തിലെ ബന്ധിതാവസ്ഥയെ പോലെ തന്നെ സ്ത്രീകള്‍ കട്ടിലിലോ മുറിയിലോ ബന്ധിക്കപ്പെടുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്‌. സ്ത്രീകള്‍ ഉണര്‍ന്നിട്ടില്ലെന്നു പറയുകയും ഉണരുന്നവളുടെ ഭ്രാന്തമായ അനുഭവങ്ങളെ കാണിക്കുകയും ചെയ്യുന്ന രാജാ അമരി സ്ത്രീജീവിതത്തിന്റെ സമകാല ലോകാവസ്ഥയെയാണ്‌ കാണിച്ചു തരുന്നത്‌. ഇനിയും ഉണരാത്ത, ഇപ്പോഴും ബന്ധിതമായിരിക്കുന്ന സ്ത്രീസ്വത്വങ്ങളിലേക്ക്‌ സംവിധായിക തന്റെ ക്യാമറക്കണ്ണിനെ തിരിച്ചുവയ്ക്കുന്നു. സ്വയം പ്രകാശനസാദ്ധ്യതകളില്ലാതെ, നിന്ദ്യമായ നിയന്ത്രണങ്ങളാലും പാപഭാരത്താലും അപമാനബോധത്താലും ഒളിച്ചുവെയ്ക്കേണ്ടി വരുന്ന സ്ത്രീയുടെ സ്വത്വാഭിലാഷങ്ങളെ സൂചിപ്പിക്കുന്ന രംഗങ്ങളെ സവിശേഷമായ ആവിഷ്ക്കരണചാതുരി പ്രകടിപ്പിച്ചു കൊണ്ടാണ്‌ സംവിധായികയായ രാജാ അമരി സൃഷ്ടിക്കുന്നത്‌. സ്ത്രീജീവിതത്തിലെ നിന്ദ്യമായ അവസ്ഥകളുടെ ചിത്രങ്ങള്‍ അവര്‍ വരച്ചിടുന്നു. സ്ത്രീയുടെ സ്വാതന്ത്ര്യാഭിലാഷങ്ങള്‍ തടയപ്പെടുന്നതെങ്ങനെയെന്ന്, ഈ രോധനപ്രക്രിയയില്‍ സ്ത്രീകള്‍ എങ്ങനെ കരുക്കളാക്കപ്പെടുന്നുവെന്ന് പറയുന്നു. സ്വാതന്ത്ര്യനിഷേധങ്ങള്‍ എത്തിച്ചേരുന്ന മനുഷ്യത്വവിരുദ്ധവും ഭീകരവുമായ അനന്തരാവസ്ഥകളെ കാണിച്ചു തരുന്നു. പ്രേക്ഷകര്‍ ഈ ചിത്രം കണ്ടു പുറത്തിറങ്ങുന്നത്‌ ആകുലമായ മനസ്സുകളോടെയാണ്‌. ****************************************************************************
ചെണ്ട മാസികയിലെ ബഹുവചനം എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത്.

No comments: