Wednesday, February 27, 2013

ഭീകരം ഈ അകംലോകം

പ്രമോദ്‌ രാമന്റെ കഥകള്‍ വായനയെ ലഘുവല്ലാത്ത, ലളിതമല്ലാത്ത പ്രവൃത്തിയാക്കി മാറ്റാന്‍ പ്രേരിപ്പിക്കുന്നവയാണ്‌. പ്രത്യക്ഷത്തില്‍ കാണുന്നതൊന്നുമല്ല നമ്മുടെ ജീവിതം എന്നു പറയേണ്ടതുണ്ട്‌, ഈ കഥാകാരന്‌. സങ്കീര്‍ണ്ണമായ ലോകത്തെ ലളിത,കോമളപദങ്ങളിലെഴുതുക അസാദ്ധ്യമത്രെ. മറയ്ക്കുകയോ ഒളിച്ചുവയ്ക്കപ്പെടുകയോ ഇതരരീതികളില്‍ പരോക്ഷീകരിക്കപ്പെടുകയോ ചെയ്യുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ, മലയാളകഥാലോകത്തിന്‌ അധികമൊന്നും പരിചയമില്ലാത്ത സവിശേഷമായ കഥാനിര്‍മ്മാണചാതുരി കൊണ്ട്‌ വെളിപ്പെടുത്തുന്നു, ഇയാള്‍. ഈ രചനയുടെ വഴികള്‍ ദുര്‍ഘടം പിടിച്ചതെന്നു കുറ്റപ്പെടുത്തുന്നവരുണ്ടാകാം. സങ്കീര്‍ണ്ണമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ലളിതമായ ഘടനകള്‍ക്കു വഴങ്ങുന്നതല്ലല്ലോ. എന്നാല്‍, വിശ്വാസങ്ങളുടേയും വികാരങ്ങളുടേയും ഏതേതു ലോകങ്ങളിലാണ്‌ ജീവിക്കുന്നതെന്ന് സ്വയം തിരിച്ചറിയാത്ത നമ്മളോട്‌ 'ഇതാണ്‌ നിങ്ങളുടെ ഉള്ള്‌' എന്നു പറയുന്നു, ഈ കഥകള്‍. 

അപസ്മാരകം എന്ന കഥ കേരളത്തിലെ മധ്യവര്‍ഗകുടുംബജീവിതത്തിലെ അവസ്ഥാവിശേഷങ്ങളിലേക്ക്‌ കണ്ണെത്തിക്കുന്നു. റാമും ചിന്തയും മിഷയും അടങ്ങുന്ന അണുകുടുംബമാണ്‌ കഥയിലേത്‌. ഐ.ജി. റാമിന്റേയും അയാളുടെ ഗൃഹനാഥയായ ഭാര്യ ചിന്തയുടേയും കുടുംബം. പുറമേയ്ക്കു കാണുന്നതല്ല അകത്തുള്ളത്‌. പുറമേയ്ക്കു സ്വസ്ഥം, സംതൃപ്തം. എന്നാല്‍, അസംതൃപ്തികളും അസ്വസ്ഥതകളും ചൂഴ് ന്നു നില്‍ക്കുന്ന വിഭജിതമായ ലോകങ്ങള്‍, ഉള്ളില്‍. ചവിട്ടുപടികളില്‍ ചിതറി കിടക്കുന്ന വറ്റുകളില്‍ ചവിട്ടുമ്പോള്‍ കുഞ്ഞുകിളിമുട്ടകള്‍ ഉടയ്ക്കുന്നതിന്റെ സുഖമനുഭവിക്കുന്നവന്‍ റാം. പടികളില്‍ തൂവികിടക്കുന്ന വറ്റുകളെ ചവിട്ടാതെ പോകുന്ന ചിന്തയോട്‌ റാമിന്‌ എതിര്‍പ്പുണ്ട്‌. ബന്ധങ്ങളിലെ വിടവുകള്‍ ഇവരെ സ്വയം പിളര്‍ത്തുന്നു. റാം റാം മാത്രമല്ല, ചിന്ത ചിന്ത മാത്രമല്ല. ചിന്ത വില്‍ഫ്രഡ്‌ ഷെഫാനെന്ന എഴുത്തുകാരനായി മാറുന്നു. ഈ എഴുത്തുകാരന്റെ നോവലിലെ കഥാപാത്രങ്ങളായി റാമും ചിന്തയും അവതരിക്കുന്നു. റാം ജെറാര്‍ഡ്‌ നോറി എന്ന ആരാച്ചാരാണ്‌, ചിന്ത അഗതയും. ചിന്തയില്‍ ചിന്തിച്ചു തുടങ്ങുന്ന പെണ്ണിനെ കുറിച്ചുള്ള സൂചനകളുണ്ട്‌, അഗതയില്‍ അന്വേഷണബുദ്ധിയുള്ളവളും. അഗത നോറിയുടെ ആദ്യത്തേയും അവസാനത്തേയും പെണ്ണിര. അച്ഛന്‍ ബ്രയാന്‍ അമ്മ നിമോണയെ മുറ്റത്തു നിന്നും വീടിന്നകത്തേക്കു വലിച്ചു കൊണ്ടുപോയി ബലാല്‍ക്കാരം ചെയ്യുമ്പോള്‍ പാറാവുകാരനായി നിന്നു വളര്‍ന്നവന്‌ അഗതയെ കെട്ടണമായിരുന്നു, ബലാത്സംഗം ചെയ്യാന്‍. ആനയെ പിഴിഞ്ഞു നീരെടുക്കുന്ന നോറി യഥാര്‍ത്ഥത്തില്‍ വാഴപ്പിണ്ടിക്കു ജീവന്‍ വച്ചവനായിരുന്നു, റാമും അങ്ങനെ തന്നെ. അവന്‌ മദ്യപാനവും ഭോഗവും വെള്ളിയാഴ്ച തോറും. ഐ.ജി.യുടെ കൃത്യത. ഫ്ളാറ്റിലെ മുറിയിലേക്ക്‌ വണ്ടുകളെ അഴിച്ചു വിട്ട്, ബലാല്‍സംഗം ചെയ്യപ്പെടാനുള്ള പശ്ചാത്തലമൊരുക്കി, ചിന്തയെ ഒറ്റയ്ക്കാക്കി റാം ഓഫീസിലേക്കു പോകും. എങ്കിലും, പൊട്ടറ്റോ ചിപ്സ്‌ വില്‍ക്കുന്നവന്റെ വേഷത്തില്‍ റാം കോളിങ്ങ്‌ ബെല്ലമര്‍ത്തും. ചിപ്സ്‌ വില്‍പനക്കാരന്‌ ചിന്തയെ ബലാത്സംഗം ചെയ്യണം, ബലാത്സംഗം ചെയ്യുന്നതായി അവന്‌ അഭിനയിക്കണം. കാളക്കൂറ്റനെ പോലെ ചിന്തയുടെ നേര്‍ക്ക്‌ അടുത്തുവരുന്നവന്‍ മുക്രയിട്ട് മുക്രയിട്ട് അപസ്മാരം ബാധിച്ച്‌ വായില്‍ നിന്നും  നുര ഒഴുക്കുന്നു. മണിയൊച്ച കേള്‍ക്കുന്നവള്‍ ചിപ്സ്‌ വില്‍പനക്കാരന്റെ അപസ്മാരത്തില്‍ നിന്നും ഉണരുന്നത്‌ അപസ്മാരബാധയാല്‍ മോഹാലസ്യപ്പെട്ട് വീല്‍ ചെയറില്‍ മുറിയിലേക്കു വരുന്ന റാമിലേക്കാണ്‌. വില്‍ഫ്രഡ്‌ ഷെഫാന്റെ അവസാനനോവലില്‍ നോറിയെ തൂക്കിലേറ്റുന്നു. അയാളെ തൂക്കിലേറ്റിയ ആരാച്ചാര്‍ അഗതയായിരുന്നു. പിന്നെ, വില്‍ഫ്രഡ്‌ ഷെഫാന്‍ എഴുതിയതേയില്ല. 'അഗതയെ വിശേഷിപ്പിക്കാന്‍ ആരാച്ചാരുടെ സ്ത്രീലിംഗപദം കിട്ടാതെയായപ്പോള്‍ താഴെയിട്ട പേന ഷെഫാന്‍ തിരിച്ചെടുത്തില്ല.' ഈ വാക്യത്തോടെയാണ്‌ പ്രമോദ്‌ രാമന്റെ കഥ അവസാനിക്കുന്നത്‌. 


വിശുദ്ധമെന്നും സംതൃപ്തമെന്നുമുള്ള പ്രതീതികള്‍ നിലനിര്‍ത്തുന്ന നമ്മുടെ മധ്യവര്‍ഗകുടുംബങ്ങളുടെ ഉള്ളിലേക്കു നോക്കുന്നു, ഈ കഥ. അവിടെ ലൈംഗിക അസംതൃപ്തികളുടെ, ലൈംഗിക അരാജകത്വത്തിന്റെ, ലൈംഗിക പീഡനങ്ങളുടെ... മറച്ചുവെയ്ക്കപ്പെട്ട ഭീകരയാഥാര്‍ത്ഥ്യങ്ങളെ കണ്ടെത്തുന്നു. പരിശുദ്ധിയുടെ വിളനിലമെന്നു കൊണ്ടാടപ്പെടുന്ന മധ്യവര്‍ഗകുടുംബവ്യവസ്ഥ പേറുന്ന പാപഭാരങ്ങളെ വിവൃതമാക്കുന്നു. അച്ഛന്‍ അമ്മയെ ബലാത്സംഗം ചെയ്തതില്‍ പിറന്നവനും അച്ഛന്റെ ബലാത്സംഗങ്ങളുടെ പാറാവുകാരനുമായ നോറി അഗതയെ പിടിക്കാനായുന്നത്‌, അച്ഛന്‍ ബ്രയാനെ മൂന്നു വട്ടം മനസ്സിലുരുവിട്ടു കൊണ്ടാണ്‌. അവന്‍ വളര്‍ന്നു വന്ന ലൈംഗികതയുടെ സംസ്ക്കാരം കീഴടക്കലിന്റേതായിരുന്നു. ആ പാഠങ്ങളില്‍ വളര്‍ന്ന്, കൊടിയ ആക്രമണത്തിന്റേയും മര്‍ദ്ദനത്തിന്റേയും മനസ്സുമായി ചെല്ലുന്നവന്റെ ലൈംഗികശേഷിയോ? കൊല്ലന്‍ പഴുപ്പിച്ചെടുത്ത വാര്‍പ്പുലിംഗങ്ങള്‍ പെട്ടെന്നു വാടി വീഴുന്നുവെന്ന് കഥയില്‍ എഴുതപ്പെടുന്നുണ്ട്‌. അഗത പറയുതാകട്ടെ, തന്റെ ഉടല്‍ യുദ്ധം ചെയ്യപ്പെട്ട ഭൂമികയാണെന്നാണ്‌. തന്നെ വെട്ടിപ്പൊളിച്ചും ദണ്ഡനം ചെയ്തും ഭീതിപ്പെടുത്തിയും ഭോഗിക്കുന്നവനെ മാത്രമേ അവള്‍ക്കറിയൂ, അവനെ മാത്രമേ ഇനിയും പ്രതീക്ഷിക്കാനുള്ളൂ. 'എന്നെ ശിക്ഷിക്കാനാണെങ്കില്‍, നിനക്കെന്നെ കെട്ടാം' എന്നു പറയുന്നവള്‍ വിവാഹജീവിതം കൊടിയ ശിക്ഷയായി അനുഭവിക്കുന്ന സ്ത്രീലോകത്തെ തിരിച്ചറിയുന്നു. നമ്മുടെ ലൈംഗികജീവിതം ക്രൂരതയുടേയും അസംതൃപ്തികളുടേയും പരാജയങ്ങളുടേയും പര്യായമായി മാറിപ്പോകുന്നതിന്റെ കാഴ്ചകളാണിത്‌. ഇത്‌ കൊലയിലേ അവസാനിക്കൂ. ഷെഫാന്റെ നോവലില്‍ നോറിയെ തൂക്കിലേറ്റുന്ന അഗത, ജീവിതത്തില്‍ റാമിനെ തൂക്കിലേറ്റുന്ന അയാളുടെ ഭാര്യ ചിന്ത തന്നെയാണ്‌. ഈ കഥ വില്‍ഫ്രഡ്‌ ഷെഫാന്‍ എഴുതിയ നോവലുകളുടെ പ്രമേയവിവരണം മാത്രമല്ലാതാകുന്നത്‌ അങ്ങനെയാണ്‌. കഥയില്‍ നിന്നും ഉയരുന്ന സൂക്ഷ്മരാഷ്ട്രീയധ്വനികള്‍ പെരുക്കി കേല്‍പിക്കേണ്ടവയാണ്‌. എന്നാല്‍, ഇത്‌ ഒരു ഉത്തരാധുനികപ്രവണതക്കെതിരായ വിമര്‍ശം കൂടിയാണ്‌. ഉറച്ച രാഷ്ട്രീയപ്രതിരോധങ്ങള്‍ കൊണ്ട്‌ മാറ്റിത്തീര്‍ക്കേണ്ടതിനെ ചിഹ്നങ്ങളുടേയും അര്‍ത്ഥങ്ങളുടേയും പാഠങ്ങളുടേയും പ്രശ്നമാക്കി ചുരുക്കുന്നതിനെതിരായ വിമര്‍ശം.

പ്രമോദ് രാമന്റെ അപസ്മാരകം എന്ന കഥ നിര്‍വ്വഹിക്കുന്ന അപനിര്‍മ്മാണം പ്രധാനമാണ്. നമ്മുടെ കുടുംബങ്ങളെ കുറിച്ച് നാം പണ്ടേ കുടിയേറ്റിയിരിക്കുന്ന വിശ്വാസങ്ങളേയും നിര്‍മ്മിച്ചുറപ്പിച്ചിരിക്കുന്ന സ്മാരകങ്ങളേയും ഈ അപസ്മാരബാധയുടെ കഥ അപനിര്‍മ്മിക്കുന്നു. എന്‍. എസ്. മാധവന്റെ ഹിഗ്വിറ്റക്കു ശേഷം മലയാളകഥ ഇങ്ങനെ നിറഞ്ഞു പൂക്കുന്നത് ഇപ്പോഴാണ്.

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍
വായനക്കാരുടെ പേജില്‍ പ്രസിദ്ധീകരിച്ച പ്രതികരണം )Sunday, February 3, 2013

സൂര്യനെല്ലി, അഭയ.....

കേരളത്തില്‍ കുറെയേറെ വര്‍ഷങ്ങളായി വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചു
കൊണ്ടിരിക്കുന്ന കേസുകള്‍
സൂര്യനെല്ലി
അഭയ
ഐസ് ക്രീം പെണ്‍വാണിഭം
...
കവിയൂര്‍
ലാവ് ലിന്‍
വിതുര
പാമോയില്‍.....തുടങ്ങിയ കേസുകളിലെല്ലാം അന്വേഷണങ്ങളും നിയമനടപടികളും ധൃതഗതിയിലാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട്
... ...
വലിയ ഒരു ബഹുജനപ്രക്ഷോഭം ഉണ്ടാകേണ്ടിയിരിക്കുന്നു.ഈ കേസുകളിലെല്ലാം പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളോ മതനേതാക്കന്മാരോ ഉദ്യോഗസ്ഥമേധാവികളോ
കുറ്റവാളികളാണെന്നു സംശയിക്കപ്പെടുന്നതിനാല്‍ തന്നെ
ഇവയുടെ നടപടിക്രമങ്ങള്‍
മന്ദഗതിയിലാകുന്നത് ഇവരെ രക്ഷിക്കാനാണെന്നു
കരുതുന്നവര്‍ ഏറെയാണ്.കേരളീയസമൂഹം ആര്‍ജ്ജിച്ച ജനാധിപത്യബോധത്തെ പോലും
അവതാളത്തിലാക്കുന്ന രീതിയിലേക്ക്
നിക്ഷിപ്തതാല്പര്യക്കാരുടെ ഇടപെടലുകള്‍ എത്തിച്ചേരുന്നുമുണ്ട്.ഇതിന് ഒരു അറുതി വരുത്തേണ്ടിയിരിക്കുന്നു

അഴകും അഴുക്കും

ഏതിനാണ്‌ ഏറെ അഴക്‌?
പ്രകൃതിയ്ക്കോ മനുഷ്യനിര്‍മ്മിതിയ്ക്കോ?
ഭാവനയിലെ അഴകു നിര്‍മ്മിക്കുന്നതിന്നിടയില്‍
എല്ലാ അഴകിന്റേയും ആധാരമായി നില്‍ക്കുന്ന
പ്രകൃതിയെ നാം വിസ്മരിക്കുന്നുവോ?
അഴകിനും അഴുക്കിനും ഇടയിലെ അകലം എത്ര?
സംസ്കൃതിയേയും പ്രകൃതിയേയും പെണ്ണിന്റേയും
പാരിസ്ഥിതികാവബോധത്തിന്റേയും
കണ്ണുകളിലൂടെ നോക്കി വികലനം ചെയ്യുന്ന വരികള്‍ അനിത തമ്പി എഴുതിയിട്ടുണ്ട്. ഭൂതകാരുണ്യത്തെ തിരിച്ചറിയാത്ത അഴകിന്റെ മേളക്കൊഴുപ്പുകളോട്‌ തരളമായ വാക്കിന്റെ കാരുണ്യം കൊണ്ടു കലമ്പുന്നു, ഈ കവി. അഴുക്കെല്ലാം അഴകാകുന്നത്‌ മിനുത്ത തറയിലല്ലെന്ന്, ഇരുത്തിയ മട്ടില്‍ എല്ലാമിരിക്കുന്ന സ്വീകരണമുറിയിലല്ലെന്ന്, അഴുക്കിനെ തുടച്ചെറിഞ്ഞു കളഞ്ഞ മണ്ണറയിലെന്ന് അനിതയുടെ കവിത കണ്ടെത്തുന്നു. എല്ലാം 'വൃത്തിയാക്കി' വെയ്ക്കുന്ന മദ്ധ്യവര്‍ഗശീലങ്ങളിലേക്ക്‌ വാക്കു കൊണ്ട് ഒരു കൂരമ്പ്‌. വൃത്തിയെ കുറിച്ചുള്ള വിചാരങ്ങള്‍ അനിതയുടെ കവിതയില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നതു കാണാം. നടു വേദനിച്ചു കുനിഞ്ഞു നിന്ന് വീടിന്റെ മുറ്റമടിച്ചു വൃത്തിയാക്കുന്ന ഇവള്‍ 'മണ്ണിരകളുറങ്ങാതെയാവാം കൊച്ചു മണ്‍വീടുകള്‍ വച്ചു രാവില്‍'എന്നു പ്രകൃതിയിലെ ചെറുജീവിയോട്‌ സഹഭാവത്തോടെ വിചാരം കൊള്ളുന്നവളാണ്‌. പെണ്ണും പ്രകൃതിയും തമ്മിലുള്ള ഈ സഹഭാവം 'രാവിലെയൊരു പെണ്ണിന്‍ കുനിഞ്ഞ
പിന്‍ചുവടിന്റെ നൃത്തം കഴിഞ്ഞാല്‍
ഈര്‍ക്കിലി വിരല്‍ പോറല്‍ നിരകള്‍
മാത്രമായി പൊടിഞ്ഞു പരക്കാന്‍'
എന്ന വരികളിലേക്കു വ്യാപിച്ചു നില്‍ക്കുന്നു.

        
എല്ലാ ഭേദങ്ങളേയും സന്ദേഹത്തോടെ കാണുന്ന മനസ്സുമായി, അനിതയുടെ കവിത അഴുക്കിനും അഴകിനും ഇടയിലെ സമുദ്രങ്ങളേയും പര്‍വ്വതങ്ങളേയും മുറിച്ചു കടക്കുന്നു. അഴകില്ലാത്തവയെന്ന് മനുഷ്യന്റെ സാമാന്യബോധം കരുതിവെച്ചവയെല്ലാം പുറപ്പെടുകയാണ്‌, മഴവില്ലിന്റെ കാന്തിയുടെ ലോകത്തിലേക്ക്‌. മീന്‍കുട്ടകള്‍, കീറപ്പായ, കോങ്കണ്ണന്‍ കാക്ക, പെരുവയറന്‍ ചക്ക, മുത്തശ്ശിത്തൊലി, തൂങ്ങിയ കാത്‌, അട്ട, ഇറയത്തെ ചൂല്‌... എല്ലാരും ചെല്ലുന്നു മഴവില്ലിന്റെ വീട്ടില്‍. അവിടെ, അവസാനമില്ലാത്ത പൂര്‍ണ്ണതയില്‍ കോട്ടത്തിനു കാത്തുനില്‍ക്കുന്നവര്‍. മഴവില്ല്‌, നക്ഷത്രക്കുഞ്ഞുങ്ങള്‍, ചന്ദ്രക്കല ...എല്ലാരും നമിക്കുന്നു, അഴുക്കിനെ. ഇപ്പോള്‍, അഴകിന്റെ ലോകത്തില്‍ നിന്നുകൊണ്ട് ഭൂമിയെ ജീവന്റെ കാട്ടമെന്ന് അറിയുന്നവര്‍, അറിയുന്നു വാഴ്‌വിന്റെ പൊരുള്‍. വൃത്തിയെ കുറിച്ചുള്ള സങ്കല്പനങ്ങള്‍ക്ക്‌ അധികാരവുമായി ഒഴിവാക്കാനാവാത്ത ബന്ധങ്ങളുണ്ട്.  അധികാരവും നാഗരികതയും ഒത്തുചേരുന്ന ബന്ധങ്ങളാണിത്‌. നാഗരികത വൃത്തിയെ നിര്‍ബ്ബന്ധപൂര്‍വം പരിപാലിക്ക്‌ ആദര്‍ശമാക്കുന്നു. ഇത്‌ സൃഷ്ടിക്കുന്നതോ, മാലിന്യക്കൂനകളെ. ശസ്ത്രക്രിയാമുറി പോലെ പാചകം ചെയ്യാത്ത അടുക്കളയെ പരിപാലിക്കുന്നവര്‍, പൊതുസ്ഥലങ്ങളില്‍ ഉച്ഛിഷ്ടം കൊണ്ടു നിറയ്ക്കുന്നു. മീന്‍കുട്ടകള്‍ക്കും കരിമൂടിയ ചട്ടിക്കും കൂറത്തുണിക്കും വര്‍ഗപരമായ ചില മാനങ്ങളുമുണ്ട്.  അഴകില്‍ ആകര്‍ഷിതരായി മഴവില്ലിന്റെ കൊട്ടാരത്തിലേക്ക്‌ യാത്രപുറപ്പെടുന്ന ഇവര്‍, 
മദ്ധ്യവര്‍ഗശീലങ്ങളിലേക്ക്‌ ആകര്‍ഷിക്കപ്പെടുകയോ ആട്ടിത്തെളിക്കപ്പെടുകയോ ചെയ്യുന്ന നമ്മുടെ അടിസ്ഥാനജനവിഭാഗങ്ങളെ എങ്ങനെയൊക്കെയോ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. ഈ ആകര്‍ഷണം മിഥ്യയെന്ന്, ആപത്ക്കരമെന്ന്, ഒരു മുന്നറിയിപ്പ്‌. വൃത്തിയെ അധീശത്വത്തിന്റെ മൂല്യബോധത്തിന്റെ ഭാഗമായി കണ്ടെത്തുന്ന ഒരു പ്രക്രിയ ഈ കവിതകളില്‍ സംഭവിക്കുന്നു.

വൃത്തി എന്ന ശീര്‍ഷകത്തില്‍ തന്നെ ഒരു കവിതയുണ്ട്, അനിതയുടേതായി.
 'വിരല്‍ തട്ടി മറിഞ്ഞിട്ടും
പരന്നൊഴുകാന്‍ വിടാതെ
പഴന്തുണി നനച്ചാരോ
തുടച്ചെടുക്കയാണെന്നെ'
വൃത്തി, പഴന്തുണി, പരൊഴുക്ക്‌, തുടച്ചെടുക്കല്‍... ഈ നാലുവരി കവിതയുടെ
ശീര്‍ഷകവും വാക്കുകളും ഉചിതമായി പരസ്പരം ഘടിപ്പിക്കപ്പെട്ടവയാണ്‌.
വാക്കുകളുടെ ഒഴിവാക്കാനാവാത്ത കൂടിച്ചേരലാണിത്‌. 
പരന്നൊഴുകാന്‍ കൊതിക്കുന്ന ദ്രാവകമെന്ന രൂപകമാണ്‌ സ്ത്രീക്ക്‌. 
ഒഴുക്കാണ്‌ തനതുഭാവം. ഇപ്പോള്‍. കുപ്പികളില്‍ നിറയ്ക്കപ്പെട്ടിരിക്കുന്നു. 
നിറച്ചിരിക്കുന്ന പാത്രത്തിന്റെ അതിര്‍ത്തികളില്‍ തന്മ തടയപ്പെട്ടിരിക്കുന്നു. 
വളരെ സ്വാഭാവികമായ പ്രതികരണങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന
 ദുരധികാരത്തിന്റെ പ്രയോഗത്തെ കുറിച്ചാണ്‌ ഈ കവിതയില്‍ എഴുതപ്പെട്ടിരിക്കുന്നത്‌. 
സദാചാരവും പുരുഷാധികാരവും ചേര്‍ന്ന് സ്ത്രീക്കു വിധിക്കുന്ന തടവ്‌. 
യാദൃച്ഛികമായി തൂവിപ്പോകുന്നതിനെ പോലും ഒഴുകിപ്പരക്കാന്‍
അനുവദിക്കാത്ത പഴന്തുണി പുരുഷാധികാരത്തിന്റെ നിഷ്ഠൂരതയാണ്‌. 
പഴയതാണത്‌. 
യാഥാസ്ഥിതികം. 
പുതുക്കാന്‍ കഴിയാത്തത്‌. 
ഉപേക്ഷിക്കപ്പെടേണ്ടത്‌. 
വൃത്തി എന്ന ശീര്‍ഷകം, വൃത്തിയേയും വെടുപ്പിനേയും കുറിച്ചുളള 
നമ്മുടെ സങ്കല്പനങ്ങള്‍ക്ക്‌ അധികാരവുമായുള്ള ബന്ധങ്ങളെ
നന്നായി വിവൃതമാക്കുന്നു. 

വൃത്തി അധികാരത്തിന്റെ മൂര്‍ത്ത മുദ്രാവാക്യമായി
മാറിത്തീരുന്നതിനെ 'അടിച്ചുതളിക്കാര്‍' എന്ന കവിതയില്‍ വായിക്കാം. 
"എന്തൊരു വൃത്തികേട്‌" എന്ന അധികാരത്തിന്റെ ഒച്ച നാം കേള്‍ക്കുന്നു. 
സമരമാടങ്ങളുടെ മുറ്റങ്ങള്‍ 
അടിച്ചുവാരി തളിച്ച്‌ വൃത്തിയാക്കുന്നവര്‍ പെരുകുന്നത്‌ കാണുന്നു. 
'മണ്ണ്‌ തരിതരിയായി വൃത്തിയാവാന്‍ തുടങ്ങി'യെന്ന് കവി എഴുതുമ്പോള്‍ 
ആരാണ്‌ മണ്ണില്‍ നിന്നും ഭൂമിയില്‍ നിന്നും ഒഴിഞ്ഞുപോകുതെന്ന് പെട്ടെന്നു ഗ്രഹിക്കാന്‍ കഴിയും. 
അഴുക്കാണ്‌, അഴുക്കിന്റെ വര്‍ഗമാണ്‌, വാഴ്‌വിന്റെ പൊരുളാണ്‌, 
അസ്തിത്വത്തിന്റെ അടിസ്ഥാനങ്ങളാണ്‌ ഒഴിഞ്ഞുപോകുന്നത്‌. 
ഉറപ്പിക്കപ്പെടുന്നത്‌, അഴകിന്റെ മിനുത്ത നിശബ്ദത. 
പ്ളാസ്റ്റിക്ക്‌, മൃതിയില്ലാത്ത ജന്മങ്ങള്‍, അധികാരം, വൃത്തി. 
അധികാരവ്യവസ്ഥ വൃത്തിയെ നിര്‍മ്മിച്ചെടുക്കുത് സര്‍ഗാത്മകതയുടെ നിഷേധത്തിലൂടെയാണെന്ന്, നാഗരികതയുടെ യാത്രകള്‍ സര്‍ഗാത്മകതയ്ക്ക്‌ എതിര്‍ദിശയിലാകുന്നുവെന്ന്,
ഭൂമിയിലെ വാഴ്‌വിന്‌ ഭീഷണിയാകുന്നുവെന്ന് 
ഈ വാക്കുകള്‍ പറയുന്നുവോ?


ചെണ്ട മാസികയില്‍(ഡിസംബര്‍ 2012) എഴുതിയ
അനിതതമ്പിയുടെ കവിതകളെ കുറിച്ചുള്ള നിരൂപണത്തിലെ ഒരു ഭാഗം