Saturday, November 23, 2013

എഴുത്തും പുസ്തകവും: ചില സമകാലാലോചനകള്‍

റൊളാങ്ങ്‌ ബാര്‍ഥിന്റെ 'ഗ്രന്ഥകാരന്റെ മരണം' എന്ന ആശയം മലയാളിയുടെ സാഹിത്യസപര്യയെ സ്വാധീനിക്കുകയുണ്ടായോ? കൃതിയില്‍ നിന്നും കണ്ടെടുക്കപ്പെടുന്നത്‌ എഴുതിയവന്‍ കല്‍പിക്കുന്ന അര്‍ത്ഥലോകങ്ങളെ മാത്രമാണെന്ന ധാരണകള്‍ക്ക്‌ മാരകമായ പ്രഹരം ഏല്‍പിച്ച സംപ്രത്യയമായിരുന്നു അത്‌. വായനയ്ക്ക്‌ പുതിയ അര്‍ത്ഥതലങ്ങള്‍ കൈവരികയായിരുന്നു. വായിക്കുന്നവന്‍ ആശയങ്ങളുടെ ഉപഭോക്താവു മാത്രമല്ല, സൃഷ്ടാവു കൂടിയാണെന്നു പറയുകയാണ്‌ ബാര്‍ഥ്‌ ചെയ്തത്‌. എഴുത്തുകാരന്റെ ഏകാധികാരം തകര്‍ക്കപ്പെടുകയും വായനയുടെ ലോകത്ത്‌ ബഹുസ്വരങ്ങളുടെ ജനാധിപത്യമണ്ഡലം തുറക്കപ്പെടുകയും ചെയ്തു. നിരൂപണത്തിന്റേയും വിമര്‍ശനത്തിന്റേയും മേഖലകളില്‍ പുതിയ പ്രവണതകള്‍ ഉയര്‍ന്നു വരുന്നതിനും ഇതു കാരണമായി. എഴുത്തുകാരന്റെ ആശയലോകത്തെ വായനക്കാര്‍ക്ക്‌ പരിചയപ്പെടുത്തുന്ന കണ്ണി എന്ന നിലയ്ക്കുളള നിരൂപകനും മരണപ്പെടേണ്ടതുണ്ടായിരുന്നു. എഴുത്തുകാരന്‍ കല്‍പിക്കുന്ന അര്‍ത്ഥങ്ങളെ അതേപടി പുനരുല്‍പാദിപ്പിക്കുന്ന പണ്ഡിതന്‍ അപ്രസക്തമായിക്കഴിഞ്ഞിരുന്നുവല്ലോ. വായനയില്‍ വായനക്കാരന്റെ പങ്കിനെ അംഗീകരിക്കുന്ന ഈ സംപ്രത്യയം ഏതേതു ജ്ഞാനിമങ്ങളില്‍ നിന്നുകൊണ്ടാണു വായിക്കപ്പെടുന്നത്‌ എന്ന കാര്യം വായനയുടെ ഫലങ്ങളെ നിര്‍ണ്ണയിക്കുവെന്നു കാണുന്നതിനു കെല്‍പുള്ളതായിരുന്നു. വായനക്കാരന്റെ കാഴ്ചക്കോണ്‍ പ്രധാനമാകുകയായിരുന്നു! വ്യത്യസ്ത വായനകളുടെ ഒരു ബൃഹത് ലോകം സാദ്ധ്യമാക്കുകയായിരുന്നു. സ്ത്രീ, ദളിത്‌, പരിസ്ഥിതി, ഉപദേശീയത തുടങ്ങിയ പരിപ്രേക്ഷ്യങ്ങളില്‍ നിന്നുകൊണ്ടുളള പാരായണങ്ങള്‍ വ്യത്യസ്തങ്ങളായ പാഠങ്ങളെ അവതരിപ്പിച്ചു. എഴുത്തുകാരന്‍ കല്‍പിക്കുന്ന അര്‍ത്ഥം വായനക്കാരനു പറഞ്ഞുനല്‍കുന്ന വിമര്‍ശകന്‍ എന്ന സ്ഥാനം ഇല്ലാതാകുകയും ഏതു ആശയപ്രരൂപത്തില്‍ നിന്നുകൊണ്ടാണ്‌ വിമര്‍ശകന്‍ വായിക്കുതെന്ന ചോദ്യം പ്രധാനമാകുകയും ചെയ്തു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, വായനക്കാരെല്ലാം സവിശേഷമായ അര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുളളവരായിത്തീര്‍ന്നു. വിമര്‍ശകന്റെ തൊഴില്‍സാദ്ധ്യതകളെ സാരമായി ബാധിക്കുന്ന കാര്യമായിരുന്നു, ഇത്‌.

വിവരസാങ്കേതികവിദ്യയുടെ വികാസം എല്ലാ വായനക്കാരനും തങ്ങളുടെ പാഠങ്ങളെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനുളള പുതിയ സാദ്ധ്യതകള്‍ ഒരുക്കി നല്‍കുന്നുണ്ടായിരുന്നു. ഇന്‍റര്‍നെറ്റ്‌ സൌകര്യം തുറന്നു നല്‍കിയ സാമൂഹികമാദ്ധ്യമങ്ങളും ബ്ലോഗുകളും മറ്റും ഏതൊരു വായനക്കാരനേയും സ്വയം സൃഷ്ടാവാക്കി മാറ്റാന്‍ ശക്തിയുളളവയായിരുന്നു. വായനകളുടേയും പാഠങ്ങളുടേയും ഒരു ബൃഹദ് ലോകമാണ്‌ സൃഷ്ടിക്കപ്പെട്ടത്‌. എല്ലാ വായനക്കാരേയും സൃഷ്ടാവാക്കിയ ദാര്‍ശനികരംഗത്തേയും സാങ്കേതികവിദ്യയുടെ രംഗത്തേയും മാറ്റങ്ങള്‍ എഴുത്തുകാരനു ചുറ്റുമുണ്ടായിരുന്ന മായാവലയത്തെ അഴിച്ചുകളഞ്ഞു. വിമര്‍ശനത്തെ മാത്രമല്ല, സാഹിത്യരചനകളെ കൂടി ബാധിക്കുന്ന ആഘാതങ്ങളാണ്‌ തുടര്‍ന്നുണ്ടാകുന്നത്‌. സര്‍ഗ്ഗാത്മകസാഹിത്യത്തിന്റെ നിഗൂഢതലങ്ങള്‍ ഉടയുകയായിരുന്നു. ഏതൊരാളേയും സൃഷ്ടാവാകാന്‍ ക്ഷണിക്കുന്ന സാംസ്ക്കാരികാന്തരീക്ഷം എഴുത്തിന്റെ നിഗൂഢതകളെ നീക്കം ചെയ്യാന്‍ ശക്തിയുളളതായിരുന്നു. ഭാവന കൊണ്ട്‌ ചമയ്ക്കുന്ന കഥകളോടൊപ്പമോ അതിനേക്കാളേറെയോ നേര്‍ അനുഭവങ്ങളുടെ എഴുത്തിന്‌ കരുത്തുണ്ട്. ജീവിതത്തിന്റെ നേര്‍കഥകളാണ്‌ ജീവിതത്തെ കുറിച്ചുളള കല്‍പിതകഥകളേക്കാള്‍ മെച്ചമെന്നു തോന്നിത്തുടങ്ങുന്നു. നമ്മുടെ ആനുകാലികങ്ങളെല്ലാം അനുഭവക്കുറിപ്പുകള്‍, ഓര്‍മ്മക്കുറിപ്പുകള്‍, അഭിമുഖസംഭാഷണങ്ങള്‍ എന്നിവ കൊണ്ട്‌ നിറയുന്നത്‌ ഈ സന്ദര്‍ഭത്തിലാണ്‌. ഇവയുടെ വേലിയേറ്റത്തില്‍, രസകരമായി വായിച്ചുപോകാവുന്ന ഓര്‍മ്മക്കുറിപ്പുകളാണ്‌ നോവല്‍ വായനയേക്കാള്‍ നല്ലതെന്ന് വായനക്കാരനും തോന്നിയിട്ടുണ്ടാകണം. നോവല്‍സാഹിത്യത്തേക്കാള്‍ നല്ലത്‌ ഈ അനുഭവചരിതങ്ങളാണെന്നു വരുന്നു. പ്രസാധകന്‍മാര്‍ സര്‍ഗാത്മക സാഹിത്യസൃഷ്ടികളേയും സാഹിത്യവിമര്‍ശനത്തേയും കൈവെടിയുകയും അനുഭവക്കുറിപ്പുകളെ തേടിയിറങ്ങുന്നവരാകുകയും ചെയ്തു. സാമൂഹികജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രവൃത്തിയെടുക്കുന്നവരുമായി അഭിമുഖസംഭാഷണങ്ങള്‍ നടത്തുന്നവര്‍ അക്ഷരങ്ങളുടേയും എഴുത്തിന്റേയും ലോകത്തെ പ്രഥമ സ്ഥാനീയരായി. ആനുകാലികങ്ങളുടെ വാര്‍ഷികപ്പതിപ്പുകള്‍ പോലും ഓര്‍മ്മക്കുറിപ്പുകളും അനുഭവക്കുറിപ്പുകളും കൊണ്ടു നിറഞ്ഞു. ഈ പ്രവണതകള്‍ക്ക്‌ ബാര്‍ഥിന്റെ സംപ്രത്യയം നല്‍കിയ ദര്‍ശനവും വിവരസാങ്കേതികവിദ്യയുടെ മേഖലയിലുണ്ടായ വിപ്ലവവും ത്വരകങ്ങളായിരുന്നുവെന്നേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. ഈ അവസ്ഥയ്ക്കുള്ള കാരണങ്ങളുടെ പട്ടികയിലേക്ക്‌ അവയെ നിരത്തി നിര്‍ത്തേണ്ടതില്ല. പലപ്പോഴും സാമൂഹികമായ കാരണങ്ങളാണ്‌ ഇത്തരം സ്ഥിതിവിശേഷങ്ങളെ സൃഷ്ടിക്കുന്നത്‌. വിപണിയിലെ താല്‍പര്യങ്ങള്‍ വളരെ വലിയ ഘടകങ്ങളാണ്‌. 

ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സാഹിത്യവിമര്‍ശനത്തിന്‌ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന പരാതിക്കു സാംഗത്യമുണ്ടെങ്കിലും എഴുത്തുകാരനും വായനക്കാരനും ഇടയില്‍ വിനിമയം നിര്‍വ്വഹിക്കേണ്ടുന്നവര്‍ക്ക്‌ പരിഗണന ലഭിക്കുന്നില്ലെന്ന രൂപത്തില്‍ അത്‌ ഉന്നയിക്കപ്പെടുന്നത്‌ അസാധുവാണ്‌. സാഹിത്യവിമര്‍ശനം സ്വയം പുതുക്കി നിര്‍വ്വചിക്കപ്പെട്ട ഈ കാലത്ത്‌ അയാള്‍ക്ക്‌ ഒരു വിനിമയോപകരണം എന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടതില്ല. ചില സര്‍ഗാത്മകസാഹിത്യകാരന്‍മാര്‍ക്ക്‌ തങ്ങളുടെ കൃതികളുടെ അര്‍ത്ഥത്തെ വായനക്കാരിലെത്തിക്കുന്ന ദൂതനായി വിമര്‍ശകനെ കാണാന്‍ ഇപ്പോഴും താല്‍പര്യമുണ്ടാകുമെങ്കിലും ചില സാഹിത്യവിമര്‍ശകര്‍ തന്നെ ഈ വാദത്തെ ഏറ്റെടുക്കുന്നുവെന്നത്‌ ലജ്ജാകരമാണ്‌. തങ്ങള്‍ പ്രസാധനം ചെയ്ത കൃതികളുടെ വില്‍പന എളുപ്പതരമാക്കുന്നതിന്‌ പരസ്യമെഴുതുന്നവരായി വിമര്‍ശകരെ കാണുന്ന പുസ്തകനിര്‍മ്മാണമുതലാളിമാര്‍ക്കു മാത്രമാണ്‌ ഇത്തരം വാദങ്ങള്‍ സ്വാഗതാര്‍ഹമാകുത്‌. (സാഹിത്യവിമര്‍ശന ലേഖനങ്ങള്‍ പൂര്‍ണ്ണമായോ അതിന്റെ ഭാഗങ്ങളോ ബുള്ളറ്റിനുകളിലും പുസ്തകങ്ങളിലും ചേര്‍ക്കുന്നതിന്‌ ലേഖകന്‍മാരുടെ അനുവാദം പോലും പ്രസാധകന്‍മാര്‍ ചോദിക്കാറില്ല. ഇങ്ങനെ ഉപയോഗിക്കുതിന്‌ ലേഖകന്‍മാര്‍ക്ക്‌ വേതനമോ പ്രതിഫലമോ നല്‍കുില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ബുള്ളറ്റിനുകളുടെയോ പുസ്തകങ്ങളുടെയോ ഒരു പ്രതിയെങ്കിലും അയച്ചു നല്‍കുകയുമില്ല. പകര്‍പ്പവകാശത്തെ കുറിച്ചും കരാറുകളെ കുറിച്ചും വലിയ നിര്‍ബ്ബന്ധങ്ങളുള്ള കേരളത്തിലെ വലിയ പ്രസാധകന്‍മാര്‍ തന്നെ ഇങ്ങനെയാണ്‌ പെരുമാറുന്നത്‌. വലിയ വരുമാനത്തിന്റേയും ലാഭത്തിന്റേയും കണക്കുകള്‍ക്കിടയില്‍ അക്ഷരത്തോടും അക്ഷരമെഴുതുന്നവനോടുമുള്ള ചെറിയ ഉത്തരവാദിത്തങ്ങള്‍ പോലും വിസ്മരിക്കപ്പെടുന്നു. കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളോടുള്ള പ്രസാധകരുടെ അമിതതാല്‍പര്യങ്ങള്‍ പുസ്തകപ്രസാധനത്തിലെ സാമൂഹികമായ പ്രതിജ്ഞാബദ്ധതകളെ ഇല്ലാതാക്കിയിരിക്കുന്നു. എഴുതിത്തെളിഞ്ഞ എഴുത്തകാരോടു പെരുമാറുന്ന രീതിയിലല്ല പുതിയ എഴുത്തുകാരോടു പെരുമാറുക. പുതിയ എഴുത്തുകാര്‍ വലിയ വിവേചനങ്ങള്‍ക്കു വിധേയരാകുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ്‌ കെ.പി. അപ്പന്‍ തന്റെ സാഹിത്യവിമര്‍ശനസപര്യ ആരംഭിച്ചിരുന്നതെങ്കില്‍, ഒറ്റയാനായി നിന്ന് എഴുത്തില്‍ മുഴുകിയ അദ്ദേഹത്തിന്റെ ഏതെങ്കിലും കൃതികള്‍ വെളിച്ചം കാണുമായിരുന്നുവോയെന്നു സംശയിക്കണം. ) 

കഴിഞ്ഞ ദശകത്തില്‍ സര്‍ഗാത്മകസാഹിത്യം മറ്റൊരു ദുരവസ്ഥയെ കൂടി അഭിമുഖീകരിച്ചു. സര്‍ഗാത്മകസാഹിത്യം അനുഭവക്കുറിപ്പുകളുടെ വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയെതായിരുന്നു അത്‌. വലിയ പ്രചാരം നേടിയ ഓര്‍മ്മക്കുറിപ്പുകളുടേയും അനുഭവക്കുറിപ്പുകളുടേയുമൊപ്പം ഒരു നോവല്‍ കൃതിക്കു പ്രചാരം ലഭിച്ചത്‌, അത്‌ നോവല്‍ സാഹിത്യത്തിലെ നല്ല കൃതിയാണെന്നതു കൊണ്ടായിരുന്നില്ല. അത്‌ അനുഭവക്കുറിപ്പുകളുടെ വഴി സ്വീകരിച്ചതു കൊണ്ടായിരുന്നു. ബെന്യാമിന്‍ രചിച്ച ആടുജീവിതം എന്ന നോവലിനെയാണ്‌ ഞാന്‍ ലക്ഷ്യമാക്കുന്നത്‌. നോവലിന്റെ മാനദണ്ഡങ്ങളെ പാലിക്കുകയോ പുതുക്കുകയോ പരിഷ്ക്കരിക്കുകയോ മാറ്റിത്തീര്‍ക്കുകയോ ചെയ്യുന്ന ഒരു പ്രക്രിയയും ആ നോവലില്‍ സംഭവിക്കുന്നില്ല. മറിച്ച്‌, അനുഭവവിവരണത്തിന്റെ ആകര്‍ഷണീയതകളാണ്‌ പരുവപ്പെട്ട വായനക്കാരെ ആ കൃതിയിലേക്ക്‌ അടുപ്പിച്ചത്‌. മലയാളനോവല്‍സാഹിത്യം തൊണ്ണൂറുകളിലും കഴിഞ്ഞ ദശകത്തിന്റെ ആദ്യപാതിയിലും അഭിമുഖീകരിച്ച ഹതാശമായ അവസ്ഥയുടെ (എന്‍.എസ്‌.മാധവന്‍, എന്‍.പ്രഭാകരന്‍, സാറാജോസഫ്‌ എന്നിവരുടെ വിരലിലെണ്ണാവുന്ന ചില കൃതികളെ ഒഴിച്ചു നിര്‍ത്തിയാല്‍ ശരാശരി കൃതികള്‍ പോലും ഇക്കാലത്ത്‌ രചിക്കപ്പെട്ടില്ല.) തുടര്‍ച്ചയായിരുന്നു ഈ പ്രവണതയും. വിപണികേന്ദ്രിതമായ സമീപനങ്ങള്‍ സ്വീകരിക്കുന്നതിന്‌ പുസ്തകപ്രസാധകരോടൊപ്പം സര്‍ഗാത്മകകൃതികളുടെ എഴുത്തുകാരും തയ്യാറാകുന്നുവെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. കാറ്റിനുസരിച്ച്‌ തൂറ്റുന്ന ചില എഴുത്തുകാരെങ്കിലുമുണ്ട്‌. ആധുനികത വരുമ്പോള്‍ അതിനു കൈപ്പുസ്തകം എഴുതുകയും ഉത്തരാധുനികത വരുമ്പോള്‍ ആദ്യത്തെ ഉത്തരാധുനികനോവല്‍ എഴുതുകയും ദളിത്‌ രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ ദളിത്‌ നോവല്‍ എഴുതുകയും പ്രവാസികളുടെ പ്രശ്നങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ പ്രവാസികളുടെ കഥ എഴുതുകയും ചെയ്യുവര്‍, ഓഹരിയേയും ക്രിക്കറ്റിനേയും സിനിമയേയും എന്‍ഡോസള്‍ഫാനേയും സവിശേഷമായി പഠിച്ച്‌ ആ മേഖലകളെ കുറിച്ച്‌ നോവല്‍ എഴുതുവര്‍...ഒരുപാട്‌ കൃത്രിമവേഷങ്ങളെ മലയാളനോവല്‍സാഹിത്യം ഇപ്പോഴും സഹിക്കുന്നുണ്ട്‌. 

എന്നാല്‍, കഴിഞ്ഞ ദശകത്തിന്റെ അന്ത്യത്തിലും തുടര്‍ന്നും വളരെ ധനാത്മകമായ ചില ചലനങ്ങള്‍ നമ്മുടെ നോവല്‍സാഹിത്യത്തില്‍ ഉണ്ടാകുന്നുണ്ട്‌. ഇ. സന്തോഷ് കുമാര്‍, ടി.പി.രാജീവന്‍, സുഭാഷ്‌ ചന്ദ്രന്‍, ടി.ഡി. രാമകൃഷ്ണന്‍, കെ.ആര്‍.മീര, കല്‍പറ്റ നാരായണന്‍ എന്നിവരുടെ നോവലുകള്‍ മലയാളനോവല്‍സാഹിത്യത്തിന്റെ ഭാവിയെ കുറിച്ച്‌ പ്രതീക്ഷകള്‍ നല്‍കുന്നു. *

('ചെണ്ട' മാസികയുടെ 2013 മെയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് )

മലയാളത്തിനു മാമഴച്ചന്തം

കമല്‍ സംവിധാനം ചെയ്ത 'സെല്ലുലോയിഡ്‌' എന്ന ചലച്ചിത്രത്തിലെ 'ഏനുണ്ടോടി അമ്പിളിച്ചന്തം' എന്നു തുടങ്ങുന്ന പാട്ട്, മലയാളിത്തം അല്‍പമെങ്കിലും ശേഷിച്ചിട്ടുള്ള മനസ്സുകളെ പെട്ടെന്ന് ആകര്‍ഷിക്കും. രചനയും സംഗീതവും പാടലും തനി മലയാളത്തിലാണ്‌, ഈ പാട്ടില്‍. മലയാളപ്രകൃതിയുടെ തനിമയില്‍ നിന്നു മാത്രം ഉയിര്‍ക്കൊള്ളാവുന്ന വരികള്‍, മലയാളത്തിന്റെ തനതായ ഈണം, മലയാളത്തിന്റെ ആത്മാവറിയുന്ന പാടലും. എല്ലാ അര്‍ത്ഥത്തിലും മലയാളഗാനം. മലയാളമില്ലാതെ ജീവിക്കുന്ന മലയാളിയെ അയാളുടെ മാതൃഭാഷയുടെ സൌന്ദര്യം അറിയിക്കുന്നു, ഇത്‌. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, എം.ജയചന്ദ്രന്‍, സിതാര - ഇവരില്‍ ആരുടെ സംഭാവനയാണ്‌ കൂടുതല്‍ മെച്ചമെന്നു പറയാന്‍ കഴിയാത്തിടത്തോളം ഗാനരചയിതാവും സംഗീതസംവിധായകനും ഗായികയും ഒന്നിനൊന്നു മികച്ചുനില്‍ക്കുന്നു. 

ഈ പാട്ട്,  ഭാഷയുടെ വേരുകളിലേക്കു പോകുന്നു. ഭാഷയെ രൂപപ്പെടുത്തിയവര്‍ തന്നെ നിര്‍മ്മിച്ചെടുത്തതു പോലെ അത്ര അസ്സലായിരിക്കുന്നു. ആംഗല-സംസ്ക്കൃതബന്ധനത്തില്‍ പെട്ട പണ്ഡിതമലയാളവും മലയാളമില്ലാത്ത വിഡ്ഢിപ്പെട്ടി മലയാളവും കേരളീയരുടെ ദൈനംദിനഭാഷയാകുമ്പോള്‍, ഇത്‌ ഏറെ വ്യതിരിക്തമാകുന്നു. ഈ പാട്ടിന്റെ വര്‍ഗ്ഗപരത സുവ്യക്തമാണ്‌. അത്‌ പണിയെടുക്കുന്നോരുടെ വാക്ക്‌, പണിയെടുക്കുന്നോരുടെ ശബ്ദം. മലയാളഭാഷ മൃതമാകുന്നുവെന്ന മുറവിളികള്‍ക്കിടയില്‍ നമ്മെ പെട്ടെന്നു വിവേകികളാക്കുന്നു, ഈ ഈണം. നമ്മുടെ ഭാഷ അതിജീവിക്കുന്നുവെങ്കില്‍ അത്‌ അധ:കൃതരായ മനുഷ്യരുടെ, പാവങ്ങളും പാമരരും പ്രാന്തവല്‍ക്കൃതരുമായ മനുഷ്യരുടെ വ്യവഹാരങ്ങളിലൂടെ ആയിരിക്കുമെന്ന തിരിച്ചറിവാണത്‌. പണ്ഡിതന്‍മാര്‍ക്കോ ഉപരിവര്‍ഗങ്ങള്‍ക്കോ കഴിയാത്തത്‌, നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ സംരക്ഷിക്കും. കമ്പോളത്തിലും ദൃശ്യമാധ്യമങ്ങളിലും വ്യഭിചരിച്ച്‌ അര്‍ത്ഥം കെടുത്തുന്നതിനെ ഇവര്‍ തിരിച്ചുപിടിക്കും.

മലയാളഭാഷ ഇപ്പോഴും അവരിലുണ്ട്‌, പ്രാന്തവല്‍ക്കരിക്കപ്പെട്ടവരില്‍. പാടുന്നത്‌ പെണ്ണാണ്‌. സൌന്ദര്യം നിറഞ്ഞ മനസ്സു കൊണ്ട്‌ അവള്‍ സൌന്ദര്യത്തെ ആഘോഷിക്കുന്നു. സ്ത്രീസ്വത്വത്തിന്റെ പ്രകാശനമാണിത്‌. ഏനുണ്ടോടി അമ്പിളിച്ചന്തം 
ഏനുണ്ടോടി താമരച്ചന്തം 
ഏനുണ്ടോടി മാരിവില്‍ച്ചന്തം
ഏനുണ്ടോടി മാമഴച്ചന്തം 
അറിയാത്തതെന്ന് അവള്‍ ഒളിച്ചു വെച്ചു പറയുന്ന, അവളറിയുന്ന തന്റെ ചന്തത്തെ കൂട്ടുകാരിയോടുള്ള പരിഭവം കലര്‍ന്ന മൊഴികളിലൂടെ പ്രകാശിപ്പിക്കുന്നു. ഈ മാരിവില്‍ ചന്തം എന്തേ ചങ്ങാതി നീ അവളോടു പറഞ്ഞില്ല? കാവളംകിളികള്‍ കണ്ണിലിത്തിരി കണ്‍മഷി വേണ്ടേയെന്ന് അവളോടു ചൊല്ലുന്നു. സുഗന്ധവുമായെത്തുന്ന കാറ്റ്‌ കരിവള വേണ്ടേെയെന്നു ചോദിക്കുന്നു. കാര്‍മുടി ചുറ്റി പൂവു കെട്ടാം; തൈമുല്ല, വാസനതൈലം പുരട്ടാം; പുത്തിലഞ്ഞി. പ്രകൃതി പെണ്ണിന്റെ ആഘോഷത്തില്‍ പങ്കാളിയാകുന്നു. ദളിതനും പെണ്ണും പ്രകൃതിയും ഒന്നു ചേരുന്ന ചരിത്രസന്ദര്‍ഭത്തെ പാട്ട് അടയാളപ്പെടുത്തുന്നു. അങ്ങനെ, ഈ പാട്ട് സമകാലചരിത്രത്തിന്റെ ധനാത്മകപ്രവണതകളോട്‌ ചങ്ങാത്തത്തിലായിരിക്കുന്നു. സ്ത്രീയും അധ:കൃതനും തങ്ങളുടെ സ്വത്വപ്രകാശനങ്ങളിലൂടെ ലോകത്തിന്റെ അരികുകളില്‍ നിന്നും കേന്ദ്രങ്ങളിലേക്ക്‌ ചലിക്കാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ഭത്തിലെ തിരിച്ചറിവായി പെണ്ണിന്റെ ഈ പാട്ട് മാറിത്തീരുന്നു. ലോകത്തിന്റെ വിമോചനത്വരകളെ ത്വരിപ്പിക്കുന്നു.
(ഇതിന്നകം ഈ പാട്ട് തമിഴിലേക്കു മൊഴി മാറ്റി ജയചന്ദ്രന്റെ സംഗീതത്തില്‍ സിത്താര പാടുകയുണ്ടായി.
ഈ കുറിപ്പ് ചെണ്ട മാസികയുടെ ആഗസ്റ്റ് 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ്)


Saturday, August 17, 2013

മറവു ചെയ്ത രഹസ്യങ്ങള്‍



 ടുണീഷ്യയില്‍ നിന്നുള്ള ചലച്ചിത്രസംവിധായികയായ രാജാ അമരി സംവിധാനം ചെയ്ത 'അടക്കിയ രഹസ്യങ്ങള്‍'(Buried Secrets) എന്ന ചലച്ചിത്രം മര്‍ദ്ദിതരാജ്യങ്ങളിലെ സ്ത്രീജീവിതങ്ങളിലേക്ക്‌ ഒരു നുറുങ്ങുവെട്ടം പായിക്കുന്നു. ടുണീഷ്യയുടെ സാംസ്ക്കാരിക പരിസരത്തു നിന്നുകൊണ്ട്‌, ബാഹ്യയാഥാര്‍ത്ഥ്യത്തോടു ചേര്‍ത്തുവെച്ച്‌ കാണുകയും അറിയുകയും ചെയ്യേണ്ട ചലച്ചിത്രമാണിത്‌. (ടുണീഷ്യയുടെ സംസ്ക്കാരത്തെയോ രാഷ്ട്രീയപരിതോവസ്ഥയെയോ സവിശേഷമായി അറിയാന്‍ സഹായിക്കുന്ന മൂലകങ്ങള്‍ ഈ ചലച്ചിത്രത്തില്‍ നിന്നും അധികമൊന്നും ലഭ്യമല്ല താനും.) തന്റെ കാഴ്ചയുടെ പരിമിതികളില്‍ നിന്നുകൊണ്ട്‌ ചലച്ചിത്രത്തിന്റെ 'സാര്‍വ്വലൌകികമായ' അര്‍ത്ഥങ്ങളെ മാത്രമാണ്‌ ഒരു വിദേശപ്രേക്ഷകന്‌ കണ്ടെത്താനോ നിര്‍മ്മിക്കാനോ കഴിയുക. അരികുകളിലേക്ക്‌ തള്ളി മാറ്റപ്പെട്ട, ഒളിവുജീവിതം നയിക്കേണ്ടിവരുന്ന മൂന്നു സ്ത്രീകളുടെ കഥയാണിത്‌. കഥാനായികയായ ഐശയുടേയും അവളുടെ മൂത്ത സഹോദരി റാദിയയുടേയും കണിശക്കാരിയായ അമ്മയുടേയും കഥ.



 ഐശയും റാദിയയും അമ്മയും വിജനമായ എസ്റ്റേറ്റിലുളള വലിയ ഒരു മാളികയിലെ പരിചാരകരുടെ മുറികളില്‍ ഒളിച്ചുതാമസിക്കുന്നു. അമ്മയുടേയും സഹോദരിയുടേയും കണ്ണുകള്‍ എപ്പോളും ഐശയുടെ മേലാണ്‌. അവള്‍ ഇരുവരുടേയും നിയന്ത്രണത്തിലാണ്‌. ഐശയുടെ പ്രവൃത്തികളില്‍ സ്വാഭാവികമല്ലാത്തതു ചിലതുണ്ട്‌. അവളോടു പ്രതികരിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ അമ്മയുടേയും സഹോദരിയുടേയും പ്രവൃത്തികളും അസ്വാഭാവികമാകുന്നു. കരകൌശലവേലകളും തുന്നല്‍പ്പണികളും ചെയ്തു ലഭിക്കുന്ന പണം കൊണ്ടാണ്‌ അവര്‍ ജീവിക്കുന്നത്‌. മാളികയിലേക്കു താമസിക്കാനായി എസ്റ്റേറ്റിന്റെ ഉടമയുടെ പേരമകന്‍ അലിയും കാമുകി സെല്‍മയും എത്തിച്ചേരുന്നതോടെ ഇവരുടെ ഒളിഞ്ഞതും നിഗൂഢവുമായ ജീവിതത്തിന്റെ സവിശേഷതാളം തെറ്റാന്‍ തുടങ്ങുന്നു. സെല്‍മയുടെ ആഡംബരജീവിതം ഐശയുടെ മോഹങ്ങളേയും ആഭിമുഖ്യങ്ങളേയും പ്രചോദിപ്പിക്കുന്നു. അലിയുടേയും സെല്‍മയുടേയും ജീവിതത്തിലേക്ക്‌ അവള്‍ ഒളിഞ്ഞുനോക്കുന്നുണ്ട്‌. അവരുടെ വസ്ത്രങ്ങളും മറ്റും അവള്‍ ഒളിച്ചു കണ്ടെത്തി പരിശോധിക്കുന്നു. അവരുടെ കിടപ്പറയിലെ കേളികള്‍ ഐശ നോക്കിനില്‍ക്കുന്ന ഒരു രംഗവും ചിത്രത്തിലുണ്ട്‌. സെല്‍മയുടേയും അലിയുടേയും സുഹൃത്തുക്കളോടൊത്തുള്ള ഒരു ആഘോഷവേളയില്‍ ഐശ അവരുടെ മുന്നില്‍ എത്തിപ്പെടുന്നുണ്ട്‌. നായികയുടേയും അവളുടെ കുടുംബത്തിന്റേയും ഒളിച്ചുള്ള താമസം സെല്‍മ കണ്ടെത്തുന്നതോടെ കഥ ഒരു വഴിത്തിരിവിലെത്തുന്നു. ഐശയുടെ അമ്മയും റാദിയയും ചേര്‍ന്ന് അവരുടെ ഒളിവുമുറിയില്‍ സെല്‍മയെ ബന്ധിതയാക്കുന്നു. സെല്‍മയെ കണ്ടെത്താനുള്ള അലിയുടേയും സുഹൃത്തുക്കളുടേയും ശ്രമം വിഫലമാകുന്നു. പതുക്കെയെങ്കിലും സെല്‍മ ഐശയുടെ കുടുംബവുമായി അടുക്കുന്നുണ്ട്‌. ഐശയുടെ ഇഷ്ടങ്ങളറിയുന്ന സെല്‍മ അവളോട്‌ സ്നേഹത്തോടെ പെരുമാറുന്നത്‌ അമ്മയ്ക്കും റാദിയയ്ക്കും ഇഷ്ടപ്പെടുന്നില്ല. എങ്കിലും, സെല്‍മയും കഥാനായികയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുുന്നു. ഒരു ദിവസം എസ്റ്റേറ്റിലെ തോട്ടത്തിലേക്ക്‌ സെല്‍മയേയും കൂട്ടിക്കൊണ്ടു പോകുന്ന ഐശ, ഒരു മരച്ചുവട്ടിലെ മണ്ണു നീക്കി തുണിയില്‍ പൊതിഞ്ഞ എന്തോ എടുത്ത്‌ കുഞ്ഞിനെയെന്നോണം താലോലിച്ചു കരഞ്ഞു വിളിക്കുന്നു. ഐശ ഉന്മാദത്തിലേക്കു നയിക്കപ്പെടുകയാണ്‌. ഐശയുടെ ഭാവമാറ്റത്തില്‍ സെല്‍മ ഭയചകിതയാകുന്നു. ആ കുടുംബത്തിന്റെ ഒളിത്താവളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അവളെ റാദിയയുടെ അമ്മ കൊലപ്പെടുത്തുന്നു. സെല്‍മ നല്‍കിയ കുപ്പായമണിഞ്ഞ്‌ അസ്വാഭാവികമായ ഭാവഹാദികളോടെ, ഐശ ഉറങ്ങികിടക്കുന്ന അമ്മയെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു. കുളിമുറിയില്‍ കയറി കാലിലെ രോമങ്ങള്‍ വടിച്ചുനീക്കുകയും കണ്ണാടിക്കു മുന്നില്‍ നിന്ന് സുന്ദരിയാകുകയും ചെയ്യുന്ന ഐശയെ റാദിയ വാതിലില്‍ മുട്ടിവിളിക്കുന്നതോടെ, അവള്‍ വീണ്ടും ക്രൂരയാകുുന്നു. റേസര്‍ ബ്ലേഡിന്റെ കഷണം കൊണ്ട്‌ അവള്‍ റാദിയയുടെ കഴുത്തില്‍ വരഞ്ഞു ചോര ചിതറിക്കുന്നു. ചോരയില്‍ കുതിര്‍ന്ന ആഡംബരക്കുപ്പായം ധരിച്ച്‌ ഭ്രാന്തമായി പുഞ്ചിരിച്ച്‌ നഗരത്തെരുവിനു നടുവിലൂടെ നടക്കുന്ന ഐശയെ കാണിച്ചുകൊണ്ടാണ്‌ ചലച്ചിത്രം അവസാനിക്കുന്നത്‌.
RAJA AMARI

HAFZIA HERZI

പുതിയ തലമുറ ആഡംബരജീവിതത്തോടും ഫാഷനോടും കാണിക്കുന്ന ആഭിമുഖ്യങ്ങള്‍ ഏറെയും ഐശയില്‍ കാണാം. ഈ കുടുംബത്തെ ഒളിവുവാസത്തിലേക്കു നയിച്ചത്‌ ഐശയുടെ ആഭിമുഖ്യങ്ങള്‍ സൃഷ്ടിച്ച പ്രശ്നങ്ങളാണെന്ന് തോന്നാം. ഇവളുടെ അഭിലാഷങ്ങള്‍ പഴയ തലമുറയുടെ കണ്ണില്‍ തെറ്റായി തോന്നുന്ന കാര്യങ്ങളിലേക്ക്‌ അവളെ നയിച്ചിരുന്നു. സെല്‍മയോടൊപ്പം തോട്ടത്തിലെ മരച്ചുവട്ടില്‍ നിന്നും മണ്ണു നീക്കി സ്വന്തം കുഞ്ഞിനെ കണ്ടെടുക്കുന്ന ഐശയിലൂടെ അവളുടെ കുടുംബം പേറുന്ന പാപഭാരവും നികൃഷ്ടാവസ്ഥയും വെളിപ്പെടുന്നുണ്ട്‌. അവളുടെ ഭ്രാന്തമായ ചേഷ്ടകളില്‍ നഷ്ടപ്രണയവും കുഞ്ഞിന്റെ മരണവും (അതും കൊലയോ?) നിഷേധിക്കപ്പെട്ട ആഡംബരജീവിതവും നല്‍കുന്ന വ്യഥിതമനസ്സ്‌ തെളിയുന്നു. ലോകത്തെ വ്യത്യസ്തമായി കാണാനുള്ള ത്വരകളില്‍ നിന്നാണ്‌ ഭ്രാന്ത്‌ ജനിക്കുതെന്ന്, ഐശ എത്തിപ്പെടുന്ന ഉന്മാദാവസ്ഥ സാക്ഷ്യപ്പെടുത്തുന്നു. (ഐശയെ അവതരിപ്പിച്ച ഹഫ്സിയ ഹെര്‍സി അസാധാരണമായ അഭിനയവൈഭവമാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. )






 ഐശയുടെ അമ്മയുടെ കണിശതയില്‍ വ്യവസ്ഥാപിത സാമൂഹികജീവിതമൂല്യങ്ങളോടുള്ള ഉറച്ച വിശ്വാസം പ്രതിഫലിക്കുന്നു. അവളില്‍ അന്ധമായ വിശ്വാസങ്ങള്‍ നിറഞ്ഞിരിക്കുന്നുവെന്നും പറയണം. വിശ്വാസങ്ങളുടെ ലംഘനങ്ങളിലൂടെ മകള്‍ വരുത്തിവച്ച അപമാനം നിഷ്ഠൂരമായ കൃത്യങ്ങള്‍ ചെയ്യാന്‍ അവളെ പ്രേരിപ്പിക്കുന്നു. തങ്ങളുടെ കുടുംബം അടക്കിവച്ച രഹസ്യങ്ങളറിഞ്ഞ്‌ ഭയചകിതയായി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സെല്‍മയെ കൊല്ലാന്‍ കണിശക്കാരിയായ അമ്മയെ പ്രേരിപ്പിക്കുന്നത്‌ അവളുടെ അപമാനബോധമാണ്‌. ഐസയുടെ കുഞ്ഞിന്‌ എന്തായിരിക്കും സംഭവിച്ചതെന്ന് ആലോചിക്കുമ്പോഴും ഈ അമ്മയുടെ കണിശതയാര്‍ന്ന മുഖഭാവങ്ങളിലാണ്‌ നാം എത്തിച്ചേരുന്നത്‌. എങ്കിലും ഇവര്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റേയും ലൈംഗികജീവിതത്തിലെ യാതനകളുടേയും ചിത്രങ്ങള്‍ കൂടി ചലച്ചിത്രത്തില്‍ കണ്ടെത്താന്‍ കഴിയും. ഐശയ്ക്കും അവളുടെ അമ്മയ്ക്കുമിടയില്‍ നില്‍ക്കുന്ന റാദിയ ഇരുവരുടേയും മൂല്യങ്ങളോടു താല്‍പര്യങ്ങള്‍ കാണിക്കുന്നു. എങ്കിലും അവള്‍ അമ്മയോടൊപ്പമാണ്‌. റാദിയയുടെ ഫാഷനോടുള്ള ആഭിമുഖ്യങ്ങള്‍ അവള്‍ ഒളിച്ചുവയ്ക്കാന്‍ ആഗ്രഹിക്കുന്നവയാണ്‌. തീര്‍ത്തും വ്യത്യസ്തങ്ങളായ മാനസികലോകങ്ങളില്‍ കഴിയുന്ന മൂന്നു പേര്‍; ഒരേ കുടുംബാംഗങ്ങള്‍, ഒരു തുരുത്തിലകപ്പെട്ടിരിക്കുന്നു. തുരുത്തിലകപ്പെട്ടു പോയവരുടെ അന്യതാബോധവും ഭയാശങ്കകളും കണിശതയുമെല്ലാം ഈ കുടുംബത്തിലെ അംഗങ്ങളുടെ ചെറുചലനങ്ങളിലൂടെ പോലും സമര്‍ത്ഥമായി സംവിധായിക ചിത്രീകരിച്ചിരിക്കുന്നു. പുറംലോകവുമായുള്ള എല്ലാ കരണപ്രതികരണങ്ങളേയും സന്ദേഹങ്ങളോടെ മാത്രം വീക്ഷിക്കാന്‍, തുരുത്തുകളിലെ ഒറ്റപ്പെട്ട ജീവിതം അമ്മയേയും റാദിയയേയും പരിശീലിപ്പിച്ചിട്ടുണ്ട്. മറ്റു മനുഷ്യരുമായി വലിയ ബന്ധങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന മൂന്നുപേരും വ്യത്യസ്തങ്ങളായ മൂന്നു ലോകങ്ങളിലാണ്‌ മനസ്സു കൊണ്ടു ജീവിക്കുന്നത്‌. ഇത്,തുരുത്തുകളിലകപ്പെടുന്നവരുടെ കഥയായി മാറുന്നു.

 പുതിയകാലലോകജീവിതവും പാരമ്പര്യവിശ്വാസങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ഭൂമികയിലാണ്‌ ഈ ചലച്ചിത്രം നെയ്തെടുത്തിരിക്കുന്നത്‌. ഈ സംഘര്‍ഷങ്ങളുടെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്നത്‌ ഏറെയും സ്ത്രീകളാണെന്ന് സംവിധായിക പറയുന്നു. അവര്‍ പുറമ്പോക്കുകളിലേക്ക്‌, തുരുത്തുകളിലേക്ക്‌, ഒളിജീവിതങ്ങളിലേക്ക്‌ എറിയപ്പെടുന്നു. ഭീതിയിലും അപമാനഭാരത്തിലും പെട്ട് ഉന്മാദികളാകുന്നു, കൊല്ലുന്നു, നശിക്കുന്നു. ഉറങ്ങുന്ന സ്ത്രീകളുടെ രംഗങ്ങള്‍, സവിശേഷമായും ഐശ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന രംഗങ്ങള്‍ ഈ ചലച്ചിത്രത്തിന്റെ പ്രധാനഭാഗമാണ്‌. തുരുത്തിലെ ബന്ധിതാവസ്ഥയെ പോലെ തന്നെ സ്ത്രീകള്‍ കട്ടിലിലോ മുറിയിലോ ബന്ധിക്കപ്പെടുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്‌. സ്ത്രീകള്‍ ഉണര്‍ന്നിട്ടില്ലെന്നു പറയുകയും ഉണരുന്നവളുടെ ഭ്രാന്തമായ അനുഭവങ്ങളെ കാണിക്കുകയും ചെയ്യുന്ന രാജാ അമരി സ്ത്രീജീവിതത്തിന്റെ സമകാല ലോകാവസ്ഥയെയാണ്‌ കാണിച്ചു തരുന്നത്‌. ഇനിയും ഉണരാത്ത, ഇപ്പോഴും ബന്ധിതമായിരിക്കുന്ന സ്ത്രീസ്വത്വങ്ങളിലേക്ക്‌ സംവിധായിക തന്റെ ക്യാമറക്കണ്ണിനെ തിരിച്ചുവയ്ക്കുന്നു. സ്വയം പ്രകാശനസാദ്ധ്യതകളില്ലാതെ, നിന്ദ്യമായ നിയന്ത്രണങ്ങളാലും പാപഭാരത്താലും അപമാനബോധത്താലും ഒളിച്ചുവെയ്ക്കേണ്ടി വരുന്ന സ്ത്രീയുടെ സ്വത്വാഭിലാഷങ്ങളെ സൂചിപ്പിക്കുന്ന രംഗങ്ങളെ സവിശേഷമായ ആവിഷ്ക്കരണചാതുരി പ്രകടിപ്പിച്ചു കൊണ്ടാണ്‌ സംവിധായികയായ രാജാ അമരി സൃഷ്ടിക്കുന്നത്‌. സ്ത്രീജീവിതത്തിലെ നിന്ദ്യമായ അവസ്ഥകളുടെ ചിത്രങ്ങള്‍ അവര്‍ വരച്ചിടുന്നു. സ്ത്രീയുടെ സ്വാതന്ത്ര്യാഭിലാഷങ്ങള്‍ തടയപ്പെടുന്നതെങ്ങനെയെന്ന്, ഈ രോധനപ്രക്രിയയില്‍ സ്ത്രീകള്‍ എങ്ങനെ കരുക്കളാക്കപ്പെടുന്നുവെന്ന് പറയുന്നു. സ്വാതന്ത്ര്യനിഷേധങ്ങള്‍ എത്തിച്ചേരുന്ന മനുഷ്യത്വവിരുദ്ധവും ഭീകരവുമായ അനന്തരാവസ്ഥകളെ കാണിച്ചു തരുന്നു. പ്രേക്ഷകര്‍ ഈ ചിത്രം കണ്ടു പുറത്തിറങ്ങുന്നത്‌ ആകുലമായ മനസ്സുകളോടെയാണ്‌. ****************************************************************************
ചെണ്ട മാസികയിലെ ബഹുവചനം എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത്.

Friday, July 12, 2013

ജോസഫിന്റെ കവിതയ്ക്ക് ഒരു നിരൂപണം




എന്റെ ബാല്യകൌമാരങ്ങള്‍ കവിത നിറഞ്ഞതായിരുന്നു.
ഞാന്‍ അറിഞ്ഞിരുന്നില്ല.

പുതുമഴയിലിറങ്ങി നിന്ന് നൃത്തം.
തുരുതുരാ വീഴുന്ന ആലിപ്പഴങ്ങള്‍.
വീടിന്നകത്തു നിന്ന അനിയനു കൊതി
അവനും മഴയിലേക്ക് ഇറങ്ങി വന്നു.
ഇറവെള്ളം പാത്രത്തില്‍ നിറയ്ക്കുന്നു.
ഒരു പാത്രം നിറയുമ്പോള്‍ അടുത്തത്.
മഴവെള്ളം നാവില്‍ പിടിക്കുന്നു.
പനി വരും മകനേ - അമ്മ

ഏത്തവാഴ നട്ടതോര്‍ക്കുന്നു.
കിണറ്റില്‍ നിന്നും വെള്ളം കോരി നനച്ചു.
വെള്ളം പല ചാലായി കുഴികളില്‍ ചുരുണ്ടു.
കുമ്പളം കയറിക്കിടക്കുന്ന പുളിയേയും ഓര്‍ക്കുന്നു.
മുത്തച്ഛനോടൊപ്പം
പയര്‍വള്ളിക്കു പടരാന്‍ മരക്കൊമ്പു കുത്തിക്കൊടുത്തത്.
മണ്ണിന്നടിയിലേക്ക്, വീണ്ടും അടിയിലേക്കു പോയ
കാച്ചിലിനെ കയ്യാല പോളിച്ചു പുറത്തെടുത്തത്.
മുറ്റത്തു പാവല്‍ നട്ടതോര്‍ക്കുന്നു.
പൂവുകളുണ്ടായി
വള്ളികള്‍ കാറ്റിലാടുന്നതു നോക്കിയിരുന്നു.

പാറപ്പുറത്തു നിന്നും ആറ്റിലേക്കു ചാടുന്നു.
സോമന്‍ ഒരു മരക്കൊമ്പില്‍ തൂങ്ങി മരത്തിലേക്കു കയറി.
അവിടെ നിന്നും ആറ്റിലേക്കു ചാടി.
ചാട്ടം, നീന്തല്‍, വെള്ളത്തിന്നടിയിലൂടെ ഊളിയിടല്‍.
കണ്ണു ചെമന്നു കലങ്ങി.
വാഴത്തടയില്‍ കെട്ടിയ ചങ്ങാടം തുഴഞ്ഞു
ദിലീപ് വരുന്നു.
കുളി കഴിഞ്ഞ്
തല തോര്‍ത്തി
പാറക്കെട്ടുകളിലൂടെ നടന്നു കേറി.

ആഞ്ഞിലി മരത്തിലിരുന്ന് കുഞ്ഞൂട്ടി
വിളകള്‍ പറിച്ചിടുന്നു, താഴത്തേക്ക്.
ചാക്കു വിരിച്ചു പിടിക്കുന്നു, ഞാനും അനിയനും.
ചിലത് ചാക്കില്‍ ചിതറിത്തെറിച്ചു.
വിളയുടെ തൊലി ഉരിഞ്ഞുകളയുമ്പോള്‍
കടുംമഞ്ഞ.
കുഞ്ഞൂട്ടിയോ,
ആഞ്ഞിലിക്കൊമ്പത്ത് വിളയും പിടിച്ചു കടുംമഞ്ഞയില്‍ നിന്ന്
കുരുവും തുപ്പിയിരുന്നപ്പോള്‍
ഒരു കൊട്ടനിറയെ പച്ചമുളകു പറിച്ചു കൊണ്ടുപോകുന്ന
കുട്ടിച്ചേട്ടനെ കണ്ടു
...
അയാള്‍ക്കിരിക്കട്ടെ പടുമഞ്ഞ – പടുവിള – പടൂസ്

രണ്ടു മലകള്‍ക്കിടയിലായിരുന്നു വീട്
മുന്നില്‍ മുതിയാമല
പിന്നില്‍ കുടയത്തൂര്‍ വിന്ധ്യന്‍
നടുവില്‍ നച്ചാര്‍
സന്ധ്യ മയങ്ങിത്തുടങ്ങുമ്പോള്‍
നാമജപത്തിനു മുമ്പ്
മുത്തശ്ശി
വരാന്തയിലിരുന്ന് ആകാശത്തേക്കു നോക്കും
നിരനിരയായി പറന്നുപോകുന്ന കടവാതിലുകള്‍
മലഞ്ചെരിവും പുഴയും
ഇരുട്ടില്‍ ചേക്കേറുമ്പോള്‍
റബ്ബര്‍മരങ്ങളില്‍
ഇടതൂര്‍ന്ന്
പക്ഷികളും ചേക്കേറുന്നു.
അവയ്ക്ക് മിന്നാമിന്നുകള്‍ വെട്ടം കാട്ടും

എല്ലാ പൂച്ചകളുടേയും പേര് പുസ്സി എന്നായിരുന്നു,
അമ്മയാണ് പേരു കൊടുക്കുക.
ഒരു പുസ്സിപൂച്ച
എന്റെ കാലില്‍ ചുറ്റുന്നു, കടിക്കുന്നു
മുന്നോട്ടോടുന്നു.
മച്ചിന്‍പടിയിലേക്കു ചാടിക്കയറുന്നു, ഇറങ്ങുന്നു
പിന്നെയും എന്റെ കാലില്‍ വന്ന് കടിക്കുന്നു.
പുസ്സിക്ക് ഞാന്‍ പിന്നാലെ ചെല്ലണം.
പുസ്സിയുടെ കൂടെ ഞാന്‍ മച്ചിന്‍പുറത്തേക്കു ചെന്നു.
അവിടെ അവള്‍ പെറ്റിട്ട
കണ്ണു തുറക്കാത്ത കുഞ്ഞുങ്ങള്‍.
രണ്ടു പൂച്ചക്കുഞ്ഞുങ്ങള്‍ ചത്തുപോയി
ഒരെണ്ണത്തെ ഒരു കുട്ടി കൊണ്ടുപോയി
മരത്തണലില്‍ തള്ളപ്പൂച്ച ഉറങ്ങുന്നു
അവിടെയിരുന്നാണ് ഈ കവിത
എഴുതിയത്.

തൊഴുത്തിനു പിറകില്‍ കപ്പളം
അതില്‍ നിറയെ കപ്പളങ്ങാപ്പഴങ്ങള്‍
ഒരു കിളി കൊത്തിത്തിന്നുന്നു
അതിനെ പിടിക്കാന്‍ പറ്റുമോ?
കപ്പളത്തിന്റെ പഴുത്ത കൈ പറന്നു വീഴുന്നു
അതുകൊണ്ട് ഒരോടക്കുഴലുണ്ടാക്കാം.
ഇപ്പോള്‍
കുരുമുളകുതോട്ടത്തിലെ ആളനക്കം
എന്നിലേക്കും ഒരു വരി തേടുന്നു.

എന്റെ സ്ക്കൂളിന്‍ വരാന്ത, മുറ്റം
ഉപ്പുമാവുണ്ടാക്കുന്ന പുര
പിന്നിലെ കിണര്‍
കേശവന്‍ സാര്‍, ചന്ദ്രവല്ലിടീച്ചര്‍
കൈകള്‍ തിരുമ്മി കണ്ണടച്ചു പിറുപിറുത്തു
നടക്കുന്ന ആഗസ്തി സാര്‍
അയ്യപ്പനും കുഞ്ഞപ്പനും അലിയാരും.
ടീച്ചറെയെന്നു നീട്ടി വിളിച്ചി-
ട്ടോടിമാഞ്ഞൊരു കുട്ടി, വേലിപ്പുറം
കേറി നീലപൂവിട്ട ചെടികളില്‍
കണ്ണുതട്ടിനില്ക്കുമ്പോള്‍ പെട്ടെന്നു നീ
ഓടിയെത്തുമെന്നോര്‍ത്തു ഞാന്‍.

അയല്‍വീട്ടിലെ ജാനകി
നീലാണ്ടന്റെ ഭാര്യ
രാത്രി മുഴുവന്‍ അവന്റെ തെറിവിളിയും
ഇടിയും ചവിട്ടും സഹിച്ചവള്‍
പകലിരുന്ന് കൊട്ട നെയ്യുന്നു.
അലകു പാകി

പൊളി ചുറ്റി
ചവിട്ടിപ്പിടിച്ചു തുടങ്ങുമ്പോള്‍
അതൊരു കുഞ്ഞുസൂര്യനാണ്.
കൊട്ടകള്‍ ചന്തയ്ക്കു പോകുന്നു.
തെരണ്ടിയും കുറിച്ചിയും കൈച്ചെരവയും
തഴപ്പായും
പിള്ളേര്‍ക്കു തിന്നാന്‍ തേങ്ങയുടെ
പൊങ്ങുമായി വരുന്നു.

വേനലില്‍ കപ്പ ഒരുമിച്ചു പറിച്ചെടുക്കും
ഏറെപ്പേര്‍ കൂടിയിരുന്ന്
തൊലികളഞ്ഞ് അരിഞ്ഞെടുക്കും.
പറമ്പില്‍ വലിയ അടുപ്പു കൂട്ടി
കുട്ടകത്തില്‍ തിളപ്പിക്കും.
പനമ്പട്ടയും ചകിരിയുമാണ് വിറക്.
വേവിച്ച കപ്പ ഉണക്കുന്നത്
പാറയുടെ മുകളില്‍ വിരിച്ചിട്ടാണ്.
മഴ പെയ്യല്ലേയെന്ന് അമ്മ പ്രാര്‍ത്ഥിക്കും.
അന്ന്
കപ്പ ഉണക്കാനിട്ട പാറ പൊട്ടിച്ചാണ്
വീടിന് അടിക്കല്ലിട്ടത്.
നാലുമണി വിട്ട് ഒരു കുട്ടി ഓടിപ്പോകുന്നു.
കപ്പ ഉണക്കാനിട്ടിരുന്ന പാറ
പൊട്ടിച്ചു മാറ്റിയിടത്തു കൂടി
പൊത്തില്‍ കോലിട്ടു കുത്തി
ഓടയ്ക്കായില്‍ നിന്ന് ചൂളമെറിഞ്ഞ് പോകുന്നു.

പാലക്കാട്ടേക്ക് തിരിച്ചു പോരുമ്പോള്‍
വണ്ടിയിലിരുന്ന് മോനു കരയുന്നു.
മീനുവിന് എപ്പോഴും പുഴയില്‍ പോകാം
വെള്ളത്തില്‍ കളിയ്ക്കാം
നമുക്കും കുടയത്തൂരു തന്നെ താമസിക്കാം.
പുഴ കുട്ടികളെ വിടുന്നില്ലെങ്കിലും
ഉരുളന്‍ കല്ലുകള്‍ പെറുക്കിക്കൂട്ടുകയാണവരെങ്കിലും
മടങ്ങണ്ടേ?

വാക്കാണ് കവിത
ഓര്‍മ്മയാണ് കവിത
വിചാരമാണ് കവിത

എന്റെ ബാല്യകൌമാരങ്ങള്‍ കവിത നിറഞ്ഞതായിരുന്നു.
ഞാന്‍ അറിഞ്ഞിരുന്നില്ല.
ജോസഫിന്റെ വാക്കുകളാണ്
ജീവിതത്തിലെ
കവിതയെ പറഞ്ഞു തന്നത്.
തിരിച്ചറിവു നല്കിയത്.
ഇപ്പോള്‍ എപ്പോഴും ചുറ്റും നോക്കുന്നു.
കവിത എന്നോടൊപ്പമുണ്ടോ?


 *****************************************************************
 
'ചെണ്ട' മാസികയിലെ 'ബഹുവചന'ത്തില്‍ പ്രസിദ്ധീകരിച്ചത്

Wednesday, February 27, 2013

ഭീകരം ഈ അകംലോകം

പ്രമോദ്‌ രാമന്റെ കഥകള്‍ വായനയെ ലഘുവല്ലാത്ത, ലളിതമല്ലാത്ത പ്രവൃത്തിയാക്കി മാറ്റാന്‍ പ്രേരിപ്പിക്കുന്നവയാണ്‌. പ്രത്യക്ഷത്തില്‍ കാണുന്നതൊന്നുമല്ല നമ്മുടെ ജീവിതം എന്നു പറയേണ്ടതുണ്ട്‌, ഈ കഥാകാരന്‌. സങ്കീര്‍ണ്ണമായ ലോകത്തെ ലളിത,കോമളപദങ്ങളിലെഴുതുക അസാദ്ധ്യമത്രെ. മറയ്ക്കുകയോ ഒളിച്ചുവയ്ക്കപ്പെടുകയോ ഇതരരീതികളില്‍ പരോക്ഷീകരിക്കപ്പെടുകയോ ചെയ്യുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ, മലയാളകഥാലോകത്തിന്‌ അധികമൊന്നും പരിചയമില്ലാത്ത സവിശേഷമായ കഥാനിര്‍മ്മാണചാതുരി കൊണ്ട്‌ വെളിപ്പെടുത്തുന്നു, ഇയാള്‍. ഈ രചനയുടെ വഴികള്‍ ദുര്‍ഘടം പിടിച്ചതെന്നു കുറ്റപ്പെടുത്തുന്നവരുണ്ടാകാം. സങ്കീര്‍ണ്ണമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ലളിതമായ ഘടനകള്‍ക്കു വഴങ്ങുന്നതല്ലല്ലോ. എന്നാല്‍, വിശ്വാസങ്ങളുടേയും വികാരങ്ങളുടേയും ഏതേതു ലോകങ്ങളിലാണ്‌ ജീവിക്കുന്നതെന്ന് സ്വയം തിരിച്ചറിയാത്ത നമ്മളോട്‌ 'ഇതാണ്‌ നിങ്ങളുടെ ഉള്ള്‌' എന്നു പറയുന്നു, ഈ കഥകള്‍. 

അപസ്മാരകം എന്ന കഥ കേരളത്തിലെ മധ്യവര്‍ഗകുടുംബജീവിതത്തിലെ അവസ്ഥാവിശേഷങ്ങളിലേക്ക്‌ കണ്ണെത്തിക്കുന്നു. റാമും ചിന്തയും മിഷയും അടങ്ങുന്ന അണുകുടുംബമാണ്‌ കഥയിലേത്‌. ഐ.ജി. റാമിന്റേയും അയാളുടെ ഗൃഹനാഥയായ ഭാര്യ ചിന്തയുടേയും കുടുംബം. പുറമേയ്ക്കു കാണുന്നതല്ല അകത്തുള്ളത്‌. പുറമേയ്ക്കു സ്വസ്ഥം, സംതൃപ്തം. എന്നാല്‍, അസംതൃപ്തികളും അസ്വസ്ഥതകളും ചൂഴ് ന്നു നില്‍ക്കുന്ന വിഭജിതമായ ലോകങ്ങള്‍, ഉള്ളില്‍. ചവിട്ടുപടികളില്‍ ചിതറി കിടക്കുന്ന വറ്റുകളില്‍ ചവിട്ടുമ്പോള്‍ കുഞ്ഞുകിളിമുട്ടകള്‍ ഉടയ്ക്കുന്നതിന്റെ സുഖമനുഭവിക്കുന്നവന്‍ റാം. പടികളില്‍ തൂവികിടക്കുന്ന വറ്റുകളെ ചവിട്ടാതെ പോകുന്ന ചിന്തയോട്‌ റാമിന്‌ എതിര്‍പ്പുണ്ട്‌. ബന്ധങ്ങളിലെ വിടവുകള്‍ ഇവരെ സ്വയം പിളര്‍ത്തുന്നു. റാം റാം മാത്രമല്ല, ചിന്ത ചിന്ത മാത്രമല്ല. ചിന്ത വില്‍ഫ്രഡ്‌ ഷെഫാനെന്ന എഴുത്തുകാരനായി മാറുന്നു. ഈ എഴുത്തുകാരന്റെ നോവലിലെ കഥാപാത്രങ്ങളായി റാമും ചിന്തയും അവതരിക്കുന്നു. റാം ജെറാര്‍ഡ്‌ നോറി എന്ന ആരാച്ചാരാണ്‌, ചിന്ത അഗതയും. ചിന്തയില്‍ ചിന്തിച്ചു തുടങ്ങുന്ന പെണ്ണിനെ കുറിച്ചുള്ള സൂചനകളുണ്ട്‌, അഗതയില്‍ അന്വേഷണബുദ്ധിയുള്ളവളും. അഗത നോറിയുടെ ആദ്യത്തേയും അവസാനത്തേയും പെണ്ണിര. അച്ഛന്‍ ബ്രയാന്‍ അമ്മ നിമോണയെ മുറ്റത്തു നിന്നും വീടിന്നകത്തേക്കു വലിച്ചു കൊണ്ടുപോയി ബലാല്‍ക്കാരം ചെയ്യുമ്പോള്‍ പാറാവുകാരനായി നിന്നു വളര്‍ന്നവന്‌ അഗതയെ കെട്ടണമായിരുന്നു, ബലാത്സംഗം ചെയ്യാന്‍. ആനയെ പിഴിഞ്ഞു നീരെടുക്കുന്ന നോറി യഥാര്‍ത്ഥത്തില്‍ വാഴപ്പിണ്ടിക്കു ജീവന്‍ വച്ചവനായിരുന്നു, റാമും അങ്ങനെ തന്നെ. അവന്‌ മദ്യപാനവും ഭോഗവും വെള്ളിയാഴ്ച തോറും. ഐ.ജി.യുടെ കൃത്യത. ഫ്ളാറ്റിലെ മുറിയിലേക്ക്‌ വണ്ടുകളെ അഴിച്ചു വിട്ട്, ബലാല്‍സംഗം ചെയ്യപ്പെടാനുള്ള പശ്ചാത്തലമൊരുക്കി, ചിന്തയെ ഒറ്റയ്ക്കാക്കി റാം ഓഫീസിലേക്കു പോകും. എങ്കിലും, പൊട്ടറ്റോ ചിപ്സ്‌ വില്‍ക്കുന്നവന്റെ വേഷത്തില്‍ റാം കോളിങ്ങ്‌ ബെല്ലമര്‍ത്തും. ചിപ്സ്‌ വില്‍പനക്കാരന്‌ ചിന്തയെ ബലാത്സംഗം ചെയ്യണം, ബലാത്സംഗം ചെയ്യുന്നതായി അവന്‌ അഭിനയിക്കണം. കാളക്കൂറ്റനെ പോലെ ചിന്തയുടെ നേര്‍ക്ക്‌ അടുത്തുവരുന്നവന്‍ മുക്രയിട്ട് മുക്രയിട്ട് അപസ്മാരം ബാധിച്ച്‌ വായില്‍ നിന്നും  നുര ഒഴുക്കുന്നു. മണിയൊച്ച കേള്‍ക്കുന്നവള്‍ ചിപ്സ്‌ വില്‍പനക്കാരന്റെ അപസ്മാരത്തില്‍ നിന്നും ഉണരുന്നത്‌ അപസ്മാരബാധയാല്‍ മോഹാലസ്യപ്പെട്ട് വീല്‍ ചെയറില്‍ മുറിയിലേക്കു വരുന്ന റാമിലേക്കാണ്‌. വില്‍ഫ്രഡ്‌ ഷെഫാന്റെ അവസാനനോവലില്‍ നോറിയെ തൂക്കിലേറ്റുന്നു. അയാളെ തൂക്കിലേറ്റിയ ആരാച്ചാര്‍ അഗതയായിരുന്നു. പിന്നെ, വില്‍ഫ്രഡ്‌ ഷെഫാന്‍ എഴുതിയതേയില്ല. 'അഗതയെ വിശേഷിപ്പിക്കാന്‍ ആരാച്ചാരുടെ സ്ത്രീലിംഗപദം കിട്ടാതെയായപ്പോള്‍ താഴെയിട്ട പേന ഷെഫാന്‍ തിരിച്ചെടുത്തില്ല.' ഈ വാക്യത്തോടെയാണ്‌ പ്രമോദ്‌ രാമന്റെ കഥ അവസാനിക്കുന്നത്‌. 


വിശുദ്ധമെന്നും സംതൃപ്തമെന്നുമുള്ള പ്രതീതികള്‍ നിലനിര്‍ത്തുന്ന നമ്മുടെ മധ്യവര്‍ഗകുടുംബങ്ങളുടെ ഉള്ളിലേക്കു നോക്കുന്നു, ഈ കഥ. അവിടെ ലൈംഗിക അസംതൃപ്തികളുടെ, ലൈംഗിക അരാജകത്വത്തിന്റെ, ലൈംഗിക പീഡനങ്ങളുടെ... മറച്ചുവെയ്ക്കപ്പെട്ട ഭീകരയാഥാര്‍ത്ഥ്യങ്ങളെ കണ്ടെത്തുന്നു. പരിശുദ്ധിയുടെ വിളനിലമെന്നു കൊണ്ടാടപ്പെടുന്ന മധ്യവര്‍ഗകുടുംബവ്യവസ്ഥ പേറുന്ന പാപഭാരങ്ങളെ വിവൃതമാക്കുന്നു. അച്ഛന്‍ അമ്മയെ ബലാത്സംഗം ചെയ്തതില്‍ പിറന്നവനും അച്ഛന്റെ ബലാത്സംഗങ്ങളുടെ പാറാവുകാരനുമായ നോറി അഗതയെ പിടിക്കാനായുന്നത്‌, അച്ഛന്‍ ബ്രയാനെ മൂന്നു വട്ടം മനസ്സിലുരുവിട്ടു കൊണ്ടാണ്‌. അവന്‍ വളര്‍ന്നു വന്ന ലൈംഗികതയുടെ സംസ്ക്കാരം കീഴടക്കലിന്റേതായിരുന്നു. ആ പാഠങ്ങളില്‍ വളര്‍ന്ന്, കൊടിയ ആക്രമണത്തിന്റേയും മര്‍ദ്ദനത്തിന്റേയും മനസ്സുമായി ചെല്ലുന്നവന്റെ ലൈംഗികശേഷിയോ? കൊല്ലന്‍ പഴുപ്പിച്ചെടുത്ത വാര്‍പ്പുലിംഗങ്ങള്‍ പെട്ടെന്നു വാടി വീഴുന്നുവെന്ന് കഥയില്‍ എഴുതപ്പെടുന്നുണ്ട്‌. അഗത പറയുതാകട്ടെ, തന്റെ ഉടല്‍ യുദ്ധം ചെയ്യപ്പെട്ട ഭൂമികയാണെന്നാണ്‌. തന്നെ വെട്ടിപ്പൊളിച്ചും ദണ്ഡനം ചെയ്തും ഭീതിപ്പെടുത്തിയും ഭോഗിക്കുന്നവനെ മാത്രമേ അവള്‍ക്കറിയൂ, അവനെ മാത്രമേ ഇനിയും പ്രതീക്ഷിക്കാനുള്ളൂ. 'എന്നെ ശിക്ഷിക്കാനാണെങ്കില്‍, നിനക്കെന്നെ കെട്ടാം' എന്നു പറയുന്നവള്‍ വിവാഹജീവിതം കൊടിയ ശിക്ഷയായി അനുഭവിക്കുന്ന സ്ത്രീലോകത്തെ തിരിച്ചറിയുന്നു. നമ്മുടെ ലൈംഗികജീവിതം ക്രൂരതയുടേയും അസംതൃപ്തികളുടേയും പരാജയങ്ങളുടേയും പര്യായമായി മാറിപ്പോകുന്നതിന്റെ കാഴ്ചകളാണിത്‌. ഇത്‌ കൊലയിലേ അവസാനിക്കൂ. ഷെഫാന്റെ നോവലില്‍ നോറിയെ തൂക്കിലേറ്റുന്ന അഗത, ജീവിതത്തില്‍ റാമിനെ തൂക്കിലേറ്റുന്ന അയാളുടെ ഭാര്യ ചിന്ത തന്നെയാണ്‌. ഈ കഥ വില്‍ഫ്രഡ്‌ ഷെഫാന്‍ എഴുതിയ നോവലുകളുടെ പ്രമേയവിവരണം മാത്രമല്ലാതാകുന്നത്‌ അങ്ങനെയാണ്‌. കഥയില്‍ നിന്നും ഉയരുന്ന സൂക്ഷ്മരാഷ്ട്രീയധ്വനികള്‍ പെരുക്കി കേല്‍പിക്കേണ്ടവയാണ്‌. എന്നാല്‍, ഇത്‌ ഒരു ഉത്തരാധുനികപ്രവണതക്കെതിരായ വിമര്‍ശം കൂടിയാണ്‌. ഉറച്ച രാഷ്ട്രീയപ്രതിരോധങ്ങള്‍ കൊണ്ട്‌ മാറ്റിത്തീര്‍ക്കേണ്ടതിനെ ചിഹ്നങ്ങളുടേയും അര്‍ത്ഥങ്ങളുടേയും പാഠങ്ങളുടേയും പ്രശ്നമാക്കി ചുരുക്കുന്നതിനെതിരായ വിമര്‍ശം.

പ്രമോദ് രാമന്റെ അപസ്മാരകം എന്ന കഥ നിര്‍വ്വഹിക്കുന്ന അപനിര്‍മ്മാണം പ്രധാനമാണ്. നമ്മുടെ കുടുംബങ്ങളെ കുറിച്ച് നാം പണ്ടേ കുടിയേറ്റിയിരിക്കുന്ന വിശ്വാസങ്ങളേയും നിര്‍മ്മിച്ചുറപ്പിച്ചിരിക്കുന്ന സ്മാരകങ്ങളേയും ഈ അപസ്മാരബാധയുടെ കഥ അപനിര്‍മ്മിക്കുന്നു. എന്‍. എസ്. മാധവന്റെ ഹിഗ്വിറ്റക്കു ശേഷം മലയാളകഥ ഇങ്ങനെ നിറഞ്ഞു പൂക്കുന്നത് ഇപ്പോഴാണ്.

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍
വായനക്കാരുടെ പേജില്‍ പ്രസിദ്ധീകരിച്ച പ്രതികരണം )



Sunday, February 3, 2013

അഴകും അഴുക്കും

ഏതിനാണ്‌ ഏറെ അഴക്‌?
പ്രകൃതിയ്ക്കോ മനുഷ്യനിര്‍മ്മിതിയ്ക്കോ?
ഭാവനയിലെ അഴകു നിര്‍മ്മിക്കുന്നതിന്നിടയില്‍
എല്ലാ അഴകിന്റേയും ആധാരമായി നില്‍ക്കുന്ന
പ്രകൃതിയെ നാം വിസ്മരിക്കുന്നുവോ?
അഴകിനും അഴുക്കിനും ഇടയിലെ അകലം എത്ര?
സംസ്കൃതിയേയും പ്രകൃതിയേയും പെണ്ണിന്റേയും
പാരിസ്ഥിതികാവബോധത്തിന്റേയും
കണ്ണുകളിലൂടെ നോക്കി വികലനം ചെയ്യുന്ന വരികള്‍ അനിത തമ്പി എഴുതിയിട്ടുണ്ട്.



 ഭൂതകാരുണ്യത്തെ തിരിച്ചറിയാത്ത അഴകിന്റെ മേളക്കൊഴുപ്പുകളോട്‌ തരളമായ വാക്കിന്റെ കാരുണ്യം കൊണ്ടു കലമ്പുന്നു, ഈ കവി. അഴുക്കെല്ലാം അഴകാകുന്നത്‌ മിനുത്ത തറയിലല്ലെന്ന്, ഇരുത്തിയ മട്ടില്‍ എല്ലാമിരിക്കുന്ന സ്വീകരണമുറിയിലല്ലെന്ന്, അഴുക്കിനെ തുടച്ചെറിഞ്ഞു കളഞ്ഞ മണ്ണറയിലെന്ന് അനിതയുടെ കവിത കണ്ടെത്തുന്നു. എല്ലാം 'വൃത്തിയാക്കി' വെയ്ക്കുന്ന മദ്ധ്യവര്‍ഗശീലങ്ങളിലേക്ക്‌ വാക്കു കൊണ്ട് ഒരു കൂരമ്പ്‌. വൃത്തിയെ കുറിച്ചുള്ള വിചാരങ്ങള്‍ അനിതയുടെ കവിതയില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നതു കാണാം. നടു വേദനിച്ചു കുനിഞ്ഞു നിന്ന് വീടിന്റെ മുറ്റമടിച്ചു വൃത്തിയാക്കുന്ന ഇവള്‍ 'മണ്ണിരകളുറങ്ങാതെയാവാം കൊച്ചു മണ്‍വീടുകള്‍ വച്ചു രാവില്‍'എന്നു പ്രകൃതിയിലെ ചെറുജീവിയോട്‌ സഹഭാവത്തോടെ വിചാരം കൊള്ളുന്നവളാണ്‌. പെണ്ണും പ്രകൃതിയും തമ്മിലുള്ള ഈ സഹഭാവം 'രാവിലെയൊരു പെണ്ണിന്‍ കുനിഞ്ഞ
പിന്‍ചുവടിന്റെ നൃത്തം കഴിഞ്ഞാല്‍
ഈര്‍ക്കിലി വിരല്‍ പോറല്‍ നിരകള്‍
മാത്രമായി പൊടിഞ്ഞു പരക്കാന്‍'
എന്ന വരികളിലേക്കു വ്യാപിച്ചു നില്‍ക്കുന്നു.

        
എല്ലാ ഭേദങ്ങളേയും സന്ദേഹത്തോടെ കാണുന്ന മനസ്സുമായി, അനിതയുടെ കവിത അഴുക്കിനും അഴകിനും ഇടയിലെ സമുദ്രങ്ങളേയും പര്‍വ്വതങ്ങളേയും മുറിച്ചു കടക്കുന്നു. അഴകില്ലാത്തവയെന്ന് മനുഷ്യന്റെ സാമാന്യബോധം കരുതിവെച്ചവയെല്ലാം പുറപ്പെടുകയാണ്‌, മഴവില്ലിന്റെ കാന്തിയുടെ ലോകത്തിലേക്ക്‌. മീന്‍കുട്ടകള്‍, കീറപ്പായ, കോങ്കണ്ണന്‍ കാക്ക, പെരുവയറന്‍ ചക്ക, മുത്തശ്ശിത്തൊലി, തൂങ്ങിയ കാത്‌, അട്ട, ഇറയത്തെ ചൂല്‌... എല്ലാരും ചെല്ലുന്നു മഴവില്ലിന്റെ വീട്ടില്‍. അവിടെ, അവസാനമില്ലാത്ത പൂര്‍ണ്ണതയില്‍ കോട്ടത്തിനു കാത്തുനില്‍ക്കുന്നവര്‍. മഴവില്ല്‌, നക്ഷത്രക്കുഞ്ഞുങ്ങള്‍, ചന്ദ്രക്കല ...എല്ലാരും നമിക്കുന്നു, അഴുക്കിനെ. ഇപ്പോള്‍, അഴകിന്റെ ലോകത്തില്‍ നിന്നുകൊണ്ട് ഭൂമിയെ ജീവന്റെ കാട്ടമെന്ന് അറിയുന്നവര്‍, അറിയുന്നു വാഴ്‌വിന്റെ പൊരുള്‍. വൃത്തിയെ കുറിച്ചുള്ള സങ്കല്പനങ്ങള്‍ക്ക്‌ അധികാരവുമായി ഒഴിവാക്കാനാവാത്ത ബന്ധങ്ങളുണ്ട്.  അധികാരവും നാഗരികതയും ഒത്തുചേരുന്ന ബന്ധങ്ങളാണിത്‌. നാഗരികത വൃത്തിയെ നിര്‍ബ്ബന്ധപൂര്‍വം പരിപാലിക്ക്‌ ആദര്‍ശമാക്കുന്നു. ഇത്‌ സൃഷ്ടിക്കുന്നതോ, മാലിന്യക്കൂനകളെ. ശസ്ത്രക്രിയാമുറി പോലെ പാചകം ചെയ്യാത്ത അടുക്കളയെ പരിപാലിക്കുന്നവര്‍, പൊതുസ്ഥലങ്ങളില്‍ ഉച്ഛിഷ്ടം കൊണ്ടു നിറയ്ക്കുന്നു. മീന്‍കുട്ടകള്‍ക്കും കരിമൂടിയ ചട്ടിക്കും കൂറത്തുണിക്കും വര്‍ഗപരമായ ചില മാനങ്ങളുമുണ്ട്.  അഴകില്‍ ആകര്‍ഷിതരായി മഴവില്ലിന്റെ കൊട്ടാരത്തിലേക്ക്‌ യാത്രപുറപ്പെടുന്ന ഇവര്‍, 
മദ്ധ്യവര്‍ഗശീലങ്ങളിലേക്ക്‌ ആകര്‍ഷിക്കപ്പെടുകയോ ആട്ടിത്തെളിക്കപ്പെടുകയോ ചെയ്യുന്ന നമ്മുടെ അടിസ്ഥാനജനവിഭാഗങ്ങളെ എങ്ങനെയൊക്കെയോ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. ഈ ആകര്‍ഷണം മിഥ്യയെന്ന്, ആപത്ക്കരമെന്ന്, ഒരു മുന്നറിയിപ്പ്‌. വൃത്തിയെ അധീശത്വത്തിന്റെ മൂല്യബോധത്തിന്റെ ഭാഗമായി കണ്ടെത്തുന്ന ഒരു പ്രക്രിയ ഈ കവിതകളില്‍ സംഭവിക്കുന്നു.

വൃത്തി എന്ന ശീര്‍ഷകത്തില്‍ തന്നെ ഒരു കവിതയുണ്ട്, അനിതയുടേതായി.
 'വിരല്‍ തട്ടി മറിഞ്ഞിട്ടും
പരന്നൊഴുകാന്‍ വിടാതെ
പഴന്തുണി നനച്ചാരോ
തുടച്ചെടുക്കയാണെന്നെ'
വൃത്തി, പഴന്തുണി, പരൊഴുക്ക്‌, തുടച്ചെടുക്കല്‍... ഈ നാലുവരി കവിതയുടെ
ശീര്‍ഷകവും വാക്കുകളും ഉചിതമായി പരസ്പരം ഘടിപ്പിക്കപ്പെട്ടവയാണ്‌.
വാക്കുകളുടെ ഒഴിവാക്കാനാവാത്ത കൂടിച്ചേരലാണിത്‌. 
പരന്നൊഴുകാന്‍ കൊതിക്കുന്ന ദ്രാവകമെന്ന രൂപകമാണ്‌ സ്ത്രീക്ക്‌. 
ഒഴുക്കാണ്‌ തനതുഭാവം. ഇപ്പോള്‍. കുപ്പികളില്‍ നിറയ്ക്കപ്പെട്ടിരിക്കുന്നു. 
നിറച്ചിരിക്കുന്ന പാത്രത്തിന്റെ അതിര്‍ത്തികളില്‍ തന്മ തടയപ്പെട്ടിരിക്കുന്നു. 
വളരെ സ്വാഭാവികമായ പ്രതികരണങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന
 ദുരധികാരത്തിന്റെ പ്രയോഗത്തെ കുറിച്ചാണ്‌ ഈ കവിതയില്‍ എഴുതപ്പെട്ടിരിക്കുന്നത്‌. 
സദാചാരവും പുരുഷാധികാരവും ചേര്‍ന്ന് സ്ത്രീക്കു വിധിക്കുന്ന തടവ്‌. 
യാദൃച്ഛികമായി തൂവിപ്പോകുന്നതിനെ പോലും ഒഴുകിപ്പരക്കാന്‍
അനുവദിക്കാത്ത പഴന്തുണി പുരുഷാധികാരത്തിന്റെ നിഷ്ഠൂരതയാണ്‌. 
പഴയതാണത്‌. 
യാഥാസ്ഥിതികം. 
പുതുക്കാന്‍ കഴിയാത്തത്‌. 
ഉപേക്ഷിക്കപ്പെടേണ്ടത്‌. 
വൃത്തി എന്ന ശീര്‍ഷകം, വൃത്തിയേയും വെടുപ്പിനേയും കുറിച്ചുളള 
നമ്മുടെ സങ്കല്പനങ്ങള്‍ക്ക്‌ അധികാരവുമായുള്ള ബന്ധങ്ങളെ
നന്നായി വിവൃതമാക്കുന്നു. 

വൃത്തി അധികാരത്തിന്റെ മൂര്‍ത്ത മുദ്രാവാക്യമായി
മാറിത്തീരുന്നതിനെ 'അടിച്ചുതളിക്കാര്‍' എന്ന കവിതയില്‍ വായിക്കാം. 
"എന്തൊരു വൃത്തികേട്‌" എന്ന അധികാരത്തിന്റെ ഒച്ച നാം കേള്‍ക്കുന്നു. 
സമരമാടങ്ങളുടെ മുറ്റങ്ങള്‍ 
അടിച്ചുവാരി തളിച്ച്‌ വൃത്തിയാക്കുന്നവര്‍ പെരുകുന്നത്‌ കാണുന്നു. 
'മണ്ണ്‌ തരിതരിയായി വൃത്തിയാവാന്‍ തുടങ്ങി'യെന്ന് കവി എഴുതുമ്പോള്‍ 
ആരാണ്‌ മണ്ണില്‍ നിന്നും ഭൂമിയില്‍ നിന്നും ഒഴിഞ്ഞുപോകുതെന്ന് പെട്ടെന്നു ഗ്രഹിക്കാന്‍ കഴിയും. 
അഴുക്കാണ്‌, അഴുക്കിന്റെ വര്‍ഗമാണ്‌, വാഴ്‌വിന്റെ പൊരുളാണ്‌, 
അസ്തിത്വത്തിന്റെ അടിസ്ഥാനങ്ങളാണ്‌ ഒഴിഞ്ഞുപോകുന്നത്‌. 
ഉറപ്പിക്കപ്പെടുന്നത്‌, അഴകിന്റെ മിനുത്ത നിശബ്ദത. 
പ്ളാസ്റ്റിക്ക്‌, മൃതിയില്ലാത്ത ജന്മങ്ങള്‍, അധികാരം, വൃത്തി. 
അധികാരവ്യവസ്ഥ വൃത്തിയെ നിര്‍മ്മിച്ചെടുക്കുത് സര്‍ഗാത്മകതയുടെ നിഷേധത്തിലൂടെയാണെന്ന്, നാഗരികതയുടെ യാത്രകള്‍ സര്‍ഗാത്മകതയ്ക്ക്‌ എതിര്‍ദിശയിലാകുന്നുവെന്ന്,
ഭൂമിയിലെ വാഴ്‌വിന്‌ ഭീഷണിയാകുന്നുവെന്ന് 
ഈ വാക്കുകള്‍ പറയുന്നുവോ?


ചെണ്ട മാസികയില്‍(ഡിസംബര്‍ 2012) എഴുതിയ
അനിതതമ്പിയുടെ കവിതകളെ കുറിച്ചുള്ള നിരൂപണത്തിലെ ഒരു ഭാഗം


POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...