Friday, June 22, 2012

'ഇരകള്‍': ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷംകെ.ജി.ജോര്‍ജ്ജിന്റെ 'ഇരകള്‍' എന്ന ചലച്ചിത്രം പുറത്തിറങ്ങിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുന്നു. കേരളസമൂഹം ത്വരിതഗതിയില്‍ മദ്ധ്യവര്‍ഗവല്ക്കരണത്തിനു വിധേയമാകാന്‍ തുടങ്ങുന്ന സന്ദര്‍ഭമായിരുന്നു അത്. മദ്ധ്യവര്‍ഗാസക്തികള്‍ കൂട്ടിക്കൊണ്ടു വരുന്ന സവിശേഷപ്രവണതകള്‍ക്ക് സമൂഹം കീഴ്പ്പെട്ടു തുടങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ പുറത്തേക്കു പ്രകടമായി തുടങ്ങിയിരുന്നു. അടിയന്തരാവസ്ഥക്കു ശേഷം ഉയര്‍ന്നുവന്ന ജനാധിപത്യബോധവും പ്രതികരണശേഷിയും അസ്തമിക്കുകയായിരുന്നു. അധികാരകേന്ദ്രങ്ങളും ഉദ്യോഗസ്ഥമേധാവിത്വവും അഴിമതിയിലേക്കും സ്വജനപക്ഷപാതങ്ങളിലേക്കും നിപതിക്കുന്ന പ്രവണതകള്‍ വ്യാപകമാകുന്നു. സമൂഹസേവനതാല്പര്യങ്ങള്‍ മിക്കവാറും നഷ്ടപ്പെടുന്നു. തങ്ങളുടെ അധികാരമോഹങ്ങളെ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടമായി വ്യവസ്ഥാപിത രാഷ്ട്രീയനേതൃത്വങ്ങള്‍ മാറിത്തീരുന്നു. സമീപഭൂതകാലങ്ങളിലൊന്നും ദൃശ്യമാകാതിരുന്ന രീതിയില്‍ ധനാസക്തിയും കുറ്റവാസനകളും അഴിമതിയും അക്രമവും സമൂഹത്തില്‍ പ്രചരിച്ചു തുടങ്ങുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വവിരുദ്ധസമരവും ദേശീയപ്രസ്ഥാനവും നവോത്ഥാനപ്രസ്ഥാനങ്ങളും അധ:സ്ഥിതരുടേയും കര്‍ഷകരുടേയും സമരങ്ങളും കേരളസമൂഹത്തില്‍ സൃഷ്ടിച്ചെടുത്തിരുന്ന മൂല്യങ്ങള്‍ പതുക്കെ പതുക്കെ അപ്രത്യക്ഷമാകുന്നു. ഈ സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് മദ്ധ്യതിരുവിതാംകൂറിലെ ഒരു സമ്പന്നകുടുംബത്തിന്റെ കഥ പറഞ്ഞ 'ഇരകള്‍' സമൂഹരാഷ്ട്രതന്ത്രത്തിന്റെ സൂക്ഷ്മലോകങ്ങളെയായിരുന്നു ആവിഷ്ക്കരിച്ചത്.


രാഷ്ട്രശരീരത്തെ ബാധിച്ച അര്‍ബുദങ്ങളെ ഒരു സമ്പന്നകുടുംബത്തിന്റെ പശ്ചാത്തലത്തിലേക്ക് പരാവര്‍ത്തനം ചെയ്യാനായിരുന്നു കെ.ജി.ജോര്‍ജ്ജ് ശ്രമിച്ചത്. രാഷ്ട്രത്തെ ഒരു കുടുംബത്തിലേക്കു ആവാഹിച്ചു കൊണ്ടുവരാനാണ് താന്‍ ശ്രമിച്ചതെന്ന് കെ.ജി.ജോര്‍ജ് തന്നെ പറയുന്നുണ്ട്. പാലക്കുന്നേല്‍ കുടുംബം മൂല്യച്യുതി സംഭവിക്കുന്ന ഒരു നാടിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് അദ്ദേഹം എഴുതി. മാത്തുക്കുട്ടി മുതലാളിയെ ഭരണാധിപതിയായും അയാളുടെ ഇളയമകന്‍ ബേബിയെ നഷ്ടമൂല്യങ്ങളുടെ ഇരയായുമാണ് കെ.ജി.ജോര്‍ജ് കണ്ടത്. രാഷ്ട്രത്തെ ബാധിച്ച അര്‍ബുദങ്ങളെ കെ.ജി.ജോര്‍ജ് ഒരുക്കിത്തന്ന പാലക്കുന്നേല്‍ കുടുംബത്തിന്റെ ചിത്രത്തില്‍ കാണാന്‍ കഴിയുമായിരുന്നു. എന്നാല്‍, അധികാരം പ്രവര്‍ത്തനക്ഷമമാകുന്നത് കേന്ദ്രീകൃതമായ രാഷ്ട്രഭരണകൂടത്തിന്റെ രൂപത്തില്‍ മാത്രമാണെന്ന സമീപനത്തെ വെല്ലുവിളിക്കുന്ന ധാരണകളെ കെ.ജി.ജോര്‍ജിന്റെ ചലച്ചിത്രം തന്നെ ഉള്‍ക്കൊണ്ടിരുന്നു. അധികാരപ്രയോഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത ഇച്ഛയെ കുറിച്ചുള്ള സങ്കല്പനങ്ങളിലുപരിയായി സാമൂഹികബന്ധരൂപങ്ങളിലൂടെ പ്രവര്‍ത്തനക്ഷമമാകുന്ന അധികാരത്തിന്റെ നീചവും നൃശംസവുമായ രൂപങ്ങളെയാണ് കെ.ജി.ജോര്‍ജ്ജ് നന്നായി അനാവരണം ചെയ്തത്. അധികാരം സമൂഹത്തില്‍ പ്രയോഗിക്കപ്പെടുന്നത് കേന്ദ്രീകൃതഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങളിലൂടെ മാത്രമാണെന്ന ധാരണ ഇവിടെ അസ്വീകാര്യമാകുന്നു. മന്ത്രിയും പോലീസും കോടതിയും അധികാരകേന്ദ്രങ്ങളോ അവയുടെ ഉപകരണങ്ങളോ ആയി ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും വലിയ സാമൂഹികബന്ധരൂപങ്ങളായ മതത്തേയും കുടുംബത്തേയുമാണ് ആശയാവിഷ്ക്കരണത്തിനുള്ള മുഖ്യഘടകങ്ങളായി സംവിധായകന്‍ സ്വീകരിക്കുന്നത്. മദ്ധ്യതിരുവിതാംകൂറിലെ ഒരു സമ്പന്ന ക്രിസ്ത്യന്‍കുടുംബത്തെ തെരഞ്ഞെടുക്കുന്നതിലൂടെ തനിക്ക് സുപരിചിതമായ അന്തരീക്ഷത്തെ ആവിഷ്ക്കരണത്തിനുള്ള മാദ്ധ്യമമായി സ്വീകരിക്കുക മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്. ക്രൈസ്തവതക്ക് അധികാരവുമായിട്ടുള്ള ബന്ധം കൂടി ഇവിടെ ഫോക്കസ് ചെയ്യപ്പെടുന്നുണ്ട്. വ്യവസ്ഥാപിതമായി തീര്‍ന്നതിനു ശേഷമുള്ള ക്രിസ്തുമതത്തിന്റെ ചരിത്രത്തില്‍, നിലനില്ക്കുന്ന വ്യവസ്ഥയെ ന്യായീകരിക്കുന്ന പ്രബലശക്തിയായി മാത്രമാണ് അതു പ്രവര്‍ത്തിച്ചിട്ടുള്ളത്. അടിമത്തത്തേയും നാടുവാഴിത്തത്തേയും തൊഴിലാളിവര്‍ഗ്ഗത്തിനു മേലുള്ള ചൂഷണത്തേയും ക്രിസ്തുമതം ന്യായീകരിക്കുന്നതിനെ കുറിച്ച് എംഗല്‍സ് എഴുതിയ വാക്കുകള്‍ ഓര്‍ക്കുക. സ്ഥിതവ്യവസ്ഥയുടെ ന്യായീകരണവും അതിന്നായുള്ള സമവായവും ചുമതലയായി ഏറ്റെടുക്കുന്ന മതത്തിന്റെ അന്തരീക്ഷം കെ.ജി.ജോര്‍ജ്ജിന്റെ ആവിഷ്ക്കരണലക്ഷ്യത്തിന് നന്നായി ഉതകുന്നതായിരുന്നു. കുടുംബം, മതം എന്നീ സാമൂഹികബന്ധരൂപങ്ങളുടെ വിശ്ലേഷണത്തിലൂടെയാണ് 'ഇരകളു'ടെ സംവിധായകന്‍ സമുഹത്തെ ബാധിച്ച അര്‍ബുദങ്ങളെ ഒരു വികിരണചികിത്സക്കു വിധേയമാക്കിയത്.

 
ഏറ്റവും ചെറിയ സാമൂഹികഘടകങ്ങളിലൊന്നായ കുടുംബം തന്നെ ഒരാളുടെ ധാര്‍മ്മികവും നൈതികവുമായ വളര്‍ച്ചയെ നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ക്ക് ഇടമില്ലാത്ത കുടുംബജീവിതങ്ങള്‍ മനുഷ്യജീവിതത്തെ വികലമാക്കുന്നു. പലപ്പോഴും തിന്മയുടേയും അന്യായത്തിന്റേയും മര്‍ദ്ദനത്തിന്റേയും ആദ്യപാഠങ്ങള്‍ ഒരു കുട്ടി അഭ്യസിക്കുന്നത് കുടുംബബന്ധങ്ങളില്‍ നിന്നാണ്. നമ്മുടെ കുടുംബങ്ങള്‍ പുരുഷാധികാരത്തിന്റെ കേന്ദ്രങ്ങളാണ്. കെ.ജി.ജോര്‍ജ്ജിന്റെ ചലച്ചിത്രത്തിലെ പാലക്കുന്നേല്‍ കുടുംബം നൃശംസമായ പിതൃഅധികാരത്തിന്റെ കീഴില്‍ അമര്‍ന്നിരിക്കുന്നു. മാത്തുക്കുട്ടി മുതലാളിയുടെ അളക്കാന്‍ കഴിയാത്ത ധനാസക്തി അയാളെ ക്രൂരനും അക്രമിയുമാക്കുന്നുണ്ട്. സ്വതാല്പര്യങ്ങള്‍ക്കു വേണ്ടി ഏതു നീചകൃത്യവും കള്ളത്തരവും പ്രവര്‍ത്തിക്കാന്‍ അയാള്‍ക്കു കഴിയുന്നു. ബേബിക്ക് പിതൃധനമായി ലഭിക്കുന്നത് ഈ ക്രൌര്യമാണ്. വീട്ടില്‍ നിന്നും കളവും വഞ്ചനയും കണ്ടു വളരുന്ന ബേബി അവയോടു പ്രതികരിക്കുന്നത് കൊലപാതകങ്ങളിലൂടെയാണ്. മാത്തുക്കുട്ടി മുതലാളിയുടെ മൂത്തമകനായ കോശിക്ക് പിതാവിന്റെ ധനാസക്തിയും ക്രൂരതയും അളവിലൊട്ടും കുറയാതെ തന്നെ ലഭിച്ചിട്ടുണ്ട്. മറ്റൊരു മകനായ സണ്ണി നിസ്സഹായനാണ്. അയാള്‍ മദ്യത്തിന്നടിമയായിരിക്കുന്നു. പാലക്കുന്നേല്‍ കുടുംബത്തിലെ സ്ത്രീജീവിതങ്ങള്‍ പുരുഷാധികാരത്തിന്റെ നിര്‍ദ്ദയമായ ചെയ്തികളെയും അന്യായങ്ങളേയും ഉള്ളില്‍ വെറുത്ത് പുറമേ സൌഖ്യം കാണിച്ച് ഭീതിയോടെ കഴിയുന്നവരാണ്. പിതാവിന്റെ പിന്തുണയില്‍ വിശ്വസിച്ച് ദുര്‍മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്ന സൂത്രശാലിയായ ആനി പോലും പാലക്കുന്നേല്‍ കുടുംബത്തിലെ തിന്മയുടെ മൂലകങ്ങളുടെ സൃഷ്ടിയാണ്. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ കിടപ്പിലായ പിതാവിനോട് മാത്തുക്കുട്ടി കാണിക്കുന്ന ഉപേക്ഷ അയാളുടെ നീചമായ മൂല്യവിശ്വാസങ്ങളെ കാണികള്‍ക്കു ദൃഢീകരിച്ചു നല്കുന്നു. കുടുംബം എങ്ങനെയെല്ലാം വ്യക്തികളെ രൂപപ്പെടുത്തുന്നുവെന്ന് കെ.ജി.ജോര്‍ജിന്റെ ചലച്ചിത്രം നന്നായി പറഞ്ഞുവയ്ക്കുന്നു. രക്ഷകന്റെ വേഷം കെട്ടുന്ന കുടുംബനാഥന്‍ മതചിന്തയിലെ ദൈവത്തിന്റേയും പിതൃദായക്രമത്തിലെ പുരുഷന്റേയും വേഷങ്ങള്‍ക്കു സമാനനാണ്. പാലക്കുന്നേല്‍ കുടുംബത്തിലെ പ്രശ്നങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കുന്ന ഇടനിലക്കാരനായി പ്രത്യക്ഷപ്പെടുന്ന മതമേലദ്ധ്യക്ഷന്‍ ആ കുടുംബത്തിന്റെ അഭ്യുദയകാംക്ഷി മാത്രമല്ല, ബന്ധു കൂടിയാണ്. മതവും പുരുഷാധിപത്യവും പിതൃദായക്രമത്തില്‍ അധിഷ്ഠിതമായ കുടുംബവും എങ്ങനെയെല്ലാം പരസ്പരം കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നുവെന്ന്, വ്യവസ്ഥയെ ഉറപ്പിച്ചു നിര്‍ത്താന്‍ സഹായകമായ നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന അന്വേഷണവും 'ഇരകളി'ലുണ്ടെന്നു പറയണം. വ്യവസ്ഥയെ ഉറപ്പിച്ചു നിര്‍ത്താനുള്ള അധീശത്വത്തിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളെയാണ് പാലക്കുന്നേല്‍ കുടുംബത്തിലെ ഇളയസന്തതിയെ പിതാവു തന്നെ വെടിവച്ചു കൊല്ലുന്ന അന്ത്യരംഗത്തില്‍ ആവിഷ്ക്കരിക്കപ്പെട്ടത്. വ്യവസ്ഥയുടെ നീചമായ അധികാരത്തിനും മര്‍ദ്ദനോപകരണങ്ങള്‍ക്കും പ്രത്യയശാസ്ത്രോപകരണങ്ങള്‍ക്കും അതിജീവിക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളെ ചരിത്രം സൃഷ്ടിച്ചെടുക്കുമെന്ന അറിവ് ഈ ചലച്ചിത്രകാരനുണ്ടായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി വെടിയേറ്റു മരിച്ചതിന്റെ വാര്‍ത്തകള്‍ ദൂരദര്‍ശനില്‍ കണ്ടുകൊണ്ടിരിക്കെയാണ് ഈ ചലച്ചിത്രത്തിന്റെ തിരക്കഥ മനസ്സില്‍ എഴുതാന്‍ തുടങ്ങുന്നതെന്ന് ജോര്‍ജ് തുറന്നുപറയുന്നതിനെ ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കുമ്പോള്‍ നമ്മുടെ ഉത്തരങ്ങള്‍ യോജിപ്പുകളിലെത്തുന്നു. സമതുലിതമായ ഒരു വീക്ഷണത്തിലെത്താന്‍ സംവിധായകനു കഴിഞ്ഞിരുന്നു. സമ്പത്തിനോടുള്ള ആര്‍ത്തിയെ പ്രശ്നങ്ങളുടെ മൂലമായി ചലച്ചിത്രത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത് ഇതിന്റെ നല്ല തെളിവാണ്. വര്‍ഗപരമായ വിശകലനങ്ങളുടെ അനിവാര്യതയെ കാണുന്നതോടൊപ്പം അധികാരം പ്രവര്‍ത്തിക്കുന്ന ഇതര സൂക്ഷ്മലോകങ്ങളെ ഇതിനോടൊപ്പം കണ്ണിചേര്‍ക്കുന്ന സാര്‍ത്ഥകമായ കര്‍മ്മവും ഇവിടെ നിര്‍വ്വഹിക്കപ്പെടുന്നുണ്ട്. നമ്മുടെ ഇടതുരാഷ്ട്രീയനേതൃത്വങ്ങള്‍ ഇപ്പോഴും കടന്നുകയറാന്‍ വിസമ്മതിക്കുകയോ ബദ്ധപ്പെടുകയോ ചെയ്യുന്ന ഒരു ആശയലോകത്തെ അതിന്റെ ബീജരൂപത്തിലെങ്കിലും അവതരിപ്പിക്കാന്‍ കെ.ജി. ജോര്‍ജിന്റെ ആവിഷ്ക്കരണചാതുര്യത്തിനു കഴിഞ്ഞിരുന്നു.

"ജനശക്തി" യില്‍ പ്രസിദ്ധീകരിച്ചത്

No comments: