Friday, April 6, 2012

കുടിവെള്ളം വില്പനച്ചരക്കായത്...


എസ്. ജോസഫിന്റെ 'വെള്ളം' എന്ന കവിതയില്‍ നിന്നും

മുമ്പൊക്കെ ഞങ്ങള്‍ക്കൊന്നും കിണറില്ലാരുന്നു.
വെള്ളമെടുക്കാന്‍ കുന്‍ശന്മാരുടെ വീടുകളില്‍ പോണമാരുന്നു.
അവര്‍ മുറ്റത്തുനിന്നു തൊട്ടിയില്‍ വെള്ളം കോരും
ഞങ്ങള്‍ക്ക് താഴെനിന്ന് കവുങ്ങുംപാളയില്‍ കോരാം.
അല്ലെങ്കില്‍ പാടങ്ങള്‍ക്കു നടുവിലെ ഓലികളുണ്ട്.
ഒരു കൊടം വെള്ളത്തിനു പോണ അമ്മയോ അമ്മൂമ്മയോ
മിറ്റത്തുനിന്നുള്ള ഞങ്ങടെ വിളികളുടെ തുമ്പത്ത്
കെട്ടപ്പെട്ടിരുന്നു.
...................................................
ഇന്നു ഞങ്ങള്‍ക്കു കിണറുണ്ട്.
വെള്ളമില്ല
കിണറെടുത്തു ചെരിച്ചുവച്ച്
നാലുകൊടം വെള്ളമൂറ്റിയെടുത്തു"

ജലസമൃദ്ധമായ പ്രദേശമാണ് കേരളം. മുന്നൂറു സെ.മീ മഴ വരെ ലഭിച്ചിരുന്ന പ്രദേശം. ധാരാളം നീര്‍ച്ചാലുകളും അരുവികളും പുഴകളും. പറമ്പുകളിലും തൊടികളിലും പാടങ്ങളിലുമെല്ലാം കിണറുകളും കുളങ്ങളും. എന്നാല്‍, വെള്ളത്തിന്മേലുള്ള അവകാശത്തില്‍ ജന്മിത്വവും ജാതിവ്യവസ്ഥയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജോസഫിന്റെ കവിതയിലെ ആദ്യഭാഗം ദളിതര്‍ക്ക് വെള്ളത്തിനു മേല്‍ എത്രമാത്രം അവകാശങ്ങളുണ്ടായിരുന്നുവെന്ന് പറയുന്നുണ്ടല്ലോ. നവോത്ഥാനപ്രസ്ഥാനങ്ങളുടേയും ഇടതുപക്ഷപ്രസ്ഥാനങ്ങളുടേയും പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണം ജലത്തിനു മേലുള്ള അവകാശങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ക്കിടയിലുമായി വികേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥ സംജാതമാകുന്നുണ്ട്. ജീവവായുവെന്ന പോലെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഈ പ്രാഥമിക ഉപഭോഗവസ്തുവിന്മേലുള്ള അവകാശങ്ങള്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാപ്യമാകുന്ന അവസ്ഥ ഏറ്റക്കുറച്ചിലുകളോടെയെങ്കിലും കേരളത്തില്‍ നിലവിലുണ്ടായിരുന്നു. ഈ പ്രകൃതിവിഭവത്തിനു മേലുള്ള അധികാരാവകാശങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ക്കുമിടയില്‍ വികേന്ദ്രീകരിക്കപ്പെട്ടിരുന്നുവെന്നര്‍ത്ഥം.

നഗരങ്ങളിലേയും ചെറുടൌണുകളിലേയും ജലവിതരണം പ്രാദേശികഭരണസമിതികള്‍ ഏറ്റെടുക്കുന്നതോടെയാണ് ജലവിതരണം ആദ്യമായി കേന്ദ്രീകൃതമാകുന്നത്. ജലം ശുദ്ധീകരിക്കുന്നതിനും മലിനീകരണം ഒഴിവാക്കുന്നതിനും കേന്ദ്രീകൃതപദ്ധതികള്‍ക്ക് കഴിയുമെന്നത് ശ്രദ്ധാര്‍ഹമായ കാര്യമാണ്. ജലജന്യരോഗങ്ങളെ തടയുന്നതിനും മറ്റും പൊതുവായ ജലവിതരണപദ്ധതികള്‍ക്കുള്ള മെച്ചത്തെ കുറിച്ച് ജെ.ബി.എസ്. ഹാള്‍ഡേനെ പോലുള്ള ജനകീയശാസ്ത്രകാരന്മാര്‍ എഴുതുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ കേന്ദ്രീകൃത ജലവിതരണപദ്ധതികളുടെ ഭാഗമായി പൊതുടാപ്പുകള്‍ സ്ഥാപിച്ചത് ദരിദ്രജനവിഭാഗങ്ങള്‍ക്ക് ആശ്വാസമായിരുന്നു.  

പ്രാദേശികഭരണസമിതികള്‍ക്ക് ജലവിതരണം കാര്യക്ഷമമായി ചെയ്യാന്‍ കഴിയുന്നില്ലെന്നതിന്റെ പേരിലാണ് ലോകബാങ്ക് നിര്‍ദ്ദേശത്തിന്റെ തുടര്‍ച്ചയെന്നോണം കേരളത്തില്‍ പിന്നീട് ജല അഥോറിറ്റി രൂപീകരിക്കുകയും ഒരു ഉദ്യോഗസ്ഥവൃന്ദത്തെ ജലവിതരണത്തിന്റെ ചുമതല ഏല്പിക്കുകയും ചെയ്യുന്നത്. കേരളത്തില്‍ ഗ്രാമനഗരഭേദങ്ങള്‍ മാഞ്ഞു തുടങ്ങുന്നതോടെ കേന്ദ്രീകൃതജലവിതരണപദ്ധതികള്‍ മിക്കവാറും എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി. ജനസംഖ്യയിലും ജനസാന്ദ്രതയിലുമുണ്ടായ വര്‍ദ്ധന മൂലം ജലോപഭോഗത്തിലുണ്ടായ വര്‍ദ്ധനവ്, വനനശീകരണം, പാടങ്ങളും കുളങ്ങളും നികത്തുന്നത്, വ്യാവസായികാവശ്യങ്ങള്‍ക്കും മറ്റും വലിയ തോതില്‍ ജലം ഉപയോഗിച്ചു തുടങ്ങുന്നത്, മണ്ണിന്റെ ജലസംഭരണശേഷിയിലുണ്ടായ ഇടിവ്, വ്യാവസായികമാലിന്യങ്ങള്‍ ഒഴുക്കുന്നതു മൂലവും മറ്റും പുഴകളും തടാകങ്ങളും മലിനീകരിക്കപ്പെട്ടത് തുടങ്ങി പല കാര്യങ്ങളും ജലവിഭവത്തില്‍ വലിയ ശോഷണമുണ്ടാക്കി. (ജലവിഭവശേഷിയിലുണ്ടായ വലിയ ഇടിവിന്, ലാഭത്തെ മാത്രം മുന്നില്‍ കാണുന്ന മുതലാളിത്തത്തിന്റെ വികസനപദ്ധതികള്‍ക്ക് വലിയ പങ്കുണ്ട്. )ഇവയെല്ലാം കേന്ദ്രീകൃതമായ ജലവിതരണസംവിധാനങ്ങളെ ആശ്രയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ലാഭതാല്പര്യങ്ങള്‍ കിണറുകളുടേയും കുളങ്ങളുടേയും നീര്‍ത്തടങ്ങളുടേയും നികത്തലിന് ത്വരകമായിരുന്നു. കേന്ദ്രീകൃതജലവിതരണസംവിധാനം വഴി കുടിവെള്ളം ലഭ്യമാക്കുന്നതിന് കിണറുകള്‍ മൂടിക്കളയണമെന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങള്‍ പോലും ഒരു കാലയളവില്‍ നടപ്പിലാക്കപ്പെട്ടിരുന്നു. വൈപ്പിനില്‍ വലിയ പ്രക്ഷോഭണങ്ങളിലേക്കു നയിച്ച കുടിവെള്ളക്ഷാമത്തിനു തൊട്ടു മുമ്പ് കുടിവെള്ള പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വീടുകളിലെ കിണറുകളും കുളങ്ങളും മൂടാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നുവത്രെ! പിന്നെ, ജലവിഭവത്തിന്റെ ചൂഷണത്തിന് നിയമപരമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി. പൊതുടാപ്പുകളില്‍ നിന്ന് വെള്ളമെടുക്കുന്നവര്‍ക്ക് കരമേര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കപ്പെട്ടു. വെള്ളം വില കൊടുത്തു വാങ്ങേണ്ട പ്രകൃതിവിഭവമാണെന്ന കാര്യത്തില്‍ യോജിപ്പുകളുണ്ടായി. (ഇതോടൊപ്പം ജീവവായുവും 'വിലയില്ലാത്ത' പ്രകൃതിവിഭവമല്ലെന്നും അതിന്റേയും മൂല്യം നിര്‍ണ്ണയിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുന്നുണ്ട്. വായു മലിനീകൃതമായ പ്രദേശങ്ങളില്‍ ഓക്സിജന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിലൂടെയും നഗരങ്ങളില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കുന്നതിലൂടെയും ലഭ്യമാകുന്ന ലാഭം കണക്കുകൂട്ടിത്തുടങ്ങിയിട്ടുണ്ട്. ) ദരിദ്രരായ ജനങ്ങള്‍ പൊതുടാപ്പുകളില്‍ നിന്നോ പ്രാദേശികമായ കൂട്ടായ്മകളിലൂടെ നിര്‍മ്മിക്കുന്ന ജലസ്രോതസ്സുകളില്‍ നിന്നോ ജലമെടുക്കുന്നതിന് ഉപയോഗച്ചെലവ് ഈടാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ജലനിധി പോലുള്ള പില്ക്കാല പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇപ്പോള്‍, പൊതുടാപ്പുകള്‍ അടയ്ക്കുന്നതിനുള്ള തീരുമാനം തന്നെ മുന്നോട്ടുവയ്ക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്യുകയാണ്.

പുതിയ കേന്ദ്രജലനയത്തില്‍ സ്വകാര്യവല്ക്കരണത്തെ കുറിച്ചു നേരിട്ടു പറയുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് ജലവിതരണം സ്വകാര്യവല്ക്കരിക്കേണ്ടതല്ലേയെന്ന കോടതിയുടെ ചോദ്യവും ഉയരുന്നത്. എല്ലാ ജനവിഭാഗങ്ങളിലും പെട്ട ആളുകളും കുടിവെള്ളം വില കൊടുത്തു വാങ്ങട്ടെയെന്ന് എല്ലാ യജമാനന്മാരും ചേര്‍ന്നു തീരുമാനിക്കുകയാണ്. കിന്‍ലേയും അക്വാഫിനയും ഉള്‍പ്പെടയുള്ള കോര്‍പ്പറേറ്റു മുതലാളിമാര്‍ തുടങ്ങി ചെറുകിടകുത്തകകള്‍ വരെ കുടിവെള്ളവിതരണത്തിലൂടെ നേടാന്‍ കഴിയുന്ന ലാഭം ഉറപ്പിക്കാനുള്ള ശ്രമങ്ങളില്‍ വ്യാപൃതരാണ്. ഒരിക്കല്‍ പെരിയാറിനെ മൊത്തമായി കുത്തകകള്‍ക്ക് വില്ക്കാനൊരുങ്ങിയവര്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്നും അറിയണം. കിണറുകളില്‍ നിന്ന് വെള്ളം ശേഖരിച്ച് വലിയ ബോട്ടിലുകളാക്കി വില്ക്കുന്ന ഒരു വിഭാഗം കച്ചവടക്കാരും ഉയര്‍ന്നുവന്നിട്ടുണ്ട്. എല്ലാ മദ്ധ്യവര്‍ഗക്കാരുടെയും വീടുകളിലേക്ക് പത്രത്തോടും പാലിനോടുമൊപ്പം രണ്ടോ മൂന്നോ കുപ്പി കുടിവെള്ളം കൂടി വരുന്ന കാലം വിദൂരമല്ല. പാവങ്ങള്‍ എന്തുചെയ്യും?  

അധികാരവികേന്ദ്രീകരണത്തെ കുറിച്ചുള്ള എല്ലാ വാചകകസര്‍ത്തുകള്‍ക്കുമിടയിലും മനുഷ്യന് പ്രാഥമികമായി ആവശ്യമുള്ള പ്രകൃതിവിഭവങ്ങള്‍ പോലും കുത്തകകള്‍ക്കും കോര്‍പ്പറേറ്റു ശക്തികള്‍ക്കും അടിയറവയ്ക്കുകയാണ്. മനുഷ്യര്‍ക്കിടയില്‍ പൂര്‍ണ്ണമായി വികേന്ദ്രീകരിക്കപ്പെട്ടിരുന്ന അധികാരാവകാശങ്ങള്‍ കൂടി കവര്‍ന്നെടുക്കുകയാണ്. ജലവിതരണത്തിനായി നടപ്പിലാക്കപ്പെട്ട പല പദ്ധതികളും സ്വകാര്യവല്ക്കരണത്തെ പിന്‍വാതിലിലൂടെ കടത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളായിരുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. ജലനിധി പോലുള്ള പദ്ധതികള്‍ സ്വകാര്യമൂലധനശക്തികള്‍ക്കു കടന്നുവരാനുള്ള 'സേഫ്റ്റിവാള്‍വു'കളായിട്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് വളരെ നേരത്തെ തന്നെ ചൂണ്ടികാണിക്കപ്പെട്ടിരുന്നു.

നമ്മുടെ ജലസ്രോതസ്സുകള്‍ വറ്റിവരളുകയാണ്. പേരാര്‍ അഴുക്കുചാലായി മാറിയിരിക്കുന്നു. കനോലികനാല്‍ പോലുള്ള പല തോടുകളും പുഴകളും മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ഇടങ്ങളായി മാറിയിരിക്കുന്നു. കുളങ്ങളും തടാകങ്ങളും കായലുകളും വയലുകളും നികത്തപ്പെടുന്നു. കേരളത്തിലെ ഭൂവിസ്തൃതിയുടെ ഒരു വലിയ ഭാഗം നിരത്തുകള്‍ക്കു വേണ്ടി ടാറിട്ടു കഴിഞ്ഞിരിക്കുന്നു. ഊടുവഴികള്‍ പോലും ടാറിടുകയാണ്. വീടുകളുടെ മുറ്റം പൂര്‍ണ്ണമായും സിമന്റിടുകയോ ടൈലുകള്‍ നിരത്തുകയോ ചെയ്യുന്നു. വെള്ളം മണ്ണില്‍ കിനിഞ്ഞിറങ്ങാനുള്ള മാര്‍ഗങ്ങള്‍ അടയ്ക്കപ്പെടുകയാണ്. മണ്ണിന്റെ ജലസംഭരണശേഷിയും ഭൂഗര്‍ഭജലത്തിന്റെ അളവും ഇടിയുകയാണ്. നമ്മുടെ പുത്തന്‍ ജീവിതരീതി ജലചക്രത്തെ തകര്‍ക്കുന്നതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യസമൂഹം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ജലവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് ദീര്‍ഘദര്‍ശികള്‍ മുന്നറിയിപ്പു നല്കുന്നു. കേരളവും എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധി അതീവ ഗുരുതരമാണ്. ഇതിനെ തിരിച്ചറിയുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ജനാധിപത്യപൊതുമണ്ഡലത്തില്‍ നിന്നും ഉയര്‍ന്നു വരേണ്ടതുണ്ട്.
See Also: http://www.nalamidam.com/archives/11550

2 comments:

dEvAn said...

വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നതിന്ന് കൃഷിസ്ഥലങ്ങൾ വലിയ പങ്കാണ് വഹിച്ചിരുന്നത്. നെൽ പാടങ്ങൾ പ്രത്യേകിച്ചും. കൃഷിക്ക് വ്യാവസായിക മുഖം നൽകി ലാഭകരമല്ലെന്ന് പ്രഖ്യാപിച്ചും വില കൂട്ടുന്നതിന്നായി മണ്ണിട്ടു മൂടിയും അവിടെയും "ലാഭേഛ" മിടുക്കു കാട്ടുന്നു. കേവലം അരിക്കു വേണ്ടിയല്ല പാടമെന്ന പാഠം പഠിച്ചില്ലെങ്കിൽ,ആവാസവ്യവസ്ഥയുടെ അവിഭാജ്യഘടകമാണെന്ന് അറിഞ്ഞില്ലെങ്കിൽ, കുടിവെള്ളം വിൽപനച്ചരക്കാവുന്നത് നോക്കിനിൽക്കേണ്ടി വരും.

Salim Divakaran said...

Salim Divakaran ഞങ്ങടെ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രി സായ്പിന്റെ കാലത്ത് വന്നതാ, അവടത്തെ റോട്ടിലെ പൈപ്പ് വെള്ളം സായ്പ്പ് കൊണ്ട് വന്നതാ. എല്ലാം ഫ്രീ , പുത്തന്‍ സായ്പന്മാര്‍ വന്നപ്പോള്‍ ആശുപത്രിയില്‍ യൂസേഴ്സ് ഫീ റോട്ടിലെ പൈപുകളടക്കുന്നു, ഇനി ഫുട്ബോള്‍ കളിച്ചു വീണാ കീസേ പൈസ വേണം, കളി കഴിഞ്ഞാ കുടിക്കാന്‍ ബോട്ടില്‍ വാട്ടെര്‍ വേണം