Saturday, May 26, 2012

ഇപ്പോള്‍, നീതിപീഠത്തിന് ചില കടമകളുണ്ട്


ടി.പി. ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകത്തിനു ശേഷം കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഒരു ജനാധിപത്യപൌരസമൂഹത്തിന് അപമാനകരമാണ്. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളെ തടയുന്നതിനുള്ള പരിപാടികള്‍ മുഖ്യധാരയിലുള്ള ഒരു രാഷ്ട്രീയകക്ഷിയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ചപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിന്നകം അറസ്റ്റുചെയ്യപ്പെട്ടിട്ടുള്ളവര്‍ ഈ രാഷ്ട്രീയകക്ഷിയുടെ ഏരിയ, ലോക്കല്‍ കമ്മിറ്റിയംഗങ്ങളോ അംഗങ്ങളോ ഇതര ബന്ധങ്ങളുള്ളവരോ ആണ്. തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന ഇവരുടെ ആരോപണത്തിന്, യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ മാത്രമേ ഉണ്ടാകൂയെന്ന് മുഖ്യമന്ത്രിയും അന്വേഷണത്തെ കുറിച്ച് പരാതികളുണ്ടെങ്കില്‍ നിയമമാര്‍ഗ്ഗങ്ങള്‍ തേടുകയാണു വേണ്ടതെന്ന് പ്രതിപക്ഷനേതാവും പറഞ്ഞതിനുശേഷവും അന്വേഷണത്തിനെതിരായ സംഘടിത പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിനു മുമ്പു നടന്ന രണ്ടു കൊലപാതകങ്ങളില്‍ ഈ രാഷ്ട്രീയകക്ഷിക്കുള്ള ബന്ധം ഈയിടെ വ്യക്തമാകുകയുണ്ടായി. ഫസല്‍ വധത്തെ കുറിച്ചുള്ള സി.ബി.ഐ അന്വേഷണം എത്തിനില്ക്കുന്നത് ഈ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ രണ്ടു പ്രമുഖ നേതാക്കളിലാണ്. ഷുക്കൂര്‍ വധത്തില്‍ പാര്‍ട്ടിയില്‍ പെട്ടവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി തന്നെ ചില അഭിമുഖസംഭാഷണങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ഇടുക്കിജില്ലയില്‍ നടത്തിയ നാലു രാഷ്ട്രീയകൊലപാതകങ്ങളെ കുറിച്ച് ജനങ്ങളെ പേടിപ്പിക്കുന്ന രീതിയില്‍ ഇതേ പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറി വെളിപ്പെടുത്തിയിരിക്കുന്നു. ഇത്തരം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തു നടത്തുന്നത് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനങ്ങളിലൊന്നാണ് എന്ന വസ്തുത കാര്യത്തിന്റെ ഗൌരവത്തെ വര്‍ദ്ധിപ്പിക്കുന്നു. രാജ്യത്തിന്റെ നിയമവ്യവസ്ഥക്കനുസരിച്ച് പ്രവര്‍ത്തിച്ചു കൊള്ളാമെന്നു പ്രതിജ്ഞ ചെയ്യുകയും മൂന്നു സംസ്ഥാനങ്ങളില്‍ ഭരണനേത‍ത്വത്തിലെത്തുകയും ചെയ്തിട്ടുള്ള ഒരു രാഷ്ട്രീയകക്ഷി നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ടു നടത്തുന്ന ഹീനമായ പ്രവര്‍ത്തനങ്ങളെ അടുത്തറിയാനും പരിശോധിക്കാനുമുള്ള പരിശ്രമങ്ങള്‍ നീതിപീഠത്തിന്റെ തന്നെ മുന്‍കൈയില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇത്തരുണത്തില്‍, ഈ രാഷ്ട്രീയകക്ഷിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ നീതിപീഠം അതിന്റെ മുന്‍കൈയില്‍ വിചാരണ ചെയ്യുകയും ഇവര്‍ നടത്തിയ കൊടുംപാതകങ്ങളെ കുറിച്ച് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്കു ബോദ്ധ്യപ്പെടുത്തുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യേണ്ടതാണ്. ജുഡീഷ്യല്‍ ആക്ടിവിസത്തെ കുറിച്ചു്, അവസരത്തിലും അനവസരത്തിലുമുള്ള ആരോപണങ്ങളെ ശരിയായ സന്ദര്‍ഭത്തിലെ ശരിയായ ഇടപെടല്‍ കൊണ്ട് മറികടക്കാന്‍ നീതിപീഠത്തിനു കഴിയട്ടെ.

Wednesday, May 23, 2012

എന്റെ രക്തത്തില്‍ കണ്ണീരു വീഴ്ത്തരുത്‌


 ടി.പി. ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകം, കേരളീയസമൂഹം എത്തിപ്പെട്ടിരിക്കുന്ന അതിനീചവും ഭയാനകവുമായ അവസ്ഥയുടെ പ്രത്യക്ഷമാണ്‌. തങ്ങള്‍ക്കെതിരായ രാഷ്ട്രീയനിലപാടുകള്‍ സൂക്ഷിക്കുന്നവരെ കൊന്നുതള്ളാന്‍ അറപ്പില്ലാത്തവരായി ചില മുഖ്യധാരാരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മാറിത്തീര്‍ന്നിരിക്കുന്നു. വിമതവും വ്യത്യസ്തവുമായ ശബ്ദങ്ങളെ അസഹിഷ്ണുതയോടെ മാത്രമേ ഇവര്‍ക്കു ശ്രവിക്കാന്‍ കഴിയുന്നുള്ളൂ. ഏറ്റവും നൃശംസമായ മാര്‍ഗ്ഗങ്ങളിലൂടെ, കൊടുംപാതകങ്ങളിലൂടെ വിമതശബ്ദങ്ങളെ പോലും ഇല്ലായ്മ ചെയ്യാന്‍ അതു മടി കാണിക്കുകയില്ലെന്നാണ്‌ ചന്ദ്രശേഖരന്റെ കൊലപാതകം വെളിപ്പെടുത്തുന്നത്‌. 

സമകാലകേരളരാഷ്ട്രീയം അതീവ പ്രതിലോമപരമായ വഴികളിലും ദിശകളിലുമാണ്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ രണ്ടു ദശകത്തോളമായി കേരളത്തിലെ മുഖ്യ ഇടതുപക്ഷപ്രസ്ഥാനത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന കൊടിയ അപചയമാണ്‌ പ്രതിലോമപരമായ വഴികളേയും ദിശകളേയും നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം. ആഗോളീകരണപ്രക്രിയകളുടെ തുടര്‍ച്ചയെന്നോണം, നമ്മുടെ സമൂഹത്തില്‍ ഉപഭോഗസംസ്ക്കാരവും മദ്ധ്യവര്‍ഗ്ഗവല്‍ക്കരണവും അരാഷ്ട്രീയപ്രവണതകളും ത്വരിതഗതിയാര്‍ജ്ജിക്കുകയും ഇടതുപക്ഷത്തിന്റെ വ്യവസ്ഥാപിത മുഖ്യധാര ആശാസ്യമല്ലാത്ത ഈ പ്രവണതകളെ ചെറുക്കാന്‍ ശക്തിയില്ലാതെ അവയ്ക്കു കീഴ്പ്പെടുകയും ചെയ്തു. പണമിടപാടു സ്ഥാപനങ്ങളുടെ അധിപന്മാരും ചെറുകിട കോണ്‍ട്രാക്ടര്‍മാരും റിയല്‍ എസ്റ്റേറ്റു ബിസിനസ്സുകാരും മദ്യവ്യവസായികളും ഇടനിലക്കാരും ഗുണ്ടാപ്രമാണികളും ഈ കാലയളവില്‍ ഇടതുരാഷ്ട്രീയപ്രസ്ഥാനത്തിലെ അംഗങ്ങളായിത്തീര്‍ന്നു.ഇവര്‍ പെട്ടെന്നു തന്നെ രാഷ്ട്രീയനേതൃത്വത്തിലേക്കു കടന്നുവരികയും ചെയ്തു. ഇപ്പോള്‍, പ്രസ്ഥാനത്തിന്റെ വര്‍ഗ്ഗപരമായ അടിത്തറകള്‍ ഇളക്കിമാറ്റപ്പെടുന്നതും ഈ പുത്തന്‍ മദ്ധ്യവര്‍ഗ്ഗത്തെ കൊണ്ട്‌ അതിനെ പ്രതിസ്ഥാപിക്കുന്നതും കാണാന്‍ കഴിയുമായിരുന്നു. ഫാന്റസിപാര്‍ക്കുകളുടേയും മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രികളുടേയും സ്വാശ്രയകോളേജുകളുടേയും ഉടമസ്ഥരും നടത്തിപ്പുകാരുമായി മാറിയ ഇടതുരാഷ്ട്രീയനേതൃത്വം കോര്‍പ്പറേറ്റ്‌ മാനേജ്മെന്റുശക്തികളെയെന്ന പോലെ പെരുമാറിത്തുടങ്ങുന്നു. മുഖ്യഇടതുരാഷ്ട്രീയനേതൃത്വത്തിന്റെ ഈദൃശകാര്യങ്ങളിലെ നിര്‍വഹണക്ഷമത ശക്തമായപ്പോള്‍, അതിന്‌ അഭിസംബോധന ചെയ്യാനുണ്ടായിരുന്നത്‌ അധ:സ്ഥിതജനതയുടെ പ്രശ്നലോകങ്ങളെയായിരുന്നില്ല; മറിച്ച്‌, അന്യവര്‍ഗത്തിന്റെ രാഷ്ട്രീയത്തെ നടപ്പിലാക്കുന്ന സംഘമായി അത്‌ മാറിത്തീരുകയായിരുന്നു. കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയശക്തികളെ പോലും അമ്പരപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ വ്യവസ്ഥാപിത ഇടതുരാഷ്ട്രീയനേതൃത്വം ഇക്കഴിഞ്ഞ ദശകത്തില്‍ വലതുപക്ഷവല്‍ക്കരണത്തിനു വിധേയമാകുകയുണ്ടായി. തങ്ങളോടൊപ്പം നിന്ന വിഭാഗങ്ങള്‍ക്ക്‌ ചങ്ങാതിയായി വ്യവസ്ഥാപിത ഇടതുരാഷ്ട്രീയനേതൃത്വം മാറിത്തീരുന്നത്‌ വലതുരാഷ്ട്രീയപ്രസ്ഥാനങ്ങളെ കുഴക്കുന്നുമുണ്ടായിരുന്നു. നിയന്ത്രണങ്ങളേതുമില്ലാതെ സ്വകാര്യവല്കരണനയങ്ങളെ നടപ്പിലാക്കി കൊണ്ടും ജാതിമതശക്തികളുടെ ധ്രുവീകരണത്തിലൂടെയും ഇതിനു തടയിടാനുള്ള വലതുപക്ഷത്തിന്റെ ശ്രമങ്ങള്‍ അത്യന്തം പ്രതിലോമപരമായ സാമൂഹികഫലങ്ങളെയാണ്‌ സൃഷ്ടിച്ചത്‌. സ്വകാര്യ കോര്‍പ്പറേറ്റ്‌ മൂലധനശക്തികളും വിവിധ ജാതിമതസംഘടനകളും ചേര്‍ന്നുണ്ടാക്കുന്ന അതിരൂക്ഷമായ സമ്മര്‍ദ്ദരാഷ്ട്രീയത്തിന്റെ കളിക്കളമായി കേരളരാഷ്ട്രീയഭൂമിക മാറിത്തീരുന്നത് ഇങ്ങനെയാണ്. സ്വകാര്യലാഭത്തിന്റെ ശക്തികള്‍ വര്‍ദ്ധമാനമായ രീതിയില്‍ സാമൂഹികജീവിതത്തില്‍ പിടിമുറുക്കിയതോടെ ജനജീവിതം അതീവ ദുസ്സഹമായി തീര്‍ന്നു. 

സമകാലരാഷ്ട്രീയത്തിന്റെ ഈ പ്രതിലോമസ്ഥിതി രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ തന്നെ അസ്വസ്ഥതകളും അസംതൃപ്തികളും സൃഷ്ടിക്കുന്നുണ്ടായിരുന്നു. മുഖ്യധാരാഇടതുപക്ഷപ്രസ്ഥാനത്തില്‍ നിന്നു തന്നെ ഉയര്‍ന്നുവന്ന എതിര്‍പ്പുകള്‍ ഇതിന്റെ ഭാഗമാണ്‌. ചെറിയ വിമതശബ്ദങ്ങളോടു പോലും അസഹിഷ്ണുത കാണിക്കുന്ന രാഷ്ട്രീയനേതൃത്വത്തിന്റെ കീഴില്‍ പ്രസ്ഥാനം അമര്‍ന്നു കഴിഞ്ഞിരുതിനാല്‍ പെട്ടെന്നുള്ള പുറത്താക്കലുകളും ചെറിയ പിളര്‍പ്പുകളും അനിവാര്യമായിരുന്നു. വ്യവസ്ഥാപിതഇടതുപക്ഷപ്രസ്ഥാനത്തില്‍ നിന്നും മാറിനിന്നുകൊണ്ട്‌ പ്രവര്‍ത്തിക്കുകയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്ന ഇടതുപ്രസ്ഥാനങ്ങളും ചെറുഗ്രൂപ്പുകളും പുത്തന്‍ വിമതശബ്ദങ്ങളുമായി യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന സാഹചര്യങ്ങളെ ഇതു സൃഷ്ടിക്കുന്നുണ്ടായിരുന്നു. മുഖ്യധാരാഇടതുപക്ഷപ്രസ്ഥാനത്തില്‍ നിന്നു പുറത്തുവന്നവരും വ്യവസ്ഥാപിതഇടതുപക്ഷത്തിനെതിരായ നിലപാടുകളുള്ള ഇടതുപ്രസ്ഥാനങ്ങളും പുത്തന്‍ സാമൂഹികപ്രസ്ഥാനങ്ങളിലെ ഒരു വിഭാഗവും യോജിക്കുന്ന ചില സമരമുഖങ്ങള്‍ അടുത്ത കാലത്തു തുറക്കപ്പെട്ടത്‌ വളരെ പ്രധാനപ്പെട്ട ഒരു കാല്‍വെയ്പ്പായിരുന്നു. ഇടതും വലതുമായ വ്യവസ്ഥാപിത രാഷ്ട്രീയനേതൃത്വങ്ങളുടെ നിലപാടുകളെ തിരസ്ക്കരിച്ചു കൊണ്ട്‌ ജനകീയപ്രശ്നങ്ങളില്‍ ഇവര്‍ സമരമുഖങ്ങള്‍ തുറക്കാനാരംഭിച്ചതോടെ രാഷ്ട്രീയസംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയായിരുന്നു. ഒഞ്ചിയം ഈ രാഷ്ട്രീയപരീക്ഷണത്തിന്റെ വലിയൊരു വേദിയായിരുന്നു. ഒഞ്ചിയത്തെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവ്‌ കൊല ചെയ്യപ്പെടുന്നത്‌ ഈ സന്ദര്‍ഭത്തിലാണ്‌.


ടി.പി.ചന്ദ്രശേഖരന്‍ ആകര്‍ഷകമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. മുഖ്യധാരാപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുകയും വിദ്യാര്‍ത്ഥി, യുവജനനേതൃതലങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു, അദ്ദേഹം. ചന്ദ്രശേഖരന്റെ ഭാര്യ രമ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യാപിതാവ്‌ മാധവേട്ടനും ഭാര്യാസഹോദരിയുമെല്ലാം മുഖ്യധാരാപ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ളവരാണ്‌. ചന്ദ്രശേഖരന്റേത്‌ ഒരു കമ്മ്യൂണിസ്റ്റ്‌ കുടുംബമായിരുന്നു. ജീവിതത്തിന്റെ ഏറിയ ഭാഗവും ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന നിസ്വാര്‍ത്ഥനായ ഒരു പൊതുപ്രവര്‍ത്തകനാണ്‌ കൊലചെയ്യപ്പെട്ടത്‌. ഈ അറുംകൊല നടത്തിയവര്‍ ആരാണെന്ന ചോദ്യത്തിന് ഉത്തരമായി എല്ലാ വിരലുകളും ചൂണ്ടപ്പെടുന്നത്‌ അപചയിച്ച ഇടതുരാഷ്ട്രീയനേതൃത്വത്തിലേക്കാണ്‌. കെ.ജി. ശങ്കരപ്പിള്ളമാഷിന്റെ 'സഖാവ്‌ ബലരാമന്റെ കൊലപാതകം' എന്ന കവിതയെ കുറിച്ച്‌ ഞാന്‍ എഴുതിയ വാക്കുകള്‍ ആവര്‍ത്തിക്കട്ടെ. "പ്രസ്ഥാനത്തിലെ പ്രിയ സഖാക്കളെ കൊല ചെയ്യുന്ന നേതൃത്വത്തിന്റെ ദുരധികാരത്തേയും സമഗ്രാധിപത്യത്തേയും നാം കാണുന്നു. ആന്ധ്യം ബാധിച്ച നേതൃത്വത്തില്‍ നിന്നുകൊണ്ട്‌ സ്റ്റാലിന്‍ സംസാരിക്കുന്നു. അഭിപ്രായഭേദങ്ങളോടും വിമര്‍ശനങ്ങളോടും സഹിഷ്ണുതയില്ലാതെ പ്രതികരിക്കുവര്‍ക്ക്‌ മഹത്തായ ജനാധിപത്യം എങ്ങനെയാണ്‌ സൃഷ്ടിക്കാന്‍ കഴിയുക? അടിസ്ഥാനവര്‍ഗത്തോടുള്ള കൂറുമായി നല്ല ലോകം രചിക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ അധികാരലോഭങ്ങള്‍ക്ക്‌ കീഴ്പ്പെടുകയാണ്‌. " അപചയിച്ച പ്രസ്ഥാനത്തില്‍ നിന്നും മഹത്തായ മൂല്യങ്ങളും ആശയങ്ങളും ഒലിച്ചു പോയിരിക്കുന്നു. ആത്മീയമായി ശോഷിച്ചുപോയ പ്രസ്ഥാനങ്ങള്‍ ചന്ദ്രശേഖരന്മാര്‍ക്ക്‌ ചിതയൊരുക്കുകയാണ്‌, ഇപ്പോള്‍. അദ്ദേഹം കൊല ചെയ്യപ്പെട്ട ശേഷവും കുലംകുത്തി തന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞവര്‍ പ്രകടിപ്പിക്കുന്ന ധാര്‍ഷ്ഠ്യവും അഹന്തയും കേരളസമൂഹത്തിനു് അപമാനകരമാണ്‌. 
'ട്രോട്സ്കിയെ കൊന്ന പിക്കാക്സില്‍ 
സ്റ്റാലിന്റെ വിരലടയാളം തിരയരുതെന്ന് സ്റ്റാലിന്‍ 
ഭാതൃഹത്യ എന്ന തീര്‍പ്പ്‌ 
ചരിത്രത്തിന്റെ അതിവായനയെന്നു സ്റ്റാലിന്‍ 
ഒരു സഖാവിനാവില്ല കൊല്ലാന്‍
മറ്റൊരു സഖാവിനെയെന്നു സ്റ്റാലിന്‍ 
കായീന്റെ വംശക്കാരല്ല സഖാക്കളെന്നും
പറഞ്ഞു സ്റ്റാലിന്‍
ശവമടക്കിനു ശേഷം 
അര്‍ത്ഥങ്ങളുടെ വലിയ ചുടുകാട്ടില്‍ 
ഭാവിയുടെ വിഷപ്പല്ലില്‍ തിരയരുത്‌ 
നേതാവിന്റെ വിരലടയാളം.
സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു'
കുലംകുത്തി എന്ന രൂപകം കൊണ്ട്‌ പിന്നെയും പിന്നെയും വാക്യങ്ങള്‍ നിര്‍മ്മിക്കുന്ന നേതാവിനെ ഭരിക്കുന്ന വികാരം അജ്ഞാതരായ മനുഷ്യരുമായി സാഹോദര്യം നല്‍കുന്ന കമ്മ്യൂണിസ്റ്റുകാരന്റെ സാര്‍വദേശീയബോധമല്ലെന്നു തീര്‍ച്ച. അത്‌ ഗോത്രത്തലവന്റെ കുലമഹിമയാണ്‌. 'ഈ പാര്‍ട്ടിയെ നിങ്ങള്‍ക്കറിയില്ല' എന്ന് കേരളമെമ്പാടും ഗോത്രമഹിമയോ കുടുംബപുരാണമോ പറഞ്ഞു നടന്ന് ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന ഇയാള്‍ ചരിത്രത്തിലെ ഏറ്റവും ആധുനികമായ വര്‍ഗ്ഗത്തെ കുറിച്ചുള്ള മാര്‍ക്സിന്റെ സങ്കല്പനങ്ങളെ എങ്ങനെയാണ് തിരിച്ചറിയുക?


കേരളത്തിലെ ബുദ്ധിജീവിതം ചന്ദ്രശേഖരന്റെ അരുംകൊലയോട്‌ പ്രതികരിച്ച രീതി നമ്മുടെ സാമൂഹികജീവിതത്തിന്റെ ഭാവിയെ കുറിച്ചുള്ള ഉല്‍ക്കണ്ഠകളെ അധികരിപ്പിക്കുന്നു. നിശബ്ദരായിരുന്നവര്‍ ഏറെയാണ്‌. യെവ്തുഷെങ്കോയുടെ വാക്കുകളെ ഓര്‍ത്തുകൊണ്ടു പറയട്ടെ. നീതിക്കു വേണ്ടി ഉറക്കെ സംസാരിക്കേണ്ട സന്ദര്‍ഭത്തില്‍ നിര്‍മ്മമരായിരിക്കുന്നവര്‍ അനീതിയുടെ പക്ഷത്താണു നില്‍ക്കുന്നത്‌. ഇപ്പോള്‍ ചിലര്‍ നിശബ്ദതക്കുള്ള ന്യായീകരണങ്ങളുമായി വരുന്നുണ്ട്‌. ചന്ദ്രശേഖരന്റെ വധത്തെ നിസ്സാരീകരിച്ച്‌ അവതരിപ്പിക്കാനാണ്‌ ഇപ്പോള്‍ ഇവര്‍ ശ്രമിക്കുന്നത്‌. ഫാസിസത്തിന്റേയും നാസിസത്തിന്റേയും നാളുകളിലും സ്റ്റാലിനിസ്റ്റുവാഴ്ചക്കാലത്തും ബുദ്ധിജീവിതം എങ്ങനെയാണ്‌ രണ്ടുചേരികളായി പൊട്ടിപ്പിളര്‍ന്നതെന്നും ഗീബല്‍സിയന്‍ നുണകള്‍ എങ്ങനെയാണ്‌ നിര്‍മ്മിക്കപ്പെട്ടതെന്നും ഇന്നത്തെ കേരളിയ ബുദ്ധിജീവിതം നോക്കിയാല്‍ മനസ്സിലാകും. ചന്ദ്രശേഖരന്റെ കൊലപാതകത്തിനെതിരെ സംസാരിച്ച എഴുത്തുകാരെ സാംസ്ക്കാരിക ക്വട്ടേഷന്‍ സംഘം എന്നു വിളിച്ചത്‌ പുരോഗമനത്തിന്റെ പേരു പേറുന്ന എഴുത്തുകാരുടെ സംഘത്തിന്റെ നേതാവായിരുന്നു. ചന്ദ്രശേഖരനെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ അയച്ചവരെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയാണ്‌ അയാള്‍ ഈ പ്രസ്താവന ഇറക്കിയത്‌. ആറാം ഇന്ദ്രിയം നഷ്ടപ്പെട്ടവര്‍ കവികളെന്ന പേരിന് അര്‍ഹരല്ല. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അതു നഷ്ടപ്പെട്ടിട്ടില്ലെന്നു കൂടി ഇവര്‍ അറിയണം. 
'രക്തസാക്ഷി പറഞ്ഞു
ജീവിതത്തിലേക്കു പോകൂ
എന്റെ രക്തത്തില്‍ 
കണ്ണീരു വീഴ്ത്തരുത്‌ 
അത്‌ ഭാവിയുടെ ഞരമ്പുകളിലേക്ക്
പ്രയാണമാരംഭിച്ചു കഴിഞ്ഞു.'

(മെയ്‌ 23ന്‌ എഴുതിത്തീര്‍ത്തത്‌)

Friday, April 6, 2012

കുടിവെള്ളം വില്പനച്ചരക്കായത്...


എസ്. ജോസഫിന്റെ 'വെള്ളം' എന്ന കവിതയില്‍ നിന്നും

മുമ്പൊക്കെ ഞങ്ങള്‍ക്കൊന്നും കിണറില്ലാരുന്നു.
വെള്ളമെടുക്കാന്‍ കുന്‍ശന്മാരുടെ വീടുകളില്‍ പോണമാരുന്നു.
അവര്‍ മുറ്റത്തുനിന്നു തൊട്ടിയില്‍ വെള്ളം കോരും
ഞങ്ങള്‍ക്ക് താഴെനിന്ന് കവുങ്ങുംപാളയില്‍ കോരാം.
അല്ലെങ്കില്‍ പാടങ്ങള്‍ക്കു നടുവിലെ ഓലികളുണ്ട്.
ഒരു കൊടം വെള്ളത്തിനു പോണ അമ്മയോ അമ്മൂമ്മയോ
മിറ്റത്തുനിന്നുള്ള ഞങ്ങടെ വിളികളുടെ തുമ്പത്ത്
കെട്ടപ്പെട്ടിരുന്നു.
...................................................
ഇന്നു ഞങ്ങള്‍ക്കു കിണറുണ്ട്.
വെള്ളമില്ല
കിണറെടുത്തു ചെരിച്ചുവച്ച്
നാലുകൊടം വെള്ളമൂറ്റിയെടുത്തു"

ജലസമൃദ്ധമായ പ്രദേശമാണ് കേരളം. മുന്നൂറു സെ.മീ മഴ വരെ ലഭിച്ചിരുന്ന പ്രദേശം. ധാരാളം നീര്‍ച്ചാലുകളും അരുവികളും പുഴകളും. പറമ്പുകളിലും തൊടികളിലും പാടങ്ങളിലുമെല്ലാം കിണറുകളും കുളങ്ങളും. എന്നാല്‍, വെള്ളത്തിന്മേലുള്ള അവകാശത്തില്‍ ജന്മിത്വവും ജാതിവ്യവസ്ഥയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജോസഫിന്റെ കവിതയിലെ ആദ്യഭാഗം ദളിതര്‍ക്ക് വെള്ളത്തിനു മേല്‍ എത്രമാത്രം അവകാശങ്ങളുണ്ടായിരുന്നുവെന്ന് പറയുന്നുണ്ടല്ലോ. നവോത്ഥാനപ്രസ്ഥാനങ്ങളുടേയും ഇടതുപക്ഷപ്രസ്ഥാനങ്ങളുടേയും പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണം ജലത്തിനു മേലുള്ള അവകാശങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ക്കിടയിലുമായി വികേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥ സംജാതമാകുന്നുണ്ട്. ജീവവായുവെന്ന പോലെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഈ പ്രാഥമിക ഉപഭോഗവസ്തുവിന്മേലുള്ള അവകാശങ്ങള്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാപ്യമാകുന്ന അവസ്ഥ ഏറ്റക്കുറച്ചിലുകളോടെയെങ്കിലും കേരളത്തില്‍ നിലവിലുണ്ടായിരുന്നു. ഈ പ്രകൃതിവിഭവത്തിനു മേലുള്ള അധികാരാവകാശങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ക്കുമിടയില്‍ വികേന്ദ്രീകരിക്കപ്പെട്ടിരുന്നുവെന്നര്‍ത്ഥം.

നഗരങ്ങളിലേയും ചെറുടൌണുകളിലേയും ജലവിതരണം പ്രാദേശികഭരണസമിതികള്‍ ഏറ്റെടുക്കുന്നതോടെയാണ് ജലവിതരണം ആദ്യമായി കേന്ദ്രീകൃതമാകുന്നത്. ജലം ശുദ്ധീകരിക്കുന്നതിനും മലിനീകരണം ഒഴിവാക്കുന്നതിനും കേന്ദ്രീകൃതപദ്ധതികള്‍ക്ക് കഴിയുമെന്നത് ശ്രദ്ധാര്‍ഹമായ കാര്യമാണ്. ജലജന്യരോഗങ്ങളെ തടയുന്നതിനും മറ്റും പൊതുവായ ജലവിതരണപദ്ധതികള്‍ക്കുള്ള മെച്ചത്തെ കുറിച്ച് ജെ.ബി.എസ്. ഹാള്‍ഡേനെ പോലുള്ള ജനകീയശാസ്ത്രകാരന്മാര്‍ എഴുതുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ കേന്ദ്രീകൃത ജലവിതരണപദ്ധതികളുടെ ഭാഗമായി പൊതുടാപ്പുകള്‍ സ്ഥാപിച്ചത് ദരിദ്രജനവിഭാഗങ്ങള്‍ക്ക് ആശ്വാസമായിരുന്നു.  

പ്രാദേശികഭരണസമിതികള്‍ക്ക് ജലവിതരണം കാര്യക്ഷമമായി ചെയ്യാന്‍ കഴിയുന്നില്ലെന്നതിന്റെ പേരിലാണ് ലോകബാങ്ക് നിര്‍ദ്ദേശത്തിന്റെ തുടര്‍ച്ചയെന്നോണം കേരളത്തില്‍ പിന്നീട് ജല അഥോറിറ്റി രൂപീകരിക്കുകയും ഒരു ഉദ്യോഗസ്ഥവൃന്ദത്തെ ജലവിതരണത്തിന്റെ ചുമതല ഏല്പിക്കുകയും ചെയ്യുന്നത്. കേരളത്തില്‍ ഗ്രാമനഗരഭേദങ്ങള്‍ മാഞ്ഞു തുടങ്ങുന്നതോടെ കേന്ദ്രീകൃതജലവിതരണപദ്ധതികള്‍ മിക്കവാറും എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി. ജനസംഖ്യയിലും ജനസാന്ദ്രതയിലുമുണ്ടായ വര്‍ദ്ധന മൂലം ജലോപഭോഗത്തിലുണ്ടായ വര്‍ദ്ധനവ്, വനനശീകരണം, പാടങ്ങളും കുളങ്ങളും നികത്തുന്നത്, വ്യാവസായികാവശ്യങ്ങള്‍ക്കും മറ്റും വലിയ തോതില്‍ ജലം ഉപയോഗിച്ചു തുടങ്ങുന്നത്, മണ്ണിന്റെ ജലസംഭരണശേഷിയിലുണ്ടായ ഇടിവ്, വ്യാവസായികമാലിന്യങ്ങള്‍ ഒഴുക്കുന്നതു മൂലവും മറ്റും പുഴകളും തടാകങ്ങളും മലിനീകരിക്കപ്പെട്ടത് തുടങ്ങി പല കാര്യങ്ങളും ജലവിഭവത്തില്‍ വലിയ ശോഷണമുണ്ടാക്കി. (ജലവിഭവശേഷിയിലുണ്ടായ വലിയ ഇടിവിന്, ലാഭത്തെ മാത്രം മുന്നില്‍ കാണുന്ന മുതലാളിത്തത്തിന്റെ വികസനപദ്ധതികള്‍ക്ക് വലിയ പങ്കുണ്ട്. )ഇവയെല്ലാം കേന്ദ്രീകൃതമായ ജലവിതരണസംവിധാനങ്ങളെ ആശ്രയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ലാഭതാല്പര്യങ്ങള്‍ കിണറുകളുടേയും കുളങ്ങളുടേയും നീര്‍ത്തടങ്ങളുടേയും നികത്തലിന് ത്വരകമായിരുന്നു. കേന്ദ്രീകൃതജലവിതരണസംവിധാനം വഴി കുടിവെള്ളം ലഭ്യമാക്കുന്നതിന് കിണറുകള്‍ മൂടിക്കളയണമെന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങള്‍ പോലും ഒരു കാലയളവില്‍ നടപ്പിലാക്കപ്പെട്ടിരുന്നു. വൈപ്പിനില്‍ വലിയ പ്രക്ഷോഭണങ്ങളിലേക്കു നയിച്ച കുടിവെള്ളക്ഷാമത്തിനു തൊട്ടു മുമ്പ് കുടിവെള്ള പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വീടുകളിലെ കിണറുകളും കുളങ്ങളും മൂടാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നുവത്രെ! പിന്നെ, ജലവിഭവത്തിന്റെ ചൂഷണത്തിന് നിയമപരമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി. പൊതുടാപ്പുകളില്‍ നിന്ന് വെള്ളമെടുക്കുന്നവര്‍ക്ക് കരമേര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കപ്പെട്ടു. വെള്ളം വില കൊടുത്തു വാങ്ങേണ്ട പ്രകൃതിവിഭവമാണെന്ന കാര്യത്തില്‍ യോജിപ്പുകളുണ്ടായി. (ഇതോടൊപ്പം ജീവവായുവും 'വിലയില്ലാത്ത' പ്രകൃതിവിഭവമല്ലെന്നും അതിന്റേയും മൂല്യം നിര്‍ണ്ണയിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുന്നുണ്ട്. വായു മലിനീകൃതമായ പ്രദേശങ്ങളില്‍ ഓക്സിജന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിലൂടെയും നഗരങ്ങളില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കുന്നതിലൂടെയും ലഭ്യമാകുന്ന ലാഭം കണക്കുകൂട്ടിത്തുടങ്ങിയിട്ടുണ്ട്. ) ദരിദ്രരായ ജനങ്ങള്‍ പൊതുടാപ്പുകളില്‍ നിന്നോ പ്രാദേശികമായ കൂട്ടായ്മകളിലൂടെ നിര്‍മ്മിക്കുന്ന ജലസ്രോതസ്സുകളില്‍ നിന്നോ ജലമെടുക്കുന്നതിന് ഉപയോഗച്ചെലവ് ഈടാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ജലനിധി പോലുള്ള പില്ക്കാല പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇപ്പോള്‍, പൊതുടാപ്പുകള്‍ അടയ്ക്കുന്നതിനുള്ള തീരുമാനം തന്നെ മുന്നോട്ടുവയ്ക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്യുകയാണ്.

പുതിയ കേന്ദ്രജലനയത്തില്‍ സ്വകാര്യവല്ക്കരണത്തെ കുറിച്ചു നേരിട്ടു പറയുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് ജലവിതരണം സ്വകാര്യവല്ക്കരിക്കേണ്ടതല്ലേയെന്ന കോടതിയുടെ ചോദ്യവും ഉയരുന്നത്. എല്ലാ ജനവിഭാഗങ്ങളിലും പെട്ട ആളുകളും കുടിവെള്ളം വില കൊടുത്തു വാങ്ങട്ടെയെന്ന് എല്ലാ യജമാനന്മാരും ചേര്‍ന്നു തീരുമാനിക്കുകയാണ്. കിന്‍ലേയും അക്വാഫിനയും ഉള്‍പ്പെടയുള്ള കോര്‍പ്പറേറ്റു മുതലാളിമാര്‍ തുടങ്ങി ചെറുകിടകുത്തകകള്‍ വരെ കുടിവെള്ളവിതരണത്തിലൂടെ നേടാന്‍ കഴിയുന്ന ലാഭം ഉറപ്പിക്കാനുള്ള ശ്രമങ്ങളില്‍ വ്യാപൃതരാണ്. ഒരിക്കല്‍ പെരിയാറിനെ മൊത്തമായി കുത്തകകള്‍ക്ക് വില്ക്കാനൊരുങ്ങിയവര്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്നും അറിയണം. കിണറുകളില്‍ നിന്ന് വെള്ളം ശേഖരിച്ച് വലിയ ബോട്ടിലുകളാക്കി വില്ക്കുന്ന ഒരു വിഭാഗം കച്ചവടക്കാരും ഉയര്‍ന്നുവന്നിട്ടുണ്ട്. എല്ലാ മദ്ധ്യവര്‍ഗക്കാരുടെയും വീടുകളിലേക്ക് പത്രത്തോടും പാലിനോടുമൊപ്പം രണ്ടോ മൂന്നോ കുപ്പി കുടിവെള്ളം കൂടി വരുന്ന കാലം വിദൂരമല്ല. പാവങ്ങള്‍ എന്തുചെയ്യും?  

അധികാരവികേന്ദ്രീകരണത്തെ കുറിച്ചുള്ള എല്ലാ വാചകകസര്‍ത്തുകള്‍ക്കുമിടയിലും മനുഷ്യന് പ്രാഥമികമായി ആവശ്യമുള്ള പ്രകൃതിവിഭവങ്ങള്‍ പോലും കുത്തകകള്‍ക്കും കോര്‍പ്പറേറ്റു ശക്തികള്‍ക്കും അടിയറവയ്ക്കുകയാണ്. മനുഷ്യര്‍ക്കിടയില്‍ പൂര്‍ണ്ണമായി വികേന്ദ്രീകരിക്കപ്പെട്ടിരുന്ന അധികാരാവകാശങ്ങള്‍ കൂടി കവര്‍ന്നെടുക്കുകയാണ്. ജലവിതരണത്തിനായി നടപ്പിലാക്കപ്പെട്ട പല പദ്ധതികളും സ്വകാര്യവല്ക്കരണത്തെ പിന്‍വാതിലിലൂടെ കടത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളായിരുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. ജലനിധി പോലുള്ള പദ്ധതികള്‍ സ്വകാര്യമൂലധനശക്തികള്‍ക്കു കടന്നുവരാനുള്ള 'സേഫ്റ്റിവാള്‍വു'കളായിട്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് വളരെ നേരത്തെ തന്നെ ചൂണ്ടികാണിക്കപ്പെട്ടിരുന്നു.

നമ്മുടെ ജലസ്രോതസ്സുകള്‍ വറ്റിവരളുകയാണ്. പേരാര്‍ അഴുക്കുചാലായി മാറിയിരിക്കുന്നു. കനോലികനാല്‍ പോലുള്ള പല തോടുകളും പുഴകളും മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ഇടങ്ങളായി മാറിയിരിക്കുന്നു. കുളങ്ങളും തടാകങ്ങളും കായലുകളും വയലുകളും നികത്തപ്പെടുന്നു. കേരളത്തിലെ ഭൂവിസ്തൃതിയുടെ ഒരു വലിയ ഭാഗം നിരത്തുകള്‍ക്കു വേണ്ടി ടാറിട്ടു കഴിഞ്ഞിരിക്കുന്നു. ഊടുവഴികള്‍ പോലും ടാറിടുകയാണ്. വീടുകളുടെ മുറ്റം പൂര്‍ണ്ണമായും സിമന്റിടുകയോ ടൈലുകള്‍ നിരത്തുകയോ ചെയ്യുന്നു. വെള്ളം മണ്ണില്‍ കിനിഞ്ഞിറങ്ങാനുള്ള മാര്‍ഗങ്ങള്‍ അടയ്ക്കപ്പെടുകയാണ്. മണ്ണിന്റെ ജലസംഭരണശേഷിയും ഭൂഗര്‍ഭജലത്തിന്റെ അളവും ഇടിയുകയാണ്. നമ്മുടെ പുത്തന്‍ ജീവിതരീതി ജലചക്രത്തെ തകര്‍ക്കുന്നതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യസമൂഹം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ജലവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് ദീര്‍ഘദര്‍ശികള്‍ മുന്നറിയിപ്പു നല്കുന്നു. കേരളവും എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധി അതീവ ഗുരുതരമാണ്. ഇതിനെ തിരിച്ചറിയുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ജനാധിപത്യപൊതുമണ്ഡലത്തില്‍ നിന്നും ഉയര്‍ന്നു വരേണ്ടതുണ്ട്.




See Also: http://www.nalamidam.com/archives/11550

Saturday, March 3, 2012

നിലപ്പന ഒരു കാവ്യാദര്‍ശം



എഴുത്തുകാരന്‍ തന്റെ രചനയിലൂടെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത് പുതിയ അര്‍ത്ഥലോകങ്ങളെയാണ്. എഴുത്തിന്റെ ദൌത്യം തന്നെ ഇതാണ്. ഈ കര്‍ത്തവ്യത്തെ പുതിയ കവി നന്നായി മനസ്സിലാക്കിയിരിക്കുന്നു. തന്റെ ചെറിയ അനുഭവങ്ങളില്‍ നിന്നു പോലും പുതിയ അര്‍ത്ഥങ്ങളെ ഉണര്‍ത്താന്‍ അയാള്‍ ശ്രമിക്കുന്നു. തനിക്കു ചുറ്റുമുള്ള, നിത്യപരിചയത്തിലുള്ള വസ്തുക്കളില്‍ നിന്നു തന്നെ സമകാലലോകയാഥാര്‍ത്ഥ്യത്തെ അയാള്‍ കണ്ടെത്തുന്നു. നമുക്കു ചുറ്റുമുള്ള ചെറിയ വസ്തുക്കള്‍ക്കു നല്കാന്‍ കഴിയുന്നത് അവയുടെ തനതുപാഠങ്ങള്‍ മാത്രമല്ലെന്നും ലോകയാഥാര്‍ത്ഥ്യം ഇവയില്‍ എങ്ങിനെയൊക്കെയോ പ്രവര്‍ത്തനക്ഷമമാകുന്നുവെന്നും അറിയുന്നു. എല്ലാവര്‍ക്കും പെട്ടെന്നു കാണാനും അനുഭവിക്കാനും കഴിയുന്ന സ്ഥൂലത യാഥാര്‍ത്ഥ്യത്തിനു നഷ്ടമായിരിക്കുന്നു. അത് കൂടുതല്‍ സൂക്ഷ്മമായിരിക്കുന്നു. ലളിതമായ വാക്കുകള്‍ ഉപയോഗിച്ചു കൊണ്ട് പുതിയ കവികള്‍ ഈ സൂക്ഷ്മതലങ്ങളിലേക്കു സഞ്ചരിക്കുന്നു.

ബിജോയ് ചന്ദ്രന്റെ കവിതയില്‍ നാം പരിചയപ്പെടുന്നത് ഈ പ്രവണതകളെയാണ്. അത് പ്രാന്തവല്ക്കരിക്കപ്പെട്ടവരോടൊപ്പം നില്ക്കുന്നു. ബാല്യത്തിലേക്കും കൌമാരത്തിലേക്കും തിരിച്ചു നടന്ന് ഇപ്പോള്‍ കാണാനാകാത്ത കാഴ്ചകള്‍ കാണുന്നു. മനുഷ്യന്‍ മനുഷ്യരാശിയുടെ ബാല്യത്തിലേക്കു തിരിഞ്ഞുനോക്കുന്ന അതേ അത്ഭുതാദരങ്ങളോടെയാണ് ഒരു വ്യക്തി തന്റെ ബാല്യകൌമാരങ്ങളിലേക്കു തിരിഞ്ഞുനോക്കുന്നത്. ബിജോയിയുടെ കവിതയുടെ ആധാരങ്ങളില്‍ ഈ തിരിഞ്ഞുനോട്ടമുണ്ട്. ഈ തിരിഞ്ഞുനോട്ടങ്ങള്‍ ഇയാളുടെ കവിതയെ സഫലമാക്കുന്നു. അത് ഇപ്പോഴും ഞായറുച്ചയ്ക്ക് ജയചന്ദ്രന്റെ വിരഹങ്ങള്‍ കേല്ക്കുന്നു. കലക്കവെള്ളത്തിന്‍ കുതിപ്പുമായി തെങ്ങിന്‍പാലം കടക്കുന്നു. മഴയത്തു നനഞ്ഞ് പകര്‍ത്തുബുക്കില്‍ നിന്നും ഒലിച്ചിറങ്ങിയ മഷിക്കോലങ്ങളെ ഓര്‍ക്കുന്നു. ഇനിയുള്ള ബാല്യങ്ങള്‍ക്ക് ഒരിക്കലും കിട്ടാനിടയില്ലാത്ത ഒരു അനുഭവം 'ഒരു ചക്രവാഹനക്കാര്‍' എന്ന കവിതയില്‍ കവി എഴുതുന്നു. പ്രായപൂര്‍ത്തിയാകും മുമ്പേ നടത്തിയ വലിയ യാത്രകള്‍. യാത്രയുടെ സുഖവും രസവും അറിഞ്ഞവ. തേഞ്ഞു തീര്‍ന്ന ടയര്‍, വിളക്കിച്ചേര്‍ത്ത കമ്പിവളയം, ഉരുളുന്ന മൂളിപ്പാട്ട്, ലോകം തോല്ക്കുന്ന ജിജ്ഞാസയുടെ വേഗത. പിന്നെ, കമുകിന്‍പാളയിലെ വണ്ടിയില്‍ നടത്തിയ യാത്രയെ കുറിച്ചും എഴുതുന്നു. ചക്രങ്ങളില്ലാത്ത വണ്ടിക്കുതിപ്പ്. പാളയും നിക്കറും കീറിയാലും വിട്ടുകൊടുക്കാതെ പറ്റിപ്പിടിച്ച്. ഇപ്പോള്‍ വണ്ടികള്‍ ഓടുന്നു, വളരെ വേഗത്തില്‍ തന്നെ. ആരും യാത്ര ചെയ്യുന്നില്ല. മനസ്സു നിറയാത്ത ബാല്യങ്ങള്‍.

വരേണ്യസംസ്ക്കാരം കവിതയിലേക്കു പ്രവേശനം നിഷേധിച്ചിരുന്ന ഇടങ്ങളിലേക്കു് കവിത കടന്നുകയറിയതിന്റെ ചരിത്രമാണ് മലയാളകവിതയുടെ ചരിത്രം. കൊച്ചുതൊമ്മനും മാറാലയ്ക്കും കൊട്ടയ്ക്കും നിലപ്പനയ്ക്കും കട്ടന്‍ചായയ്ക്കും കവിതയില്‍ ഇടം കിട്ടുന്നതിന് കവിമനസ്സുകള്‍ വലിയ സംഘര്‍ഷങ്ങളെ അഭിമുഖീകരിക്കേണ്ടിയിരുന്നു. വ്യക്തിജീവിതവും സമൂഹപ്രകൃതിയും തമ്മിലുള്ള പരസ്പരസംക്രമണങ്ങള്‍ നമ്മുടെ കാവ്യാഖ്യാനങ്ങളില്‍ കൂടുതലായി പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ബിജോയിയുടെ കവിതയില്‍ വെറുതെ നടക്കുന്ന പൂച്ചകളെ കുറിച്ചു പറയുന്നു. പൂച്ചകളുടെ ആവാസവ്യവസ്ഥക്ക് വലിയ മാറ്റങ്ങളാണു വന്നത്. അതിന്റെ ഇരയെ നേരെ കാണാനില്ലാതായിരിക്കുന്നു. എലികള്‍ ഇല്ലാതെയായി. പ്രകൃതി ഒരുക്കി വച്ച ഭക്ഷണം ഇനി ഇല്ല. തുലിതാവസ്ഥ നഷ്ടമായ പ്രകൃതി. ഏതു ദൌത്യമാണ് ഇനി പൂച്ചകള്‍ക്കു നിര്‍വ്വഹിക്കാനുള്ളത്? പണ്ടെങ്ങോ കഴിച്ച എലിമാംസത്തിന്റെ രുചിയില്‍ അതു കൈ നക്കുന്നു. പണ്ട് എലികളോടു നടത്തിയ മഹായുദ്ധങ്ങളുടെ ഓര്‍മ്മയില്‍, പണ്ടു പുറത്തെടുത്ത നഖമുനകളുടെ ഓര്‍മ്മയില്‍ ഉറച്ച മണ്ണിനെ മാന്തിനോക്കുന്നു. മറ്റൊരു കവിതയില്‍ ഇങ്ങനെ കൂടി വായിക്കാം. മഴ കൊണ്ട് കയറി വന്ന വെളുത്ത പൂച്ചകള്‍, "അവ തിരിച്ചെടുക്കുന്നു കട്ടിലിന്നടിയില്‍ പണ്ടെങ്ങോ കുരുങ്ങിയ വായുവിന്‍ പഴഗന്ധം.” നിലപ്പനയാണ് വൃക്ഷം, മരംകൊത്തിയാണു പക്ഷി, മാര്‍ജ്ജാരന്‍ ജന്മമൃഗമെന്ന് ബിജോയ് ചന്ദ്രന്റെ കവിതയില്‍ എഴുതിയിരിക്കുന്നു. നിലപ്പന ഒരു കാവ്യാദര്‍ശം. നിലപ്പനക്കെന്നും അതു മാത്രമായാല്‍ മതി. ഏറ്റവും എളിയതെന്നു കരുതുന്നവ പോലും സംവഹിക്കുന്ന വലിയ അര്‍ത്ഥങ്ങളെ ഈ കവിത ഓര്‍മ്മിപ്പിക്കുന്നു. "നിലം പറ്റി നില്ക്കും നിലപ്പനയെന്നും". പാരിസ്ഥിതികവിവേകത്തിന്റെ ഉണര്‍ച്ചയില്‍ എഴുതപ്പെട്ട വരികളാണിത്. എന്നാല്‍, കേവലമായ പാരിസ്ഥിതികവിവേകത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാളേറെ ബിജോയ് ചന്ദ്രന്റെ കവിതയില്‍ എഴുതപ്പെടുന്നു. എല്ലാവരുടേയും വാക്കുകളില്‍ അപഹസിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് കൂടി ഇവിടെ കാവ്യവിഷയമാകുന്നു. ബാക്ടീരിയകള്‍ക്കു പോലും വേണ്ടാത്ത പ്ലാസ്റ്റിക്കിനെ കത്തിച്ചു കളഞ്ഞാലും ഒടുങ്ങാത്ത മനസ്സന്നു വിളിക്കുന്നു. ഇപ്പോള്‍ പരിസ്ഥിതിവാദികള്‍ പോലും ഈ കവിക്കു കൂട്ടില്ല. പ്രാന്തങ്ങളിലേക്കു മാറ്റി നിര്‍ത്തപ്പെട്ട മനുഷ്യരെ മാത്രമല്ല, പ്രാന്തങ്ങളിലേക്കു തള്ളപ്പെട്ട വസ്തുപ്രപഞ്ചത്തെ മുഴുവന്‍ കവി കാണുന്നു. അതില്‍ ചേതനം / അചേതനം എന്ന വിഭജനം പോലുമില്ല. മാറ്റിനിര്‍ത്തപ്പെടുന്നവയ്ക്കൊപ്പം, ഒഴിവാക്കപ്പെടുന്നവയ്ക്കൊപ്പം നില്ക്കുന്ന പുതിയ കവിയെ ഈ കവിതകളില്‍ വായിക്കാം.
 
നിലപ്പനക്കൊപ്പം കമ്മ്യൂണിസ്റ്റുപച്ച കൂടി. കമ്മ്യൂണിസ്റ്റുപച്ച കമ്മ്യൂണിസ്റ്റുകളെ പോലെയാണെന്ന് ചിലര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാരിലെ പച്ചയെന്ന പോലെ ഈ ചെടിയിലും നിറഞ്ഞ പച്ചയുണ്ടായിരുന്നു. നമ്മുടെ ആദ്യകാല കമ്മ്യൂണിസ്റ്റുകളെ പോലെ, ഈ ചെടി കേറിയ ഇടങ്ങളിലെല്ലാം പടര്‍ന്നു. കമ്മ്യൂണിസ്റ്റുപള്ളയെന്നു കൂടി ഇതു വിളിക്കപ്പെട്ടതിന് വര്‍ഗ്ഗപരമായ കാരണങ്ങള്‍ ഉണ്ടായിരുന്നുവോ? ബിജോയ് ചന്ദ്രന്റെ കവിതയിലും ഈ വാക്ക് രണ്ടു രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ നമുക്ക് ഏറെ പരിചിതമായ ഒരു ചെടിയാണത്. എന്നാല്‍, മിക്കപ്പോഴും കമ്മ്യൂണിസ്റ്റുകാരിലെ പച്ചയായി അതു പ്രത്യക്ഷപ്പെടുന്നു. മുറിവുകളിലെ ചെമന്ന ചോരയോടൊപ്പം കമ്മ്യൂണിസ്റ്റുപച്ചയുടെ തളിരിലകളുടെ നീര് ഇറ്റിച്ചാണ് നാം ഒരു കാലത്തു വേദന മറന്നത്. കമ്മ്യൂണിസ്റ്റു പച്ച എന്ന വാക്കില്‍ ചെമപ്പും പച്ചയും കൂടിക്കലരുന്നുണ്ട്. ഹരിതരാഷ്ട്രീയക്കാരുടെ വാക്കുകളെ ഓര്‍മ്മിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളെ അതു സൃഷ്ടിക്കുന്നു. തങ്ങള്‍ തക്കാളിയെ പോലെയാണെന്ന് അവര്‍ പറഞ്ഞു. ഇപ്പോള്‍, പച്ചയാണെങ്കിലും ചെമക്കുക തന്നെ ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തു. സ്വന്തം നാമത്തില്‍ വിപ്ലവത്തേയും പ്രകൃതിയേയും സംവഹിച്ച ഈ ചെടി ഹരിതരാഷ്ട്രീയക്കാരുടെ മുന്‍ഗാമിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ പച്ച ഒഴിഞ്ഞുപോകുകയാണെന്ന് കവിതയുടെ ഉള്ളം. നിലപ്പനയെ പുതിയ കവിയുടെ വൃക്ഷമായി തെരഞ്ഞെടുക്കുന്നവന്‍, 'പറിച്ചു കളഞ്ഞേക്കൂ' എന്ന ചൊല്ലിനെ പേരില്‍ തന്നെ സൂക്ഷിക്കുന്ന കളയെ കൂടി തന്റെ കവിതയിലേക്കു സ്വീകരിക്കുന്നു. മരുന്നൊഴിച്ചു കെടുത്തിയ പൂവെട്ടങ്ങള്‍ കാണുന്നു.

വാക്കിന് പുതിയ അര്‍ത്ഥലോകങ്ങള്‍ നല്കുന്നു, കവി. വെയിലിനെ കുറിച്ച് കവി എഴുതുമ്പോള്‍ അത് അസാധാരണമായ അര്‍ത്ഥങ്ങളുടെ അനുഭവമായി മാറുന്നു. കവിഹൃദയത്തിലൂടെ കടക്കുന്ന വെയില്‍ പ്രകീര്‍ണ്ണനത്തിലൂടെ സപ്തവര്‍ണ്ണങ്ങള്‍ സൃഷ്ടിക്കുന്നു. അത് ജലത്തെ പിളര്‍ക്കുന്ന മനസ്സാകുന്നു. വീടിനെ നിഴലിടങ്ങളായി മുറ്റത്തു നിവര്‍ത്തുന്നു. പനമ്പില്‍ തോരാനിട്ട നെല്ലിനെ കാക്കയെ വിളിപ്പിച്ചു കൊത്തിക്കുന്നു. കവി കരടിനെ കുറിച്ചെഴുതുമ്പോള്‍ അത് ഒഴിവാക്കാന്‍ പറ്റാത്ത ദിവസമാകുന്നു. പേനത്തുമ്പില്‍ നിന്നും തെറിച്ച മഴത്തുള്ളിയാകുന്നു. അടര്‍ന്നു ചെരിഞ്ഞ ജനല്‍പ്പാളിയുടെ ആട്ടമാകുന്നു. ഏതോ ഗണിതക്രിയ യിലെന്നോണം അര്‍ത്ഥങ്ങള്‍ പല മടങ്ങായി ഉണര്‍ന്നുയരുന്നു. പ്രത്യക്ഷ രാഷ്ട്രീയമുദ്രാവാക്യങ്ങളിലൂടെയല്ല കവി സംസാരിക്കേണ്ടതെന്ന് ഉറപ്പിക്കപ്പെടുകയാണ്. സമകാലത്ത് പ്രത്യയശാസ്ത്രങ്ങള്‍ക്കേറ്റ വിശ്വാസത്തകര്‍ച്ചകള്‍ അയാള്‍ ഗ്രഹിച്ച കാര്യങ്ങളെ സാധൂകരിക്കുന്നുണ്ടായിരുന്നു. "ഇതിന്നൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ”യെന്നും "വേട്ടക്കാരവരുടെ കൈയ്യുകള്‍ വെട്ടും ഞാന്‍" എന്നും നമ്മുടെ പുതിയ കവി ഇപ്പോള്‍ ഉറക്കെ ഘോഷിക്കേണ്ടതില്ല.

നിലപ്പനയോടൊപ്പം കരിമ്പനയെ കുറിച്ചും ഈ കവി എഴുതുന്നു. അത് പൊക്കമുള്ള ഒരു മരം. ഇവിടെ പോയകാല ജീവിതമോ ഓര്‍മ്മകളോ ആണത്. പൊക്കങ്ങള്‍ ഓര്‍മ്മകളാകുന്നുവെന്ന് ധ്വനി. കരിമ്പന ഒരു സിനിമയുടെ അനുഭവമാണിവിടെ. കാറ്റു പിടിച്ച ജീവിതങ്ങള്‍. വളരുന്ന ഉദ്വേഗങ്ങള്‍. ബീഡി മണക്കുന്ന ഗുഹകള്‍. വീട്ടിലേക്കു നടക്കുന്നു, പടം പൊഴിച്ച് മഞ്ഞവെയിലില്‍ ആദ്യം നടക്കുന്നവനെ പോലെ. മാറ്റിനിക്കു ശേഷമുള്ള അനുഭവം ഇനി ആരും എഴുതേണ്ടതില്ല. എല്ലാറ്റിലും നിറഞ്ഞു നില്ക്കുന്ന കവിതയെ കാണുന്നു, ഈ കവി. അതുകൊണ്ട്, ഇയാള്‍ക്ക് ഇനിയും ഇനിയും കവിതയെഴുതാതെ കഴിയില്ല.
ഇനി കവിത
എഴുതേണ്ടെന്നു തീരുമാനിച്ചു.
വീടെത്തിയപ്പോള്‍
അന്നേരം വിരിഞ്ഞ
പൂവു പോല്‍ മകള്‍”

Monday, February 13, 2012

നിര്‍ണ്ണയവാദത്തിന്‌ വിട

 ലൈംഗികതയെ കുറിച്ച്‌ എല്ലാവര്‍ക്കും അറിയാം. വളരെ സ്വാഭാവികമെന്നോണം. അതിനെ കുറിച്ച്‌ ചിന്തിക്കുന്നില്ലെങ്കില്‍ കൂടി. പുരുഷന്‍ പുരുഷനാണ്‌. സ്ത്രീ സ്ത്രീയാണ്‌. ഇതില്‍ സംശയിക്കാനെന്തിരിക്കുന്നു? നന്നായി ഉറപ്പിച്ചിരിക്കുന്ന കാര്യം. ഈ ഉറപ്പിനെ ലംഘിച്ചുകൊണ്ട്‌ മലയാളത്തില്‍ ആദ്യം എഴുതിയത്‌ ബഷീര്‍ ആയിരുന്നു. ബഷീറിന്റെ 'ശബ്ദങ്ങള്‍' എന്ന നോവലിനെ മുന്‍നിര്‍ത്തി സദാചാരവാദികളായ നിരൂപകരും വായനക്കാരും അനാവശ്യശബ്ദങ്ങള്‍ മുഴക്കി. നപുംസകങ്ങളുടെ, ഹിജഡകളുടെ, സ്വവര്‍ഗരതിയുടെ കഥയാണ്‌ ബഷീര്‍ എഴുതിയത്‌. ലൈംഗികത പ്രശ്നപൂരിതമായി. ഇന്ത്യക്കാരന്‌ അന്യമായ ലോകത്തിന്റെ കഥയായിരുന്നില്ല ബഷീര്‍ എഴുതിയത്‌. ഹിജഡ ഇന്ത്യന്‍ യാഥാര്‍ത്ഥ്യമായിരുന്നു. ലൈംഗികതയെ കുറിച്ചുള്ള സങ്കല്‍പനങ്ങളിലെ കേവലനിര്‍ണ്ണയവാദം അപ്രസക്തമാണെന്ന് മഹാഭാരതകഥ ശ്രദ്ധിച്ചു കേട്ടവര്‍ക്ക്‌ മനസ്സിലായിരുന്നുവെന്നു തീര്‍ച്ച. എന്നാല്‍, കൊളോണിയലിസത്തിന്റെ വിക്ടോറിയന്‍ സദാചാരസങ്കല്‍പനങ്ങളായിരുന്നു നമ്മുടെ ബോധാകാശങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്‌. എല്ലാവര്‍ക്കും അറിയാവുന്ന ലൈംഗികതയുടെ പാഠങ്ങള്‍ കൊളോണിയലിസം സമ്മാനിച്ച പാഠങ്ങളായിരുന്നു. പുരുഷന്‍ പുരുഷനാണ്‌. സ്ത്രീ സ്ത്രീയാണ്‌. ബഷീറിന്റെ നോവലിനെതിരെ കൂക്കുവിളികള്‍ ഉയര്‍ത്തിയവര്‍ ഈ പാഠങ്ങളില്‍ തറഞ്ഞു കിടന്നവരായിരുന്നു. ബഷീര്‍ എഴുതിയത്‌, ഒരിക്കലും എഴുതാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്ന് അവര്‍ക്കു തോന്നി. 

ലൈംഗികതയെ പ്രശ്നപൂരിതമാക്കുന്ന സങ്കല്‍പനങ്ങളും ചിന്തയും ഇന്ത്യയുടെ മാത്രം സവിശേഷതയായിരുന്നില്ല. ആത്മാവിന്നടിയില്‍ സൂക്ഷിക്കപ്പെടുന്ന, കൃത്യമായും വ്യക്തമാകാത്ത എന്തിന്റേയോ പ്രകാശനമായി പുരുഷന്‌ പുരുഷനോടുള്ള ആഗ്രഹത്തെ വിശദീകരിക്കുന്ന ഗ്രീക്ക്‌ ചിന്തകനായ അരിസ്റ്റോഫെനിസിന്‌ ലൈംഗികതയുടെ അപരലോകങ്ങളെ കുറിച്ച്‌ അറിയാമായിരുന്നു, സ്വവര്‍ഗരതി എന്ന സംവര്‍ഗത്തെ ഈ ചിന്തകന്‍ സൃഷ്ടിച്ചിരുന്നില്ലെങ്കിലും. ലൈംഗികതയേയും രതിയേയും പാപത്തോടു സമീകരിക്കുന്ന മതചിന്തകള്‍ നേടിയ അധീശത്വം ഈ വിമതചിന്തകളിലെ ബഹുസ്വരങ്ങളെ നിര്‍വീര്യമാക്കി. യൂറോപ്പിനെ സംബന്ധിച്ചിടത്തോളം, നൂറുവര്‍ഷത്തിലേറെ മാത്രം പഴക്കമുള്ള, താരതമ്യേന ഒരു പുതിയ സംവര്‍ഗമായി സ്വവര്‍ഗരതി മാറിത്തീര്‍ന്നത് ഇങ്ങനെയാണ്‌. എന്നാല്‍, സിമോ ദ്‌ ബുവേയുടേയും മിഷേല്‍ ഫൂക്കോയുടേയും മറ്റും രചനകള്‍ ലൈംഗികതയെ കുറിച്ചുള്ള വിചാരങ്ങളെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലേക്കു നയിച്ചു. നമ്മളിലെല്ലാം ആഴത്തില്‍ വേരൂന്നി നില്‍ക്കുന്ന ലൈംഗികഗണങ്ങള്‍ സാമൂഹികനിര്‍മ്മിതികളാണെന്ന ഫൂക്കോയുടെ നിദര്‍ശനം കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ മനുഷ്യന്റെ ബുദ്ധിജീവിതം ഉല്‍പാദിപ്പിച്ച പ്രധാനപാഠങ്ങളിലൊന്നായിരുന്നു. 

ലൈംഗികതയെ കുറിച്ചുള്ള സാമൂഹികനിര്‍മ്മിതിവാദം എന്താണ്‌ പറയുന്നത്‌? മനുഷ്യര്‍ ആണായിട്ടോ പെണ്ണായിട്ടോ ജനിക്കുന്നില്ല. ഈ വിഭജനങ്ങള്‍ സമൂഹം നിര്‍മ്മിച്ചു നല്‍കുന്നതാണ്‌. ഒരു സവിശേഷസമൂഹത്തിന്‌ സ്വീകാര്യമായ രീതിയിലുള്ള ലൈംഗികപാഠങ്ങളിലൂടെ വളര്‍ത്തിയെടുക്കുന്ന കുട്ടികളെ ലൈംഗികത പ്രത്യുല്‍പാദനത്തിനുള്ള മാര്‍ഗം മാത്രമെന്ന് ശീലിപ്പിക്കുന്നു. അത്‌ ശരീരശാസ്ത്രപരമായ ഒരു പ്രശ്നമായി ചുരുക്കപ്പെടുന്നു. ലൈംഗികതയെ സാമൂഹികനിര്‍മ്മിതിയായി കാണുന്ന വീക്ഷണം ജീവശാസ്ത്രപരമായ ഈ നിര്‍ണ്ണയവാദത്തിന്‌ വലിയ വെല്ലുവിളികളാണ്‌ ഉയര്‍ത്തുന്നത്‌. മലയാളിയുടെ സാമൂഹികജീവിതത്തിലും ഇതിന്റെ അനുരണനങ്ങള്‍ കേട്ടു തുടങ്ങിയിരിക്കുന്നു. മലയാളകഥാസാഹിത്യത്തിലേക്കുള്ള അതിന്റെ വരവ്‌ ഇപ്പോള്‍ സഫലമായി അറിയിച്ചത്‌ പ്രമോദ്‌ രാമന്റെ കഥകളാണ്‌. 


പ്രമോദ്‌ രാമന്റെ ആദ്യത്തെ ആറു കഥകളുടേയും പ്രമേയം ലൈംഗികതയുമായി ബന്ധപ്പെട്ടതാണ്‌. സപുംസകരുടെ പത്തു പടവുകള്‍, ഛേദാംശജീവിതം, രതിമാതാവിന്റെ പുത്രന്‍, (ഒരു)ബ്രാക്കറ്റില്‍ എത്ര പേര്‍ക്കു ജീവിക്കാം? എന്നീ നാലു കഥകള്‍ സ്വവര്‍ഗാനുരാഗത്തിന്റെ വിവിധവും വ്യത്യസ്തവുമായ പ്രശ്നീകരണങ്ങളിലൂടെ സഞ്ചരിക്കുന്നു. ചാരത്തൂവാല, റെഡ്ക്രോസ്‌ എന്നീ കഥകള്‍ പെണ്ണിന്റെ സഹനത്തിന്റേയും അവള്‍ക്കേല്‍ക്കുന്ന പീഡനങ്ങളുടേയും കഥകളാണ്‌. നമുക്ക്‌ തൊട്ടറിയാവുന്ന പുരുഷാധിപത്യത്തിന്റെ ലോകത്തിലാണ്‌ ഈ കഥകള്‍ സംഭവിക്കുന്നത്‌. നമ്മുടെ ലൈംഗികവ്യവഹാരങ്ങളിലുടനീളം പുരുഷാധികാരം എങ്ങനെയെല്ലാം സാമര്‍ത്ഥ്യം പ്രകടിപ്പിക്കുന്നുവെന്നും സ്വയം പുനരുല്‍പാദിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നും തെളിയിക്കുന്ന ആഖ്യാനങ്ങളായി ഈ കഥകള്‍ മാറിത്തീരുന്നു. പ്രമേയങ്ങള്‍ക്കു യോജിച്ച സവിശേഷമായ മൂശയിലാണ്‌ ഈ കഥകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌. സദൃശമെന്നു ചൂണ്ടിക്കാണിക്കാന്‍ മറ്റൊന്നില്ലാത്ത മൂശയാണിത്‌. 'No doubt,കാറ്റു പോയാപ്പിന്നെ എന്താണും പെണ്ണും' എന്ന ചോദ്യം ഒരു കാര്യം ഉറപ്പിക്കുന്നുണ്ട്‌. ആണിനേയും പെണ്ണിനേയും സൃഷ്ടിക്കുന്നത്‌ ഉള്ളിലെ കാറ്റാണെന്ന ഉറപ്പാണത്‌. ആണും പെണ്ണും ആണ്‍ശരീരവും പെണ്‍ശരീരവുമല്ല, മറിച്ച്‌, ആണാണെന്ന ബോധവും പെണ്ണാണെന്ന ബോധവുമത്രെ! ജീവശാസ്ത്രനിര്‍ണ്ണയവാദത്തിനെതിരായ ഉറപ്പാണിത്‌. പേര്‌ ആണിനേയും പെണ്ണിനേയും നിര്‍ണ്ണയിക്കുന്നില്ല. പേരില്‍ താരയുള്ള താരാനാഥന്‍ പെണ്ണല്ല. പേരു പറയാത്തവന്‍ താരാനാഥന്റെ താരയായി മാറുന്നു. No. Iam the boy, You are the girl. താരാനാഥന്‌ എപ്പോഴും ഉറപ്പുണ്ടായിരുന്നു. പേരില്ലാത്തവന്‌ ഒരിക്കലും ആണ്‍വേഷം കിട്ടിയില്ല. ആണും പെണ്ണും വളര്‍ത്തപ്പെടുന്നത്‌ ഒരേ രീതികളിലല്ല. ഇവിടെ, നാഥന്റെ പെണ്ണായി തീരേണ്ട പേരില്ലാത്തവന്‍ എപ്പോഴും വഴങ്ങേണ്ടവന്‍. നാഥനോ, മീന്‍ വാങ്ങാന്‍ പോകുമ്പോള്‍ പൈസ പോക്കറ്റിലിടുന്നത്‌ അവന്‍. കുന്നുമ്മല്‌ മുതിരപ്പാടത്ത്‌ തൂറാന്‍ പോയി വന്നിട്ട് വെള്ളം ചോദിക്കുമ്പോള്‍ ആദ്യത്തെ പാട്ട വെള്ളം അവന്‌, വിഷുവിന്‌ വെടിപൊട്ടിക്കുമ്പോള്‍ ഓലവെടിയും പൂക്കുറ്റിയും നെല്‍ച്ചക്രവും അവന്‌. എല്ലില്ലാത്ത കോഴിക്കഷണം അവന്‌. അവന്‍ എപ്പോഴും അധികാരി. അവന്‍ സംസാരിക്കുന്നത്‌ ആംഗലഭാഷയില്‍. പേരില്ലാത്തവന്‍ നാഥന്റെ താരയായി മാറുന്നു. നാഥന്‌ താരയെ വേണ്ടിടത്തെല്ലാം പേരില്ലാത്തവന്‍ ഒടിഞ്ഞും വളഞ്ഞും നല്‍കി. നാഥന്‍ അധികാരമുള്ള പുരുഷനായി വളരുമ്പോള്‍ പേരില്ലാത്തവന്‍ എല്ലാറ്റിനും അവനു മുന്നില്‍ കീഴടങ്ങുന്ന താരയായി മാറുന്നു. വീട്ടിലും പുറത്തും പെണ്ണിനേയും ആണിനേയും നിര്‍മ്മിച്ചെടുക്കുന്നത്‌ എങ്ങനെയെന്ന് സപുംസകരുടെ പത്തു പടവുകള്‍' എന്ന കഥ ശരിയായി പറഞ്ഞുവയ്ക്കുന്നു. സ്വവര്‍ഗാനുരാഗത്തിന്റെ കഥ പുരുഷാധികാരത്തിന്റേയും സ്ത്രീയുടെ കീഴടങ്ങലിന്റേയും കഥയായി മാറിത്തീരുന്നു. Girl is a boy who yields a girlഎന്ന നാഥന്റെ വാക്കുകള്‍ ലൈംഗികത എങ്ങനെയാണ്‌ നിര്‍മ്മിക്കപ്പെടുന്നതെന്നു ബോദ്ധ്യപ്പെടുത്തുന്ന മറ്റൊരു പ്രസ്താവനയത്രെ! ലൈംഗികതയിലെ ഭേദങ്ങളെ അതു വ്യത്യസ്തമായി നോക്കിക്കാണുന്നു. നപുംസകത്തെ സപുംസകമാക്കുന്നു.

ഛേദാംശജീവിതം ഒരു ലിംഗമാറ്റത്തിന്റെ കഥ പറയുന്നു. ലിംഗമാറ്റശസ്ത്രക്രിയകള്‍ സാദ്ധ്യമാണെന്നത്‌ തെളിയിക്കുന്നതെന്താണ്‌? പ്രകൃതി ലിംഗത്തെ കേവലമായി നിര്‍ണ്ണയിക്കുന്നില്ല. ലൈംഗികതയെ ശരീരത്തിലേക്ക്‌ ന്യൂനീകരിക്കാന്‍ കഴിയില്ലെന്നതിന്റെ ഉറപ്പാണിത്‌. 'സപുംസകരുടെ പത്തു പടവുകള്‍' എന്ന കഥയിലെ പേരില്ലാത്തവന്‍ നാഥനു സ്വവര്‍ഗരതിയിലൂടെ കീഴ്പ്പെടുന്നതേയുള്ളുവെങ്കില്‍, ഇവിടെ ശസ്ത്രക്രിയയിലൂടെ മഞ്ജിത്‌ മേനോന്‍ മഞ്ജുവായി മാറിത്തീരുന്നു. ചന്ദ്രന്റെ ആഗ്രഹപ്രകാരമായിരുന്നു അത്‌. അയാള്‍ക്ക്‌ മഞ്ജിത്‌ മേനോന്‍ ഭാര്യയായിത്തീരണം. എന്നാല്‍, ലിംഗമാറ്റശസ്ത്രക്രിയക്കു മുമ്പും ശേഷവും മഞ്ജുവിനെ സഹായിച്ചത്‌ നേഹയായിരുന്നു. 'ശസ്ത്രക്രിയയല്ല, എന്നെ പെണ്ണാക്കിയത്‌ നേഹയാണെന്ന് മഞ്ജു തിരിച്ചറിയുന്നു. അവള്‍ നേഹയുടേതായി തീരാന്‍ കൊതിക്കുന്നു. മഞ്ജു ചോദിക്കുന്നു 'മാറാമോ, നേഹ, ഈ ശരീരം മാത്രം? ഈ കായകവചം? ഉടുപ്പൊന്നു മാറും പോലെ മാത്രം? നേഹാ, നിനക്കെന്റെ ആണാകാമോ?' നേഹയുടെ പരിപാലനത്തിലൂടെ സ്ത്രീയായി മാറിത്തീര്‍ന്നവള്‍ നേഹയെ പുരുഷനായി കിട്ടാന്‍ മോഹിക്കുന്നു. ശരീരത്തെ ഉടുപ്പിനോട്‌ ഉപമിക്കുന്ന ആഖ്യാനം ലിംഗ(gender)ത്തിന്റെ അനിശ്ചിതവും ആഗന്തുകവുമായ അവസ്ഥയെ ചൂണ്ടിക്കാണിക്കുന്നു. ഉചിതമായ സന്ദര്‍ഭങ്ങളെ തന്റെ ആഖ്യാനത്തിലേക്ക്‌ ക്ഷണിച്ചുവരുത്തിയ കഥാകാരന്‍ ആണിനേയും പെണ്ണിനേയും സൃഷ്ടിക്കുന്നത്‌ പരിസ്ഥിതികളാണെന്ന്, പരിപാലനമാണെന്ന് വീണ്ടും എഴുതുകയായിരുന്നു. ലൈംഗികതയെ കുറിച്ചുള്ള വ്യവസ്ഥാപിതമായ ധാരണകളെ അട്ടിമറിക്കുന്ന കഥാഖ്യാനമാണിത്‌. 

ടോം ടൈക്ക്വര്‍ സംവിധാനം ചെയ്ത ത്രീ (Three) എന്ന ജര്‍മ്മന്‍ ചലച്ചിത്രം മൂന്നുപേര്‍ തമ്മിലുള്ള പ്രണയബന്ധത്തിന്റെ കഥയാണു പറയുന്നത്‌. ആദം എന്ന ഗവേഷകനുമായി പ്രണയത്തിലാകുന്ന ഒരു ഭാര്യയുടേയും ഭര്‍ത്താവിന്റേയും കഥയില്‍ ആണും പെണ്ണും തമ്മിലുള്ള പ്രണയത്തോടൊപ്പം പുരുഷന്‍മാരുടെ സ്വവര്‍ഗാനുരാഗവും ആവിഷ്ക്കൃതമാകുന്നു. ജീവശാസ്ത്രപരമായ നിര്‍ണ്ണയവാദത്തിനെതിരായ സംഭാഷണങ്ങളും ചലച്ചിത്രത്തിലുണ്ട്‌. എന്നാല്‍, നിര്‍ണ്ണയവാദത്തിനെതിരായ ചിത്രം ആപേക്ഷികവാദത്തിന്റെ പരമകാഷ്ഠയിലേക്കു നീങ്ങുന്നതായി നമുക്കു തോന്നിപ്പോകുന്നു. ലൈംഗികതയെ കുറിച്ചുള്ള ആഖ്യാനങ്ങള്‍ക്ക്‌ ലൈംഗിക അരാജകത്വത്തിന്റെ പ്രക്ഷേപകരാകാനും കഴിയും. മൂന്നു പേരുടെ പ്രണയകഥയെ പറയുന്ന പ്രമോദ്‌ രാമന്റെ 'രതിമാതാവിന്റെ പുത്രന്‍' എന്ന ആഖ്യാനം വായനക്കാരനെ അരാജകത്വത്തിലേക്ക്‌ നയിക്കുന്നില്ല. ഇവിടെ രതിയും ജീവനും രത്തനുമാണ്‌ കഥാപാത്രങ്ങള്‍. തന്റെ പുരുഷത്വത്തിന്റെ പരിമിതികളറിയുന്ന ജീവന്‍ രതിക്കു വേണ്ടി ആയുര്‍വേദ ക്യാപ്സ്യൂളുകള്‍ വിഴുങ്ങി. താന്‍ എന്തോ അതായിരിക്കാന്‍ വേണ്ടി രത്തന്റെ അടുത്തെത്തി. അവന്‍ നീട്ടിയ ലേഹ്യവും കഴിച്ചു. 
രാത്രിയില്‍ രതിക്കായി ഗുളിക, രത്തനായി ലേഹ്യം 
രതിക്കു മുന്നില്‍ വിത്തുകാള, രത്തനു മുന്നില്‍ കാമധേനു 
രാത്രിയില്‍ കൊമ്പുകുലുക്കും, പകല്‍ പാല്‍ ചുരത്തും 
ഞാന്‍, വൃഷണങ്ങളും അകിടും ഒരുമിച്ചു വളരുന്ന കാമവൃഷഭം 
രതിയുടെ കുഞ്ഞിനെ രത്തന്‍ സ്വീകരിക്കുന്നതോടെയാണ്‌ കഥ അവസാനിക്കുന്നത്‌. മരുന്നുകമ്പനികളാണ്‌ ആണും പെണ്ണും ലൈംഗികമായി പൂര്‍ണ്ണരായി മാറാന്‍ ആഗ്രഹിക്കുന്നത്‌ എന്ന പരിഹാസവാക്യം മനുഷ്യന്റെ ലൈംഗികതയിലെ അപൂര്‍ണ്ണതയെ കുറിച്ചുള്ള പ്രസ്താവമാണ്‌. ലിംഗസ്വത്വത്തെ കുറിച്ചുള്ള അസത്യസങ്കല്‍പനങ്ങളുടെ സാക്ഷാത്ക്കാരമായി വിവാഹത്തെ തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളെ കഥ ആവിഷ്ക്കരിക്കുന്നു. നിങ്ങള്‍ ആണിന്റേയും പെണ്ണിന്റേയും സംയുക്തമാണെന്ന് പറഞ്ഞുതരുന്നു. 

എല്ലാ കഥകളും ശുഭപര്യവസാനികളല്ല. രതിയേയും രത്തനേയും ജീവനേയും ഒരു ബ്രാക്കറ്റിനുള്ളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമായിരുന്നില്ല. അത്‌ രണ്ടുപേരുടെ മരണത്തില്‍ കലാശിച്ചു. '(ഒരു)ബ്രാക്കറ്റിനുള്ളില്‍ എത്ര പേര്‍ക്കു ജീവിക്കാം' എന്ന കഥയിലും മൂന്നു പേരുണ്ട്‌. കുറേ നാള്‍ ഞെരുങ്ങിഞ്ഞെരുങ്ങി ഒരു ബ്രാക്കറ്റിനുള്ളില്‍ ജീവിച്ചവര്‍. ജോളിയും റോസിയും എല്‍ദോയും. ഇവരുടെ കഥ കൊലയിലും ആത്മഹത്യയിലുമാണ്‌ അവസാനിക്കുന്നത്‌. ബ്രാക്കറ്റില്‍ നിറഞ്ഞു നിന്നത്‌ ജോളിയും എല്‍ദോയുമായിരുന്നു. റോസി ഞെരുക്കാന്‍ വരുന്ന കട്ടുറുമ്പ്‌. ജോളിയുടേയും റോസിയുടേയും കല്യാണം കഴിഞ്ഞപ്പോള്‍ റോസി ജോളിയോടു ചോദിച്ചു. നമ്മുടെ കെട്ടിനു സമ്മതം എല്‍ദോക്കായിരുന്നോ? അവള്‍ കത്തിയെടുത്ത്‌ ജോളിയെ കുത്തി. കൊലപാതകം. എന്നാല്‍, ജോളി അതിനു മുന്നേ തന്നെ സ്വയം മരിക്കാന്‍ തീരുമാനമെടുത്തിരുന്നു. റോസി കുത്തുമ്പോള്‍ അവന്‍ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആത്മഹത്യ. ജോളി, റോസി, എല്‍ദോ എന്നീ ക്രിസ്ത്യന്‍ നാമങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ ലൈംഗികത പാപമാണെന്ന വിശ്വാസത്തേയും ലൈംഗികതയുടെ വ്യവസ്ഥാപിത പാഠങ്ങളേയും കഥാകാരന്‍ തന്റെ ആഖ്യാനത്തിലേക്ക്‌ സന്നിവേശിപ്പിക്കുന്നു. എല്‍ദോയുടെയും ജോളിയുടെയും ജീവിതം വ്യവസ്ഥാപിതത്വത്തിനു പുറത്തായിരുന്നു. റോസിയുമായുള്ള വിവാഹം ജോളിയെ നിസ്സഹായനാക്കുന്നു. അവന്റെ പാഠങ്ങള്‍ തെറ്റിപ്പോകുന്നു. അവന്റെ ജീവിതം ആത്മഹത്യക്കും കൊലയ്ക്കുമിടയിലെ രോദനമായി മാറിത്തീരുന്നു. 

നമ്മുടെ ലോകം നീലച്ചിത്രപ്രദര്‍ശനശാലകളുടെ ഉള്ളു പോലെ തന്നെ. സ്ത്രീയുടെ ജീവിതം ദുസ്സഹമായിരിക്കുന്ന ലോകം. ഇവിടെ തൂവാലകള്‍ സൌഹൃദത്തിന്റേതല്ല, വഞ്ചനയുടെ അടയാളവാക്യങ്ങള്‍. കാമുകന്റെ വഞ്ചനയില്‍ പെട്ട് നീലച്ചിത്രപ്രദര്‍ശനശാലയില്‍ ഒറ്റപ്പെട്ടു പോകുന്ന ജ്യോതി, പുരുഷന്‍മാരായ കാണികള്‍ക്ക്‌ സ്ക്രീനിലെ പെണ്‍കുട്ടി തന്നെ. ആളൊഴിഞ്ഞ തീയേറ്ററില്‍ തുടച്ചു വലിച്ചെറിഞ്ഞ ചാരത്തൂവാലയായി, മോഹാലസ്യപ്പെട്ട പങ്കയായി, മല്‍പ്പിടുത്തത്തില്‍ ഒടിഞ്ഞ കസേരക്കൈയായി, വായുവിന്റെ ദുഷിച്ച മണമായി അവള്‍ അവശേഷിക്കുന്നു. 'റെഡ്‌ ക്രോസ്‌' എന്ന കഥയില്‍ ബിയാട്രിസ്‌ എന്ന അമ്മ മകളുടെ ആര്‍ത്തവത്തെ അച്ഛനില്‍ നിന്നും മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നത്‌ അയാളില്‍ നിന്നും മകളെ രക്ഷിക്കാനാണ്‌. ബിയാട്രിസ്‌ പരാജയപ്പെടുന്നു. തദേവൂസ്‌ കണ്ടെത്തുന്ന ബ്രഡ്ഡിനെ കുറിച്ചും ബ്രഡ്ഡില്‍ പുരട്ടാന്‍ ജാം അന്വേഷിച്ച്‌ അയാള്‍ വന്നേക്കുമോയെന്ന അമ്മയുടെ സന്ദേഹത്തിന്റേയും രൂപത്തില്‍ കഥാകാരന്‍ തീര്‍ക്കുന്ന രൂപകകല്‍പനകള്‍ പുരുഷാധികാരത്തിന്റെ ക്രൌര്യത്തെ ഓര്‍മ്മിപ്പിച്ച്‌ നമ്മെ വല്ലാതെ ഭയപ്പെടുത്തുന്നു. ഈ രണ്ടു കഥകളിലും സ്ത്രീസഹനത്തോട്‌ കഥാകാരന്‍ കാണിക്കുന്ന സഹഭാവം സ്വവര്‍ഗാനുരാഗത്തെ പ്രമേയമാക്കുന്ന കഥകളിലേക്കും വ്യാപിച്ചു നില്‍ക്കുന്നുണ്ട്‌. 

ആണും പെണ്ണും എന്ന ഭേദചിന്തയുടെ ഉറവിടങ്ങള്‍ എവിടെയാണ്‌? അധികാരത്തിന്റേയും സദാചാരത്തിന്റേയും ദുശ്ശാസനങ്ങള്‍ തന്നെ. അത്‌ ഭൂതകാരുണ്യത്തെ മലീമസമാക്കുന്നു. 

(സമകാലികമലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്‌)

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...