Tuesday, November 29, 2011

ഗൌരവശാലികളായ സവര്‍ണ്ണപുരുഷന്മാര്‍


ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ കൃത്യമായ ആവിഷ്ക്കരണം എന്ന അഭിപ്രായവും പേറിയാണ്‌ മനു ജോസഫിന്റെ ആദ്യനോവല്‍ വായനക്കാരെ സമീപിക്കുന്നത്‌. ഗൌരവശാലികളായ പുരുഷന്‍മാര്‍ / മനുഷ്യര്‍ (Serious Men)എന്ന കൃതി ഇന്ത്യയിലെ ശാസ്ത്രഗവേഷണസ്ഥാപനങ്ങളിലെ അന്തര്‍ലോകങ്ങളിലേക്ക്‌ ദൃഷ്ടി പതിപ്പിക്കുന്നു. ശാസ്ത്രഗവേഷണരംഗത്തെ വലിയ പ്രശ്നീകരണങ്ങള്‍ക്കു വിധേയമാക്കുന്നു. ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്ന ഗൌരവശാലികളായ പുരുഷശാസ്ത്രജ്ഞന്മാരുടെ ബുദ്ധിശക്തിക്കും ഭ്രാന്തിനുമിടയില്‍ ഒരു നേരിയ രേഖ മാത്രമേയുള്ളൂ. ചിലപ്പോള്‍, ഈ അതീവ ഗൌരവശാലികള്‍ നമ്മുടെ മുന്നില്‍ ഭ്രാന്തന്‍മാരോ കോമാളികളോ ആയി പ്രത്യക്ഷപ്പെടുന്നു. എന്നാല്‍, ഒട്ടുമേ ഗൌരവമില്ലാത്ത ചെറിയ മനുഷ്യരായി ഇവര്‍ മാറിത്തീരുന്ന സന്ദര്‍ഭങ്ങളുമുണ്ട്‌. മുസ്ളിം പെരുന്നാളുകളില്‍ മാംസത്തിനായി അറക്കപ്പെടുന്ന കുന്നുകാലികള്‍ പുറപ്പെടുവിക്കുന്ന ഐന്‍സ്റ്റീനിയന്‍ വേദനാതരംഗങ്ങള്‍ ഭൂകമ്പമുണ്ടാക്കുന്നുവെന്നും ചാണകത്തിന്‌ ആണവവികിരണങ്ങളെ തടയാന്‍ കഴിവുണ്ടെന്നും നമ്മുടെ പുരാതനസംസ്ക്കാരം ഭൂമിക്കു പുറത്തുള്ള ഒരു ഉയര്‍ന്ന നാഗരികതയുമായി ബന്ധപ്പെട്ടിരുന്നുവെന്നും ശ്രീകൃഷ്ണന്‍ ഒരു അന്യഗ്രഹനാഗരികതയില്‍ നിന്നും വന്നതാണെന്നും മറ്റും പ്രസംഗിക്കുന്ന ശാസ്ത്രജ്ഞന്‍മാര്‍ വളരെ ചെറിയ മനുഷ്യരായിരിക്കണം. ശാസ്ത്രഗവേഷണത്തിന്‌ സവിശേഷമായ രീതിശാസ്ത്രങ്ങള്‍ ആവശ്യമില്ലെന്ന, അവിടെ എന്തുമാകാമെന്ന പോള്‍ ഫെയറബെന്റിന്റെ നിര്‍ദ്ദേശത്തെ (കൂടുതല്‍ മാനുഷികമായ സൈദ്ധാന്തികഅരാജകത്വത്തിന്‌ നിയമത്തിന്റേയും ക്രമത്തിന്റേയും ബദല്‍ നിര്‍ദ്ദേശങ്ങളേക്കാളേറെ പുരോഗാമിയാകാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.) യാതൊരു തത്ത്വദീക്ഷയുമില്ലാതെ സ്വീകരിക്കാനും പ്രയോഗിക്കാനും കഴിയും. ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ ഇക്കാര്യത്തില്‍ മുന്നിലാണ്‌. ഇന്ത്യയിലെ ശാസ്ത്രമേഖലയിലേക്ക്‌ ഇങ്ങനെ കുടിയേറുന്ന ശാസ്ത്രവിരുദ്ധമായ പ്രവണതകളേയും താല്‍പര്യങ്ങളേയും കുറിച്ച്‌ മനുജോസഫ്‌ എഴുതുന്നു. ശാസ്ത്രത്തിന്‌ സംസ്ക്കാരവുമായുള്ള ബന്ധങ്ങളെ കുറിച്ച്‌ ബൃഹദ്ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്തിനു യോജിച്ച ചില സൂചനകളും നോവല്‍ നല്‍കുന്നു. മഹാസ്ഫോടനസിദ്ധാന്തം ഒരു ക്രിസ്ത്യന്‍ ഗൂഢാലോചനയാണെ അഭിപ്രായവും മറ്റും ഇതിന്റെ ഭാഗമാണ്‌. എന്നാല്‍, മനുവിന്റെ നോവല്‍ തത്ത്വചിന്താപരമായ ധൈഷണികസംവാദമല്ല. ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ നിന്നുകൊണ്ട്‌ ശാസ്ത്രവും സംസ്ക്കാരവും തമ്മിലുള്ള ചര്‍ച്ചയില്‍ ഇടപെടുകയാണ്‌ ഇതു ചെയ്യുന്നത്‌. അതീവ ബുദ്ധിമതികളും ഗൌരവശാലികളും എന്നു പൊതുലോകമെണ്ണുന്ന ശാസ്ത്രജ്ഞന്‍മാരുടെ ജീവിതലോകം നമ്മുടെ സാമൂഹികപരിസരവുമായി എങ്ങനെയെല്ലാം കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നുവെന്ന അന്വേഷണം ഈ കൃതിയിലുണ്ടെന്ന് ആദ്യം തന്നെ പറയണം. അവരുടെ ധൈഷണികജീവിതത്തിലെ ആന്തരികവൈരുദ്ധ്യങ്ങള്‍, ഗൌരവപ്രകൃതിക്കാര്‍ക്കിടയിലെ അസൂയയും വിദ്വേഷവും ചേരിപ്പോരുകളും, ഐഹികതയുടെ മൂല്യങ്ങളുമായി അഭേദ്യബന്ധമുണ്ടെന്നു കരുതപ്പെടുന്ന ശാസ്ത്രത്തിന്റെ മഹത്പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ജാതി, ലിംഗ, ദേശ വിവേചനങ്ങള്‍, ഗവേഷണമേഖലയില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഇവയെല്ലാം ഏറിയും കുറഞ്ഞും ഈ നോവലില്‍ ആവിഷ്ക്കൃതമായിരിക്കുന്നു. ഏറെ നേരം നോക്കിയിരുന്നാല്‍ കോമാളികളെന്നു നമുക്കു തോന്നിയേക്കാവുന്ന ഗൌരവശാലികളെ കുറിച്ച്‌ നര്‍മ്മം നിറഞ്ഞ ഭാഷയില്‍ മനു എഴുതിയിരിക്കുന്നു. ഈ ആക്ഷേപഹാസ്യത്തിന്‌ നമ്മുടെ ധൈഷണികജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന മണ്ഡലങ്ങളിലൊന്നിനെ കീഴ്പ്പെടുത്തിയിരിക്കുന്ന രോഗങ്ങളെ ശരിയായ രീതിയില്‍ നിര്‍ണ്ണയിക്കാന്‍ കഴിയുന്നുണ്ടോയെന്നു പരിശോധിക്കാനുള്ള ഒരു ശ്രമമാണ്‌ ഈ ലേഖനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ തിയറി ആന്റ് റിസേര്‍ച്ചിലെ ചില ശാസ്ത്രജ്ഞന്‍മാരുടെ പറച്ചിലുകള്‍ ഇങ്ങനെ.


"ഐ ക്യൂ ൧൪൮. ദളിതര്‍ക്ക്‌ ഇത്രമാത്രം ഐ ക്യൂ ഉണ്ടെങ്കില്‍, അവര്‍ സംവരണത്തിനു വേണ്ടി യാചിക്കുതെന്തിനാണ്‌?"
" അയാള്‍ സംസാരിച്ച രീതി ശ്രദ്ധിച്ചോ? കക്കൂസുകള്‍ വൃത്തിയാക്കേണ്ടവരെ വൈറ്റ്‌ കോളര്‍ ജോലികളില്‍ നിയമിച്ചാല്‍ ഇതാണു സംഭവിക്കുക. "
"ഞാനൊരു ദളിത്‌ ജീനിയസിനെ കണ്ടിട്ടില്ല. "
" ജീനുകള്‍ നിര്‍വ്വചിക്കുന്ന വ്യക്തമായ രൂപവിജ്ഞാനീയ സവിശേഷതകളുണ്ടെങ്കില്‍, ബുദ്ധിശാലികളുടെ ലക്ഷണങ്ങളും ആ മാര്‍ഗ്ഗത്തിലൂടെ നിശ്ചയിക്കാന്‍ കഴിയും. സ്ത്രീകളെ നോക്കൂ. എല്ലാവര്‍ക്കും അറിയാം, ശാസ്ത്രരംഗത്ത്‌ അവര്‍ക്ക്‌ ഒരിടത്തും എത്തിച്ചേരാന്‍ കഴിയില്ലെന്ന്. അവരുടെ മസ്തിഷ്ക്കങ്ങള്‍ വളരെ ചെറുതാണ്‌. പക്ഷേ, നമ്മുടെ ലോകം രാഷ്ട്രീയമായി ശരിയായിരിക്കാന്‍ ഭോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇക്കാര്യങ്ങളൊന്നും പറയാന്‍ വയ്യാതായിരിക്കുന്നു. "


ഇങ്ങനെയെല്ലാമുള്ള വാക്കുകളിലൂടെ ദളിത്‌, സ്ത്രീ വിവേചനങ്ങളുടെ ആശയലോകം നോവലില്‍ വെളിവാക്കപ്പെടുന്നുണ്ട്‌. നോവലിന്റെ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്ന കഥാപാത്രങ്ങളിലൊന്ന് ദളിതനായ അയ്യന്‍ മാണിയെന്ന ഗുമസ്തനാണ്‌. അപര്‍ണ്ണാ ഘോഷ്മാലിക്‌ എന്ന ശാസ്ത്രജ്ഞയും ഒരു പ്രധാന കഥാപാത്രമാണ്‌. പുരുഷകേസരികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏക വനിതയാണ്‌ അവര്‍. ആധുനികശാസ്ത്രത്തിന്റെ മൂല്യങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്ന അരവിന്ദ്‌ ആചാര്യ എന്ന ശാസ്ത്രജ്ഞന്‍ അയാളുടെ ആര്‍ജ്ജവം കൊണ്ട്‌ ഇതര ശാസ്ത്രജ്ഞന്‍മാരില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. ഇവരുടെ ജീവിതത്തിന്റേയും അനുഭവങ്ങളുടേയും വിവരണങ്ങളിലൂടെയാണ്‌ കഥാകാരന്‍ പ്രശ്നീകരണത്തിന്റെ ബൃഹദ്‌വാക്യങ്ങള്‍ എഴുതുന്നത്‌. ൧൪൮ ഐ ക്യൂ ഉണ്ടെന്ന് അവകാശപ്പെടുകയും തന്റെ പ്രവൃത്തികളിലുടനീളം ഉയര്‍ന്ന ധിഷണയെ പ്രസരിപ്പിക്കുകയും ചെയ്യുന്ന ഒരു ദളിത കഥാപാത്രത്തെ സൃഷ്ടിക്കുന്ന കഥാകാരന്റെ അബോധം പറയുന്നത്‌ ഉയര്‍ന്ന ബുദ്ധിജീവിതത്തില്‍ എത്തിച്ചേരാനുള്ള ശേഷി ദളിതര്‍ക്കില്ലെന്നു തന്നെയാണ്‌. തന്റെ മകനായ ആദിത്യയിലേക്ക്‌ ശാസ്ത്രത്തിന്റെ മൂല്യബോധത്തെ പകരുന്നതിനല്ല, മറിച്ച്‌ കുതന്ത്രങ്ങളിലൂടെയോ കുമാര്‍ഗ്ഗങ്ങളിലൂടെയോ അവനെ പ്രശസ്തനാക്കുന്നതിനു വേണ്ടിയാണ്‌ അയ്യന്‍ മാണി ശ്രമിക്കുന്നത്‌. നവീകരണത്തിനു പകരം മലിനീകരണത്തിന്റെ മാര്‍ഗ്ഗങ്ങളെ അയ്യന്‍ മാണി സ്വീകരിക്കുന്നു. മകനെ നുണകളുടെ ഒരു ലോകത്തേക്കാണ്‌ അയാള്‍ കൂട്ടിക്കൊണ്ടു പോകുന്നത്‌. ധര്‍മ്മവ്യസനങ്ങളില്ലാത്ത ലോകമാണത്‌. ഡയറക്ടര്‍ ജന നമ്പൂതിരിയെ സ്വാധീനിച്ച്‌ പതിനൊന്നു വയസ്സുകാരനായ തന്റെ മകന്‌ , ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പ്രവേശനപരീക്ഷ എഴുതാനുള്ള അനുവാദം നേടിയെടുക്കുന്നു. പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ കണ്ടെത്തി മോഷ്ടിക്കാന്‍ ശ്രമിക്കുന്നു. അരവിന്ദ്‌ ആചാര്യയെ പ്രലോഭിപ്പിച്ച്‌ പരീക്ഷക്കുള്ള ചോദ്യങ്ങളേയും ഉത്തരങ്ങളേയും ചോര്‍ത്തിയെടുക്കുന്നു. മാധ്യമപ്രവര്‍ത്തകനു പണം നല്‍കിയാണ്‌ അയാള്‍ മകന്റെ ചിത്രം പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നത്‌. നേരു പറയേണ്ട സ്ഥാപനങ്ങളെ പണവും പ്രലോഭനങ്ങളും നല്‍കി അയ്യന്‍മാണി തനിക്ക്‌ ഉപയുക്തമാക്കുന്നു. ആത്മവിശ്വാസമില്ലാത്തവന്റെ പ്രവര്‍ത്തനമാണിത്‌. മലിനീകരിക്കാന്‍ ശ്രമിക്കുന്നവര്‍ ആത്മവിശ്വാസമില്ലാത്തവരാണ്‌. സംസാരിക്കാന്‍ കഴിവും ഉയര്‍ ബുദ്ധിശേഷിയും പ്രകടിപ്പിക്കുന്ന അയ്യന്‍ മാണിയെ സൃഷ്ടിച്ച കഥാകാരന്‌ അയാളുടെ ഉള്ളില്‍ നിന്നും അധ:കൃതനാണെന്ന വിശ്വാസത്തെ ചുരണ്ടിക്കളയാന്‍ കഴിഞ്ഞില്ല. ഗണിതശാസ്ത്രപരീക്ഷയില്‍ ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്ന ആദിത്യമാണിക്ക്‌ അച്ഛന്‍ കണ്ടെത്തുന്ന കുറുക്കു വഴികളിലൂടെ മാത്രമേ ബുദ്ധിജീവിതത്തിന്റെ ഉയര്‍ന്ന പടവുകളിലെത്താന്‍ കഴിയൂ എന്ന വിശ്വാസം, 'ഞാന്‍ ഇതേവരെ ഒരു ദളിത്‌ ജീനിയസിനെ കണ്ടിട്ടില്ലെന്നു പറയുന്ന ബ്രാഹ്മണശാസ്ത്രജ്ഞന്റെ ആശയപ്രപഞ്ചത്തെ തന്നെയാണ്‌ ആധാരമാക്കുന്നത്‌. കീഴാളന്‌ സംസാരിക്കാന്‍ കഴിയില്ലെന്ന ഗായത്രി സ്പിവാക്കിന്റെ വാക്കുകള്‍ ഇവിടെയും മുഴങ്ങുന്നു. കീഴാളന്‍ സംസാരിക്കുന്നത്‌ വ്യവസ്ഥയുടെ വാക്കുകളാണ്‌. അയാള്‍ പ്രവര്‍ത്തിക്കുന്നത്‌ വ്യവസ്ഥക്കനുസരിച്ചാണ്‌. ബുദ്ധിശാലിയായ ദളിതന്‍ ഉണ്ടാകണമെന്ന് നമ്മുടെ കഥാകാരനും ആഗ്രഹിക്കുന്നില്ല.


അധീശമൂല്യവ്യവസ്ഥയെ അട്ടിമറിക്കാന്‍ ദളിതര്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്തണമെന്ന പാഠത്തെയാണോ കഥാകാരന്‍ പ്രേക്ഷിക്കുന്നത്‌? വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെ സാമൂഹികമായി ഉയര്‍ന്ന സ്ഥാനങ്ങളിലെത്താന്‍ ദളിതര്‍ക്കു കഴിയില്ലെന്നു പറയുന്നതിനാണോ കഥാകാരന്‍ ശ്രമിക്കുന്നത്‌? ഇങ്ങനെയൊരു വിപ്ലവകരമായ സമീപനം നോവലില്‍ നിന്നും കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍, സാമൂഹികവ്യവസ്ഥയുടെ നിന്ദ്യമായ മൂല്യങ്ങളില്‍ നിന്നു കൊണ്ടാണ്‌ ദളിതന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പിക്കാവുന്ന സന്ദര്‍ഭങ്ങളെ അതു വിവരിക്കുന്നു. തന്റെ ഭാര്യയോടുള്ള അയ്യന്‍ മാണിയുടെ പെരുമാറ്റത്തില്‍ പ്രകടമാകുന്നത്‌ പുരുഷാധിപത്യത്തിന്റെ മൂല്യങ്ങളാണ്‌. ദളിത്പുരുഷന്‍ സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ ധാര്‍മ്മികതയും സത്യസന്ധതയും പുലര്‍ത്തുന്നില്ല. മകനും താനും കൂടി നടത്തുന്ന കളികളെ അയ്യന്‍മാണി ഭാര്യയില്‍ നിന്നും ഒളിച്ചുവയ്ക്കുന്നു. ഓജ ആവശ്യപ്പെടുമ്പോള്‍ പോലും അയാള്‍ കാര്യങ്ങള്‍ തുറന്നുപറയുന്നില്ല. അവളുടെ ബൌദ്ധികശേഷിയെ അയാള്‍ നിസ്സാരം തഴയുന്നു. ഓജക്ക്‌ തന്റെ ദൈവമായ ഗണപതിയെ വാഷിങ്മെഷീനില്‍ ഒളിച്ചു സൂക്ഷിക്കേണ്ടി വരുന്നുണ്ട്‌. ഭാര്യയായ ലാവണ്യയോട്‌ തന്റെ എല്ലാ കുറ്റങ്ങളും തുറന്നുപറയുന്ന അരവിന്ദ്‌ ആചാര്യയെന്ന ബ്രാഹ്മണനെ സൃഷ്ടിച്ച എഴുത്തുകാരനാണ്, ഓജയുടെ പ്രവൃത്തികളെ ഉള്ളില്‍ ആക്ഷേപച്ചിരിയോടെ നോക്കിക്കാണുന്ന അയ്യന്‍മാണിയെന്ന ദളിത്‌ ഭര്‍ത്താവിനെയും സൃഷ്ടിച്ചത്‌. ഓജയാകട്ടെ, വ്യവസ്ഥയുടെ മൂല്യങ്ങള്‍ക്കു വേണ്ടി നേരിട്ടു വാദിക്കുന്നവളാണ്‌. എല്ലാവരും വിശ്വസിക്കുന്ന ദൈവങ്ങളില്‍ തന്റെ മകനും വിശ്വസിക്കണമെന്ന് അവള്‍ കരുതുന്നു. ബുദ്ധനെ ആരാധിക്കേണ്ടുന്നതിനു കാരണമായി അയ്യന്‍മാണി പറയുന്നതൊന്നും അവള്‍ക്കു തൃപ്തികരമാകുന്നില്ല. മിക്ക സമയവും സോപ്പ്‌ സീരിയലുകളുടെ പ്രേക്ഷകയായി നോവലില്‍ പ്രത്യക്ഷപ്പെടുന്ന ഓജ പെട്ടെന്നു വികാരങ്ങള്‍ക്കു കീഴ്പ്പെടുന്നവളും അശിക്ഷിതയുമാണ്‌. എന്നാല്‍, മദ്ധ്യവര്‍ഗകുടുംബിനികള്‍ പേറുന്ന ഉപഭോഗ,സുരക്ഷിതത്വമോഹങ്ങളിലേക്ക്‌ ഇവള്‍ ഉദ്ഗ്രഥിക്കപ്പെടുന്നുണ്ട്‌. മനുജോസഫ്‌ സൃഷ്ടിച്ച ദളിത് സ്വത്വങ്ങള്‍ വ്യവസ്ഥയുടെ മൂല്യങ്ങള്‍ക്കപ്പുറത്തേക്ക്‌ സഞ്ചരിക്കുന്നില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, വ്യവസ്ഥയുമായി ഇഴുകിച്ചേര്‍ന്ന് അതിന്റെ ഭാഗമായി മാറിക്കഴിഞ്ഞ, വ്യവസ്ഥാപിത രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമായ മൂല്യങ്ങളേതുമില്ലാത്ത, ഇന്ത്യയിലെ ദളിത്‌ രാഷ്ട്രീയത്തിന്റെ ആശയലോകമാണ്‌ മനുവിന്റെ നോവലിലെ ദളിതര്‍ പങ്കുവയ്ക്കുന്നത്‌. സമ്മര്‍ദ്ദതന്ത്രങ്ങളെ മാത്രം ആശ്രയിക്കുന്ന അത്‌ യാഥാര്‍ത്ഥ്യത്തോട്‌ അടുത്തു നില്‍ക്കുന്നതാണെങ്കിലും ദളിതരുടെ ഭാവിയെ കുറിച്ച്‌ ഉല്‍ക്കണ്ഠാകുലമാകുന്നതല്ല. വാമന്‍ എന്ന ദളിത്‌ നേതാവ്‌ ഒരു സൂചകമാണ്‌. മന്ത്രി കൂടിയായ അയാള്‍ പറയുന്നത്‌ ആദിത്യ മാണി ഭാവിയില്‍ ദളിതരുടെ വിമോചകനാകുമെന്നാണ്‌.


ശാസ്ത്രത്തിന്റെ മേഖലയില്‍ പണിയെടുക്കുന്ന സ്ത്രീകളുടെ ജീവിതത്തെ കുറിച്ച്‌ മനുജോസഫിന്റെ നോവല്‍ ഉല്‍പാദിപ്പിക്കുന്ന പാഠങ്ങളും ഇതില്‍ നിന്നും വളരെയൊന്നും വ്യത്യസ്തമല്ല. ശാസ്ത്രരംഗത്തെ സ്ത്രീജീവിതം എക്കാലവും പ്രശ്നപൂരിതമായിരുന്നു. വിഷമം പിടിച്ച വഴികളിലൂടെയാണ്‌ അറിയപ്പെടുന്ന ശാസ്ത്രജ്ഞമാരെല്ലാവരും സഞ്ചരിച്ചത്‌. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ മാത്രമാണ്‌ സ്ത്രീകള്‍ ശാസ്ത്രഗവേഷണരംഗത്തേക്കു കടക്കുന്നത്‌. ൧൯൫൧ വരെ റോയല്‍ സൊസൈറ്റിയില്‍ അംഗത്വം ലഭിച്ച സ്ത്രീകളുടെ എണ്ണം ഒരു ശതമാനത്തില്‍ താഴെയായിരുന്നു. ഭൌതികശാസ്ത്രം പഠിപ്പിക്കുന്ന ചില സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചിരുന്നു. ലോകത്തിലെ പ്രശസ്ത സര്‍വ്വകലാശാലയായ ഹാര്‍വേഡിലെ ഭൌതികശാസ്ത്രവകുപ്പില്‍ സ്ത്രീകളെ അദ്ധ്യാപികമാരായി നിയമിക്കുന്നത്‌ നിരോധിക്കപ്പെട്ടിരുന്നു. ഒരു സ്ത്രീയുടെ ഏകാന്തമായ പരീക്ഷണങ്ങളെ നിലയ്ക്ക്‌ സസ്യശാസ്ത്രജ്ഞയായിരുന്ന ബാര്‍ബറ മക്ക്ലിന്റോക്ക്‌ തന്റെ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ സഹപ്രവര്‍ത്തകരില്‍ നിന്നും ഏറ്റുവാങ്ങിയ അവഗണനകളെ കുറിച്ച്‌ ഈവ് ലിന്‍ ഫോക്സ് കെലറെ പോലുളള ഫെമിനിസ്റ്റുകള്‍ എഴുതിയിട്ടുണ്ട്‌. പ്രശസ്ത ഭൌതികശാസ്ത്രജ്ഞയായ റോസലിന്റ് ഫ്രാങ്ക്ലിന്‍ നടത്തിയ എക്സ്‌റേ പരീക്ഷണങ്ങളിലൂടെയാണ്‌ ജീനിന്റെ ഘടനയെ ഉറപ്പിക്കുന്ന തെളിവുകള്‍ ലഭ്യമായത്‌. എന്നാല്‍ ഈ കണ്ടെത്തലിന്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ വാട്സണും ക്രിക്കും മോറിസ്‌ വില്‍കിന്‍സിനും മറ്റും റോസയോടു കാണിച്ച അവഗണനയുടെ കഥ ശാസ്ത്രത്തിന്റെ ചരിത്രത്തിലെ തെ ഒരു കറുത്ത അദ്ധ്യായമാണ്‌. ഭൌതികശാസ്ത്രത്തിലെ എല്ലാ സംരക്ഷണനിയമങ്ങള്‍ക്കും അനുപൂരകമായി ഒരു സമമിതിയെ നിര്‍ദ്ദേശിക്കാന്‍ കഴിയുമെന്നു സിദ്ധാന്തിച്ച പ്രശസ്ത ഗണിതശാസ്ത്രജ്ഞയായ എമ്മി നോത്തര്‍ പണിയെടുത്തിരുന്ന ഗവേഷണവകുപ്പില്‍ സ്ത്രീകള്‍ക്കായി ഒരു ടോയിലറ്റ്‌ പോലുമുണ്ടായിരുന്നില്ല. അണുവിഭജനത്തെ കുറിച്ചുളള സിദ്ധാന്തീകരണങ്ങളില്‍ പ്രധാന പങ്കുവഹിച്ച ലിസ്‌ മെയ്റ്റ്നര്‍, ഒരു യാഹുദ സ്ത്രീ എന്ന നിലക്ക്‌ ഫാസിസ്റ്റ്‌ ശക്തികളില്‍നിന്നും അനുഭവിച്ച ദുരിതങ്ങള്‍ക്ക്‌ കണക്കില്ലായിരുന്നു. ഇപ്പോള്‍, ശാസ്ത്രരംഗത്തേക്ക്‌ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരുന്നുണ്ടെങ്കിലും ശാസ്ത്രസ്ഥാപനങ്ങളില്‍ അവരുടെ നില ഇപ്പോഴും സുരക്ഷിതമായിട്ടില്ല.
ബൃഹദ്‌ ശാസ്ത്രസ്ഥാപനങ്ങളില്‍ പോലും സ്ത്രീകള്‍ ലൈംഗികമായ ചൂഷണത്തിനും പീഡനത്തിനും വിധേയമാകുന്നതിന്റെ നിരവധി കഥകള്‍ നിത്യേനയെന്നോണം പുറത്തുവരുന്നു. മനു ജോസഫിന്റെ നോവലിലെ ശാസ്ത്രജ്ഞയായ അപര്‍ണ്ണ ഘോഷ് മാലിക്കിന്റെ ജീവിതവും ഒട്ടും വ്യത്യസ്തമല്ല. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പുരുഷശാസ്ത്രജ്ഞന്‍മാര്‍ അപര്‍ണ്ണയെ തങ്ങളിലൊരാളായിട്ടല്ല നോക്കിക്കാണുന്നത്‌. അവരുടെ സവിശേഷമായ നോട്ടം അപര്‍ണ്ണയെ തന്നെ മാറ്റിത്തീര്‍ക്കുന്നുണ്ട്‌. അവള്‍ പുരുഷശാസ്ത്രജ്ഞന്‍മാരുടെ കാഴ്ചക്കുള്ള വിഭവമായി സ്വയം മാറിത്തീരുന്നു. മനുവിന്റെ നോവലിലെ സ്ത്രീകഥാപാത്രങ്ങള്‍ ലൈംഗികവസ്തുക്കളായിട്ടാണ്‌ പ്രത്യക്ഷപ്പെടുന്നതെന്ന ഒരു വായനക്കാരിയുടെ അഭിപ്രായം ഇവിടെ എടുത്തുപറയണം.


അപര്‍ണ്ണാ ഘോഷ്മാലിക്‌ എന്താണ്‌ ചെയ്യുത്‌.? ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും അപര്‍ണ്ണയുടെ ഗവേഷണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞനുമായ അരവിന്ദ്‌ ആചാര്യ പരീക്ഷണോപകരണങ്ങളില്‍ മായം കലര്‍ത്താനും ഗവേഷണഫലങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്യാനുംആവശ്യപ്പെട്ടതായി അവള്‍ പരാതി അയക്കുകയും അന്വേഷണക്കമ്മിറ്റിക്കു മുമ്പാകെ മൊഴി നല്‍കുകയും ചെയ്യുന്നു. ശാസ്ത്രത്തിന്റെ മൂല്യങ്ങളിലും രീതിശാസ്ത്രത്തിലും ദൃഢമായി വിശ്വസിക്കുന്നവനും നോബല്‍ സമ്മാനത്തിനായി പല പ്രാവശ്യം പരിഗണിക്കപ്പെട്ടിട്ടുളള കഴിവുറ്റ ശാസ്ത്രജ്ഞനുമായ അരബിന്ദ്‌ ആചാര്യയുടെ വ്യക്തിത്വത്തില്‍ കളങ്കങ്ങള്‍ തീര്‍ക്കുന്ന അപര്‍ണ്ണയുടെ പ്രവൃത്തി വ്യക്തിപരമായി പക വീട്ടാനുള്ള അവളുടെ താല്‍പര്യത്തില്‍ നിന്നു മാത്രം ജനിച്ചതായിരുന്നു. ശാസ്ത്രജ്ഞയായ അപര്‍ണ്ണാ ഘോഷ്മാലിക്‌ ശാസ്ത്രത്തിന്റെ മൂല്യവ്യവസ്ഥയെ നിഷേധിച്ചുകൊണ്ട്‌ തന്റെ വ്യക്തിതാല്‍പര്യങ്ങളില്‍ പകയോടെ മുഴുകുന്നത്‌ മനുവിന്റെ നോവലില്‍ നാം വായിക്കുന്നു. സ്ത്രീയുടെ അന്തര്‍ലോകം ബുദ്ധിജീവിതത്തിന്റെ ധാര്‍മ്മികതയ്ക്ക്‌ അനുയോജ്യമല്ലെന്ന് എഴുതുകയാണ്‌ മനു ജോസഫ്‌ ചെയ്യുന്നത്‌. സ്ത്രീസ്വത്വം തന്നിലേക്ക്‌ ഒതുങ്ങിക്കൂടുതാണെന്ന്, അതിന്‌ സാമൂഹികമായ മാനങ്ങള്‍ ആര്‍ജ്ജിക്കാന്‍ കഴിയില്ലെന്ന് നോവലിസ്റ്റ്‌ കരുതുന്നുണ്ടാകണം. ശാസ്ത്രം പുരുഷാധിപത്യപരമായ ഒരു വ്യവഹാരമാണെന്നും ശാസ്ത്രസിദ്ധാന്തപ്രസ്താവങ്ങളില്‍ സ്ത്രീകളെ ഇകഴ്ത്തികാട്ടുന്ന രൂപകങ്ങള്‍ നിറഞ്ഞിരിക്കുന്നുവെന്നും മറ്റും സ്ത്രീവാദികള്‍ ആരോപിക്കുകയും ഫെമിനിസ്റ്റ്ശാസ്ത്രത്തെ കുറിച്ചുളള ചര്‍ച്ചകള്‍ ഗൌരവതരമായിരിക്കുകയും ചെയ്യു സമകാലസന്ദര്‍ഭത്തില്‍ മനു ജോസഫിന്റെ നിലപാടുകള്‍ ശാസ്ത്രത്തിന്റെ വ്യവസ്ഥാപിതത്വത്തോടൊപ്പം നിലകൊളളുന്നതാണ്‌. ശക്തമായ വസ്തുനിഷ്ഠത എന്ന പ്രമേയത്തിന്റെ ഭാഗമായി സ്ത്രീകളുടെ ശാസ്ത്രം കൂടുതല്‍ ഫലപ്രദമായിരിക്കുമെന്ന ഫെമിനിസ്റ്റുകളുടെ അവകാശവാദങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍, ശാസ്ത്രധാര്‍മ്മികതയ്ക്ക്‌ നിരക്കാത്ത രീതിയില്‍ നോവലിലെ ശാസ്ത്രജ്ഞയായ സ്ത്രീ കഥാപാത്രം പ്രകടിപ്പിക്കുന്ന പെരുമാറ്റങ്ങള്‍ പ്രശ്നീകരണത്തിന്റെ വലിയ വാതിലുകളാണ്‌ തുറന്നിടുന്നത്‌. സ്ത്രീകളെ കുറിച്ചുളള ഒരു നീത്ഷേയെന്‍ വിശ്വാസം നമ്മുടെ എഴുത്തുകാരനില്‍ ആരോപിക്കാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാവുന്നതല്ല, അടിമയും സ്വേച്ഛാധിപതിയും ഒരുമിച്ചു വാഴുന്നതിനാല്‍ സ്ത്രീക്ക്‌ ഒരിക്കലും സൌഹൃദം സാധ്യമല്ലെന്ന നീത്ഷെയുടെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ.


മനുവിന്റെ നോവല്‍ ഗൌരവശാലികളായ പുരുഷന്‍മാരെ കുറിച്ചുള്ളതാണ്‌. അതില്‍, ഗൌരവശാലികളായ സ്ത്രീകളില്ല. സ്ത്രീകളില്‍ ഗൌരവശാലികളുണ്ടോയെന്നു തന്നെ എഴുത്തുകാരനു സംശയം. അവര്‍ ലൈംഗികവസ്തുക്കളാണ്‌.

ബുദ്ധിജീവിതത്തിലും ശാസ്ത്രഗവേഷണത്തിലും ധാര്‍മ്മികത പുലര്‍ത്തുന്ന അരബിന്ദ്‌ ആചാര്യ എന്ന മഹാശാസ്ത്രജ്ഞന്‌ അപര്‍ണ്ണാ ഘോഷ്മാലിക്‌ എന്ന സഹപ്രവര്‍ത്തകയോട്‌ ധാര്‍മ്മികത പുലര്‍ത്താന്‍ കഴിയാതിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? 'നിങ്ങള്‍ക്ക്‌ അതു മനസ്സിലായിയെന്നാണ്‌ ഞാന്‍ കരുതിയത്‌' എന്ന വാക്കുകള്‍ കൊണ്ട്‌ അവസാനിപ്പിക്കാവുന്ന ഒരു പ്രശ്നമായി അപര്‍ണ്ണയുമായുളള ബന്ധത്തെ ആചാര്യ ലഘൂകരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അരബിന്ദ്‌ ആചാര്യയെ അയ്യന്‍ മാണിയേക്കാള്‍ ഇഷ്ടപ്പെടുന്നുവെന്ന് ഒരു അഭിമുഖസംഭാഷണത്തില്‍ വെളിപ്പെടുത്തിയ മനു ജോസഫ്‌ അപര്‍ണ്ണയോട്‌ തന്റെ നായകന്‍ കാണിക്കുന്ന അധാര്‍മ്മികമായ മൌനത്തെ പ്രശ്നീകരിക്കുന്നില്ലെന്നു കൂടി കാണണം. ലാവണ്യയുടെ സമ്മര്‍ദ്ദമില്ലാതെ തന്നെ തനിക്കു പറ്റിയ തെറ്റുകള്‍ അവളോട്‌ ഏറ്റുപറയുന്ന അരബിന്ദ്‌ ആചാര്യ അപര്‍ണ്ണയോടു കാണിക്കുന്ന അന്യായത്തിന്‌, കുടുംബവ്യവസ്ഥയിലുളള എഴുത്തുകാരന്റെ വിശ്വാസം മാത്രമേ ന്യായീകരണമാകുന്നുളളൂ. സാമാന്യന്റെ പ്രതീക്ഷകള്‍ക്കപ്പുറത്ത്‌ ബുദ്ധിശാലികള്‍ നയിക്കുന്ന സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെ ആവിഷ്ക്കരിക്കുകയും പ്രശ്നീകരിക്കുകയും ചെയ്യുമ്പോഴും നിലനില്‍ക്കുന്ന മൂല്യവ്യവസ്ഥയില്‍ നിന്നു മാറിനില്‍ക്കാന്‍ കഥാകാരനു കഴിയുന്നില്ല. നോവലിന്റെ പ്രമേയം തന്നെ അധീശവ്യവസ്ഥയുടെ മൂല്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. കഥാകാരന്‍ തന്റെ കൃതിയിലൂടെ ആക്രമിക്കാന്‍ ശ്രമിക്കുന്ന മൂല്യലോകത്തെ തന്നെ പുനരുല്‍പാദിപ്പിക്കുന്ന തെറ്റായ വഴികളിലേക്കാണ്‌ ഈ കൃതി എത്തിപ്പെടുന്നത്‌. 

ജനശക്തി വാരികയില്‍ പ്രസിദ്ധീകരിച്ചത്

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

കടുകട്ടിയുള്ള പ്രമേയമാണല്ലോ ഈ നോവലിലുള്ളത്..
‘സാമാന്യന്റെ പ്രതീക്ഷകള്‍ക്കപ്പുറത്ത്‌ ബുദ്ധിശാലികള്‍ നയിക്കുന്ന സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെ ആവിഷ്ക്കരിക്കുകയും പ്രശ്നീകരിക്കുകയും ചെയ്യുമ്പോഴും നിലനില്‍ക്കുന്ന മൂല്യവ്യവസ്ഥയില്‍ നിന്നു മാറിനില്‍ക്കാന്‍ കഥാകാരനു കഴിയുന്നില്ല. നോവലിന്റെ പ്രമേയം തന്നെ അധീശവ്യവസ്ഥയുടെ മൂല്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. ‘

ഈ വിശകലനങ്ങൾ നല്ല വിലയിരുത്തലായിട്ടുണ്ട് കേട്ടൊ മാഷെ

uppante kooval varakkunnu said...

Highly analytical.Thank you

s.joseph
kottayam

e.santhoshkumar said...

e santhoshkumar

8:52 PM (10 hours ago)


Dear Mashe,
I've read the article in Janasakthi and liked it - it is an analytical piece and throws light on many areas. Your point - that indirectly the author's attitude towards Dalid and feminist issues- is right.

With all these limitations, I think it was a bold attempt by one from ' the great indian middle class' to address a new but relevant subject.

Shall meet on 7th,

regards,

santhosh

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...