Sunday, October 9, 2011

എങ്കേയും എപ്പോതും


  • ഭൌതികശാസ്ത്രം അറിയാത്തവര്‍ പോലും ന്യൂട്ടോണിയന്‍ ബലതന്ത്രം നല്കിയ ആത്മവിശ്വാസത്തില്‍ ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ന്യൂട്ടന്റെ ലോകം പൊതുബോധമായി തീര്‍ന്ന കാലം. ഉറപ്പുള്ള വിശ്വാസങ്ങള്‍, ആദര്‍ശങ്ങള്‍, അനിവാര്യമായ നിയമങ്ങള്‍, നിശിതമായ നിശ്ചിതത്വം, പ്രവചനീയമായ ലോകം...ഇവയെല്ലാം ചേര്‍ന്നു നല്കിയ ആത്മവിശ്വാസമായിരുന്നു അത്. യാദൃച്ഛികതകളെ, അനിശ്ചിതത്വങ്ങളെ, ഇതര സംഭാവ്യതകളെ ഗൌരവതരമായി പരിഗണിക്കാതിരുന്ന കാലം. മൂര്‍ച്ചയുള്ള മുദ്രാവാക്യങ്ങളും മാറ്റിത്തീര്‍ക്കാനുള്ള ആഹ്വാനങ്ങളും കൈ-മെയ് മറന്നുള്ള എടുത്തുചാട്ടങ്ങളും സാഹസികപ്രയാണങ്ങളും സാദ്ധ്യമാക്കിയ കാലം. വിശ്വാസത്തിന്റെ ഉറപ്പില്‍ സുരക്ഷിതത്വത്തെ കുറിച്ചുള്ള ഉല്ക്കണ്ഠകളും ആശങ്കകളും ഉണരാതിരുന്ന കാലം. വിപ്ലവങ്ങള്‍ പിഴയ്ക്കുകയും ജ്ഞാനമണ്ഡലം പുതിയ ഉള്‍ക്കാഴ്ചകള്‍ കൊണ്ട് പുതുക്കിപ്പണിയുകയും ചെയ്തപ്പോള്‍ പഴയ ആത്മവിശ്വാസം കൂടി നഷ്ടപ്പെടുകയായിരുന്നു. മദ്ധ്യവര്‍ഗത്തിനു മേല്‍ക്കൈയും അണുകുടുംബങ്ങള്‍ക്കു വലിയ പ്രാധാന്യവും നല്കുന്ന സമൂഹം കൂടി സൃഷ്ടിക്കപ്പെട്ടതോടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ഉല്ക്കണ്ഠകള്‍ പെരുകാനും തുടങ്ങി. അനിശ്ചിതത്വങ്ങളെ, യാദൃച്ഛികതകളെ സൂക്ഷ്മതയോടെ പിന്തുടരണമെന്ന നിര്‍ദ്ദേശം എവിടേയും ഉയരുന്നു. യാദൃച്ഛികതയുടെ കടന്നാക്രമണങ്ങളെ കീഴടക്കാന്‍ അതിഭൌതികമായ വഴികളിലേക്കു തിരിയുന്നു. മൂര്‍ച്ചയുള്ള മുദ്രാവാക്യങ്ങളുടേയും സാഹസികമായ എടുത്തുചാട്ടങ്ങളുടേയും സ്ഥാനങ്ങളെ നിഷ്ക്കാസിതമാക്കി അന്ധവിശ്വാസങ്ങളും പുതിയ ആചാരങ്ങളും കടന്നുവരുന്നു. പൂര്‍വ്വകാലവും ഈ ഉത്തരകാലവും ഏകപക്ഷീയതകളാലാണ് നയിക്കപ്പെട്ടത്. യാദൃച്ഛികതയുടേയും അനിവാര്യതയുടേയും സംഗമസ്ഥാനമായി യാഥാര്‍ത്ഥ്യത്തെ കാണാന്‍ രണ്ടിനും കഴിയുന്നില്ലല്ലോ‍.

 
  • ഈ സുരക്ഷിതത്വബോധത്തിന്റെ കാലത്ത് മരണം പേടിപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. മരണം കൊണ്ടുള്ള ദു:ഖം ഒഴിവാക്കാനാവില്ലെന്ന് അറിഞ്ഞവരെ പോലെ എല്ലാവരും സുരക്ഷിതഭയത്താല്‍ അസ്വസ്ഥരായിരിക്കുന്നു. രംഗബോധമില്ലാത്ത കോമാളിയായി അത് എപ്പോഴും എവിടെയും പ്രത്യക്ഷപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു. എന്നാല്‍, ഈ ഭയത്തില്‍ യാഥാര്‍ത്ഥ്യത്തിന്റെ മൂലകങ്ങളുമുണ്ട്. ആദര്‍ശത്തിന്റെ ഭാരം ചുമടായി തൂങ്ങിനില്ക്കാത്തതിനാല്‍ യാഥാര്‍ത്ഥ്യത്തെ നേര്‍ക്കുനേര്‍ കാണാനും മനസ്സിലാക്കാനും കഴിയും. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ അതിനെ ശരിയായി ആവിഷ്ക്കരിക്കാനുമാകും. നമ്മുടെ യുവ കലാകാരന്മാരില്‍ സാമൂഹിക പ്രതിജ്ഞാബദ്ധതയുടെ ആദര്‍ശബോധമൊഴിഞ്ഞവരെങ്കിലും സത്യസന്ധരായവര്‍ ഏറെയുണ്ട്. 'എങ്കേയും എപ്പോതും' എന്ന തമിഴ് ചലച്ചിത്രം മെനഞ്ഞെടുത്തവര്‍ ഈ ഗണത്തില്‍ പെടുന്നു. യുവാക്കളുടെ ഏറ്റവും ഇഷ്ടവിഷയമായ പ്രണയത്തെയാണ് ഈ ചലച്ചിത്രവും പ്രമേയമാക്കുന്നത്. ഇതില്‍ നാലു പ്രണയജോഡികളുടെ കഥ പറയുന്നു. അമുദയും ഗൌതവും, മണിമേഖലയും കതിരേശനും, പൂജയും രമേശും, നവ വധൂവരന്മാരായ രണ്ടുപേര്‍ - ചലച്ചിത്രത്തിന്റെ സംവിധായകന്‍ ഇവരുടെ പ്രണയങ്ങളെ മരണത്തോടു മുഖാമുഖം നിര്‍ത്തുന്നു. രംഗബോധമില്ലാത്ത കോമാളിയുടെ മുന്നില്‍ മൂന്നു കാമുകര്‍ കീഴടങ്ങുന്നു. നാലാമത്തെ പ്രണയം അതിജീവനത്തിനായി മുള്‍മുനയിലാണ്. സാഫല്യമടയാത്ത പ്രണയങ്ങളെ കുറിച്ചു പറഞ്ഞുകൊണ്ട് നമ്മുടെ ജീവിതങ്ങളെ കീഴ്പ്പെടുത്തി നില്ക്കുന്ന അനിശ്ചിതത്വങ്ങളെ സംവിധായകനായ ശരവണന്‍ എടുത്തുകാണിക്കുന്നു.


  •   വധുവിനെ യാത്രയാക്കാനായി എത്തുന്ന വരന്‍ അവളോടൊപ്പം യാത്ര ചെയ്യുകയാണ്. അവളെ പിരിയുന്നതിലുളള വിഷമത്തിലാണ് അയാള്‍. യാത്ര പറഞ്ഞു പിരിഞ്ഞതിനു ശേഷം, വണ്ടി പുറപ്പെട്ടു കഴിയുമ്പോള്‍ അയാള്‍ ഓടിവന്ന് വണ്ടിയില്‍ കയറുന്നു. ഇത് രണ്ടു പ്രാവശ്യം ആവര്‍ത്തിക്കുന്നുണ്ട്. വധുവിനെ പിരിഞ്ഞിരിക്കാന്‍ പോലും കഴിയാതെ പ്രണയിക്കുന്നവനെ അവളില്‍നിന്നും വേര്‍പെടുത്താന്‍ മരണം പെട്ടെന്നു കടന്നുവരുന്നു. വരന്റെ മൃതദേഹത്തിനു മുന്നില്‍ ആര്‍ത്തലച്ചു കരയുന്ന വധുവിനെ ചലച്ചിത്രകാരന്‍ കാണിക്കുന്നു. ആദ്യകാഴ്ചയില്‍ തന്നെ പ്രണയത്തില്‍ പെടുന്ന കോളേജ് വിദ്യാര്‍ത്ഥികളായ പൂജയും രമേശും മരണത്താല്‍ വേര്‍പെടുത്തപ്പെടുന്നു. അവര്‍ സഞ്ചരിച്ചിരുന്ന ബസ്സിന്റെ ടയര്‍ കേടാകുമ്പോള്‍ പൂജ മറ്റൊരു ബസ്സിലേക്കു മാറിക്കയറിയതാണ്. എന്നാല്‍, രമേശിന്റെ പാരവശ്യം കണ്ട് അവള്‍ തിരിച്ചിറങ്ങി പഴയ ബസ്സില്‍ തന്നെ കയറുന്നു. ആദ്യകാഴ്ചയില്‍ തന്നെ അകലാന്‍ വയ്യാതായി തീര്‍ന്നവരെ മരണത്തിന്റെ കോമാളിക്കൈകള്‍ അകറ്റുന്നു. ആശുപത്രിയില്‍ കൂട്ടിയിട്ടിരിക്കുന്ന ശവശരീരങ്ങള്‍ക്കിടയില്‍ നിന്ന് രമേശ് പൂജയുടെ മൃതദേഹം കണ്ടെത്തുന്നു. അമുദയുടേയും ഗൌതത്തിന്റേയും പ്രണയം വളരെ വലിയ യാദൃച്ഛികതയുടെ സൃഷ്ടിയാണ്. അവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും ഇഷ്ടപ്പെടുന്നതും വളരെ യാദൃച്ഛികമായിട്ടാണ്. അമുദയ്ക്ക് അവന്റെ പേരു പോലും അറിയില്ല. ആശുപത്രികിടക്കയിലെ അര്‍ദ്ധബോധാവസ്ഥയില്‍ അമുദ അവന്റെ പേരു ചോദിക്കുന്നു. മണിമേഖലയുടേയും കതിരേശന്റേയും പ്രണയം ഇങ്ങനെയായിരുന്നില്ല. അതില്‍ ബോധപൂര്‍വമായ ഇടപെലുകളും ഇരുവരുടേയും താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള പരസ്പര സമവായങ്ങളുമുണ്ട്. കതിരേശന്റെ രക്തത്തില്‍ എച്ച് ഐ വി ബാധയുണ്ടോയന്ന് മണിമേഖല പരിശോധിക്കുന്നുണ്ട്. അയാള്‍ക്ക് തന്റെ കുടുംബത്തിന്റെ സമ്മര്‍ദ്ദങ്ങളെ താങ്ങാനുള്ള കരുത്തുണ്ടോയെന്നും അവള്‍ അന്വേഷിക്കുന്നു. കതിരേശന്റെ പ്രണയം പല പരീക്ഷണഘട്ടങ്ങളേയും താണ്ടുന്നു. എന്നാല്‍, ഇങ്ങനെ ഊതിക്കാച്ചിയെടുക്കുന്ന പൊന്നായ പ്രേമം യാദൃച്ഛികമായി കടന്നുവരുന്ന അപകടത്തില്‍ പെട്ട് ഇല്ലാതാകുന്നു. കതിരേശന്റെ തലയ്കാണ് പരിക്കേറ്റത്. അയാളെ ആംബുലന്‍സില്‍ കയറ്റി വിട്ടതിനു ശേഷം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മണിമേഖല ആശുപത്രിയില്‍ എത്തുമ്പോഴേക്കും കതിരേശന്‍ മരിച്ചുകഴിഞ്ഞിരുന്നു. കതിരേശന്റെ പ്രണയത്തെ പരീക്ഷിച്ച് ഉറപ്പു വരുത്തിയവള്‍ അവന്റെ ചേതനയില്ലാത്ത ശരീരത്തില്‍ വീണ് ഉറക്കെ നിലവിളിക്കുന്നു. യാദൃച്ഛികമായ കൂടിച്ചേരല്‍ കൊണ്ട് സൃഷ്ടിക്കപ്പെടുന്ന അമുദയുടേയും ഗൌതത്തിന്റേയും പ്രണയം മരണത്തിന്റെ ഭീകരമുഖത്തെ എങ്ങനെയോ അതിജീവിക്കുമ്പോള്‍, ശരിയായി ക്രമീകരിച്ചു വളര്‍ത്തിയെടുത്ത മണിമേഖലയുടേയും കതിരേശന്റേയും പ്രണയം ആ കോമാളിയുടെ മുന്നില്‍ തോറ്റുപോകുന്നു. യാദൃച്ഛികതയെ കുറിച്ചു് നമ്മുടെയെല്ലാം അബോധത്തിലുള്ള കാര്യങ്ങളാണ് സംവിധായകനായ ശരവണന്‍ പറയുന്നത്. ആക്സിഡന്റ് എന്നു കേള്‍ക്കുമ്പോഴേ നിലവിളിച്ചു നിലതെറ്റി വീഴുന്നവള്‍ നമ്മളിലെല്ലാവരിലുമുണ്ട്. റോഡുയാത്രയെ കുറിച്ചുള്ള മദ്ധ്യവര്‍ഗത്തിന്റെ ആശങ്കകളെ ഇതോടൊപ്പം ചേര്‍ത്തുവയ്ക്കണം. വാഹനാപകടത്തിന്റെ ഭീകരവും ദാരുണവുമായ ദൃശ്യങ്ങള്‍ പറയുന്നത് മറ്റൊന്നുമല്ലല്ലോ.

 
നമ്മുടെ മദ്ധ്യവര്‍ഗത്തെ ബാധിച്ചു നില്ക്കുന്ന സുരക്ഷിതത്വഭീതിയെ ഈ ചലച്ചിത്രം നന്നായി പകര്‍ത്തിയെഴുതുന്നു. നമ്മുടെ ജീവിതങ്ങള്‍ അനിശ്ചിതത്വങ്ങളില്‍ മുങ്ങി കിടക്കുന്നുവെന്ന് ചലച്ചിത്രകാരന്‍ പറയുന്നു. നാം നിസ്സഹായരാണെന്ന്, എപ്പോള്‍ വേണമെങ്കിലും പൊട്ടിവീണേക്കാവുന്ന നൂല്പാലത്തിലൂടെ നടക്കുന്നവരാണെന്ന് നമുക്കു തോന്നിപ്പോകുന്നു. എന്നാല്‍, യാദൃച്ഛികതയും അനിവാര്യതയും തമ്മിലുളള സംഗമസ്ഥാനങ്ങള്‍ അന്വേഷിക്കുന്നില്ലെന്ന അബദ്ധം ഇവിടെയും തുടരുന്നു. നാം ജീവിക്കുന്ന സമൂഹത്തിന്റെ വിമര്‍ശനങ്ങളിലേക്കു കടന്നു കയറാന്‍ സംവിധായകനു കഴിയുന്നതേയില്ല. ചലച്ചിത്രത്തെ അപ്പാടെ കീഴ്പ്പെടുത്തി നില്ക്കുന്ന മദ്ധ്യവര്‍ഗബോധം ഈ പരിമിതിയുടെ ലക്ഷണവും കാരണവുമാണ്. വ്യക്തിപരമായ തലങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന പരാവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ ഒരു മുഖത്തെ മാത്രം അവതരിപ്പിക്കുന്നു. പ്രശ്നങ്ങള്‍ക്ക് സാമൂഹികമായ ഒരു തലം കൂടിയുണ്ടെന്ന, അത് അതിപ്രധാനമാണെന്ന അറിവിലേക്കു കൂടി നമ്മുടെ കലാകാരന്മാരുടെ കാഴ്ചകള്‍ നീങ്ങേണ്ടതുണ്ട്.

Wednesday, October 5, 2011

കെ.പി.ശങ്കരന്‍


"ഞാനൊരു വെറും സൌന്ദര്യാത്മക കവി മാത്ര"മെന്ന് വൈലോപ്പിള്ളി എഴുതിയ അര്‍ത്ഥത്തില്‍ കെ.പി. ശങ്കരന്‍ ഒരു സൌന്ദര്യാത്മക നിരൂപകനാണ്‌. തന്റെ കവിതയുടെ സാമൂഹികമാനങ്ങളെ നിഷേധിക്കാനായി കവി എഴുതിയ വാക്കുകളായിരുന്നില്ല, അത്‌. വൈലോപ്പിള്ളിയുടെ കവിതയില്‍ സാമൂഹികത തഴച്ചു നില്‍ക്കുന്നുവെന്നത്‌ അനിഷേധ്യവുമാണ്‌. കവിയുടെ 'കുരുവികള്‍' എന്ന കൃതിക്കെഴുതിയ അവതാരികയിലും അദ്ദേഹത്തിന്റെ കാവ്യാദര്‍ശത്തെ കുറിച്ച്‌ എഴുതിയ മറ്റൊരു ലേഖനത്തിലും കെ.പി. ശങ്കരന്‍ ഈ വരികള്‍ ഉദ്ധരിച്ചു ചേര്‍ക്കുന്നു. തന്റെ ആശയത്തെ അനേകമാനങ്ങള്‍ കൊണ്ട്‌ ഭദ്രമാക്കാനും ആകാശത്ത്‌ പറക്കാന്‍ കെല്‍പുറ്റതാക്കാനും ഈ നിലപാട്‌ വൈലോപ്പിള്ളിയെ പ്രാപ്തനാക്കുന്നുവെന്ന് അദ്ദേഹം എഴുതി. നമ്മുടെ സഹൃദയത്വം സമതുലിതമായ ഒരു ഭാവഗൌരവത്തിലേക്ക്‌ പാകപ്പെടുന്നതിന്റെ സന്ദേശമായി കവിയുടെ വാക്കുകളെ ഈ വിമര്‍ശകന്‍ കണ്ടെത്തുകയും ചെയ്തു. ഈ വായനകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്‌ കലയേയും സാഹിത്യത്തേയും അവയുടെ നിയമങ്ങള്‍ കൊണ്ടു തന്നെ പരിശോധിക്കണമെന്ന നിരൂപകന്റെ ഉറപ്പായിരുന്നു. എന്നാല്‍, കലയും സമൂഹവും തമ്മിലുള്ള പരസ്പരപ്രതിപ്രവര്‍ത്തനങ്ങളെ രോധിക്കാനുള്ള വാദമായി ഈ ഉറപ്പ്‌ പരിവര്‍ത്തിക്കപ്പെട്ടില്ല. ലാവണ്യവാദത്തിന്റെ ചില ഘടകങ്ങള്‍ സ്വാധീനിച്ചു നില്‍ക്കുമ്പോഴും സമതുലിതമായ ഒരു വീക്ഷണത്തെ സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ കെ.പി. ശങ്കരന്റെ രചനകളില്‍ തെളിഞ്ഞു കാണാം. പൊന്ന് തീയിലുരുക്കിയിട്ടു വേണം പണ്ടങ്ങള്‍ പണിയാന്‍ എന്ന ബോദ്ധ്യവും പൊന്നു വലിച്ചെറിഞ്ഞ്‌ തീ മാത്രം മതിയെന്ന തീരുമാനത്തോട്‌ പിണങ്ങാനുള്ള ആര്‍ജ്ജവവും അദ്ദേഹത്തിനുണ്ടല്ലോ. 

കലയും സമൂഹവും ചേര്‍ന്നൊരുക്കുന്ന പ്രശ്നമണ്ഡലം എല്ലാ നല്ല നിരൂപണധിഷണകളെയുമെന്ന പോലെ കെ.പി.ശങ്കരന്റെ മനസ്സിനേയും ഉഴുതുമറിച്ചു കൊണ്ടിരിക്കുന്നു. കലാദര്‍ശസംബന്ധിയായ ലേഖനങ്ങള്‍ എഴുതുമ്പോളെല്ലാം ഈ പ്രശ്നമണ്ഡലത്തിലൂടെ അദ്ദേഹം കടന്നുപോകുന്നു. ജി. ശങ്കരകുറുപ്പിന്റെ കാവ്യലോകത്തെ അപഗ്രഥിക്കുന്നതു ശ്രദ്ധിക്കുക. കവിതയുടെ വാസ്തവത്തിലുള്ള മഹത്ത്വം ജീവിതപ്രേമവുമായി മൌലികമായും കെട്ടു പിണഞ്ഞു കിടക്കുന്നുവെന്ന് നേര്‍രൂപത്തില്‍ തന്നെ അദ്ദേഹം എഴുതുന്നത്‌ ഇവിടെ നാം വായിക്കുന്നു. പുതിയ അനുഭവങ്ങള്‍ കൊണ്ടും പുതിയ മണ്ഡലങ്ങളിലൂടെയുള്ള പ്രയാണം കൊണ്ടും കവിതയെ ചൈതന്യമേറിയ നിര്‍മ്മിതിയാക്കണമെന്ന ജിയുടെ ഏറ്റുപറച്ചിലിനെ ശ്ലാഘിക്കുന്ന വിമര്‍ശകന്‍, ഇത്‌ പക്വതയുള്ള കാവ്യാവബോധമാണെന്നു രേഖപ്പെടുത്തുന്നു. സമൂഹത്തോട്‌ അര്‍ത്ഥഗര്‍ഭമായ രീതിയില്‍ പ്രതികരിക്കാന്‍ പാകത്തില്‍ നമുക്കു സാന്ദ്രതയും സൂക്ഷ്മതയും നല്‍കുന്നുവെത്‌ നിസ്സാരകാര്യമല്ലെന്ന് മറ്റൊരിടത്തു പറഞ്ഞു വയ്ക്കാനും ഈ വിമര്‍ശകന്‍ തയ്യാറായി. സാമൂഹികതയെ കവിതയില്‍ നിന്നും ആട്ടിയകറ്റരുതെന്നും സാമൂഹികപ്രശ്നങ്ങളുടെ പേരില്‍ ആര്‍പ്പും വിളിയും കൂട്ടാനായി കവിതയെ അന്യഥാകരിക്കരുതെന്നും ഈ പ്രകരണത്തില്‍ അദ്ദേഹം എഴുതി. ഇരുവശവും കാണുന്നവന്റെ സംയമനം മലയാളത്തിലെ ഈ നല്ല കാവ്യവിമര്‍ശകന്റെ രചനകളിലാണ്‌ നാം വായിച്ചത്‌. തനിക്ക്‌ ജനിച്ചപ്പോഴേ ലഭിച്ച, ഹിറ്റ്ലറോളം ഉറപ്പുള്ള, സംവേദനക്ഷമത കൊണ്ടാണ്‌ ഇപ്പോഴും എപ്പോഴും തന്റെ നിരൂപണധിഷണ പ്രവര്‍ത്തിക്കുതെന്ന് ഈ വിമര്‍ശകന്‍ കരുതുന്നതേയില്ല. തന്റെ സംവേദനരീതികള്‍ പരിവര്‍ത്തനത്തിനു വിധേയമായ ഘട്ടങ്ങളെ കുറിച്ച്‌ വിമര്‍ശനലേഖനങ്ങളില്‍ തന്നെ അദ്ദേഹം എഴുതുന്നു. തന്റെ സന്ദേഹങ്ങളെ കുറിച്ച്‌ ഏറ്റുപറയുന്നു. ഇടശ്ശേരിയുടെ 'നെല്ലുകുത്തുകാരി പാറുവിന്റെ കഥ' എന്ന കവിതക്കെഴുതിയ ആസ്വാദനത്തില്‍ ആ കവിതയുടെ വായന തന്റെ സംവേദനക്ഷമതക്കുണ്ടാക്കിയ വികാസപരിണാമങ്ങളെ കെ.പി. ശങ്കരന്‍ വിസ്തരിക്കുന്നതു കാണുക! ഈ കവിത തന്നിലുണ്ടാക്കിയ സന്ദേഹങ്ങളെ കുറിച്ചും അദ്ദേഹം എഴുതുന്നു. ഈ വിമര്‍ശകന്റെ ലേഖനങ്ങളില്‍ നിന്നും വായനക്കാരെ കീഴടക്കി ഭരിക്കുന്ന ഒരു പരമാധികാരി എഴുന്നേറ്റ്‌ വരുന്നില്ല. ഇങ്ങനെയും ചില കാര്യങ്ങളുണ്ടെന്നു പറഞ്ഞുവയ്ക്കുകയും സന്ദേഹങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന കെ.പി.ശങ്കരന്റെ നിരൂപണധിഷണ എപ്പോഴും വായനക്കാരനോടു സംഭാഷണത്തിനു തയ്യാറാകുന്നതാണ്‌. 

കാല്‍പനികതയോടുള്ള ആവേശത്തില്‍ നിന്നും പതുക്കെ പതുക്കെ നേടുന്ന വിടുതലാണ്‌ കെ.പി. ശങ്കരന്റെ വിമര്‍ശനസപര്യയിലുണ്ടായ പ്രധാന പരിവര്‍ത്തനമെന്നു കരുതാവുന്നതാണ്‌. കാല്പനികതയുടെ പളപളപ്പില്‍ നിന്നും മാറി പച്ചയാഥാര്‍ത്ഥ്യത്തിന്റെ ലോകത്തെയും കാല്‍പനികകവികള്‍ കമ്പത്തോടെ ഉപയോഗിച്ചിരുന്ന മറിമാന്‍മിഴി, ലാലസിക്കുക തുടങ്ങിയ പദങ്ങള്‍ പരിഹാസത്തോടെ ഉപയോഗിക്കുന്ന ഇടശ്ശേരിയേയും അദ്ദേഹം ഇഷ്ടപ്പെടാന്‍ തുടങ്ങുന്നു. കാല്‍പനികതയുടെ വര്‍ണ്ണവാതകം നിറച്ച ബലൂണ്‍ പച്ചപ്പരമാര്‍ത്ഥത്തിന്റെ കൂര്‍ത്ത സൂചിത്തുമ്പു കൊണ്ട്‌ കുത്തിപ്പൊട്ടിക്കുന്നതിലെ രസം ഇടശ്ശരിയോടും എന്‍.വിയോടുമൊപ്പം ഇദ്ദേഹവും അനുഭവിക്കുന്നു. ഒരു ചരിത്രദൌത്യമെന്ന നിലക്ക്‌ കാല്‍പനികത അസ്തമിച്ചു കഴിഞ്ഞുവെന്ന് കെ. പി. ശങ്കരന്‍ ഉറപ്പിക്കുന്നുണ്ട്‌. എന്നാല്‍ കവിതയുടെ മൌലികമായ ചൈതന്യധന്യത എന്ന നിലയ്ക്ക്‌ അത്‌ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും സുഗതകുമാരിയുടെ കവിതക്കു കാന്തി പകരുന്നത്‌ ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പ്രശ്നത്തിന്റെ ഇരുവശവും കാണുന്ന സമഗ്രവീക്ഷണം ഇവിടെയും ഉണര്‍ന്നിരിക്കുന്നു. മലയാളത്തില്‍ മണ്ഡന സാഹിത്യവിമര്‍ശനം ശുദ്ധസ്തുതികളില്‍ നിന്നും മുക്തി നേടി സാഫല്യം നേടുന്നത്‌ കെ.പി.ശങ്കരനിലൂടെയാണ്‌. 



കെ.പി.ശങ്കരന്‍ സപ്തതി അനുസ്മരണഗ്രന്ഥത്തില്‍ എഴുതിയത്

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...