Sunday, July 24, 2011

'കുടിയൊഴിക്ക'ലും ചരിത്രവും

ഐക്യകേരളത്തിനും വിമോചനസമരത്തിനും മുമ്പ്‌, ആംഗലഭാഷയില്‍ ബോധനം നടത്തുന്ന വിദ്യാലയങ്ങള്‍ സാധാരണമാകുതിനു മുമ്പ്‌, 'ഖസാക്കിന്റെ ഇതിഹാസ'ത്തിനും 'ആള്‍ക്കൂട്ട"ത്തിനും 'തലശ്ശേരികള്‍'ക്കും മുമ്പ്‌, ദളിതര്‍ ലക്ഷംവീടു കോളനികളിലേക്കും പട്ടികജാതി, പട്ടികവര്‍ഗകോളനികളിലേക്കും മാറ്റി പാര്‍പ്പിക്കപ്പെടുതിനു മുമ്പ്‌, സഖാവ്‌ വര്‍ഗീസിനും ജനകീയ സാംസ്ക്കാരികവേദിക്കും മുമ്പാണ്‌ 'കുടിയൊഴിക്കല്‍' എഴുതപ്പെട്ടത്‌. 1952. ബ്രിട്ടീഷ്‌ സാമ്രാജ്യത്വവിരുദ്ധസമരത്തിന്റെ അലയൊലികള്‍ കെട്ടടങ്ങാനുള്ള കാലമായിരുന്നില്ല. ലോകമെമ്പാടും അധിനിവേശശക്തികള്‍ പിന്‍മാറ്റത്തിനു നിര്‍ബ്ബന്ധിതരാകുകയും മര്‍ദ്ദിതജനതകളുടെ നേതൃത്വത്തിലുള്ള വിമോചനപോരാട്ടങ്ങള്‍ ശക്തിപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭമായിരുന്നു. പുത്തന്‍ അധിനിവേശത്തിന്റെ ഒളിപ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയപ്പെട്ടിരുന്നില്ല താനും. നൃശംസശക്തികളില്‍ നിന്നു വിമോചനമെന്ന സന്ദേശത്തിന്റെ അനുരണനങ്ങള്‍ എല്ലായിടത്തേക്കും വ്യാപിക്കുന്നുണ്ടായിരുന്നു. ഈ കാലഘട്ടത്തിന്റെ കേരളചരിത്രമാണ്‌ കുടിയൊഴിക്കലിന്റെ രചനക്ക്‌ അബോധപ്രേരണയായത്‌. തങ്ങളുടെ കൂറ്‌ അടിസ്ഥാനജനവിഭാഗങ്ങളോടാണെന്ന് മദ്ധ്യവര്‍ഗത്തിനു പറയേണ്ടി വരുന്ന ചരിത്രസാഹചര്യങ്ങളാണ്‌ നിലനിന്നിരുന്നത്‌. എന്നാല്‍, ഇടച്ചേരിയിലുള്ളവരുടെ ഉറപ്പില്ലാത്ത ഈ ഐക്യപ്രഖ്യാപനത്തെ അന്നത്തെ കേരളത്തിന്റെ സാമൂഹികവ്യവസ്ഥയിലേക്കു നോക്കുന്നവര്‍ക്കു കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. കുടികിടപ്പ്‌ അവകാശമായിരുന്നില്ല. കുടിയൊഴിക്കലായിരുന്നു ന്യായം.


ആത്മവിചാരണയുടെ ഒരു മഹാശബ്ദം മലയാളകവിതയിലൂടെ കേല്‍ക്കുകയായിരുന്നു. ആത്മവിമര്‍ശനം സാമൂഹികവും വര്‍ഗപരവുമായ മൂല്യങ്ങളെ കേന്ദ്രീകരിച്ചാകുന്നത്‌ മലയാളകവിതയില്‍ ആദ്യമായിട്ടായിരുന്നു. ദേശീയസമരപ്രസ്ഥാനത്തിന്റേയും നവോത്ഥാനപ്രസ്ഥാനങ്ങളുടേയും കര്‍ഷകകലാപങ്ങളുടേയും വേരുകളില്‍ നിന്ന് ചിന്തകളിലും വിചാരങ്ങളിലും പുരോഗാമിയായ നിലപാടുകളുള്ള ഇടത്തരക്കാരുടെ ഒരു വര്‍ഗം കിളിര്‍ത്തു വന്നിരുന്നു. ചിന്തയുടേയും ഭാവനയുടേയും ലോകത്തില്‍ നിസ്വവര്‍ഗത്തോട്‌ കൂറുള്ളവരാകണമെന്ന് ഇവര്‍ നിശ്ചയിച്ചപ്പോള്‍ പോലും യഥാര്‍ത്ഥജീവിതത്തില്‍ അത്‌ സാദ്ധ്യമായതില്ല. മേലാളന്റെ വരേണ്യതയും ആജ്ഞാശക്തിയുമാണ്‌ യഥാര്‍ത്ഥജീവിതത്തില്‍ പ്രകടിതമായത്‌. മദ്ധ്യവര്‍ഗം വലിയൊരു സന്ദിഗ്ദ്ധാവസ്ഥയിലായിരുന്നു. 'കുടിയൊഴിക്കലി'ന്‌ അവതാരിക എഴുതിയ എന്‍.വി. കൃഷ്ണവാരിയര്‍, ആ കാലഘട്ടത്തിലെ ഏറ്റവും വിഷാദതന്തുരമായ വസ്തുത ഈ മദ്ധ്യവര്‍ഗമാണെന്ന് എഴുതി. "ഒരു വശത്ത്‌ ആര്‍ത്തിരമ്പി മറിയുന്ന അകിഞ്ചനവര്‍ഗം: മറുവശത്ത്‌ തങ്ങള്‍ കയ്യടക്കിയ പ്രപഞ്ചവിഭവങ്ങളുടെ കൊടുമുടിയില്‍ വിഹരിക്കുന്ന ധനികവര്‍ഗം; രണ്ടിനുമിടയില്‍ നിലത്തും മാനത്തുമല്ലാതെ തൂങ്ങിനില്‍ക്കുകയാണിവര്‍. കിട്ടിയതു കൈവിട്ടുപോകുന്നതിലെ ഭയം ഇവരെ മുതലാളികളോടൊരുമിച്ചു നിര്‍ത്തുന്നു. പക്ഷേ, ചരിത്രശക്തികളുടെ നിര്‍ദ്ദയപ്രവര്‍ത്തനങ്ങളെക്കുറിച്ചുളള ബോധവും, മനുഷ്യസ്നേഹാര്‍ദ്രമായ ഹൃദയവും ഇവരെ തൊഴിലാളികളുടെ ഭാഗത്തേക്കാകര്‍ഷിക്കുന്നു. ഫലം അതിദയനീയമാണ്‌. ബുദ്ധിയും ഹൃദയവും വിപ്ളവത്തെ അനുകൂലിക്കുമ്പോള്‍ ഇവരുടെ പ്രവൃത്തികള്‍ വിപ്ളവത്തിന്റെ മുമ്പില്‍ പ്രതിരോധങ്ങള്‍ കെട്ടിയുയര്‍ത്തുന്നു. സ്വന്തം നാശം സ്വയം കണ്ടറിഞ്ഞ്‌ അതിലേക്കു തന്നെ അവര്‍ അടിയടിയായി നീങ്ങുന്നു. ഈ വിനാശത്തിലാകെ വിധിയുടെ അലംഘ്യമായൊരു ശാസനം ഇവര്‍ കണ്ടെത്തുന്നു. അവര്‍ക്കു വിപ്ളവം അനിര്‍വ്വചനീയ നിര്‍ദ്ദയമായൊരു പ്രകൃതിക്ഷോഭമായും തോന്നുന്നു. അനുഭാവം ശത്രുവിനോടയാകയാല്‍ ഇവര്‍ തോല്‍ക്കാന്‍ നില്‍ക്കാതെ ആയുധം വെയ്ക്കുന്നു. വിപ്ളവത്തിന്റെ വിജയത്തില്‍ സന്തോഷിക്കുന്ന ഇവര്‍ അതിന്റെ രൂക്ഷതയെച്ചൊല്ലി വിലപിക്കുന്നു." മദ്ധ്യവര്‍ഗജീവിതത്തിന്റെ പിളര്‍പ്പിനെ കുറിച്ചെഴുതിയ എന്‍.വി, കാലഘട്ടത്തിന്റെ ദുരന്തമാണ്‌ 'കുടിയൊഴിക്ക'ലിലൂടെ ആവിഷ്ക്കരിക്കപ്പെട്ടതെന്നു പറയുന്നുമുണ്ട്‌. "അഭിജാതനായ കവിക്ക്‌ തന്റെ ഉയര്‍ന്ന സംസ്ക്കാരത്തോടുള്ള പ്രണയവും നിസ്വവര്‍ഗത്തോടുള്ള ഹാര്‍ദ്ദസ്നേഹവും തമ്മിലുള്ള പൊരുത്തക്കേടാണ്‌" കവിതയുടെ മര്‍മ്മമെന്ന് എം.എന്‍. വിജയനും എഴുതിയിരുന്നു. എന്നാല്‍, വര്‍ഗപരമായ വൈരുദ്ധ്യങ്ങളുടെ ആവിഷ്ക്കരണം മാത്രമായി ഈ കവിതയെ ലഘൂകരിച്ചു കാണാന്‍ കഴിയുമായിരുന്നില്ല താനും.


മനുഷ്യരാശിയുടെ ഭാവി മോഹനമാകുന്നതിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വൈലോപ്പിള്ളിയുടെ കവിതയില്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. 'സമത്വപ്പൊന്‍വനിയായി പുനര്‍വിരചിക്കപ്പെടു'ന്ന ലോകം വൈലോപ്പിള്ളിയുടെ സ്വപ്നമായിരുന്നു. ഈ മഹാകവിയുടെ കവിതകളില്‍ പേര്‍ത്തും പേര്‍ത്തും ഓണത്തെ കുറിച്ചുള്ള വിചാരങ്ങള്‍ കടന്നുവരുന്നത്‌ നല്ല ലോകത്തേയും കാലത്തേയും കുറിച്ചുള്ള ഈ പ്രതീക്ഷകളില്‍ നിന്നുമായിരുന്നു. 'വിദൂരതയിങ്കലുമൊരു തിരുവോണം' സ്വപ്നം കാണുന്ന ആ മനസ്സ്‌ തന്റെ കാലത്തെ സാമൂഹികജീവിതത്തെ കുറിച്ച്‌ എഴുതിയതു തന്നെ ഈ ലക്ഷ്യത്തെ കുറിച്ചു സൂചിപ്പിക്കാനായിരുന്നു. പാരമ്പര്യത്തില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത ആത്മീയമൂല്യങ്ങള്‍ വിപ്ളവത്തിന്റെ തീക്ഷ്ണതയെ വിമര്‍ശനാത്മകമായി കാണാന്‍ കവിയെ പ്രേരിപ്പിക്കുന്നുമുണ്ടായിരുന്നു. പുതിയ തത്ത്വശാസ്ത്രങ്ങളെ കുറിച്ചുള്ള അറിവ്‌, മൂല്യവിചാരങ്ങളെ കേവലമായി കാണുന്ന പ്രവണതകളില്‍ നിന്നും മാറി നില്‍ക്കുന്നതിന്‌ സഹായകമായി കവിയില്‍ പ്രവര്‍ത്തിച്ചു. ആധുനികതയുടേയും പുരോഗമനത്തിന്റേയും വിമോചനത്തിന്റേയും തത്ത്വശാസ്ത്രങ്ങള്‍ ഈ തിരുവോണസ്വപ്നത്തോടും മൂല്യവിചാരങ്ങളോടുമൊപ്പം കൂടിച്ചേരുന്നു. മദ്ധ്യവര്‍ഗസംസ്ക്കാരവും തിരുവോണസ്വപ്നവും പാരമ്പര്യം നല്‍കിയ ആത്മീയമൂല്യങ്ങളിലുള്ള വിശ്വാസവും തൊഴിലാളിവര്‍ഗം കൊണ്ടുവരുന്ന വിമോചനവുമെല്ലാം കൂടിച്ചേരുന്ന വൈരുദ്ധ്യങ്ങളുടെ ഐക്യമാണ്‌, വലിയ സംഘര്‍ഷങ്ങളുടെ ഒരു ഭൂമികയാണ്‌, 'കുടിയൊഴിക്കലി'ന്റെ രചനക്കു കാരണമായത്‌.


'കുടിയൊഴിക്കലി'ല്‍ മദ്ധ്യവര്‍ഗത്തിന്റെ പ്രതിനിധിയായി കവി തന്നെ പ്രത്യക്ഷപ്പെടുന്നു. കവിതയില്‍ സംസാരിക്കുതു കവി തന്നെയണ്‌. പുറത്തേക്കു കാട്ടുന്ന പുഞ്ചിരിയിലൂടെ കുലീനമായി കള്ളം പറയുന്ന വഞ്ചനയല്ല, നെഞ്ചുകീറി നേരിനെ കാട്ടുന്ന സത്യസന്ധതയെ പ്രഖ്യാപിച്ചു കൊണ്ടാണ്‌ കവിത തുടങ്ങുന്നത്‌. "പുഞ്ചിരി! ഹാ! കുലീനമാം കള്ളം
നെഞ്ചുകീറി ഞാന്‍ നേരിനെ കാട്ടാം." എന്നിങ്ങനെ ആദ്യഖണ്ഡത്തിലും
"നേരു മിന്നിത്തിളങ്ങുമെന്‍ ചിത്തം
ചോര ചിന്നിത്തുറന്നു ഞാന്‍ കാട്ടാം" എന്നു രണ്ടാം ഖണ്ഡത്തിലും
കവി എഴുതുന്നു. എന്‍.വി. സൂചിപ്പിച്ചതു പോലെ വിഭജിതമായ ആത്മാവിനെ പേറുന്ന ഒരു വര്‍ഗത്തിന്റെ സത്യസന്ധത സന്ദേഹജനകമായിരുന്നു. കവിയുടെ സത്യപ്രഖ്യാപനങ്ങള്‍ ഈ സന്ദിഗ്ദ്ധസ്ഥിതിയില്‍ നിന്നും ഉയിരെടുത്തതായിരുന്നു. മദ്ധ്യവര്‍ഗം അതിന്റെ സത്യസന്ധതയെ പറഞ്ഞുറപ്പിക്കേണ്ടി വരുന്ന ഒരു വര്‍ഗമാണ്‌. വലിയ പശ്ചാത്താപത്തിന്റേയും ആത്മവിചാരണയുടേയും വാക്കുകളോടൊപ്പം ചില വിശ്വാസങ്ങളെ കൂടി ഉറപ്പിച്ചു പറയുന്നതിലൂടെ വൈലോപ്പിള്ളിയുടെ ഈ കവിതയില്‍ മദ്ധ്യവര്‍ഗമനസ്സിന്റെ വാതിലുകള്‍ നന്നായി തുറക്കപ്പെട്ടു. "ഈ ഞാന്‍, ഞങ്ങള്‍ നിങ്ങളെ സ്നേഹിപ്പിതെന്നും" എന്നിങ്ങനെ ദരിദ്രവര്‍ഗത്തോടൊപ്പമാണെന്നു പറയാനുള്ള മദ്ധ്യവര്‍ഗത്തിന്റെ ശ്രമം കവിതയില്‍ നേരിട്ട് ആവിഷ്ക്കൃതമായി. ആ വാക്കുകള്‍ക്കു നേരെ തുപ്പല്‍, "വെള്ളം ചേര്‍ക്കാത്ത കള്ള" മെന്ന ആക്ഷേപം...കവിതയിലെ നായകന്റെ ശ്രമങ്ങള്‍ വിഫലമാകുകയാണ്‌. എന്നാല്‍, കവിത ആ കാലഘട്ടത്തിന്റെ സത്യത്തിന്റെ ആവിഷ്ക്കാരമായി മാറുകയായിരുന്നു. കവിഹൃദയത്തിലെ വികാരവൈരുദ്ധ്യമെന്ന രീതിയില്‍ ഇത്‌ മറ്റൊരു രീതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്‌.


മദ്ധ്യവര്‍ഗജീവിതത്തിന്റെ ആന്തരികവൈരുദ്ധ്യങ്ങളേയും പ്രതിസന്ധികളേയും എഴുതിയ കവിതയില്‍, ആ വര്‍ഗം ചരിത്രത്തില്‍ അഭിമുഖീകരിച്ച പിളര്‍പ്പ്‌ മറ്റൊരു രൂപത്തില്‍ കൂടി ആവിഷ്ക്കൃതമായി. കവിയുടെ കാവ്യജീവിതത്തിനും യഥാര്‍ത്ഥജീവിതത്തിനും ഇടയ്ക്കുള്ള വിഭജിതാവസ്ഥക്ക്‌ വര്‍ഗസമൂഹത്തില്‍ മദ്ധ്യവര്‍ഗം നേരിടുന്ന പിളര്‍പ്പിനോട്‌ സാദൃശ്യമുണ്ടായിരുന്നു. "കെട്ട ജീവിതം! ഉണ്ടെനിക്കെന്നാല്‍ മറ്റൊരു കാവ്യജീവിതം മന്നില്‍" എന്ന വാക്യത്തില്‍ കവിജീവിതത്തിന്റെ മഹത്ത്വത്തെ കുറിച്ചു പറയുക മാത്രമായിരുന്നില്ല, അത്‌ മദ്ധ്യവര്‍ഗത്തിന്റെ അനിശ്ചിതമായ സ്ഥിതിയുടെ ന്യായീകരണമായി മാറുകയും ചെയ്തു. കേരളത്തിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ ഏകശാസനസ്വഭാവമുള്ള നിലപാടുകള്‍ക്കെതിരെയുള്ള വിമര്‍ശനം കൂടിയായിരുന്നു ഇത്‌. യാന്ത്രികവാദത്തിനു കീഴ്പ്പെട്ട കലാദര്‍ശനങ്ങളോടുള്ള പ്രതിഷേധമായി കവിതയില്‍ ഇതു സൂചിതമാകുന്നുമുണ്ട്‌. കവികളേയും എഴുത്തുകാരേയുമെല്ലാം മദ്ധ്യവര്‍ഗക്കാരായി കാണുകയോ കലാകാരന്‍മാരുടെ മറ്റൊരു വര്‍ഗത്തെ നിര്‍വ്വചിക്കുകയോ ചെയ്യുന്ന കര്‍മ്മത്തിന്‌ കവി തുനിയുന്നു. ഈ വര്‍ഗത്തിനു സൌന്ദര്യബോധമുണ്ട്‌. സൌന്ദര്യബോധത്താല്‍ കുതികൊള്ളുന്ന പുരോഗമനവാഞ്ഛയും പ്രതിജ്ഞാബദ്ധതയുമുണ്ട്‌. പുരോഗാമിയായ എല്ലാ പ്രവൃത്തികള്‍ക്കും പിന്നില്‍ സൌന്ദര്യബോധമുണ്ടെന്ന് കവിതയില്‍ എഴുതപ്പെടുന്നു. കുടികിടപ്പുകാരനായ തൊഴിലാളിയുടെ ജീവിതത്തോട്‌ താരതമ്യം ചെയ്തുകൊണ്ട്‌ 'ഉണ്ടെനിക്കെന്നാല്‍ മറ്റൊരു കാവ്യജീവിത'മെന്നു നിനയ്ക്കുന്നതിന്‌ കവിയെ പ്രേരിപ്പിക്കുന്നത്‌ ഈ സൌന്ദര്യബോധം നല്‍കുന്ന ആത്മവിശ്വാസമാണ്‌. എന്നാല്‍, വിഭജിതമായ മനസ്സ്‌ ഇവിടെയും പ്രവര്‍ത്തിക്കാതിരിക്കുന്നില്ല. തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ കലാദര്‍ശനങ്ങളിലെ ഗരിമയുള്ള മൂലകങ്ങള്‍ കവിയുടെ മനസ്സിനെ ഉലയ്ക്കുകയും സന്ദിഗ്ദ്ധാവസ്ഥകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
"കനിവിന്റെ കണ്ണുനീര്‍ കലരാത്ത
കരളിന്റെ കവിതയിതൊക്കെയും കപടമല്ലേ?" എന്ന നിസ്വന്റെ ചോദ്യത്തിനു മുന്നില്‍ അതു പതറുകയും വിശ്വമഹാകവികളോടൊപ്പം ചേര്‍ന്ന്
"പോക, പോകടോ നീ കവിയ,ല്ലാ
-പ്രാകൃതനാണു സാഹിത്യകാരന്‍"
എന്നു നമ്മുടെ കവിയും തിരുത്തുകയും ചെയ്യുന്നു.


മദ്ധ്യവര്‍ഗ്ഗത്തിന്റെ ഉപബോധത്തില്‍ ദരിദ്രവര്‍ഗ്ഗത്തെക്കുറിച്ചുളള ഭയാശങ്കകളുണ്ട്‌. വൈലോപ്പിള്ളിയുടെ കവിത ഇതു തുറന്നുപറയുന്നു. കാലത്തിന്റെ വിളികള്‍ ഒരു സൊല്ലയായി മാറുമ്പോള്‍ സമൂഹത്തെ മുറുക്കിയിരിക്കുന്ന കെട്ടുകളഴിക്കാന്‍ ഇടച്ചേരിയും കൂടുന്നു. എന്നാല്‍, കെട്ടുകള്‍ അഴിച്ചുതുടങ്ങുമ്പോള്‍ തന്നെ ഇവര്‍ ഭീതിയില്‍ പെടുന്നു.
"സൊല്ലയാല്‍ ഞങ്ങളീ കടുംകെട്ടു
മെല്ലെമെല്ലെയഴിക്കുവാന്‍ നോക്കി
ചെറ്റഴിക്കവേ, യെന്തുപബോധ-
വൃത്തിയോ, പിണച്ചേറെ മുറുക്കി"
യെന്നു കവിത. മദ്ധ്യവര്‍ഗ്ഗത്തിന്‌ ദരിദ്രവര്‍ഗ്ഗത്തോട്‌ സമ്പൂര്‍ണ്ണ ഐക്യം പ്രാപിക്കാന്‍ കഴിയില്ലെന്ന്, സമ്പന്ന വര്‍ഗ്ഗത്തെ എത്തിപ്പിടിക്കാനുളള അതിന്റെ ഉപബോധമോഹങ്ങള്‍ എപ്പോഴും അതിനെ പിന്നോട്ടു വലിക്കുന്നുവെന്ന് കവിക്ക്‌ ഉറപ്പുണ്ടായിരുന്നു. എന്നാല്‍, സമൂഹത്തെ വലിഞ്ഞു മുറുക്കുന്ന കെട്ടുകളെ ഒറ്റ വെട്ടുകൊണ്ട്‌ തൊഴിലാളിവര്‍ഗ്ഗം അറുത്തുകളയുന്നു. തൊഴിലാളിവര്‍ഗത്തോടും അവരുടെ വിമോചനപോരാട്ടങ്ങളോടും കൂട്ടു കൂടുന്നവനാണെന്ന് സ്വയം ഉറപ്പുള്ള കവിയുടെ ശബ്ദത്തില്‍ ഇപ്പോള്‍ വിമര്‍ശനത്തിന്റെ വാക്കുകളും കടന്നുവരുന്നു. പരിവര്‍ത്തനം മര്‍ത്ത്യലോകമഹിമ പുലര്‍ത്തുന്ന വിധമായിരുന്നില്ലെന്ന് കവിത പറയുന്നു. ആദിമമനുഷ്യനോളം മനുഷ്യരാശി വീണുവെന്ന് കവിത. എങ്കിലും, അദ്ധ്വാനിക്കുന്ന വര്‍ഗ്ഗം സൃഷ്ടിക്കുന്ന വലിയ പരിവര്‍ത്തനങ്ങളെ കവി ആകാംക്ഷയോടെ കാണുന്നു. കവിവര്‍ഗ്ഗം സ്വപ്നം കണ്ട സ്നേഹമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കണമെന്ന്,
"മര്‍ദ്ദകനിണസ്വാദിനെയോര്‍ക്കും കത്തിയാല്‍ ആത്മഹത്യ ചെയ്യരുതെ"ന്ന് ആഗ്രഹിക്കുന്നു. ഭൌതികസുഖങ്ങളില്‍ മാത്രം മുഴുകി ജീവിക്കുന്ന വീക്ഷണത്തിനെതിരെ ജീവിതത്തില്‍ നിറയേണ്ട ആത്മീയ ഘടകങ്ങളെ കുറിച്ച്‌ പറയുന്നു. മാനുഷസത്തയെ പുലര്‍ത്താന്‍ അനന്തതക്കും കഴിയില്ല. 
"പോരുമിത്തിരി മെയ്യിന്‌, സര്‍വ്വം
പോരാ മാനുഷസത്ത പുലര്‍ത്താന്‍. "


'കുടിയൊഴിക്കല്‍' ആശങ്കകളുടെ ആഖ്യാനമായിരുന്നു. താന്‍ ഉള്‍പ്പെടുന്ന മദ്ധ്യവര്‍ഗത്തിന്റെ അനിശ്ചിതാവസ്ഥ, തൊഴിലാളിവര്‍ഗവിപ്ളവത്തിന്റെ രൂക്ഷതയും അതിന്റെ മാര്‍ഗത്തെ കുറിച്ചുള്ള സന്ദേഹവും, വിപ്ളവത്തിന്റെ ഭാവിയെ കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍... ഇവയെല്ലാം ചേര്‍ന്നു നിര്‍മ്മിക്കപ്പെട്ട കവിതയില്‍ സഹജാവബോധത്തിന്റെ കരുത്തു നിറഞ്ഞു നിന്നു. ഇതാകട്ടെ, പരോക്ഷമായി ഭാവിയെ പ്രവചിക്കുന്നതിനു കെല്‍പുള്ളതായിരുന്നു. 'കുടിയൊഴിക്കല്‍' എഴുതപ്പെടുന്ന കാലത്ത്‌ സോവിയറ്റ്‌ യൂണിയനിലെ സ്റ്റാലിന്‍ യുഗം അവസാനിച്ചിരുന്നില്ല. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസും ക്രൂഷ്ച്ചോവും മുതലാളിത്തപുന:സ്ഥാപനത്തെ കുറിച്ചുള്ള വിമര്‍ശനങ്ങളും മഹത്തായ സംവാദവും വരാനിരിക്കുന്നതേയുള്ളൂ. സ്റ്റാലിന്‍ ഭരണത്തിന്റെ കീഴില്‍ കലാകാരന്‍മാരും എഴുത്തുകാരും പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തേക്ക്‌ അധികമായി എത്തിയിരുന്നില്ല. സഹജാവബോധത്തിന്റെ നിറവില്‍ വൈലോപ്പിള്ളിയുടെ കവിതക്ക്‌ ഇതിനയെല്ലാം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നുവെന്ന് ഇപ്പോള്‍ നമുക്കു പറയാം. അന്യോന്യഹിംസ കൊണ്ട്‌ വിഷമപ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നത്‌ അപരിഷ്ക്കൃതരായ ആദിമമനുഷ്യര്‍ക്കു ചേര്‍താണെന്നു കാണുകയും വര്‍ഗമത്സരം ശീലിച്ച്‌ ആയുധമെടുത്തു ജയിച്ചവര്‍ ആ ശീലത്തെ ഇനിയും തുടര്‍ന്ന് ആഭ്യന്തരകലഹത്തിലൂടെ അധ:പതിക്കാതിരിക്കട്ടെയെന്ന് ആഗ്രഹിക്കുകയും കുടികിടപ്പുകാരനായ തൊഴിലാളിയും മദ്ധ്യവര്‍ഗക്കാരനായ കവിയും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ കവിതയിലുടനീളം ശ്രദ്ധയില്‍ നിര്‍ത്തുകയും ചെയ്യുന്ന കവി
"മംഗളമാക, മര്‍ത്ത്യമഹത്ത്വ
ശൃംഗകാമുകം താവകമാര്‍ഗം" എന്നു തുറന്നാശംസിക്കുമ്പോഴും ഇതു തെറ്റിപ്പോകില്ലേയെന്ന സന്ദേഹത്തിന്റെ വലിയ ഒഴുക്കില്‍ പെട്ടവനെ പോലെയാണ്‌ നിന്നിരുന്നത്‌. ഭൌതികസുഖസംതൃപ്തികള്‍ക്കപ്പുറത്ത്‌ വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും പുലരേണ്ട മാനുഷികമായ ആത്മീയമൂല്യങ്ങളെ കുറിച്ചുള്ള ഉറപ്പായിരുന്നു വൈലോപ്പിള്ളിയുടെ നിലപാടിന്റെ അടിത്തറ. എന്നാല്‍, മൂല്യങ്ങളുടെ ചരിത്രപരതയെ നിഷേധിക്കുന്ന നിലപാടില്‍ നിന്നുകൊണ്ടല്ല ഈ കവിത എഴുതിയത്‌. മൂല്യങ്ങളുടെ പരിണാമത്തെ കുറിച്ച്‌ കവിക്ക്‌ അറിയാമായിരുന്നു. ആദിമമനുഷ്യന്റെ മൂല്യങ്ങളല്ല, ഇന്നത്തെ മനുഷ്യന്റേതെന്ന് സൂചിപ്പിക്കപ്പെടുന്നത്‌ അതുകൊണ്ടാണ്‌.


തൊഴിലാളിവര്‍ഗവിപ്ളവത്തിന്റെ അനിവാര്യതയേയും പ്രസക്തിയേയും അംഗീകരിക്കുകയും അതിന്റെ കഠിനമാര്‍ഗങ്ങളേയും ഭാവിയേയും കുറിച്ച്‌ ഉല്‍ക്കണ്ഠാകുലനാകുകയും ചെയ്ത കവി, താന്‍ പ്രതിനിധീകരിക്കുന്ന മദ്ധ്യവര്‍ഗ്ഗത്തിന്റെ അനിശ്ചിതമായ സ്വഭാവത്തെ കുറിച്ച്‌ എഴുതിയ വാക്കുകള്‍ കേരളത്തിന്റെ പിന്നീടുള്ള ചരിത്രത്തില്‍ നന്നായി തെളിഞ്ഞു വരുന്നതു കാണാവുന്നതാണ്‌. വിപ്ളവത്തിന്റെ പിതൃഭൂമിയില്‍ നിന്നു പിന്നീടു കേട്ട വാര്‍ത്തകള്‍ സുഖകരമായിരുന്നില്ലല്ലോ. വിപ്ളവം നേരിടുന്ന തിരിച്ചടികളേയും പ്രശ്നങ്ങളേയും കുറിച്ച്‌ ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടായിരുന്നു. പുതിയ പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും വീണ്ടും തെറ്റും ശരിയും കലര്‍ന്ന മാര്‍ഗ്ഗങ്ങളെ സൃഷ്ടിച്ചുകൊണ്ടിരുന്നു. മഹത്തായ സംവാദവും പാരീസ്‌ കലാപവും യൂറോ കമ്മ്യൂണിസവും സാംസ്ക്കാരികവിപ്ളവവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. കേരളത്തിലും അതിന്റെ അനുരണനങ്ങളുണ്ടായി. ഇവിടുത്തെ മദ്ധ്യവര്‍ഗ്ഗത്തിന്റെ അവസാനത്തെ ഉരുള്‍പൊട്ടലെന്ന് അത്‌ വിശേഷിക്കപ്പെട്ടു. ഇക്കാലത്തു രചിക്കപ്പെട്ട കെ.ജി.ശങ്കരപ്പിള്ളയുടെ രചനകളില്‍ 'കുടിയൊഴിക്കലി'ന്റെ ചില നല്ല തുടര്‍ച്ചകള്‍ കണ്ടെത്താം. എന്നാല്‍, ഇവിടെ രൂപം കൊണ്ട സാംസ്ക്കാരിക പ്രസ്ഥാനം അടിസ്ഥാനവിഭാഗങ്ങളില്‍ നിന്നും പിന്തുണ നേടിയിട്ടും ജനകീയപ്രക്ഷോഭങ്ങളില്‍ വിജയങ്ങള്‍ നേടിയിട്ടും പെട്ടെന്നു തന്നെ പിരിച്ചുവിടപ്പെടേണ്ട സ്ഥിതിയിലാണ്‌ എത്തിച്ചേര്‍ന്നത്. വിജയിച്ചതിനാല്‍ പിരിച്ചുവിടപ്പെട്ട ഈ പ്രസ്ഥാനത്തെ കുറിച്ച്‌ മുന്നേ തന്നെ വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. ജനകീയസാംസ്ക്കാരികവേദിയെ നയിച്ചിരുന്ന മദ്ധ്യവര്‍ഗ്ഗത്തിന്റെ സ്വഭാവസവിശേഷതകള്‍ കൂടി അതിന്റെ പിന്തിരിഞ്ഞുപോക്കിന്‌ കാരണമായിരുന്നു. സ്റ്റാലിനിസ്റ്റ്‌ മാതൃകകളെ ഉപേക്ഷിച്ച്‌ മുന്നോട്ടുപോകാന്‍ മടി കാണിച്ച രാഷ്ട്രീയനേതൃത്വം കൂടിയായപ്പോള്‍ ആ ഉരുള്‍പൊട്ടലിന്‌ അന്ത്യമായി. ആഗോളികരണത്തിന്റെ കാലം ആഗതമാകുകയായിരുന്നു. ലോകത്തെ ഏകഗ്രാമമാക്കി മാറ്റുന്ന പ്രക്രിയ ഏറ്റവുമധികം ആവേശിച്ചത്‌ മദ്ധ്യവര്‍ഗ്ഗത്തെയാണ്‌. അതിന്റെ ഉപരിവര്‍ഗ്ഗമോഹങ്ങള്‍ക്ക്‌ കൊഴുപ്പേറി. വിമോചനത്തിന്റെ മുദ്രാവാക്യങ്ങളെ പേറുന്ന മദ്ധ്യവര്‍ഗ്ഗം അസാദ്ധ്യമാകുകയായിരുന്നു. സുഖകാമനകളും ഉപഭോഗസംസ്ക്കാരവും ജീവിതത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള അമിതമായ ആകാംക്ഷകളും ആവേശിച്ച സമകാലമദ്ധ്യവര്‍ഗം നിസ്വവര്‍ഗത്തെ കുറിച്ച്‌ എന്തെങ്കിലും ആകുലതകളെ സൂക്ഷിക്കുന്നുണ്ടോയെന്നു തന്നെ സംശയിക്കണം. അധീശവര്‍ഗം നീട്ടുന്ന വ്യവസ്ഥയോട്‌ അത്‌ ഒത്തുതീര്‍പ്പുകളിലൂടെ സമവായത്തിലെത്തുകയും അതിലേക്ക്‌ സ്വാംശീകരിക്കപ്പെടുകയും ചെയ്തു കഴിഞ്ഞിട്ടുണ്ടല്ലോ.


ജനശക്തിയുടെ ജൂലൈ ആദ്യലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

No comments: