Sunday, April 17, 2011

സംസ്ക്കാരവും രാഷ്ട്രീയവും

സംസ്ക്കാരവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം എത്രയോ ഗൌരവതരമായ പ്രശ്നീകരണങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്‌. സംസ്ക്കാരത്തെ കുറിച്ചുളള ഇടതുപക്ഷത്തിന്റെ സമീപനം സന്നിഗ്ദ്ധമാണെന്ന വിശകലനങ്ങള്‍ക്കിടയിലും പരസ്പരം വെളളം കടക്കാത്ത അറകളിലെന്നോണം ഇവയെ വേര്‍തിരിച്ചു നിര്‍ത്തണമെന്ന പരിശുദ്ധിവാദത്തിന്റെ വീക്ഷണത്തോട്‌ ഇടതുപക്ഷനിലപാടുകള്‍ നിരന്തരം കലഹിക്കുകയും വിട്ടുവീഴ്ചയില്ലാതെ പോരാടുകയും ചെയ്തുപോന്നിട്ടുണ്ട്‌. സംസ്ക്കാരവും രാഷ്ട്രീയവും സാമൂഹികബന്ധങ്ങളുടെ സാകല്യത്തെ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ അവ വിഭിന്ന രീതികളിലാണ്‌ സമൂഹത്തില്‍ ഇടപെടുന്നത്‌. സാമൂഹികബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ രാഷ്ട്രീയത്തിനുള്ള പങ്ക്‌ മറ്റു സാമൂഹികപ്രയോഗങ്ങള്‍ക്കില്ല. അത്‌ തീരുമാനങ്ങളെ ഉന്നം വയ്ക്കുന്ന ബോധപൂര്‍വ്വമായ പ്രയോഗമാണ്‌. ലെനിന്റെ പുസ്തകത്തിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്നതു പോലെ "എന്തു ചെയ്യണം" എന്നു തീരുമാനിക്കുന്നത്‌ രാഷ്ട്രീയമാണ്‌. സാംസ്ക്കാരികപ്രയോഗങ്ങളുടെ മുഖ്യകടമ അര്‍ത്ഥോല്‍പാദനമാണ്‌. അത്‌ രാഷ്ട്രീയനിര്‍ദ്ദേശങ്ങളാല്‍ സമ്പന്നമാണ്‌. എന്നാല്‍, തീരുമാനങ്ങളുടെ മണ്ഡലത്തില്‍ അതിന്‌ പ്രവര്‍ത്തിക്കാനാവില്ല. ഈ വ്യത്യസ്തതകള്‍ പ്രധാനമാണ്‌.


സംസ്ക്കാരവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ഇടതുപക്ഷ വീക്ഷണം രണ്ടുവിധത്തിലുള്ള ന്യൂനീകരണപ്രവണതകള്‍ക്ക്‌ വിധേയമായിരുന്നു. എല്ലാ മാനുഷികസാദ്ധ്യതകളും സാംസ്ക്കാരിക മുന്‍ഗണനകളും രാഷ്ട്രീയത്തിന്റെ അടിത്തറയിലാണ്‌ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നതെന്ന് കരുതുന്ന, എല്ലാറ്റിനേയും രാഷ്ട്രീയത്തിലേക്ക്‌ ന്യൂനീകരിക്കുന്ന പ്രവണതയായിരുന്നു ആദ്യത്തേത്‌. ഇത്‌, എഴുത്തുകാരനോട്‌ രാഷ്ട്രീയമുദ്രാവാക്യങ്ങള്‍ക്കനുസരിച്ച്‌ എഴുതാന്‍ നിര്‍ദ്ദേശിക്കുകയും സംസ്ക്കാരത്തെ രാഷ്ട്രീയത്തിന്റെ ഉപകരണം മാത്രമായി കാണുകയും ചെയ്തു. അടുത്ത ന്യൂനീകരണം, ഉത്തരാധുനികതയുടേയും ബഹുസ്വരതയുടേയും സമകാലസന്ദര്‍ഭത്തില്‍ സാംസ്ക്കാരികപഠനങ്ങള്‍ക്കുളള അക്കാദമികളുടെ കീഴില്‍ നടന്നു കൊണ്ടിരിക്കുന്നതാണ്‌. ഈ ന്യൂനീകരണപ്രവണത എല്ലാ സാംസ്ക്കാരികവിഭിന്നതകളേയും രാഷ്ട്രീയമെന്ന് വിലയിരുത്തുകയും ഭിന്നഘടകങ്ങളുടെ സവിശേഷവല്‍ക്കരണത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ട്‌ ആത്മരതിയില്‍ മുഴുകുകയും ചെയ്യുന്നു. രാഷ്ട്രീയത്തെ സാംസ്ക്കാരികസ്വത്വങ്ങളുടെ ആത്മരതിയില്‍ വിലയിപ്പിച്ച്‌ നശിപ്പിക്കുന്നു. 
ഈ രണ്ടു ന്യൂനീകരണപ്രവണതകളും ഏതെങ്കിലുമൊന്നിന്റെ, രാഷ്ട്രീയത്തിന്റെയോ സംസ്ക്കാരത്തിന്റെയോ, നിഷേധത്തില്‍ കലാശിക്കുന്നു. രാഷ്ട്രീയത്തെ അടിത്തറയായും സംസ്ക്കാരത്തെ ഉപരിഘടനയായും കാണുന്ന സമീപനത്തെ ആധാരമാക്കിയാണ്‌ ഈ വിഷയത്തില്‍ ഇടതുപക്ഷം ഏറ്റെടുത്ത എല്ലാ സംവാദങ്ങളും നടന്നിട്ടുള്ളത്‌. അടിത്തറയേയും ഉപരിഘടനയേയും കുറിച്ചുള്ള ഏകപക്ഷീയധാരണകള്‍ സൈദ്ധാന്തികതലത്തില്‍ ഏതാണ്ട്‌ പരാജയപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌. അടിത്തറയെ കേവലമായി ആശ്രയിക്കുന്ന, അഥവാ അടിത്തറ കേവലമായി നിര്‍ണ്ണയിക്കുന്ന ഉപരിഘടനയെ കുറിച്ചുള്ള യാന്ത്രികധാരണകള്‍ക്കെതിരെ മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍മാര്‍ തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും സോവിയറ്റ്‌ തിരുത്തല്‍വാദവീക്ഷണങ്ങള്‍ക്ക്‌ ഇടതുപക്ഷരാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ മുന്‍കൈ ലഭിച്ചിരുന്ന ഘട്ടങ്ങളില്‍ ഈ പ്രതിലോമവീക്ഷണം സാംസ്ക്കാരികമണ്ഡലത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. അടിസ്ഥാനഘടനയുടേയും ഉപരിഘടനയുടേയും വ്യതിരിക്തതകളേയും സവിശേഷതകളേയും ഇവ തമ്മില്‍ തമ്മിലുള്ള എല്ലാ പരസ്പരബന്ധങ്ങളേയും പ്രതിപ്രവര്‍ത്തനങ്ങളേയും കാണുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സമഗ്രചിത്രത്തില്‍ ഏകപക്ഷീയതകളും ന്യൂനീകരണങ്ങളുമില്ല. ഉല്‍പാദനവ്യവസ്ഥയും സാമ്പത്തികബന്ധങ്ങളും പരിണമിച്ചു കൊണ്ടിരിക്കുന്നവയാണ്‌. അതുകൊണ്ടു തന്നെ അടിത്തറയുടെ ഘടന സ്ഥിതമോ ശാശ്വതമോ അല്ല. അടിസ്ഥാനഘടനയെ കുറിച്ചുള്ള ധാരണകള്‍ ചരിത്രപരമായി വിശകലനം ചെയ്യപ്പെടേണ്ടതുമാണ്‌. സാമൂഹികാസ്തിത്വം ബോധത്തെ നിര്‍ണ്ണയിക്കുന്നുവെന്ന് ഉറപ്പിച്ചു പറയുന്വോള്‍ തന്നെ, പ്രകൃതിയില്‍ മനുഷ്യബോധം ഇടപെട്ടു തുടങ്ങുന്ന ഘട്ടം മുതല്‍ക്കേ അതിന്റെ സ്വേച്ഛാചലനങ്ങള്‍ക്ക്‌ മനുഷ്യപ്രയാണങ്ങളില്‍ വലിയ പങ്കുണ്ടായിരുന്നുവെന്ന കാര്യവും ശരിയായി പരിഗണിക്കേണ്ടതുണ്ട്‌. ഉപരിഘടനയെയും കേവലമായി പരിഗണിക്കരുത്. വിഭിന്നങ്ങളും വ്യത്യസ്തങ്ങളുമായ നിരവധിഘടകങ്ങളുടെ സഞ്ചയമാണത്‌. ഈ ഘടകങ്ങള്‍ പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്നവയാണ്‌. അടിസ്ഥാനഘടന ഉപരിഘടനയോടെന്ന പോലെ ഉപരിഘടന അടിസ്ഥാനഘടനയുമായും പ്രതിപ്രവര്‍ത്തിക്കുകയും പരസ്പരം സ്വാധീനിക്കുകയും ചെയ്യുന്നു. 

അടിത്തറയുമായി ബന്ധം നിഷേധിച്ചു കൊണ്ട്‌, ഉപരിഘടനയുടെ കേവലസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരുമുണ്ട്‌. ഇവര്‍ പ്രതിലോമകാരികളുടെ കൈകളിലെ കളിപ്പാട്ടമായി മാറിയേക്കാമെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തിയ സന്ദര്‍ഭങ്ങളുമുണ്ട്‌. ഉത്തരാധുനികതയുടെ സമകാലസന്ദര്‍ഭത്തില്‍, സാംസ്ക്കാരികപഠനങ്ങള്‍ക്കുളള അക്കാദമികളുടെ കീഴില്‍ വിഭിന്നതകളുടെ സവിശേഷവല്‍ക്കരണത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ട്‌ അവയുടെ രാഷ്ട്രീയത്തെ സ്വത്വങ്ങളുടെ ആത്മരതിയില്‍ വിലയിപ്പിച്ച്‌ നശിപ്പിക്കുന്ന പ്രവര്‍ത്തനം ഈ വിഭാഗീയവീക്ഷണത്തിന്റെ വക്താക്കള്‍ ഏറ്റെടുക്കുന്നു. ഉത്തരാധുനികതയുടെ ആശയലോകം സാംസ്ക്കാരികപ്രയോഗങ്ങള്‍ക്കപ്പുറത്ത്‌ രാഷ്ട്രീയപ്രയോഗത്തിന്‌ ഇടം അനുവദിക്കുന്നതേയില്ല. അത്‌ എല്ലാവിധ സംഘടിതപ്രവര്‍ത്തനങ്ങളേയും ചെറുത്തുനില്‍പുകളേയും നിഷേധിക്കുകയും വിമോചനപ്രവര്‍ത്തനങ്ങളെ ശകലീകരിക്കുകയും ചെയ്യുന്നു. എല്ലാ സാംസ്ക്കാരിക മുന്‍ഗണനകളേയും രാഷ്ട്രീയത്തിന്റെ അടിത്തറയിലേക്ക്‌ ചുരുക്കുന്ന ഉപകരണവാദികളുടെ ന്യൂനീകരണ പ്രവണതയെ എന്ന പോലെ ബൃഹത്‌രാഷ്ട്രീയത്തിന്റെ മരണം ആഘോഷിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഉത്തരാധുനികതയുടെ സാംസ്ക്കാരികരാഷ്ട്രീയത്തിന്റെ ന്യൂനീകരണത്തേയും സാംസ്ക്കാരികപ്രവര്‍ത്തകര്‍ക്ക്‌ നേര്‍ക്കു നേര്‍ അഭിമുഖികരിക്കേണ്ടിയിരിക്കുന്നു. 

അന്വേഷണം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ചില ഭാഗങ്ങള്‍

No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...