Friday, April 29, 2011

ദൈവം വേണമോ അനേകം പ്രപഞ്ചങ്ങള്‍ വേണമോ?

കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍, പ്രമുഖരായ ഒരു കൂട്ടം ചിന്തകന്മാര്‍ തത്ത്വചിന്തയുടെ മരണം പ്രഖ്യാപിക്കുന്ന നിലപാടുകളുമായി മുന്നോട്ടു വരികയുണ്ടായി. തത്ത്വചിന്തയെ കീഴ്പ്പെടുത്തി നില്‍ക്കുന്ന സത്താവാദ(Essentialism)ത്തേയും അടിസ്ഥാനവാദ(Foundationalism)ത്തേയും കടന്നാക്രമിച്ചുകൊണ്ടാണ്‌ ഇവര്‍ തങ്ങളുടെ സമീപനങ്ങളെ വിശദീകരിച്ചത്‌. അസ്തിത്വത്തെ മനസ്സിലാക്കുന്നതിനും സാര്‍വ്വലൌകികവിജ്ഞാനത്തെ കുറിച്ചുളള ധാരണകളെ ഉറപ്പിക്കുന്നതിനുമുളള കേവലവും നിരുപാധികവുമായ ഒരു അടിത്തറയെ കുറിച്ചുള്ള സങ്കല്പനങ്ങളാണ്‌ അടിസ്ഥാനവാദം സ്വീകരിക്കുന്നതെന്ന വിമര്‍ശനങ്ങള്‍ ഇവര്‍ മുന്നോട്ടു വച്ചു. പരമ്പരാഗതമായ ജ്ഞാനശാസ്ത്രവും അതിഭൌതികവും അടിസ്ഥാനവാദത്തെയാണ്‌ സ്വീകരിക്കുന്നതെന്ന് ഈ ചിന്തകര്‍ പറഞ്ഞു. 

അതിഭൌതികം അസ്തിത്വത്തിന്റെ അടിസ്ഥാനമായി ദൈവത്തെ കാണുകയും ഈ അടിസ്ഥാനഉണ്‍മയുടെ സാന്നിദ്ധ്യത്തെ മറ്റെല്ലാറ്റിലും ദര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇങ്ങനെ, ഉണ്‍മയെ സാന്നിദ്ധ്യമായി കാണുന്ന ആശയമാണ്‌ അതിഭൌതികത്തെ ആവേശിച്ചിരുന്നതെങ്കില്‍ കേവലസത്യത്തെ കുറിച്ചുളള ധാരണകളാണ്‌ ജ്ഞാനശാസ്ത്രത്തെ ഭരിക്കുന്നത്‌. തത്ത്വചിന്ത അതിന്റെ പൊതുപദ്ധതിയായി അടിസ്ഥാനവാദത്തെ സ്വീകരിക്കുന്നുണ്ടെന്ന് ഇവര്‍ ആരോപിച്ചു. സത്താവാദത്തിലും അടിസ്ഥാനവാദത്തിലും മുഴുകുന്ന ഈ ചിന്താപദ്ധതികളും ദൈവചിന്തയില്‍ എത്തിച്ചേരുന്നവയാണ്‌. യാഥാര്‍ത്ഥ്യത്തിന്റെ സത്തയെ കണ്ടെത്തുന്നുവെന്നു കരുതുന്ന ശാസ്ത്രജ്ഞന്മാരുടെ മനസ്സില്‍ സത്താവാദത്തിന്റേയും അടിസ്ഥാനവാദത്തിന്റേയും സങ്കല്പനങ്ങളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ശാസ്ത്രത്തിന്റെ നിരീക്ഷണപരീക്ഷണങ്ങള്‍ കൊണ്ട്‌ സത്യത്തെ കണ്ടെത്താമെന്ന ധാരണയ്ക്കു പിന്നിലുള്ളത്‌ പ്രപഞ്ചം ഒരു ഉണ്‍മയുടെ സൃഷ്ടിയാണെന്ന സങ്കല്‍പനമാണ്‌. ഇത്‌ ദൈവചിന്തയല്ലാതെ മറ്റൊന്നുമല്ല. യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള നമ്മുടെ വിജ്ഞാനം നാം ഉപയോഗിക്കുന്ന സൈദ്ധാന്തികജ്ഞാനിമങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുതാണെന്നും നമ്മുടെ ആശയപ്രരൂപങ്ങളില്‍ നിന്നും സ്വതന്ത്രമായി നില്‍ക്കുന്ന വിജ്ഞാനം അസാദ്ധ്യമാണെന്നുമുള്ള നിലപാടുകളാണ്‌ പുതിയ ചിന്തകന്‍മാര്‍ മുന്നോട്ടുവച്ചത്‌. പരിപ്രേക്ഷ്യവാദം (Perspectivalism)എന്ന് ഇതിനെ വിളിക്കാം. നമ്മുടെ ആശയമാതൃകകളെ ആശ്രയിക്കുന്ന യാഥാര്‍ത്ഥ്യത്തെ കുറിച്ചു മാത്രമാണ്‌ ഇപ്പോള്‍ നമുക്കു പറയാന്‍ കഴിയുന്നത്‌.

ആധുനികശാസ്ത്രത്തിന്റെ മേഖലയില്‍ പരിപ്രേക്ഷ്യവാദം എങ്ങനെയാണ്‌ പ്രവര്‍ത്തനക്ഷമമാകുന്നത്‌? പ്രപഞ്ചത്തെ കുറിച്ച്‌ ഏകവും അനന്യവുമായ ഒരു സിദ്ധാന്തം അസാദ്ധ്യമാണെന്ന് ഈ വീക്ഷണം ഉറപ്പിക്കുന്നു. നമ്മുടെ സിദ്ധാന്തം നാം ഉപയോഗിക്കുന്ന സൈദ്ധാന്തികമാതൃകയില്‍ നിന്നും സ്വതന്ത്രമല്ല. വ്യത്യസ്ത സൈദ്ധാന്തികമാതൃകകള്‍ സാദ്ധ്യമാണെന്നതിനാല്‍ പ്രപഞ്ചത്തെ കുറിച്ചുള്ള പല സിദ്ധാന്തങ്ങള്‍ സാദ്ധ്യമാണ്‌. ഏതു സൈദ്ധാന്തികമാതൃകയാണു മെച്ചമെന്നു നിശ്ചയിക്കാനുള്ള മാര്‍ഗ്ഗങ്ങളില്ല. ഇപ്പോള്‍, ശാസ്ത്രത്തിനു നല്‍കാന്‍ കഴിയുന്നത്‌ യാഥാര്‍ത്ഥ്യത്തിലേക്കു തുറന്നിരിക്കുന്ന അപൂര്‍ണ്ണമായ കുറേ ജാലകങ്ങളെയാണ്‌. ഈ ജാലകങ്ങള്‍ ഒരേ കാഴ്ചയെ സമ്മാനിക്കണമെന്നില്ല. യഥാതഥവാദത്തിനു വിരുദ്ധമായ നിഗമനങ്ങളിലാണ്‌ നാം എത്തിച്ചേരുന്നത്‌. യാഥാര്‍ത്ഥ്യത്തെ കുറിച്ച്‌ അനന്യമായ ഒരു വിശദീകരണം നല്‍കുന്നതിന്‌ ശാസ്ത്രത്തിനു കഴിയില്ലെന്നു പറയേണ്ടി വരുന്നു. ഏകീകൃതസിദ്ധാന്ത(Unified Theory)ത്തെ കുറിച്ചുള്ള അന്വേഷണങ്ങളെ പ്രതിസന്ധിയിലേക്കു നയിക്കുന്ന നിഗമനങ്ങളാണിത്‌.

പ്രപഞ്ചത്തിലെ നാല്‌ അടിസ്ഥാനബലങ്ങളെ ഏകീകരിക്കാനും ഒരു സാര്‍വ്വത്രികസിദ്ധാന്തം (Theory of Everything) രൂപീകരിക്കാനുമുള്ള ഭൌതികശാസ്ത്രജ്ഞന്‍മാരുടെ ശ്രമങ്ങള്‍ ഇപ്പോള്‍ തന്നെ ഇത്തരം ചില വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്‌. ഇത്തരം ശ്രമങ്ങള്‍ എത്തിനില്‍ക്കുന്നത്‌ നൂല്‍സിദ്ധാന്ത(String Theory)ത്തിന്റെ രൂപീകരണത്തിനുള്ള വഴികളിലാണ്‌. നൂല്‍ സിദ്ധാന്തത്തില്‍ സാമാന്യആപേക്ഷികസിദ്ധാന്തവും ക്വാണ്ടംസിദ്ധാന്തവും കൂട്ടിച്ചേര്‍ക്കപ്പെടണം. ഇത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. ഈ സിദ്ധാന്തങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു നൂല്‍ സിദ്ധാന്തത്തിന്റെ രൂപീകരണത്തിന്‌ നമുക്കു പരിചിതമായ മൂന്നു സ്ഥലമാനങ്ങള്‍ (Spatial Dimensions) മാത്രം പോരെന്ന് മനസ്സിലാക്കപ്പെട്ടു. ഒമ്പതുമാനങ്ങളുളള ഒരു സ്ഥലസങ്കല്‍പനത്തിനു മാത്രമേ ഇവയെ ഉള്‍ക്കൊളളാന്‍ കഴിയൂ. ഇങ്ങനെ നവമാനങ്ങളുളള സ്ഥലത്തെ ആധാരമാക്കി അഞ്ച്‌ വ്യത്യസ്ത നൂല്‍ സിദ്ധാന്തങ്ങള്‍ രൂപീകരിക്കാന്‍ കഴിയും. നൂലുകള്‍ വിധേയമാകുന്ന കമ്പനങ്ങളുടെ വ്യത്യസ്തതകള്‍ക്കനുസരിച്ചാണ്‌ ഈ അഞ്ചു സിദ്ധാന്തങ്ങളുടെ രൂപീകരണം സാദ്ധ്യമാകുന്നത്‌. ഈ അഞ്ചു സിദ്ധാന്തങ്ങളും ഒരു മാതൃസിദ്ധാന്ത(Mother Theory)ത്തിന്റെ ഭാഗമായിട്ടാണ്‌ കരുതപ്പെടുന്നത്‌. ഈ മാതൃസിദ്ധാന്തം വ്യത്യസ്തങ്ങളും ചിലപ്പോള്‍ വേര്‍പെട്ടു കിടക്കുന്നതും മറ്റു ചിലപ്പോള്‍ കൂടിക്കുഴയുന്നതുമായ സിദ്ധാന്തങ്ങളുടെ ഒരു സമാഹാരമാണ്‌. അതിനെ ഒരു ഏകീകൃതസിദ്ധാന്തമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഭൌതികശാസ്ത്രദാര്‍ശനികനായ ക്രെയ്ഗ്‌ കലണ്ടര്‍ എഴുതുന്നുണ്ട്‌. ഭൌതികയാഥാര്‍ത്ഥ്യത്തെ കുറിച്ച്‌ വ്യത്യസ്തങ്ങളായ അനേകം സിദ്ധാന്തങ്ങള്‍ സാദ്ധ്യമാണെന്ന അവസ്ഥ ബഹുയാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള സങ്കല്‍പനങ്ങളിലാണ്‌ എത്തിച്ചേരുന്നത്‌. യഥാര്‍ത്ഥത്തില്‍, നൂല്‍ സിദ്ധാന്തം നിര്‍ദ്ദേശിക്കുന്നത്‌ അനേകം പ്രപഞ്ചങ്ങളെയാണ്‌. 

സ്റ്റീഫന്‍ ഹോക്കിങ്ങും ലിയോനാര്‍ഡ്‌ മോഡിനോവും ചേര്‍ന്നെഴുതിയ  മഹത്‌ രൂപകല്‍പനയെ (The Grand Design) കുറിച്ചുള്ള പുസ്തകത്തില്‍, യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാനുള്ള ഏകമാര്‍ഗ്ഗം മാതൃകാശ്രിത യഥാതഥവാദത്തെ(Paradigm Dependent Realism)സ്വീകരിക്കുകയാണെന്നു പറയുന്നുണ്ട്‌. തത്ത്വചിന്തയുടെ മരണം ഈ ശാസ്ത്രജ്ഞന്‍മാരേയും ആവേശിക്കുന്നു. മാതൃസിദ്ധാന്തം ഒരു സമ്പൂര്‍ണ്ണസിദ്ധാന്തത്തില്‍ നിന്നും അകലെയാണെങ്കിലും അത്‌ അസ്തിത്വത്തിന്റെ പ്രശ്നങ്ങളെ വിശദീകരിക്കുന്നുണ്ട്‌. ഈ പ്രശ്നങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തുതിന്‌ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ ഒരു ദൈവത്തെ നിര്‍ദ്ദേശിക്കേണ്ടതുമില്ല. ദൈവം നിര്‍മ്മിച്ച ഏകപ്രപഞ്ചത്തെയല്ല, അനേകം പ്രപഞ്ചങ്ങളെയാണല്ലോ പുതിയ ഭൌതികശാസ്ത്രസിദ്ധാന്തം കണ്ടെത്തുത്‌. ദൈവം വേണമോ അനേകം പ്രപഞ്ചങ്ങള്‍ വേണമോ എന്ന നിലയിലേക്ക്‌ നമ്മുടെ തെരഞ്ഞെടുപ്പു രംഗം മാറിയിരിക്കുന്നു. *************************************************************************************
'ജനശക്തി'യുടെ 2011ഏപ്രില്‍(23-29) ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

Sunday, April 17, 2011

സംസ്ക്കാരവും രാഷ്ട്രീയവും

സംസ്ക്കാരവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം എത്രയോ ഗൌരവതരമായ പ്രശ്നീകരണങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്‌. സംസ്ക്കാരത്തെ കുറിച്ചുളള ഇടതുപക്ഷത്തിന്റെ സമീപനം സന്നിഗ്ദ്ധമാണെന്ന വിശകലനങ്ങള്‍ക്കിടയിലും പരസ്പരം വെളളം കടക്കാത്ത അറകളിലെന്നോണം ഇവയെ വേര്‍തിരിച്ചു നിര്‍ത്തണമെന്ന പരിശുദ്ധിവാദത്തിന്റെ വീക്ഷണത്തോട്‌ ഇടതുപക്ഷനിലപാടുകള്‍ നിരന്തരം കലഹിക്കുകയും വിട്ടുവീഴ്ചയില്ലാതെ പോരാടുകയും ചെയ്തുപോന്നിട്ടുണ്ട്‌. സംസ്ക്കാരവും രാഷ്ട്രീയവും സാമൂഹികബന്ധങ്ങളുടെ സാകല്യത്തെ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ അവ വിഭിന്ന രീതികളിലാണ്‌ സമൂഹത്തില്‍ ഇടപെടുന്നത്‌. സാമൂഹികബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ രാഷ്ട്രീയത്തിനുള്ള പങ്ക്‌ മറ്റു സാമൂഹികപ്രയോഗങ്ങള്‍ക്കില്ല. അത്‌ തീരുമാനങ്ങളെ ഉന്നം വയ്ക്കുന്ന ബോധപൂര്‍വ്വമായ പ്രയോഗമാണ്‌. ലെനിന്റെ പുസ്തകത്തിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്നതു പോലെ "എന്തു ചെയ്യണം" എന്നു തീരുമാനിക്കുന്നത്‌ രാഷ്ട്രീയമാണ്‌. സാംസ്ക്കാരികപ്രയോഗങ്ങളുടെ മുഖ്യകടമ അര്‍ത്ഥോല്‍പാദനമാണ്‌. അത്‌ രാഷ്ട്രീയനിര്‍ദ്ദേശങ്ങളാല്‍ സമ്പന്നമാണ്‌. എന്നാല്‍, തീരുമാനങ്ങളുടെ മണ്ഡലത്തില്‍ അതിന്‌ പ്രവര്‍ത്തിക്കാനാവില്ല. ഈ വ്യത്യസ്തതകള്‍ പ്രധാനമാണ്‌.


സംസ്ക്കാരവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ഇടതുപക്ഷ വീക്ഷണം രണ്ടുവിധത്തിലുള്ള ന്യൂനീകരണപ്രവണതകള്‍ക്ക്‌ വിധേയമായിരുന്നു. എല്ലാ മാനുഷികസാദ്ധ്യതകളും സാംസ്ക്കാരിക മുന്‍ഗണനകളും രാഷ്ട്രീയത്തിന്റെ അടിത്തറയിലാണ്‌ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നതെന്ന് കരുതുന്ന, എല്ലാറ്റിനേയും രാഷ്ട്രീയത്തിലേക്ക്‌ ന്യൂനീകരിക്കുന്ന പ്രവണതയായിരുന്നു ആദ്യത്തേത്‌. ഇത്‌, എഴുത്തുകാരനോട്‌ രാഷ്ട്രീയമുദ്രാവാക്യങ്ങള്‍ക്കനുസരിച്ച്‌ എഴുതാന്‍ നിര്‍ദ്ദേശിക്കുകയും സംസ്ക്കാരത്തെ രാഷ്ട്രീയത്തിന്റെ ഉപകരണം മാത്രമായി കാണുകയും ചെയ്തു. അടുത്ത ന്യൂനീകരണം, ഉത്തരാധുനികതയുടേയും ബഹുസ്വരതയുടേയും സമകാലസന്ദര്‍ഭത്തില്‍ സാംസ്ക്കാരികപഠനങ്ങള്‍ക്കുളള അക്കാദമികളുടെ കീഴില്‍ നടന്നു കൊണ്ടിരിക്കുന്നതാണ്‌. ഈ ന്യൂനീകരണപ്രവണത എല്ലാ സാംസ്ക്കാരികവിഭിന്നതകളേയും രാഷ്ട്രീയമെന്ന് വിലയിരുത്തുകയും ഭിന്നഘടകങ്ങളുടെ സവിശേഷവല്‍ക്കരണത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ട്‌ ആത്മരതിയില്‍ മുഴുകുകയും ചെയ്യുന്നു. രാഷ്ട്രീയത്തെ സാംസ്ക്കാരികസ്വത്വങ്ങളുടെ ആത്മരതിയില്‍ വിലയിപ്പിച്ച്‌ നശിപ്പിക്കുന്നു. 
ഈ രണ്ടു ന്യൂനീകരണപ്രവണതകളും ഏതെങ്കിലുമൊന്നിന്റെ, രാഷ്ട്രീയത്തിന്റെയോ സംസ്ക്കാരത്തിന്റെയോ, നിഷേധത്തില്‍ കലാശിക്കുന്നു. രാഷ്ട്രീയത്തെ അടിത്തറയായും സംസ്ക്കാരത്തെ ഉപരിഘടനയായും കാണുന്ന സമീപനത്തെ ആധാരമാക്കിയാണ്‌ ഈ വിഷയത്തില്‍ ഇടതുപക്ഷം ഏറ്റെടുത്ത എല്ലാ സംവാദങ്ങളും നടന്നിട്ടുള്ളത്‌. അടിത്തറയേയും ഉപരിഘടനയേയും കുറിച്ചുള്ള ഏകപക്ഷീയധാരണകള്‍ സൈദ്ധാന്തികതലത്തില്‍ ഏതാണ്ട്‌ പരാജയപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌. അടിത്തറയെ കേവലമായി ആശ്രയിക്കുന്ന, അഥവാ അടിത്തറ കേവലമായി നിര്‍ണ്ണയിക്കുന്ന ഉപരിഘടനയെ കുറിച്ചുള്ള യാന്ത്രികധാരണകള്‍ക്കെതിരെ മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍മാര്‍ തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും സോവിയറ്റ്‌ തിരുത്തല്‍വാദവീക്ഷണങ്ങള്‍ക്ക്‌ ഇടതുപക്ഷരാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ മുന്‍കൈ ലഭിച്ചിരുന്ന ഘട്ടങ്ങളില്‍ ഈ പ്രതിലോമവീക്ഷണം സാംസ്ക്കാരികമണ്ഡലത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. അടിസ്ഥാനഘടനയുടേയും ഉപരിഘടനയുടേയും വ്യതിരിക്തതകളേയും സവിശേഷതകളേയും ഇവ തമ്മില്‍ തമ്മിലുള്ള എല്ലാ പരസ്പരബന്ധങ്ങളേയും പ്രതിപ്രവര്‍ത്തനങ്ങളേയും കാണുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സമഗ്രചിത്രത്തില്‍ ഏകപക്ഷീയതകളും ന്യൂനീകരണങ്ങളുമില്ല. ഉല്‍പാദനവ്യവസ്ഥയും സാമ്പത്തികബന്ധങ്ങളും പരിണമിച്ചു കൊണ്ടിരിക്കുന്നവയാണ്‌. അതുകൊണ്ടു തന്നെ അടിത്തറയുടെ ഘടന സ്ഥിതമോ ശാശ്വതമോ അല്ല. അടിസ്ഥാനഘടനയെ കുറിച്ചുള്ള ധാരണകള്‍ ചരിത്രപരമായി വിശകലനം ചെയ്യപ്പെടേണ്ടതുമാണ്‌. സാമൂഹികാസ്തിത്വം ബോധത്തെ നിര്‍ണ്ണയിക്കുന്നുവെന്ന് ഉറപ്പിച്ചു പറയുന്വോള്‍ തന്നെ, പ്രകൃതിയില്‍ മനുഷ്യബോധം ഇടപെട്ടു തുടങ്ങുന്ന ഘട്ടം മുതല്‍ക്കേ അതിന്റെ സ്വേച്ഛാചലനങ്ങള്‍ക്ക്‌ മനുഷ്യപ്രയാണങ്ങളില്‍ വലിയ പങ്കുണ്ടായിരുന്നുവെന്ന കാര്യവും ശരിയായി പരിഗണിക്കേണ്ടതുണ്ട്‌. ഉപരിഘടനയെയും കേവലമായി പരിഗണിക്കരുത്. വിഭിന്നങ്ങളും വ്യത്യസ്തങ്ങളുമായ നിരവധിഘടകങ്ങളുടെ സഞ്ചയമാണത്‌. ഈ ഘടകങ്ങള്‍ പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്നവയാണ്‌. അടിസ്ഥാനഘടന ഉപരിഘടനയോടെന്ന പോലെ ഉപരിഘടന അടിസ്ഥാനഘടനയുമായും പ്രതിപ്രവര്‍ത്തിക്കുകയും പരസ്പരം സ്വാധീനിക്കുകയും ചെയ്യുന്നു. 

അടിത്തറയുമായി ബന്ധം നിഷേധിച്ചു കൊണ്ട്‌, ഉപരിഘടനയുടെ കേവലസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരുമുണ്ട്‌. ഇവര്‍ പ്രതിലോമകാരികളുടെ കൈകളിലെ കളിപ്പാട്ടമായി മാറിയേക്കാമെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തിയ സന്ദര്‍ഭങ്ങളുമുണ്ട്‌. ഉത്തരാധുനികതയുടെ സമകാലസന്ദര്‍ഭത്തില്‍, സാംസ്ക്കാരികപഠനങ്ങള്‍ക്കുളള അക്കാദമികളുടെ കീഴില്‍ വിഭിന്നതകളുടെ സവിശേഷവല്‍ക്കരണത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ട്‌ അവയുടെ രാഷ്ട്രീയത്തെ സ്വത്വങ്ങളുടെ ആത്മരതിയില്‍ വിലയിപ്പിച്ച്‌ നശിപ്പിക്കുന്ന പ്രവര്‍ത്തനം ഈ വിഭാഗീയവീക്ഷണത്തിന്റെ വക്താക്കള്‍ ഏറ്റെടുക്കുന്നു. ഉത്തരാധുനികതയുടെ ആശയലോകം സാംസ്ക്കാരികപ്രയോഗങ്ങള്‍ക്കപ്പുറത്ത്‌ രാഷ്ട്രീയപ്രയോഗത്തിന്‌ ഇടം അനുവദിക്കുന്നതേയില്ല. അത്‌ എല്ലാവിധ സംഘടിതപ്രവര്‍ത്തനങ്ങളേയും ചെറുത്തുനില്‍പുകളേയും നിഷേധിക്കുകയും വിമോചനപ്രവര്‍ത്തനങ്ങളെ ശകലീകരിക്കുകയും ചെയ്യുന്നു. എല്ലാ സാംസ്ക്കാരിക മുന്‍ഗണനകളേയും രാഷ്ട്രീയത്തിന്റെ അടിത്തറയിലേക്ക്‌ ചുരുക്കുന്ന ഉപകരണവാദികളുടെ ന്യൂനീകരണ പ്രവണതയെ എന്ന പോലെ ബൃഹത്‌രാഷ്ട്രീയത്തിന്റെ മരണം ആഘോഷിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഉത്തരാധുനികതയുടെ സാംസ്ക്കാരികരാഷ്ട്രീയത്തിന്റെ ന്യൂനീകരണത്തേയും സാംസ്ക്കാരികപ്രവര്‍ത്തകര്‍ക്ക്‌ നേര്‍ക്കു നേര്‍ അഭിമുഖികരിക്കേണ്ടിയിരിക്കുന്നു. 

അന്വേഷണം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ചില ഭാഗങ്ങള്‍

Friday, April 1, 2011

'ഒടിച്ചുമടക്കിയ ആകാശം'

'ഒടിച്ചുമടക്കിയ ആകാശം' ബൃഹത്‌ ദാര്‍ശനികമാനങ്ങളുളള ഒരു കവിതയാണ്‌. ഇപ്പോള്‍, രാഷ്ട്രീയവും തത്ത്വചിന്തയും കൂടിക്കലരുന്ന വാക്കുകളുടെ കൂട്ടുകള്‍ കവി നിര്‍മ്മിച്ചെടുക്കുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചുളള മഹത് സങ്കല്പനങ്ങള്‍ ഈ രാഷ്ട്രീയകവിതയില്‍ സംവാദസന്നദ്ധമാകുന്നു. ആകാശം എന്ന വാക്ക്‌ മനുഷ്യന്‌ എത്തിപ്പിടിക്കാനുളള സാദ്ധ്യതകളുടെ രൂപകമായി മാറിത്തീരുന്നു. വിഹായസ്സിലേക്ക്‌ പറന്നുയരുന്ന പക്ഷി സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണെങ്കില്‍ ഒടിച്ചു മടക്കിയ ആകാശം എന്ന പദക്കൂട്ട് സ്വാതന്ത്ര്യം നേരിടുന്ന പ്രതിസന്ധികളെ സൂചിപ്പിക്കുന്ന പരികല്‍പനയാണ്‌. ഈ കവിതയില്‍ ആകാശത്തെ കുറിച്ച്‌ അധികമൊന്നും പറയുന്നില്ല. അത്‌ പക്ഷികളെ കുറിച്ചാണു പറയുന്നത്‌. ആകാശം പക്ഷികള്‍ക്ക്‌ സഞ്ചാരപഥങ്ങള്‍ ഒരുക്കി നല്‍കുന്നു. പക്ഷികള്‍ ചലിക്കുന്നത്‌ സ്വാതന്ത്ര്യത്തിന്റെ പഥങ്ങളിലൂടെ. പക്ഷികളില്‍ നിന്ന് കവി  സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം പഠിക്കുന്നു. "പക്ഷികള്‍ എന്നെ വ്യാപിപ്പിച്ചു, എന്നെ പൂരിപ്പിച്ചു. " കവി എല്ലാ പക്ഷികളോടുമൊപ്പം പറക്കുന്നു. പക്ഷികളില്‍ നിന്ന് പഠിച്ചതിന്റെ ക്രമത്തില്‍ തന്റെ ജീവചരിത്രം എഴുതുന്നു. 'കുട്ടിക്കാലം ഒരു പക്ഷിസങ്കേതം' എന്ന് എഴുതുമ്പോള്‍ കുട്ടിയുടെ സ്വതന്ത്രമായ മനസ്സ്‌ തെളിയുന്നു. ഓരോ പക്ഷിയില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകങ്ങളേയും വലിയ അര്‍ത്ഥങ്ങളേയും കുറിച്ച്‌ പഠിക്കുന്നു. സ്വാതന്ത്ര്യത്തിനായുളള ദാഹത്തില്‍ മയൂരം പീലി വിടര്‍ന്നാടുന്ന ഉത്സവം സ്വപ്നം കാണുന്നു. സ്വാതന്ത്ര്യം ഒരു മഹാസ്വപ്നമായി മനസ്സില്‍ പൂത്തുവിടരുന്നു. എന്നാല്‍, പക്ഷികള്‍ നല്‍കിയ "പാഠപുസ്തകത്തിലെ പീലിക്കിനാവ്‌ ലോകമയൂരമായി വിടര്‍ന്നില്ല". ഒടിച്ചു മടക്കിയ ആകാശപഥങ്ങളില്‍ സ്വാതന്ത്ര്യദാഹികള്‍ക്കും വഴി തെറ്റുന്നു. "കുയിലും മയിലും കുഞ്ഞിരാമന്‍നായരും കൂടുണ്ടാക്കാറില്ല" എന്നു പഠിക്കാത്തവന്‍ കൂടുകള്‍ നിര്‍മ്മിച്ചു. പൂവനും പിടയ്ക്കും പാകത്തില്‍ കൂടുണ്ടാക്കി. "വരവായ്‌ വന്‍ പ്രളയമെന്നോതി വരാന്‍ മടിച്ച വിദൂരസ്വപ്നരാഗങ്ങളേയും ഞാനെന്റെ പാര്‍ട്ടിയുടെ കൂട്ടിലാക്കി". പിന്നെ വരുന്ന വിവേകത്തില്‍ കാക്കയിലെ കുറുക്കനെ കാണുന്നു, ഒട്ടകപ്പക്ഷിയില്‍ ഒട്ടകത്തേയും. ഗുരുക്കന്‍മാരായി നിന്ന ചില പക്ഷികളില്‍ മൃഗമുണ്ടെന്ന അറിവ്‌ നേടുന്നു. സ്വാതന്ത്ര്യത്തിന്റെ സിദ്ധാന്തസംഹിതകളില്‍ സത്യവും സാന്ത്വനവും അധികാരവും നുണയും കൂടിക്കുഴയുന്നതിനെ കവി കാണിച്ചുതരുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചുളള കേവലസങ്കല്‍പനങ്ങള്‍ നിരര്‍ത്ഥകമെന്ന് ബോദ്ധ്യപ്പെടുത്തുന്നു. ഈ കേവലസങ്കല്‍പനങ്ങളില്‍ നിന്നും വിടുതി നേടുന്നവന്‍ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സങ്കല്പനങ്ങളെ കൂടുതല്‍ ഖരമാര്‍ന്ന അടിത്തറകളില്‍ സ്ഥാപിക്കുകയാണ്‌ ചെയ്യുന്നത്‌.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...