Saturday, February 26, 2011

നിലയ്ക്കാത്ത അര്‍ത്ഥപ്രവാഹങ്ങള്‍

അയ്യപ്പനെ കുറിച്ചു പറയാന്‍ അര്‍ഹതയുള്ളവര്‍ വളരെ കുറച്ചു പേരെ ഉണ്ടാകൂ. അല്പത്തം കൊണ്ടു പറയുകയാണ്. അയ്യപ്പന്‍ സ്വാതന്ത്ര്യത്തിന്റെ പര്യായമായിരുന്നു. അയ്യപ്പനോളം സ്വതന്ത്രരായവര്‍ കുറവാണ്. ആര്‍ക്കും കീഴടങ്ങാത്തവന്‍. അയ്ചപ്പന് സ്ഥിതതാല്പര്യങ്ങള്‍ ഇല്ലായിരുന്നു. അയാള്‍ സ്വാതന്ത്ര്യം നേടിയത് അങ്ങനെയാണ്. അയ്യപ്പന്റെ തലമുറയിലെ ചിന്താശേഷിയുള്ളവര്‍ ഒരിക്കലെങ്കിലും ആയിത്തീരണമെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ അയ്യപ്പന്‍ തന്റെ അനാഥജീവിതത്തിലൂടെ സാക്ഷാത്ക്കരിച്ചു. വ്യവസ്ഥാപിതലോകം പരാജയമെന്നെഴുതിയ ആ ജീവിതം ഒരു കാലത്തെ യുവതയുടെ സ്വപ്നങ്ങളിലുണ്ടായിരുന്ന ജീവിതമായിരുന്നു. സ്വാതന്ത്ര്യം ആഗ്രഹിച്ച ഒരു തലമുറയുടെ കാലമുണ്ടായിരുന്നു. ബഹുരാഷ്ട്രക്കുത്തകകള്‍ക്കു വേണ്ടി ദല്ലാളിന്റെ പണി ചെയ്യുന്നവരുടെ ജീവിതത്തെയല്ല അവര്‍ അഭിലഷിച്ചിരുന്നത്. എല്ലാ മനുഷ്യരും ഒരുമിച്ചു നടക്കണമെന്ന് ആഗ്രഹിച്ചവര്‍, ലോകത്തെ മാറ്റി മറയ്ക്കന്ന വിപ്ലവകാരികളാകണമെന്ന് ആഗ്രഹിച്ചവര്‍, ഭാഷയെ ഉഴുതുമറിക്കുന്ന രചനകള്‍ എഴുതണമെന്ന് ആഗ്രഹിച്ചവര്‍, ശരിയായ ലക്ഷ്യങ്ങളിലെത്താന്‍ മലയാളിജനത പരാജയപ്പെടുന്നതു കണ്ടപ്പോള്‍ അതു ചൂണ്ടിക്കാട്ടി മരണത്തിലേക്കു നടന്നു പോയവര്‍...അങ്ങനെയും ഉണ്ടായിരുന്നു ഒരു കാലം. അയ്യപ്പനെ വളര്‍ത്തിയെടുത്തത് ആ കാലമായിരുന്നു. അയാള്‍ പിഴച്ചു പോയതായി വ്യവസ്ഥാപിതത്വം രേഖപ്പെടുത്തിയെങ്കിലും അയ്യപ്പന്‍ തന്റെ മൂല്യങ്ങളില്‍ നിന്നു വ്യതിചലിച്ചില്ല. അയ്യപ്പന്റെ കൂടെ അന്ന് ഒരുങ്ങി നിന്നവരില്‍ പലരും കൃത്യമായി പ്രീമിയം അടക്കുന്നവരും ഹാജര്‍ നിലനിര്‍ത്തുന്നവരും ഗുമസ്തന്മാരുമായി മാറിത്തീര്‍ന്നെങ്കിലും അയ്യപ്പന്‍ തിരിച്ചു നടന്നില്ല. മുദ്രാവാക്യങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും പ്രസ്ഥാനങ്ങള്‍ വഴിമാറി നടക്കുകയും ചെയ്തപ്പോള്‍ അയാള്‍ ഒറ്റക്കു നടക്കുന്നവനായി. അയ്യപ്പന്‍ നമ്മുടെ കാലത്തെ കളങ്കമില്ലാത്ത മനുഷ്യനായി. അയാള്‍ക്ക് ആരോടും ശത്രുതയില്ലായിരുന്നു. നഗരത്തില്‍ അയ്യപ്പന്‍ ഇറങ്ങിയിട്ടുണ്ടെന്ന് പരസ്പരം വിളിച്ചു പറഞ്ഞ സുഹൃത്തുക്കളായ എഴുത്തുകാരോടും അയ്യപ്പന് വിരോധമില്ലായിരുന്നു.

നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളില്‍ നിറയെ കവിതകളുണ്ട്. അവര്‍ എഴുതുന്നില്ലന്നേയുള്ളൂ. അയ്യപ്പനെ പോലെ സ്വാതന്ത്ര്യം അനുഭവിക്കുന്നവര്‍ക്കാണ്, കളങ്കമില്ലാത്തവര്‍ക്കാണ് കവിതകള്‍ എഴുതാന്‍ കഴിയുന്നത്. കുഞ്ഞുങ്ങളുടെ മനസ്സുള്ള അയ്യപ്പനിലും നിറയെ കവിതകളുണ്ടായിരുന്നു. അയ്യപ്പന് കവിത സ്വാതന്ത്ര്യമായിരുന്നു. അയ്യപ്പന്‍ തന്റെ ജീവിതത്തിലുടനീളം തന്നോടൊപ്പം കൊണ്ടുനടന്ന സ്വാതന്ത്ര്യത്തില്‍ നിന്നാണ് അയാളുടെ കവിതകള്‍ പിറന്നത്. എപ്പോഴും സ്വാതന്ത്ര്യത്തെ തിരയുകയും അനുഭവിക്കുകയും ചെയ്തിരുന്ന അയ്യപ്പന്‍ കവിതയെ അന്വേഷിക്കുകയും അനുഭവിക്കുകയും ചെയ്യുകയായിരുന്നു. തന്റെ ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തങ്ങളും അയാള്‍ കവിതക്കായി മാറ്റിവച്ചു. യാത്രക്കിടയില്‍, മദ്യപാനത്തിന്നിടയില്‍, വര്‍ത്തമാനം പറയുന്നതിന്നിടയില്‍ അയാള്‍ കവിതകളെഴുതി. ബസ്സിലെ മയക്കത്തിന്നിടയില്‍ ഒരു വാക്കു വന്ന് അയാളെ വിളിച്ചുണര്‍ത്തി. അയ്യപ്പന്റെ ഉടുപ്പിന്റെ കീശയിലോ കൈവെള്ളക്കിടയിലോ ചുരുട്ടിപ്പിടിച്ച ചെറിയ കടലാസുതുണ്ടുകളുണ്ടായിരുന്നു. അതില്‍ കുറിച്ചിട്ട കുറേ വാക്കുകളും. അയാള്‍ എപ്പോഴും കവിതയുടെ പണിപ്പുരയിലായിരുന്നല്ലോ. അയ്യപ്പനില്‍ കവിത യാദൃച്ഛികതയുടെ പര്യായമായി മാറി. കവിത അനിവാര്യമാണെന്ന് ജീവിതംകൊണ്ടു തെളിയിച്ച കവി അതു നിര്‍മ്മിച്ചത് യാദൃച്ഛികതകളില്‍നിന്നായിരുന്നു.

ഇവന്റെ കവിത ലളിതമായ വാക്കുകള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ടവയായിരുന്നു. സുഹൃത്കവികള്‍ കഠിനബിംബങ്ങളെ നോറ്റു കൊണ്ടിരുന്നപ്പോള്‍ ഇയാള്‍ ലാളിത്യം നിറഞ്ഞ പദക്കൂട്ടുകളുണ്ടാക്കി. അയ്യപ്പന്റെ കവിതയില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന വാക്കുകളെ ശ്രദ്ധിക്കുക! ജലം, രക്തം, പച്ച, മരം, മരണം, പ്രേമം, കല്ല്, വെയില്‍, ഇല, സൂര്യന്‍, രാത്രി, സ്വപ്നം, ചെമപ്പ്, വേനല്‍, കാട്, പക്ഷി, മാനം, തൂവല്‍...ചെറിയ വാക്കുകളില്‍ ഇയാള്‍ തന്റെ ജീവിതവ്യാഖ്യാനങ്ങള്‍ നിറച്ചു വച്ചു. പിന്നെയും പിന്നെയും പ്രണയത്തേയും മരണത്തേയും കുറിച്ച് എഴുതിയിട്ടും ഈ കവിക്ക് മതിയായിരുന്നില്ല. ജ്ഞാനം കെട്ട മൃഗനഖത്താല്‍ തന്റെ പ്രണയസംജ്ഞ പിഴച്ചു പോകരുതെന്ന് ഇയാള്‍ എപ്പോഴും ആഗ്രഹിച്ചു കൊണ്ടിരുന്നു

 അയ്യപ്പന്റെ കവിതയില്‍ ഞാന്‍ മൂന്നു കവിരൂപങ്ങളെ കണ്ടെത്തുന്നു. ആദ്യത്തേത് ശിരസ്സു കത്തിയൊലിച്ച് തീര്‍ന്നുപോകുന്ന മെഴുകുതിരിയായ മനുഷ്യരൂപമാണ്.

ഭൂമിയെ വെറുക്കാത്ത സ്നേഹിത
മുജ്ജന്മത്തിന്‍ കാമിനി
കാണൂയെന്റെ
കാട്ടുതീ കത്തും മുഖം"

പിന്നെ, തെരുവില്‍ ആരെയൊക്കെയോ പിടിച്ചുനിര്‍ത്തി തത്ത്വവിചിന്തനം നടത്തുന്ന പുതിയ സോക്രട്ടീസിനെ കാണുന്നു.

ആത്മബോധം നഷ്ടപ്പെട്ടവന്
ഏതു ഭാഷയില്‍
ആരു ചരിത്രം നിര്‍മ്മിക്കും”

പ്രണയിനിയുടെ കൈപിടിച്ച് ജീവിതകാമനകള്‍ കത്തിയെരിയുന്ന മഹാവിപിനത്തിലേക്ക് ഓടിക്കയറുന്ന ഒരു പുരുഷനെ കൂടി കാണുന്നു.

"നന്ദിനീ
നമുക്കൊരു കൊടുങ്കാറ്റായി തീരാം.
മന്ദമാരുതന്‍ വേണ്ട.
കാറ്റിന്റെ കൂരമ്പാവാം"

ഈ മൂന്നു ചിത്രങ്ങളില്‍ നിന്നും വായിച്ചു തീരാനാകാത്ത, ഒരിക്കലും നിലക്കാത്ത അര്‍ത്ഥങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിക്കുന്നു.

7 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ആരും കാണാത്ത വിഭിന്ന ചിത്രങ്ങളാണല്ലോ ഇത്.
നന്നായിട്ടുണ്ട് കേട്ടൊ മാഷെ

chithrakaran:ചിത്രകാരന്‍ said...

ഒരു കവിതപോലെ മനോഹരമായി അയ്യപ്പന്റെ ഹൃദയത്തെ വരച്ചുവച്ചിരിക്കുന്നു !

Rajeeve Chelanat said...

അതെ. സ്വാതന്ത്ര്യം തന്നെയാണ്‍് കവിത എന്ന് പ്രഖ്യാപിക്കുകയും, കവിതയിലൂടെയും ജീവിതത്തിലൂടെയും അത് സാക്ഷാത്ക്കരിക്കുകയും ചെയ്ത അപൂര്‍വ്വം കവികളില്‍ ഒരാളാണ്‍് അയ്യപ്പന്‍.

പ്രീമിയമടക്കുന്ന കവികളെ ഇടക്കെങ്കിലും അയ്യപ്പനെക്കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ ഇതുപോലുള്ള എഴുത്തുകളും വേണം.

അഭിവാദ്യങ്ങളോടെ

Kadalass said...

കവികൾ എപ്പോഴും ജീവിക്കുന്നു, അവരുടെ അക്ഷര കൂട്ടുകളിലൂടെ

ആശസകൾ!

ഭാനു കളരിക്കല്‍ said...

സഖാവെ, ബ്ലോഗില്‍ ആദ്യമായാണ്‌ കാണുന്നത്. ഊര്‍ജ്ജ്വലമായ ഇടപെടല്‍ സാധ്യമാകട്ടെ. അഭിവാദ്യങ്ങള്‍.

ഇഗ്ഗോയ് /iggooy said...

നന്നായി എഴുതി. അയ്യപ്പ്പന്‍ ഏറ്റവും നല്ല യാത്രാമൊഴി എഴുതിയത് ബാലചന്ദ്രന്‍ ചുള്ളികാടായിരിക്കണം.
എന്റെ മരണത്തില്‍ അനുശോചിക്കരുത്....
എന്ന അദ്ദേഹത്തിന്റെ കവിത തന്നെ.

Unknown said...

അയ്യപ്പന്‍റെ ചിന്താ ധാരകളില്‍ ഒരേ ഒരു അയ്യപ്പന്‍ മാത്രം ,അയ്യപ്പന്‍ അയ്യപ്പനോട്‌ തന്നെ കലഹിച്ചവന്‍...അതിലുടെ ലോകത്തോട്‌ കലഹിച്ചു സ്നേഹിച്ചവന്‍

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...