Tuesday, December 20, 2011

കെ.സി.എസിന്റെ നായ


-->
 

തിരുവനന്തപുരത്തെ മ്യൂസിയം ആര്‍ട് ഗ്യാലറിയില്‍ കെ.സി.എസ് പണിക്കര്‍ വരച്ച 'നായ' എന്നൊരു ചിത്രമുണ്ട്. യമദേവന്റെ തിരുമുഖമെന്ന് വിശ്വസിക്കപ്പെടുന്ന ജന്തുവിന്റെ ചിത്രം. ചിത്രത്തില്‍ നായയോടൊപ്പം ഒരു കാക്കയേയും കാണാം. പിതൃക്കള്‍ക്കു സമര്‍പ്പിക്കുന്ന ബലിച്ചോറു കൊത്തുന്ന കാക്കയോട് അത് സദൃശം. ചിത്രത്തിലെ കാക്ക ബലിക്കാക്ക തന്നെ. ബലിക്കാക്കയോടൊപ്പം നില്ക്കുന്ന നായ മരണത്തിന്റെ ചിഹ്നമെന്നു വായിക്കപ്പെടുന്നു. നായയുടെ മുഖത്തിന് മനുഷ്യന്റെ ഛായയുണ്ട്. അത് യമനു നല്കുന്ന മനുഷ്യഭാവം. എന്നാല്‍, സാവിത്രി രാജീവന്‍ എഴുതിയ 'നായ' എന്ന കവിത കെ.സി.എസിന്റെ ചിത്രത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ നല്കുന്നു. ആ ചിത്രം പകരുന്ന സര്‍ഗാത്മകതയുടെ ഊര്‍ജ്ജത്തെ വാക്കുകളില്‍ ആവാഹിക്കുന്നു.
 
കെ.സി.എസിന്റെ ചിത്രത്തിലെ നായ, മ്യൂസിയം ആര്‍ട് ഗ്യാലറിയില്‍ നിന്നും ഇറങ്ങിവന്ന് കവിയുടെ മുന്നില്‍ നില്ക്കുന്നു. തന്നെ സ്വര്‍ഗത്തിലേക്കു കൊണ്ടുപോകാന്‍ വന്ന ധര്‍മ്മദേവനോയെന്ന് മരണത്തിന്റെ പഴയ അടയാളത്തെ സാവിത്രി ഓര്‍ത്തെടുക്കുന്നു. നായകളുടെ നായത്തത്തെ കുറിച്ച് സന്ദേഹിയാകുന്നു. ആ നായ ഒരു നായയെ പോലിരുന്നുവെന്ന് എഴുതുന്നതിനോടൊപ്പം അവന്റെ മന്ദഹാസത്തെ കൂടി കാണുന്ന കവി ചിത്രത്തിലെ നായയുടെ മനുഷ്യഛായയെ അറിയുന്നുമുണ്ട്. ഈ നായ മലയാളിയുടെ അല്പത്തങ്ങളെ തിരിച്ചറിയാന്‍ ശേഷിയുള്ളവനാണ്. ഇവനോടൊപ്പം വരുന്ന കാക്ക കവിയുടെ അക്ഷരങ്ങളെ കൊത്തിപ്പറിക്കുന്നു. കെ.സി.എസിന്റെ ചിത്രത്തിലെ നായയും കാക്കയും സര്‍ഗാത്മകതയുടേയും വിമര്‍ശനത്തിന്റേയും രേഖാചിത്രങ്ങളായി മാറിത്തീരുന്നു.
 
കവിത പറയുമ്പോഴും കേല്ക്കുമ്പോഴും നാം പുതുക്കപ്പെടുന്നതു പോലെ, ഈ ചിത്രം കാണുമ്പോള്‍ നമ്മെ ബന്ധിച്ചിരുന്ന കെട്ടുകള്‍ അഴിയുകയും നാം സ്വതന്ത്രരാകുകയും ചെയ്യുന്നു. ഈ നായ കാന്‍വാസില്‍ നിന്നും സ്വതന്ത്രനായി ഇറങ്ങി വന്ന് നമ്മോടും സ്വതന്ത്രരാകാന്‍ പറയാതെ പറയുന്നു. തന്റെ മുന്നില്‍ വന്നു നില്ക്കുന്ന നായയുടെ സന്ദര്‍ശനോദ്ദേശ്യം കവി ചോദിക്കുന്നില്ല. തന്നെ തളച്ചിട്ടിരുന്ന ചട്ടക്കൂടില്‍ നിന്നും വിമോചിതയാകുന്ന കവി നായയ്ക്കും കാക്കയ്ക്കും ഒപ്പം നടന്നു തുടങ്ങുന്നു. ഈ നായ കവിയേയും നമ്മളേയും നയിക്കുന്നത് മരണത്തിന്റെ സ്വാതന്ത്ര്യത്തിലേക്കല്ലെന്നു പറയാനാണ് താല്പര്യം. കവിയുടെ മരണാഭിമുഖ്യങ്ങളുടെ വാക്കുകളല്ല, ഇത്. സാവിത്രിയുടെ കവിത സൃഷ്ടിക്കുന്ന ഭാവങ്ങളെല്ലാം സര്‍ഗാത്മകതയെ ഉണര്‍ത്തുന്ന വിമോചനത്തിന്റേതാണ്. കെ.സി.എസ്. പണിക്കരുടെ ചിത്രത്തിന്റെ ആത്മാവിനെ തിരയുകയും കണ്ടെത്തുകയും ചെയ്യുന്ന ഈ കവിത ആ ചിത്രകാരന്റെ ഉജ്ജ്വലരചനക്കു നല്കുന്നത് ഏറ്റവും അനുയോജ്യമായ പ്രശംസാവചനങ്ങളത്രെ, കവിതയും ചിത്രവും ഒരുമിച്ചു വിളയിക്കുന്നവള്‍ക്കു മാത്രം കഴിയുന്നത്

Tuesday, November 29, 2011

ഗൌരവശാലികളായ സവര്‍ണ്ണപുരുഷന്മാര്‍


ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ കൃത്യമായ ആവിഷ്ക്കരണം എന്ന അഭിപ്രായവും പേറിയാണ്‌ മനു ജോസഫിന്റെ ആദ്യനോവല്‍ വായനക്കാരെ സമീപിക്കുന്നത്‌. ഗൌരവശാലികളായ പുരുഷന്‍മാര്‍ / മനുഷ്യര്‍ (Serious Men)എന്ന കൃതി ഇന്ത്യയിലെ ശാസ്ത്രഗവേഷണസ്ഥാപനങ്ങളിലെ അന്തര്‍ലോകങ്ങളിലേക്ക്‌ ദൃഷ്ടി പതിപ്പിക്കുന്നു. ശാസ്ത്രഗവേഷണരംഗത്തെ വലിയ പ്രശ്നീകരണങ്ങള്‍ക്കു വിധേയമാക്കുന്നു. ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്ന ഗൌരവശാലികളായ പുരുഷശാസ്ത്രജ്ഞന്മാരുടെ ബുദ്ധിശക്തിക്കും ഭ്രാന്തിനുമിടയില്‍ ഒരു നേരിയ രേഖ മാത്രമേയുള്ളൂ. ചിലപ്പോള്‍, ഈ അതീവ ഗൌരവശാലികള്‍ നമ്മുടെ മുന്നില്‍ ഭ്രാന്തന്‍മാരോ കോമാളികളോ ആയി പ്രത്യക്ഷപ്പെടുന്നു. എന്നാല്‍, ഒട്ടുമേ ഗൌരവമില്ലാത്ത ചെറിയ മനുഷ്യരായി ഇവര്‍ മാറിത്തീരുന്ന സന്ദര്‍ഭങ്ങളുമുണ്ട്‌. മുസ്ളിം പെരുന്നാളുകളില്‍ മാംസത്തിനായി അറക്കപ്പെടുന്ന കുന്നുകാലികള്‍ പുറപ്പെടുവിക്കുന്ന ഐന്‍സ്റ്റീനിയന്‍ വേദനാതരംഗങ്ങള്‍ ഭൂകമ്പമുണ്ടാക്കുന്നുവെന്നും ചാണകത്തിന്‌ ആണവവികിരണങ്ങളെ തടയാന്‍ കഴിവുണ്ടെന്നും നമ്മുടെ പുരാതനസംസ്ക്കാരം ഭൂമിക്കു പുറത്തുള്ള ഒരു ഉയര്‍ന്ന നാഗരികതയുമായി ബന്ധപ്പെട്ടിരുന്നുവെന്നും ശ്രീകൃഷ്ണന്‍ ഒരു അന്യഗ്രഹനാഗരികതയില്‍ നിന്നും വന്നതാണെന്നും മറ്റും പ്രസംഗിക്കുന്ന ശാസ്ത്രജ്ഞന്‍മാര്‍ വളരെ ചെറിയ മനുഷ്യരായിരിക്കണം. ശാസ്ത്രഗവേഷണത്തിന്‌ സവിശേഷമായ രീതിശാസ്ത്രങ്ങള്‍ ആവശ്യമില്ലെന്ന, അവിടെ എന്തുമാകാമെന്ന പോള്‍ ഫെയറബെന്റിന്റെ നിര്‍ദ്ദേശത്തെ (കൂടുതല്‍ മാനുഷികമായ സൈദ്ധാന്തികഅരാജകത്വത്തിന്‌ നിയമത്തിന്റേയും ക്രമത്തിന്റേയും ബദല്‍ നിര്‍ദ്ദേശങ്ങളേക്കാളേറെ പുരോഗാമിയാകാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.) യാതൊരു തത്ത്വദീക്ഷയുമില്ലാതെ സ്വീകരിക്കാനും പ്രയോഗിക്കാനും കഴിയും. ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ ഇക്കാര്യത്തില്‍ മുന്നിലാണ്‌. ഇന്ത്യയിലെ ശാസ്ത്രമേഖലയിലേക്ക്‌ ഇങ്ങനെ കുടിയേറുന്ന ശാസ്ത്രവിരുദ്ധമായ പ്രവണതകളേയും താല്‍പര്യങ്ങളേയും കുറിച്ച്‌ മനുജോസഫ്‌ എഴുതുന്നു. ശാസ്ത്രത്തിന്‌ സംസ്ക്കാരവുമായുള്ള ബന്ധങ്ങളെ കുറിച്ച്‌ ബൃഹദ്ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്തിനു യോജിച്ച ചില സൂചനകളും നോവല്‍ നല്‍കുന്നു. മഹാസ്ഫോടനസിദ്ധാന്തം ഒരു ക്രിസ്ത്യന്‍ ഗൂഢാലോചനയാണെ അഭിപ്രായവും മറ്റും ഇതിന്റെ ഭാഗമാണ്‌. എന്നാല്‍, മനുവിന്റെ നോവല്‍ തത്ത്വചിന്താപരമായ ധൈഷണികസംവാദമല്ല. ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ നിന്നുകൊണ്ട്‌ ശാസ്ത്രവും സംസ്ക്കാരവും തമ്മിലുള്ള ചര്‍ച്ചയില്‍ ഇടപെടുകയാണ്‌ ഇതു ചെയ്യുന്നത്‌. അതീവ ബുദ്ധിമതികളും ഗൌരവശാലികളും എന്നു പൊതുലോകമെണ്ണുന്ന ശാസ്ത്രജ്ഞന്‍മാരുടെ ജീവിതലോകം നമ്മുടെ സാമൂഹികപരിസരവുമായി എങ്ങനെയെല്ലാം കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നുവെന്ന അന്വേഷണം ഈ കൃതിയിലുണ്ടെന്ന് ആദ്യം തന്നെ പറയണം. അവരുടെ ധൈഷണികജീവിതത്തിലെ ആന്തരികവൈരുദ്ധ്യങ്ങള്‍, ഗൌരവപ്രകൃതിക്കാര്‍ക്കിടയിലെ അസൂയയും വിദ്വേഷവും ചേരിപ്പോരുകളും, ഐഹികതയുടെ മൂല്യങ്ങളുമായി അഭേദ്യബന്ധമുണ്ടെന്നു കരുതപ്പെടുന്ന ശാസ്ത്രത്തിന്റെ മഹത്പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ജാതി, ലിംഗ, ദേശ വിവേചനങ്ങള്‍, ഗവേഷണമേഖലയില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഇവയെല്ലാം ഏറിയും കുറഞ്ഞും ഈ നോവലില്‍ ആവിഷ്ക്കൃതമായിരിക്കുന്നു. ഏറെ നേരം നോക്കിയിരുന്നാല്‍ കോമാളികളെന്നു നമുക്കു തോന്നിയേക്കാവുന്ന ഗൌരവശാലികളെ കുറിച്ച്‌ നര്‍മ്മം നിറഞ്ഞ ഭാഷയില്‍ മനു എഴുതിയിരിക്കുന്നു. ഈ ആക്ഷേപഹാസ്യത്തിന്‌ നമ്മുടെ ധൈഷണികജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന മണ്ഡലങ്ങളിലൊന്നിനെ കീഴ്പ്പെടുത്തിയിരിക്കുന്ന രോഗങ്ങളെ ശരിയായ രീതിയില്‍ നിര്‍ണ്ണയിക്കാന്‍ കഴിയുന്നുണ്ടോയെന്നു പരിശോധിക്കാനുള്ള ഒരു ശ്രമമാണ്‌ ഈ ലേഖനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ തിയറി ആന്റ് റിസേര്‍ച്ചിലെ ചില ശാസ്ത്രജ്ഞന്‍മാരുടെ പറച്ചിലുകള്‍ ഇങ്ങനെ.


"ഐ ക്യൂ ൧൪൮. ദളിതര്‍ക്ക്‌ ഇത്രമാത്രം ഐ ക്യൂ ഉണ്ടെങ്കില്‍, അവര്‍ സംവരണത്തിനു വേണ്ടി യാചിക്കുതെന്തിനാണ്‌?"
" അയാള്‍ സംസാരിച്ച രീതി ശ്രദ്ധിച്ചോ? കക്കൂസുകള്‍ വൃത്തിയാക്കേണ്ടവരെ വൈറ്റ്‌ കോളര്‍ ജോലികളില്‍ നിയമിച്ചാല്‍ ഇതാണു സംഭവിക്കുക. "
"ഞാനൊരു ദളിത്‌ ജീനിയസിനെ കണ്ടിട്ടില്ല. "
" ജീനുകള്‍ നിര്‍വ്വചിക്കുന്ന വ്യക്തമായ രൂപവിജ്ഞാനീയ സവിശേഷതകളുണ്ടെങ്കില്‍, ബുദ്ധിശാലികളുടെ ലക്ഷണങ്ങളും ആ മാര്‍ഗ്ഗത്തിലൂടെ നിശ്ചയിക്കാന്‍ കഴിയും. സ്ത്രീകളെ നോക്കൂ. എല്ലാവര്‍ക്കും അറിയാം, ശാസ്ത്രരംഗത്ത്‌ അവര്‍ക്ക്‌ ഒരിടത്തും എത്തിച്ചേരാന്‍ കഴിയില്ലെന്ന്. അവരുടെ മസ്തിഷ്ക്കങ്ങള്‍ വളരെ ചെറുതാണ്‌. പക്ഷേ, നമ്മുടെ ലോകം രാഷ്ട്രീയമായി ശരിയായിരിക്കാന്‍ ഭോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇക്കാര്യങ്ങളൊന്നും പറയാന്‍ വയ്യാതായിരിക്കുന്നു. "


ഇങ്ങനെയെല്ലാമുള്ള വാക്കുകളിലൂടെ ദളിത്‌, സ്ത്രീ വിവേചനങ്ങളുടെ ആശയലോകം നോവലില്‍ വെളിവാക്കപ്പെടുന്നുണ്ട്‌. നോവലിന്റെ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്ന കഥാപാത്രങ്ങളിലൊന്ന് ദളിതനായ അയ്യന്‍ മാണിയെന്ന ഗുമസ്തനാണ്‌. അപര്‍ണ്ണാ ഘോഷ്മാലിക്‌ എന്ന ശാസ്ത്രജ്ഞയും ഒരു പ്രധാന കഥാപാത്രമാണ്‌. പുരുഷകേസരികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏക വനിതയാണ്‌ അവര്‍. ആധുനികശാസ്ത്രത്തിന്റെ മൂല്യങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്ന അരവിന്ദ്‌ ആചാര്യ എന്ന ശാസ്ത്രജ്ഞന്‍ അയാളുടെ ആര്‍ജ്ജവം കൊണ്ട്‌ ഇതര ശാസ്ത്രജ്ഞന്‍മാരില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. ഇവരുടെ ജീവിതത്തിന്റേയും അനുഭവങ്ങളുടേയും വിവരണങ്ങളിലൂടെയാണ്‌ കഥാകാരന്‍ പ്രശ്നീകരണത്തിന്റെ ബൃഹദ്‌വാക്യങ്ങള്‍ എഴുതുന്നത്‌. ൧൪൮ ഐ ക്യൂ ഉണ്ടെന്ന് അവകാശപ്പെടുകയും തന്റെ പ്രവൃത്തികളിലുടനീളം ഉയര്‍ന്ന ധിഷണയെ പ്രസരിപ്പിക്കുകയും ചെയ്യുന്ന ഒരു ദളിത കഥാപാത്രത്തെ സൃഷ്ടിക്കുന്ന കഥാകാരന്റെ അബോധം പറയുന്നത്‌ ഉയര്‍ന്ന ബുദ്ധിജീവിതത്തില്‍ എത്തിച്ചേരാനുള്ള ശേഷി ദളിതര്‍ക്കില്ലെന്നു തന്നെയാണ്‌. തന്റെ മകനായ ആദിത്യയിലേക്ക്‌ ശാസ്ത്രത്തിന്റെ മൂല്യബോധത്തെ പകരുന്നതിനല്ല, മറിച്ച്‌ കുതന്ത്രങ്ങളിലൂടെയോ കുമാര്‍ഗ്ഗങ്ങളിലൂടെയോ അവനെ പ്രശസ്തനാക്കുന്നതിനു വേണ്ടിയാണ്‌ അയ്യന്‍ മാണി ശ്രമിക്കുന്നത്‌. നവീകരണത്തിനു പകരം മലിനീകരണത്തിന്റെ മാര്‍ഗ്ഗങ്ങളെ അയ്യന്‍ മാണി സ്വീകരിക്കുന്നു. മകനെ നുണകളുടെ ഒരു ലോകത്തേക്കാണ്‌ അയാള്‍ കൂട്ടിക്കൊണ്ടു പോകുന്നത്‌. ധര്‍മ്മവ്യസനങ്ങളില്ലാത്ത ലോകമാണത്‌. ഡയറക്ടര്‍ ജന നമ്പൂതിരിയെ സ്വാധീനിച്ച്‌ പതിനൊന്നു വയസ്സുകാരനായ തന്റെ മകന്‌ , ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പ്രവേശനപരീക്ഷ എഴുതാനുള്ള അനുവാദം നേടിയെടുക്കുന്നു. പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ കണ്ടെത്തി മോഷ്ടിക്കാന്‍ ശ്രമിക്കുന്നു. അരവിന്ദ്‌ ആചാര്യയെ പ്രലോഭിപ്പിച്ച്‌ പരീക്ഷക്കുള്ള ചോദ്യങ്ങളേയും ഉത്തരങ്ങളേയും ചോര്‍ത്തിയെടുക്കുന്നു. മാധ്യമപ്രവര്‍ത്തകനു പണം നല്‍കിയാണ്‌ അയാള്‍ മകന്റെ ചിത്രം പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നത്‌. നേരു പറയേണ്ട സ്ഥാപനങ്ങളെ പണവും പ്രലോഭനങ്ങളും നല്‍കി അയ്യന്‍മാണി തനിക്ക്‌ ഉപയുക്തമാക്കുന്നു. ആത്മവിശ്വാസമില്ലാത്തവന്റെ പ്രവര്‍ത്തനമാണിത്‌. മലിനീകരിക്കാന്‍ ശ്രമിക്കുന്നവര്‍ ആത്മവിശ്വാസമില്ലാത്തവരാണ്‌. സംസാരിക്കാന്‍ കഴിവും ഉയര്‍ ബുദ്ധിശേഷിയും പ്രകടിപ്പിക്കുന്ന അയ്യന്‍ മാണിയെ സൃഷ്ടിച്ച കഥാകാരന്‌ അയാളുടെ ഉള്ളില്‍ നിന്നും അധ:കൃതനാണെന്ന വിശ്വാസത്തെ ചുരണ്ടിക്കളയാന്‍ കഴിഞ്ഞില്ല. ഗണിതശാസ്ത്രപരീക്ഷയില്‍ ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്ന ആദിത്യമാണിക്ക്‌ അച്ഛന്‍ കണ്ടെത്തുന്ന കുറുക്കു വഴികളിലൂടെ മാത്രമേ ബുദ്ധിജീവിതത്തിന്റെ ഉയര്‍ന്ന പടവുകളിലെത്താന്‍ കഴിയൂ എന്ന വിശ്വാസം, 'ഞാന്‍ ഇതേവരെ ഒരു ദളിത്‌ ജീനിയസിനെ കണ്ടിട്ടില്ലെന്നു പറയുന്ന ബ്രാഹ്മണശാസ്ത്രജ്ഞന്റെ ആശയപ്രപഞ്ചത്തെ തന്നെയാണ്‌ ആധാരമാക്കുന്നത്‌. കീഴാളന്‌ സംസാരിക്കാന്‍ കഴിയില്ലെന്ന ഗായത്രി സ്പിവാക്കിന്റെ വാക്കുകള്‍ ഇവിടെയും മുഴങ്ങുന്നു. കീഴാളന്‍ സംസാരിക്കുന്നത്‌ വ്യവസ്ഥയുടെ വാക്കുകളാണ്‌. അയാള്‍ പ്രവര്‍ത്തിക്കുന്നത്‌ വ്യവസ്ഥക്കനുസരിച്ചാണ്‌. ബുദ്ധിശാലിയായ ദളിതന്‍ ഉണ്ടാകണമെന്ന് നമ്മുടെ കഥാകാരനും ആഗ്രഹിക്കുന്നില്ല.


അധീശമൂല്യവ്യവസ്ഥയെ അട്ടിമറിക്കാന്‍ ദളിതര്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്തണമെന്ന പാഠത്തെയാണോ കഥാകാരന്‍ പ്രേക്ഷിക്കുന്നത്‌? വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെ സാമൂഹികമായി ഉയര്‍ന്ന സ്ഥാനങ്ങളിലെത്താന്‍ ദളിതര്‍ക്കു കഴിയില്ലെന്നു പറയുന്നതിനാണോ കഥാകാരന്‍ ശ്രമിക്കുന്നത്‌? ഇങ്ങനെയൊരു വിപ്ലവകരമായ സമീപനം നോവലില്‍ നിന്നും കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍, സാമൂഹികവ്യവസ്ഥയുടെ നിന്ദ്യമായ മൂല്യങ്ങളില്‍ നിന്നു കൊണ്ടാണ്‌ ദളിതന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പിക്കാവുന്ന സന്ദര്‍ഭങ്ങളെ അതു വിവരിക്കുന്നു. തന്റെ ഭാര്യയോടുള്ള അയ്യന്‍ മാണിയുടെ പെരുമാറ്റത്തില്‍ പ്രകടമാകുന്നത്‌ പുരുഷാധിപത്യത്തിന്റെ മൂല്യങ്ങളാണ്‌. ദളിത്പുരുഷന്‍ സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ ധാര്‍മ്മികതയും സത്യസന്ധതയും പുലര്‍ത്തുന്നില്ല. മകനും താനും കൂടി നടത്തുന്ന കളികളെ അയ്യന്‍മാണി ഭാര്യയില്‍ നിന്നും ഒളിച്ചുവയ്ക്കുന്നു. ഓജ ആവശ്യപ്പെടുമ്പോള്‍ പോലും അയാള്‍ കാര്യങ്ങള്‍ തുറന്നുപറയുന്നില്ല. അവളുടെ ബൌദ്ധികശേഷിയെ അയാള്‍ നിസ്സാരം തഴയുന്നു. ഓജക്ക്‌ തന്റെ ദൈവമായ ഗണപതിയെ വാഷിങ്മെഷീനില്‍ ഒളിച്ചു സൂക്ഷിക്കേണ്ടി വരുന്നുണ്ട്‌. ഭാര്യയായ ലാവണ്യയോട്‌ തന്റെ എല്ലാ കുറ്റങ്ങളും തുറന്നുപറയുന്ന അരവിന്ദ്‌ ആചാര്യയെന്ന ബ്രാഹ്മണനെ സൃഷ്ടിച്ച എഴുത്തുകാരനാണ്, ഓജയുടെ പ്രവൃത്തികളെ ഉള്ളില്‍ ആക്ഷേപച്ചിരിയോടെ നോക്കിക്കാണുന്ന അയ്യന്‍മാണിയെന്ന ദളിത്‌ ഭര്‍ത്താവിനെയും സൃഷ്ടിച്ചത്‌. ഓജയാകട്ടെ, വ്യവസ്ഥയുടെ മൂല്യങ്ങള്‍ക്കു വേണ്ടി നേരിട്ടു വാദിക്കുന്നവളാണ്‌. എല്ലാവരും വിശ്വസിക്കുന്ന ദൈവങ്ങളില്‍ തന്റെ മകനും വിശ്വസിക്കണമെന്ന് അവള്‍ കരുതുന്നു. ബുദ്ധനെ ആരാധിക്കേണ്ടുന്നതിനു കാരണമായി അയ്യന്‍മാണി പറയുന്നതൊന്നും അവള്‍ക്കു തൃപ്തികരമാകുന്നില്ല. മിക്ക സമയവും സോപ്പ്‌ സീരിയലുകളുടെ പ്രേക്ഷകയായി നോവലില്‍ പ്രത്യക്ഷപ്പെടുന്ന ഓജ പെട്ടെന്നു വികാരങ്ങള്‍ക്കു കീഴ്പ്പെടുന്നവളും അശിക്ഷിതയുമാണ്‌. എന്നാല്‍, മദ്ധ്യവര്‍ഗകുടുംബിനികള്‍ പേറുന്ന ഉപഭോഗ,സുരക്ഷിതത്വമോഹങ്ങളിലേക്ക്‌ ഇവള്‍ ഉദ്ഗ്രഥിക്കപ്പെടുന്നുണ്ട്‌. മനുജോസഫ്‌ സൃഷ്ടിച്ച ദളിത് സ്വത്വങ്ങള്‍ വ്യവസ്ഥയുടെ മൂല്യങ്ങള്‍ക്കപ്പുറത്തേക്ക്‌ സഞ്ചരിക്കുന്നില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, വ്യവസ്ഥയുമായി ഇഴുകിച്ചേര്‍ന്ന് അതിന്റെ ഭാഗമായി മാറിക്കഴിഞ്ഞ, വ്യവസ്ഥാപിത രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമായ മൂല്യങ്ങളേതുമില്ലാത്ത, ഇന്ത്യയിലെ ദളിത്‌ രാഷ്ട്രീയത്തിന്റെ ആശയലോകമാണ്‌ മനുവിന്റെ നോവലിലെ ദളിതര്‍ പങ്കുവയ്ക്കുന്നത്‌. സമ്മര്‍ദ്ദതന്ത്രങ്ങളെ മാത്രം ആശ്രയിക്കുന്ന അത്‌ യാഥാര്‍ത്ഥ്യത്തോട്‌ അടുത്തു നില്‍ക്കുന്നതാണെങ്കിലും ദളിതരുടെ ഭാവിയെ കുറിച്ച്‌ ഉല്‍ക്കണ്ഠാകുലമാകുന്നതല്ല. വാമന്‍ എന്ന ദളിത്‌ നേതാവ്‌ ഒരു സൂചകമാണ്‌. മന്ത്രി കൂടിയായ അയാള്‍ പറയുന്നത്‌ ആദിത്യ മാണി ഭാവിയില്‍ ദളിതരുടെ വിമോചകനാകുമെന്നാണ്‌.


ശാസ്ത്രത്തിന്റെ മേഖലയില്‍ പണിയെടുക്കുന്ന സ്ത്രീകളുടെ ജീവിതത്തെ കുറിച്ച്‌ മനുജോസഫിന്റെ നോവല്‍ ഉല്‍പാദിപ്പിക്കുന്ന പാഠങ്ങളും ഇതില്‍ നിന്നും വളരെയൊന്നും വ്യത്യസ്തമല്ല. ശാസ്ത്രരംഗത്തെ സ്ത്രീജീവിതം എക്കാലവും പ്രശ്നപൂരിതമായിരുന്നു. വിഷമം പിടിച്ച വഴികളിലൂടെയാണ്‌ അറിയപ്പെടുന്ന ശാസ്ത്രജ്ഞമാരെല്ലാവരും സഞ്ചരിച്ചത്‌. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ മാത്രമാണ്‌ സ്ത്രീകള്‍ ശാസ്ത്രഗവേഷണരംഗത്തേക്കു കടക്കുന്നത്‌. ൧൯൫൧ വരെ റോയല്‍ സൊസൈറ്റിയില്‍ അംഗത്വം ലഭിച്ച സ്ത്രീകളുടെ എണ്ണം ഒരു ശതമാനത്തില്‍ താഴെയായിരുന്നു. ഭൌതികശാസ്ത്രം പഠിപ്പിക്കുന്ന ചില സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചിരുന്നു. ലോകത്തിലെ പ്രശസ്ത സര്‍വ്വകലാശാലയായ ഹാര്‍വേഡിലെ ഭൌതികശാസ്ത്രവകുപ്പില്‍ സ്ത്രീകളെ അദ്ധ്യാപികമാരായി നിയമിക്കുന്നത്‌ നിരോധിക്കപ്പെട്ടിരുന്നു. ഒരു സ്ത്രീയുടെ ഏകാന്തമായ പരീക്ഷണങ്ങളെ നിലയ്ക്ക്‌ സസ്യശാസ്ത്രജ്ഞയായിരുന്ന ബാര്‍ബറ മക്ക്ലിന്റോക്ക്‌ തന്റെ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ സഹപ്രവര്‍ത്തകരില്‍ നിന്നും ഏറ്റുവാങ്ങിയ അവഗണനകളെ കുറിച്ച്‌ ഈവ് ലിന്‍ ഫോക്സ് കെലറെ പോലുളള ഫെമിനിസ്റ്റുകള്‍ എഴുതിയിട്ടുണ്ട്‌. പ്രശസ്ത ഭൌതികശാസ്ത്രജ്ഞയായ റോസലിന്റ് ഫ്രാങ്ക്ലിന്‍ നടത്തിയ എക്സ്‌റേ പരീക്ഷണങ്ങളിലൂടെയാണ്‌ ജീനിന്റെ ഘടനയെ ഉറപ്പിക്കുന്ന തെളിവുകള്‍ ലഭ്യമായത്‌. എന്നാല്‍ ഈ കണ്ടെത്തലിന്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ വാട്സണും ക്രിക്കും മോറിസ്‌ വില്‍കിന്‍സിനും മറ്റും റോസയോടു കാണിച്ച അവഗണനയുടെ കഥ ശാസ്ത്രത്തിന്റെ ചരിത്രത്തിലെ തെ ഒരു കറുത്ത അദ്ധ്യായമാണ്‌. ഭൌതികശാസ്ത്രത്തിലെ എല്ലാ സംരക്ഷണനിയമങ്ങള്‍ക്കും അനുപൂരകമായി ഒരു സമമിതിയെ നിര്‍ദ്ദേശിക്കാന്‍ കഴിയുമെന്നു സിദ്ധാന്തിച്ച പ്രശസ്ത ഗണിതശാസ്ത്രജ്ഞയായ എമ്മി നോത്തര്‍ പണിയെടുത്തിരുന്ന ഗവേഷണവകുപ്പില്‍ സ്ത്രീകള്‍ക്കായി ഒരു ടോയിലറ്റ്‌ പോലുമുണ്ടായിരുന്നില്ല. അണുവിഭജനത്തെ കുറിച്ചുളള സിദ്ധാന്തീകരണങ്ങളില്‍ പ്രധാന പങ്കുവഹിച്ച ലിസ്‌ മെയ്റ്റ്നര്‍, ഒരു യാഹുദ സ്ത്രീ എന്ന നിലക്ക്‌ ഫാസിസ്റ്റ്‌ ശക്തികളില്‍നിന്നും അനുഭവിച്ച ദുരിതങ്ങള്‍ക്ക്‌ കണക്കില്ലായിരുന്നു. ഇപ്പോള്‍, ശാസ്ത്രരംഗത്തേക്ക്‌ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരുന്നുണ്ടെങ്കിലും ശാസ്ത്രസ്ഥാപനങ്ങളില്‍ അവരുടെ നില ഇപ്പോഴും സുരക്ഷിതമായിട്ടില്ല.
ബൃഹദ്‌ ശാസ്ത്രസ്ഥാപനങ്ങളില്‍ പോലും സ്ത്രീകള്‍ ലൈംഗികമായ ചൂഷണത്തിനും പീഡനത്തിനും വിധേയമാകുന്നതിന്റെ നിരവധി കഥകള്‍ നിത്യേനയെന്നോണം പുറത്തുവരുന്നു. മനു ജോസഫിന്റെ നോവലിലെ ശാസ്ത്രജ്ഞയായ അപര്‍ണ്ണ ഘോഷ് മാലിക്കിന്റെ ജീവിതവും ഒട്ടും വ്യത്യസ്തമല്ല. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പുരുഷശാസ്ത്രജ്ഞന്‍മാര്‍ അപര്‍ണ്ണയെ തങ്ങളിലൊരാളായിട്ടല്ല നോക്കിക്കാണുന്നത്‌. അവരുടെ സവിശേഷമായ നോട്ടം അപര്‍ണ്ണയെ തന്നെ മാറ്റിത്തീര്‍ക്കുന്നുണ്ട്‌. അവള്‍ പുരുഷശാസ്ത്രജ്ഞന്‍മാരുടെ കാഴ്ചക്കുള്ള വിഭവമായി സ്വയം മാറിത്തീരുന്നു. മനുവിന്റെ നോവലിലെ സ്ത്രീകഥാപാത്രങ്ങള്‍ ലൈംഗികവസ്തുക്കളായിട്ടാണ്‌ പ്രത്യക്ഷപ്പെടുന്നതെന്ന ഒരു വായനക്കാരിയുടെ അഭിപ്രായം ഇവിടെ എടുത്തുപറയണം.


അപര്‍ണ്ണാ ഘോഷ്മാലിക്‌ എന്താണ്‌ ചെയ്യുത്‌.? ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും അപര്‍ണ്ണയുടെ ഗവേഷണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞനുമായ അരവിന്ദ്‌ ആചാര്യ പരീക്ഷണോപകരണങ്ങളില്‍ മായം കലര്‍ത്താനും ഗവേഷണഫലങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്യാനുംആവശ്യപ്പെട്ടതായി അവള്‍ പരാതി അയക്കുകയും അന്വേഷണക്കമ്മിറ്റിക്കു മുമ്പാകെ മൊഴി നല്‍കുകയും ചെയ്യുന്നു. ശാസ്ത്രത്തിന്റെ മൂല്യങ്ങളിലും രീതിശാസ്ത്രത്തിലും ദൃഢമായി വിശ്വസിക്കുന്നവനും നോബല്‍ സമ്മാനത്തിനായി പല പ്രാവശ്യം പരിഗണിക്കപ്പെട്ടിട്ടുളള കഴിവുറ്റ ശാസ്ത്രജ്ഞനുമായ അരബിന്ദ്‌ ആചാര്യയുടെ വ്യക്തിത്വത്തില്‍ കളങ്കങ്ങള്‍ തീര്‍ക്കുന്ന അപര്‍ണ്ണയുടെ പ്രവൃത്തി വ്യക്തിപരമായി പക വീട്ടാനുള്ള അവളുടെ താല്‍പര്യത്തില്‍ നിന്നു മാത്രം ജനിച്ചതായിരുന്നു. ശാസ്ത്രജ്ഞയായ അപര്‍ണ്ണാ ഘോഷ്മാലിക്‌ ശാസ്ത്രത്തിന്റെ മൂല്യവ്യവസ്ഥയെ നിഷേധിച്ചുകൊണ്ട്‌ തന്റെ വ്യക്തിതാല്‍പര്യങ്ങളില്‍ പകയോടെ മുഴുകുന്നത്‌ മനുവിന്റെ നോവലില്‍ നാം വായിക്കുന്നു. സ്ത്രീയുടെ അന്തര്‍ലോകം ബുദ്ധിജീവിതത്തിന്റെ ധാര്‍മ്മികതയ്ക്ക്‌ അനുയോജ്യമല്ലെന്ന് എഴുതുകയാണ്‌ മനു ജോസഫ്‌ ചെയ്യുന്നത്‌. സ്ത്രീസ്വത്വം തന്നിലേക്ക്‌ ഒതുങ്ങിക്കൂടുതാണെന്ന്, അതിന്‌ സാമൂഹികമായ മാനങ്ങള്‍ ആര്‍ജ്ജിക്കാന്‍ കഴിയില്ലെന്ന് നോവലിസ്റ്റ്‌ കരുതുന്നുണ്ടാകണം. ശാസ്ത്രം പുരുഷാധിപത്യപരമായ ഒരു വ്യവഹാരമാണെന്നും ശാസ്ത്രസിദ്ധാന്തപ്രസ്താവങ്ങളില്‍ സ്ത്രീകളെ ഇകഴ്ത്തികാട്ടുന്ന രൂപകങ്ങള്‍ നിറഞ്ഞിരിക്കുന്നുവെന്നും മറ്റും സ്ത്രീവാദികള്‍ ആരോപിക്കുകയും ഫെമിനിസ്റ്റ്ശാസ്ത്രത്തെ കുറിച്ചുളള ചര്‍ച്ചകള്‍ ഗൌരവതരമായിരിക്കുകയും ചെയ്യു സമകാലസന്ദര്‍ഭത്തില്‍ മനു ജോസഫിന്റെ നിലപാടുകള്‍ ശാസ്ത്രത്തിന്റെ വ്യവസ്ഥാപിതത്വത്തോടൊപ്പം നിലകൊളളുന്നതാണ്‌. ശക്തമായ വസ്തുനിഷ്ഠത എന്ന പ്രമേയത്തിന്റെ ഭാഗമായി സ്ത്രീകളുടെ ശാസ്ത്രം കൂടുതല്‍ ഫലപ്രദമായിരിക്കുമെന്ന ഫെമിനിസ്റ്റുകളുടെ അവകാശവാദങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍, ശാസ്ത്രധാര്‍മ്മികതയ്ക്ക്‌ നിരക്കാത്ത രീതിയില്‍ നോവലിലെ ശാസ്ത്രജ്ഞയായ സ്ത്രീ കഥാപാത്രം പ്രകടിപ്പിക്കുന്ന പെരുമാറ്റങ്ങള്‍ പ്രശ്നീകരണത്തിന്റെ വലിയ വാതിലുകളാണ്‌ തുറന്നിടുന്നത്‌. സ്ത്രീകളെ കുറിച്ചുളള ഒരു നീത്ഷേയെന്‍ വിശ്വാസം നമ്മുടെ എഴുത്തുകാരനില്‍ ആരോപിക്കാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാവുന്നതല്ല, അടിമയും സ്വേച്ഛാധിപതിയും ഒരുമിച്ചു വാഴുന്നതിനാല്‍ സ്ത്രീക്ക്‌ ഒരിക്കലും സൌഹൃദം സാധ്യമല്ലെന്ന നീത്ഷെയുടെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ.


മനുവിന്റെ നോവല്‍ ഗൌരവശാലികളായ പുരുഷന്‍മാരെ കുറിച്ചുള്ളതാണ്‌. അതില്‍, ഗൌരവശാലികളായ സ്ത്രീകളില്ല. സ്ത്രീകളില്‍ ഗൌരവശാലികളുണ്ടോയെന്നു തന്നെ എഴുത്തുകാരനു സംശയം. അവര്‍ ലൈംഗികവസ്തുക്കളാണ്‌.

ബുദ്ധിജീവിതത്തിലും ശാസ്ത്രഗവേഷണത്തിലും ധാര്‍മ്മികത പുലര്‍ത്തുന്ന അരബിന്ദ്‌ ആചാര്യ എന്ന മഹാശാസ്ത്രജ്ഞന്‌ അപര്‍ണ്ണാ ഘോഷ്മാലിക്‌ എന്ന സഹപ്രവര്‍ത്തകയോട്‌ ധാര്‍മ്മികത പുലര്‍ത്താന്‍ കഴിയാതിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? 'നിങ്ങള്‍ക്ക്‌ അതു മനസ്സിലായിയെന്നാണ്‌ ഞാന്‍ കരുതിയത്‌' എന്ന വാക്കുകള്‍ കൊണ്ട്‌ അവസാനിപ്പിക്കാവുന്ന ഒരു പ്രശ്നമായി അപര്‍ണ്ണയുമായുളള ബന്ധത്തെ ആചാര്യ ലഘൂകരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അരബിന്ദ്‌ ആചാര്യയെ അയ്യന്‍ മാണിയേക്കാള്‍ ഇഷ്ടപ്പെടുന്നുവെന്ന് ഒരു അഭിമുഖസംഭാഷണത്തില്‍ വെളിപ്പെടുത്തിയ മനു ജോസഫ്‌ അപര്‍ണ്ണയോട്‌ തന്റെ നായകന്‍ കാണിക്കുന്ന അധാര്‍മ്മികമായ മൌനത്തെ പ്രശ്നീകരിക്കുന്നില്ലെന്നു കൂടി കാണണം. ലാവണ്യയുടെ സമ്മര്‍ദ്ദമില്ലാതെ തന്നെ തനിക്കു പറ്റിയ തെറ്റുകള്‍ അവളോട്‌ ഏറ്റുപറയുന്ന അരബിന്ദ്‌ ആചാര്യ അപര്‍ണ്ണയോടു കാണിക്കുന്ന അന്യായത്തിന്‌, കുടുംബവ്യവസ്ഥയിലുളള എഴുത്തുകാരന്റെ വിശ്വാസം മാത്രമേ ന്യായീകരണമാകുന്നുളളൂ. സാമാന്യന്റെ പ്രതീക്ഷകള്‍ക്കപ്പുറത്ത്‌ ബുദ്ധിശാലികള്‍ നയിക്കുന്ന സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെ ആവിഷ്ക്കരിക്കുകയും പ്രശ്നീകരിക്കുകയും ചെയ്യുമ്പോഴും നിലനില്‍ക്കുന്ന മൂല്യവ്യവസ്ഥയില്‍ നിന്നു മാറിനില്‍ക്കാന്‍ കഥാകാരനു കഴിയുന്നില്ല. നോവലിന്റെ പ്രമേയം തന്നെ അധീശവ്യവസ്ഥയുടെ മൂല്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. കഥാകാരന്‍ തന്റെ കൃതിയിലൂടെ ആക്രമിക്കാന്‍ ശ്രമിക്കുന്ന മൂല്യലോകത്തെ തന്നെ പുനരുല്‍പാദിപ്പിക്കുന്ന തെറ്റായ വഴികളിലേക്കാണ്‌ ഈ കൃതി എത്തിപ്പെടുന്നത്‌. 

ജനശക്തി വാരികയില്‍ പ്രസിദ്ധീകരിച്ചത്

Sunday, October 9, 2011

എങ്കേയും എപ്പോതും


  • ഭൌതികശാസ്ത്രം അറിയാത്തവര്‍ പോലും ന്യൂട്ടോണിയന്‍ ബലതന്ത്രം നല്കിയ ആത്മവിശ്വാസത്തില്‍ ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ന്യൂട്ടന്റെ ലോകം പൊതുബോധമായി തീര്‍ന്ന കാലം. ഉറപ്പുള്ള വിശ്വാസങ്ങള്‍, ആദര്‍ശങ്ങള്‍, അനിവാര്യമായ നിയമങ്ങള്‍, നിശിതമായ നിശ്ചിതത്വം, പ്രവചനീയമായ ലോകം...ഇവയെല്ലാം ചേര്‍ന്നു നല്കിയ ആത്മവിശ്വാസമായിരുന്നു അത്. യാദൃച്ഛികതകളെ, അനിശ്ചിതത്വങ്ങളെ, ഇതര സംഭാവ്യതകളെ ഗൌരവതരമായി പരിഗണിക്കാതിരുന്ന കാലം. മൂര്‍ച്ചയുള്ള മുദ്രാവാക്യങ്ങളും മാറ്റിത്തീര്‍ക്കാനുള്ള ആഹ്വാനങ്ങളും കൈ-മെയ് മറന്നുള്ള എടുത്തുചാട്ടങ്ങളും സാഹസികപ്രയാണങ്ങളും സാദ്ധ്യമാക്കിയ കാലം. വിശ്വാസത്തിന്റെ ഉറപ്പില്‍ സുരക്ഷിതത്വത്തെ കുറിച്ചുള്ള ഉല്ക്കണ്ഠകളും ആശങ്കകളും ഉണരാതിരുന്ന കാലം. വിപ്ലവങ്ങള്‍ പിഴയ്ക്കുകയും ജ്ഞാനമണ്ഡലം പുതിയ ഉള്‍ക്കാഴ്ചകള്‍ കൊണ്ട് പുതുക്കിപ്പണിയുകയും ചെയ്തപ്പോള്‍ പഴയ ആത്മവിശ്വാസം കൂടി നഷ്ടപ്പെടുകയായിരുന്നു. മദ്ധ്യവര്‍ഗത്തിനു മേല്‍ക്കൈയും അണുകുടുംബങ്ങള്‍ക്കു വലിയ പ്രാധാന്യവും നല്കുന്ന സമൂഹം കൂടി സൃഷ്ടിക്കപ്പെട്ടതോടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ഉല്ക്കണ്ഠകള്‍ പെരുകാനും തുടങ്ങി. അനിശ്ചിതത്വങ്ങളെ, യാദൃച്ഛികതകളെ സൂക്ഷ്മതയോടെ പിന്തുടരണമെന്ന നിര്‍ദ്ദേശം എവിടേയും ഉയരുന്നു. യാദൃച്ഛികതയുടെ കടന്നാക്രമണങ്ങളെ കീഴടക്കാന്‍ അതിഭൌതികമായ വഴികളിലേക്കു തിരിയുന്നു. മൂര്‍ച്ചയുള്ള മുദ്രാവാക്യങ്ങളുടേയും സാഹസികമായ എടുത്തുചാട്ടങ്ങളുടേയും സ്ഥാനങ്ങളെ നിഷ്ക്കാസിതമാക്കി അന്ധവിശ്വാസങ്ങളും പുതിയ ആചാരങ്ങളും കടന്നുവരുന്നു. പൂര്‍വ്വകാലവും ഈ ഉത്തരകാലവും ഏകപക്ഷീയതകളാലാണ് നയിക്കപ്പെട്ടത്. യാദൃച്ഛികതയുടേയും അനിവാര്യതയുടേയും സംഗമസ്ഥാനമായി യാഥാര്‍ത്ഥ്യത്തെ കാണാന്‍ രണ്ടിനും കഴിയുന്നില്ലല്ലോ‍.

 
  • ഈ സുരക്ഷിതത്വബോധത്തിന്റെ കാലത്ത് മരണം പേടിപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. മരണം കൊണ്ടുള്ള ദു:ഖം ഒഴിവാക്കാനാവില്ലെന്ന് അറിഞ്ഞവരെ പോലെ എല്ലാവരും സുരക്ഷിതഭയത്താല്‍ അസ്വസ്ഥരായിരിക്കുന്നു. രംഗബോധമില്ലാത്ത കോമാളിയായി അത് എപ്പോഴും എവിടെയും പ്രത്യക്ഷപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു. എന്നാല്‍, ഈ ഭയത്തില്‍ യാഥാര്‍ത്ഥ്യത്തിന്റെ മൂലകങ്ങളുമുണ്ട്. ആദര്‍ശത്തിന്റെ ഭാരം ചുമടായി തൂങ്ങിനില്ക്കാത്തതിനാല്‍ യാഥാര്‍ത്ഥ്യത്തെ നേര്‍ക്കുനേര്‍ കാണാനും മനസ്സിലാക്കാനും കഴിയും. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ അതിനെ ശരിയായി ആവിഷ്ക്കരിക്കാനുമാകും. നമ്മുടെ യുവ കലാകാരന്മാരില്‍ സാമൂഹിക പ്രതിജ്ഞാബദ്ധതയുടെ ആദര്‍ശബോധമൊഴിഞ്ഞവരെങ്കിലും സത്യസന്ധരായവര്‍ ഏറെയുണ്ട്. 'എങ്കേയും എപ്പോതും' എന്ന തമിഴ് ചലച്ചിത്രം മെനഞ്ഞെടുത്തവര്‍ ഈ ഗണത്തില്‍ പെടുന്നു. യുവാക്കളുടെ ഏറ്റവും ഇഷ്ടവിഷയമായ പ്രണയത്തെയാണ് ഈ ചലച്ചിത്രവും പ്രമേയമാക്കുന്നത്. ഇതില്‍ നാലു പ്രണയജോഡികളുടെ കഥ പറയുന്നു. അമുദയും ഗൌതവും, മണിമേഖലയും കതിരേശനും, പൂജയും രമേശും, നവ വധൂവരന്മാരായ രണ്ടുപേര്‍ - ചലച്ചിത്രത്തിന്റെ സംവിധായകന്‍ ഇവരുടെ പ്രണയങ്ങളെ മരണത്തോടു മുഖാമുഖം നിര്‍ത്തുന്നു. രംഗബോധമില്ലാത്ത കോമാളിയുടെ മുന്നില്‍ മൂന്നു കാമുകര്‍ കീഴടങ്ങുന്നു. നാലാമത്തെ പ്രണയം അതിജീവനത്തിനായി മുള്‍മുനയിലാണ്. സാഫല്യമടയാത്ത പ്രണയങ്ങളെ കുറിച്ചു പറഞ്ഞുകൊണ്ട് നമ്മുടെ ജീവിതങ്ങളെ കീഴ്പ്പെടുത്തി നില്ക്കുന്ന അനിശ്ചിതത്വങ്ങളെ സംവിധായകനായ ശരവണന്‍ എടുത്തുകാണിക്കുന്നു.


  •   വധുവിനെ യാത്രയാക്കാനായി എത്തുന്ന വരന്‍ അവളോടൊപ്പം യാത്ര ചെയ്യുകയാണ്. അവളെ പിരിയുന്നതിലുളള വിഷമത്തിലാണ് അയാള്‍. യാത്ര പറഞ്ഞു പിരിഞ്ഞതിനു ശേഷം, വണ്ടി പുറപ്പെട്ടു കഴിയുമ്പോള്‍ അയാള്‍ ഓടിവന്ന് വണ്ടിയില്‍ കയറുന്നു. ഇത് രണ്ടു പ്രാവശ്യം ആവര്‍ത്തിക്കുന്നുണ്ട്. വധുവിനെ പിരിഞ്ഞിരിക്കാന്‍ പോലും കഴിയാതെ പ്രണയിക്കുന്നവനെ അവളില്‍നിന്നും വേര്‍പെടുത്താന്‍ മരണം പെട്ടെന്നു കടന്നുവരുന്നു. വരന്റെ മൃതദേഹത്തിനു മുന്നില്‍ ആര്‍ത്തലച്ചു കരയുന്ന വധുവിനെ ചലച്ചിത്രകാരന്‍ കാണിക്കുന്നു. ആദ്യകാഴ്ചയില്‍ തന്നെ പ്രണയത്തില്‍ പെടുന്ന കോളേജ് വിദ്യാര്‍ത്ഥികളായ പൂജയും രമേശും മരണത്താല്‍ വേര്‍പെടുത്തപ്പെടുന്നു. അവര്‍ സഞ്ചരിച്ചിരുന്ന ബസ്സിന്റെ ടയര്‍ കേടാകുമ്പോള്‍ പൂജ മറ്റൊരു ബസ്സിലേക്കു മാറിക്കയറിയതാണ്. എന്നാല്‍, രമേശിന്റെ പാരവശ്യം കണ്ട് അവള്‍ തിരിച്ചിറങ്ങി പഴയ ബസ്സില്‍ തന്നെ കയറുന്നു. ആദ്യകാഴ്ചയില്‍ തന്നെ അകലാന്‍ വയ്യാതായി തീര്‍ന്നവരെ മരണത്തിന്റെ കോമാളിക്കൈകള്‍ അകറ്റുന്നു. ആശുപത്രിയില്‍ കൂട്ടിയിട്ടിരിക്കുന്ന ശവശരീരങ്ങള്‍ക്കിടയില്‍ നിന്ന് രമേശ് പൂജയുടെ മൃതദേഹം കണ്ടെത്തുന്നു. അമുദയുടേയും ഗൌതത്തിന്റേയും പ്രണയം വളരെ വലിയ യാദൃച്ഛികതയുടെ സൃഷ്ടിയാണ്. അവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും ഇഷ്ടപ്പെടുന്നതും വളരെ യാദൃച്ഛികമായിട്ടാണ്. അമുദയ്ക്ക് അവന്റെ പേരു പോലും അറിയില്ല. ആശുപത്രികിടക്കയിലെ അര്‍ദ്ധബോധാവസ്ഥയില്‍ അമുദ അവന്റെ പേരു ചോദിക്കുന്നു. മണിമേഖലയുടേയും കതിരേശന്റേയും പ്രണയം ഇങ്ങനെയായിരുന്നില്ല. അതില്‍ ബോധപൂര്‍വമായ ഇടപെലുകളും ഇരുവരുടേയും താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള പരസ്പര സമവായങ്ങളുമുണ്ട്. കതിരേശന്റെ രക്തത്തില്‍ എച്ച് ഐ വി ബാധയുണ്ടോയന്ന് മണിമേഖല പരിശോധിക്കുന്നുണ്ട്. അയാള്‍ക്ക് തന്റെ കുടുംബത്തിന്റെ സമ്മര്‍ദ്ദങ്ങളെ താങ്ങാനുള്ള കരുത്തുണ്ടോയെന്നും അവള്‍ അന്വേഷിക്കുന്നു. കതിരേശന്റെ പ്രണയം പല പരീക്ഷണഘട്ടങ്ങളേയും താണ്ടുന്നു. എന്നാല്‍, ഇങ്ങനെ ഊതിക്കാച്ചിയെടുക്കുന്ന പൊന്നായ പ്രേമം യാദൃച്ഛികമായി കടന്നുവരുന്ന അപകടത്തില്‍ പെട്ട് ഇല്ലാതാകുന്നു. കതിരേശന്റെ തലയ്കാണ് പരിക്കേറ്റത്. അയാളെ ആംബുലന്‍സില്‍ കയറ്റി വിട്ടതിനു ശേഷം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മണിമേഖല ആശുപത്രിയില്‍ എത്തുമ്പോഴേക്കും കതിരേശന്‍ മരിച്ചുകഴിഞ്ഞിരുന്നു. കതിരേശന്റെ പ്രണയത്തെ പരീക്ഷിച്ച് ഉറപ്പു വരുത്തിയവള്‍ അവന്റെ ചേതനയില്ലാത്ത ശരീരത്തില്‍ വീണ് ഉറക്കെ നിലവിളിക്കുന്നു. യാദൃച്ഛികമായ കൂടിച്ചേരല്‍ കൊണ്ട് സൃഷ്ടിക്കപ്പെടുന്ന അമുദയുടേയും ഗൌതത്തിന്റേയും പ്രണയം മരണത്തിന്റെ ഭീകരമുഖത്തെ എങ്ങനെയോ അതിജീവിക്കുമ്പോള്‍, ശരിയായി ക്രമീകരിച്ചു വളര്‍ത്തിയെടുത്ത മണിമേഖലയുടേയും കതിരേശന്റേയും പ്രണയം ആ കോമാളിയുടെ മുന്നില്‍ തോറ്റുപോകുന്നു. യാദൃച്ഛികതയെ കുറിച്ചു് നമ്മുടെയെല്ലാം അബോധത്തിലുള്ള കാര്യങ്ങളാണ് സംവിധായകനായ ശരവണന്‍ പറയുന്നത്. ആക്സിഡന്റ് എന്നു കേള്‍ക്കുമ്പോഴേ നിലവിളിച്ചു നിലതെറ്റി വീഴുന്നവള്‍ നമ്മളിലെല്ലാവരിലുമുണ്ട്. റോഡുയാത്രയെ കുറിച്ചുള്ള മദ്ധ്യവര്‍ഗത്തിന്റെ ആശങ്കകളെ ഇതോടൊപ്പം ചേര്‍ത്തുവയ്ക്കണം. വാഹനാപകടത്തിന്റെ ഭീകരവും ദാരുണവുമായ ദൃശ്യങ്ങള്‍ പറയുന്നത് മറ്റൊന്നുമല്ലല്ലോ.

 
നമ്മുടെ മദ്ധ്യവര്‍ഗത്തെ ബാധിച്ചു നില്ക്കുന്ന സുരക്ഷിതത്വഭീതിയെ ഈ ചലച്ചിത്രം നന്നായി പകര്‍ത്തിയെഴുതുന്നു. നമ്മുടെ ജീവിതങ്ങള്‍ അനിശ്ചിതത്വങ്ങളില്‍ മുങ്ങി കിടക്കുന്നുവെന്ന് ചലച്ചിത്രകാരന്‍ പറയുന്നു. നാം നിസ്സഹായരാണെന്ന്, എപ്പോള്‍ വേണമെങ്കിലും പൊട്ടിവീണേക്കാവുന്ന നൂല്പാലത്തിലൂടെ നടക്കുന്നവരാണെന്ന് നമുക്കു തോന്നിപ്പോകുന്നു. എന്നാല്‍, യാദൃച്ഛികതയും അനിവാര്യതയും തമ്മിലുളള സംഗമസ്ഥാനങ്ങള്‍ അന്വേഷിക്കുന്നില്ലെന്ന അബദ്ധം ഇവിടെയും തുടരുന്നു. നാം ജീവിക്കുന്ന സമൂഹത്തിന്റെ വിമര്‍ശനങ്ങളിലേക്കു കടന്നു കയറാന്‍ സംവിധായകനു കഴിയുന്നതേയില്ല. ചലച്ചിത്രത്തെ അപ്പാടെ കീഴ്പ്പെടുത്തി നില്ക്കുന്ന മദ്ധ്യവര്‍ഗബോധം ഈ പരിമിതിയുടെ ലക്ഷണവും കാരണവുമാണ്. വ്യക്തിപരമായ തലങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന പരാവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ ഒരു മുഖത്തെ മാത്രം അവതരിപ്പിക്കുന്നു. പ്രശ്നങ്ങള്‍ക്ക് സാമൂഹികമായ ഒരു തലം കൂടിയുണ്ടെന്ന, അത് അതിപ്രധാനമാണെന്ന അറിവിലേക്കു കൂടി നമ്മുടെ കലാകാരന്മാരുടെ കാഴ്ചകള്‍ നീങ്ങേണ്ടതുണ്ട്.

Wednesday, October 5, 2011

കെ.പി.ശങ്കരന്‍


"ഞാനൊരു വെറും സൌന്ദര്യാത്മക കവി മാത്ര"മെന്ന് വൈലോപ്പിള്ളി എഴുതിയ അര്‍ത്ഥത്തില്‍ കെ.പി. ശങ്കരന്‍ ഒരു സൌന്ദര്യാത്മക നിരൂപകനാണ്‌. തന്റെ കവിതയുടെ സാമൂഹികമാനങ്ങളെ നിഷേധിക്കാനായി കവി എഴുതിയ വാക്കുകളായിരുന്നില്ല, അത്‌. വൈലോപ്പിള്ളിയുടെ കവിതയില്‍ സാമൂഹികത തഴച്ചു നില്‍ക്കുന്നുവെന്നത്‌ അനിഷേധ്യവുമാണ്‌. കവിയുടെ 'കുരുവികള്‍' എന്ന കൃതിക്കെഴുതിയ അവതാരികയിലും അദ്ദേഹത്തിന്റെ കാവ്യാദര്‍ശത്തെ കുറിച്ച്‌ എഴുതിയ മറ്റൊരു ലേഖനത്തിലും കെ.പി. ശങ്കരന്‍ ഈ വരികള്‍ ഉദ്ധരിച്ചു ചേര്‍ക്കുന്നു. തന്റെ ആശയത്തെ അനേകമാനങ്ങള്‍ കൊണ്ട്‌ ഭദ്രമാക്കാനും ആകാശത്ത്‌ പറക്കാന്‍ കെല്‍പുറ്റതാക്കാനും ഈ നിലപാട്‌ വൈലോപ്പിള്ളിയെ പ്രാപ്തനാക്കുന്നുവെന്ന് അദ്ദേഹം എഴുതി. നമ്മുടെ സഹൃദയത്വം സമതുലിതമായ ഒരു ഭാവഗൌരവത്തിലേക്ക്‌ പാകപ്പെടുന്നതിന്റെ സന്ദേശമായി കവിയുടെ വാക്കുകളെ ഈ വിമര്‍ശകന്‍ കണ്ടെത്തുകയും ചെയ്തു. ഈ വായനകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്‌ കലയേയും സാഹിത്യത്തേയും അവയുടെ നിയമങ്ങള്‍ കൊണ്ടു തെ പരിശോധിക്കണമെന്ന നിരൂപകന്റെ ഉറപ്പായിരുന്നു. എന്നാല്‍, കലയും സമൂഹവും തമ്മിലുള്ള പരസ്പരപ്രതിപ്രവര്‍ത്തനങ്ങളെ രോധിക്കാനുള്ള വാദമായി ഈ ഉറപ്പ്‌ പരിവര്‍ത്തിക്കപ്പെട്ടില്ല. ലാവണ്യവാദത്തിന്റെ ചില ഘടകങ്ങള്‍ സ്വാധീനിച്ചു നില്‍ക്കുമ്പോഴും സമതുലിതമായ ഒരു വീക്ഷണത്തെ സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ കെ.പി. ശങ്കരന്റെ രചനകളില്‍ തെളിഞ്ഞു കാണാം. പൊന്ന് തീയിലുരുക്കിയിട്ടു വേണം പണ്ടങ്ങള്‍ പണിയാന്‍ എന്ന ബോദ്ധ്യവും പൊന്നു വലിച്ചെറിഞ്ഞ്‌ തീ മാത്രം മതിയെന്ന തീരുമാനത്തോട്‌ പിണങ്ങാനുള്ള ആര്‍ജ്ജവവും അദ്ദേഹത്തിനുണ്ടല്ലോ. 

കലയും സമൂഹവും ചേര്‍ന്നൊരുക്കുന്ന പ്രശ്നമണ്ഡലം എല്ലാ നല്ല നിരൂപണധിഷണകളെയുമെന്ന പോലെ കെ.പി.ശങ്കരന്റെ മനസ്സിനേയും ഉഴുതുമറിച്ചു കൊണ്ടിരിക്കുന്നു. കലാദര്‍ശസംബന്ധിയായ ലേഖനങ്ങള്‍ എഴുതുമ്പോളെല്ലാം ഈ പ്രശ്നമണ്ഡലത്തിലൂടെ അദ്ദേഹം കടന്നുപോകുന്നു. ജി. ശങ്കരകുറുപ്പിന്റെ കാവ്യലോകത്തെ അപഗ്രഥിക്കുന്നതു ശ്രദ്ധിക്കുക. കവിതയുടെ വാസ്തവത്തിലുള്ള മഹത്ത്വം ജീവിതപ്രേമവുമായി മൌലികമായും കെട്ടു പിണഞ്ഞു കിടക്കുന്നുവെന്ന് നേര്‍രൂപത്തില്‍ തെ അദ്ദേഹം എഴുതുന്നത്‌ ഇവിടെ നാം വായിക്കുന്നു. പുതിയ അനുഭവങ്ങള്‍ കൊണ്ടും പുതിയ മണ്ഡലങ്ങളിലൂടെയുള്ള പ്രയാണം കൊണ്ടും കവിതയെ ചൈതന്യമേറിയ നിര്‍മ്മിതിയാക്കണമെന്ന ജിയുടെ ഏറ്റുപറച്ചിലിനെ ശ്ലാഘിക്കുന്ന വിമര്‍ശകന്‍, ഇത്‌ പക്വതയുള്ള കാവ്യാവബോധമാണെന്നു രേഖപ്പെടുത്തുന്നു. സമൂഹത്തോട്‌ അര്‍ത്ഥഗര്‍ഭമായ രീതിയില്‍ പ്രതികരിക്കാന്‍ പാകത്തില്‍ നമുക്കു സാന്ദ്രതയും സൂക്ഷ്മതയും നല്‍കുന്നുവെത്‌ നിസ്സാരകാര്യമല്ലെന്ന് മറ്റൊരിടത്തു പറഞ്ഞു വയ്ക്കാനും ഈ വിമര്‍ശകന്‍ തയ്യാറായി. സാമൂഹികതയെ കവിതയില്‍ നിന്നും ആട്ടിയകറ്റരുതെന്നും സാമൂഹികപ്രശ്നങ്ങളുടെ പേരില്‍ ആര്‍പ്പും വിളിയും കൂട്ടാനായി കവിതയെ അന്യഥാകരിക്കരുതെന്നും ഈ പ്രകരണത്തില്‍ അദ്ദേഹം എഴുതി. ഇരുവശവും കാണുന്നവന്റെ സംയമനം മലയാളത്തിലെ ഈ നല്ല കാവ്യവിമര്‍ശകന്റെ രചനകളിലാണ്‌ നാം വായിച്ചത്‌. തനിക്ക്‌ ജനിച്ചപ്പോഴേ ലഭിച്ച, ഹിറ്റ്ലറോളം ഉറപ്പുള്ള, സംവേദനക്ഷമത കൊണ്ടാണ്‌ ഇപ്പോഴും എപ്പോഴും തന്റെ നിരൂപണധിഷണ പ്രവര്‍ത്തിക്കുതെന്ന് ഈ വിമര്‍ശകന്‍ കരുതുന്നതേയില്ല. തന്റെ സംവേദനരീതികള്‍ പരിവര്‍ത്തനത്തിനു വിധേയമായ ഘട്ടങ്ങളെ കുറിച്ച്‌ വിമര്‍ശനലേഖനങ്ങളില്‍ തന്നെ അദ്ദേഹം എഴുതുന്നു. തന്റെ സന്ദേഹങ്ങളെ കുറിച്ച്‌ ഏറ്റുപറയുന്നു. ഇടശ്ശേരിയുടെ 'നെല്ലുകുത്തുകാരി പാറുവിന്റെ കഥ' എന്ന കവിതക്കെഴുതിയ ആസ്വാദനത്തില്‍ ആ കവിതയുടെ വായന തന്റെ സംവേദനക്ഷമതക്കുണ്ടാക്കിയ വികാസപരിണാമങ്ങളെ കെ.പി. ശങ്കരന്‍ വിസ്തരിക്കുന്നതു കാണുക! ഈ കവിത തന്നിലുണ്ടാക്കിയ സന്ദേഹങ്ങളെ കുറിച്ചും അദ്ദേഹം എഴുതുന്നു. ഈ വിമര്‍ശകന്റെ ലേഖനങ്ങളില്‍ നിന്നും വായനക്കാരെ കീഴടക്കി ഭരിക്കുന്ന ഒരു പരമാധികാരി എഴുന്നേറ്റ്‌ വരുന്നില്ല. ഇങ്ങനെയും ചില കാര്യങ്ങളുണ്ടെന്നു പറഞ്ഞുവയ്ക്കുകയും സന്ദേഹങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന കെ.പി.ശങ്കരന്റെ നിരൂപണധിഷണ എപ്പോഴും വായനക്കാരനോടു സംഭാഷണത്തിനു തയ്യാറാകുന്നതാണ്‌. 

കാല്‍പനികതയോടുള്ള ആവേശത്തില്‍ നിന്നും പതുക്കെ പതുക്കെ നേടുന്ന വിടുതലാണ്‌ കെ.പി. ശങ്കരന്റെ വിമര്‍ശനസപര്യയിലുണ്ടായ പ്രധാന പരിവര്‍ത്തനമെന്നു കരുതാവുന്നതാണ്‌. കാല്പനികതയുടെ പളപളപ്പില്‍ നിന്നും മാറി പച്ചയാഥാര്‍ത്ഥ്യത്തിന്റെ ലോകത്തെയും കാല്‍പനികകവികള്‍ കമ്പത്തോടെ ഉപയോഗിച്ചിരുന്ന മറിമാന്‍മിഴി, ലാലസിക്കുക തുടങ്ങിയ പദങ്ങള്‍ പരിഹാസത്തോടെ ഉപയോഗിക്കുന്ന ഇടശ്ശേരിയേയും അദ്ദേഹം ഇഷ്ടപ്പെടാന്‍ തുടങ്ങുന്നു. കാല്‍പനികതയുടെ വര്‍ണ്ണവാതകം നിറച്ച ബലൂണ്‍ പച്ചപ്പരമാര്‍ത്ഥത്തിന്റെ കൂര്‍ത്ത സൂചിത്തുമ്പു കൊണ്ട്‌ കുത്തിപ്പൊട്ടിക്കുന്നതിലെ രസം ഇടശ്ശരിയോടും എന്‍.വിയോടുമൊപ്പം ഇദ്ദേഹവും അനുഭവിക്കുന്നു. ഒരു ചരിത്രദൌത്യമെന്ന നിലക്ക്‌ കാല്‍പനികത അസ്തമിച്ചു കഴിഞ്ഞുവെന്ന് കെ. പി. ശങ്കരന്‍ ഉറപ്പിക്കുന്നുണ്ട്‌. എന്നാല്‍ കവിതയുടെ മൌലികമായ ചൈതന്യധന്യത എന്ന നിലയ്ക്ക്‌ അത്‌ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും സുഗതകുമാരിയുടെ കവിതക്കു കാന്തി പകരുന്നത്‌ ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പ്രശ്നത്തിന്റെ ഇരുവശവും കാണുന്ന സമഗ്രവീക്ഷണം ഇവിടെയും ഉണര്‍ന്നിരിക്കുന്നു. മലയാളത്തില്‍ മണ്ഡന സാഹിത്യവിമര്‍ശനം ശുദ്ധസ്തുതികളില്‍ നിന്നും മുക്തി നേടി സാഫല്യം നേടുന്നത്‌ കെ.പി.ശങ്കരനിലൂടെയാണ്‌. കെ.പി.ശങ്കരന്‍ സപ്തതി അനുസ്മരണഗ്രന്ഥത്തില്‍ എഴുതിയത്