Sunday, November 28, 2010

മത്തായിമാരുടെ ഗവേഷണത്തെ കുറിച്ച്‌

മലയാള ചലച്ചിത്രചരിത്രത്തില്‍ വ്യത്യസ്തമായ ഒരു ഏട്‌ എഴുതിച്ചേര്‍ത്ത ജോണ്‍ ഏബ്രഹാം ഒരു നല്ല കഥാകാരന്‍ കൂടിയായിരുന്നു. അനായാസമായി കഥ പറയാനുള്ള ജോണിന്റെ ശേഷിക്ക്‌ 'കോട്ടയത്ത്‌ എത്ര മത്തായി ഉണ്ട്‌?' എന്ന രചന തെളിവുകള്‍ നല്‍കുന്നു. അതീവ സ്വാഭാവികതയോടെ കോട്ടയത്തെ മത്തായിമാരുടെ കഥ ജോണ്‍ പറയുന്നു. ജോണിന്റെ കൂടപ്പിറപ്പായ നര്‍മ്മം കഥയിലെ വരികള്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്നു. സരളമായ ഭാഷയില്‍, നര്‍മ്മം കലര്‍ത്തി ജോണ്‍ എഴുതിയത്‌ ലഘുവായ കാര്യങ്ങളായിരുന്നില്ല. അറിവിന്റേയും ഗവേഷണത്തിന്റേയും പഠനത്തിന്റേയും അതിഗൌരവമാര്‍ന്ന പ്രശ്നങ്ങളെ ചര്‍ച്ച ചെയ്യുന്ന കഥയാണിത്‌. എന്നാല്‍, കൂര്‍ത്തമുനയുളള ഒറ്റ അര്‍ത്ഥത്തിലേക്ക്‌ വായനയെ ചുരുക്കാന്‍ ഈ കഥ വായനക്കാരനെ അനുവദിക്കുകയില്ല. വായനയില്‍ പരമസ്വാതന്ത്ര്യമനുഭവിക്കുന്ന സഹൃദയനെയാണ്‌ ജോണിന്റെ തൂലിക ആഗ്രഹിച്ചത്‌. 

കഥാനായകനായ മത്തായി (അടിമാലി) ചിട്ടയായ ജീവിതം നയിച്ചിരുന്നയാളാണ്‌; അത്‌ തുടരാന്‍ ശ്രമിക്കുന്നയാളാണ്‌. നല്ല ക്രൈസ്തവവിശ്വാസിയാണ്‌. പരിശ്രമശാലിയാണ്‌. പരിശ്രമത്തിലുളള വിശ്വാസം കൊണ്ട്‌ മറ്റുളളവര്‍ക്ക്‌ സഹായം ചെയ്യാന്‍ മത്തായിക്ക്‌ താല്‍പര്യമുണ്ടായിരുന്നില്ല. മത്തായിയുടെ വീട്ടില്‍ ടെലിഫോണും ടെലിഫോണ്‍ ഡയറക്ടറിയും വരുന്നതോടുകൂടി അയാള്‍ ഒരു ഗവേഷകനായി മാറുന്നു. ടെലിഫോണ്‍ ഡയറക്ടറിയില്‍ തന്റെ പേരു തിരയുന്ന മത്തായി, കോട്ടയത്ത്‌ വളരെയേറെ മത്തായിമാരുണ്ടെന്ന് അറിയുന്നു. കോട്ടയത്ത്‌ ടെലിഫോണുളള മത്തായിമാരുടെ കണക്കെടുക്കുന്ന കഥാനായകന്‍, തുടര്‍ന്ന്, കോട്ടയത്ത്‌ എത്ര മത്തായിമാരുണ്ട്‌ എന്ന വിഷയത്തിലേക്ക്‌ തന്റെ ഗവേഷണം വ്യാപിപ്പിക്കുന്നു. ഗവേഷണത്തിനിടയില്‍ അയാള്‍ക്ക്‌ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അയാളുടെ വിഭ്രമങ്ങളും ഉന്‍മാദവുമെല്ലാം കഥയില്‍ ആവിഷ്ക്കരിക്കപ്പെടുന്നു. മത്തായിയുടെ മതവിശ്വാസം അയാളുടെ ഗവേഷണങ്ങളില്‍ ഇടപെടുന്നു. നായകന്റെ മതവിശ്വാസത്തേയും ഗവേഷണത്തേയും വിവരിക്കുമ്പോള്‍ ജോണ്‍ ഏബ്രഹാം പരിഹാസവും നര്‍മ്മവും ഒളിപ്പിച്ചു വച്ച വരികള്‍ എഴുതുന്നു. കഥ മതാത്മകതയുടെ വിമര്‍ശനമായി മാറുന്നു. എല്ലാ വിമര്‍ശനങ്ങളുടേയും കാതല്‍ മതാത്മകതയുടെ വിമര്‍ശനമാണെന്ന് ജോണിന്‌ അറിയാമായിരുന്നു. കാള്‍ മാര്‍ക്സിന്റെ വാക്കുകള്‍ക്കു ശേഷം, എല്ലാ വിപ്ലവകാരികള്‍ക്കുമെന്ന പോലെ എല്ലാ അരാജകവാദികള്‍ക്കും സ്വയം ഈ ജ്ഞാനം ലഭിച്ചിട്ടുണ്ട്‌. തന്റെ കലയിലും ജീവിതത്തിലും ഒരേ സമയം വിപ്ളവകാരിയും അരാജകവാദിയുമായിരുന്ന ജോണിന്‌ സ്വയം ഗ്രഹിക്കാന്‍ കഴിയുന്ന അറിവായിരുന്നു അത്‌. വല്ലാതെ ഉറച്ചു പോകുന്ന വിശ്വാസങ്ങള്‍ക്കെതിരായ എതിര്‍പ്പ്‌ ജോണിന്റെ എല്ലാ പ്രവൃത്തികളിലും വിലയിച്ചിരുന്നു. അത്‌ കഥയിലും സ്ഥാനം നേടിയതില്‍ അതിശയിക്കാനില്ല. 

പളളിയിലെ ചില്ലറപ്പണികളൊഴികെ മറ്റു സാമൂഹികബന്ധങ്ങളൊന്നുമില്ലാത്ത മത്തായി അടിമാലി എന്ന ക്രിസ്തുമതവിശ്വാസി ഗവേഷണം ആരംഭിക്കുന്നു. തന്റെ ഗവേഷണത്തിന്റെ സഹായകഗ്രന്ഥമായ ടെലിഫോണ്‍ ഡയറക്ടറി അയാള്‍ മറിച്ചുനോക്കുന്നത്‌ വേദപുസ്തകത്തിലെ സങ്കീര്‍ത്തനങ്ങള്‍ കണ്ടെടുക്കുന്ന അതേ മനസ്സോടെയാണ്‌. ഗവേഷണത്തോടുളള സമീപനം വേദപുസ്തകത്തോടുളള സമീപനത്തിന്‌ സമാനമാണെന്ന സൂചനയാണിത്‌. അറിവിന്റെ കനി തിന്നുന്നത്‌ അപകടകരമാണെന്ന അബോധധാരണ മത്തായിക്കുണ്ട്‌. മത്തായി മരണത്തിലേക്ക്‌ നടന്നു കയറുന്ന രാത്രിയില്‍, അയാള്‍ ടെലിഫോണ്‍ പോസ്റ്റിലെ കുരിശിനെ നോക്കിനില്‍ക്കുമ്പോള്‍ തന്റെ ഗവേഷണത്തിന്റെ തുടക്കത്തെ കുറിച്ചോര്‍ക്കുന്നു. ഗവേഷണം ആരംഭിക്കണമെന്ന് ഉറപ്പിച്ച ദിവസം നിരണത്തെ കൊച്ചമ്മ മരിച്ചു. അങ്ങോട്ടു പോകേണ്ടി വന്നതിനാല്‍ ഗവേഷണം തടസ്സപ്പെടുന്നു. അറിവിനോടുളള അബോധഭയവും ഗവേഷണത്തിലെ പ്രതിസന്ധികളും നിരണത്തെ കൊച്ചമ്മയുടെ മരണവും കുരിശും.. .. .. ഇവയെല്ലാം മരണത്തിന്റേയും അന്ത്യത്തിന്റേയും ചിഹ്നങ്ങളായി മത്തായിക്ക്‌ അനുഭവപ്പെടുന്നു. ആകാശവെളിച്ചത്തിനെതിരെ നില്‍ക്കുന്ന ടെലിഫോണ്‍ പോസ്റ്റിലെ മുകളിലത്തെ കമ്പിയില്‍ അവസാനിക്കുന്ന കുരിശ്‌ മത്തായിയെ സംഹരിക്കുന്ന കുരിശായി മാറുന്നു. ആകാശവെളിച്ചം മതത്തിന്റെ വെളിച്ചമാണ്‌; ടെലിഫോണ്‍ പോസ്റ്റിലെ കുരിശ്‌ മത്തായി ഏറ്റെടുത്ത ഗവേഷണമെന്ന കുരിശും. ആകാശവെളിച്ചത്തിനെതിരെ നില്‍ക്കുന്ന ഗവേഷണത്തിന്റെ കുരിശാണിത്‌. വലിയ തീവ്രതയോടെ പുനരാനയിക്കപ്പടുന്ന മതബോധവും ഗവേഷണത്തിന്റെ കുരിശും ചേര്‍ന്നു സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങള്‍ അയാളെ ഉന്‍മത്തനാക്കുന്നു.

മത്തായിയുടെ മനോഘടനയും അയാളുടെ വിശ്വാസങ്ങളും ഗവേഷണത്തിന്‌ അനുയോജ്യമല്ല. മത്തായിയുടെ മുന്‍വിധികളാണ്‌ അയാളുടെ ഗവേഷണത്തെ നയിക്കുന്നതെന്ന സൂചനകള്‍ കഥയിലുണ്ട്‌. നിശിതമായ നിശ്ചിതത്വമുളള ജ്ഞാനമാണ്‌ മത്തായി ആഗ്രഹിക്കുന്നത്‌. ഈ ആഗ്രഹം മതാത്മക ചിന്തയില്‍നിന്നും പകര്‍ന്നു കിട്ടിയതാണ്‌. മതാത്മകതക്ക്‌ ശരിയായ ഗവേഷണത്തിന്റെ അടിസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. വിജ്ഞാനത്തിനു കേവലമാകാന്‍ കഴിയില്ലെ ധാരണ മതവിശ്വാസിയായ മത്തായിക്ക്‌ അപ്രാപ്യമാണ്‌. കോട്ടയത്ത്‌ 917 മത്തായിമാരുണ്ടെന്നു കണ്ടെത്തുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന ആനന്ദം ഇതിനുളള തെളിവാണ്‌. കോട്ടയത്ത്‌ 917 മത്തായിമാരുണ്ടെന്നത്‌ കൃത്യമായ അറിവാണ്‌. കൃത്യമായ ജ്ഞാനത്തിന്റെ ലബ്ധിയിലാണ്‌ അയാള്‍ ആനന്ദിക്കുന്നത്‌. പിന്നെ, തന്റെ കണ്ടെത്തലിലെ പിഴവുകള്‍ മത്തായിയെ അസ്വസ്ഥനാക്കുന്നത്‌ ഇതേവരെയുളള പരിശ്രമങ്ങള്‍ നിരര്‍ത്ഥകമായല്ലോയെ വിചാരത്താല്‍ മാത്രമല്ല; തന്റെ വിശ്വാസസംഹിതയുടെ പരാജയം അബോധപരമായി അയാളെ പിടികൂടിയതു കൊണ്ടു കൂടിയാണ്‌. പുസ്തകത്തില്‍ എഴുതിവച്ചവയെ സത്യമായി ഗണിക്കുന്നയാള്‍ക്ക്‌ വിജ്ഞാനത്തിനുണ്ടായിരിക്കേണ്ട നവീകരണക്ഷമതയെ കുറിച്ച്‌ അറിയില്ല. സ്ഥിതസത്യത്തെ കുറിച്ചു കരുതിയിരിക്കുവര്‍ക്ക്‌ വികസിച്ചു കൊണ്ടിരിക്കുന്നതും ആയിത്തീരുന്നതുമായ യാഥാര്‍ത്ഥ്യത്തെ കുറിച്ചുളള ധാരണയെ സ്വീകരിക്കാന്‍ കഴിയില്ല. മത്തായിക്ക്‌ തന്റെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ തന്നില്‍നിന്നും വേറിട്ടുനില്‍ക്കുന്ന കാര്യമല്ല. അയാളുടെ ഗവേഷണം മത്തായിയെ കുറിച്ചു തന്നെയാണ്‌. മത്തായി അടിമാലിയോട്‌ ഈ ജീവിതരീതി ഉപേക്ഷിക്കണമെന്നു ഗൌരവപൂര്‍വ്വം നിര്‍ദ്ദേശിക്കുന്നവരോട്‌ മത്തായി ഇങ്ങനെ പറയും. 'ഇതില്ലായിരുന്നുവെങ്കില്‍ ഒരു ഗവേഷകനെ നിലക്കു മറ്റെന്തെങ്കിലും കണ്ടുപിടിക്കുമായിരുന്നു. ഇത്‌ പറയുന്നത്‌ മത്തായിമാരുടെ എണ്ണമാണ്‌. ഞാന്‍ മത്തായി ആണ്‌. ഞാന്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ മറ്റെന്തെങ്കിലും കണ്ടുപിടിക്കും.' മത്തായിക്ക്‌ സ്വന്തം സത്തയിലുളള വിശ്വാസത്തിന്റെ പ്രഖ്യാപനമാണിത്‌. തന്റെ സത്തയില്‍ നിന്നു വേറിട്ട ഒന്നും മത്തായിയുടെ പരിഗണനയില്‍ വരുന്നതേയില്ല. മത്തായിയ്ക്ക്‌ തന്റെ സത്തയിലുളള വിശ്വാസം ദൈവസത്തയിലുളള വിശ്വാസം തന്നെയാണ്‌. അത്‌ മതബോധത്തില്‍ നിന്നും ആര്‍ജ്ജിച്ചെടുത്തതാണ്‌. 

ജോണിന്റെ കഥയില്‍ ചലച്ചിത്രത്തിന്റെ ഭാഷ മറഞ്ഞിരിക്കുന്നുണ്ടോ? ക്യാമറയ്ക്കുവേണ്ടി തയ്യാര്‍ ചെയ്യപ്പെട്ട വാക്കുകള്‍ ജോണിന്റെ കഥയില്‍ കണ്ടെത്താന്‍ കഴിയുമോ? ജോണ്‍ തന്റെ ചിത്രങ്ങള്‍ക്കു മിക്കപ്പോഴും മുന്‍കൂട്ടി തിരക്കഥ എഴുതിവയ്ക്കാറില്ല. എഴുതിവച്ച തിരക്കഥ തന്നെ ഉപയോഗിക്കാറില്ല. ചിലപ്പോള്‍ ഷൂട്ടിങ്ങിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ്‌ തിരക്കഥ എഴുതിയെന്നും വരും. ലിഖിതരൂപത്തിലുളള തിരക്കഥയില്ലാതെ മനസ്സിലുളള തിരക്കഥ പകര്‍ത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ടുവെന്നും വരാം. ജോണിന്റെ ചലച്ചിത്രത്തില്‍ ഈ അരാജകത്വം ഒരു സജീവഘടകമായി എപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. കഥയിലും ഇത്‌ വായിച്ചെടുക്കാം. മത്തായിയുടെ അച്ചടക്കമുളള ജീവിതത്തോടുളള ജോണിന്റെ പരിഹാസം കഥാകാരന്റെ അരാജകത്വത്തോടുളള ആഭിമുഖ്യത്തിന്റെ സാധൂകരണം കൂടിയാണ്‌. ജോണിലെ അരാജകത്വത്തിന്റെ വ്യാപ്തിയെ കുറിച്ച്‌ അറിയുന്നവര്‍ക്ക്‌ അയാളുടെ കഥയില്‍ ചലച്ചിത്രത്തിന്റെ ഭാഷയെ കണ്ടെത്താനുളള ശ്രമത്തിന്‌ വലിയ അര്‍ത്ഥമൊന്നുമില്ലെന്ന് ബോദ്ധ്യപ്പെടും. എങ്കില്‍ തന്നെ, അവസാനത്തെ രാത്രിയില്‍, ടെലിഫോണ്‍ പോസ്റ്റിലെ കുരിശിനെ നോക്കിനില്‍ക്കുന്ന മത്തായിയെ, ജോണ്‍ ഏബ്രഹാം ചലച്ചിത്രത്തിലെ ഒരു ഫ്രെയിമായി സങ്കല്‍പിച്ചു നോക്കാവുന്നതാണ്‌. ഇരുളും വെളിച്ചവും ശരിയായ തോതില്‍ സന്നിവേശിപ്പിച്ച ഈ ഫ്രെയിമിന്റെ തുടര്‍ച്ചയില്‍ ടെലിഫോണ്‍ പോസ്റ്റും താങ്ങി വൈദ്യുതി പോസ്റ്റുകളുടെ ഇടയിലേക്ക്‌ നടന്നു കയറുന്ന മത്തായിയെയാണ്‌ നാം കാണുന്നത്‌. മത്തായിക്ക്‌ കുരിശു ചുമക്കുന്ന യേശുവിന്റെ രൂപമല്ല, ഒരു പാതിരിയുടെ രൂപമാണ്‌. ജീവിതത്തിലേക്കല്ല, മരണത്തിലേക്കു നയിക്കുന്ന ഒരു പിതൃരൂപത്തിന്റെ ഭാവഹാദികള്‍ ഈ പാതിരിരൂപത്തിനുണ്ട്‌. ജോണ്‍ ഏബ്രഹാം ഈ കഥയില്‍ മതവിമര്‍ശനത്തിന്റെ മഹാവാക്യങ്ങള്‍ എഴുതുന്നു.

ജോണിന്റെ ചലച്ചിത്രത്തിലെ ചെറിയാച്ചനോട്‌ ഈ കഥയിലെ മത്തായിക്ക്‌ ചില സാമ്യങ്ങളുമുണ്ട്‌. 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍' എന്ന ജോണിന്റെ ചലച്ചിത്രത്തില്‍ മദ്ധ്യവര്‍ഗ്ഗത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചുളള വേവലാതികളെയാണ്‌ ഫോക്കസ്‌ ചെയ്തിരുന്നത്‌. ചെറിയാച്ചന്റെ മാനസികവിഭ്രാന്തി ഒരു മദ്ധ്യവര്‍ഗ്ഗക്കാരന്റെ സുരക്ഷിതത്വത്തെ കുറിച്ചുളള ആശങ്കകളില്‍ നിന്നും ജനിച്ചതായിരുന്നു. ഇവിടെ, മത്തായിയുടെ മദ്ധ്യവര്‍ഗ്ഗാടിത്തറ കഥാഖ്യാനത്തില്‍ നിന്നും സ്വയം വെളിവാകുന്ന ഒന്നാണ്‌. ഗവേഷണത്തെ കുറിച്ച്‌ മതബോധം നല്‍കുന്ന അബോധഭീതിയെ നിലനിര്‍ത്തുന്നതില്‍ മത്തായിയുടെ മദ്ധ്യവര്‍ഗ്ഗാടിത്തറ ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്‌. 

ജ്ഞാനോല്‍പാദനത്തെ കുറിച്ചുളള നമ്മുടെ സമീപനങ്ങളെ പരിഹാസത്തോടെ നോക്കിക്കാണുന്ന ആഖ്യാനമാണിത്‌. മത്തായിയുടെ ഗവേഷണ വിഷയം തന്നെ ആരിലും ചിരിയുണര്‍ത്തുന്നതാണ്‌. നമ്മുടെ നാട്ടില്‍ ഗവേഷണങ്ങളില്‍ ഏര്‍പ്പെടുന്നത്‌ മത്തായിമാരാണ്‌. അവര്‍ അന്വേഷിക്കുന്നത്‌ കോട്ടയത്ത്‌ എത്ര മത്തായിയുണ്ടെന്നാണ്‌. ഈ ഗവേഷണങ്ങള്‍ ദുരന്തങ്ങളില്‍ അവസാനിക്കുന്നുവെന്ന് ഈ ആഖ്യാനത്തില്‍ എഴുതിയിരിക്കുന്നു.

മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

Wednesday, November 17, 2010

വാക്ക്‌ പുതിയ കവിതയില്‍

വാക്കിനെ കുറിച്ച്‌ ആകുലനാകാത്തവന്‍ കവിയല്ല


പുതിയ കവികളുടെ രചനകളില്‍ വാക്കിനെ കുറിച്ചുള്ള ആധികള്‍ നിറയുന്നു. ജീവിതത്തില്‍ വചനവും പ്രവൃത്തിയും തമ്മിലുളള അകലങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുതിനാല്‍, വാക്കിന്‌ അര്‍ത്ഥശോഷണം വരുന്നു. കവിയുടെ ആകുലതകള്‍ ഏറുന്നു. വാക്കിനെക്കുറിച്ചുളള വിചാരങ്ങള്‍ ഒരു സാമൂഹിക പ്രവര്‍ത്തനമായി മാറുന്നു. യുവകവിസമൂഹം ഒന്നായി വാക്കിനെക്കുറിച്ച്‌ വിചാരപ്പെടുന്നു. അര്‍ത്ഥം ചോര്‍ന്നു പോകുന്ന വാക്കുകള്‍, പൊതുവേദികളില്‍ വ്യഭിചരിക്കപ്പെടുന്ന വാക്കുകള്‍, കഷ്ടകാലങ്ങളോടൊപ്പം വരുന്ന കളളവാക്കുകള്‍, വാസ്തവങ്ങള്‍ മറയാവുന്ന വാക്കുകള്‍, ഉച്ചഭാഷിണിയൂടെ പൊളളയായ ഭാഷണങ്ങള്‍. വാക്ക്‌ നേരിടുന്ന വലിയ പരീക്ഷണ ഘട്ടമാണിത്‌.


എന്നാല്‍, വാക്കിനെക്കുറിച്ച്‌ വലിയ സിദ്ധാന്തങ്ങള്‍ ഉണ്ടായ കാലമാണിത്‌. സ്വനകേന്ദ്രിതമായ ഭാഷ വെല്ലുവിളിക്കപ്പെട്ടു. സ്ഥിരമായ അര്‍ത്ഥമുളള വാക്കുകള്‍ ഇല്ല് സ്ഥാപിക്കപ്പെട്ടു. മാറ്റത്തിന്‌ വിധേയമാകാത്ത വാക്ക്‌ ഇല്ലെന്നുവന്നു. അര്‍ത്ഥത്തിന്റെ ഏകസ്രോതസ്സായി കരുതപ്പെട്ട കര്‍ത്താവ്‌ മരണപ്പെട്ടു. പുതിയ സിദ്ധാന്തങ്ങളില്‍ അതിഭൌതികതക്കെതിരായ നിലപാടുകള്‍ ഉണ്ടായിരുന്നു. തെന്നി മാറുന്ന അര്‍ത്ഥങ്ങളെക്കുറിച്ചുളള സങ്കല്‍പങ്ങള്‍ക്ക്‌ വാക്കിന്റെ അനല്‍പമായ സാദ്ധ്യതകളേയും സ്വയം നവീകരിക്കാനുളള ശേഷിയേയും ഉള്‍ക്കൊളളാന്‍ കഴിഞ്ഞു. വാക്കിനുണ്ടാകുന്ന മൂല്യശോഷണത്തെക്കുറിച്ചും അതിന്‌ പറയാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഈ വാദങ്ങളില്‍ ചിലതെങ്കിലും അതിവാദമായിരുന്നു. പക്ഷേ ഈ സിദ്ധാന്തങ്ങളുടെ പ്രതിഫലനങ്ങള്‍ യുവകവികളുടെ രചനകളിലുണ്ട്‌. ജനതയോടൊപ്പം നടക്കുകയും വളരുകയും(തളരുകയും) ചെയ്യുന്ന വാക്കിനെത്തന്നെയാണ്‌ ഈ കവികളും അഭിമുഖീകരിക്കുന്നത്‌. അവര്‍ വാക്കിന്‌ നേരിടേണ്ടിവരുന്ന നശീകരണാത്മകമൂലകങ്ങളെ തടയാന്‍ ശ്രമിക്കുന്നു. വാക്കിനെ നവീകരിക്കാന്‍ യത്നിക്കുന്നു.


സാമ്രാജ്യത്വം കെട്ടിയേല്‍പിക്കുന്ന കമ്പോളവ്യവസ്ഥയില്‍ വാക്കും ചന്തയില്‍ വില്‍പനക്കു വച്ചിരിക്കുന്നു. അധീശത്വത്തിന്റെ വാക്കിനും ഭാഷയ്ക്കും വിലയേറുന്നു. അധ:കൃതന്റെ ഭാഷയും വാക്കും ബാഹുല്യങ്ങള്‍ നഷ്ടപ്പെട്ട് പതുക്കെ പതുക്കെ ഇല്ലായ്മയിലേക്ക്‌ ചുരുങ്ങുന്നു. ഭാഷയ്ക്കും രണ്ട്‌ ധ്രുവങ്ങളില്ല. ഏകധ്രുവം മാത്രം. ഭാഷകളും ഭാഷണങ്ങളും കൊഴിഞ്ഞ്‌ ഒരൊറ്റ ഭാഷണമാകുന്നു. ഒരേയൊരു ആഗോളസുതാര്യഭാഷതന്‍ വരയ്ക്കായ്‌ നാക്ക്‌ വടിച്ചു നില്‍ക്കുന്നു. റഫീഖ് അഹമ്മദിന്റെ ഒരക്ഷരം മാത്രം എന്ന കവിതയില്‍ മറന്നു മണ്ണായി കഴിവതിന്‍മുമ്പ്‌ ഒരക്ഷരം മാത്രം സൂക്ഷിച്ചുവക്കാനനുവദിക്കണമെന്നു കേഴുന്ന കവിയെ നമുക്ക്‌ കാണാം. അക്ഷരം നേരിടുന്ന ഭീഷണികള്‍ കൂടുതല്‍ കൂടുതല്‍ ശക്തമാകുന്നുവെന്ന ബോധം ഈ കവിതയില്‍ ആര്‍ത്തലയ്ക്കുന്നു. പി.എന്‍.ഗോപീകൃഷ്ണന്‍ സ എന്ന അക്ഷരത്തെ കാണാനില്ലെന്നു പറഞ്ഞതിന്റെ തുടര്‍ച്ചയാണിത്‌. വചനങ്ങളില്‍, വിനിമയങ്ങളില്‍, നന്‍മ വറ്റിപ്പോകുന്നതായി അറിഞ്ഞ കവിയാണ്‌ സ നഷ്ടപ്പെട്ടതിനെപ്പറ്റി പറഞ്ഞത്‌. സ സത്യത്തേയും സ്വാതന്ത്ര്യത്തേയും സ്നേഹത്തേയും സന്‍മനസ്സിനേയും സദ്കാഴ്ചയേയും സദ്കേള്‍വിയേയും കൊണ്ടുവരുന്ന അക്ഷരമാണ്‌. ഭാഷയുടെ മരണത്തില്‍ ആദ്യം നഷ്ടമാകുന്നത്‌ നന്‍മയുടെ വാഹകരായ അക്ഷരങ്ങളാണ്‌. നടുവൊടിഞ്ഞ്‌, തകര്‍ന്നൊടിഞ്ഞ്‌ നില്‍ക്കുന്നവരോടൊപ്പം അങ്ങിനെത്തന്നെ നില്‍ക്കുന്ന അക്ഷരമാണ്‌ ആദ്യം കാണാതെയാവുന്നത്‌. അ യുടെ പൂ ഇ യുടെ മുറിയില്‍ പെടുന്നതിനെക്കുറിച്ച്‌ ക യുടെ കുഞ്ഞ്‌ കെ യുടെ ഫ്ളാറ്റില്‍ അകപ്പെടുന്നതിനെക്കുറിച്ച്‌ പിന്നീട്‌ ഗോപീകൃഷ്ണന്‍ എഴുതി. മലയാളത്തിന്റെ കാല്‍പാദങ്ങള്‍ ആംഗലത്തില്‍ പെട്ട് ചതയുന്നതിനെക്കുറിച്ച്‌, നമ്മുടെ കുഞ്ഞുങ്ങള്‍ ആംഗലത്തിന്റെ തടവറയില്‍പ്പെട്ടു പോകുന്നതിനെക്കുറിച്ചുളള ആധിയാണ്‌ ഇവിടെ പ്രകടിപ്പിക്കപ്പെടുന്നത്‌. ഈ കവിതയുടെ അന്ത്യത്തില്‍ പോലീസില്‍ നിന്നും ഫയറില്‍ നിന്നും അധികാരകേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന മറുപടി ഈ ഭാഷ ഇപ്പോള്‍ നിലവിലില്ലെന്നാണ്‌.


മറ്റൊരു കവിതയില്‍ നമ്മുടെ കൊളോണിയല്‍ മനസ്സിനെ നന്നായി ഉദാഹരിച്ചുകൊണ്ട്‌ ഗോപീകൃഷ്ണന്‍ നഗരത്തില്‍ തോറ്റുപോയവനെക്കുറിച്ച്‌ എഴുതുന്നു.
സാന്തി എന്നു ഭാര്യയെ വിളിക്കാം.
ശന്തോഷ്‌ എന്നു മകനെപ്പറ്റി പറയാം.
യു.എശ്‌.എ. എന്നു പറയാമോ?
മെക്രോശോഫ്റ്റ്‌ എന്നു പറയാമോ?.
ദെല്യശ്‌ എന്നു പറഞ്ഞാല്‍ എം. കൃഷ്ണന്‍നായര്‍ പൊറുക്കുമോ?
ശംശ്ക്കാരം എന്നു പറയാം.
ഷംഷ്ക്കാരം എന്ന്,
ശിവിലിശേഷന്‍ എന്ന് എങ്ങിനെ പറയും? (നിരക്ഷരന്‍)


വാക്കിനെ കുറിച്ചുളള വിചാരങ്ങള്‍ റഫീഖ്‌ അഹമ്മദിന്റെ കവിതയില്‍ എപ്പോഴും കടന്നുവരുന്നു. ഒരൊറ്റ വാക്കെങ്ങാന്‍ തിരിയുമോ? കിളികുലങ്ങള്‍ പാടും വനങ്ങളില്‍ നിന്നുമെന്ന് ഇയാള്‍ അന്വേഷിക്കുന്നു. വാക്കിന്റെ ഉരുവകേന്ദ്രങ്ങളിലേക്ക്‌ ശ്രദ്ധാലുവാകുന്നു. എത്രയതാര്യം നമ്മുടെ വാസ സ്ഫടികക്കുടുസ്സുകള്‍, ഭാഷ, വിചാരം എന്ന് ഒന്നുമേ തെളിമയില്ലാത്ത വാക്കിനേയും ചിന്തയേയും കുറിച്ചുമാഴ്കുന്നു. തന്റെ വാക്ക്‌ പ്രേതങ്ങള്‍ക്കേ തിരിച്ചറിയാന്‍ കഴിയുളളൂ എന്ന് പ്രേതമായി തീര്‍ന്നവന്‍ വിലപിക്കുന്നു. മൈനക്കുഞ്ഞാമിനയും കുറുക്കനവറാനും കുട്ടിശ്ശങ്കരനാനയും ടോമി എന്ന നായും നെടുവരമ്പത്തമ്മയും കല്ലറക്കല്‍ ഉപ്പാപ്പയും പോലെ പ്രകൃതിപ്പെട്ട മനുഷ്യര്‍ക്കും ദൈവങ്ങള്‍ക്കും പിശാചുകള്‍ക്കും പകരം യന്ത്രപ്പെട്ട മനുഷ്യനാമങ്ങള്‍, സെല്ലുലാര്‍ രമ്യാ കെ. വാര്യര്‍, സൈബര്‍ സന്തോഷ്‌ പോള്‍, ..നിറയുന്നത്‌ കാണുന്നു. വെട്ടിയും കുത്തിയും മുറിവേറ്റ്‌ അഭയാര്‍ത്ഥിക്ക്യാമ്പില്‍ കഴിയുന്ന വാക്കുകള്‍ വെളളം കിട്ടാതെ വലയുന്നു. അധികാരികള്‍ അവയോട്‌ നിശ്ശബ്ദമാകണമെന്ന് നിര്‍ബന്ധിക്കുന്നു.


ഇന്ന് വാക്കുകള്‍ക്ക്‌ ഒരു പകിട്ടുമില്ല. മുന പോയ ഉളികൊണ്ട്‌ പണിയുന്ന ആശാരിയാണ്‌ കവി എന്ന് ജോസഫ്‌ പറയുന്നു. അത്‌ കൊണ്ട്‌ അയാള്‍ വാക്കുകള്‍ തേടി തുറകളിലോ നാട്ടിന്‍പുറങ്ങളിലോ പോകുന്നു. ഇനിയും വരാത്ത വാക്കുകളെ കവിതയിലേക്ക്‌ വിളിച്ചു കൊണ്ടുവരുന്നു. തെക്കന്‍ കൊല്ലന്‍, കാനക്കുമ്പിവെയില്‍ എന്നിങ്ങനെ മാത്രമല്ല; വലിയ കെട്ടിടങ്ങള്‍ പോലുളളവര്‍ ചതുരങ്ങളിലും വൃത്തങ്ങളിലും പൂട്ടിയിട്ട കവിതയിലെ വാക്കിനോട്‌ കാടുകാണാനും ഓലപ്പുരയിലുറങ്ങാനും തോട്ടില്‍ പോയി കുളിക്കാനും കരികിലംപിടകളോടൊപ്പം ചിലക്കാനും ക്ഷണിക്കുന്നു. കവിതയിലെ വാക്ക്‌ തെണ്ടിവര്‍ഗസ്വത്വത്തോട്‌ സാത്മ്യം നേടുന്നു. അര്‍ത്ഥത്തിന്റെ പണ്ഡിതന്‍മാര്‍ക്ക്‌ നിരര്‍ത്ഥകമെന്നു തോന്നുന്ന വിചിത്രപദങ്ങള്‍ക്കു സ്തുതി പാടുന്നു.
ഗന്ധങ്ങളില്ലാത്ത വാക്കിന്റെ സങ്കല്‍പനങ്ങളില്‍ നിനക്കുണ്ട്‌ സ്ഥാനം
ഉപ്പുകൊണ്ടല്ലോ കവിതയെഴുതി നീ ഉപ്പിനു പോലും കയ്ക്കുന്ന ഭാഷയില്‍


വാക്കുകളോട്‌ വിക്കിയും വിറച്ചും മുടന്തിയും തെരുവുതെണ്ടികളെ പോലെ കടന്നുവരാന്‍ പി.പി.രാമചന്ദ്രന്‍ പറയുന്നു. വാക്കുകളുടെ ഉപചാരപര്‍വ്വം വേണ്ടെന്ന് കവി രാമചന്ദ്രന്‍ വാക്കിന്റെ അര്‍ത്ഥത്തെക്കുറിച്ചുളള സന്ദിഗ്ദ്ധതകള്‍ നിറയുന്ന വരികളെഴുതുന്നു. കടലെന്നൊരു വാക്കിനുളളിലുണ്ടതിവിസ്തൃതമായ വന്‍കര. ഇലയില്‍ നിന്ന് പച്ചയകറ്റിയത്‌ പോലെ പുഴയില്‍ നിന്നും കുളിര്‍ വലിച്ചെടുത്തതുപോലെ മൊഴിയില്‍ നിന്നും ആരോ പൊരുളു വലിച്ചെടുക്കുന്നുവെന്ന് കോളണിയായി മാറിയവന്‍; ഈ കവിതയില്‍ പതുക്കെ പതുക്കെ അറിയുന്നു. മല മുടിയുകയും പുഴ നികരുകയും ചെയ്യുന്നതോടൊപ്പം മലയാള വാക്ക്‌ പൊരുളറ്റ്‌ വെറുമൊരൊച്ചയായി തീരുന്നത്‌ ഇയാളറിയുന്നു. ഈ മൊഴി കൊണ്ട്‌ പുതിയ കവി കൂകുന്നു. അങ്ങനെയൊരു വാക്കില്‍ എന്‍ ജീവനിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. ഈ ഉത്തരകാലത്തെ ലോലമാം റബ്ബറുറയിട്ട വാക്കുകള്‍ കാതില്‍ വഴുക്കുന്നു. ഇത്‌ സുരക്ഷിതകാലം. വാക്കിന്റെ അര്‍ത്ഥഗര്‍ഭങ്ങളെ ഭയക്കേണ്ടതില്ല. വാക്ക്‌ ഉളളില്ലാത്ത പ്രണയം പോലെ എത്രമേല്‍ കെട്ടിപ്പുണര്‍ന്നാലും മേനിയിലും മനസ്സിലും തൊടുന്നില്ല. പട്ടാമ്പിപ്പുഴ മണലില്‍ വിരലെഴുതുമ്പോള്‍ തെളിഞ്ഞിരുന്ന മലയാളപ്പെണ്ണിന്റെ ജഡവും കൊണ്ട്‌ ഒരു ലോറി കയറിപ്പോകുന്നത്‌ ഈ കവി കാണുന്നു.


വാക്ക്‌ കുടുങ്ങി കവി മരിക്കുതും ഔന്നത്യങ്ങളും ബലിഷ്ഠതകളും വാക്കു വാക്കായി സ്ഥലം വിട്ട് പുല്ലില്ലാക്കളം രൂപം കൊളളുന്നതും പി.രാമന്‍ കാണുന്നു. വെട്ടിമാറ്റി കുഴിച്ചു മൂടിയ തെറിച്ച വാക്കുകളും ഉടഞ്ഞ ബിംബങ്ങളും ആയുധമെടുക്കുമെന്ന് ടി.പി.രാജീവന്‍ പ്രവചിക്കുന്നു. അന്‍വര്‍ അലിക്ക്‌ വാക്ക്‌ എല്ലാമൊളിക്കും വിലമാണ്‌. വാക്കുകള്‍ക്ക്‌ പുതിയ അര്‍ത്ഥം പകരുവാന്‍ യുവകവികള്‍ യത്നിക്കുന്നു. നമ്മുടെ യുവകവികള്‍ വാക്കിന്റെ സമകാലാവസ്ഥയെ അറിയുക മാത്രമല്ല ചെയ്യുന്നത്‌; വാക്ക്‌ പുതിയ അര്‍ത്ഥങ്ങളോടെ തിരിച്ചുവരണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. കവിതയ്ക്ക്‌ ഇതേവരെ അപരിചിതമായ വാക്കുകളെ ഇവര്‍ കൂട്ടിക്കൊണ്ടു വരുന്നു. കവിതയ്ക്ക്‌ അപ്രാപ്യമായിരുന്ന നാമരൂപങ്ങള്‍ കാവ്യവിഷയങ്ങളായി കടന്നുവരുന്നു മണ്ണിര, മാറാല, കൊട്ട, ..എന്നിങ്ങനെ. അന്യഭാഷാപദങ്ങള്‍ വ്യാപരിച്ചിരുന്നിടത്തേക്കു വേണ്ടി മലയാളപദങ്ങള്‍ക്കു ജന്‍മം നല്‍കുന്നു.. ബലൂണിനു പകരം വീര്‍പ്പ..എന്നിങ്ങനെ. നമുക്ക്‌ അറിയാതിരുന്ന രീതിയില്‍ വാക്കിനെ വിഗ്രഹിച്ചെടുക്കുന്നു. മണ്ണേ നിനക്കിര, മണ്ണിര ഞങ്ങളോ ...എന്നിങ്ങനെ. യുവകവികള്‍ വാക്കിനെ ധ്യാനിച്ചുണര്‍ത്തുന്നു.


പക്ഷേ, ചിലപ്പോഴെങ്കിലും, സമൂഹനിരപേക്ഷവും ജീവിതത്തിന്റെ സങ്കീര്‍ണ്ണ സാഹചര്യങ്ങളില്‍ നിന്ന് അകുന്നു നില്‍ക്കുന്നതുമായ സന്ദര്‍ഭങ്ങള്‍ക്ക്‌ നാം സാക്ഷ്യം വഹിക്കുന്നു. വാക്ക്‌ ചിലര്‍ക്ക്‌ നിഗൂഢവും ആത്മനിഷ്ഠവുമായ വ്യവഹാരമാധ്യമമായി തീരുകയും തങ്ങളുടെ കേവലാഭിലാഷങ്ങള്‍ക്കും വ്യക്തിസംഘര്‍ഷങ്ങള്‍ക്കും വ്യാഖ്യാനം നല്‍കാനുളള മാര്‍ഗ്ഗം മാത്രമായി തീരുകയും ചെയ്യുന്നു. വാക്കിനെക്കുറിച്ചുളള അന്വേഷണങ്ങള്‍ ബുദ്ധിപരമായ വ്യായാമങ്ങള്‍ മാത്രമായി തീരുന്നു. ഇത്തിരിനേരത്തെ അനുഭൂതിയോ ഒരു ഇക്കിളിയോ അല്ലാതെ മറ്റൊന്നും ഇത്തരം ബുദ്ധിവ്യായാമങ്ങള്‍ നല്‍കുന്നില്ല. വാക്കിന്റെ ചരിത്രത്തിലേക്ക്‌ ഈ ആത്മനിഷ്ഠമായ ഇടപെടലുകള്‍ എന്തെങ്കിലും സംഭാവന ചെയ്യുന്നില്ല. ഇവര്‍ കാര്യത്തെ കാരണവുമായി ബന്ധിപ്പിക്കുന്നില്ല. കാരണത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നില്ല. എന്നാല്‍, പുതുകവിതയിലെ വാക്കിനെ കുറിച്ചുളള ചിന്തയില്‍ ഇതും ഒരു പ്രവണതയാണ്‌.

പ്രതിചിന്തയില്‍ പ്രസിദ്ധീകരിച്ചത്

Tuesday, November 2, 2010

ബ്രഹ്റ്റിന്റെ ഗലീലിയോ നാടകം: അറിവും അധികാരവും തമ്മില്‍

ബര്‍തോള്‍ട്‌ ബ്രഹ്റ്റിന്റെ 'ഗലീലിയോ' എന്ന പ്രശസ്തമായ നാടകം പതിനേഴാം നൂറ്റാണ്ടിലെ മഹാനായ ശാസ്ത്രജ്ഞന്റെ ജീവചരിത്രാഖ്യാനം മാത്രമായിരുന്നില്ല. ആധുനികശാസ്ത്രത്തിന്റെ പിതാവിന്റെ ജീവിതത്തെ ചിത്രീകരിക്കുമ്പോള്‍ തന്നെ ശാസ്ത്രമെന്ന സാമൂഹികപ്രസ്ഥാനത്തെ കുറിച്ച്‌ പല പുതിയ ധാരണകളും ഈ ആഖ്യാനത്തിന്‌ പ്രസരിപ്പിക്കാനുണ്ടായിരുന്നു. ആധുനികശാസ്ത്രം പുത്തന്‍ പ്രശ്നീകരണങ്ങള്‍ക്കു വിധേയമായിത്തുടങ്ങുന്ന കാലത്താണ്‌ അത്‌ എഴുതപ്പെടുന്നത്‌. അതുകൊണ്ട്‌, നാടകത്തിന്റെ ആദ്യരൂപം ബ്രെഹ്റ്റ്‌ തന്നെ വീണ്ടും വീണ്ടും വായിക്കുകയുണ്ടായി. ഈ പുനര്‍പാരായണങ്ങള്‍ പുനര്‍രചനകളായി മാറി. ചുരുങ്ങിയത്‌ രണ്ടു പ്രാവശ്യമെങ്കിലും ഗലീലിയോ നാടകം പുതുക്കിയെഴുതപ്പെട്ടു. ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബുസ്ഫോടനങ്ങള്‍ ശാസ്ത്രത്തെ കുറിച്ചുളള തന്റെ നിലപാടില്‍ ശക്തമായി ഊന്നാന്‍ ബ്രഹ്റ്റിനെ പ്രേരിപ്പിച്ചു. ശാസ്ത്രത്തിന്റെ ജനകീയതയെ കുറിച്ചുളള ഈ നിലപാടാണ്‌ പുനര്‍രചനയ്ക്ക്‌ പ്രേരണയായത്‌. ശാസ്ത്രവും സമൂഹവും ജനതയും തമ്മില്‍ തമ്മിലുളള ബന്ധത്തെ സവിശേഷമായി പഠിക്കാനുതകുന്ന ഒരു മാര്‍ഗ്ഗമായി ഗലീലിയോയുടെ ജീവിതത്തെ ബ്രഹ്റ്റ്‌ നോക്കിക്കണ്ടിരുന്നുവെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. തന്റെ സമകാലിക ചരിത്രത്തില്‍ വച്ച്‌ ഗലീലിയോയുടെ ജീവിതത്തെ അദ്ദേഹം വീണ്ടും വായിക്കുകയും എഴുതുകയുമായിരുന്നു. ഗലീലിയോയുടെ പുതുക്കിയെഴുത്തിലൂടെ വായനയുടേയും എഴുത്തിന്റേയും രാഷ്ട്രീയത്തെ നന്നായി വെളിപ്പെടുത്തുകയാണ്‌ ബ്രഹ്റ്റ്‌ ചെയ്തത്‌.ലോകത്തെ മാറ്റിത്തീര്‍ക്കുക എന്ന മാര്‍ക്സിന്റെ ആഹ്വാനം ഈ കലാകാരന്‍ ഉള്‍ക്കൊണ്ടത്‌ കലയെ മാറ്റിത്തീര്‍ത്തുകൊണ്ടായിരുന്നു. മാര്‍ക്സിനെ തന്റെ നാടകങ്ങളുടെ ആദ്യപ്രേക്ഷകനായി അദ്ദേഹം കണ്ടു. കലയിലെ വ്യവസ്ഥാപിതമായ സങ്കല്പനങ്ങളെ അദ്ദേഹം ചോദ്യം ചെയ്തു. പഴയ വാര്‍പ്പുമാതൃകകളെ പിന്തുടരുകയെന്നത്‌ നല്ല കലാകാരന്റെ കടമയല്ലെന്ന് അദ്ദേഹം കരുതി. പുതിയ കലാകാരന്‍ ശില്പപരവും സാമൂഹികവുമായ കലാപത്തെ ഉള്‍ക്കൊളളണം. കലയിലെ ആദര്‍ശമാതൃകകളെ തളളിക്കളഞ്ഞ ബ്രെഹ്റ്റ്‌ പുതിയ പ്രേക്ഷകനെയും പുതിയ വിമര്‍ശകനേയും നിര്‍മ്മിക്കുന്ന ബുദ്ധിപരമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുത്തു. ബ്രഹ്റ്റിന്റെ നാടകവേദിയുടെ സവിശേഷത അതിന്റെ ജനകീയതയിലാണ്‌ കണ്ടെത്തപ്പെടുന്നത്‌. ബ്രഹ്റ്റിന്‌ നാടകത്തിന്റെ ജനകീയത അതിന്റെ ജനപ്രിയതയല്ല. ഇവിടെ, പ്രേക്ഷകന്‍ കാണുന്നതിനെ അതേപടി ഉള്‍ക്കൊ ളളുന്നവനല്ല. ചിന്തിക്കുന്ന പ്രേക്ഷകനെ ബ്രഹ്റ്റ്‌ കാണുന്നു. നദിയില്‍ മുങ്ങി താഴുന്നതുപോലെ പ്രേക്ഷകന്‍ നാടകത്തില്‍ മുങ്ങിപ്പോകരുത്‌. പൂര്‍ണ്ണമായും നാടകത്തില്‍ മുഴുകരുത്‌. പൂര്‍ണ്ണമായും അതിനോട്‌ ഇഴുകിച്ചേരരുത്‌. പ്രേക്ഷകന്റെ സ്ഥാനം നാടകത്തില്‍ നിന്നും നിശ്ചിതമായ അകലത്തിലാണ്‌. താന്‍ കാണുന്നത്‌ നാടകമാണെന്ന് അയാള്‍ ഓര്‍മ്മിച്ചുകൊണ്ടേയിരിക്കണം. അത്‌ ജീവിതമല്ലെന്ന് ഓര്‍മ്മിച്ചുകൊണ്ടേയിരിക്കണം. തടസ്സമില്ലാതെ ഒഴുകുന്ന രംഗങ്ങള്‍ കൊണ്ട്‌ നാടകങ്ങള്‍ നിറയ്ക്കപ്പെടരുതെന്ന് ബ്രഹ്റ്റിന്റെ നാടകചിന്ത പറയുന്നു. കല യാഥാര്‍ത്ഥ്യത്തിന്റെ വിമര്‍ശനാത്മക പുനരുല്പാദനമാണെന്ന നിര്‍വ്വചനം സ്വീകരിച്ച ബ്രഹ്റ്റ്‌ അന്യവല്‍ക്കരണപ്രഭാവത്തെ അനുഭവിപ്പിക്കുകയെന്നതാണ്‌ കലയുടെ പ്രധാന ധര്‍മ്മമെന്ന് ഉറപ്പിക്കുന്നു. നാടകവേദി അദ്ദേഹത്തിന്‌ സമരഭൂമി തന്നെയായിരുന്നു. അതുകൊണ്ട്‌, ഉപരിപ്ലവമായ വികാരപരതയെ തന്റെ നാടകങ്ങളില്‍ നിന്നും അദ്ദേഹം ഒഴിവാക്കി. നാടകവേദിയെ അടക്കി വാണിരുന്ന വ്യവസ്ഥാപിത സങ്കല്പനങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട്‌ ബ്രഹ്റ്റ്‌ ഒരു കവിതയില്‍ ഇങ്ങനെയെഴുതി.

"നിങ്ങളുടെ ഇരുള്‍ മൂടിയ കൊട്ടകകളില്‍
ആളുകള്‍ രാജാക്കന്‍മാരാകുന്നു.
ഒരു ഭയാശങ്കയും കൂടാതെ
സാഹസിക കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു.
തങ്ങളുടെ കേമത്തത്തെ
പറ്റിയുളള ചിന്തകളില്‍ മതിമറന്ന്
ദൈനംദിനക്ളേശങ്ങള്‍ മറന്ന്
അഭയാര്‍ത്ഥികളായി, ഞങ്ങള്‍,
 വെറുതെ,ആട്ടം കണ്ടിരിക്കുന്നു.
ഞങ്ങളുടെ വികാരങ്ങളെ തട്ടിയുണര്‍ത്താന്‍
നിങ്ങള്‍ സൂത്രത്തില്‍
പലതരം കഥകള്‍ തട്ടിക്കൂട്ടുന്നു. '


 വ്യവസ്ഥാപിത നാടകസങ്കല്പനങ്ങള്‍ അധീശത്വത്തെ ഉറപ്പിക്കുന്നുവെന്ന് ബ്രഹ്റ്റിന്‌ ഉത്തമബോദ്ധ്യമുണ്ടായിരുന്നു. ഉപരിപ്ലവമായ വികാരപരതയെ ഒഴിവാക്കിയ ബ്രഹ്റ്റ്‌ തന്റെ നാടകങ്ങളില്‍ ചിന്താജനകമായ വികാരപരതയെ പകരം പ്രതിഷ്ഠിച്ചു. എപ്പിക്‌ നാടകവേദിയെ ശാസ്ത്രയുഗത്തിലെ നാടകവേദി എന്നാണ്‌ ബ്രഹ്റ്റ്‌ വിളിച്ചത്‌. ജ്ഞാനോദയ പ്രബുദ്ധതയുടേയും ആധുനികതയുടേയും മാനസികാവസ്ഥ ഈ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നവരുണ്ട്‌. എന്നാല്‍, ജ്ഞാനോദയപ്രബുദ്ധതയുടെ സൌന്ദര്യശാസ്ത്രപ്രമാണങ്ങളെ വ്യത്യസ്തമായ ആശയങ്ങളും ഇടപെടലുകളും കൊണ്ട്‌ വളരെ വ്യത്യസ്തമായ ലക്ഷ്യങ്ങളിലേക്ക്‌ എത്തിക്കാന്‍ ബ്രഹ്റ്റിന്‌ കഴിഞ്ഞിരുന്നു. നാടകത്തിന്റെ ജനകീയതയുടെ പ്രോദ്ഘാടകനായിരുന്ന ബ്രഹ്റ്റ്‌ ശാസ്ത്രത്തിന്റെ ജനകീയതയെ കുറിച്ചാണ്‌ 'ഗലീലിയോ'യിലൂടെ പറഞ്ഞത്‌. ശാസ്ത്രീയതയെ കുറിച്ചുളള സങ്കല്പനങ്ങളെ ഉത്തരാധുനികചിന്ത നിശിതമായി ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ്‌, ഇപ്പോള്‍, ബ്രഹ്റ്റിന്റെ ഗലീലിയോ വീണ്ടും വായിക്കപ്പെടുന്നത്‌. വേഡ്‌ റോലാണ്ടിനെ പോലെ ചിലര്‍ ആധുനികശാസ്ത്രത്തിന്റെ പിതാവിന്റെ വീക്ഷണങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നു. പ്രകൃതിപ്രതിഭാസങ്ങളെ നിരീക്ഷണത്തിലൂടെയും കാരണയുക്തിയിലൂടെയും മനസ്സിലാക്കുന്ന ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ സമാനതകളില്ലാത്ത ഏക വിശദീകരണമാര്‍ഗ്ഗമായി ഗലീലിയോ മുന്നോട്ടുവയ്ക്കുകയും പ്രകൃതിയാഥാര്‍ത്ഥ്യത്തെ കുറിച്ചുളള മറ്റു സമീപനങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി റോലാണ്ട് പറയുന്നുണ്ട്. ഗലീലിയോയുടെ ധാരണകളെ വിദ്വേഷത്തോടെ കണ്ട കത്തോലിക്കാ പള്ളിയുടെ സമീപനത്തെ അദ്ദേഹം ശ്ലാഘിക്കുന്നുമുണ്ട്‌. തന്റെ പുനര്‍പാരായണത്തിലും പുനര്‍രചനയിലും ഇങ്ങനെയൊരു അതിവാദസമീപനമല്ല ബ്രഹ്റ്റ്‌ സ്വീകരിക്കുന്നത്‌. എല്ലാ നല്ല മാര്‍ക്സിസ്റ്റുകളും ചെയ്തതു പോലെ ജ്ഞാനോദയപ്രബുദ്ധതയുടെ നല്ല ഘടകങ്ങളെ ബ്രഹ്റ്റ്‌ സ്വാംശീകരിച്ചു. അതിന്റെ മറ്റൊരു പേരായ മുതലാളിത്തത്തിന്റെ നീചവും ഛിദ്രവുമായ ഘടകങ്ങളെ ചെറുത്തു. എന്നാല്‍, പ്രകൃതിശാസ്ത്രത്തെ സാമൂഹികശാസ്ത്രമായി ചുരുക്കുന്ന ഉത്തരാധുനിക സമീപനം ബ്രഹ്റ്റിന്റെ ഗലീലിയോനാടകത്തെ കേവലമായി ജ്ഞാനോദയപ്രബുദ്ധതയുടെ ഉല്പന്നമായി നോക്കിക്കാണാനാണ്‌ താല്‍പര്യം കൊള്ളുകയെന്നു തീര്‍ച്ച!


ഗലീലിയോയെ കുറിച്ചുള്ള നാടകം ബ്രഹ്റ്റ്‌ എഴുതിത്തുടങ്ങുന്ന കാലത്തു തന്നെയാണ്‌ അണുബോംബിന്റെ നിര്‍മ്മാണത്തിനുളള ധൃതഗതിയിലുളള നീക്കങ്ങള്‍ അമേരിക്കയില്‍ നടക്കുന്നത്‌. ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിക്കപ്പെട്ട അണുബോംബുകള്‍ സൃഷ്ടിച്ച ദുരിതങ്ങള്‍, നാടകത്തിലുടനീളം ശാസ്ത്രത്തോടു സ്വീകരിച്ച സമീപനത്തെ കുറിച്ചു പുനര്‍ചിന്ത നടത്താന്‍ ബ്രഹ്റ്റിനെ പ്രേരിപ്പിച്ചു. നാടകം പുനര്‍രചനകള്‍ക്കു വിധേയമാകുന്നത്‌ ഈ സാഹചര്യത്തിലാണ്‌. ആധുനികയുഗത്തിന്റെ തുടക്കത്തെ കുറിച്ചുളള ആദ്യകാല ധാരണകളെ അദ്ദേഹം ഉപേക്ഷിക്കുന്നു. ഗലീലിയോ തുടക്കം കുറിച്ച ശാസ്ത്രയുഗത്തെ പുതിയ യുഗം, നിറഞ്ഞ അന്ധകാരത്തിലേക്ക്‌ വെളിച്ചത്തിന്റെ പ്രവാഹം... ..എന്നിങ്ങനെയൊക്കെ വിശേഷിപ്പിച്ചിരുന്ന ഭാഗങ്ങള്‍ മറ്റു ചില ഭാഗങ്ങളോടൊപ്പം നാടകത്തില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നു. സ്വയം തന്നെ പുരോയാനത്തിന്റെ ഉപകരണമായ ശാസ്ത്രം അധീശത്വത്തിന്റെ കൈകളില്‍ അടിച്ചമര്‍ത്തലിനുളള ഉപകരണമായി പരിവര്‍ത്തിക്കപ്പെടുന്നത്‌ ബ്രഹ്റ്റ്‌ കാണുന്നു. ഏതു ശക്തിക്കു മുമ്പിലാണോ ഗലീലിയോയ്ക്ക്‌ കീഴടങ്ങേണ്ടി വന്നത്‌ അതേ ദുരധികാരത്തിന്റെ ശക്തികള്‍ പുതിയ വേഷമണിഞ്ഞ്‌ അദ്ദേഹം ഉദ്ഘാടനം ചെയ്ത ശാസ്ത്രത്തെ തങ്ങളുടെ താല്പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നു


ഉത്തരാധുനികരെ പോലെ ശാസ്ത്രീയതയെ നിഷേധിക്കുന്ന ഒരു സമീപനമല്ല ബ്രഹ്റ്റ്‌ സ്വീകരിക്കുന്നത്‌. മതാത്മകതക്കെതിരെ ശാസ്ത്രീയതയെ അദ്ദേഹം പകരം വയ്ക്കുന്നു. പുസ്തകങ്ങളില്‍ എഴുതിയതൊക്കെയിരിക്കട്ടെ. ഞങ്ങള്‍ക്കു സ്വന്തമായി കാണുകയാണു വേണ്ടത്‌' എന്ന പ്രസ്താവന ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തോടുളള താല്‍പര്യത്തിന്റെ തന്നെ പ്രഖ്യാപനമാണ്‌. പുസ്തകങ്ങളില്‍ എഴുതിവെക്കപ്പെട്ട ആത്യന്തികസത്യങ്ങളെ കുറിച്ചുളള ധാരണകള്‍ തിരസ്ക്കരിക്കപ്പെടുകയും ചിരവികസ്വരക്ഷമവും സ്വയം വിമര്‍ശനപരവുമായ ജ്ഞാനോല്പാദന രീതിയെ കുറിച്ചുളള ധാരണകള്‍ സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍, കേവലസത്യത്തിന്റേയും സര്‍വ്വസത്യങ്ങളുടേയും അക്ഷയപാത്രമായിട്ടല്ല ശാസ്ത്രം നാടകത്തില്‍ അവതരിപ്പിക്കപ്പെടുന്നത്‌. പ്രബുദ്ധതയുടെ അനന്തതയിലേക്ക്‌ വാതില്‍ തുറക്കാന്‍ അത്‌ ലക്ഷ്യമാക്കുന്നില്ലെന്നും നമ്മുടെ അനന്തമായ അജ്ഞതയ്ക്ക്‌ അതിരുകള്‍ നിര്‍മ്മിക്കാനേ ആഗ്രഹിക്കുന്നുളളൂവെന്നും പറയുന്ന നാടകത്തിലെ ഗലീലിയോ ശാസ്ത്രത്തിന്റെ പരിമിതികള്‍ അറിയുന്നയാള്‍ കൂടിയാണ്‌. 


ശാസ്ത്രത്തിന്റെ സാമൂഹികതയെ ഉള്‍ക്കൊള്ളുന്ന ഗലീലിയോയെയാണ്‌ ബ്രഹ്റ്റിന്റെ നാടകത്തില്‍ നാം കണ്ടുമുട്ടുന്നത്‌. 'ശാസ്ത്രം ഒന്നു മാത്രമേ ആവശ്യപ്പെടുന്നുളളൂ. ശാസ്ത്രത്തിന്റെ പുരോഗതി എന്നു പറയുന്ന ആന്‍ഡ്രിയയുടെ വാക്കുകളോട്‌ നാടകത്തിലെ ഗലീലിയോക്ക്‌ യോജിക്കാന്‍ കഴിയില്ല. ജനങ്ങളില്‍ നിന്ന് അകുന്നുനില്‍ക്കുന്ന ഒരു ദന്തഗോപുരസ്ഥാനമായി ശാസ്ത്രത്തെ കാണുന്ന ഗലീലിയോയെയല്ല ബ്രഹ്റ്റ്‌ സൃഷ്ടിച്ചത്‌. ശാസ്ത്രവും ജനതയും തമ്മിലുണ്ടാകേണ്ട ബന്ധത്തെ കുറിച്ചുളള ബ്രഹ്റ്റിന്റെ വിശ്വാസം അദ്ദേഹത്തിന്റെ നായകനില്‍ നാം വായിക്കുന്നു.


 ശാസ്ത്രം ചരിത്രത്തില്‍ സ്വയം സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു; ആദ്യമായി. ആധുനികശാസ്ത്രം സൃഷ്ടിക്കപ്പെടു സാമൂഹിക സന്ദര്‍ഭത്തില്‍ നിന്നും മാറ്റി നിര്‍ത്തിക്കൊണ്ടല്ല ഈ വിശ്വാസങ്ങള്‍ അവതരിക്കപ്പെടുന്നത്‌. യൂറോപ്പിന്റെ ചരിത്രത്തില്‍ ഒരു പുതിയ വര്‍ഗ്ഗം ഉയര്‍ന്നു വരുന്നതിന്റെ ലക്ഷണങ്ങള്‍ നാടകത്തില്‍ ചിത്രീകരിക്കപ്പെടുന്നുണ്ട്‌. വ്യവസായികളും കച്ചവടക്കാരുമായ പുതിയ വര്‍ഗ്ഗം ഗലീലിയോടൊപ്പമാണെന്നു പറയുന്ന വിയെ നാം നാടകത്തില്‍ കാണുന്നു. എന്നാല്‍, ഗലീലിയോയ്ക്ക്‌ തന്റെ ശത്രുക്കളേയും സുഹൃത്തുക്കളേയും വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് വി പറയുന്നുണ്ട്‌. ഇതിന്‌ ഗലീലിയോ പറയുന്ന മറുപടി ഭാവിയെ മുന്‍കൂട്ടി കാണുന്നതാണ്‌. അജ്ഞതയും അധികാരവും തമ്മിലുളള വ്യത്യാസങ്ങള്‍ എനിക്കറിയാമെന്ന് ബ്രഹ്റ്റിന്റെ നായകന്‍ മറുപടി പറയുന്നു. ശാസ്ത്രത്തിന്റെ രക്ഷിതാക്കളായി ആദ്യകാലങ്ങളില്‍ രംഗത്തു വരുന്ന മുതലാളിത്ത ശക്തികള്‍ ചൂഷണത്തിനുളള ഉപകരണമായി അതിനെ പരിവര്‍ത്തിപ്പിക്കുന്ന നാളുകളെ ഈ വാക്കുകള്‍ ദ്യോതിപ്പിക്കുന്നു. ഇപ്പോള്‍ തന്നോടൊപ്പമാണെന്നു പറയുന്ന ശക്തികള്‍ ഭാവിയില്‍ ജനതയുടേയും ശാസ്ത്രത്തിന്റെ തന്നെയും ശത്രുക്കളായി മാറുമെന്ന് ബ്രഹ്റ്റിന്റെ ഗലീലിയോ അറിയുന്നു. ഗലീലിയോയുടെ മുന്നിലെ അധികാരസ്ഥാപനം മതമായിരുന്നെങ്കിലും, ഹിരോഷിമയുടെ മുന്നില്‍ നിന്നു കൊണ്ടാണ്‌ ബ്രഹ്റ്റിന്‌ ഗലീലിയോയെ കുറിച്ച്‌ എഴുതേണ്ടി വന്നത്‌. അതുകൊണ്ട് അറിവും അധികാരവും തമ്മിലുളള ബന്ധങ്ങളെ കുറിച്ചുളള പ്രശ്നീകരണങ്ങളിലേക്കു കൂടി ബ്രഹ്റ്റിനു കടക്കേണ്ടിയിരുന്നു.


പില്‍ക്കാലത്ത്‌ ബൃഹത് മാനങ്ങള്‍ ആര്‍ജ്ജിക്കുന്ന ശാസ്ത്രത്തെ 
സംബന്ധിച്ച പ്രശ്നീകരണങ്ങള്‍ക്ക്‌, ബ്രഹ്റ്റിന്റെ നാടകം
വളരെ വലിയ ആദ്യസംഭാവനയാണ്‌ നല്‍കിയത്‌.

മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്