Tuesday, October 12, 2010

വൈരുദ്ധ്യാത്മകത: കവിതയിലും ജീവിതത്തിലും

'അമ്പാടിയിലേക്കു വീണ്ടും' എന്ന കവിതയ്ക്കു മുന്നിലായി ഇടശ്ശേരി കുറിച്ചു വച്ച വാക്യങ്ങള്‍ ഇങ്ങനെയാണ്‌. "കൃഷ്ണപ്പാട്ടിലെ രാസക്രീഡ വായിച്ചു തീര്‍ന്നപ്പോള്‍ താദൃശമായ മറ്റൊരു രംഗം ദു:ഖപര്യവസായിയായേ പറ്റൂവെന്നു തോന്നി. അതിന്റെ ഫലമാണ്‌ ഈ കവിത." ജീവിതത്തിന്റെ ശ്രേഷ്ഠതരങ്ങളായ അര്‍ത്ഥങ്ങളെ അറിയാത്ത വലിയ സുഖാഘോഷങ്ങള്‍ക്കെതിരായ ഒരു പ്രസ്താവനയാണിത്‌. കവിതയിലുടനീളം ഈ അര്‍ത്ഥതലത്തിന്‌ ഉറപ്പും ശക്തിയും നല്‍കാന്‍ കവി ശ്രമിക്കുന്നു. എന്നാല്‍, വിധിവിശ്വാസത്തിന്റേയും അതിഭൌതികതയുടേയും മൂലകങ്ങളെ കവിയുടെ ഈ കുറിപ്പിലും കവിതയിലും കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ ഏറെയുണ്ടാകും. ഏറെ ചിരിക്കരുത്‌, കരയും എന്ന പഴമൊഴിയുടെ വിധിവിശ്വാസപരമായ അര്‍ത്ഥമാണ്‌ കവിത ഉള്‍ക്കൊള്ളുന്നതെന്ന് വ്യാഖ്യാനിച്ചെടുക്കാനുള്ള സാദ്ധ്യതകളുണ്ടുതാനും. ജീവിതത്തിന്റെ ഭൌതികതയിലും വൈരുദ്ധാത്മകതയിലും ഊന്നുന്ന കവിത അതിഭൌതികവാദത്തിന്റെ ന്യൂനവായനകളെ അതിലംഘിക്കുന്നുവെന്നു പറയാനാണ്‌ ഈ ലേഖനം താല്‍പര്യപ്പെടുന്നത്‌.


സുഖവും ദു:ഖവും കൂടിച്ചേരുമ്പോഴാണ്‌ ജീവിതം പൂര്‍ണ്ണവും സാര്‍ത്ഥകവുമാകുന്നതെന്ന് ഇടശ്ശേരി പറയുന്നു. ഈ കവി, ദു:ഖങ്ങളേയും കണ്ണീരിനേയും അനുഗ്രഹങ്ങളായി കാണുന്നു. കണ്ണീരിന്റെ ഉപ്പു കലരാത്ത ജീവിതപലഹാരം രുചിയില്ലാത്തതാണെന്ന് ഇടശ്ശേരിയുടെ രസന തിരിച്ചറിയുന്നു. വിശപ്പാണ്‌ ഭക്ഷണത്തിനു രുചിയേറ്റുന്നതെന്ന്, വിരഹമാണ്‌ പ്രണയത്തെ ഉല്‍ക്കര്‍ഷിതമാക്കി ദൃഢീകരിക്കുന്നതെന്ന്, നേട്ടത്തിനുളള ബദ്ധപ്പാടുകളാണ്‌ ഏത്‌ വിജയത്തേയും ഉത്സവമാക്കി മാററുന്നതെന്ന് ഈ കവി ഉറപ്പു വരുത്തിയിട്ടുണ്ട്‌. എന്നേക്കുമായി വിശപ്പിനെ അകറ്റുന്ന ഭക്ഷണവിഭവങ്ങളും വിരഹമറിയാത്ത പ്രണയങ്ങളും ചോര വീഴാതെ ഒഴിഞ്ഞുകിട്ടുന്ന യുദ്ധവിജയങ്ങളും ശത്രുക്കള്‍ക്കായി ആശംസിക്കുന്ന കവി ജീവിതത്തെ കുറിച്ചുള്ള ശ്രേഷ്ഠമായ അര്‍ത്ഥത്തില്‍ എത്തിച്ചേരുന്നു. ദു:ഖത്തെ കുറിച്ചുളള അറിവും അനുഭവവുമാണ്‌ സുഖത്തെ കുറിച്ചുളള ബോദ്ധ്യവും സുഖാവസ്ഥയില്‍ ആനന്ദവും ജനിപ്പിക്കുന്നത്‌. ഇത്‌ വൈരുദ്ധ്യങ്ങളുടെ ഐക്യതലത്തെ കുറിച്ചുളള അവബോധമാണ്‌. ജീവിതത്തെ ജീവിതവ്യമാക്കുന്നത്‌ ഈ ഐക്യമാണ്‌. ഒരു പ്രതിപക്ഷതയുടെ രണ്ട്‌ അഗ്രങ്ങള്‍ തമ്മില്‍; സുഖവും ദു:ഖവും തമ്മില്‍, എത്രമാത്രം വൈപരിത്യമുണ്ടോ അത്രയും തന്നെ അവ തമ്മില്‍ അഭേദതയുമുണ്ടെന്ന് കവി അറിയുന്നു. വിപരീതഭാവങ്ങളില്‍ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഐക്യം കുടികൊള്ളുന്നുണ്ടെന്ന കണ്ടെത്തലാണിത്‌. ജീവിതത്തിന്റെ വൈരുദ്ധ്യാത്മകതയെ കുറിച്ചുളള തിരിച്ചറിവും. ജീവിതയാഥാര്‍ത്ഥ്യങ്ങളെ സമഗ്രമായി മനസ്സിലാക്കുന്നവര്‍ക്ക്‌ അതിഭൌതികവാദത്തിന്റെ വിശ്വാസസീമകളെ അതിലംഘിക്കേണ്ടി വരുമെന്നതിന്റെ തെളിവും കൂടിയാണിത്‌. 'അമ്പാടിയിലേക്ക്‌ വീണ്ടും' എന്ന കവിതയിലെ ദാരുകന്റെ വിചാരങ്ങള്‍ കവിയുടെ ആത്മാവിനെ സ്പര്‍ശിച്ച വിചാരങ്ങളാണ്‌. ജീവിതത്തിന്റെ നിമ്നോന്നതങ്ങളെ ഭേദങ്ങളേതുമില്ലാതെ അനുഗ്രഹങ്ങളായി കാണാന്‍ കഴിയുന്ന ദാരുകന്‍ എന്ന കഥാപാത്രം സമതുലിതമായ ഒരു ജീവിതദര്‍ശനത്തിന്റെ സൃഷ്ടിയാണ്‌. രാജപാതകളിലൂടെയല്ല, നിമ്നോന്നതങ്ങളായ വഴികളിലൂടെ കുതിരകളെ പായിക്കാന്‍ ഇഷ്ടപ്പെടുന്ന തേരാളിയെ സങ്കല്‍പിക്കുന്ന കവി, ജീവിതത്തിന്റെ ഉയര്‍ച്ച-താഴ്ചകളെ കുറിച്ച്‌ വിചാരപ്പെടുന്നത്‌ യാഥാര്‍ത്ഥ്യത്തിന്റെ ഭൌതികതയില്‍ അധിഷ്ഠിതമായ ധാരണകളെ കൊണ്ടാണ്‌.


വിരഹം കൊണ്ട്‌ ഗുരുത്വം സമാര്‍ജ്ജിച്ച പ്രണയത്തെ ആവിഷ്ക്കരിക്കുന്ന കവിത കൂടിയാണിത്‌. തന്റെ ജീവിത വീക്ഷണത്തിലെ വൈരുദ്ധ്യാത്മകത കൊണ്ട്‌ ഗോപികമാരുടെ കൃഷ്ണപ്രണയത്തിന്‌ ഇടശ്ശേരി പുതിയ അര്‍ത്ഥമാനങ്ങള്‍ നല്‍കുന്നു. തന്നത്താന്‍ മറന്ന് പ്രേമപാത്രവുമായി സായൂജ്യം പ്രാപിക്കുകയെന്ന പ്രേമദര്‍ശനത്തെയല്ല കവി പ്രേക്ഷണം ചെയ്യുന്നത്‌. ആദര്‍ശപ്രേമത്തെ കുറിച്ചുളള വിമോഹന വിചാരങ്ങളെ ഇയാള്‍ ഒഴിവാക്കുന്നു. മറ്റൊരു കവിതയില്‍


കാമമോ സഖീ, മാംസബദ്ധം
വെറും നൈമിഷിക സുഖ:ഭ്രമദായകം
ഹാ, നമുക്കതല്ലാദര്‍ശമോമനേ,
ജ്ഞാനികള്‍ക്കതല്ലൊത്ത സുഖ:പദം


എന്നിങ്ങനെ വിശുദ്ധപ്രേമത്തെ ഘോഷിക്കുന്ന നായകന്റെ വാദങ്ങളെ


ഏതൊരാദര്‍ശത്തിലും താഴെയോ മഹാത്മാവേ,
ഭൂതകാരുണ്യം നമ്മെ മര്‍ത്ത്യരാക്കീടും പുണ്യം


നായികയുടെ സമഗ്രജീവിതവീക്ഷണം കൊണ്ട്‌ ചോദ്യം ചെയ്യപ്പെടുന്നുണ്ടല്ലോ. ജീവിതത്തില്‍ നിന്നും ഭൌതികതയെ പൂര്‍ണ്ണമായും അടര്‍ത്തിമാറ്റുകയും കേവലമാനങ്ങള്‍ നല്‍കപ്പെട്ട ആദര്‍ശത്തിന്റെ ലോകത്ത്‌ ജീവിതത്തെ കുടിയിരുത്തുകയും ചെയ്യുന്ന സമീപനങ്ങളോട്‌ ഇടശ്ശേരി മമത കാട്ടിയിട്ടില്ല. രാധാകൃഷ്ണ പ്രണയത്തേയും ഗോപികാവിരഹത്തേയും ആദര്‍ശീകരിച്ച്‌, കാല്‍പനികതയുടെ നിറക്കൂട്ടില്‍ പൊതിഞ്ഞെടുത്ത്‌ എഴുതപ്പെട്ട പല പില്‍ക്കാല കവിതകളില്‍ നിന്നു പോലും അമ്പാടിയിലേക്ക്‌ വീണ്ടും വളരെ വ്യത്യസ്തമാകുന്നതും ഉയര്‍ന്നു നില്‍ക്കുന്നതും ഇതുകൊണ്ടാണ്‌.


ആദര്‍ശവാദികള്‍ വരയ്ക്കുന്ന ഋജുരേഖയിലൂടെയല്ല ജീവിതം ചരിക്കുന്നത്‌. ജീവിതത്തിന്റെ വിഷമരേഖകളെ കുറിച്ച്‌ അറിയാവുന്ന ഇടശ്ശേരി, "നമ്മള്‍ക്ക്‌ മുമ്പോട്ടു മുമ്പോട്ടു പോയ്‌ നന്മയോ തിന്മയോ നേടാമൊപ്പം" എന്നു സുഹൃത്തിനോടു പറയുന്ന കവിയാണ്‌. ഇതോടൊപ്പം, ജീവിതത്തിന്റെ സദ്മൂല്യങ്ങളെ സ്വീകരിക്കാനും അവയുടെ ശോഷണത്തില്‍ ആശങ്കാകുലമാകാനും ഇടശ്ശേരിയുടെ കവിതക്കു കഴിയുന്നു. ഗോകുലം ജീവിതമൂല്യമടര്‍ത്തി പന്താടുകയായിരുന്നുവെന്നു പറയുന്ന ദാരുകനും


മുക്തമാക്കീയൊട്ടിട ഞങ്ങടെ
ഭര്‍തൃ പുത്ര പിതൃ ബന്ധം
മാനുഷികത്വത്തിങ്കല്‍ നിന്നുമു-
യര്‍ത്തുകയുണ്ടായൊരു ദേവന്‍
അമ്മമാരല്ല,രിയ സഹോദരി-
മാര,ല്ലച്ചികളല്ലാര്‍ക്കും
അന്നു കാനനകേളീലോലകള്‍


എന്നു പറയുന്ന ഗോപികമാരും രാസക്രീഡയുടെ ഇന്ദ്രീയഭോഗപരതയെ കുറിച്ച്‌ മനസ്സിലാക്കി കഴിഞ്ഞവരാണ്‌. ലൌകികജീവിതത്തിലെ നിസ്സഹായാവസ്ഥകളിലും ഭോഗത്തിന്റെ സുഖാലസ്യങ്ങളിലും പെട്ടു മുങ്ങിപ്പോകാതിരിക്കുവാന്‍ ആത്മസമര്‍പ്പണത്തിന്റെ ഈ അന്ത്യരംഗം അനുപേക്ഷണീയമാണെന്ന് ജീവിതത്തിന്റെ വൈരുദ്ധ്യാത്മകതയറിഞ്ഞ കവിയ്ക്ക്‌ ഉറപ്പുണ്ടായിരുന്നു.


മലയാളത്തിലെ ഏറ്റവും പുതിയ കവികള്‍ തങ്ങളുടെ സമീപഭൂതകാലത്തെ ആധുനിക കവികളെ ഉപേക്ഷിച്ച്‌ ഇടശ്ശേരിയില്‍ ഗുരുവിനെ കണ്ടെത്തുന്നത്‌ വെറുതെയല്ല: റഫീക്ക്‌ അഹമ്മദും പി. പി. രാമചന്ദ്രനും പി.എന്‍.ഗോപീകൃഷ്ണനും പി.രാമനുമെല്ലാം അടങ്ങുന്ന പുതുതലമുറക്ക്‌ വഴികാട്ടിയാകുന്നത്‌ ഇടശ്ശേരിയുടെ ആഡംബരങ്ങളില്ലാത്ത ജീവിതദര്‍ശനമാണ്‌. ഇടശ്ശേരി ഇവര്‍ക്ക്‌ കലങ്ങിയ വെള്ളത്തില്‍ വഴികാട്ടാനുദിക്കുന്ന സൂര്യഛായയാണ്‌.

No comments:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...