Friday, October 29, 2010

"ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌"

നമ്മുടെ രാഷ്ട്രീയജീവിതഭൂമികയില്‍ നിന്നും ചിലരെ കാണാതായിരിക്കുന്നു. മര്‍ദ്ദകനും മര്‍ദ്ദിതനും ഇല്ലാത്ത ലോകത്തെ വിചാരങ്ങളില്‍ കൊണ്ടു നടന്നവര്‍, "എന്റെ ചെരുപ്പുകള്‍ പിഞ്ചിപ്പോയി. വഴിയിലെ ചെളി മുഴുവന്‍ കാലില്‍. പക്ഷേ നടത്തം എങ്ങനെയായാലെന്ത്‌? എനിക്ക്‌ നടന്നേ മതിയാകൂ" എന്ന വാക്കുകള്‍ ആദര്‍ശമായി സ്വീകരിച്ചവര്‍ ... ഇവരെ കാണാതായിരിക്കുന്നു. അവര്‍ ഇപ്പോള്‍ പത്രത്താളുകളിലെ ഫീച്ചറുകളിലാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. അല്ലെങ്കില്‍, കാണ്‍മാനില്ലെന്ന പരസ്യത്തിനു കീഴിലെ ചിത്രമായി മാറുന്നു. ഇങ്ങനെയൊരാളുടെ കഥ പി.വി.ഷാജികുമാര്‍ എഴുതിയിരിക്കുന്നു. പത്രത്തിന്റെ ചതുരക്കോളങ്ങളില്‍പ്പെട്ട് ശബ്ദിക്കാനാവാതെ, അനങ്ങാനാവാതെ വീര്‍പ്പുമുട്ടുന്ന ശിവരാമന്‍ വാഴക്കോട്‌ എന്ന മുപ്പത്തിയഞ്ചുകാരന്റെ കഥയാണിത്‌. നമ്മുടെ സമകാലിക രാഷ്ട്രീയ, സാമൂഹികാവസ്ഥകളെ കുറിച്ച്‌ രൂപകങ്ങളിലൂടെ സംസാരിക്കുന്ന "ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌" എന്ന കഥ സമകാലജീവിതത്തിലെ നെറികേടിനെ വാക്കിന്റെ ശക്തി കൊണ്ട്‌ അതിജീവിക്കാനുള്ള ഒരു ശ്രമമാണ്‌. നമ്മുടെ രാഷ്ട്രീയത്തിന്റെ പരിമിതികളെ കുറിച്ചുളള സംവാദങ്ങളില്‍ ഈ കഥ ഇടപെടുന്നു.


സാമൂഹികയാഥാര്‍ത്ഥ്യത്തിന്റെ സൂചനാചിത്രങ്ങള്‍ നല്‍കുന്നതോടൊപ്പം സംവാദങ്ങളിലേക്കു നയിക്കുന്ന പ്രശ്നസന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു രചനാരീതിയാണ്‌ കഥാകാരന്‍ സ്വീകരിക്കുന്നത്‌. കഥയിലെ ആഖ്യാതാവ്‌ ശിവരാമന്‍ വാഴക്കോടല്ല. പത്രത്താളില്‍ പ്രത്യക്ഷപ്പെട്ട അയാളുടെ ഛായാചിത്രമാണ്‌ ആഖ്യാനം നിര്‍വ്വഹിക്കുന്നത്‌. കാണ്‍മാനില്ലെന്ന പരസ്യത്തിനു കീഴിലെ ഛായാപടത്തിന്‌ കഥാകാരന്‍ നാവു നല്‍കുന്നു. ആഖ്യാതാവിനെ അച്ചടിച്ചിരിക്കുന്ന ഈ പത്രത്താള്‍ ഇപ്പോള്‍ ഏതെങ്കിലും വായനക്കാരന്റെ മുമ്പിലല്ല. അത്‌ പഴത്തൊലികള്‍ക്കുളള പൊതിയായി ഒരു ഓടയുടെ അരികില്‍ കിടക്കുന്നു. ആ പത്രത്താളിലെ ഛായാചിത്രം പത്രവിശേഷങ്ങളിലേക്കും പുറത്തെ ലോകത്തേക്കും തന്നിലേക്കു തന്നെയും കണ്ണോടിക്കുന്നു. ശിവരാമന്‍ വാഴക്കോടിന്റെ ചായാചിത്രം എന്തെല്ലാമാണ്‌ കാണുന്നത്‌? ഭൂതകാലത്തെ പിന്നില്‍ ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പരസ്യം അതു കാണുന്നു. ടെന്നീസ്‌ കളിക്കുന്ന സെറീനാവില്യംസിന്റെ ഫ്രോക്കിന്നടിയിലെ അടിവസ്ത്രം പ്രദര്‍ശിപ്പിക്കുന്ന ചിത്രം കാണുന്നു. വര്‍ഗ്ഗീയകലാപത്തിന്റെ പശ്ചാത്തലത്തിലെടുത്ത ഒരു ഫോട്ടോയില്‍ ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിനെ കടിച്ചുവലിക്കുന്ന കുറുക്കനെ കാണുന്നു. കാണ്‍മാനില്ലാത്തവരുടെ കൂട്ടത്തില്‍ തന്റെ ചിത്രത്തോടൊപ്പം ഷീബയുടേയും സതീശന്റേയും ഉമാവതിയമ്മയുടേയും ചിത്രങ്ങള്‍ കാണുന്നു. 'ചരിത്രത്തില്‍ ഒരു നേരം' എന്ന പംക്തിയില്‍ രാജ്യവിഭജനകാലത്തെ പാക്കിസ്ഥാനിലേക്കുള്ള വണ്ടി കൂകിപ്പായുന്നതായി കാണുന്നു. ഓടയിലൂടെ ഒഴുകുന്ന ഒഴിഞ്ഞ കൂടുകളും കോണ്ടങ്ങളും സാനിട്ടറിപാഡുകളും കാണുന്നു. ശിവരാമന്‍ വാഴക്കോട്‌ എന്ന പഴയ വിപ്ളവകാരിയുടെ ഛായാചിത്രത്തിന്റെ കാഴ്ചകളില്‍ ഉപഭോഗസംസ്ക്കാരത്തിന്റേയും വര്‍ഗ്ഗീയതയുടേയും കരുണാരാഹിത്യത്തിന്റേയും സമകാലചരിത്രത്തോടുള്ള വിദ്വേഷത്തിന്റേയും മൂലകങ്ങളാണ്‌ പ്രതിഫലിക്കപ്പെടുന്നത്‌. ചരിത്രത്തെ വിസ്മരിക്കാന്‍ ഉപദേശിക്കുന്ന പരസ്യത്തിനും വ്യക്തിവാദപരമായ രാഷ്ട്രീയത്തെ പ്രഖ്യാപിക്കുന്ന സെറീനയുടെ പുലമ്പലുകള്‍ക്കും പ്രാധാന്യം നല്‍കുതിലൂടെ അധീശവ്യവസ്ഥയുടെ മൂല്യങ്ങളെ ഉറപ്പിക്കാന്‍ ശ്രമിക്കുന്ന മാധ്യമസംസ്ക്കാരത്തെ കുറിച്ച്‌ നാം വായിക്കുന്നു. ഈ നൃശംസാവസ്ഥക്കെതിരെ പ്രതികരിക്കാന്‍ പത്രത്താളിലെ ഛായാചിത്രമായി മാറിയവന്‌ കഴിയുന്നില്ല. സെറീന വില്യംസിന്റെ അധീശരാഷ്ട്രീയബോധത്തിന്നെതിരായ പ്രതികരണത്തിന്‌ ശ്രമിക്കുന്നവന്റെ നെഞ്ചിലേക്ക്‌ കടന്നുവരുന്നത്‌ സുരേഷ്ഗോപിയുടെ ചലച്ചിത്രത്തില്‍ നിന്നുള്ള പടക്കം പൊട്ടുന്ന വാക്കുകളാണ്‌. പ്രതികരണങ്ങള്‍ പോലും വ്യവസ്ഥ നിര്‍മ്മിച്ചു തരുന്നവ മാത്രമായി തീരുന്നു. പ്രതിഷേധിക്കുന്നവര്‍ വ്യവസ്ഥയുടെ നിയമങ്ങളില്‍ താനറിയാതെ അടിപ്പെട്ടു പോകുന്നു. വര്‍ഗ്ഗീയകലാപത്തിന്നിടയില്‍ കുഞ്ഞിനെ കടിച്ചു കീറുന്ന കുറുക്കനോട്‌ 'കുട്ടിയെ വിട്‌' എന്നു പറയാന്‍ ശ്രമിക്കുന്നവന്റെ തൊണ്ട വറ്റിപ്പോകുന്നു. വര്‍ഗ്ഗീയതയോട്‌ പ്രതികരിക്കാനാവാതെ കുഴങ്ങുന്ന ഛായാചിത്രത്തോട്‌ കുറുക്കന്‍ തന്റെ സന്ദേശം അറിയിക്കുന്നു. ശിവരാമന്‍ വാഴക്കോടും തന്നെ പിന്തുണച്ചു കൊണ്ടായിരുന്നു മരിച്ചതെന്ന് കുറുക്കന്‍ പറയുന്നു. ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തു കൊന്ന അയാള്‍ തന്റെ ബോംബിന്‌ സ്വയം ഇരയാകുകയായിരുന്നുവെന്നു പറയുന്ന കുറുക്കന്‍ എല്ലാം മലിനമായെന്ന് അതീവസന്തോഷത്തോടെ പ്രഖ്യാപിക്കുകയാണ്‌. വ്യവസ്ഥയുടെ തന്ത്രങ്ങള്‍ക്ക്‌ കീഴ്പ്പെടാത്തവരില്ലെന്ന്, അതിന്റെ മാലിന്യങ്ങളില്‍ മുങ്ങിക്കുളിക്കാത്തവരില്ലെന്ന് ഉറപ്പിക്കുന്ന കുറുക്കന്‍ വര്‍ഗ്ഗീയതയും അധീശമൂല്യങ്ങളും അതിജീവനത്തിനുള്ള അവശ്യോപാധികളാണെന്ന സന്ദേശമാണ്‌ നല്‍കുന്നത്‌. ശിവരാമന്‍ വാഴക്കോടിന്റെ ഛായാചിത്രത്തിന്‌ അയാള്‍ക്ക്‌ അവസാനകാലങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ച്‌ അറിയില്ല. അത്‌ ഒരു പഴയ ഛായാചിത്രമാണ്‌. അയാള്‍ ജനതയോടും വിപ്ളവത്തോടും കൂറു പുലര്‍ത്തിയിരുന്ന കാലത്തെടുത്ത ഒരു ചിത്രം. ശിവരാമന്റെ ഈ ഛായാചിത്രം പത്രത്താളില്‍ തന്നോടൊപ്പം പ്രത്യക്ഷപ്പെടുന്ന ഷീബയുടേയും ഉമാവതിയമ്മയുടേയും സതീശന്റേയും അനുഭവങ്ങളെ ഭാവനയില്‍ കാണുന്നുണ്ട്‌. ഷീബയെ കാമുകനായ ചെറുപ്പക്കാരന്‍ വഞ്ചിക്കുന്നു. മക്കളുടെ പീഡനം സഹിക്കാനാകാതെ ഒളിച്ചോടിയ ഉമാവതിയമ്മ, നാട്ടുകാരെ ബോധിപ്പിക്കാന്‍ മക്കള്‍ നല്‍കിയ പത്രപ്പരസ്യം കണ്ട്‌ വീട്ടില്‍ തിരിച്ചുചെല്ലുകയും അവര്‍ നല്‍കിയ വിഷക്കഞ്ഞികുടിച്ച്‌ മരിക്കുകയും ചെയ്യുന്നു. സമകാലിക സാമൂഹികജീവിതത്തിലെ ദുരന്തങ്ങളെ ഇങ്ങനെയെല്ലാം ആവിഷ്ക്കരിക്കുന്ന കഥാകാരന്‍ കഥയുടെ അന്ത്യത്തില്‍ പ്രശ്നീകരണത്തിന്റെ വാതിലുകള്‍ തുറക്കുന്നു.


ശിവരാമന്‍ വാഴക്കോടിന്റെ ഛായാചിത്രം ഒരു പഴയ ഡയറിക്കുറിപ്പ്‌ ഓര്‍മ്മിച്ചെടുക്കുന്നതായി കഥയുടെ അവസാനത്തില്‍ നാം വായിക്കുന്നു. ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എന്താണെന്ന വാഴക്കോടിനോടുള്ള കരുണാകരേട്ടന്റെ ചോദ്യം ഛായാചിത്രത്തിന്റെ ഓര്‍മ്മയിലേക്കു വരുന്നു. കഥയെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രശ്നീകരണത്തിലേക്കു നയിക്കുന്ന സന്ദര്‍ഭമാണിത്‌. ബൂര്‍ഷ്വാസി എന്ന വാക്കിന്റെ സ്പെല്ലിങ്ങ്‌ പലര്‍ക്കും തെറ്റിപ്പോകാറുണ്ട്‌. പഠനകാലത്ത്‌ ഈ വാക്കിന്റെ സ്പെല്ലിങ്ങ്‌ തെറ്റിക്കാത്തവര്‍ ചുരുക്കമായിരിക്കും. മനസ്സിരുത്തി പഠിക്കേണ്ടുന്ന സ്പെല്ലിങ്ങാണത്‌. ആ വാക്ക്‌ കുറിക്കുന്ന വര്‍ഗ്ഗവും മനസ്സിരുത്തി പഠിക്കേണ്ട ഒന്നത്രെ! ലോകത്തെ സ്വന്തം പ്രതിച്ഛായയില്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന വര്‍ഗ്ഗം. സ്വയം ബൂര്‍ഷ്വാ ആകാന്‍ എല്ലാവരേയും നിര്‍ബ്ബന്ധിക്കുന്ന ഒരു വര്‍ഗ്ഗം. ഒരിക്കലും സ്വയം വിശദീകരിക്കാത്ത വര്‍ഗ്ഗം. ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എന്താണെന്ന ചോദ്യം ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എന്താണെന്ന ചോദ്യമല്ല. മറിച്ച്‌, ബൂര്‍ഷ്വാസിയുടെ അന്തര്‍ഘടനയേയും യാഥാര്‍ത്ഥ്യത്തേയും കുറിക്കുന്ന ചോദ്യമാണത്‌. ബൂര്‍ഷ്വാസിയെ കുറിച്ചുളള നിര്‍വ്വചനങ്ങളെയല്ല അത്‌ ഉദ്ദേശിക്കുന്നത്‌. ഇതിന്നകം സ്ഥാപിതമായ നിര്‍വ്വചനങ്ങളിലൂടെ ബൂര്‍ഷ്വാസി എന്താണെന്നു പറഞ്ഞാല്‍ സമാധാനമാകുന്നില്ല. മഹാനിഘണ്ടുക്കള്‍ക്ക്‌ അതിന്‌ ഉത്തരം നല്‍കാന്‍ കഴിയില്ല. സമൂഹത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമാണ്‌ ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എഴുതേണ്ടത്‌.


ശിവരാമന്‍ വാഴക്കോട്‌ ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എഴുതാന്‍ ശ്രമിക്കുമ്പോഴെല്ലാം ഇന്‍ക്വിലാബ്‌ എന്ന വാക്കില്‍ എത്തിച്ചേര്‍ന്നുവെന്ന് അയാളുടെ ഛായാചിത്രത്തിന്റെ ഓര്‍മ്മകളിലൂടെ കഥാകാരന്‍ എഴുതുന്നു. കഥയില്‍ നിന്നും വിമര്‍ശനങ്ങളുടെ സ്വരങ്ങള്‍ മുഴങ്ങുന്ന മുഹൂര്‍ത്തമാണിത്‌. ബൂര്‍ഷ്വാസിക്കെതിരായ വിചാരങ്ങളെ മനസ്സില്‍ കൊണ്ടുനടക്കുകയും ആ വര്‍ഗ്ഗത്തിന്നെതിരെ പട നയിക്കാന്‍ ശ്രമിക്കുകയും ചെയ്ത വിപ്ളവകാരിയായ ശിവരാമന്‍ വാഴക്കോട്‌, ബൂര്‍ഷ്വാസിയെ ഇന്‍ക്വിലാബ്‌ എന്ന വാക്കു കൊണ്ടു തിരിച്ചറിയുന്നതിനെ പ്രത്യക്ഷതലത്തില്‍ തന്നെ രണ്ടു രീതികളില്‍ വായിക്കാം. ആദ്യത്തേത്‌, വ്യവസ്ഥാപിതമായിക്കഴിഞ്ഞ ഇടതുപക്ഷത്തോടുള്ള വിമര്‍ശനമെന്ന നിലക്കാണ്‌. ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള അതിര്‍രേഖകള്‍ മാഞ്ഞുപോകുന്നിടത്തോളം അപചയിക്കപ്പെട്ട ഇടതുപക്ഷരാഷ്ട്രീയത്തോടുള്ള വിമര്‍ശനമാണിത്‌. ശിവരാമന്‍ വാഴക്കോടിന്റെ ജീവിതം തന്നെ ഇതിന്നു സാക്ഷി പറയുന്നതായി കഥാകാരന്‍ സൂചനകള്‍ നല്‍കുന്നു. ശിവരാമന്‍ വാഴക്കോടും തന്നെ പിന്തുണച്ചിരുന്നുവെന്ന  വര്‍ഗ്ഗീയകുറുക്കന്റെ വെളിപ്പെടുത്തലുകള്‍ നല്ലൊരു ചൂണ്ടുപലകയാണ്‌. ശിവരാമന്റെ പേഴ്സില്‍, കെ. വേണുവിന്റെ കുറിപ്പിനു മുകളിലിരിക്കുന്ന ഛായാചിത്രത്തെ കുറിച്ചു പറയുമ്പോള്‍, നമ്മുടെ സമകാല രാഷ്ട്രീയ സംഭവവികാസങ്ങളുമായി കഥയുടെ അര്‍ത്ഥതലങ്ങളെ ബന്ധപ്പെടുത്താനുള്ള സാദ്ധ്യതകള്‍ തെളിയുന്നു. കമ്മ്യൂണിസ്റ്റ്‌ വിപ്ളവകാരിയെ നിലയില്‍ നിന്നും ലോകവാണിജ്യ സംഘടനയെ പിന്തുണക്കുന്ന സൈദ്ധാന്തികനെ നിലയിലേക്ക്‌ കെ. വേണുവിനുണ്ടായ പരിവര്‍ത്തനം ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എഴുതുമ്പോള്‍ ഇന്‍ക്വിലാബ്‌ എന്നാകുന്നതിനോട്‌ സദൃശപ്പെടുത്താവുതാണ്‌. കെ. വേണുവിന്റെ കുറിപ്പിനു മുകളില്‍ നിന്നും ശിവരാമന്റെ പേഴ്സിലെ ഛായാചിത്രം പിന്നീടു മാറ്റപ്പെടുന്നത്‌ മാവോയുടെ മുഖം മറച്ചു നില്‍ക്കുന്ന രീതിയിലേക്കാണെന്ന സൂചനയും ഈ സദൃശീകരണത്തിനു സഹായകമാണ്‌.


ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ ഓരോ എഴുത്തിലും ഇന്‍ക്വിലാബിന്നടുത്തു വന്നു നില്‍ക്കുന്നുവെന്നു പറയുന്നത്‌ ബൂര്‍ഷ്വാസിയൊല്‍ വിപ്ളവമാണെന്ന അര്‍ത്ഥത്തെ ധ്വനിപ്പിക്കാനാണെന്നും പറയാവുന്നതാണ്‌. ബൂര്‍ഷ്വാസി വിപ്ലവപരമ്പരകളുടെ സന്താനമാണെന്ന് മാര്‍ക്സ്‌ എഴുതിയിട്ടുണ്ട്‌. മനുഷ്യരാശിയെ ബന്ധിച്ചിരുന്ന കെട്ടുകളെ അഴിച്ചു വിട്ടുവെന്ന അര്‍ത്ഥത്തില്‍ ചരിത്രത്തില്‍ അതു വഹിച്ച പങ്കിനെ കുറിച്ച്‌ സോഷ്യലിസത്തിന്റെ ആചാര്യന്‍മാര്‍ നിശബ്ദരായിരുന്നില്ല. ബൂര്‍ഷ്വാസിയുടെ ഉദയകാലത്തെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളെ കാണാതെയല്ല, അതു സൃഷ്ടിക്കുന്ന ഹീനവ്യവസ്ഥയെ അവര്‍ വിമര്‍ശിച്ചത്‌. എല്ലാ പുരോഗമധാരകളേയും പിന്നില്‍ ഉപേക്ഷിച്ച്‌ ഒരു പ്രതിലോമവര്‍ഗ്ഗമായി ബൂര്‍ഷ്വാസി മാറിത്തീര്‍ന്നതിനെ കുറിച്ചുള്ള വിസ്താരങ്ങള്‍ നാം വായിച്ചു തുടങ്ങുന്നതും മാര്‍ക്സിന്റെ രചനകളിലാണ്‌. എന്നാല്‍, ബൂര്‍ഷ്വാസിയെ നിരന്തരം നവീകരിക്കുന്ന വര്‍ഗ്ഗമായി കണ്ടെത്തുന്നവരോടൊപ്പം ചേര്‍ന്നു നിന്നുകൊണ്ട്‌ ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ വിപ്ലവമെന്നാണെന്നു പറയുന്നവരുമുണ്ട്‌. കെ. വേണുവിന്റെ ധൈഷണികജീവിതത്തിലെ പരിവര്‍ത്തനം ഇങ്ങനെയായിരുന്നുവെന്നു കാണാവുന്നതാണ്‌. മുതലാളിത്തത്തിനെതിരെ സോഷ്യലിസത്തിന്റെ ആചാര്യന്‍മാര്‍ കുറിച്ചിട്ട മഹാവിമര്‍ശനങ്ങളെ പരിഗണിക്കാതെ അവര്‍ ആദ്യകാല മുതലാളിത്തത്തിനു നല്‍കിയ പ്രശംസകളെ ഉദ്ധരിച്ച്‌ ലേഖനങ്ങള്‍ എഴുതുമ്പോള്‍ ഇതാണല്ലോ സംഭവിക്കുന്നത്‌. ബൂര്‍ഷ്വാസിയൊല്‍ വിപ്ലവമെന്ന അര്‍ത്ഥം പറയുകയാണ്‌ പി.വി.ഷാജികുമാറിന്റെ കഥ ചെയ്യുന്നതെന്ന് നിരൂപിക്കുക വയ്യ. കഥാന്ത്യത്തില്‍ തളര്‍ന്നു പോകുന്ന ശിവരാമന്റെ ഛായാചിത്രം ബൂര്‍ഷ്വാസിയൊല്‍ വിപ്ലവമാണെന്ന ധാരണയെ ഉറപ്പിക്കാന്‍ ഉതകുന്നില്ല. ഈ കഥ ഇടതുപക്ഷത്തിന്റെ അപചയത്തെ വിമര്‍ശനബുദ്ധി കൊണ്ട്‌ പരിശോധിക്കുന്നു.


ബൂര്‍ഷ്വാസി എന്ന വാക്കിന്റെ സ്പെല്ലിങ്ങ്‌ നാം തെറ്റായി എഴുതി തുടങ്ങുമ്പോള്‍ നമ്മുടെ ജീവിതത്തിന്റെ താളവും തെറ്റിത്തുടങ്ങുന്നു. ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ ഒരു സൈദ്ധാന്തികപ്രശ്നമാണ്‌. എന്നാല്‍, നിലനില്‍ക്കുന്ന സാമൂഹികയാഥാര്‍ത്ഥ്യങ്ങളുടെ ചിത്രണത്തോടൊപ്പം ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ എന്താണെന്ന ചോദ്യമുന്നയിക്കുന്ന കഥ സിദ്ധാന്തത്തിന്റേയും പ്രയോഗത്തിന്റേയും പ്രശ്നങ്ങളെ ഒരൊറ്റ ഫോക്കസില്‍ കൊണ്ടുവരുന്നു. ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ ശരിയായി അറിയുന്നവര്‍ക്കു മാത്രമേ സാമൂഹികയാഥാര്‍ത്ഥ്യങ്ങളെ പ്രയോഗത്തിന്റെ അടിസ്ഥാനത്തില്‍ അഭിമുഖീകരിക്കാന്‍ കഴിയുകയുള്ളൂ. ലോകത്തെ മാറ്റിമറിക്കാനുളള വിപ്ലവമനസ്സുള്ളവനില്‍ നിന്നും ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തു കൊല്ലുന്ന ദുഷിച്ച മനസ്സുള്ളവനിലേക്ക്‌ ശിവരാമന്‍ മാറിത്തീരുന്നത്‌, ബൂര്‍ഷ്വാസിയുടെ സ്പെല്ലിങ്ങ്‌ ഇന്‍ക്വിലാബ്‌ എന്ന് എഴുതി തുടങ്ങിയതിനു ശേഷമാണ്‌.


ബൂര്‍ഷ്വാസിയുടെ അക്ഷരവിന്യാസം തെറ്റായി എഴുതുന്നവര്‍ 
നൃശംസമായ ഒരു സമൂഹത്തിന്റെ സൃഷ്ടിയില്‍ പങ്കാളികളാകുന്നു. 
വാക്കിന്റെ അക്ഷരവിന്യാസത്തിന്‌ ഊന്നല്‍ നല്‍കുന്ന കഥയുടെ 
ശീര്‍ഷകം ഭാഷയുടെ അതിപ്രാധാന്യത്തെ കുറിച്ചുള്ള സമകാലചിന്തകളുമായി ഒത്തുനില്‍ക്കുന്നതാണ്‌. എല്ലാറ്റിനേയും ഭാഷയിലേക്കു ചുരുക്കുന്ന, ഇപ്പോള്‍ കൊഴുത്തു വളരുന്ന പ്രവണതയെയാണ്‌ ഉദ്ദേശിച്ചത്‌. ഷാജികുമാറിന്റെ കഥ ഈ സമീപനത്തെ അബോധത്തില്‍ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ സാമൂഹികയാഥാര്‍ത്ഥ്യത്തില്‍ നിന്നും വിട്ടുമാറി ഭാഷയുടെ പ്രശ്നങ്ങളെ ആഘോഷിക്കുന്ന നിലയിലേക്ക്‌ അത്‌ എത്തിച്ചേരുന്നില്ല. ഷാജികുമാറിന്റെ കഥയിലെ വാക്കിന്റെ പ്രശ്നീകരണങ്ങള്‍ ഒരു ന്യൂനീകരണമായി വായനക്കാരന്‍ അനുഭവിക്കുന്നില്ല

Wednesday, October 20, 2010

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ 'അരാഷ്ട്രീയബുദ്ധിജീവികള്‍' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ്. കെ.ജി.ശങ്കരപ്പിളളയുടെ വിവര്‍ത്തനം. സച്ചിദാനന്ദന്‍ എഡിറ്റു ചെയ്ത 'കറുത്ത കവിത' എന്ന നീഗ്രോകവിതകളുടെ സമാഹാരത്തില്‍. വടകരയിലെ അയിനിക്കാട് ദര്‍ശന ഗ്രന്ഥവേദിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരുന്നത്. ജീവന്‍ എന്നു പാര്‍ട്ടി പേരിട്ടിരുന്ന സഖാവാണ് കറുത്ത കവിതയുടെ കുറേ പ്രതികളുമായി കുടയത്തൂര്‍ പബ്ലിക് ലൈബ്രറിയില്‍ വന്നത്. ( ഒരു ഉന്മൂലനക്കേസില്‍ പ്രതിയായിരുന്ന അബ്ദുളളയാണ് ജീവന്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഏതാണ്ട് പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അറിയുന്നത്. ) ഞങ്ങള്‍, ഇടതുപക്ഷരാഷ്ട്രീയത്തോട് ആഭിമുഖ്യമുളള വിദ്യാര്‍ത്ഥികളുടെ ഒരു സുഹൃത് വൃന്ദം ലൈബ്രറിയിലുണ്ടായിരുന്നു. ജീവന്‍ ഞങ്ങള്‍ക്കുവേണ്ടി മാത്രമായി കൊണ്ടുവന്നതായിരുന്നു ആ പുസ്തകം. 'കറുത്ത കവിത' യില്‍ ചേര്‍ത്തിരുന്ന അവസാനത്തെ കവിത കാസ്റ്റിലോയുടേതായിരുന്നു. സെങ്കോറിന്റേയും സെസയറുടേയും സോയിങ്കയുടേയും നിക്കോളസ് ഗിയന്റേയും കവിതകള്‍ ഈ സമാഹാരത്തില്‍ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് എല്ലാവരാലും സ്വീകരിക്കപ്പെട്ടത് കാസ്റ്റിലോയുടെ ഈ കവിതയായിരുന്നു. എവിടെയെങ്കിലും അനീതി നടന്നാല്‍ അവിടെ ഒരു കലാപം നടക്കണമെന്ന സാംസ്ക്കാരികവേദിയുടെ മുദ്രാവാക്യത്തില്‍ ആകൃഷ്ടരായിരുന്നവര്‍ക്ക് ഈ കവിതയോട് താല്പര്യം തോന്നിയതില്‍ അത്ഭുതമില്ലല്ലോ.

ഇപ്പോള്‍, ഈ കവിതയുടെ പുതിയ ചില വിവര്‍ത്തനങ്ങള്‍ നമുക്ക് വായിക്കാന്‍ ലഭിക്കുന്നു. അമേരിക്കയില്‍ പ്രവൃത്തിയെടുക്കുന്ന രാജേഷ് ആര്‍ വര്‍മ്മയുടെ ബ്ലോഗിലാണ് ആദ്യത്തെ വിവര്‍ത്തനം പ്രത്യക്ഷപ്പെട്ടത്. ഇത് കാസ്റ്റിലോയുടെ വരികളെ മാനകഭാഷയില്‍ പിന്തുടരുന്ന വിവര്‍ത്തനമാണ്. കെ.ജി.ശങ്കരപ്പിളളയുടെ പരിഭാഷയേയും അത് പിന്തുടരുന്നുണ്ടെന്ന് പറയണം. ഇതിന്റെ തുടര്‍ച്ചയെന്നോണം വ്യത്യസ്ത ബ്ലോഗുകളിലും ഗൂഗിള്‍ ബസ്സുകളിലും ചില വിവര്‍ത്തനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ദേവാനന്ദ് പിളള, ഡാലി ഡേവിസ്, ആദിത്യന്‍, പ്രമോദ് എന്നിവരുടെ പരിഭാഷകളാണ് ഈ ലേഖകന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. കവിതയുടെ പരിഭാഷകളോടൊപ്പം ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുളള കമന്റുകളും സവിശേഷശ്രദ്ധ അര്‍ഹിക്കുന്നവയാണ്. ചില വിവര്‍ത്തനങ്ങളുടെ പകര്‍പ്പുകള്‍ ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക്കിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

കാസ്റ്റിലോയുടെ കവിതയെകുറിച്ച് ഏകദേശരൂപം ലഭിക്കാന്‍ അതിന്റെ ആംഗലഭാഷാ പരിഭാഷയുടേയും, കെ.ജി.എസ്സിന്റെയും രാജേഷ്.ആര്‍.വര്‍മ്മയുടേയും പരിഭാഷകളുടെയും ആദ്യഖണ്ഡം നല്‍കാം.
One day
the apolitical
intellectuals
of my country
will be interrogated
by the simplest
of our people.

They will be asked
what they did
when their nation died out
slowly,
like a sweet fire
small and alone.
(ആംഗല വിവര്‍ത്തനം, കാസ്റ്റിലോ ആര്‍ക്കൈവില്‍ നിന്നും)

ഒരു ദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ചോദ്യം ചെയ്യപ്പെടും.
ഏകാന്തവും ചെറുതുമായ ഒരു ജ്വാലപോലെ
രാജ്യം ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോള്‍
എന്തുചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും.
(കെ.ജി.എസ്.)


ഒരു നാള്‍,
ഇന്നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ഇവിടുത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങളാല്‍
ചോദ്യം ചെയ്യപ്പെടും.ഒറ്റപ്പെട്ട ഒരു ചെറുനാളം പോലെ
സ്വന്തം രാജ്യം കെട്ടടങ്ങിയപ്പോള്‍
നിങ്ങള്‍ എന്തു ചെയ്തു എന്ന്
അവര്‍ ചോദിക്കും
(രാജേഷ് ആര്‍ വര്‍മ്മ)

എന്നാല്‍, ഈ വിവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്തമായി മലയാളഭാഷയുടെ പ്രാദേശികഭേദങ്ങളിലാണ് പുതിയ 
വിവര്‍ത്തനങ്ങള്‍ ഊന്നിനില്‍ക്കുന്നത്.
വ്യത്യസ്ത സ്വത്വങ്ങളെ ഈ ഭാഷാഭേദങ്ങള്‍ പ്രതിനിധീകരിക്കുന്നുവെന്നു വ്യാഖ്യാനിക്കുന്നവരുണ്ടാകാം.അരാഷ്ട്രീയബുദ്ധിജീവികളെ ചോദ്യം ചെയ്യുന്നവരുടെ സ്വത്വത്തെ ഉള്‍ക്കൊളളുന്നതിനുളള മാര്‍ഗ്ഗമായും ഇത് അവതരിക്കപ്പെട്ടേക്കാം. തിരുവനന്തപുരം, തൃശൂര്‍, മലബാര്‍ ഭാഷാഭേദങ്ങളിലാണ് യഥാക്രമം ദേവാനന്ദും ഡാലി ഡേവിസും പ്രമോദും വിവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. അവരുടെ വിവര്‍ത്തനങ്ങളില്‍ നിന്നുള്ള ചില ഭാഗങ്ങള്‍.

നാട് മുടിയുമ്പ
ഈ എരണംകെട്ടതുങ്ങള്‍
എന്തരില്‍ ചാളുവ ഒലിപ്പിച്ചതെന്ന് കേക്കും.
യെവമ്മാരടെ ബാലരാമൊരം മുണ്ടും
ഉണ്ടേച്ചൊള്ള തൂക്കവും ഗവനിക്കൂല്ല.
യെവന്മാരുടെ ഷണ്ണം പിടിച്ച കഴപ്പും
ചിക്കിലീടെ പടിപ്പും കാര്യാക്കൂല്ല.
യെവമ്മാരടെ അസ്തിത്ത ദുഖോം
കോണോത്തിലെ ചരിത്രപ്പടിപ്പും
യെവനും മൈന്‍ഡ് ചെയ്യൂല്ല
യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക്
ഞായോം കേക്കൂല്ല.
ഇഞ്ഞോട്ട് വരും സാതാരണക്കാര്
പള്ളിക്കൂടത്തി പോവാതെ
വിയര്ത്ത്‍ പണിത അണ്ണമ്മാര്
എന്നിട്ട് കേക്കും നിന്നോടൊക്കെ
ഞാളിവിടെ കട്ടയടിച്ച് തള്ളിപ്പോയപ്പ
നീയെക്കെ എന്തരു ചെരക്കുവാരുന്നെടേന്ന്.
നാക്കെറങ്ങിപ്പോവും അപ്പം പയലുകളേ, തള്ളേണെ
(ദേവാനന്ദ് പിള്ള)


പൂരത്തിന്റെ ചരിത്രാ, ഭൂമിശാസ്ത്രാ, പെരന്നാള്‍‌ക്ക് വാലായ്മ നോക്കീതാ, ഒരു രോമോം ചോയ്ക്കാന്‍ നിക്കില്യ
എമണ്ടന്‍ നോണൊണ്ട്
ഇവറ്റോളിണ്ടാക്കണ
ന്യായീകരണോം കേക്കാന്‍ നിക്കില്യ
ആ ദൂസം
അങ്ങാടിക്കാര് കേറി നെരങ്ങും
പഠിപ്പും പത്രാസുമില്യാത്തോര്
ഇവറ്റോള്‍‌ക്കായിറ്റ്
മുണ്ട് മുറുക്കി പണീട്‌ത്ത സാധാരണക്കാര്
എന്നട്ടൊരു ചോദ്യണ്ട് ;
ഇമ്മളൊക്കെ കെടന്ന്
ചക്രശ്വാസം വലിക്ക്‌ണ നേര്‌ത്ത്
ഏത് കോണത്തീ പോയീ കെടക്കാര്‍ന്നൂറാ കന്നാല്യോളേന്ന്
കൊരലു വറ്റി, നാക്കെറ്ങ്ങി
മിണ്ടാട്ടം മുട്ടിപൂവും
ഒക്കേത്തിനും
(ഡാലി ഡേവിസ്)


അന്ന്
കഞ്ഞികുടിക്കാനില്ലാത്തോന്മാറ് വെരും.ഈ നായിന്റെ മോന്റെയെല്ലാം കതേലും പാട്ടിലൊന്നും
സലം കിട്ടീറ്റില്ലാത്തോന്മാറ്.ഓന്റെയെല്ലാം അണ്ണാക്കില്
ചോറും കറീം കുത്തിക്കേറ്റിയോന്മാറ്
എറച്ചീം മുട്ടേം കൊടുത്തോമ്മാറ്
കോണം അലക്കിക്കൊടുത്തോമ്മാറ്
ഓന്റെ നായീനെ പോറ്റിയോമ്മാറ്
ഓന്റെ വണ്ട്യോടിച്ചോമ്മാറ്
ഓറ് വെരും
എന്നിറ്റ് മോത്തു നോക്കി ചോയിക്കും
പൊര കത്തുമ്പം
ഏട്യേനും നായിന്റെ മക്കളേ
നിങ്ങളെല്ലാംന്ന്
അന്ന്
നിന്റ്യെല്ലാം
നാവ് താണുപോകും

നായീ 
(പ്രമോദ്)

മലയാളകവിതയിലേക്കു കടന്നുവന്നിട്ടില്ലാത്ത വാക്കുകളെ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. "ശാസ്ത്രത്തില്‍ എന്തുമാകാ" (“anything goes”)മെന്നു് ശാസ്ത്രദാര്‍ശനികനായ 
പോള്‍ ഫയറബന്റ് പറഞ്ഞതിനെ ഇവര്‍ കവിതയ്ക്കും ബാധകമാക്കുന്നുവെന്നു പറയണം. കവിതയില്‍ എന്തുമാകാം. മാനകഭാഷയെ കൈവിട്ട് പ്രാദേശികഭാഷാഭേദങ്ങളില്‍ നിന്നുകൊണ്ട് എഴുതാന്‍ 
ശ്രമിക്കുന്നതിലെ പുരോഗമനപരവും ധനാത്മകവുമായ 
അംശങ്ങളെ കാണുന്നത് നല്ലതു തന്നെ. ഇത് കവിതയില്‍ സൃഷ്ടിക്കുന്ന മിമിക്രിയെ കാണാതിരിക്കുന്നതിനുള്ള മാര്‍ഗ്ഗമാകരുത്. മിമിക്രിയെ അനുകരണമെന്നു പോലും വിളിക്കാന്‍ കഴിയില്ല. പലപ്പോഴും ഒന്നിനേയും ആത്മാവില്‍ വഹിക്കാതിരിക്കുകയും മനുഷ്യനെ വിഡ്ഢിയാക്കി ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു പരിപാടിയായി മാറിത്തീരുന്നു, അത്. വിവര്‍ത്തനം ചെയ്തപ്പോള്‍ കവിത ചോര്‍ന്നുപോയോ എന്ന ചോദ്യം ഇവിടെ ഉന്നയിക്കുന്നില്ല. എന്നാല്‍, ഓട്ടോ റെനെ കാസ്റ്റിലോ രചിച്ച കവിതയുടെ ആത്മാവിനെ ഈ വിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊളളുന്നുണ്ടോ 
എന്നു ചോദിക്കേണ്ടിയിരിക്കുന്നു. സാമൂഹികയാഥാര്‍ത്ഥ്യത്തെ കേവലം ഭാഷാലീലകളാക്കി മാറ്റി രസിക്കുന്ന പുതിയ ബുദ്ധിജീവിതത്തെ നാം ഇവിടെ കാണുന്നു. ഇത് ഉത്തരാധുനിക ബുദ്ധിജീവിതമാണ്. ഈ ബുദ്ധിജീവിതത്തില്‍ കാസ്റ്റിലോയുടെ കവിത ചിരിക്കുളള ഒരു ഉപകരണമായി മാറുന്നു.  
മറ്റൊരു സിനിമാല പരിപാടിയാണ് ഇവര്‍ അവതരിപ്പിക്കുന്നതെന്ന്
നമുക്കു തോന്നിപ്പോകുന്നു. ഇത് ആ കവിതയുടെ ആത്മാവിനെത്തന്നെ വഞ്ചിക്കുകയും അപ്രസക്തമാക്കുകയും ചെയ്യുന്നു. "കലക്കി അളിയാ, കൈകൊട്" എന്ന് ഒരു വിവര്‍ത്തകന്‍ അടുത്തയാളെ പ്രശംസിക്കുമ്പോള്‍, കവിതയുടെ ആത്മാവിനെ ചൂണ്ടിയല്ല പ്രശംസയെന്നു തോന്നിപ്പോകുന്നു. ദരിദ്രന്റെ ഭാഷയിലെ ഭേദങ്ങളെ മദ്ധ്യവര്‍ഗ്ഗത്തിന്റെ ചിരിക്കുളള വിഭവമാക്കി ചുരുക്കുന്ന കൃത്യമാണിത്. പാസ്റ്റിഷ് എന്ന പോലെ മിമിക്രിയും ഉത്തരാധുനികരചനകളുടെ രൂപമായി മാറുന്നുവോ?

ഈ കവിതയുടെ വിവര്‍ത്തകര്‍ മാനകഭാഷ ഉപയോഗിക്കുന്നതില്‍ പ്രവീണരല്ലാത്തതുകൊണ്ടല്ല രചനകള്‍ ഇങ്ങിനെയായിത്തീരുന്നത്. വിവര്‍ത്തകരുടെ സ്വത്വത്തിന്റെ പ്രകാശനമായിരുന്നു വിവര്‍ത്തനങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടതെന്നു കരുതുകയും വയ്യ. ഇത് നമ്മുടെ കവിതയിലെ ചില പുതിയ പ്രവണതകളെ കാണിച്ചുതരുന്നുണ്ടോ? നമ്മുടെ അറിയപ്പെടുന്ന ഒരു യുവകവി കൂടി ഈ വിവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നുണ്ടല്ലോ ഇതൊരു പ്രവണതയായി മാറിയാല്‍ 
മലയാളത്തിലെ ചലച്ചിത്രങ്ങളെന്ന പോലെ കവിതയും മിമിക്രിയില്‍ മുങ്ങിപ്പോകുമോ? നമ്മുടെ ഭാവുകത്വത്തെ ഈ പ്രവണതകള്‍ എങ്ങനെയാണ് പരിവര്‍ത്തിപ്പിക്കുക?

ഇതോടൊപ്പം മറ്റൊരു കവിതയെ കുറിച്ചു കൂടി പറയണം
 കെ.ജി.എസിന്റെ "ചെറിയ ചെറിയ വിധികര്‍ത്താക്കള്‍ വരും”
എന്ന കവിതയെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.  
ഈ കവിതയില്‍ ഒരു പുതിയ ചോദ്യം ചെയ്യലിനെ നാം അഭിമുഖീകരിക്കുന്നു. പ്രകൃതിയിലെ സൂക്ഷ്മജീവികള്‍ മനുഷ്യകുലത്തോട് ചില ചോദ്യങ്ങള്‍ 
ഉന്നയിക്കുന്നു. കാസ്റ്റിലോയുടെ കവിതയെ ഓര്‍മ്മിപ്പിക്കുന്ന ശീര്‍ഷകത്തിന്നടിയില്‍ എഴുതപ്പെട്ടിരിക്കുന്ന വാക്കുകള്‍ ഉയര്‍ന്ന പാരിസ്ഥിതികാവബോധത്തിന്റെ സൃഷ്ടിയാണ്.  
കെ.ജി.എസിന്റെ കവിത മുന്നോട്ടുള്ള കാല്‍വയ്പാണ്.  
കാസ്റ്റിലോയുടെ കവിതയുടെ പുതിയ വിവര്‍ത്തനങ്ങളോ?

Saturday, October 16, 2010

പ്രകൃതിയുടെ പുതിയ പരിണാമങ്ങള്‍

ജി. ഹരികൃഷ്ണന്‍ സംവിധാനം ചെയ്ത പരിണാമം എന്ന ഹ്രസ്വചലച്ചിത്രം ഷേമസ്‌ ഹേനെയുടെ 'ഒരു പ്രകൃതി ശാസ്ത്രജ്ഞന്റെ അന്ത്യം' എന്ന കവിതയില്‍ നിന്നും പ്രചോദനം നേടി സാക്ഷാത്ക്കരിക്കപ്പെട്ടതാണ്‌. ഐറിഷ്‌ കവി ഹേനെയുടെ ഈ രചന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പ്രശ്നീകരിക്കുന്നു. തവളമുട്ടകള്‍ കൌതുകത്തോടെ ശേഖരിച്ച്‌ പരീക്ഷണം നടത്തുന്ന ഒരു ബാലന്റെ അനുഭവമാണ്‌, ഈ കവിത. തന്റെ അദ്ധ്യാപികയുടെ വാക്കുകളില്‍ താല്‍പര്യം ജനിച്ച്‌ പ്രകൃതി നിരീക്ഷണത്തിനും പരീക്ഷണത്തിനും അവന്‍ ഇറങ്ങി പുറപ്പെടുന്നു. പ്രകൃതിയെ നിഷ്ക്കളങ്കതയോടെയും വലിയ ജിജ്ഞാസയോടെയും അവന്‍ നോക്കിക്കാണുന്നു. തവളമുട്ടകള്‍ ശേഖരിക്കുന്നതോടെ ആ ബാലന്‍ ഭയത്തിന്‌ കീഴ്പ്പെടുന്നു. തവളകള്‍ ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിച്ച്‌ അവനെ പേടിപ്പിക്കുന്നു. അവന്റെ നിഷ്ക്കളങ്കതയുടെ നഷ്ടമാണിത്‌. മനുഷ്യന്റെ തന്നെ ബാല്യകാലനിഷ്ക്കളങ്കതയുടെ നഷ്ടമായി ഹേനെയുടെ കവിതയെ നമുക്കു വായിക്കാം.
ഐറിഷ്‌ കവിതയെ സമകാല മലയാളജീവിതത്തിലേക്കു പറിച്ചു നടുകയും വളരെ വ്യത്യസ്തമായ ചില പാരായണസാദ്ധ്യതകള്‍ നല്‍കുകയും ചെയ്തു കൊണ്ടാണ്‌ ജി. ഹരികൃഷ്ണന്‍ തന്റെ ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്‌. സമകാലത്തിന്റെ ദുരവസ്ഥകളെ കവിതയുടെ പ്രമേയവുമായി ഫലപ്രദമായി കണ്ണിചേര്‍ക്കുന്ന നല്ല ശേഷികളുടെ വിനിയോഗം ഈ ലഘുചിത്രത്തില്‍ നിന്നും കണ്ടെടുക്കാം. പ്രകൃതിയില്‍ നിന്നും അകലുകയും അതിനെ നാശോത്മുഖമാക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന സമകാല മനുഷ്യസംസ്ക്കാരത്തിന്റെ വിമര്‍ശനമാണ്‌ ചിത്രത്തിന്റെ കാതല്‍. പ്രകൃതിനാശത്തില്‍ മൂലധനത്തിന്റേയും ലാഭത്തിന്റേയും ശക്തികള്‍ക്കുള്ള പങ്ക്‌ സൂചിപ്പിക്കപ്പെടുന്നു. മൃഗങ്ങളുടേയും പക്ഷികളുടേയും ആവാസവ്യവസ്ഥകളിലുണ്ടാകുന്ന നാശം ജീവികളുടെ വ്യാപകമായ വംശനാശത്തിലേക്കും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നതിലേക്കും എത്തിപ്പെടുന്നു. ദരിദ്രജനവിഭാഗങ്ങളെ അവരുടെ കുടിയിടങ്ങളില്‍ നിന്നും പുറത്താക്കുന്നു. തവളമുട്ടകള്‍ ശേഖരിക്കുന്ന ബാലനില്‍ ഉളവാകുന്ന ഭയത്തിന്റെ വ്യത്യസ്തമാനങ്ങളെ ഈ ലഘുചിത്രം നേര്‍ക്കാഴ്ചയായി അവതരിപ്പിക്കുന്നു. എന്നാല്‍, കേവലപ്രകൃതിയോടുള്ള ആഭിമുഖ്യമായി ന്യൂനീകരിക്കപ്പെടാതെ ഇതോടൊപ്പം നമ്മുടെ സാമൂഹികജീവിതത്തില്‍ പ്രത്യക്ഷപ്പെടുന്ന ദുഷിച്ച അവസ്ഥകളെ കൂടി ചിത്രം കാണുന്നു. അങ്ങനെ ഇവ പരസ്പരാശ്രിതവും പരസ്പരപൂരകവുമായ അവസ്ഥാവിശേഷങ്ങളാണെന്നു പറയുന്നു. സ്ഥിതവിദ്യാഭ്യാസവ്യവസ്ഥക്ക്‌ അത്‌ ഒരു വിമര്‍ശനപാഠം നിര്‍മ്മിക്കുന്നു. അച്ചുകളില്‍ വാര്‍ത്തെടുക്കുന്ന, ആത്മാവില്‍ തട്ടാതെ എന്തെല്ലാമോ പഠിക്കുന്ന വിദ്യാര്‍ത്ഥികളേയും അവരെ നയിക്കുന്ന മുഖമില്ലാത്ത അദ്ധ്യാപകരേയും (ചിത്രത്തില്‍ അദ്ധ്യാപകന്‍ പ്രത്യക്ഷപ്പെടുന്ന ഒരു ഭാഗത്തും അയാളുടെ മുഖം ക്യാമറയുടെ കണ്ണില്‍ വരുന്നില്ല.) നാം കാണുന്നു. സമുഹവും ജീവിതവുമായി ബന്ധമില്ലാത്ത അദ്ധ്യയനരീതികള്‍ ജിജ്ഞാസുവിനെ തഴയുകയും ഒഴിവാക്കുകയും ചെയ്യുന്നു. മുന്‍ഗണനാക്രമങ്ങള്‍, വളരെ പ്രത്യക്ഷമായ ചൂഷണങ്ങള്‍...നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥക്ക്‌ ഒരു വിമര്‍ശനമെഴുതാന്‍ ചുരുക്കം ഫ്രെയിമുകള്‍ കൊണ്ട്‌ സംവിധായകനു കഴിഞ്ഞിരിക്കുന്നു. ഒരു ദളിത്‌ കുടുംബത്തിന്റെ ചിത്രണത്തിലൂടെ ദളിത്‌ ജീവിതത്തിന്റെ ദയനീയാവസ്ഥകളോടൊപ്പം നമ്മുടെ കുടുംബവ്യവസ്ഥയില്‍ സ്ഥിതമായിരിക്കുന്ന സ്ത്രീ വിരുദ്ധതയുടെ സൂചകങ്ങളെ കാണിച്ചു തരുന്നതിനും സംവിധായകന്‍ ഉത്സുകനാകുന്നുണ്ട്‌. മറുപുറത്ത്‌, പുരുഷന്റെ ലോകത്തിന്‌ മൂലധനശക്തികളുമായുള്ള പ്രത്യക്ഷവും പരോക്ഷവുമായ ബന്ധങ്ങളെ പ്രദര്‍ശിപ്പിക്കുന്ന ഒരു രംഗചിത്രവും ഈ ലഘു ചലച്ചിത്രത്തിലുണ്ട്‌. 


കാര്യങ്ങള്‍ പറയുതിന്‌ വളരെ വലിയ ഫ്രെയിം വേണമെന്ന വിശ്വാസത്തെ ഹരികൃഷ്ണന്റെ ചിത്രം നിരാകരിക്കുന്നു. ശരിയായ ചെറിയ നോട്ടങ്ങള്‍ക്കു പോലും വളരെയേറെ കാര്യങ്ങളെ കണ്ടെത്താന്‍ കഴിയുമെന്നതിന്റെ തെളിവായി ഈ പുതിയ സംവിധായകന്റെ ക്യാമറയുടെ കണ്ണ്‌ മാറുന്നുണ്ട്‌. പ്രകൃതിസൌന്ദര്യത്തിന്റെ അത്യന്തം ആകര്‍ഷകമായ ചില ദൃശ്യങ്ങള്‍ ഈ ചലച്ചിത്രം നല്‍കുന്നു. മാനന്തവാടി, മറയൂര്‍, മൂന്നാര്‍ എന്നീ സ്ഥലങ്ങളിലെ അതിമോഹനമായ ചില കാഴ്ചകളും സവിശേഷമായ ചില ക്ളോസ്‌-അപുകളും പ്രത്യേകം എടുത്തു പറയണം. ഛായാഗ്രഹണവും ഫ്രെയിമുകളുടെ കൃത്യമായ വിളക്കിച്ചേര്‍ക്കലുകളും നിര്‍വ്വഹിച്ച മഞ്ജുലാലിന്റെ കഴിവുകളെ സവിശേഷം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. പ്രധാന കഥാപാത്രമായ കുഞ്ഞു എന്ന ബാലനെ അവതരിപ്പിച്ച സ്ക്കൂള്‍ വിദ്യാര്‍ത്ഥിയായ ലിബിന്‍ലാല്‍ നാടകമത്സരങ്ങളിലൂടെ തന്റെ കഴിവു തെളിയിച്ച ബാലനടനാണ്‌. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച രതി, പ്രതാപന്‍, അനുഗ്രഹ എന്നിവരും തങ്ങളുടെ പങ്ക്‌ സാമാന്യം നന്നായി തന്നെ നിര്‍വ്വഹിച്ചിട്ടുണ്ട്‌.

Tuesday, October 12, 2010

വൈരുദ്ധ്യാത്മകത: കവിതയിലും ജീവിതത്തിലും

'അമ്പാടിയിലേക്കു വീണ്ടും' എന്ന കവിതയ്ക്കു മുന്നിലായി ഇടശ്ശേരി കുറിച്ചു വച്ച വാക്യങ്ങള്‍ ഇങ്ങനെയാണ്‌. "കൃഷ്ണപ്പാട്ടിലെ രാസക്രീഡ വായിച്ചു തീര്‍ന്നപ്പോള്‍ താദൃശമായ മറ്റൊരു രംഗം ദു:ഖപര്യവസായിയായേ പറ്റൂവെന്നു തോന്നി. അതിന്റെ ഫലമാണ്‌ ഈ കവിത." ജീവിതത്തിന്റെ ശ്രേഷ്ഠതരങ്ങളായ അര്‍ത്ഥങ്ങളെ അറിയാത്ത വലിയ സുഖാഘോഷങ്ങള്‍ക്കെതിരായ ഒരു പ്രസ്താവനയാണിത്‌. കവിതയിലുടനീളം ഈ അര്‍ത്ഥതലത്തിന്‌ ഉറപ്പും ശക്തിയും നല്‍കാന്‍ കവി ശ്രമിക്കുന്നു. എന്നാല്‍, വിധിവിശ്വാസത്തിന്റേയും അതിഭൌതികതയുടേയും മൂലകങ്ങളെ കവിയുടെ ഈ കുറിപ്പിലും കവിതയിലും കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ ഏറെയുണ്ടാകും. ഏറെ ചിരിക്കരുത്‌, കരയും എന്ന പഴമൊഴിയുടെ വിധിവിശ്വാസപരമായ അര്‍ത്ഥമാണ്‌ കവിത ഉള്‍ക്കൊള്ളുന്നതെന്ന് വ്യാഖ്യാനിച്ചെടുക്കാനുള്ള സാദ്ധ്യതകളുണ്ടുതാനും. ജീവിതത്തിന്റെ ഭൌതികതയിലും വൈരുദ്ധാത്മകതയിലും ഊന്നുന്ന കവിത അതിഭൌതികവാദത്തിന്റെ ന്യൂനവായനകളെ അതിലംഘിക്കുന്നുവെന്നു പറയാനാണ്‌ ഈ ലേഖനം താല്‍പര്യപ്പെടുന്നത്‌.


സുഖവും ദു:ഖവും കൂടിച്ചേരുമ്പോഴാണ്‌ ജീവിതം പൂര്‍ണ്ണവും സാര്‍ത്ഥകവുമാകുന്നതെന്ന് ഇടശ്ശേരി പറയുന്നു. ഈ കവി, ദു:ഖങ്ങളേയും കണ്ണീരിനേയും അനുഗ്രഹങ്ങളായി കാണുന്നു. കണ്ണീരിന്റെ ഉപ്പു കലരാത്ത ജീവിതപലഹാരം രുചിയില്ലാത്തതാണെന്ന് ഇടശ്ശേരിയുടെ രസന തിരിച്ചറിയുന്നു. വിശപ്പാണ്‌ ഭക്ഷണത്തിനു രുചിയേറ്റുന്നതെന്ന്, വിരഹമാണ്‌ പ്രണയത്തെ ഉല്‍ക്കര്‍ഷിതമാക്കി ദൃഢീകരിക്കുന്നതെന്ന്, നേട്ടത്തിനുളള ബദ്ധപ്പാടുകളാണ്‌ ഏത്‌ വിജയത്തേയും ഉത്സവമാക്കി മാററുന്നതെന്ന് ഈ കവി ഉറപ്പു വരുത്തിയിട്ടുണ്ട്‌. എന്നേക്കുമായി വിശപ്പിനെ അകറ്റുന്ന ഭക്ഷണവിഭവങ്ങളും വിരഹമറിയാത്ത പ്രണയങ്ങളും ചോര വീഴാതെ ഒഴിഞ്ഞുകിട്ടുന്ന യുദ്ധവിജയങ്ങളും ശത്രുക്കള്‍ക്കായി ആശംസിക്കുന്ന കവി ജീവിതത്തെ കുറിച്ചുള്ള ശ്രേഷ്ഠമായ അര്‍ത്ഥത്തില്‍ എത്തിച്ചേരുന്നു. ദു:ഖത്തെ കുറിച്ചുളള അറിവും അനുഭവവുമാണ്‌ സുഖത്തെ കുറിച്ചുളള ബോദ്ധ്യവും സുഖാവസ്ഥയില്‍ ആനന്ദവും ജനിപ്പിക്കുന്നത്‌. ഇത്‌ വൈരുദ്ധ്യങ്ങളുടെ ഐക്യതലത്തെ കുറിച്ചുളള അവബോധമാണ്‌. ജീവിതത്തെ ജീവിതവ്യമാക്കുന്നത്‌ ഈ ഐക്യമാണ്‌. ഒരു പ്രതിപക്ഷതയുടെ രണ്ട്‌ അഗ്രങ്ങള്‍ തമ്മില്‍; സുഖവും ദു:ഖവും തമ്മില്‍, എത്രമാത്രം വൈപരിത്യമുണ്ടോ അത്രയും തന്നെ അവ തമ്മില്‍ അഭേദതയുമുണ്ടെന്ന് കവി അറിയുന്നു. വിപരീതഭാവങ്ങളില്‍ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഐക്യം കുടികൊള്ളുന്നുണ്ടെന്ന കണ്ടെത്തലാണിത്‌. ജീവിതത്തിന്റെ വൈരുദ്ധ്യാത്മകതയെ കുറിച്ചുളള തിരിച്ചറിവും. ജീവിതയാഥാര്‍ത്ഥ്യങ്ങളെ സമഗ്രമായി മനസ്സിലാക്കുന്നവര്‍ക്ക്‌ അതിഭൌതികവാദത്തിന്റെ വിശ്വാസസീമകളെ അതിലംഘിക്കേണ്ടി വരുമെന്നതിന്റെ തെളിവും കൂടിയാണിത്‌. 'അമ്പാടിയിലേക്ക്‌ വീണ്ടും' എന്ന കവിതയിലെ ദാരുകന്റെ വിചാരങ്ങള്‍ കവിയുടെ ആത്മാവിനെ സ്പര്‍ശിച്ച വിചാരങ്ങളാണ്‌. ജീവിതത്തിന്റെ നിമ്നോന്നതങ്ങളെ ഭേദങ്ങളേതുമില്ലാതെ അനുഗ്രഹങ്ങളായി കാണാന്‍ കഴിയുന്ന ദാരുകന്‍ എന്ന കഥാപാത്രം സമതുലിതമായ ഒരു ജീവിതദര്‍ശനത്തിന്റെ സൃഷ്ടിയാണ്‌. രാജപാതകളിലൂടെയല്ല, നിമ്നോന്നതങ്ങളായ വഴികളിലൂടെ കുതിരകളെ പായിക്കാന്‍ ഇഷ്ടപ്പെടുന്ന തേരാളിയെ സങ്കല്‍പിക്കുന്ന കവി, ജീവിതത്തിന്റെ ഉയര്‍ച്ച-താഴ്ചകളെ കുറിച്ച്‌ വിചാരപ്പെടുന്നത്‌ യാഥാര്‍ത്ഥ്യത്തിന്റെ ഭൌതികതയില്‍ അധിഷ്ഠിതമായ ധാരണകളെ കൊണ്ടാണ്‌.


വിരഹം കൊണ്ട്‌ ഗുരുത്വം സമാര്‍ജ്ജിച്ച പ്രണയത്തെ ആവിഷ്ക്കരിക്കുന്ന കവിത കൂടിയാണിത്‌. തന്റെ ജീവിത വീക്ഷണത്തിലെ വൈരുദ്ധ്യാത്മകത കൊണ്ട്‌ ഗോപികമാരുടെ കൃഷ്ണപ്രണയത്തിന്‌ ഇടശ്ശേരി പുതിയ അര്‍ത്ഥമാനങ്ങള്‍ നല്‍കുന്നു. തന്നത്താന്‍ മറന്ന് പ്രേമപാത്രവുമായി സായൂജ്യം പ്രാപിക്കുകയെന്ന പ്രേമദര്‍ശനത്തെയല്ല കവി പ്രേക്ഷണം ചെയ്യുന്നത്‌. ആദര്‍ശപ്രേമത്തെ കുറിച്ചുളള വിമോഹന വിചാരങ്ങളെ ഇയാള്‍ ഒഴിവാക്കുന്നു. മറ്റൊരു കവിതയില്‍


കാമമോ സഖീ, മാംസബദ്ധം
വെറും നൈമിഷിക സുഖ:ഭ്രമദായകം
ഹാ, നമുക്കതല്ലാദര്‍ശമോമനേ,
ജ്ഞാനികള്‍ക്കതല്ലൊത്ത സുഖ:പദം


എന്നിങ്ങനെ വിശുദ്ധപ്രേമത്തെ ഘോഷിക്കുന്ന നായകന്റെ വാദങ്ങളെ


ഏതൊരാദര്‍ശത്തിലും താഴെയോ മഹാത്മാവേ,
ഭൂതകാരുണ്യം നമ്മെ മര്‍ത്ത്യരാക്കീടും പുണ്യം


നായികയുടെ സമഗ്രജീവിതവീക്ഷണം കൊണ്ട്‌ ചോദ്യം ചെയ്യപ്പെടുന്നുണ്ടല്ലോ. ജീവിതത്തില്‍ നിന്നും ഭൌതികതയെ പൂര്‍ണ്ണമായും അടര്‍ത്തിമാറ്റുകയും കേവലമാനങ്ങള്‍ നല്‍കപ്പെട്ട ആദര്‍ശത്തിന്റെ ലോകത്ത്‌ ജീവിതത്തെ കുടിയിരുത്തുകയും ചെയ്യുന്ന സമീപനങ്ങളോട്‌ ഇടശ്ശേരി മമത കാട്ടിയിട്ടില്ല. രാധാകൃഷ്ണ പ്രണയത്തേയും ഗോപികാവിരഹത്തേയും ആദര്‍ശീകരിച്ച്‌, കാല്‍പനികതയുടെ നിറക്കൂട്ടില്‍ പൊതിഞ്ഞെടുത്ത്‌ എഴുതപ്പെട്ട പല പില്‍ക്കാല കവിതകളില്‍ നിന്നു പോലും അമ്പാടിയിലേക്ക്‌ വീണ്ടും വളരെ വ്യത്യസ്തമാകുന്നതും ഉയര്‍ന്നു നില്‍ക്കുന്നതും ഇതുകൊണ്ടാണ്‌.


ആദര്‍ശവാദികള്‍ വരയ്ക്കുന്ന ഋജുരേഖയിലൂടെയല്ല ജീവിതം ചരിക്കുന്നത്‌. ജീവിതത്തിന്റെ വിഷമരേഖകളെ കുറിച്ച്‌ അറിയാവുന്ന ഇടശ്ശേരി, "നമ്മള്‍ക്ക്‌ മുമ്പോട്ടു മുമ്പോട്ടു പോയ്‌ നന്മയോ തിന്മയോ നേടാമൊപ്പം" എന്നു സുഹൃത്തിനോടു പറയുന്ന കവിയാണ്‌. ഇതോടൊപ്പം, ജീവിതത്തിന്റെ സദ്മൂല്യങ്ങളെ സ്വീകരിക്കാനും അവയുടെ ശോഷണത്തില്‍ ആശങ്കാകുലമാകാനും ഇടശ്ശേരിയുടെ കവിതക്കു കഴിയുന്നു. ഗോകുലം ജീവിതമൂല്യമടര്‍ത്തി പന്താടുകയായിരുന്നുവെന്നു പറയുന്ന ദാരുകനും


മുക്തമാക്കീയൊട്ടിട ഞങ്ങടെ
ഭര്‍തൃ പുത്ര പിതൃ ബന്ധം
മാനുഷികത്വത്തിങ്കല്‍ നിന്നുമു-
യര്‍ത്തുകയുണ്ടായൊരു ദേവന്‍
അമ്മമാരല്ല,രിയ സഹോദരി-
മാര,ല്ലച്ചികളല്ലാര്‍ക്കും
അന്നു കാനനകേളീലോലകള്‍


എന്നു പറയുന്ന ഗോപികമാരും രാസക്രീഡയുടെ ഇന്ദ്രീയഭോഗപരതയെ കുറിച്ച്‌ മനസ്സിലാക്കി കഴിഞ്ഞവരാണ്‌. ലൌകികജീവിതത്തിലെ നിസ്സഹായാവസ്ഥകളിലും ഭോഗത്തിന്റെ സുഖാലസ്യങ്ങളിലും പെട്ടു മുങ്ങിപ്പോകാതിരിക്കുവാന്‍ ആത്മസമര്‍പ്പണത്തിന്റെ ഈ അന്ത്യരംഗം അനുപേക്ഷണീയമാണെന്ന് ജീവിതത്തിന്റെ വൈരുദ്ധ്യാത്മകതയറിഞ്ഞ കവിയ്ക്ക്‌ ഉറപ്പുണ്ടായിരുന്നു.


മലയാളത്തിലെ ഏറ്റവും പുതിയ കവികള്‍ തങ്ങളുടെ സമീപഭൂതകാലത്തെ ആധുനിക കവികളെ ഉപേക്ഷിച്ച്‌ ഇടശ്ശേരിയില്‍ ഗുരുവിനെ കണ്ടെത്തുന്നത്‌ വെറുതെയല്ല: റഫീക്ക്‌ അഹമ്മദും പി. പി. രാമചന്ദ്രനും പി.എന്‍.ഗോപീകൃഷ്ണനും പി.രാമനുമെല്ലാം അടങ്ങുന്ന പുതുതലമുറക്ക്‌ വഴികാട്ടിയാകുന്നത്‌ ഇടശ്ശേരിയുടെ ആഡംബരങ്ങളില്ലാത്ത ജീവിതദര്‍ശനമാണ്‌. ഇടശ്ശേരി ഇവര്‍ക്ക്‌ കലങ്ങിയ വെള്ളത്തില്‍ വഴികാട്ടാനുദിക്കുന്ന സൂര്യഛായയാണ്‌.

Wednesday, October 6, 2010

കെ.കരുണാകരന്‍, കെ.വേണു, എം.മുകുന്ദന്‍

(പഴയൊരു ലേഖനമാണിത്.
കലാകൌമുദിയുടെ 1673-ലക്കത്തില്‍
(2007 സപ്തംബര്‍ 30)പ്രസിദ്ധീകരിച്ചത്.)

ഇത്‌ ഒരു രാഷ്ട്രീയ ലേഖനമല്ല. ഒരു കഥാനിരൂപണമാണ്‌. ഒരു കഥയുടെ നിരൂപണത്തിന്‌ ഇത്തരമൊരു ശീര്‍ഷകം അത്ര പരിചിതമായിരിക്കില്ല. അതിലുമേറെ, കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക മണ്ഡലങ്ങളിലെ വ്യത്യസ്തഗണങ്ങളില്‍ ഉള്‍പ്പെടുത്തിമാത്രം പരാമര്‍ശിക്കപ്പെടാറുളള മൂന്നു വ്യക്തിത്വങ്ങളെ ഒരുമിച്ചു ചേര്‍ക്കുന്ന ശീര്‍ഷകം മറ്റൊരു അപരിചിതത്വത്തെ കൂടി സൃഷ്ടിക്കുന്നുമുണ്ടാകാം. എന്നാല്‍, ഈ അപരിചിതത്വങ്ങള്‍ നിരൂപകന്റെ ഭാവന ചമച്ചതല്ല. കേരളത്തിലെ ജനങ്ങളുടെ മുന്നിലേക്ക്‌ കെ.വേണുവും കെ.കരുണാകരനും ഒരേ കാലത്ത്‌ പോസ്‌ ചെയ്യപ്പെട്ടിട്ടുളള സന്ദര്‍ഭങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്‌. നക്സലൈറ്റുകളുടെ അനുഭാവിയായിരുന്ന രാജന്‍ എന്ന വിദ്യാര്‍ത്ഥി അടിയന്തരാവസ്ഥക്കാലത്ത്‌ പോലീസ്‌ ക്യാമ്പില്‍ കൊല ചെയ്യപ്പെട്ടപ്പോള്‍, അന്നത്തെ പോലീസ്‌ മന്ത്രിയായിരുന്നത്‌ കെ.കരുണാകരനായിരുന്നു. രാജന്റെ കൊലപാതകം ജനാധിപത്യകേരളത്തിന്റെ മനസ്സുകളില്‍ വലിയ പ്രക്ഷോഭങ്ങളായി വളര്‍ന്ന സന്ദര്‍ഭത്തില്‍, കേരളത്തിലെ നക്സലൈറ്റ്‌ പ്രസ്ഥാനത്തില്‍ നേതൃത്വത്തില്‍ കെ. വേണുവുമുണ്ടായിരുന്നു. പിന്നീട്‌, ഇവര്‍ രണ്ടുപേരും ഒരേ രാഷ്ട്രീയമുന്നണിയുടെ സ്ഥാനാര്‍ത്ഥികളായി ഒരേ വേദിയിലെത്തുന്നതും തങ്ങളുടെ നയങ്ങള്‍ക്കുവേണ്ടി ജനങ്ങളോട്‌ സമ്മതിദാനം അപേക്ഷിക്കുന്നതും നാം കാണുകയുണ്ടായി. ഈയടുത്തകാലത്ത്‌, വീണ്ടും ഇവര്‍ യോജിപ്പിലെത്തിയ ഒരു കാര്യമാണ്‌ ഈ ലേഖനത്തിന്റെ ശീര്‍ഷകത്തിന്‌ ഹേതുവാകുന്നത്‌. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി വി.എസ്‌.അച്ചുതാനന്ദന്റെ നേതൃത്വത്തില്‍ സ്വീകരിച്ച നടപടികള്‍ നാറാണത്തുഭ്രാന്തന്റെ കല്ലുരുട്ടലാണെന്നു പറഞ്ഞ കെ.കരുണാകരനും ആ ഇടിച്ചുനിരത്തല്‍ അധാര്‍മ്മികവും ജനാധിപത്യവിരുദ്ധവുമാണെന്നു പറഞ്ഞ കെ.വേണുവും യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുന്നുണ്ട്‌. നോവലിസ്റ്റും കഥാകാരനും കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടുമായ എം.മുകുന്ദന്‍ ഇതേ ഭൂമികയിലേക്കു വരുന്നത്‌ അദ്ദേഹത്തിന്റെ ഒരു കഥാഖ്യാനത്തിലൂടെയാണ്‌. 'ദിനോസറുകളുടെ കാലം' എന്ന കഥ എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന സമകാലത്ത്‌ അത്‌ ഉല്പാദിപ്പിക്കുന്ന പാഠങ്ങള്‍ ലേഖനശീര്‍ഷകത്തിനുള്ള ന്യായീകരണമാകുന്നു.


'ദിനോസറുകളുടെ കാലം' ഒരു ഇടിച്ചുനിരത്തലിന്റെ കഥയാണ്‌ പറയുന്നത്‌. ഇവിടെ ഇടിച്ചുനിരത്തുന്നത്‌ ജെ.സി.ബി.യല്ല. ഒരു കൂറ്റന്‍ജീവി, ദിനോസറെന്ന് അതിനു പേരു പറയുന്നു. വംശനാശം വന്നുവെന്നു കരുതിയ ആ ഹിംസ്രജന്തു കടന്നുവന്ന് ബംഗ്ളാവുകളും ഹോട്ടല്‍ സമുച്ചയങ്ങളും ഇടിച്ചുനിരത്തുന്നു. നേരം പുലര്‍ന്നപ്പോള്‍ തന്നെ ഭീകരജീവിയുടെ വാര്‍ത്തയുമായി ഇടിയന്‍ നാണു ഗോവിന്ദമ്മാവന്റെ ചെറിയ വീട്ടിലെത്തി. നാണുവിണ്റ്റെ വാക്കുകളെ ഗോവിന്ദമ്മാവന്‌ വിശ്വസിക്കാനായില്ല. ഇടിയന്‍ നാണുവിനെ പേടിപ്പെടുത്തിയ ഭീകരജീവിയെ കാണാന്‍ ഗോവിന്ദമ്മാമനും പുറപ്പെടുന്നു. ആന ചവുട്ടിയാലും കുലുങ്ങാത്ത കൂറ്റന്‍ ഇരുമ്പുഗേറ്റുകള്‍ ദിനോസറിന്റെ പല്ലുകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്നതും വലിയ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ ഒറ്റയിടിക്ക്‌ നിരത്തുന്നതും ജനലുകളും വാതിലുകളും പറിച്ചെടുത്ത്‌ നാലുപാടും വലിച്ചെറിയുന്നതും ഗോവിന്ദമ്മാമന്‍ കണ്ടുനില്‍ക്കുന്നു. ആള്‍ക്കൂട്ടം ആരവങ്ങളോടെ ഇതിനെ സ്വീകരിക്കുന്നു. പേടിമാറിയ ഗോവിന്ദമ്മാമന്‍  നാട്ടുകാരുടെ നായകനായി ഇടിച്ചുനിരത്തല്‍ പരിപാടിയുടെ നിയന്ത്രണമേറ്റെടുത്ത്‌ ആ ഭീകരമൃഗത്തെ നയിക്കുന്നു. ഗോവിന്ദമ്മാമന്റെ ചോര്‍ന്നൊലിക്കുന്ന വീടു കൂടി ഇടിച്ചുനിരത്താനായി നീങ്ങുന്ന ഹിംസ്രജന്തുവിന്റെ ചിത്രത്തോടെയാണ്‌ മുകുന്ദന്റെ കഥ അവസാനിക്കുന്നത്‌.


പുരോഗമനത്തിന്റെ ചട്ട അണിയിച്ച കഥകള്‍ മുകുന്ദന്‍ ഇതിനുമുമ്പും എഴുതിയിട്ടുണ്ട്‌. ഭാംഗും ചരസ്സും നിരാശാബോധവും നിറഞ്ഞ ദല്‍ഹി എന്ന നോവലിനുശേഷം ദല്‍ഹി-81 എന്ന കഥയിലെത്തുമ്പോഴേക്കും വിപരീതദര്‍ശനത്തില്‍ നിന്നും മാനവിക മൂല്യങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന ആളായി അദ്ദേഹം മാറിയിരുന്നു. കേരളത്തില്‍, ഉത്തരാധുനികത ചര്‍ച്ച ചെയ്യപ്പെടുന്ന ഘട്ടത്തില്‍, ആധുനികതയെ അതിജീവിക്കാനും ആദ്യത്തെ ഉത്തരാധുനികനോവലെന്നു ചിലര്‍ പുകഴ്ത്തുന്ന 'ആദിത്യനും രാധയും മറ്റു ചിലരും' എഴുതാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇ.എം.എസിനെ ഒരു വിഗ്രഹമായി നോക്കിക്കാണാന്‍ കേരളത്തിലെ മദ്ധ്യവര്‍ഗ്ഗസമൂഹം ആരംഭിച്ച ഒരു സന്ദര്‍ഭത്തില്‍ നോവല്‍രൂപത്തില്‍ ഇ.എം.എസിന്‌ നിന്ദാദ്യോതകമായ സ്തുതികള്‍ എഴുതി ഇ.എം.എസ്‌ ആരാധകരുടേയും വിമര്‍ശകരുടേയും കൈയ്യടികള്‍ ഒരേ സമയം തന്നെ നേടാന്‍ അദ്ദേഹം ശ്രമിക്കുന്നതും നാം കാണുകയുണ്ടായി. ദളിതരുടെയും ആദിവാസികളുടെയും പ്രശ്നങ്ങള്‍ സമൂഹത്തില്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന ഒരു ഘട്ടത്തില്‍ പുലയപ്പാട്ടെഴുതി ആനുകാലികനാകാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നു. കലാകാരന്‌ കാലത്തോടു മാത്രമാണ്‌ കടപ്പാട്‌ എന്ന ആധുനികതയെ കുറിച്ചുളള അദ്ദേഹത്തിന്റെ തത്ത്വശാസ്ത്ര നിലപാട്‌ നാം പരിചയപ്പെടുന്നത്‌ ഇത്തരം അവസരവാദങ്ങളിലൂടെയും മെയ്‌ വഴക്കങ്ങളിലൂടെയുമാണ്‌. പുതിയ കഥയുടെ ശീര്‍ഷകത്തില്‍ തന്നെ കാലസൂചനയുണ്ട്‌. ഇത്‌ ദിനോസറുകളുടെ കാലമാണെന്ന് മുകുന്ദന്‍ പറയുന്നു. മുകുന്ദന്റെ ഈ കഥക്ക്‌ കേരളീയന്റെ രാഷ്ട്രീയജീവിതവുമായുളള ബന്ധം പരിശോധിക്കപ്പെടണം. കഥാകാരന്റെ പ്രത്യയശാസ്ത്രനിലപാടുകള്‍ ആരെയാണ്‌ തൃപ്തിപ്പെടുത്തുന്നതെന്നും വിശ്ലേഷണം ചെയ്യപ്പെടണം.


മുകുന്ദന്റെ കഥയിലെ ഇടിച്ചുനിരത്തല്‍, മൂന്നാറിലെ കൈയ്യേറ്റഭൂമിയിലെ ഇടിച്ചുനിരത്തലിനോടു സാദൃശ്യമുളളതാണ്‌. സാദൃശ്യങ്ങളെ ഇങ്ങനെ രേഖപ്പെടുത്താം. നശീകരണത്തിനു നേതൃത്വം നല്‍കുന്ന, നാട്ടുകാര്‍ക്കു നല്ലവനായ ഗോവിന്ദമ്മാമന്‍ വി.എസ്‌. അച്ചുതാനന്ദന്റെ അപരരൂപമാണ്‌. നശീകരണം നിര്‍വ്വഹിക്കുന്ന വംശനാശം വന്നുവെന്നു കരുതപ്പെട്ടിരുന്ന ഹിംസ്രജന്തു സ്റ്റാലിനിസമാണ്‌. വി.എസ്‌. അച്ചുതാനന്ദന്‍ സ്റ്റാലിനിസ്റ്റാണെന്ന പൊതുബോധം ഈ സാദൃശ്യത്തെ സാധൂകരിക്കും. ആരവങ്ങളോടെ ഇടിച്ചുനിരത്തലിനെ നോക്കിനില്‍ക്കുന്ന ആള്‍ക്കൂട്ടം നശീകരണത്തില്‍ അഭിരമിക്കുന്ന കേരളത്തിലെ മദ്ധ്യവര്‍ഗ്ഗമാണ്‌. ഈ സാദൃശ്യങ്ങളോടൊപ്പം വി.എസ്‌. അച്ചുതാനന്ദന്റെ സമകാലപൊതുസമ്മതിയേയും കഥാകാരന്‍ ഉപയോഗിക്കുന്നു. ഗോവിന്ദമ്മാവന്‍ നാടിന്റെ നന്മയുടെ പ്രതീകമാണ്‌. കഥാകാരന്റെ വാക്കുകളില്‍ ഗോവിന്ദമ്മാവന്റെ വ്യത്യസ്തവും ആദര്‍ശപൂരിതവുമായ ജീവിതം വര്‍ണ്ണിക്കപ്പെടുന്നുമുണ്ട്‌. ഗോവിന്ദമ്മാമന്റെ ചോര്‍ന്നൊലിക്കുന്ന കൂരയെ പോലും ഈ ഭീകരജീവി നക്കിത്തുടക്കുമെന്ന് പറയുന്ന ഈ കഥ മൂന്നാറിലെ കൈയ്യേറ്റഭൂമിയിലെ ഇടിച്ചുനിരത്തല്‍ ജനാധിപത്യവിരുദ്ധമായ ഒരു പ്രവര്‍ത്തനമാണെന്നും  അതിനു ലഭിക്കുന്ന പിന്തുണ കേരള മദ്ധ്യവര്‍ഗ്ഗസമൂഹത്തിലെ ജനാധിപത്യവിരുദ്ധ മനോഘടനയുടെ പ്രകാശനമാണെന്നും സൂചിപ്പിക്കുന്നു. "തല ബോര്‍ഡിന്റെ കീഴെവച്ച്‌ പതുക്കെ മുകളിലേക്ക്‌ ഒരു തട്ട്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ സിക്സര്‍പോലെ അത്‌ വാഹനങ്ങളുടേയും ആള്‍ക്കൂട്ടത്തിന്റേയും മുകളിലൂടെ പറന്ന് ദൂരെ റോഡിന്റെ മറുഭാഗം ചെന്നു വീണു.", "റിസപ്ഷനിസ്റ്റിന്റെ പൂപ്പാത്രവും കമ്പ്യൂട്ടറും വെച്ച മേശ കടിച്ചെടുത്ത് വട്ടം തിരിഞ്ഞ്‌ പുറത്തേക്കെറിഞ്ഞു. ബൌണ്ടറി" എന്നിങ്ങനെ ക്രിക്കറ്റുകളിയില്‍ നിന്നും രൂപകങ്ങള്‍ സ്വീകരിച്ചുകൊണ്ട്‌ ദിനോസറിന്റെ ഇടിച്ചുനിരത്തലിനെ വിശദീകരിക്കുന്ന കഥാകാരന്‍, ആക്രമണോത്സുകവും നശീകരണോന്മുഖവും ജനാധിപത്യവിരുദ്ധവുമായ ഒരു പ്രവര്‍ത്തനത്തെ ക്രിക്കറ്റ്‌ കളി കാണുന്ന ആഹ്ലാദത്തോടെയും ലാഘവത്തോടെയുമാണ്‌ കേരളത്തിലെ മദ്ധ്യവര്‍ഗ്ഗം എതിരേറ്റതെന്നു പറയുന്നു. ഗോവിന്ദമ്മാമന്റെ ചോര്‍ന്നൊലിക്കുന്ന കൂരയെ പോലും നക്കിത്തുടക്കുന്നതിലൂടെ, നന്മയുടെ അവസാനത്തെ തുളളിയെ പോലും ബാക്കിവയ്ക്കാത്ത നൃശംസപ്രവര്‍ത്തനമാണിതെന്ന് അത്‌ വിലയിരുത്തുന്നു. വംശനാശം വന്നുവെന്ന് ഉറപ്പിച്ചിട്ടും പിന്നെയും തിരിച്ചുവരുന്ന സ്റ്റാലിനിസത്തിനെതിരെ ദിനോസാറിന്റെ കഥയുമായി മുകുന്ദന്‍ എത്തിച്ചേരുന്നതിനെ കേരള സമൂഹത്തിന്റെ സമകാല രാഷ്ട്രീയപശ്ചാത്തലത്തില്‍ നിന്നുകൊണ്ടേ പരിശോധിക്കാനാവൂ.


വംശനാശം വന്ന ഭീകരജന്തു എങ്ങനെ ഗോവിന്ദമാമന്റെ നാട്ടിലേക്ക്‌ കടന്നുവന്നുവെന്നോ എന്തുകൊണ്ടാണ്‌ അത്‌ തെരഞ്ഞുപിടിച്ച്‌ ഇടിച്ചുനിരത്തലുകള്‍ നടത്തുതെന്നോ നമുക്കു കഥയില്‍നിന്നും മനസ്സിലാകുന്നില്ല. കഥയില്‍ ചോദ്യമില്ല എന്ന ന്യായത്തില്‍ ഇത്‌ അങ്ങോട്ടു ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണ്‌. കഥാകാരന്‌ ഉത്തരം പറയേണ്ടതില്ലാത്ത ഈ ചോദ്യത്തിന്റെ അഭാവത്തില്‍ കഥയിലെ ദിനോസറിന്റെ നശീകരണപ്രവര്‍ത്തനം നന്മയുടെ തരിമ്പിനെപ്പോലും ഇല്ലാതാക്കുന്ന ദുഷ്പ്രവര്‍ത്തനമായി മാറുന്നു. പ്രവണതകളെ കാണുകയും പ്രവണതകളുടെ കാരണം അന്വേഷിക്കാതിരിക്കുകയും പറയാതിരിക്കുകയും ചെയ്യുന്ന ലാഘവബുദ്ധി ഇവിടെ സവിശേഷമായ ചില പാഠങ്ങളെ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നു. കാര്യത്തെ കാരണവുമായി ബന്ധിപ്പിക്കാതിരിക്കുന്ന അശാസ്ത്രീയയുക്തിക്ക്‌ അധീശത്വത്തെ സഹായിക്കാന്‍ കഴിയും. ഇവിടെ പരസ്പരബന്ധങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നില്ല. ഇത്‌ സ്വയോത്ഭവമായ ഉത്തരങ്ങളിലും വിധികളിലും എത്തിച്ചേരുന്നതിന്‌ സഹായിക്കുന്നു. മൂന്നാറിലെ ഇടിച്ചുനിരത്തലുമായി കഥയെ സദൃശപ്പെടുത്തുവര്‍ക്ക്‌ കാണാന്‍ കഴിയുന്നത്‌ കഥയില്‍ ഭൂമി കൈയ്യേറ്റക്കാരന്റെ സ്പേസ്‌ ഒഴിഞ്ഞുകിടക്കുന്നതാണ്‌. കഥയിലെ ശങ്കരന്‍ കോണ്‍ട്രാക്ടറും കേശവന്‍ മുതലാളിയുടെ മക്കളും എന്തെങ്കിലും ദോഷങ്ങളുള്ളവരായി വായനക്കാരന്‌ അനുഭവപ്പെടുന്നില്ല. കഥയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സാദൃശ്യത്തിന്റേയും താരതമ്യത്തിന്റേയും തലത്തില്‍, കൈയ്യേറ്റക്കാരന്റെ അസ്തിത്വം മറച്ചുവെക്കപ്പെടുകയും അധീശതാല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. സമൂഹത്തിലെ വര്‍ഗ്ഗബന്ധങ്ങള്‍ തന്നെയാണ്‌ ഇവിടെ മറച്ചുവെക്കപ്പെടുന്നത്‌. പിന്നീട്‌, നല്ലവനായ ഗോവിന്ദമാമന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭീകരജന്തുവിന്റെ പ്രവര്‍ത്തനം അയാളെത്തന്നെ നശിപ്പിക്കുമെന്ന കഥാന്ത്യം മൂന്നാര്‍ കൈയ്യേറ്റത്തിനെതിരായ അച്ചുതാനന്ദന്റെ നടപടികള്‍ കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷപ്രസ്ഥാനത്തെ തകര്‍ക്കും എന്നുള്ള പ്രവചനമാണ്‌. കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷപ്രസ്ഥാനത്തിലെ പടലപ്പിണക്കങ്ങളില്‍ കഥാകാരന്റെ മനസ്സ്‌ ആരോടൊപ്പമാണെതിന്റെ സൂചന കൂടിയാണത്‌. തന്റെ സാഹിത്യപ്രവര്‍ത്തനത്തെ കാറ്റിനുസരിച്ചുള്ള തൂറ്റലാക്കുന്ന എം. മുകുന്ദന്‍, പിണറായി വിജയന്റെ ഗ്രൂപ്പിനു വേണ്ടി ഒരു കഥ എഴുതിയിരിക്കുന്നുവെന്ന് പറയുന്നവരുണ്ടാകും. എം. എ. ബേബിയുടെ അനുഗ്രഹാശിസ്സുകളോടെയാണ്‌ എം. മുകുന്ദന്‍ സാഹിത്യത്തിന്റെ അദ്ധ്യക്ഷനായി വാഴുന്നതെന്ന് അവര്‍ തെളിവുകള്‍ നല്‍കും.


മൂന്നാര്‍ കൈയേറ്റത്തെ ഒഴിപ്പിക്കുന്ന പ്രശ്നത്തില്‍ കെ. വേണു എടുത്ത നിലപാടിനെ മിക്കവാറും പിന്തുടരുന്ന ഒരു ആഖ്യാനമാണ്‌ മുകുന്ദന്‍ എഴുതിയിരിക്കുന്നത്‌. കൊലക്കത്തിക്ക്‌ സര്‍ഗ്ഗാത്മകമാകാന്‍ കഴിയുമെന്ന് കേരളത്തില്‍ തെളിയിച്ചത്‌ നക്സലൈറ്റുകളായിരുന്നു. കോങ്ങാട്ടിലെ നാരായണന്‍കുട്ടി നായരുടെ കൊല ആ ഗ്രാമത്തില്‍ ഉത്സവമാണ്‌ സൃഷ്ടിച്ചത്‌. ഏറ്റവുമധികം സ്നേഹം നിറഞ്ഞ മനസ്സുകള്‍ക്കേ ഏറ്റവും മൂര്‍ച്ചയുള്ള വാള്‍ത്തല നീട്ടാനാകൂവെന്ന് ഒരു കവിയെ കൊണ്ട്‌ എഴുതിച്ചതും നക്സലൈറ്റുകളുടെ പ്രവര്‍ത്തനങ്ങളായിരുന്നു. കേരളജനത വെറുത്തിരുന്ന ജെ.സി.ബി എന്ന യന്ത്രം പെട്ടെന്ന് ജനക്കൂട്ടത്തിന്‌ ആഹ്ളാദം നല്‍കുമ്പോള്‍, സര്‍ഗ്ഗാത്മകതയുടെ സ്പര്‍ശം എവിടെയോ ഉണ്ടെന്ന് തിരിച്ചറിയാന്‍ ആദ്യം കഴിയേണ്ടിയിരുന്ന ഒരാള്‍ കെ. വേണുവായിരുന്നു. അദ്ദേഹത്തിന്‌ അതിനു കഴിഞ്ഞില്ല. പ്രത്യയശാസ്ത്രസ്ഥൈര്യവും വര്‍ഗ്ഗരാഷ്ട്രീയവും ഉപേക്ഷിച്ച വേണുവിന്‌ നഷ്ടമായത്‌ സര്‍ഗ്ഗാത്മകത തന്നെയാണ്‌. നക്സലൈറ്റുകളില്‍ നിന്നും  വിടുതല്‍ നേടിയതിനു ശേഷം കെ. വേണുവില്‍ നിന്നും കേരളസമൂഹത്തിന്‌ സവിശേഷ ധൈഷണിക സംഭാവനകളൊന്നും ലഭിച്ചിട്ടില്ല. ഇപ്പോള്‍, മൂന്നാറിലെ ഇടിച്ചുനിരത്തലുകള്‍ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധനടപടിയായും മലയാളികളിലെ മദ്ധ്യവര്‍ഗ്ഗവികലബോധത്തിന്റെ സൃഷ്ടിയായും വേണു വായിച്ചെടുക്കുന്നു. ഉദ്യോഗസ്ഥമേധാവിത്വത്തേയും സര്‍ക്കാര്‍നടപടികളിലെ കാര്യക്ഷമതയില്ലായ്മയേയും വിമര്‍ശിക്കുന്നുവെന്ന നാട്യത്തില്‍ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട എല്ലാ തിന്‍മകളേയും മറച്ചുവെച്ചുകൊണ്ട്‌, സ്ഥാപിത താല്‍പര്യക്കാരെ 'ജനത'യായി ചിത്രീകരിക്കാനും അവരെ പരോക്ഷമായി ന്യായീകരിക്കാനും വേണു ശ്രമിക്കുന്നു. സര്‍വ്വജനങ്ങള്‍ക്കും ഒരുമിച്ച്‌ ആസ്വദിക്കുവാന്‍ കഴിയുന്നതും വര്‍ഗ്ഗമുക്തവുമായ കേവലജനാധിപത്യസങ്കല്‍പനങ്ങള്‍ കൊണ്ട്‌ ഇതിന്‌ സാധുത ചമയ്ക്കുന്നു. ഒരുപക്ഷേ, മലയാളി ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ബൌദ്ധികവൈകൃതങ്ങള്‍ കെ.വേണുവിന്റെ ഇത്തരം ജനാധിപത്യസങ്കല്‍പനങ്ങളും സത്യാന്വേഷണങ്ങളുമാണ്‌. സ്വതന്ത്രമായ അന്വേഷണങ്ങളുടേയും ജനാധിപത്യപരമായ സമീപനങ്ങളുടേയും വക്താവായി സ്വയം അവതരിപ്പിക്കുന്ന കെ.വേണുവിന്റെ ബുദ്ധിജീവിതം ഏകപക്ഷീയവും ന്യൂനീകൃതവുമായ നിലപാടുകളുടെ ഒരു സമാഹാരമാണ്‌. 'പ്രപഞ്ചവും മനുഷ്യനും' എന്ന പുസ്തകത്തിലെ ശാസ്ത്രമാത്രവാദപരമായ ആദ്യകാല സമീപനങ്ങള്‍ മുതല്‍ ആഗോളീകരണത്തിന്റെ ശക്തനായ വക്താവായി മാറിക്കൊണ്ട്‌ വലതുപക്ഷത്തിന്റെ ബുദ്ധിജീവി ചമയുന്ന സമീപകാലസമീപനങ്ങള്‍ വരെയുളള ആ ബുദ്ധിജീവിതസമാഹാരത്തിലെ വിവിധ അദ്ധ്യായങ്ങള്‍ സവിശേഷപഠനമര്‍ഹിക്കുതാണ്‌. കെ.വേണു ജയില്‍ വിമോചിതനാകുകയും സാമൂഹികപ്രയോഗത്തിന്റെ മണ്ഡലങ്ങളെ അഭിമുഖീകരിക്കുകയും രാഷ്ട്രീയസംഘടന രഹസ്യപ്രവര്‍ത്തനങ്ങളില്‍ നിന്നു മാറി പരസ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആരംഭിക്കുകയും ചെയ്യു ഘട്ടത്തില്‍, അദ്ദേഹത്തിന്റെ ഏകപക്ഷീയവീക്ഷണങ്ങള്‍ നിശിതമായ വിമര്‍ശനങ്ങളെ നേരിടാന്‍ ആരംഭിച്ചു. കേരളജനത സമരങ്ങളിലൂടെ അധീശത്വത്തില്‍ നിന്നും നേടിയെടുത്ത പരിമിതമായ ജനാധിപത്യഅവകാശങ്ങള്‍ ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും അവയെ തിരിച്ചു പിടിക്കാന്‍ അധികാരശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കേണ്ടതുണ്ടെന്നും വാദിച്ച രാഷ്ട്രീയസംഘടനയിലെ അംഗങ്ങളെ പരിമിത ജനാധിപത്യവാദികള്‍ എന്നു പുച്ഛിച്ചിരുന്ന കെ. വേണുവാണ്‌, 'കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കല്‍പം' എന്ന പുസ്തകം രചിക്കുകയും ഇപ്പോള്‍ ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ കാവലാള്‍ ആവുകയും ചെയ്യുന്നത്‌. അന്ന്, ബൂര്‍ഷ്വാസിയുടെ അധികാരവ്യവസ്ഥയെ ജനാധിപത്യത്തിന്റെ തരി പോലും കാണാനില്ലാത്ത വ്യവസ്ഥയായി മനസ്സിലാക്കിയ കെ. വേണുവിന്‌, ഇപ്പോള്‍ അത്‌ ജനാധിപത്യത്തിന്റെ സ്വര്‍ഗ്ഗമാണ്‌, ലഭിക്കാവുന്ന ഏറ്റവും നീതിയുക്തമായ വ്യവസ്ഥയാണ്‌. രണ്ട്‌ ഏകപക്ഷീയതകള്‍ക്കു നടുവില്‍, ജനാധിപത്യാവകാശങ്ങള്‍ ഒട്ടും തന്നെ നിലനില്‍ക്കാത്ത നരകത്തിനും ജനാധിപത്യത്തിന്റെ ഏറ്റവും നീതിയുക്തമായ അവസ്ഥയെ സമ്മാനിക്കുന്ന മുതലാളിത്തസ്വര്‍ഗ്ഗത്തിനും ഇടയില്‍, ആടിയുലയാനല്ലാതെ സമൂഹത്തിന്റെ സമൂര്‍ത്തസാഹചര്യങ്ങളെ കുറിച്ചുളള സമൂര്‍ത്ത വിശകലനങ്ങളിലൂന്നുന്ന സമഗ്രവും നിശിതവും സമതുലിതവുമായ ഒരു വീക്ഷണത്തോടൊപ്പം നില്‍ക്കാന്‍ വേണുവിന്‌ ഒരിക്കലും കഴിഞ്ഞിട്ടില്ല. ഒരു കാലത്ത്‌ തനത്ദേശീയതകളുടെ സ്വത്വങ്ങളെ കുറിച്ചും ദേശീയവിമോചനത്തെ കുറിച്ചും പേര്‍ത്തും പേര്‍ത്തും പറയുകയും ഖാലിസ്ഥാന്‍വാദികളുടെ സങ്കുചിതദേശീയവാദത്തെ പിന്തുണക്കുകയും (കേരളത്തിലെ ഒരു നക്സലൈറ്റ്‌ നേതാവ്‌ പഞ്ചാബിലേക്ക്‌ വണ്ടി കയറിയതിനെ കുറിച്ച്‌ നമ്മുടെ ഒരു സാഹിത്യകാരന്‍ പറഞ്ഞത്‌ ഓര്‍ക്കുക!) ചെയ്ത വേണു, ഇപ്പോള്‍, എല്ലാ ദേശീയതാല്‍പര്യങ്ങളേയും ചവിട്ടിമെതിക്കുകയും ദേശീയാസ്തിത്വങ്ങളെ തന്നെ അസ്തപ്രജ്ഞമാക്കുകയും ചെയ്യുന്ന ആഗോളീകരണനയങ്ങളുടെ നിരുപാധികവക്താവാകുന്നതും ഏതെങ്കിലും ഒരു 'അങ്ങേയറ്റ'ത്തു മാത്രമേ അദ്ദേഹത്തിനു നില്‍ക്കാന്‍ കഴിയുകയുള്ളുവെന്നതിന്റെ തെളിവാണ്‌. കേരളത്തില്‍ നിന്നും ഏറ്റവും നല്ല എക്സ്ട്രിമിസ്റ്റി(Extremist)നെ തെരഞ്ഞെടുത്താല്‍ അത്‌ കെ. വേണുവായിരിക്കും, ഇപ്പോള്‍ അദ്ദേഹം വലതുപക്ഷ എക്സ്ട്രിമിസ്റ്റാണ്‌. ഈ വലതുപക്ഷ എക്സ്ട്രിമിസ്റ്റിന്റെ നിലപാടുകളെ തന്നെയാണ്‌ മുകുന്ദന്റെ കഥ പ്രേക്ഷണം ചെയ്യുന്നത്‌.


കെ.കരുണാകരനാകട്ടെ, വ്യവസ്ഥാപിത താല്‍പര്യങ്ങളുടെ ഏറ്റവും നല്ല വക്താവ്‌ എന്ന നിലയ്ക്കല്ലാതെ എപ്പോഴെങ്കിലും സ്വയം വെളിപ്പെടുത്തിയിട്ടില്ല. ഒരു തൊഴിലാളിനേതാവ്‌ എന്ന നിലക്ക്‌ പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹം തന്റെ പേരിനു മുമ്പില്‍ സ്വയം കരസ്ഥമാക്കി പതിപ്പിച്ചിരുന്ന വാക്ക്‌, അധ:സ്ഥിതജനവിഭാഗങ്ങളെ വഞ്ചിക്കുന്ന നിലപാടാണ്‌ അദ്ദേഹം സ്വീകരിക്കുകയെന്ന സത്യത്തെ ജനങ്ങളെ മുന്നേ തന്നെ അറിയിക്കുന്ന അടയാളമായിരുന്നു. അദ്ദേഹം സ്വയം ന്യായീകരിക്കുന്നതു തന്നെ തന്റെയൊപ്പം നില്‍ക്കുന്നവരെ രക്ഷിക്കുന്ന സ്വജനപക്ഷപാതിയെന്ന നിലയ്ക്കാണ്‌. വ്യവസ്ഥാപിതത്വത്തിന്‌ ഇളക്കം തട്ടുന്ന ഒരു നിലപാടിനെ ആദ്യം തിരിച്ചറിയാനുള്ള ഇദ്ദേഹത്തിന്റെ കഴിവാണ്‌ കരുണാകരനെ അധികാരിവര്‍ഗ്ഗത്തിന്‌ എപ്പോഴും പ്രിയങ്കരനാക്കുന്നത്‌. മൂന്നാറിലെ ഭൂമി കൈയ്യേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ ആരംഭിക്കുമ്പോള്‍ തന്നെ അതിനെ ജനവിരുദ്ധമെന്നു പറഞ്ഞ്‌ എതിര്‍ക്കുന്നത്‌ കെ.കരുണാകരനാണ്‌. വ്യവസ്ഥാപിതത്വത്തെ തൊടുമ്പോള്‍ തന്നെ പൊട്ടിത്തെറിക്കുന്ന കെ.കരുണാകരന്റെ നിലപാടുകളെ 'ദിനോസറുകളുടെ കാലം' എന്ന കഥയില്‍ മുകുന്ദന്‍ പങ്കുവയ്ക്കുന്നു. കെ.കരുണാകരന്റെ രാഷ്ട്രീയമൂല്യങ്ങളെ മുകുന്ദന്റെ കഥയില്‍ കണ്ടെത്താന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തില്‍, പ്രേംനസീറിനേയും എം. മുകുന്ദനേയും കുറിച്ച്‌ എനിക്കൊന്നും പറയാനില്ലെന്ന, കഥാകാരനായിരുന്ന ടി.ആറിന്റെ വാക്കുകള്‍, ഇവിടെ തിരുത്തുകയാണ്‌. കെ.കരുണാകരനോടൊപ്പം ചേര്‍ത്തു നിര്‍ത്തി എം. മുകുന്ദനെ കുറിച്ചും പറയാം. മൂന്നാറില്‍ വി.എസ്‌.അച്ചുതാനന്ദന്റെ നേതൃത്വത്തില്‍ തുടങ്ങിവച്ച കാര്യങ്ങള്‍ക്ക്‌ കേവലപിന്തുണ നല്‍കിക്കൊണ്ട്‌ മുകുന്ദന്‍ കഥ എഴുതണമായിരുന്നുവെന്ന് പറയുകയല്ല ചെയ്യുന്നത്‌. വ്യവസ്ഥാപിതത്വം ഭീകരരൂപമാര്‍ജ്ജിച്ച്‌ അതിന്റെ ആക്രമണപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടക്ക്‌, അതിന്നൊരു ഷോക്കു നല്‍കാന്‍ മൂന്നാറിലെ ആദ്യപ്രവര്‍ത്തനത്തിന്‌ കഴിഞ്ഞിരുന്നു. ജനാധിപത്യമൂല്യങ്ങളുടെ ജഡത്വത്തിന്‌ ഒരു ഇളകല്‍; ഉണരലല്ല, അതു സൃഷ്ടിച്ചു. ഇതിനെയാണ്‌ കരുണാകരനും വേണുവും മുകുന്ദനും ഭയപ്പെടുന്നത്‌. ബംഗാളിലെ കര്‍ഷകരില്‍ നിന്നും ഭൂമി പിടിച്ചുവാങ്ങി ടാറ്റക്കു നല്‍കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനം ഇവിടെ ടാറ്റ കൈയ്യേറിയ ഭൂമി പിടിച്ചുവാങ്ങി കര്‍ഷകര്‍ക്കു നല്‍കുമെന്നു പ്രതീക്ഷിക്കുന്നില്ല. സിംഗൂരും മൂന്നാറും ഒരുപോലെ സ്വീകാര്യമാവുന്ന രാഷ്ട്രീയപ്രത്യയശാസ്ത്രം മുതലാളിത്ത ലോകവീക്ഷണത്തില്‍ നിന്ന് ഉരുവം കൊളളുന്ന പ്രയോജനമാത്രവാദത്തിന്റെ അതിജീര്‍ണ്ണരൂപം തന്നെയാണ്‌.


ഒരു കഥയുടെ നിരൂപണത്തില്‍ ഇത്രയേറെ ബാഹ്യയാഥാര്‍ത്ഥ്യങ്ങള്‍ കടന്നുവന്നതിനെ, അവയെയെല്ലാം ഇങ്ങനെ പച്ചയായി എഴുതിയതിനെ, വിശുദ്ധ നിരൂപകര്‍ കണ്ണുരുട്ടി നോക്കുന്നത്‌ ഇപ്പോഴേ കാണാം. എല്ലാ ശാസ്ത്രങ്ങളും ഒറ്റ ശാസ്ത്രമാകുമെന്ന് ദീര്‍ഘദര്‍ശനം നടത്തിയ മാര്‍ക്സിലെന്ന പോലെ, എല്ലാ സാമൂഹിക വ്യവഹാരങ്ങളും ഒരേ അന്വേഷണത്തിന്റെ ഭാഗമാകുന്നുവെന്ന് കാണുന്നവര്‍ ഇതില്‍ ഭയപ്പെടുന്നില്ല.


**********************************************************************************


(2010 ആകുമ്പോഴേക്കും മുകുന്ദന്‍ സാഹിത്യ അക്കാദമി അദ്ധ്യക്ഷസ്ഥാനം ഉപേക്ഷിച്ചിരിക്കുന്നു. മൂന്നാറിലെ കാര്യങ്ങളുടെ പരിണാമം താന്‍ പ്രവചിച്ചതു പോലെയാണെന്ന് കെ. വേണു ഉറപ്പിക്കുന്നു)

Sunday, October 3, 2010

സുന്ദരമൂര്‍ത്തിക്ക്‌ എന്തു സംഭവിച്ചു?

മതത്തിനും കലയ്ക്കും പരമമായി ഉദ്ബോധിപ്പിക്കാന്‍ കഴിയുന്ന ഈശ്വരവൃത്തിയുടെ സദൃശചിത്രമാണ്‌ നടരാജനൃത്തം നല്‍കുന്നതെന്ന് ആനന്ദകുമാരസ്വാമി പറയുന്നു. മഹേശ്വരന്റെ വന്യവും ലാവണ്യപൂരിതവുമായ അംഗചലനങ്ങള്‍ പ്രാപഞ്ചിക മിഥ്യയെ വെളിപ്പെടുത്തുന്നുവെന്ന് ഹെയ്ന്‍ റീഹ്‌ സിമ്മര്‍. അര്‍ദ്ധനാരീശ്വര സങ്കല്പത്തില്‍ പ്രപഞ്ചസൌന്ദര്യം മുഴുവന്‍ ആവാഹിക്കപ്പെട്ടിരിക്കുന്നുവെന്ന് വാഴ്ത്തുന്നവരുമുണ്ട്‌. ഉയര്‍ന്നു നില്‍ക്കുന്ന വലതുകൈയില്‍ സൃഷ്ടിയുടെ ആദിശബ്ദത്തിന്റെ പ്രതീകമായ കടുന്തുടി. സംഹാരത്തിന്റെ പ്രതീകമായ അഗ്നിനാളത്തെ വഹിക്കുന്ന ഇടതുകൈ. സന്തുലിതമായി നില്‍ക്കുന്ന ഇരുകൈകള്‍ക്കുമിടയിലായി; മദ്ധ്യത്തില്‍, സൃഷ്ടിയുടേയും സംഹാരത്തിന്റേയും സന്തുലിതാവസ്ഥയെ വിളംബരം ചെയ്യുന്ന നര്‍ത്തകന്റെ ശാന്തഗംഭീര മുഖഭാവം. രണ്ടാം വലംകൈ ഭയത്തില്‍ നിന്നു മുക്തനാകാന്‍ ഉപദേശിക്കുന്നു. കാണുന്നവന്‌ സാന്ത്വനമാകുന്നു. ഉയര്‍ത്തിയ പാദങ്ങളിലേക്ക്‌ ചൂണ്ടി നില്‍ക്കുന്ന ഇടംകൈ മായാവലയത്തില്‍പ്പെട്ടു പോകരുതെന്ന് ഓര്‍മ്മിപ്പിക്കുന്നു. അജ്ഞതയുടെ പിശാചിനു മുകളില്‍ താണ്ഡവമാടുന്ന ശിവരൂപം അവിദ്യയില്‍ നിന്നു വിമോചിതനാകാന്‍ ഉദ്ബോധിപ്പിക്കുന്നു. ദക്ഷിണേന്ത്യന്‍ ശില്‍പികള്‍ വെള്ളോടില്‍ മെനഞ്ഞെടുത്ത മുക്കണ്ണന്റെ രൂപത്തിന്‌ ശിവഭക്തി നിറഞ്ഞ മനസ്സുകള്‍ നല്‍കിയ വ്യാഖ്യാനങ്ങളാണിവ. എന്നാല്‍, ഇപ്പോള്‍ സുന്ദരമൂര്‍ത്തിയുടെ രൂപം ഈ വ്യാഖ്യാനങ്ങള്‍ക്കു വഴങ്ങുന്നില്ല. കൊളോണിയലിസം നമ്മുടെ ഈശ്വരന്‍മാരേയും വെറുതെ ഉപേക്ഷിക്കുകയുണ്ടായില്ലല്ലോ. അവര്‍ കാഴ്ചപ്പണ്ടങ്ങളായി. അന്താരാഷ്ട്ര പ്രദര്‍ശനങ്ങളിലെ വില്‍പനച്ചരക്കുകളായി. നാട്ടില്‍ പാര്‍ക്കാത്ത ഇന്ത്യക്കാരന്‍ എന്ന ആറ്റൂര്‍ രവിവര്‍മ്മയുടെ കവിത തിക്തമായ പ്രവാസജീവിതത്തിന്റെ കഥ മാത്രമല്ല പറയുന്നത്. ഇന്ത്യക്കാരന്റെ സുന്ദരമൂര്‍ത്തിക്ക്‌ എന്തു സംഭവിച്ചു എന്ന അന്വേഷണം കൂടിയാണത്.


ഇത്‌ മാര്‍ക്കണ്ഡേയന്റെയോ അക്കമഹാദേവിയുടേയോ കാലമല്ല. ഒച്ചപ്പെരുക്കിയിലൂടെ തെരുവുദൈവങ്ങള്‍ക്ക്‌ മംഗളവാദനം ഉയരുന്ന കാലം. നെല്ലും കരിമ്പും വിളയുന്ന നിലങ്ങളും കുരുമുളകും കുന്തിരിക്കവും ആനയുമുളള മലകളും ഇപ്പോള്‍ ഓര്‍മ്മകള്‍ മാത്രം! സുന്ദരമൂര്‍ത്തിക്ക്‌ ഉറക്കം വരാത്ത നാളുകള്‍. അമ്പിളിക്കീറിന്റെ കുളിരിന്‌ ശിരസ്സിലെ താപമകറ്റാനാകുന്നില്ല. നടരാജന്‍ നടനച്ചുവടുകളോടെ അകക്കോവിലില്‍ നിന്നും ഇറങ്ങിനടക്കുകയാണ്‌; നഗരത്തിലേക്ക്‌. തെരുവുദൈവങ്ങളെ കണ്ടു. ചുടലപ്പണി ചെയ്തു. പഞ്ചനക്ഷത്രത്തിന്റെ വാതിലില്‍ പാറാവുകാരനായി. പിന്നെ, ലോകക്കലവറയിലേക്ക്‌ ക്ഷണം. ഇത് നടരാജനേയും പ്രലോഭിപ്പിക്കുന്നു. സുന്ദരമൂര്‍ത്തി വിദേശത്തേക്ക്. 
പശിയോ വറുതിയോ ഈ സ്വര്‍ഗ്ഗീയ പുരികള്‍ക്ക്‌ അന്യമത്രെ. അവ കഥകളില്‍ മാത്രം. ശീതീകരിച്ച മുറികളില്‍ ധ്യാനം. ഇവിടെ ജീവിതം ശിവനര്‍ത്തനം തന്നെ. പക്ഷേ.കാഴ്ചക്കണ്ണുകളുടെ തിരക്കിനും അഭിനന്ദനങ്ങള്‍ക്കുമിടയില്‍ പകച്ചു നില്ക്കുന്നവന്റെ ആനന്ദം. സ്വയം തിരിച്ചറിയുമ്പോള്‍ കണ്ണുകള്‍ നിറയുന്നു. ഇനി മടക്കമുണ്ടോയെന്ന് നെഞ്ചില്‍ ഇടിവെട്ടുന്നു. നാട്ടില്‍ പാര്‍ക്കുന്ന ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം നോ റെസിഡന്റ് ഇന്‍ഡ്യന്‍ അന്തസ്സിന്റെ പര്യായമാണ്‌. എന്നാല്‍, ..

ഇന്ത്യക്കാരന്റെ സുന്ദരമൂര്‍ത്തിയെ സമകാല ലോകയാഥാര്‍ത്ഥ്യത്തിലേക്ക്‌ ഇറക്കിക്കൊണ്ടു വരികയാണ്‌ ആറ്റൂര്‍ ഈ കവിതയിലൂടെ ചെയ്യുന്നത്‌. ശിവചരിതം കേവല ആത്മീയതയുടെ സങ്കീര്‍ത്തനമല്ല. ശ്രേഷ്ഠരായ ലൌകിക നായകന്മാരെ അനുകരിക്കുന്ന ഈ മഹാനര്‍ത്തകന്‍ ലൌകിക ജീവിതം എത്രമേല്‍ ആദരണീയമാണെന്ന് തെളിയിച്ചുവെന്ന് മുമ്പേ തന്നെ പറഞ്ഞുവച്ചിട്ടുണ്ട്‌. ആറ്റൂരിന്‌ ആ ബോദ്ധ്യമുണ്ട്‌. കാവ്യകാരന്‍മാരുടെ അതിസാധാരണമായ ചിന്താപഥങ്ങളില്‍ നിന്നും തെറ്റിസഞ്ചരിച്ചുകൊണ്ട്‌ ആഗോളീകരണത്തിന്റെ ദുഷിച്ച അധികാരശക്തിക്കെതിരായ അനുഭവമായി നടരാജന്‍ ഈ കവിതയില്‍ പ്രത്യക്ഷപ്പെടുന്നത്‌ അതുകൊണ്ടാണ്‌. ലോകക്കലവറയില്‍ വച്ച്‌, ആക്ഷേപത്തിന്റേയും അവഗണനയുടേയും പ്രശംസയുടേയും ഘോരതാപമേറ്റ്‌ ആത്മാഭിമാനവും അന്തസ്സും വറ്റിപ്പോകുന്ന നടരാജന്‍ നവകോളണിയുടെ പ്രതിനിധിയാണ്‌. മഹേശ്വരന്റെ ആത്മീയ - സൌന്ദര്യ മൂല്യങ്ങള്‍ കമ്പോള മൂല്യമായി പരിവര്‍ത്തിക്കപ്പെടുന്നു. ശൈവപാരമ്പര്യത്തെ സംബന്ധിച്ച്‌ കവിക്കുളള ജ്ഞാനം കാവ്യവിഷയത്തെ രാഷ്ട്രീയവുമായി ഘടിപ്പിക്കുതിനും കവിത പ്രേക്ഷണം ചെയ്യുന്ന കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാകുന്നുണ്ട്‌. കവിതയുടെ ഭാഷയും ശൈലിയും ദ്രാവിഡ പാരമ്പര്യത്തില്‍ ഊന്നി നിന്നുകൊണ്ട്‌ ഭാവുകത്വത്തിന്റെ നിര്‍കോളണീകരണത്തിനുളള ത്വരയെ ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്‌. ഇത്‌ ഒരു ശിവസ്തുതിയല്ല. നമ:ശിവായ ജപിക്കുന്ന കവിയെ ഇവിടെ തിരയേണ്ടതുമില്ല.


ലോകവിപണിയില്‍ ചരക്കായി മാറുന്ന ദരിദ്രരാഷ്ട്രങ്ങളിലെ (ആഫ്രിക്കന്‍) കലാശില്പങ്ങളെക്കുറിച്ച്‌ ക്വാമേ അന്തോണി അപ്പിയാ ഒരു ലേഖനത്തില്‍ പറയുന്നു. ഡേവിഡ്‌ റോക്ക്ഫെല്ലറുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ്‌ അപ്പിയാ എഴുതുത്‌. അത്യാധുനികമായ ഓഫീസ്‌ മുറികളിലോ വീടുകളിലോ പ്രതിഷ്ഠിക്കാന്‍ കഴിയുന്ന വസ്തുക്കളായാണ്‌ റോക്ക്ഫെല്ലര്‍ ആഫ്രിക്കന്‍ കലാശില്പങ്ങളെ കാണുന്നത്‌. ഈ ആവശ്യങ്ങള്‍ക്ക്‌ ഉതകുന്ന നല്ല പീസുകള്‍ തെരഞ്ഞെടുത്താല്‍ വരുംകാലങ്ങളില്‍ കൂടുതല്‍ ആദായകരമാകുമെന്ന് അയാള്‍ക്ക്‌ അഭിപ്രായമുണ്ട്‌. കലാശില്പത്തിന്റെ സൌന്ദര്യമൂല്യം റോക്ക്ഫെല്ലറുടെ മൂലധനതാല്‍പര്യങ്ങള്‍ക്കും അതിന്നുണ്ടാകേണ്ട ആലങ്കാരിക മൂല്യത്തെ കുറിച്ചുളള കാഴ്ചപ്പാടിനും കീഴ്പ്പെടുന്നു. സൌന്ദര്യമൂല്യങ്ങള്‍ കമ്പോള മൂല്യങ്ങളുമായി എത്ര കര്‍ശനമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നതിലുമുപരിയായി റോക്ക്ഫെല്ലറെ പോലുളള ഒരാള്‍ക്ക്‌ ഏതു കലാശില്പത്തെ കുറിച്ചും എന്തും പറയാന്‍ കഴിയുമെന്ന ഒരു കലാപ്രവര്‍ത്തകനായ ആഫ്രിക്കക്കാരന്റെ വാക്കുകള്‍ കലാശില്പത്തെ ചരക്കായി മാറ്റുന്ന പ്രക്രിയയുടെ ഭാഗമായി മാത്രമേ ശ്രദ്ധിക്കപ്പെടുകയുളളുവെന്നും ഓര്‍ക്കുക! കലാശില്പം ഒരു ചരക്കാണെന്നതുമാത്രം പ്രധാനമായി തീര്‍ന്നിരിക്കുന്നുവെന്ന് അപ്പിയാ എഴുതുന്നു.


നടരാജന്‍ ഇന്ത്യക്കാരന്‍ നിര്‍മ്മിച്ച ഒരു കലാശില്‍പം മാത്രമല്ല: ഈ നര്‍ത്തകന്‍ അവന്റെ ആത്മീയമൂര്‍ത്തിയാണ്‌. അധീശത്വം വില്പനച്ചരക്കായി മാറ്റിയത്‌ ഈ ആത്മീയമൂര്‍ത്തിയെയാണ്‌. നോക്കൂ; ഉപഭോക്താവിനുവേണ്ടി വിഗ്രഹത്തിനു പുറത്തു പേരും ചരിത്രവും രേഖപ്പെടുത്തിയിരിക്കുന്നു.
നടരാജ നൃത്തം
അറിയപ്പെടാത്ത ചോഴശില്‍പി
വെള്ളോടില്‍ നിര്‍മ്മിച്ചത്‌
ദക്ഷിണേന്ത്യ
12-oനൂറ്റാണ്ട്‌.
കന്യാമുനമ്പു മുതല്‍ കൈലാസം വരെ ജനകോടികള്‍ വണങ്ങി നിന്ന സൌന്ദര്യമൂര്‍ത്തി കാഴ്ചപ്പണ്ടമായി മാറുന്നു. തിങ്കള്‍ക്കലയിലും നാഗത്തലകളിലും നടുക്കണ്ണിലും ദീപം കൊളുത്തി പ്രദര്‍ശനവസ്തു അലങ്കരിക്കപ്പെടുന്നു. ആംഗലത്തിലും പരന്ത്രീസ്സിലും ജര്‍മ്മന്‍മൊഴികളിലുമുളള സൌന്ദര്യവാദങ്ങളിലൂടെ, നടേശന്റെ സാന്നിദ്ധ്യം കുബേരന്റെ സ്വീകരണമുറിയെ എത്ര ചന്തമുളളതാക്കുമെന്ന് അളക്കുന്നു.


സദ്യക്കു മുന്നില്‍ വിശന്നവന്‍ പോലെയോ
വേളിയരങ്ങില്‍ വധുവെന്ന പോലെയോ
സമ്മാനിതനാം ചെറുകവിപോലെയോ
ഒന്നു പകച്ചുവെന്നാലും സുഖിച്ചു ഞാന്‍


എന്ന നടരാജന്റെ സ്ഥിതി ദൈന്യവും അമ്പരപ്പും കോമാളിത്തവും ചേര്‍ന്നതാണ്. മായാവലയത്തില്‍പ്പെടരുതെന്നും അവിദ്യയില്‍ നിന്നും മോചിതനാകണമെന്നും ഉദ്ബോധിപ്പിക്കുന്ന ഇന്ത്യക്കാരന്റെ ദേവന്‍ തന്നെ കൊളോണിയലിസത്തിന്റെ പ്രലോഭനങ്ങളില്‍ കുരുങ്ങി അപഹാസ്യനാകുന്ന ദയനീയവും അമ്പരപ്പിക്കുന്നതുമായ ചിത്രമാണ്‌ കവി അവതരിപ്പിക്കുന്നത്‌. നമ്മുടെ ദൈവങ്ങളുടെ അതിജീവനം പോലും നവകൊളോണിയല്‍ശക്തികളുടെ ദയാദാക്ഷിണ്യങ്ങള്‍ക്കനുസൃതമായിരിക്കുന്നു.
രാജ്യവും ജനതയും അകപ്പെട്ടിരിക്കുന്ന കൊടിയ വിഷമസന്ധിയെ ആവിഷ്ക്കരിക്കുന്ന ഉത്തമരൂപകമായി ആധുനികനടരാജകഥ മാറുന്നു. നന്ദികേശന്റെ അമറലിന്റേയും ഗണേശന്റെ ചിന്നംവിളിയുടേയും ഓര്‍മ്മകള്‍ നടേശനെ സ്വന്തം അവസ്ഥയെക്കുറിച്ച്‌ വിവേകിയാക്കുന്നു. ഇനി മടക്കമുണ്ടോയെന്ന ആത്മവിലാപം ഇവിടെ നടേശനിലെന്ന പോലെ ആറ്റൂരിന്റെ പ്രവാസിക്കവിതകളിലെല്ലാം ആവര്‍ത്തിക്കുന്നുണ്ട്‌. മറ്റൊരു കവിതയില്‍ മടങ്ങി വരുന്നവര്‍ക്കുവേണ്ടി ഉപ്പിട്ട വെളളം തിളപ്പിച്ച്‌ കണ്ണില്‍ കരുതിവെച്ചിരിക്കുന്ന കവിയെ നാം കാണുന്നു.


ഗിത്താറിന്റെ ഇമ്പമേറിയ ശബ്ദം ഈ കവിതയില്‍ നിന്നും നിങ്ങള്‍ ശ്രവിക്കുന്നില്ല. എന്നാല്‍, കടുന്തുടിയുടെ മുഴക്കം കേള്‍ക്കുന്നു. കവിത അധിനിവേശചൂഷണത്തിന്നെതിരായ അഗ്നിയെ ഉളളില്‍ വഹിക്കുന്നുവെന്ന് നാം കണ്ടുകഴിഞ്ഞു. ഉളളില്‍ തീ നിറഞ്ഞിട്ടും പുറത്തേക്കൊഴുകുന്ന നര്‍മ്മം നിസ്സംഗന്റെ ഗംഭീരമുഖഭാവം കവിതയ്ക്കു നല്‍കുന്നു. നീന്തല്‍ക്കുളമായി മെരുങ്ങാനറിയാതെ മീനച്ചിലാറായി ഒഴുകുന്ന കവിത, സഹൃദയനെ ചന്തങ്ങളുടേയും ബാഹ്യമോടികളുടേയും മായാവലയത്തില്‍ വീഴ്ത്തുന്നില്ല. കവിതയുടെ ശില്പസൌന്ദര്യം കടുന്തുടിയും അഗ്നിയും വഹിക്കുന്ന സുന്ദരമൂര്‍ത്തിയുടെ ലോഹശില്പത്തെ പോലെ. കൂറ്റന്‍ കരിങ്കല്ലു കുന്നിലുണ്ടായ കന്ന്, ഉണ്ണിഗണപതിത്തുമ്പിക്കരത്തുമ്പ്‌ എന്നിങ്ങനെ ലോഹശക്തിയെ തോല്‍പിക്കുന്ന പദക്കൂട്ടുകള്‍ നടരാജശില്പത്തിന്റെ കരുത്തു കൂടി കവിതയ്ക്കു നല്‍കുന്നു.


ഇന്ത്യയുടെ സുന്ദരമൂര്‍ത്തി ലോകസാംസ്ക്കാരിക വിപണിയിലെ ലേലം വിളികള്‍ക്കിടയില്‍ ചൂളിനില്‍ക്കുന്നു. സാമ്രാജ്യത്വത്തിന്റെ ഇന്ത്യന്‍ ദല്ലാളന്‍മാര്‍ രാജ്യത്തിന്റെ മര്യാദാപുരുഷനെ തെരഞ്ഞെടുപ്പുചിഹ്നവും മുദ്രാവാക്യവുമാക്കി മാറ്റുന്നു. ഇന്ത്യയുടെ സൌന്ദര്യവിഗ്രഹങ്ങള്‍ക്കേറ്റ ഈ അവമതികള്‍ ആത്മീയത വറ്റിപ്പോയ രാഷ്ട്രമനസ്സിനെയാണ്‌ കാണിക്കുന്നത്‌.

കവിതാസംഗമത്തില്‍ പ്രസിദ്ധീകരിച്ചത്