Tuesday, September 28, 2010

ആദര്‍ശവാദത്തിന്റെ മരണം

മാധവിക്കുട്ടിയുടെ 'മീനാക്ഷിയമ്മയുടെ മരണം'എന്ന കഥ ഒരു ആദര്‍ശവാദിയുടെ ജീവിതാന്ത്യത്തെയാണ്‌ ചിത്രീകരിക്കുന്നത്‌ മീനാക്ഷിയമ്മ ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അചഞ്ചലമായി വിശ്വസിച്ച്‌ ജീവിതം നയിച്ചവളാണ്‌.. മഹാത്മജി ഗുരുവായൂരില്‍ തൊഴാന്‍ വന്നപ്പോള്‍, മീനാക്ഷിയമ്മ ആഭരണങ്ങളെല്ലാം അദ്ദേഹത്തിന്‌ ഊരിക്കൊടുത്തു. പിന്നെ, ഒരിക്കലും സ്വര്‍ണ്ണം ധരിച്ചിട്ടില്ല. പതിനഞ്ചാം വയസ്സില്‍ ഖദര്‍ ഉടുത്തു തുടങ്ങി. എണ്‍പത്തേഴാം വയസ്സിലും ഖദര്‍ തന്നെ വേഷം. നാടിന്റെ അഭിമാനമായി, ഗാന്ധിയന്‍ ആദര്‍ശവാദത്തിന്റെ പ്രതീകമായി നാട്ടിലെ പ്രമാണികളുടെ വാക്കുകളിലൂടെ നായിക അവതരിപ്പിക്കപ്പെടുന്നു. നായികയുടെ ആദര്‍ശം സാമാന്യം ദീര്‍ഘമായി തന്നെ കഥയില്‍ വിസ്തരിക്കപ്പെടുന്നുണ്ട്‌.


ഇപ്പോള്‍, മീനാക്ഷിയമ്മ മരിച്ചുകൊണ്ടിരിക്കുകയാണ്‌. ഇനി രക്ഷപ്പെടില്ല. ശ്വാസത്തിന്റെ തൊടങ്ങിക്കഴിഞ്ഞു. ഇഹലോകത്തോടുളള എല്ലാ കെട്ടുകളും അഴിയുകയാണ്‌. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കു വേണ്ടി പച്ച ജാക്കറ്റും ആഭരണങ്ങളും ഉപേക്ഷിച്ചവള്‍, മനസ്സിന്റെ ഉള്ളിന്റെയുളളില്‍ അവയെ എപ്പോഴും അഭിലഷിച്ചിരുന്നു. അടക്കിപ്പിടിച്ച ഈ മോഹങ്ങള്‍ പുറത്തേക്ക്‌ പ്രവഹിക്കുകയാണ്‌.


വല്യമ്മയ്ക്ക്‌ എന്താ മോഹം?
രമണി ചോദിച്ചു രോഗിണിയുടെ കണ്ണുകള്‍ വികസിച്ചു.
പച്ച ജാക്കറ്റിടാന്‍ മോഹാ.
രോഗിണി മന്ത്രിച്ചു. ...
വല്യമ്മയ്ക്ക്‌ എന്താ വേണ്ടത്?
എന്തു വേണമെങ്കിലും തരാം.
പാലയ്ക്കാ മോതിരം രോഗിണി പറഞ്ഞു.
മീനാക്ഷിയേടത്തിക്ക്‌ വല്ലതും വേണോ
അപ്പുക്കുട്ടന്‍ നായര്‍ സസ്നേഹം ചോദിച്ചു.
രോഗിണിയുടെ കണ്ണുകള്‍ ജ്വലിച്ചു.
അവരുടെ ചുണ്ടുകള്‍ വിറച്ചു.
പച്ച ജാക്കറ്റ്‌. പാലയ്ക്കാമോതിരോം. പിന്നെ ഒന്നും വേണ്ട.


മീനാക്ഷിയമ്മയുടെ ആദര്‍ശജീവിതത്തെക്കുറിച്ച്‌ അറിയാവുന്ന നാട്ടുകാര്‍ക്ക്‌ ഇത്‌ പിച്ചും പേയും പറച്ചിലായി തോന്നുന്നു. എന്നാല്‍, മനസ്സിന്റെ അടിത്തട്ടില്‍ നിന്നും വരുന്ന അഭിലാഷപ്രകടനങ്ങളാണിതെന്നു്‌ കഥാകാരിയിലൂടെ വായനക്കാര്‍ ഉറപ്പിക്കുന്നു. മീനാക്ഷിയമ്മയെന്ന ആദര്‍ശവാദിയുടെ മരണം അവരുടെ ആദര്‍ശവാദത്തിന്റെ മരണമായി തീരുന്നു. ആദര്‍ശവാദികള്‍ മരിക്കുതിനു മുമ്പേ അവരുടെ ആദര്‍ശവാദം മരിക്കുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഇത്‌ കഥയിലെ അനുഭവം മാത്രമല്ല. യഥാര്‍ത്ഥ ജീവിതത്തിലും: ഭേദങ്ങളോടെ, ഈ അനുഭവമുണ്ട്‌. ഈ അനുഭവത്തിനു സാക്ഷി പറയാന്‍ വളരെയേറെ പേരുണ്ടാകും. ആദര്‍ശമെന്ന വാക്ക്‌ കഥയിലൊരിടത്തും ഉപയോഗിക്കപ്പെടുന്നില്ലെങ്കിലും, ഇത്‌ ആദര്‍ശവാദത്തെ ആക്രമിക്കാന്‍ എഴുതപ്പെട്ട കഥയാണെന്ന്‌ നിരൂപിക്കാവുന്നതാണ്‌.


കേവലമൂല്യങ്ങളെക്കുറിച്ചുളള സങ്കല്പനങ്ങളില്‍ മുഴുകിയിരിക്കുന്ന ആദര്‍ശവാദി തനിക്കുവേണ്ടി ഒരു സവിശേഷലോകം നിര്‍മ്മിച്ചെടുക്കുന്നു. ഈ അന്തര്‍ലോകത്തില്‍ യഥാര്‍ത്ഥ ലോകത്തിന്റെ ചലനനിയമങ്ങള്‍ അന്യമായി മാറിനില്‍ക്കുന്നു. ആദര്‍ശവാദത്തിന്റെ ഈ സവിശേഷലോകം ഒരു തടവറയാണ്‌. ആദര്‍ശവാദി ഈ തടവറയ്ക്കുളളില്‍ സ്വയം അടച്ചിടുന്നു. സ്വയം വരിച്ച പാരതന്ത്ര്യത്തിന്റെ സഹനത്തിലൂടെ ദിവ്യത്വം പ്രഖ്യാപിക്കുന്നു. ചില ആദര്‍ശവാദികളില്‍ അഹന്ത നിറഞ്ഞുനില്‍ക്കുന്നതും നാം അറിയുന്നുണ്ട്‌. അയവില്ലാത്ത ഒരു മനോഘടന തനിയെ രൂപം കൊളളുന്നു. അതിസ്വകാര്യതയുടേയും മസോക്കിസത്തിന്റേയും മൂലകങ്ങളെ പ്രദര്‍ശിപ്പിക്കുന്നു.


ആദര്‍ശവാദിയുടെ അന്തര്‍ലോകത്തോട്‌ യഥാര്‍ത്ഥ ലോകവും അവിടുത്തെ ജീവിതവും യോജിക്കുന്നില്ല. അയാള്‍ പുറമേ കാണുന്നതെല്ലാം തന്റെ സവിശേഷലോകത്തിന്റെ വിപരീതമാണ്‌. എന്നാല്‍, ബാഹ്യലോകവുമായി പ്രതിപ്രവര്‍ത്തിക്കാതിരിക്കാന്‍ അയാള്‍ക്കു കഴിയില്ല. അയാളുടെ ജീവിതത്തെ നയിക്കുന്നത്‌ ബാഹ്യലോകവും അതിനോടുളള പ്രതിപ്രവര്‍ത്തനങ്ങളുമാണ്‌. ചിലപ്പോഴെങ്കിലും, പുറത്ത്‌ സ്വാതന്ത്ര്യത്തിന്റെ ആഘോഷം നടക്കുന്നതായി അയാള്‍ക്ക്‌ അനുഭവപ്പെടുന്നു. സ്വയം തീര്‍ത്ത തടവറയുടെ അഴികള്‍ ഭേദിക്കാനുളള അഭിലാഷം മനസ്സിന്റെ ഏതോ കോണില്‍ ഉദിക്കുന്നു. ആദര്‍ശം ഈ മോഹത്തെ അടിച്ചമര്‍ത്തുന്നു. അടിച്ചമര്‍ത്തപ്പെടുന്തോറും ഉപബോധത്തില്‍ ഇത്‌ എത്രയോ മടങ്ങായി ശക്തിപ്പെടുന്നു. മീനാക്ഷിയമ്മയുടെ പിച്ചും പേയും പറച്ചിലില്‍ നാം കേള്‍ക്കുന്നത്‌, ഒരു ആദര്‍ശവാദിയുടെ ഉപബോധമനസ്സിലെ ആഗ്രഹങ്ങളാണ്‌. ഇഹലോകത്തിലെ കെട്ടുകള്‍ അഴിയുമ്പോള്‍ ആദര്‍ശത്തടവറയുടെ അഴികളും നിലംപതിക്കുകയാണ്‌.


നമ്മുടെ സാമൂഹിക-രാഷ്ട്രീയ-സാംസ്ക്കാരിക ജീവിതത്തില്‍ കാണുന്ന ആദര്‍ശപൊങ്ങച്ചങ്ങളെ നോക്കി പരിഹസിക്കുന്ന കഥയാണിത്‌. കഥയിലെ ആദര്‍ശവാദിയായ നായികയ്ക്കെതിരെ പരിഹാസം നിറഞ്ഞ കൂര്‍ത്ത വാക്കുകള്‍ എഴുതപ്പെടുന്നില്ലെന്നത്‌ ശരിയാണ്‌. മീനാക്ഷിയമ്മയുടെ ജീവിതത്തെ ആദരവും സഹതാപവും കൂട്ടിക്കലര്‍ത്തിയ മനോഭാവത്തോടെയാണ്‌ കഥാകാരി നോക്കിക്കാണുന്നതെന്നും പറയാം. എന്നാല്‍, ആദര്‍ശവാദത്തിന്റെ നിസ്സഹായതകളെ കുറിച്ച്‌ ഈ കഥ പറഞ്ഞു തരുന്നു. അതിന്റെ യാഥാര്‍ത്ഥ്യമെന്താണെന്നു്‌ തെളിച്ചു പറയുന്നു. ബാഹ്യയാഥാര്‍ഥ്യത്തോട്‌ ചേരുമ്പോള്‍ കഥ ഉല്‍പാദിപ്പിക്കുന്ന പാഠം ആദര്‍ശവാദത്തിന്റെ നാട്യങ്ങള്‍ക്കെതിരെയാണ്‌. ആദര്‍ശവാദത്തിന്റെ നിഷ്ഫലതയെ കാരുണ്യലേശമന്യേ തെളിച്ചു കാണിക്കാന്‍ കഥാകാരിക്കു കഴിയുന്നു. ആദര്‍ശവാദത്തിനെതിരായ ഈ ആഖ്യാനം മൂല്യബോധചിന്തകളെ അനാദരിക്കുന്നതല്ല. മൂല്യങ്ങളെ കേവലമായി കാണുന്ന വീക്ഷണത്തെയാണ്‌ അത്‌ ആക്രമിക്കുന്നത്‌. ആദര്‍ശം മനുഷ്യനും പ്രകൃതിക്കും ജീവിതത്തിനും വേണ്ടിയാകുന്നതിനു പകരം ഇവ മൂന്നും ആദര്‍ശത്തിനു വേണ്ടിയായിത്തീരുന്ന അവസ്ഥയാണിത്‌. മീനാക്ഷിയമ്മയുടെ മരണം രചിക്കാന്‍ മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിരിക്കുന്ന ഒരാള്‍ക്കു മാത്രമേ കഴിയൂ.


ഇത്‌ തനിക്കറിയുമായിരുന്ന കഥ തന്നെയെന്നു വായനക്കാരന്‌ തോന്നിയേക്കാം. അത്‌ ശരിയുമാണ്‌. പലര്‍ക്കും അറിയാവുന്ന കഥ പലരുടേയും മനസ്സില്‍ അവരറിയാതെ വ്യവസ്ഥയുടെ രാഷ്ട്രീയബോധം രൂപപ്പെടുത്തിയെടുത്ത കഥയെ കണ്ടെടുക്കുകയാണ് കഥാകാരി ചെയ്തത്.(അതിന്‌ അവരുടെ ജീവിതാനുഭവങ്ങള്‍ കൂടി കാരണമായിട്ടുണ്ടാകാം.) വായ്മൊഴിയിലൂടെ കഥ അവതരിപ്പിക്കപ്പെടുന്നുവെന്നതു തന്നെ കഥാകാരിയും ഇതു പറഞ്ഞു കേട്ടിരുന്നുവെന്നതിന്റെ സൂചനയാണ്‌. ഒരു പക്ഷേ, മാധവിക്കുട്ടിയുടെ സാഹിത്യസൃഷ്ടിയെ അതിവര്‍ത്തിച്ചു കൊണ്ടു വായ്മൊഴിയിലൂടെ ഈ കഥ
ഇനിയും പ്രചരിക്കുകയും ചെയ്യും. ഒരു സാഹിത്യസൃഷ്ടിക്കു ലഭിക്കാവുന്ന വലിയ ഒരു ബഹുമതിയാണിത്‌. ക്ലാസിക്കല്‍ പാരമ്പര്യത്തോട്‌,
വിദൂരമെങ്കിലും പരിഗണനീയമായ ഒരു ബന്ധം ഈ ആഖ്യാനം പുലര്‍ത്തുന്നു.


എന്നാല്‍, ആദര്‍ശവാദത്തെ ആക്രമിക്കുന്ന കഥാകാരി യാഥാര്‍ത്ഥ്യത്തിന്റെ ഒരു പാഠം മാത്രമാണ്‌ അവതരിപ്പിക്കുന്നത്‌. ഇത്‌ വ്യവസ്ഥയുടെ പ്രത്യയശാസ്ത്ര നിര്‍മ്മിതിയെ സഹായിക്കുന്നുമുണ്ട്‌. ആദര്‍ശവാദത്തിനെതിരായ ആക്രമണം അബോധപൂര്‍വ്വം രാഷ്ട്രീയത്തിലെ ധനാത്മകമൂല്യങ്ങള്‍ക്കു വേണ്ടിയുളള പോരാട്ടങ്ങളുടെ ചരിത്രത്തെ ന്യൂനീകരിക്കുന്നു. സമകാല രാഷ്ട്രീയത്തിലെ ജീര്‍ണ്ണതകളെ നോവിക്കാതിരിക്കുന്നു. വ്യവസ്ഥയുടെ സ്വാംശീകരണ തന്ത്രങ്ങള്‍ക്ക്‌ കഥാകാരിയും കീഴ്പ്പെടുന്നതിന്റെ തെളിവാണിത്‌; വിശുദ്ധമായ സാഹിത്യം നിലനില്‍ക്കുന്നില്ലെന്നതിന്റേയും.

വിജ്ഞാനകൈരളിയില്‍ പ്രസിദ്ധീകരിച്ചത്

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

മനസ്സിന്റെ അടിത്തട്ടില്‍ നിന്നും വരുന്ന അഭിലാഷപ്രകടനങ്ങളാണിതെന്നു്‌ കഥാകാരിയിലൂടെ വായനക്കാര്‍ ഉറപ്പിക്കുന്നു...

അത് തന്നെയാണ് കഥാകാരിയുടെ വിജയവും...

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...