Saturday, August 7, 2010

സൂക്ഷ്മം സുന്ദരം

'ചെറുതത്രേ സുന്ദരം' എന്ന ഇ.എഫ്‌. ഷൂമാക്കറുടെ കല്‍പനക്ക്‌ മലയാളസാഹിത്യകലയിലും ഒരിടമുണ്ട്‌. കവിയും വിമര്‍ശകനുമായ കല്‍പറ്റ നാരായണന്റെ എഴുത്തുകളില്‍ ഈ കല്‍പന അതിന്റെ മുഴുവന്‍ അര്‍ത്ഥവും കണ്ടെത്തുന്നു. ഈ എഴുത്തുകാരന്റെ വാക്കുകള്‍ വലുതെന്നു ഭാവിക്കുന്നില്ല. അതിനു വലിപ്പമില്ല. കല്‍പറ്റയുടെ രചനകള്‍ മഹത്ത്വഭാവങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുകയും വാക്കിന്റെ മുന്നില്‍ വിനയം കൊണ്ട്‌ മഹത്ത്വമാര്‍ജ്ജിക്കുകയും ചെയ്യുന്നു. ഈ രചനകളെ കുറിച്ച്‌ പറയാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ ആദരവോടെയും അല്‍പം ഭയത്തോടെയും അവയെ സമീപിക്കേണ്ടി വരുന്നു. ഈ വാക്കിന്റെ എളിമയേയും തെളിമയേയും തന്റെ വാക്കിന്റെ വലിപ്പവും അഹങ്കാരവും മലിനമാക്കുമോയെന്നു സന്ദേഹത്തില്‍ വിമര്‍ശകര്‍ പെട്ടുപോകുന്നു. നമ്മുടെ അനുഭവങ്ങളെ അതിന്റെ ഏറ്റവും സൂക്ഷ്മതയില്‍ കാണുകയാണ്‌ കല്‍പറ്റ നാരായണന്‍ ചെയ്യുന്നത്‌. നാം അനുഭവിക്കാതിരുന്നതൊന്നും അദ്ദേഹം പറയുന്നില്ല. അനുഭവിച്ചിട്ടും വിവേചിച്ചറിയാതിരുന്നവയെ അദ്ദേഹം കാണിച്ചുതരുന്നു. നമ്മുടെ വളര്‍ച്ചയുടെ സവിശേഷതകള്‍ കൊണ്ട്‌ പ്രാന്തങ്ങളിലേക്കു തള്ളിയ കാര്യങ്ങളേയും പരിഗണനയില്‍ വരാതിരുന്നവയേയും കുറിച്ച്‌, അവ എത്രമാത്രം പ്രധാനമാണെന്ന്‌ അദ്ദേഹം തന്റെ വാക്കുകളിലൂടെ തെളിയിക്കുന്നു. മലയാളവാക്ക്‌ സൌന്ദര്യം കൊണ്ടും സദ്ഭാവങ്ങള്‍ കൊണ്ടും നിറയുന്നത്‌ ഈ എഴുത്തുകാരന്റെ ഭാഷയില്‍ നിന്നും നാം അനുഭവിക്കുന്നു.


കല്‍പറ്റ നാരായണന്റെ 'ഇത്രമാത്രം' എന്ന നോവലില്‍, വയനാട്ടിലെ ഒരു ഗ്രാമത്തില്‍ ജീവിച്ച സുമിത്രയെന്ന സ്ത്രീയുടെ ജീവിതവും മരണവുമാണ്‌ എഴുതപ്പെടുന്നത്‌. അസാധാരണമായി ഒന്നുമില്ലാതെ കഴിഞ്ഞുപോയെന്നു പൊതുലോകം പറഞ്ഞേക്കാവുന്ന ഒരു ജീവിതം. പുറത്തെ വലിയ ലോകത്തിലെ മനുഷ്യരുടെ കാഴ്ചയില്‍ നിസ്സാരമെന്നു തള്ളിക്കളയുന്ന ഒരു ഗ്രാമീണസ്ത്രീയുടെ ജീവിതത്തിലെ സൂക്ഷ്മസമൃദ്ധിയേയും നിറഞ്ഞ സാഫ്യലത്തേയും കുറിച്ച്‌, അവളുടെ ഉള്ളിലെ വേവലുകളെ കുറിച്ച്‌ നാം ഇപ്പോള്‍ അറിയുകയാണ്‌. ഗ്രാമത്തില്‍ വസിക്കുന്ന ഒരു സ്ത്രീയുടെ സന്തോഷങ്ങളും സങ്കടങ്ങളും മോഹങ്ങളും നിരാശകളും ഓരോ ചെറിയ പ്രവൃത്തിയും എത്രമാത്രം സാര്‍ത്ഥകമാണെന്നു നാം ഗ്രഹിക്കുന്നു. ഈ ഭൂമിയിലെ ഒരു ഏകകോശജീവിയുടെ ജീവിതം പോലും എത്ര മഹത്തരമെന്ന്‌ ഉണര്‍ത്തുന്ന അറിവായി ഇത്‌ വായനക്കാരനില്‍ വീണ്ടും വീണ്ടും പൊലിക്കുന്നു. മനുഷ്യജീവിതം ഇത്രമാത്രമേയുള്ളൂവെന്ന്‌ മാത്രമല്ല, അത്‌ എത്രമാത്രം ഉണ്ടെന്ന അറിവായി കൂടി ഈ നോവലിലെ വാക്കുകള്‍ മാറിത്തീരുന്നു. സൂക്ഷ്മം എത്രയോ പ്രധാനമെന്ന്‌ നമ്മെ ബോദ്ധ്യപ്പെടുത്തുന്ന രചനയാണിത്‌.


സുമിത്ര ആരായിരുന്നു.? അമ്മയും ഏട്ടനും ചെറിയച്ഛനും ചേര്‍ന്ന്‌, അച്ഛനെ മണിപ്പാലിലേക്ക്‌ കൊണ്ടുപോയപ്പോള്‍ ആരുമില്ലാത്തവനായി പോയ ഏഴുവയസ്സുകാരന്‍ പുരുഷുവിനെ ഒരു പകല്‍ കൊണ്ട്‌ എല്ലാവരുമുളളവനാക്കി മാറ്റിയെടുത്തവള്‍. നരസിംഹഗൌഡരുടെ വാത്സല്യത്തിനു പകരം താന്‍ നല്‍കുന്ന ഉപ്പുമാവ്‌ അയാള്‍ രുചിയോടെ കഴിക്കുന്നതു നോക്കി നില്‍ക്കുന്നവള്‍. ഒത്ത വലിപ്പമുളള പ്ളാവിന്‍ കുറ്റിയില്‍ പണിത പുരയിലെ തൂണുകളെ തൊട്ടും ചാരിയും മിനുസമുളളതാക്കി തീര്‍ത്തവള്‍. ചിലരോട്‌ തര്‍ക്കിക്കാനും ചിലരെ അവഗണിക്കാനും മൂന്നും നാലുമായി പെരുകി ജാഥ നയിക്കാന്‍ മാത്രം സുമിത്രകളെ സൃഷ്ടിച്ചെടുത്തവള്‍. വീടിനേക്കാള്‍ ഒരക്കൂടിനെ ഇഷ്ടപ്പെട്ടവള്‍. അവളെ മാത്രം തൊടാന്‍ അനുവദിച്ചിരുന്ന ഒരു പശുവിനെ വളര്‍ത്തിയെടുത്തവള്‍. തിളപ്പിച്ചാറ്റി നിര്‍ദ്ദോഷമാക്കിയ ദേഹപ്രകൃതിയുള്ളവളുടെ ചെറിയ ഇഷ്ടങ്ങളേയും ചെറിയ നേട്ടങ്ങളേയും നന്മയേയും വെറുപ്പിനേയും കുറിച്ചു പറഞ്ഞുകൊണ്ട്‌ കല്‍പറ്റ നാരായണന്‍ സുമിത്രയെ നമുക്കു പരിചയപ്പെടുത്തുന്നു. ഇതിന്നൊപ്പം അവളടക്കിപ്പിടിച്ച ദു:ഖങ്ങളെയും രഹസ്യങ്ങളേയും കുറിച്ച്‌ എഴുതുന്നു. ഭര്‍ത്താവായ വാസുദേവനൊപ്പം നില്‍ക്കുമ്പോള്‍ അനുഭവിച്ച ശൂന്യതകളെ കുറിച്ച്‌, വേദനയും കൃതജ്ഞതയും നിറഞ്ഞ ഒരു ചിരി പൊതുവാളിനു നല്‍കിയതിനെ കുറിച്ച്‌, സുമിത്രയെ കുറിച്ചുള്ള മാധവിയുടേയും ഗീതയുടേയും ഓര്‍മ്മകളും എഴുതുന്നു. അവള്‍ ഇവിടെയുണ്ടായിരുന്നുവെന്നതിനു തെളിവായി ഇങ്ങനെ സാധാരണക്കാരായ മനുഷ്യരുടെ ഓര്‍മ്മകളിലൂടെ കഥാകാരന്‍ സഞ്ചരിക്കുന്നു. ആ കിളിയുടെ ജീവിതസാഫല്യത്തിന്റെ അടയാളങ്ങളായി ഒരു കൂവലും ഒരു തൂവലും കണ്ടെത്തുന്നു. എന്നാല്‍, മന്നില്‍ മനുഷ്യജീവിതം ഇത്രമാത്രം എന്ന ഖേദത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു.


ഈ ഭൂലോകവാസത്തിനിടയില്‍ ശരിയും തെറ്റും നന്‍മയും തിന്‍മയും ഇടകലര്‍ന്ന എല്ലാറ്റിനുമിടയിലൂടെ നമുക്കു കടന്നു പോകേണ്ടി വരുന്നുവെന്ന്‌, ഇവിടെ വലിയ വ്യവച്ഛേദങ്ങള്‍ അസാദ്ധ്യമാണെന്ന് സുമിത്രയെന്ന സ്ത്രീയുടെ കഥയിലൂടെ കല്‍പറ്റ നാരായണന്‍ പറയുന്നു. ജീവിതരതിയുടെ ഒരു പേരല്ലേ അസൂയ എന്നു ചോദിക്കുന്ന എഴുത്തുകാരന്‍ ദുഷിച്ചതെന്ന് മുദ്ര കുത്തപ്പെട്ടവയിലും ജീവിതത്തെ ജീവിതവ്യമാക്കുന്ന ഔഷധം നിറഞ്ഞിരിക്കുന്നുവെന്നു കാണിച്ചു തരുന്നു. മകള്‍ക്ക്‌ അനസൂയ എന്നു പേരിടേണ്ടിയിരുന്നില്ലെന്ന്‌ സുമിത്രക്ക്‌ തോന്നുന്നുണ്ട്‌. പേടിക്കാന്‍ പോലും അറിഞ്ഞു കൂടാത്ത അവള്‍ ആരോടെങ്കിലും അസൂയയുള്ളവളായിരുന്നെങ്കിലെന്നു് ആ അമ്മക്ക്‌ പ്രാര്‍ത്ഥിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. ആദര്‍ശത്തിന്റേയും മഹത്ത്വങ്ങളുടേയും ഭാരമേല്‍ക്കാത്ത ഈ കഥാപാത്രത്തിലൂടെ ഒരു ഇസത്തിലും ഇടം കിട്ടിയേക്കില്ലാത്ത ഒരുവളുടെ വാങ്മയചിത്രമാണ്‌ കല്‍പറ്റ നാരായണന്‍ വരച്ചത്‌.


ഒരു മരണവീടിലെ കാഴ്ചകള്‍ ഇത്ര സൂക്ഷ്മമായി നമ്മുടെ ഭാഷയില്‍ ആരും കണ്ടെടുത്തിട്ടില്ല. ആദ്യത്തെ തിരക്കുകള്‍ക്കു ശേഷം ഉന്മേഷം നഷ്ടപ്പെട്ട നായ അരക്കൂട്ടിന്റെ ചേതിക്കല്‍ പോയി കിടക്കുന്നത്‌, "ചിലരെ വേഗം വിളിക്കും, ചിലരെ എത്രയായാലും വിളിക്കില്ല" എന്നിങ്ങനെ ലോകതത്ത്വങ്ങള്‍, ദേഹം ഒരു നോക്കു കാണാന്‍ ഓടിയെത്തുന്നവര്‍ അടുത്തെത്തുമ്പോള്‍ 'അനിയത്തി രമണിയും ചന്ദ്രേട്ടനുമാകുന്നത്‌', ആരെയാണ്‌ കുളിപ്പിക്കേണ്ടത്‌ എന്നു പറയാതെ കുളിപ്പിക്കണ്ടേ എന്ന ചോദ്യങ്ങള്‍, അവിഹിതമായ അര്‍ത്ഥം വഹിക്കുന്ന മറ്റു ചില കാഴ്ചകള്‍... ഇവയെല്ലാം കവിത കിനിയുന്ന വരികളില്‍ കല്‍പറ്റ നാരായണന്‍ എഴുതുന്നു. കവിയായ ഈ എഴുത്തുകാരന്‍ ലേഖനമെഴുതുമ്പോള്‍ സംഭവിക്കുന്നതെന്തോ അതു തന്നെ നോവലെഴുതുമ്പോഴും സംഭവിക്കുന്നു. ലേഖനവും നോവലും കവിതയായി മാറുന്നു.


നോവലിലെ കഥാപാത്രങ്ങള്‍ ഓരോരുത്തരും സുമിത്രയെ കണ്ടെത്തുതിലും മനസ്സിലാക്കുതിലുമുള്ള വ്യത്യസ്തതകള്‍ നോവലിന്‌ ഒരു ദാര്‍ശനികഭാവം നല്‍കുന്നു.'ആരാണ്‌ സുമിത്ര?' എന്ന ചോദ്യത്തിനുളള ഉത്തരങ്ങള്‍ പരസ്പരയോജ്യമായിരിക്കണമെന്നില്ല. വസ്തുനിഷ്ഠയാഥാര്‍ത്ഥ്യത്തെ കുറിച്ചുളള ചോദ്യമായി ഇതു മാറിത്തീരുന്നു. നോവല്‍ ചില ദാര്‍ശനികമാനങ്ങള്‍ കൈവരിക്കുന്നു. സുമിത്രയുടെ ജീവിതം ഇത്രമാത്രം എന്നു പറയുന്നതിനു വേണ്ടി അവള്‍ ആരാണ്‌ എന്ന ചോദ്യം പരോക്ഷമായി ഉന്നയിക്കുകയും വ്യത്യസ്ത അനുഭവങ്ങളെ ഉത്തരമായി നല്‍കുകയുമാണ്‌ കഥാകാരന്‍ ചെയ്യുന്നത്‌. എന്നാല്‍, ആരുടേയും അനുഭവങ്ങള്‍ കേവലമല്ല. ഒരാളുടെ അനുഭവത്തെ കുറിച്ച്‌ മറ്റൊരാള്‍ക്ക്‌ അതുതന്നെ സത്യമെന്നു പറയുക പ്രയാസം. അനുഭവങ്ങളിലെ ചില മൂലകങ്ങളെ അവര്‍ പങ്കുവയ്ക്കുന്നുണ്ടാകും, എല്ലാ മൂലകങ്ങളുമില്ല. അനുഭവങ്ങളിലെ വസ്തുനിഷ്ഠതയെ കുറിച്ചുളള സങ്കല്‍പനങ്ങള്‍ പ്രശ്നസങ്കീര്‍ണ്ണമാണ്‌. വ്യത്യസ്ത ആത്മനിഷ്ഠതകള്‍ക്ക്‌ പരസ്പരസമ്മതത്തിലെത്താന്‍ കഴിയുന്നതെന്തോ, പൊതുവായ അനുഭവഘടകങ്ങളെന്തോ അതാണ്‌, അതു മാത്രമാണ്‌, ലോകത്തിന്റെ വസ്തുനിഷ്ഠതയുടെ ആധാരമെന്നു പറയുന്ന പുതിയ ചിന്തകരെ ഓര്‍ക്കുക! സമൂഹത്തിന്റെ സമവായമായി വസ്തുനിഷ്ഠത നിര്‍മ്മിക്കപ്പെടുന്നു. വസ്തുവാദത്തില്‍ നിന്നുളള വിമോചനമാണിത്‌. സമൂഹത്തിലെ വിവിധ ഘടകങ്ങള്‍ക്കിടയില്‍ സമവായം എന്ന പ്രമേയം വസ്തുനിഷ്ഠതയെ സവിശേഷ സാമൂഹികതാല്‍പര്യങ്ങളുമായി കണ്ണിചേര്‍ക്കുന്നു. ജീവിതത്തിന്റെ അനിശ്ചിതത്വത്തെ കുറിച്ചുളള ജ്ഞാനമാണിത്‌. സുമിത്രയുടെ കഥ ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ കുറിച്ചുളള ജ്ഞാനമായി മാറുന്നു.

(കല്പറ്റ നാരായണന്റെ നോവല്‍ ഭാഷാപോഷിണി മാസികയില്‍ പ്രസിദ്ധീകരിച്ചു തീര്‍ന്നപ്പോള്‍ എഴുതിയ പ്രതികരണം.)

1 comment:

edacheridasan said...

ഞാൻ എന്റെ ഹാജർ തരുന്നതിന്നാണ് ഇപ്പോൾ ഓടിപ്പിടിച്ചു എത്തിയത്‌ ,അപ്പോഴാണു ഈ സംഗതി കാണുന്നത്‌. ഇതുമുഴുവൻ വയിച്ചപ്പോൾ നേരത്തേ ഈ വഴിക്ക്‌ എത്താൻ കഴിയതെ പോയതിൽ നല്ല വിഷമം തോന്നി.....ഗൗരവമേറിയ ഒരു വായന സമ്മാനിച്ചതിന്ന് നന്ദി മാഷെ....നല്ലത്‌ കണ്ടെത്താനും, തിരിച്ചറിയാനും പലപ്പോഴും എനിക്കിങ്ങിനെ സംഭവിക്കാറുണ്ടു......തീർച്ചയായും ഞാൻ ഇനിയും വന്നിരിക്കും