Saturday, August 28, 2010

എന്‍. എസ്. മാധവന്റെ പ്രസംഗത്തില്‍ നിന്നും

കലാലയമാസികകള്‍ക്കു നല്കുന്ന മലയാളമനോരമയുടെ ചീഫ് എഡിറ്റര്‍ അവാര്‍ഡ് പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ നടന്ന ചടങ്ങില്‍ വച്ചു് എന്‍. എസ്, മാധവന്‍ സമ്മാനിക്കുകയുണ്ടായി. മാധവന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇവിടെ എഴുതുന്നത്.


ഭാഷാ ശാസ്ത്രജ്ഞന്മാര്‍ ഭാഷകളുടെ ആയുസ്സും ആരോഗ്യവും നിര്‍ണയിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു. ഈ മാനദണ്ഡങ്ങള്‍ അനുസരിച്ച് മലയാളഭാഷ നല്ല ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന അവസ്ഥയിലാണ്. മൂന്നു കോടിയിലേറെ ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നു. ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളും ആനുകാലികങ്ങളും പരിശോധിച്ചാല്‍ റീഡര്‍ഷിപ്പിലും എണ്ണത്തിലും വളരെ ഉയര്‍ന്ന സ്ഥിതിയാണ് മലയാളത്തിലെ പ്രസിദ്ധീകരണങ്ങള്‍ക്ക്. പത്രങ്ങള്‍, ചാനലുകള്‍ എന്നിങ്ങനെ ഭാഷയുടെ മേഖലയില്‍ പ്രവൃത്തിയെടുത്തു കൊണ്ട് ജീവിക്കുന്ന വളരെയധികം പേര്‍.


മലയാളഭാഷ നല്ല ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന ഈ അവസ്ഥയിലാണ് മലയാളസാഹിത്യം ഏറ്റവും ശോഷിച്ച അവസ്ഥയിലായിരിക്കുന്നത്. ആനുകാലികങ്ങളില്‍ സാഹിത്യകൃതികള്‍ പ്രസിദ്ധീകരിക്കപ്പെടുന്നില്ല. ഈയിടെ പുറത്തിറങ്ങിയ വിശേഷാല്‍പതിപ്പുകളെ കുറിച്ച് മാധവന്‍ പറഞ്ഞു. അവയുടെ ഉള്ളടക്കത്തെ കുറിച്ചും. വിദേശനോവലുകള്‍ നൂറും ഇരുനൂറും ഡോളര്‍ നല്കി കോപ്പി റൈറ്റ് വാങ്ങി മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിക്കലാണ് പുസ്തക വ്യവസായം. മലയാളത്തില്‍ നിന്നുള്ളവരുടെ രചനകള്‍ വേണ്ടെന്നായിരിക്കുന്നു.


നമുക്ക് എഡിറ്റര്‍മാരില്ലാതായിരിക്കുന്നു. നമുക്ക് നല്ല എഡിറ്റര്‍മാരില്ല. നമ്മുടെ കഥാകാരന്‍ എന്‍.വിയേയും എംടിയേയും കുറിച്ചു പറഞ്ഞു. അവരുടെ കൈകളിലൂടെ കടന്നു പോയ രചനകളിലൂടെ പുതിയ കഥയും കവിതയും സൃഷ്ടിക്കപ്പെട്ടതിനെ കുറിച്ചു പറഞ്ഞു.


ഇടയ്ക്ക്, വൈറ്റില ജങ്ഷനില്‍ കണ്ട ഒരു ഫ്ലക്സ് ബോര്‍ഡ് ഞെ‍ട്ടിപ്പിക്കുന്നതായിരുന്നുവെന്ന് മാധവന്‍ പറഞ്ഞു. വിലാസിനി എന്‍ഡോവ്മെന്‍റ് അവാര്‍ഡ് നേടിയതിന് നമ്മുടെ ഒരു നിരൂപകനെ അഭിനന്ദിക്കുന്ന ബോര്‍ഡായിരുന്നു അത്. എഴുത്തുകാരന്റെ അന്തസ്സും സ്വകാര്യതയും ന‍ഷ്ടപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tuesday, August 24, 2010

ഈ കവിതയില്‍ സ്വാതന്ത്ര്യം നിറഞ്ഞിരിക്കുന്നു

മലയാളവാക്കിനു മേല്‍ ചാര്‍ത്തിയിട്ടുളള തോരണങ്ങളെ അഴിച്ചുമാറ്റിക്കൊണ്ടാണ്‌ എസ്‌.ജോസഫ്‌ കവിത എഴുതുന്നത്‌. ഇവിടെ, ഭാഷ നഗ്നമാകുകയും അലങ്കാരങ്ങളില്ലാത്ത വാക്ക്‌ നമ്മോട്‌ നേരിട്ടു സംവദിക്കുകയും ചെയ്യുന്നു. ഈ നാട്ടുഭാഷ ഇതേ വരെ മലയാളകവിതയ്ക്ക്‌ അന്യമായിരുന്നു. ഒരുകാലത്ത്‌ കവിതക്കിണങ്ങില്ലെന്നു്‌ സന്ദേഹങ്ങളില്ലാതെ സ്ഥാപിക്കപ്പെട്ടിരുന്ന ഭാഷയില്‍, വാക്കുകളില്‍.. ജോസഫ്‌ കവിതയെഴുതുന്നു. കുഴിവെട്ടുകാരന്റേയും അലക്കുകാരിയുടേയും കല്‍പണിക്കാരന്റേയും കവിതയാണിത്‌.

ജോസഫിന്റെ കവിത ഉരുവം കൊളളുന്നത്‌ സ്വാതന്ത്ര്യത്തിന്റെ ലോകത്താണ്‌. അതുകൊണ്ട്‌, അത്‌ ഇത്രമേല്‍ സ്വാഭാവികമാകുന്നു. നിനക്ക്‌ വേണ്ടത്‌ സ്വാതന്ത്ര്യമല്ലേ? ഇവിടെ അതേയുളളൂ എന്നു കവിതയോട്‌ പെറുക്കിപ്പയ്യന്‍ പറയുന്നു. കവിതയുടെ ഉടമസ്ഥര്‍; വലിയ കെട്ടിടങ്ങള്‍ പോലുളളവര്‍, ചതുരങ്ങളിലും വൃത്തങ്ങളിലും കവിതയെ പൂട്ടിയിടുമ്പോള്‍ ഓലപ്പുരയിലുറങ്ങാനും ചെളിവെളളത്തില്‍ നടക്കാനും തോട്ടില്‍ പോയി കുളിക്കാനും കഞ്ഞിയും മുളപ്പിച്ച പയറും കഴിക്കാനും അപ്പന്റെ ചീത്തവിളികള്‍ കേള്‍ക്കാനും ഇവന്‍ കവിതയെ ക്ഷണിക്കുന്നു. കറുത്ത കല്ലില്‍ നിന്നും മീന്‍കാരനിലേക്കും ഐഡന്റിറ്റി കാര്‍ഡിലേക്കും എത്തുമ്പോഴേക്കും ജോസഫ്‌ തന്റെ വഴികള്‍ നന്നായി ഉറപ്പിച്ചിരിക്കുന്നു. കവിതയിലെ വലിയ ആള്‍ക്കാരോടുണ്ടായിരുന്ന ചെറിയ ആകര്‍ഷണം പോലും ഒഴിഞ്ഞുപോകുകയും തന്റെ വഴികളുടെ തെളിച്ചം സ്വയം അറിയുകയും ചെയ്യുന്നു.

ജോസഫിന്റെ കവിതയിലെ കാഴ്ചകള്‍ ആരും കാണാതിരുന്നവയല്ല. അവ നാം കണ്ടിട്ടും തിരിച്ചറിയാതിരുന്ന കാഴ്ചകളാണ്‌. കണ്ടിട്ടും കാണാതിരുന്ന കാഴ്ചകളാണ്‌. അവയെ കുറിച്ച്‌ ജോസഫ്‌ എഴുതുമ്പോള്‍ നമ്മില്‍ അത്ഭുതം ജനിക്കുന്നു. പ്രകൃതിയുടെയും ജീവിതത്തിന്റേയും എളിമകള്‍ കവിതയിലാകെ പടര്‍ന്നു്‌ നിറയുകയും വായനക്കാരന്റെ അഹന്തയെ ചോര്‍ത്തിക്കളയുകയും ചെയ്യുന്നു. ഈ കവിതയില്‍ ആര്‍ദ്രത നിറഞ്ഞിരിക്കുന്നു. അത്‌ ആര്‍ദ്രമാകുന്തോറും പിന്നേയും പിന്നേയും ആര്‍ദ്രമാകാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌, ജോസഫിന്റെ കവിതയില്‍ ധിഷണയുടേയും ഭാഷാശേഷിയുടെയും നാട്യങ്ങള്‍ ഒട്ടുമേയില്ല. ഇത്‌ കവി തന്നെ തിരിച്ചറിയുന്നുണ്ട്‌. വാക്കുകളുടെ കൂടുതല്‍ കുറവുകളല്ലല്ലോ കവിത്വത്തിന്‌ അടിത്തറയെന്നു്‌ കവി. അയാള്‍ വിനീഷ്‌ എന്ന കുട്ടിയുടെ എഴുതാത്ത കവിതാപുസ്തകത്തിലെ ആദ്യത്തെ വരി കണ്ടെത്തുന്നു. "കാക്ക കരയുമ്പോള്‍ സ്വന്തം പേരു പറയുന്നു " കവിതയ്ക്ക്‌ പ്രായഭേദങ്ങളില്ലെന്ന്‌, പണ്ഡിത-പാമര ഭേദങ്ങളില്ലെന്ന്‌, അത്‌ എത്രമേല്‍ മൃദുവും ലഘുവുമെന്ന്‌ സൂചിപ്പിക്കുന്നു.


ജോസഫ്‌ കവിതയില്‍ രചിക്കുന്ന ചരിത്രം മറ്റാരും രചിക്കാത്തതാണ്‌. താലൂക്കിന്റെയത്രയും വലുതായ ലോകമുളള ഒരു അമ്മയെ കുറിച്ച്‌ ജോസഫ്‌ ഇപ്പോള്‍ എഴുതിയിരുന്നില്ലെങ്കില്‍ ചരിത്രത്തില്‍ നിന്നും ഒരേട്‌ മുറിഞ്ഞുപോകുമായിരുന്നു. പൂച്ചക്കുഞ്ഞുങ്ങളെ വളര്‍ത്തുകയും കോഴികളോടും പട്ടികളോടും വര്‍ത്തമാനം പറയുകയും ചെയ്യുന്ന അമ്മ. അ എന്ന ഒറ്റയക്ഷരം മാത്രമറിയുന്ന അമ്മ, കോഴി കൂവലിന്നൊപ്പം നന്‍മ നിറഞ്ഞ മറിയം ചൊല്ലുന്ന അമ്മ. ഭൂമിയേക്കാള്‍ വലുതായ, ബോണ്‍വിറ്റയും ആപ്പിളും മാത്രം വിളമ്പുന്ന കൊച്ചമ്മമാര്‍ മാത്രം നിറഞ്ഞു കൊണ്ടിരിക്കുന്ന ലോകത്തില്‍ ഈ അമ്മയുടെ ചരിത്രം രേഖപ്പെടേണ്ടത്‌ കവിതയില്‍ തന്നെ വേണം.

മലയാളി മറന്നു പൊയ്ക്കഴിഞ്ഞ കാഴ്ചകളും അനുഭവങ്ങളും ഈ കവിതയില്‍ രേഖപ്പെടുന്നു.

കുലച്ച വാഴകള്‍ക്കിടയില്‍
നിറയെ കായ്ച്ച പേരമരം.
... ... ...

പറന്നുവന്നൊരു കാക്ക
കാപ്പിക്കമ്പിലിരിക്കുന്നു.

അവിടൊരു കുടപ്പന
അതില്‍ പനറാതളുകള്‍
ചുവട്ടില്‍ ഞങ്ങള്‍ പീടിക
കളിച്ചു.

ഒഴിഞ്ഞുപോകുന്ന കാഴ്ചകളെ കുറിച്ചുളള ആകുലതയാണോ ജോസഫിന്റെ കവിതയോട്‌ നമ്മെ അടുപ്പമുളളവരാക്കുന്നത്‌. ഈ കവിതയുടെ വായനയില്‍ കാലം അതിന്റെ പങ്കു വഹിക്കുന്നൂണ്ട്‌ തീര്‍ച്ച! വറ്റിക്കൊണ്ടിരിക്കുന്ന ഗ്രാമജീവിതഭംഗികള്‍, നന്‍മകള്‍, നിഷ്ക്കളങ്കതകള്‍..അവയെ പുതുസൌന്ദര്യത്തോടെ കാണാന്‍ ഈ കവിത നമ്മെ പ്രേരിപ്പിക്കുന്നുണ്ടാകാം. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍ മാത്രമല്ല; മലയാളി മറന്നു പോയിക്കൊണ്ടിരിക്കുന്ന വാക്കുകളും ഈ കവിത പറഞ്ഞുതരുന്നു.
തികത്തിയ കപ്പ, കാനകൂമ്പി വെയില്‍ , അളിയനെ അറിയിച്ചോ ..

മലയാള ഭാഷയിലെ ഗ്രാമ്യപദങ്ങള്‍ ഈ കവിതയിലൂടെ അതിജീവിക്കുന്നു. അങ്ങനെ മലയാളഭാഷ അതിജീവിക്കുന്നു. പുതിയ കവികളുടെ വാക്കിനെക്കുറിച്ചുളള ഖേദങ്ങള്‍ ഇയാളിലുമുണ്ട്‌. നാട്ടുഭാഷയുടെ നന്‍മയെ ആവാഹിച്ചുകൊണ്ട്‌ ഇയാള്‍ വാക്കിന്റെ ശക്തിയെ ഉണര്‍ത്തിയെടുക്കുന്നു.

തോര്‍ച്ച മാസികയില്‍ പ്രസിദ്ധീകരിച്ചത്

Thursday, August 19, 2010

നിങ്ങളുടെ സ്വപ്നങ്ങള്‍ വ്യവസ്ഥയുടെ സ്വപ്നങ്ങളാണ്‌!

“The historians and archeologists will one day discover that the advertisements of our time are the richest and most faithful daily reflections that any society ever made of its entire range of activities.”
- “Understanding media”: Marshall McLuhan


പരസ്യങ്ങള്‍ എന്താണു ചെയ്യുന്നത്‌? തങ്ങളുടെ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ഒഴിവാക്കാനാവാത്തവയാണെന്നു്‌ ഉപഭോക്താവിനെ ബോദ്ധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തെയാണ്‌ അവ ഒന്നാമതായി കാണുന്നതെന്നു്‌ തീര്‍ച്ച! എന്നാല്‍, ഉല്‍പന്നങ്ങളിലേക്ക്‌ ഉപഭോക്താവിനെ ക്ഷണിക്കുന്ന ഒരു മാസ്മരികലോകം സൃഷ്ടിക്കുക മാത്രമാണോ അതു ചെയ്യുന്നത്‌. വ്യവസ്ഥയുടെ മൂല്യങ്ങളെ പുനരുല്‍പാദിപ്പിച്ചുകൊണ്ടാണ്‌, ഉല്‍പന്നത്തിന്റെ വിപണിയേയും ഉല്‍പന്നങ്ങളുടെ നിര്‍മ്മാതാക്കളുടെ അസ്തിത്വത്തിന്റെ തുടര്‍ച്ചയേയും അത്‌ ഉറപ്പു വരുത്തുന്നത്‌. പരസ്യങ്ങള്‍ സ്ഥിതവ്യവസ്ഥയുടെ കാവല്‍ക്കാരായി പ്രത്യക്ഷപ്പെടുന്നു. ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന ചില പരസ്യങ്ങളെ ചൂണ്ടി ഈ ആശയത്തെ പരിശോധിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌. യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ പുതിയ പരസ്യങ്ങള്‍ ശ്രദ്ധിക്കുക. വിദേശസ്വകാര്യബാങ്കുകളുടെ കടന്നുകയറ്റത്തില്‍ സ്വയം അടി തെറ്റാതിരിക്കാന്‍ പൊതുമേഖലയിലെ ഈ ബാങ്ക്‌ ചില പുതിയ മാനകങ്ങളെ സ്വീകരിക്കുകയാണ്‌. ബാങ്കിന്റെ ലോഗോ പുതുക്കിയിരിക്കുന്നു. ബോണ്ടുകളിലൂടെ ആയിരം കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. രാജ്യത്തികത്ത്‌ പുതിയ 500 ബ്രാഞ്ചുകള്‍ തുറക്കുന്നു. പൊതുജനസമ്പര്‍ക്ക പരിപാടികള്‍ മെച്ചപ്പെടുത്തുതിന്‌ Ogilvy PR എന്ന കമ്പനിയുമായി ധാരണയുണ്ടാക്കിയിരിക്കുന്നു. ആദ്യമായിട്ടാണ്‌ പബ്ളിക്‌ റിലേഷന്‍സ്‌ മെച്ചപ്പെടുത്തുതിനു വേണ്ടി ബാങ്ക്‌ ഒരു ബാഹ്യഏജന്‍സിയെ സമീപിക്കുന്നത്‌. 75കോടി രൂപയിലേറെ ചെലവു ചെയ്യുന്ന പരസ്യങ്ങള്‍ ഈ വര്‍ഷം മാധ്യമങ്ങളിലൂടെ പ്രക്ഷേപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന പരസ്യങ്ങള്‍ ഇതിന്റെ ഭാഗമാണ്‌.


യൂണിയന്‍ ബാങ്കിന്റെ ഈ പരസ്യങ്ങള്‍ കുടുംബബന്ധങ്ങളിലെ പവിത്രതയേയും നന്‍മയേയും പരിശുദ്ധിയേയും കുറിച്ചുള്ള സങ്കല്‍പനങ്ങളെ അടിസ്ഥാനമാക്കുന്നവയാണ്‌. പിതൃസ്നേഹവും വാത്സല്യവുമാണ്‌ രണ്ടു പരസ്യങ്ങളില്‍ ഫോക്കസ്‌ ചെയ്യുന്നത്‌. മറ്റൊന്നില്‍ മകളോടുള്ള മാതൃസ്നേഹവും ഇനിയുമൊന്നില്‍ ഒരു ചെറിയകുട്ടിക്ക്‌ സഹോദരനോടുള്ള സ്നേഹവും വിഷയമാകുന്നു. ഭര്‍ത്താവിന്റെ സ്വപ്നങ്ങളെ ഒരിക്കലും മറക്കാതെ, അതിന്നായി പ്രവര്‍ത്തിക്കുന്ന ഭാര്യയെ ചിത്രണം ചെയ്യുന്ന ഒരു പരസ്യവും അവസാനമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ഉറ്റവരുടെ സ്വപ്നങ്ങളെ തങ്ങളുടെ മനസ്സുകൊണ്ടറിഞ്ഞു പെരുമാറുന്നവരെ പോലെയാണ്‌ യൂണിയന്‍ ബാങ്കെന്നു്‌ നമ്മെ ബോദ്ധ്യപ്പെടുത്താനാണ്‌ ഈ പരസ്യങ്ങള്‍ ശ്രമിക്കുന്നത്‌. ബാങ്കിന്റെ വിശ്വസ്തതയെ കുറിച്ചു പറയാന്‍ പിതൃ, മാതൃ, സഹോദരീഭാവങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന ഈ പരസ്യങ്ങള്‍ നിറവേറ്റുന്നത്‌ അവയുടെ ഈ ആദ്യലക്ഷ്യങ്ങളെ മാത്രമല്ല. സ്ഥിതകുടുംബവ്യവസ്ഥയുടെയും സാമൂഹികവ്യവസ്ഥയുടെ തന്നെയും മൂല്യങ്ങളെ അവ ഉറപ്പിക്കുകയും പുനരുല്‍പാദിപ്പിക്കുകയും ചെയ്യുന്നു.


അച്ചനും മകനും പ്രത്യക്ഷപ്പെടുന്ന പരസ്യത്തിലെ വാക്യങ്ങള്‍ ഇങ്ങനെയാണ്‌.
ലോകത്ത്‌ ഏറ്റവും തിരക്കുള്ള ആളായിരുന്നു അദ്ദേഹം
എന്നിട്ടും അദ്ദേഹം എങ്ങനെയെങ്കിലും സമയമുണ്ടാക്കി,
നിങ്ങള്‍ക്കു വേണ്ടി നിങ്ങളുടെ ആനുവല്‍ ഡേയ്ക്ക്‌,
നിങ്ങളുടെ പിറാളിന്‌, ഗ്രാജുവേഷന്‌.
"അച്ഛന്‍ എന്നെ എന്റെ പാട്ടിനു വിടൂ" എന്നു നിങ്ങള്‍ അലറി വിളിച്ചപ്പോള്‍ പോലുംഅദ്ദേഹം ഉണ്ടായിരുന്നു.
കാണാമറയത്ത്‌.
നിങ്ങളുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ അദ്ദേഹം ഉപേക്ഷ കാണിച്ചില്ല.
സ്വന്തം ചില സ്വപ്നങ്ങള്‍ അതിനു വേണ്ടി ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും.


സ്വന്തം സ്വപ്നം ഉപേക്ഷിച്ചും മകന്റെ സ്വപ്നം സഫലമാക്കാനുള്ള അച്ഛന്റെ പ്രയത്നവും മകനോടുള്ള സ്നേഹവും അവനെ കുറിച്ചുള്ള ആകുലതകളും ഇതില്‍ പ്രമേയമാക്കപ്പെടുന്നു. ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരു പരസ്യത്തിലും മകനെ കുറിച്ച്‌ ഉല്‍ക്കണ്ഠാകുലനാകുകയും മുന്‍കരുതലുകളെടുക്കുകയും ചെയ്യുന്ന അച്ഛന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. അതിരാവിലെ മൂന്നരമണിക്ക്‌ യാത്രക്കു പുറപ്പെടുന്ന മകനെ വിമാനത്താവളത്തിലെത്തിക്കാന്‍ ടാക്സിയുമായി എത്തിച്ചേരുന്ന അച്ഛനെയാണ്‌ ഈ പരസ്യത്തില്‍ നാം കാണുന്നത്‌. അച്ഛന്റെ ആകുലതകളില്‍ നിമഗ്നമായിരിക്കുന്നത്‌ മകന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള വിചാരങ്ങള്‍ മാത്രമല്ല, വ്യവസ്ഥയുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്കകള്‍ കൂടി അതിന്നുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. കുടുംബവ്യവസ്ഥയുടെ കേന്ദ്രമായ അച്ഛന്‍ എല്ലാ കേന്ദ്ര(centre)ങ്ങളേയും സൂചിപ്പിക്കാന്‍ കഴിവുള്ള ചിഹ്നമാണ്‌. അത്‌ യൂണിയന്‍ ബാങ്ക്‌ എന്ന ധനകാര്യസ്ഥാപനത്തോടൊപ്പം സാമൂഹികവ്യവസ്ഥയുടെ നിര്‍ണ്ണായകകേന്ദ്രങ്ങളേയും സൂചിപ്പിക്കുന്നു. യൂണിയന്‍ ബാങ്ക്‌ അതിന്റെ താല്‍പര്യങ്ങളെ വിഗണിച്ചു കൊണ്ടുപോലും ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന സവിശേഷപാഠത്തോടൊപ്പം സ്ഥിതവ്യവസ്ഥയുടെ കേന്ദ്രസ്ഥാനങ്ങള്‍ക്ക്‌ നിങ്ങളുടെ ജീവിതം മഹത്ത്വമാര്‍ജ്ജിക്കുതില്‍ താല്‍പര്യമുണ്ടെന്ന്, അത്‌ സ്വന്തം താല്‍പര്യങ്ങളെ ഒഴിവാക്കിക്കൊണ്ടു പോലും അതിന്നായി അക്ഷീണം പ്രവര്‍ത്തിക്കുന്നുവെന്ന സാമാന്യപാഠം ഈ പരസ്യം നല്‍കുന്നു.


തന്നോടുളള മകളുടെ ഉപേക്ഷകളില്‍ വേവലാതിപ്പെടാതിരിക്കുകയും മകള്‍ കരയുമ്പോള്‍ കൂടെ കരയുകയും അവള്‍ക്കു വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന അമ്മയെ മറ്റൊരു പരസ്യത്തില്‍ നാം കാണുന്നു. മകളെ കുറിച്ചുള്ള അമ്മയുടെ ഉല്‍ക്കണ്ഠകള്‍ സ്ത്രീയെ കുറിച്ചുളള വ്യവസ്ഥയുടെ ഉല്‍ക്കണ്ഠകള്‍ കൂടിയാണ്‌. അമ്മ കാവലാളാകുന്നത്‌ മകള്‍ക്കു മാത്രമല്ല, സ്ഥിതവ്യവസ്ഥയുടെ മൂല്യങ്ങള്‍ക്കു കൂടിയാണ്‌. സ്വര്‍ണ്ണപ്പല്ലുകള്‍ കായ്ക്കു മരം വളര്‍ത്താനായി പല്ലുകള്‍ മണ്ണില്‍ കുഴിച്ചിട്ട് മുളപ്പിക്കാന്‍ ശ്രമിക്കുന്ന ചെറിയ പെണ്‍കുട്ടി താനുണ്ടാക്കുന്ന സ്വര്‍ണ്ണം കൊണ്ട്‌ നിറവേറിക്കാണാന്‍ ആഗ്രഹിക്കുന്നത്‌ പുതിയ കാറു വാങ്ങണമെന്ന കനിഷ്ഠസഹോദരന്റെ ആഗ്രഹം മാത്രമല്ല, ഉപഭോഗവ്യവസ്ഥയുടെ താല്‍പര്യങ്ങള്‍ കൂടിയാണ്‌. തന്റെ വ്യാകുലതകളൊന്നും ഭര്‍ത്താവിനെ അറിയിക്കാതെ എല്ലാം സ്വയം അറിയുകയും ചെയ്തു തീര്‍ക്കുകയും ചെയ്യുന്ന പരസ്യത്തിലെ ഭാര്യ പ്രകടിപ്പിക്കുന്നത്‌ അവളുടെ കലവറയില്ലാത്ത സ്നേഹം മാത്രമല്ല, പുരുഷാധിപത്യമൂല്യങ്ങളോടുള്ള വിധേയത്വം കൂടിയാണ്‌. സദ്ഗുണങ്ങളുടെ വിളനിലമായി കുടുംബത്തെ അവതരിപ്പിക്കുന്ന ഈ പരസ്യങ്ങള്‍ കുടുംബവ്യവസ്ഥക്കുള്ള സ്തുതികളാണ്‌. എന്നാല്‍, കുടുംബവ്യവസ്ഥയെ അധികാരരൂപം എത്രമേല്‍ കുടിലമായ ധര്‍മ്മങ്ങളെയാണ്‌ നിറവേറ്റിക്കൊണ്ടിരിക്കുതെന്ന പ്രശ്നീകരണങ്ങള്‍ക്ക്‌ കൂടുതല്‍ തെളിമ കിട്ടിക്കൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തിലാണ്‌ ഈ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്‌. സവിശേഷശ്രദ്ധയര്‍ഹിക്കുന്ന കാര്യമാണിത്‌. സ്ഥിതവ്യവസ്ഥയുടെ മൂല്യങ്ങളുടെ പുനരുല്‍പാദനത്തിനും സുസ്ഥാപനത്തിനും ഈ പരസ്യങ്ങള്‍ എത്രമാത്രം ഉത്സുകമാകുന്നുവെന്ന വിചാരത്തിലേക്ക്‌ നയിക്കാന്‍ ഇതു നമ്മെ പ്രേരിപ്പിക്കുന്നതാണ്‌. ഒരു പക്ഷേ, യൂണിയന്‍ബാങ്കിന്റെ പ്രവര്‍ത്തനത്തിന്‌ ഊര്‍ജ്ജസ്വലത നല്‍കുതിനേക്കാളുപരിയായി കുടുംബവ്യവസ്ഥയുടെ മൂല്യങ്ങളെ ഉറപ്പിക്കുതിന്നായിരിക്കും ഈ പരസ്യങ്ങള്‍ പ്രയോജനപ്പെടുന്നത്‌. ഒരു ബ്ലോഗില്‍ ഈ പരസ്യങ്ങളെ കുറിച്ച്‌ പ്രത്യക്ഷപ്പെട്ട അഭിപ്രായം ശ്രദ്ധേയമാണ്‌. (സുവോളജിയില്‍ ബിരുദധാരിയായ ബ്ലോഗുകാരന്‍ പരസ്യകലയില്‍ ഒരു വിദ്യാര്‍ത്ഥിയാണെന്നു സ്വയം പരിചയപ്പെടുത്തുന്നു. ഇദ്ദേഹം ബാംഗ്ളൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്മ്യൂണിക്കേഷന്‍ ഏജന്‍സിയുടെ വൈസ്‌ പ്രസിഡന്റുമാണ്‌.) യൂണിയന്‍ ബാങ്കിനെ കുറിച്ച്‌ ധനാത്മകമായ വികാരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പരസ്യത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് ഈ ബ്ലോഗര്‍ പറയുന്നു. സമൂഹത്തിന്റെ ഏതു തുറയില്‍ നിന്നു വരുവരാണെന്ന കാര്യം പരിഗണിക്കാതെ തന്നെ, പരസ്യത്തില്‍ കാണുന്നതു പോലെ എല്ലാ രക്ഷകര്‍ത്താക്കളും ഒരേ പോലെയാണ്‌ പെരുമാറുന്നതെന്ന ഒരു സാമാന്യപാഠം കൂടി ബ്ലോഗര്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്‌. സൂക്ഷ്മാര്‍ത്ഥത്തില്‍ കുടുംബവ്യവസ്ഥക്കു നല്‍കുന്ന വലിയ ഒരു പ്രശംസയാണിത്‌. തന്റെ ബാങ്ക്‌ മാറി യൂണിയന്‍ ബാങ്കിനെ സ്വീകരിക്കാന്‍ ഈ പരസ്യം പ്രേരിപ്പിച്ചില്ലെങ്കിലും താന്‍ ഈ പരസ്യം ഇഷ്ടപ്പെടുന്നുവെന്ന് ബ്ലോഗുകാരന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്‌. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിപ്പിക്കുതിനേക്കാളുപരിയായി വ്യവസ്ഥയുടെ മൂല്യങ്ങളെ ഉറപ്പിക്കുതിലൂടെയാണ്‌ ഈ പരസ്യം കൂടുതല്‍ ആകര്‍ഷകമാകുതെന്ന് ബ്ലോഗറുടെ വാക്കുകള്‍ തെളിയിക്കുന്നുണ്ട്‌.


സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും അഭിവൃദ്ധിയില്‍ അസൂയയോടെ നോക്കുന്ന മകനേയും അവന്റെ സ്വപ്നങ്ങള്‍ പൂവണിയാന്‍ ലിഫ്ട് ടെക്നോളജി പഠിക്കാന്‍ പറയുന്ന പിതാവിനെയും കാണിക്കുന്ന ചകഎഋയുടെ പരസ്യം നമ്മുടെ മദ്ധ്യവര്‍ഗ്ഗകുടുംബങ്ങളുടെ മനസ്സറിഞ്ഞു തയ്യാര്‍ ചെയ്യപ്പെട്ടതാണ്‌. വിദ്യാര്‍ത്ഥിക്ക്‌ വിദ്യയോടും അറിവിനോടും ഉണ്ടാകേണ്ട സ്വാഭാവികതാല്‍പര്യങ്ങളെയല്ല തന്റെ വാക്കുകളിലൂടെ പിതാവ്‌ ഉദ്ദീപിക്കുന്നത്‌, മറിച്ച്‌, പണത്തേയും സമ്പന്നതയേയും എല്ലാറ്റിലും ഉപരിയായി കാണുന്ന വ്യവസ്ഥയുടെ മനോഭാവത്തേയാണ്‌. വ്യവസ്ഥയുടെ മൂല്യങ്ങളില്‍ പങ്കു ചേരാനോ അതിന്റെ ഭാഗമായി തീരാനോ ക്ഷണിക്കാത്ത പരസ്യങ്ങളില്ലെന്നു തന്നെ പറയണം. വ്യവസ്ഥയെ തൃപ്തിപ്പെടുത്തിക്കൊണ്ടാണ്‌ ഉല്‍പന്നങ്ങളുടെ വിപണനം ഈ പരസ്യങ്ങള്‍ ഉറപ്പുവരുത്തുത്‌.യഥാര്‍ത്ഥത്തില്‍, കേരളത്തിന്റെ ബുദ്ധിജീവിതത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നുവെന്ന് പരോക്ഷമായി അവകാശപ്പെടുകയും കൂടൂതല്‍ പ്രചാരത്തെ ലക്ഷ്യം വയ്ക്കുകയും ചെയ്തുകൊണ്ട്‌ പ്രത്യക്ഷപ്പെട്ട മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പരസ്യം പോലും ഈ പ്രവണതയില്‍ നിന്നും മാറിനില്‍ക്കന്നില്ല. സാമൂഹികവും സാംസ്ക്കാരികവുമായ പ്രശ്നങ്ങളെ ഗൌരവത്തോടെ നോക്കിക്കാണുന്നവരെയാണ്‌ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ അഭിസംബോധന ചെയ്യുതെന്ന് പരസ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ജീവിതത്തെ 'അടിച്ചുപൊളി'യായി കാണുന്ന, ഗൌരവങ്ങളേതുമില്ലാത്ത ഒരാളുടെ പ്രതികരണത്തിന്റെ ഋണാത്മകസ്വാധീനം ഉപയോഗപ്പെടുത്താനാണ്‌ ഈ പരസ്യം ശ്രമിക്കുന്നത്‌. തന്റെ കൈയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ പിടിച്ചിട്ടുളള ഒരാളെ ഈ അടിച്ചുപൊളിക്കാരന്‍ വലിയ ബുദ്ധിജീവിയായി നടിക്കുന്നവനെന്ന് ആക്ഷേപിക്കുന്നു. ഇതോടൊപ്പം അടുത്ത ദിവസത്തെ ഹര്‍ത്താല്‍ ദിവസം താന്‍ അടിച്ചുപൊളിക്കാന്‍ പോകുകയാണെന്നു പറയുകയും 'ബുദ്ധിജീവി'യോട്‌ ബന്ദിനെതിരെ പറഞ്ഞു നടന്നോളാന്‍ പരിഹസിക്കുകയും ചെയ്യുന്നു. കാര്യങ്ങളെ ഗൌരവപൂര്‍വ്വം കാണുന്നവരെയാണ്‌ ആഴ്ചപ്പതിപ്പ്‌ അഭിസംബോധന ചെയ്യുന്നതെന്നു നേരിട്ടു പറയുതിലുപരിയായി കാര്യങ്ങളെ ഗൌരവപൂര്‍വ്വം കാണുന്നവര്‍ ഹര്‍ത്താലിനെയും ബന്ദിനെയും കേവലമായി എതിര്‍ക്കുന്നവരാണെന്നു കൂടി പരസ്യം പറഞ്ഞുവയ്ക്കുന്നുണ്ട്‌. ഈ പരസ്യത്തില്‍ ബന്ദിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കിക്കൊണ്ടു തന്നെ ആഴ്ചപ്പതിപ്പിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയുമായിരുന്നു. ആഴ്ചപ്പതിപ്പിന്റെ വായനക്കാര്‍ ഗൌരവബുദ്ധികളാണെങ്കില്‍ അവര്‍ ഏതെങ്കിലും ഒരു ജനകീയസമരരൂപത്തെ കേവലമായി എതിര്‍ക്കുമെന്നു കരുതുക വയ്യ! എതിര്‍ക്കപ്പെടേണ്ടത്‌ ആ സമരരൂപമല്ല. സാമൂഹികമോ രാഷ്ട്രീയമോ ആയ മാനങ്ങളുളള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താതെ തങ്ങളുടെ സംഘടനയില്‍ പെട്ടവര്‍ സംഘട്ടനത്തില്‍ മരിച്ചതിന്റെ പേരിലും അതിനു പകരം ചെയ്യാന്‍ വേണ്ടിയും തങ്ങളുടെ പിഴവുകള്‍ മൂടിവയ്ക്കാന്‍ വേണ്ടിയും കപടമായ ആദര്‍ശപ്രഖ്യാപനങ്ങളുടെ പേരിലും മറ്റും ആണ്ടില്‍ പകുതിയിലേറെ ദിവസവും ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന വ്യവസ്ഥാപിത രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ചെയ്തികളെയാണ്‌ എതിര്‍ക്കേണ്ടത്‌. ആ സമരരൂപത്തിന്റെ ദുരുപയോഗത്തെയാണ്‌ എതിര്‍ക്കേണ്ടത്‌. നമ്മുടെ രാജ്യത്തെ വ്യവസ്ഥാപിത രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ രാഷ്ട്രീയമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട്‌ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത്‌ വിരളമാണെന്നു കാണാം. ഒരു നല്ല സമരരൂപത്തെ ദുരുപയോഗപ്പെടുത്തിക്കൊണ്ട്‌ അതിനെ വ്യവസ്ഥാപിതമാക്കുകയാണ്‌ ബി.ജെ.പിയും സി.പി.ഐ (എം)യും മറ്റും ചെയ്യുന്നത്‌. (ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നതില്‍ പഞ്ഞം കാണിക്കാത്തവരും വിപ്ളവകാരികള്‍ എന്നു സ്വയം പ്രഖ്യാപിക്കുന്നവരുമായ വ്യവസ്ഥാപിത ഇടതുപക്ഷം ഗാട്ടുകരാര്‍ ഒപ്പിട്ട സന്ദര്‍ഭത്തിലോ ലോക വാണിജ്യസംഘടന രൂപീകരിക്കപ്പെട്ട സന്ദര്‍ഭത്തിലോ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുകയുണ്ടായില്ലെന്ന് ഓര്‍ക്കുക.) ഹര്‍ത്താലുകളും ബന്ദുകളും മഹാത്മാഗാന്ധിയുടെ നിയമലംഘനപ്രസ്ഥാനത്തോടൊപ്പവും മറ്റും ഉയര്‍ന്നു വന്ന ഫലപ്രദമായ സമരരൂപങ്ങളായിരുന്നു ഈ സമരരൂപത്തെ കേവലമായി നിഷേധിക്കുന്ന സമീപനം ഇതിനെ ദുരുപയോഗപ്പെടുത്തി വ്യവസ്ഥാപിതമാക്കുന്ന സമീപനം പോലെ തന്നെ വ്യവസ്ഥയുടെ പ്രീണനമാണ്‌. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പരസ്യം വ്യവസ്ഥയുടെ പ്രീണനമെന്ന ധര്‍മ്മവും കൂടി നിര്‍വ്വഹിക്കുന്നുണ്ട്‌. ഹര്‍ത്താലുകളെ ഉത്സവാഘോഷമാക്കി മാറ്റുന്ന മലയാളിയുടെ മന:ശാസ്ത്രത്തെ വിമര്‍ശിക്കുന്നുവെന്നു നടിച്ചു കൊണ്ട്‌, ഈ പരസ്യം ജനങ്ങള്‍ക്ക്‌ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ജനകീയസമരരൂപത്തെ നിഷേധിക്കുന്നു. മലയാളസാഹിത്യരംഗത്ത്‌ ആധുനികതാവാദം സൃഷ്ടിച്ച ജനപ്രിയസാഹിത്യം/ബുദ്ധിജീവിസാഹിത്യം എന്ന വിഭജനത്തെ പുതിയരൂപത്തില്‍ ഏറ്റെടുക്കുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പരസ്യം മലയാളികളെ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ വായിക്കുന്നവരും വായിക്കാത്തവരും എന്നു വിഭജിക്കുന്നു. വരേണ്യസങ്കല്‍പനങ്ങളാണ്‌ ഈ വിഭജനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ പരസ്യം വരേണ്യവാദത്തെ പ്രകാശിപ്പിക്കുന്നുവെന്നു കൂടി പറയാവുന്ന സന്ദര്‍ഭമാണിത്‌.


ഒരു വര്‍ഗസമൂഹത്തില്‍ ഉല്‍പാദിപ്പിക്കപ്പെടു ആശയങ്ങളില്‍ അധീശവര്‍ഗത്തിന്റെ മുദ്ര പതിഞ്ഞിട്ടുണ്ടാകാം. ഒരു വര്‍ഗസമൂഹത്തിന്റെ നിര്‍ണ്ണായകമായ ചലനങ്ങളെ നയിക്കുന്നത്‌ അധീശത്വത്തിന്റെ മൂല്യങ്ങളാണ്‌. (ഇതിനു വിരുദ്ധമായ മൂല്യങ്ങളെ കുറിച്ചു ചിന്തിക്കാന്‍ വൈരുദ്ധ്യാത്മകത നമ്മെ പ്രേരിപ്പിക്കുന്നുണ്ട്‌ തീര്‍ച്ച!) ഒരു വര്‍ഗസമൂഹത്തില്‍ ജീവിച്ചിരിക്കുവന്റെ അബോധം അധീശമൂല്യങ്ങളുടെ വലയ്ക്കുള്ളിലാണ്‌. അതുകൊണ്ട്‌ നമ്മുടെ ലോകത്ത്‌ പ്രത്യക്ഷപ്പെടു പരസ്യങ്ങള്‍ സംസാരിക്കുന്നത്‌ നമ്മളെ കുറിച്ചു തന്നെയൊണ്‌. നമ്മുടെ മനസ്സാണ്‌, നാം തന്നെയാണ്‌ ഈ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌. നിങ്ങളുടെ സ്വപ്നങ്ങള്‍ നിങ്ങളുടേതു മാത്രമല്ല, വ്യവസ്ഥയുടെ സ്വപ്നങ്ങള്‍ കൂടിയാണ്‌. നമ്മുടെ കാലഘട്ടത്തിലെ പരസ്യങ്ങളാണ്‌ ഒരു സമൂഹം സൃഷ്ടിച്ച ഏറ്റവും വിശ്വസ്തവും സമ്പന്നവുമായ സ്വയംപ്രതിഫലനങ്ങളെന്ന് ചരിത്രകാരന്‍മാരും പുരാവസ്തുഗവേഷകരും ഒരിക്കല്‍ കണ്ടെത്തുമെന്ന മാര്‍ഷല്‍ മക്ളൂഹന്റെ വാക്കുകള്‍ സാര്‍ത്ഥകമാണ്‌.


അന്വേഷണം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം

Saturday, August 14, 2010

നവസാമൂഹികപ്രസ്ഥാനങ്ങളും ഉത്തരാധുനികതയുടെ ദര്‍ശനവും

ടി.ടി.ശ്രീകുമാറിന്റെ 'ഉത്തരാധുനികതയ്ക്കപ്പുറം' എന്ന പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍, ഉത്തരാധുനികതയുടെ ദാര്‍ശനികപദ്ധതിയെ കേരളത്തില്‍ ആദ്യമായി എതിര്‍ത്തത്‌ താനാണെന്ന പ്രതീതി ജനിപ്പിക്കുന്ന ചില വാക്യങ്ങള്‍ കാണാവുന്നതാണ്‌. ഉത്തരാധുനികതയുടെ ദര്‍ശനത്തെ വിമര്‍ശിക്കുന്ന ചില ലേഖനങ്ങള്‍ ആ പുസ്തകത്തില്‍ നമുക്കു കണ്ടെത്തുകയും ചെയ്യാം. ഉത്തരാധുനികതയുടെ വിമര്‍ശകന്‍ എന്ന നിലയ്ക്കാണ്‌ ടി.ടി. ശ്രീകുമാര്‍ സ്വയം വിശേഷിപ്പിക്കുന്നത്‌. എന്നാല്‍, ഈയിടെ എന്‍.ജി.ഒകളെ കുറിച്ച്‌ നടന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട്‌ വളരെ അത്ഭുതം ജനിപ്പിക്കുന്ന ചില നിരീക്ഷണങ്ങള്‍ ടി.ടി.ശ്രീകുമാര്‍ മുന്നോട്ടുവയ്ക്കുന്നു. നവസാമൂഹികപ്രസ്ഥാനങ്ങള്‍ക്ക്‌ ഉത്തരാധുനികതയുടെ രാഷ്ട്രീയവുമായി ബന്ധമില്ലെന്നാണ്‌ ഉത്തരാധുനികതയുടെ വിമര്‍ശകന്‍ ഈ പുതിയ ലേഖനത്തില്‍ പറയുന്നത്‌. ഉത്തരാധുനികതയുടെ ആചാര്യന്‍മാരുടെ ഉദ്ധരണികള്‍ കേരളത്തിലെ നവ മാര്‍ക്സിസ്റ്റുകളുടെ ലേഖനങ്ങളിലാണ്‌ പ്രത്യക്ഷപ്പെടുന്നതെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്യുന്നു.

ഉത്തരാധുനികതയുടെ പ്രധാന വക്താക്കളെല്ലാം തന്നെ പ്രാന്തവല്‍ക്കൃതരുടെ രാഷ്ട്രീയത്തിന്‌ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്‌. ഉത്തരാധുനികതയുടെ വിമര്‍ശകരാകെട്ടെ, ഈ പ്രവണതയെ കാണുകയും പ്രതികരിക്കുകയും ചെയ്തിരിക്കുന്നു. ഉത്തരാധുനികതയുടെ മിഥ്യാബോധങ്ങള്‍ക്കെതിരെ പുസ്തകമെഴുതിയ ടെറി ഈഗിള്‍ട്ടണ്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ രാഷ്ട്രീയത്തെ സിദ്ധാന്തത്തിന്റെ തലത്തിലെങ്കിലും മുന്‍നിരയിലേക്കു കൊണ്ടുവരുന്നതില്‍ ഉത്തരാധുനികത വഹിച്ച പങ്കിനെ ശ്ലാഘിക്കുന്നുണ്ട്‌. ഇത്‌ രാഷ്ട്രീയമായി ഉത്തരാധുനികത പ്രകടിപ്പിക്കുന്ന നല്ല പ്രവണതകളിലൊന്നാണെന്ന് അതിനെതിരെ ചൊരിയുന്ന രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കിടയില്‍ ഈഗിള്‍ട്ടണ്‍ പറയുന്നു. എന്നാല്‍, പ്രാന്തവല്‍ക്കൃതരുടെ രാഷ്ട്രീയത്തിന്‌ ഇടം അനുവദിക്കുമ്പോള്‍ പോലും സമകാലലോകത്ത്‌ അതു നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന യഥാര്‍ത്ഥദൌത്യം എന്താണെന്ന അന്വേഷണങ്ങളുടെ പ്രസക്തിയില്‍ അദ്ദേഹം ഊന്നുന്നു. ബൃഹദാഖ്യാനങ്ങളുടെ നിരാകരണം ഉത്തരാധുനികത പ്രകടിപ്പിക്കുന്ന പ്രമുഖ പ്രവണതയാണ്‌. ബൃഹദാഖ്യാനമെന്നു കാണുന്ന മാര്‍ക്സിസത്തിന്റെ വര്‍ഗരാഷ്ട്രീയത്തിനും നിലനില്‍ക്കുന്ന ഇടതുപക്ഷരാഷ്ട്രീയത്തിനും എതിരെ സൂക്ഷ്മരാഷ്ട്രീയത്തെ ഉത്തരാധുനികത പ്രതിഷ്ഠിക്കുന്നു. സ്ത്രീയുടേയും ദലിതരുടേയും കറുത്തവരുടേയും രാഷ്ട്രീയങ്ങള്‍ക്ക്‌ ഉത്തരാധുനികത നല്‍കുന്ന ഈ വ്യാഖ്യാനം തന്നെയാണ്‌ നവസാമൂഹികപ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം. ഉത്തരാധുനികര്‍ സൂക്ഷ്മാഖ്യാനങ്ങളെന്നോ മൈക്രോപൊളിറ്റിക്സെന്നോ വിളിക്കുന്നത്‌ പ്രാന്തവല്‍ക്കൃതരുടെ രാഷ്ട്രിയത്തെ കൂടിയാണ്‌. ഇത്‌ ടി. ടി. ശ്രീകുമാര്‍ക്ക്‌ മനസ്സിലാകുന്നില്ലെന്ന് കരുതുക വിഷമകരമാണ്‌. നവസാമൂഹികപ്രസ്ഥാനങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്ന ടി.ടി.ശ്രീകുമാര്‍ ഉത്തരാധുനികതയുടെ വാദങ്ങളെ തന്നെയൊണ്‌ അവരിപ്പിക്കുന്നത്‌. നമ്മുടെ ഭാവിയെ രൂപപ്പെടുത്തുന്നതിന്‌ നിലനില്‍ക്കുന്ന രാഷ്ട്രീയമണ്ഡലത്തിനു കഴിയുമോയെന്ന് ഉത്തരാധുനികതയുടെ ബുദ്ധിജീവികളെയെന്ന പോലെ ശ്രീകുമാറും സംശയാകുലനാണ്‌. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ആശയപ്രരൂപം (paradigm) അപ്രസക്തമായിരിക്കുന്നുവെന്ന സമീപനം അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്‌. വിമോചനസമരത്തിനും മിച്ചഭൂമിസമരത്തിനും ശേഷം കേരളത്തില്‍ രാഷ്ട്രീയസമരങ്ങള്‍ നടന്നിട്ടില്ലെന്നും ഇപ്പോള്‍ സമരങ്ങള്‍ ഏറ്റെടുക്കുന്നത്‌ വര്‍ഗരാഷ്ട്രീയപ്രസ്ഥാനങ്ങളല്ലെന്നും സിദ്ധാന്തീകരിച്ചിട്ടുള്ള ടി.ടി. ശ്രീകുമാര്‍, കേരളത്തില്‍ നക്സലൈറ്റുകളുടെ നേതൃത്വത്തില്‍ നടന്ന ഉന്‍മൂലനസമരങ്ങളും എഴുപതുകളിലെ സാംസ്ക്കാരികസമരങ്ങളും അക്കാലത്തെ കേരളസമൂഹമനസ്സിന്റെ അബോധത്തെ സ്വാധീനിച്ചിരുന്നുവെന്ന കാര്യം വിസ്മരിക്കുന്നു. ഇപ്പോള്‍, നവസാമൂഹികപ്രസ്ഥാനങ്ങളെ എന്‍.ജി.ഒകളുമായി ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ സി.പി.ഐ.(എം.എല്‍)പ്രസ്ഥാനത്തെ അദ്ദേഹം വിഭാഗീയപ്രസ്ഥാനമായി കാണുന്നു. അതിന്റെ രാഷ്ട്രീയസമീപനങ്ങളെ സി.പി.ഐ(എം) ന്റെ ഭരണവര്‍ഗസമീപനങ്ങളോട്‌ ചേര്‍ത്തുവയ്ക്കുന്നു. ഇത്‌ ശരിയായ സമീപനമാണോ? 'സ്വന്തം ഇന്ദ്രിയങ്ങളുടെ കര്‍മ്മശേഷിയില്‍ വിശ്വസിച്ചു'കൊണ്ട്‌ നമുക്ക്‌ ഈ പ്രശ്നത്തെ വിശകലനം ചെയ്യാം. ഇതിനുമുന്നേ ഒരു കാര്യം പറയട്ടെ. നവസാമൂഹികപ്രസ്ഥാനങ്ങളെന്ന പേരില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ എന്‍.ജി.ഒ സംഘടനകളാണെന്ന കാര്യം ശ്രീകുമാറിന്റെ ശ്രദ്ധയില്‍ വരുന്നില്ല. നവസാമൂഹികപ്രസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള വാക്കുകള്‍ എന്‍.ജി.ഒകള്‍ക്കു വേണ്ടിയുള്ളതായി മാറുന്നുമുണ്ട്‌. പ്ളാച്ചിമടയില്‍ നട(ക്കു)ന്ന കോക്കോകോള വിരുദ്ധസമരം നവ സാമൂഹികപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്ന സമരമായിട്ടാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. എന്നാല്‍, കേരളത്തിലെ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഈ സമരവുമായി സഹകരിച്ചിട്ടുണ്ടെന്നതാണ്‌ സ്ഥിതി. വലതുപക്ഷമുന്നണിയുടെ ഭരണകാലത്ത്‌ ഇടതുപക്ഷമുന്നണിയിലെ ഘടകകക്ഷികളുടെ നേതാക്കള്‍ സമരപന്തലിലെ നിത്യസന്ദര്‍ശകരായിരുന്നു. ഇപ്പോള്‍ ഇടതുപക്ഷമുന്നണിയുടെ ഭരണകാലത്ത്‌ വലതുപക്ഷമുന്നണിയിലെ ഘടകകക്ഷികളുടെ നേതാക്കളും സമരപ്പന്തല്‍ സന്ദര്‍ശിച്ച്‌ ആശിര്‍വ്വാദങ്ങള്‍ ചൊരിയുന്നു. സമരത്തിന്റെ നേതൃത്വം ഈ അവസരവാദക്കളിയില്‍ പങ്കുചേരുന്നുവെതാണ്‌ സത്യം. എന്നാല്‍, സി.പി.ഐ (എം.എല്‍) പ്രസ്ഥാനം സമരത്തിന്റെ തുടക്കം മുതല്‍ അതിന്‌ നൈതികമായ പിന്തുണ നല്‍കുകയും സമരത്തെ സാമ്രാജ്യത്വവിരുദ്ധ നിലപാടുകളുമായി കണ്ണിചേര്‍ത്ത്‌ വികസിപ്പിക്കണമെന്ന സമീപനം സ്വീകരിക്കുകയും ചെയ്തു. പ്ളാച്ചിമടയിലെ സമരം സംഘര്‍ഷത്തിന്റെ അവസ്ഥയിലെക്കെത്തിയത്‌ സി.പി.ഐ (എം.എല്‍) പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭണത്തിലാണ്‌. സി.പി.ഐ (എം.എല്‍) പ്രസ്ഥാനം സമരത്തിനു പുറത്തു നിന്നു പിന്തുണ നല്‍കുകയും തങ്ങളുടേതായ രീതിയില്‍ പ്രക്ഷോഭത്തെ വികസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ തന്നെ സമരത്തിലെ എന്‍.ജി.ഒകളുടെ പങ്കിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. സമരത്തിനു നേതൃത്വം നല്‍കിയവര്‍ക്കിടയിലെ, സമരസമിതികളിലേയും ഐക്യദാര്‍ഢ്യസമിതികളിലേയും പ്രവര്‍ത്തകര്‍ക്കിടയിലെ, അഭിപ്രായഭിന്നതകളും കൊഴിഞ്ഞുപോക്കും പിരിച്ചുവിടലുകളുമെല്ലാം (ഇവയൊന്നും സംഭവിച്ചിട്ടില്ലെന്നു പറയുമോ?) എന്‍.ജി.ഒകളുമായി ബന്ധപ്പെട്ട ധനസമാഹരണത്തിന്റേയും ധനവിനിയോഗത്തിന്റേയും പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന കാര്യം ആര്‍ക്കാണ്‌ നിഷേധിക്കാന്‍ കഴിയുക?

ചെങ്ങറയിലെ സമരത്തേയും ശ്രീകുമാര്‍ പരാമര്‍ശിക്കുന്നുണ്ട്‌. ചെങ്ങറയിലെ ഭൂസമരത്തിനും സി.പി.ഐ (എം.എല്‍) പ്രസ്ഥാനം തുടക്കം മുതല്‍ നൈതികമായ പിന്തുണ നല്‍കിയിരുന്നു. സി.പി.ഐ (എം.എല്‍) പ്രസിദ്ധീകരണങ്ങള്‍ ഇതിനു തെളിവു നല്‍കകുന്നുണ്ട്‌. വ്യവസ്ഥാപിത ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ ഭൂപരിഷ്ക്കരണം ഭാഗികമായിരുന്നുവെന്നും മായം ചേര്‍ത്തു നടപ്പിലാക്കപ്പെട്ട 1957ലെ ഭൂപരിഷ്ക്കരണനിയമം അടിസ്ഥാനവര്‍ഗ്ഗതാല്‍പര്യങ്ങളെ കൈയ്യൊഴിയുന്നതും വിമോചനസമരാനന്തരം കേരളത്തില്‍ ശക്തിപ്രാപിച്ച മദ്ധ്യവര്‍ഗ്ഗതൃഷ്ണകളെ തൃപ്തിപ്പെടുത്തുന്നതുമായിരുന്നുവെന്നും സി.പി.ഐ (എം.എല്‍) പ്രസ്ഥാനം പുറത്തിറക്കിയ കാര്‍ഷികരേഖ പറയുന്നു. കൃഷിയിടങ്ങളില്‍ പണിയെടുത്തിരുന്ന ദളിതരായ അടിയാളര്‍ക്ക്‌ ഈ പരിഷ്ക്കരണം കൃഷിഭൂമി നിഷേധിക്കുകയും അവരെ ലക്ഷംവീടു കോളനികളിലേക്കും സെറ്റില്‍മെന്റ് കോളനികളിലേക്കും ആട്ടിപ്പായിക്കുകയുമായിരുന്നുവെന്നും നിരീക്ഷിക്കുന്ന ഒരു രേഖ പുറത്തിറക്കിയ പ്രസ്ഥാനത്തെ ഭരണവര്‍ഗനിലപാടുകളുമായി സമീകരിക്കുന്ന ശ്രീകുമാറിന്റെ സമീപനം നീതീകരിക്കാവുന്നതല്ല. ചെങ്ങറയിലെ കര്‍ഷകസമരത്തെ കാണുകയും അതിനെ പുതിയ രാഷ്ട്രീയത്തിന്റെ വഴിയായി വായിച്ചെടുക്കുകയും ചെയ്യു ശ്രീകുമാര്‍, സി.പി.ഐ(എം.എല്‍) പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വയനാട്ടിലെ മേപ്പാടിയിലും മറ്റു പലയിടങ്ങളിലും നടക്കുന്ന ഭൂമി പിടിച്ചെടുക്കല്‍ പ്രക്ഷോഭങ്ങളെ കാണാതിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? യഥാര്‍ത്ഥത്തില്‍ വിഭാഗീയത പ്രകടിപ്പിക്കുന്നത്‌ സി.പി.ഐ (എം.എല്‍) പ്രസ്ഥാനമാണോ, അതോ, ശ്രീകുമാറിനെ പോലെ നവ സാമൂഹികപ്രസ്ഥാനങ്ങള്‍ക്കു വേണ്ടിയെന്ന രൂപേണ എന്‍.ജി.ഒകള്‍ക്കു വേണ്ടി വാദിക്കുന്ന ബുദ്ധിജീവികളോ? (സി.പി.ഐ (എം.എല്‍) പ്രസ്ഥാനത്തിനു വേണ്ടി വാദിക്കുകയെന്നത്‌ ഈ ലേഖകന്റെ ലക്ഷ്യമല്ല. സി.പി.ഐ (എം. എല്‍) മുന്നോട്ടു വച്ചിട്ടുള്ള നിലപാടിനെ തെറ്റായി അവതരിപ്പിക്കുന്നതായി തോന്നുന്നതിനാലാണ്‌ ഈ വിമര്‍ശനം) എല്ലാ പൊതുപദ്ധതികളിലും പൊതുകരാറുകളിലും സമവായങ്ങളിലും അധികാരത്തിന്റെ പ്രയോഗവും പീഡനവും ഉളളടങ്ങിയിട്ടുണ്ടെന്ന് പറയുന്ന ഉത്തരാധുനികതയുടെ വീക്ഷണം തന്നെയാണ്‌ സാകല്യത്തെ കുറിച്ചുള്ള ഏതൊരു സങ്കല്‍പത്തേയും നിരസിക്കുന്നതിന്‌ ശ്രീകുമാറിനെ പ്രേരിപ്പിക്കുന്നത്‌. ഈ വീക്ഷണം ജനകീയപ്രസ്ഥാനങ്ങളെ സവിശേഷമേഖലകളുടെ അടിസ്ഥാനത്തില്‍ ശകലീകരിക്കുന്നതിനെ മാത്രം ലക്ഷ്യമാക്കുന്നതാണ്‌. പ്രാതിനിധ്യജനാധിപത്യത്തെ ചോദ്യം ചെയ്യാത്ത നവ സാമൂഹികപ്രസ്ഥാനങ്ങളെ കുറിച്ചു പറയുമ്പോള്‍ വ്യവസ്ഥയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ സമവായത്തിലെത്തേണ്ടതിനെ കുറിച്ചുള്ള പാഠങ്ങള്‍ കൂടി അതില്‍ ഉള്ളടങ്ങുന്നു. സാമൂഹികവ്യവസ്ഥ എന്ന സങ്കല്‍പനം തന്നെ ശ്രീകുമാറിനെ പോലുള്ളവര്‍ക്ക്‌ അപ്രസക്തമായിരിക്കുന്നു. മാറ്റിത്തീര്‍ക്കേണ്ടതായിട്ടില്ലാത്ത അവസ്ഥയെ കുറിച്ച്‌ ശ്രീകുമാര്‍ പറയുന്നത്‌ അതുകൊണ്ടാണ്‌. സ്ഥിതമായ, കേവലമായ വ്യവസ്ഥകളോടും സങ്കല്‍പനങ്ങളോടുമുളള ആഭിമുഖ്യമാണ്‌ ഇവിടെ തെളിയുന്നത്‌. ജനകീയപ്രതിരോധങ്ങളെ ശകലീകരിക്കുകയും ഒരിക്കലും മാറ്റിത്തീര്‍ക്കേണ്ടതില്ലാത്ത പ്രാതിനിധ്യജനാധിപത്യത്തിന്റെ മഹത്ത്വത്തില്‍ വിശ്വസിച്ച്‌ വ്യവസ്ഥയുമായി സമവായത്തിലെത്തുകയും ചെയ്യുന്ന നവസാമൂഹികപ്രസ്ഥാനങ്ങളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന എന്‍.ജി.ഒകള്‍ നവഉദാരീകരണത്തിനെതിരാണെന്നും അവ വര്‍ഗരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക്‌ വെല്ലുവിളികളുയര്‍ത്തുവെന്നും മറ്റുമുള്ള നിരീക്ഷണങ്ങള്‍ എത്രമാത്രം നിയാമകവും യുക്തിപരവുമാണ്‌? വ്യവസ്ഥാപിതത്വത്തെ അതിജീവിക്കാന്‍ അനുവദിക്കണമെന്ന് മറ്റു വാക്കുകളില്‍ പറയുകയാണ്‌ ശ്രീകുമാര്‍ ചെയ്യുത്‌. ജനകീയപ്രതിരോധങ്ങളെ സാമൂഹികവ്യവസ്ഥയുമായി ബന്ധിപ്പിക്കാത്ത നവസാമൂഹികപ്രസ്ഥാനങ്ങളുടെ നിലപാടുകള്‍ എങ്ങോട്ടാണ്‌ നയിക്കപ്പെടുന്നത്‌? കേരളത്തിലെ സ്മാര്‍ട്സിറ്റി പദ്ധതി ഒരു നല്ല ഉദാഹരണമാണ്‌. നവസാമൂഹികപ്രസ്ഥാനങ്ങള്‍ പ്രത്യേക സാമ്പത്തികമേഖലക്കെതിരാണെന്ന പ്രതീതിയാണ്‌ ജനിപ്പിച്ചു കൊണ്ടിരുന്നത്‌. എന്നാല്‍, നവസാമൂഹിക പ്രസ്ഥാനങ്ങളുടെ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ആര്‍. നീലകണ്ഠന്‍ ഈ വിഷയത്തിലെഴുതിയ ലേഖനങ്ങള്‍ പരിശോധിക്കുക. സ്മാര്‍ട്ട്സിറ്റി കരാര്‍ ഇന്നത്തെ രൂപത്തില്‍ മാറ്റിയെടുക്കാന്‍ വി.എസ്‌. അച്ചുതാനന്ദന്‍ നടത്തിയ ശ്രമങ്ങളേയും അതു നേരിട്ട എതിര്‍പ്പുകളെ ചെറുത്തുതോല്‍പിച്ചതിന്റേയും ഉത്സാഹപൂര്‍ണ്ണമായ വിവരണമാണ്‌ 'മാധ്യമം' വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ തുടക്കത്തില്‍ കാണുന്നത്‌. തുടര്‍ന്ന്, ഇപ്പോഴത്തെ കരാറിന്റെ മാഹാത്മ്യത്തെ അദ്ദേഹം വിശദീകരിക്കുന്നു. "ഈ പദ്ധതി കൊച്ചിയുടേയും കേരളത്തിന്റേയും വികസനത്തിനുള്ള ചവിട്ടുപടിയാണ്‌" എന്ന് അദ്ദേഹം എഴുതുന്നു. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് ഉപദേശിക്കുന്നു സ്മാര്‍ട്ട്സിറ്റി പദ്ധതി പ്രത്യേകസാമ്പത്തികമേഖലയില്‍ വരുമെന്നതിനെ കുറിച്ചോ പ്രത്യേകസാമ്പത്തികമേഖല സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കുറിച്ചോ സി.ആര്‍. നീലകണ്ഠന്റെ ഈ ലേഖനത്തില്‍ നമുക്കു വായിക്കാന്‍ കഴിയില്ല. തന്റെ ഈ നിലപാടിനെ ന്യായീകരിച്ചു കൊണ്ട്‌ മലയാളം വാരികയില്‍ അദ്ദേഹം പിന്നീട്‌ എഴുതുകയുണ്ടായി. 'കുടിയൊഴിക്കപ്പെടുന്നവരെ ജീവിതോപാധികളില്ലാത്തവരായി നിലനിര്‍ത്തുന്നതിലാണ്‌' വര്‍ഗസമരക്കാരുടെ നിലപാടുകളെത്തിച്ചേരുന്നതെന്നു വ്യാഖ്യാനിച്ചു കൊണ്ട്‌ പ്രയോജനവാദപരമായ ഒരു സമീപനത്തിലെത്തിച്ചേരുകയാണ്‌ ഈ ലേഖനത്തില്‍ അദ്ദേഹം ചെയ്തത്‌. നീലകണ്ഠന്റെ ഈ വാദത്തെ വിശകലനം ചെയ്തു കൊണ്ട്‌ ഈ ലേഖകന്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ട്‌ ഈ പരാമര്‍ശം അവസാനിപ്പിക്കാം. "സൈദ്ധാന്തികവും രാഷ്ട്രീയവുമായ എല്ലാ ധാരണകളേയും അവഗണിക്കാനും ജനതയെ അധീശത്വത്തിനു കീഴ്പ്പെടുത്താനുമുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പ്രയോജനവാദമന്ത്രം സമര്‍ത്ഥമായി ഉരുവിടുകയെന്നതാണ്‌. ഈ പ്രയോജനവാദമന്ത്രത്തിന്‌ സാമാന്യജനതക്കു വേണ്ടി വാദിച്ചു കൊണ്ടു തന്നെ അവരെ നിരാധാരരാക്കുവാനും ഭരണവര്‍ഗത്തോടൊപ്പം നിലകൊള്ളാനും കഴിയും. സിദ്ധാന്തനിരാസവും അന്ധമായ പ്രയോഗത്തിനു വേണ്ടിയുള്ള വാദവും സി.ആര്‍. നീലകണ്ഠന്റെ വാക്കുകളില്‍ നിഴലിക്കുന്നു.

"ലോകത്തെ വ്യാഖ്യാനിക്കുകയെന്നതല്ല; അതിനെ മാറ്റിത്തീര്‍ക്കുകയെന്നതാണ്‌ പ്രധാന കാര്യം" എന്ന മാര്‍ക്സിന്റെ വാക്കുകള്‍ തത്ത്വചിന്തയെ ഒഴിവാക്കാനുള്ള കുറുക്കുവഴിയായിരുന്നുവെന്ന ശ്രീകുമാറിന്റെ കണ്ടെത്തലിലൂടെ (ഇങ്ങനെ പറയുന്ന പാശ്ചാത്യചിന്തകരുമുണ്ട്.) മാര്‍ക്സിസ്റ്റു രാഷ്ട്രീയത്തെ അദ്ദേഹം നിരാകരിക്കുന്നു. പ്രായോഗികപ്രവര്‍ത്തനത്തിലൂടെ ചിന്ത അതിന്റെ ഐഹികതയെ തെളിയിക്കണമെന്ന മാര്‍ക്സിന്റെ നിര്‍ദ്ദേശമാണ്‌ നിരാകരിക്കപ്പെടുന്നത്‌. സിദ്ധാന്തം അതിന്റെ അറയ്ക്കുള്ളില്‍ ശരിയും ശുദ്ധവുമായിരുന്നാല്‍ മതിയെന്ന ശുദ്ധതത്ത്വചിന്തക്കു വേണ്ടിയുള്ള ഈ പ്യൂരിറ്റന്‍ വാദം സിദ്ധാന്തവും പ്രയോഗവും തമ്മിലുളള ബന്ധങ്ങളെ നിഷേധിക്കുന്ന ഉത്തരാധുനിക നിലപാടാണ്‌. ടി.ടി. ശ്രീകുമാര്‍ എന്ന ഉത്തരാധുനികവിമര്‍ശകന്‍ ഉത്തരാധുനികതയുടെ നിലപാടുകളെയാണ്‌ പിന്നെയും പിന്നെയും പ്രേക്ഷിക്കുന്നത്‌! (ഈ വിമര്‍ശനം ഉന്നയിക്കുന്ന എനിക്ക്‌ ഉത്തരാധുനികതകളുടെ ചില നിലപാടുകളിലെ ഗരിമയെ കുറിച്ച്‌ ബോദ്ധ്യമുണ്ട്‌. അവ തീര്‍ത്തും വര്‍ജ്ജിക്കേണ്ടവയാണെന്ന സമീപനം ഇല്ല താനും)

സവിശേഷവല്‍ക്കരണത്തിലൂടെ ശകലീകരണത്തിലെത്തുന്ന നവസാമൂഹികപ്രസ്ഥാനങ്ങളുടെ നിലപാടുകളെ സാധൂകരിക്കാന്‍ ടി.ടി. ശ്രീകുമാറും എ.കെ.രവീന്ദ്രനും മാര്‍ക്സിനെ ഉദ്ധരിക്കുന്നു. ആപ്പിളും സബര്‍ജല്ലിയും മാങ്ങയും ഓറഞ്ചുമായല്ലാതെ 'പഴ'മില്ലെന്ന് മാര്‍ക്സ്‌ പറഞ്ഞതിനെ ശകലീകരണത്തിനുള്ള ന്യായമായി അവര്‍ വ്യാഖ്യാനിച്ചെടുക്കുന്നു. നീഗ്രോസ്ത്രീ, അധിനിവേശാനന്തര സ്ത്രീ, യൂറോപ്യന്‍ സ്ത്രീ, ലെസ്ബിയന്‍... എന്നിങ്ങനെയല്ലാതെ 'സ്ത്രീ'യായി സ്ത്രീയില്ലൊണ്‌ ഇവര്‍ പറയുന്നത്‌. യൂറോപ്യന്‍ സ്ത്രീ എന്ന ഗണം വീണ്ടും വിഭജിക്കാവുതല്ലേ? ഇംഗ്ളീഷ്‌ സ്ത്രീ, ജര്‍മ്മന്‍ സ്ത്രീ...എന്നിങ്ങനെയല്ലാതെ യൂറോപ്യന്‍ സ്ത്രീ ഇല്ലെന്നു പറയാന്‍ കഴിയില്ലേ? പുലയനും പറയനും ...അല്ലാതെ ദളിതനെ കാണാന്‍ ശ്രീകുമാര്‍ക്കു കഴിയുന്നുണ്ടോ? കാണിയും മലയരയനും...അല്ലാതെ ആദിവാസി എവിടെയാണുള്ളത്‌? അനന്തമായി നീളുന്ന ഈ വിഭജനങ്ങള്‍ എവിടെയെങ്കിലും അവസാനിപ്പിക്കണമെങ്കില്‍ അമൂര്‍ത്തവല്‍ക്കരണത്തെ ആശ്രയിക്കാതെ കഴിയുമോ? അനന്തമായ ശകലീകരണങ്ങളിലേക്കു നയിക്കുന്ന, ഏകപക്ഷീയതയെ ആഘോഷിക്കുന്ന ഒരു നിലപാടിനു വേണ്ടിയാണ്‌ ഇവര്‍ മാര്‍ക്സിന്റെ വാക്കുകളെ ഉദ്ധരിക്കുന്നത്‌. ആപേക്ഷികവാദത്തില്‍ രമിക്കുന്ന ഉത്തരാധുനികതയുടെ സമീപനത്തെ നാം ഇവിടെ കണ്ടുമുട്ടുന്നു. ഇവരുടെ വാദങ്ങളില്‍ നിന്നും മാര്‍ക്സ്‌ എല്ലാ സാമാന്യവല്‍ക്കരണങ്ങള്‍ക്കും എതിരായിരുന്നുവെന്ന അര്‍ത്ഥമാണ്‌ ഉല്‍പാദിപ്പിക്കപ്പെടുന്നത്‌. മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍മാരുടെ വാക്കുകള്‍ ഇതേ രീതിയില്‍ ഉദ്ധരിച്ചു കൊണ്ട്‌ എല്ലാ സവിശേഷവല്‍ക്കരണങ്ങള്‍ക്കും അവര്‍ എതിരായിരുന്നുവെന്നും തെളിയിക്കാന്‍ കഴിയും. ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തില്‍ ആധിപത്യം ചെലുത്തിയിരുന്ന വര്‍ഗീകരണത്തിന്റേയും അപഗ്രഥനത്തിന്റേയും പ്രവണതകളെ വിമര്‍ശിച്ചു കൊണ്ട്‌ എംഗത്സ്‌ എഴുതിയ 'ആന്റി ഡ്യൂറിങ്ങി'ല്‍ നിന്നുള്ള വരികള്‍ അല്‍പം ദീര്‍ഘമായി ഇവിടെ ഉദ്ധരിക്കുകയാണ്‌. "പ്രകൃതിയുടെ പ്രത്യേകഭാഗങ്ങളായുളള അപഗ്രഥനം, വ്യത്യസ്ത പ്രകൃതിപ്രക്രിയകളുടേയും വസ്തുക്കളുടെയും വ്യക്തമായ വര്‍ഗ്ഗങ്ങളായുളള തരംതിരിക്കല്‍, നാനാരൂപത്തിലുമുളള ജൈവവസ്തുക്കളുടെ ആന്തരിക ശാരീരികഘടനയുടെ പഠനം എന്നിവയെല്ലാമാണ്‌ നമ്മുടെ പ്രകൃതിവിജ്ഞാനത്തില്‍ കഴിഞ്ഞ നാനൂറു സംവത്സരങ്ങള്‍ക്കിടയിലുണ്ടായിട്ടുളള വമ്പിച്ച പുരോഗതിയുടെ അടിസ്ഥാനപരമായ സാഹചര്യങ്ങള്‍. പക്ഷേ, ഈ പ്രവര്‍ത്തനരീതിമൂലം പ്രകൃതിവസ്തുക്കളേയും പ്രക്രിയകളേയും സാകല്യവുമായി അവയ്ക്കുളള ബന്ധത്തെ കാണാതെ ഒറ്റപ്പെട്ട നിലയില്‍ നിരീക്ഷിക്കുകയെന്നത്‌, ചലിക്കാതെ നിശ്ചലാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ അവയെ നിരീക്ഷിക്കുകയെന്നത്‌, സാരാംശത്തില്‍ ചലാങ്കങ്ങളായി കാണുതിനു പകരം അവയെ സ്ഥിരാങ്കങ്ങളായി കാണുകയെന്നത്‌, ജീവനുളള അവസ്ഥയില്‍ നിരീക്ഷിക്കുന്നതിനു പകരം മരണാവസ്ഥയില്‍ അവയെ നിരീക്ഷിക്കുകയെന്നത്‌, നമ്മുടെ ഒരു പാരമ്പര്യശീലമാക്കി മാറ്റിയിരിക്കുന്നു. ... ... ...ഈ അതിഭൌതികചിന്താരീതി അന്വേഷണവിധേയമായ വസ്തുവിന്റെ പ്രകൃതമനുസരിച്ച്‌ വ്യാപ്തിയില്‍ വ്യത്യസ്തങ്ങളായ പലേ മണ്ഡലങ്ങളിലും ന്യായീകരണമുളളതും ആവശ്യകവുമാണെങ്കിലും ഏറെത്താമസിയാതെ അത്‌ ഒരു സീമയിലെത്തും. അതിന്നപ്പുറത്തേക്ക്‌ അത്‌ ഏകപക്ഷീയവും പരിമിതവും അമൂര്‍ത്തവും പരിഹരിക്കാനാവാത്ത വൈരുദ്ധ്യങ്ങളില്‍ കുടുങ്ങിയതും ആയിത്തീരുന്നു. ഓരോരോ വസ്തുക്കളെ വിഭാവനം ചെയ്യുമ്പോള്‍ അത്‌ അവ തമ്മിലുളള അന്വയത്തെ വിസ്മരിക്കുന്നു; അവയുടെ നിലനില്‍പിനെ വിഭാവനം ചെയ്യുമ്പോള്‍ അത്‌ ആ നിലനില്‍പിന്റെ ആദിയും അന്തവും വിസ്മരിക്കുന്നു; അവയുടെ വിശ്രാന്തിയില്‍ അത്‌ അവയുടെ ചലനത്തെ വിസ്മരിക്കുന്നു. ഒറ്റയൊറ്റ മരങ്ങള്‍ കാണുന്ന അതിനു മൊത്തത്തിലുളള കാട്‌ കാണാന്‍ കഴിയുന്നില്ല." ഭൂപരിഷ്ക്കരണത്തിലെ അനീതികളേയും സ്ത്രീയുടേയും ദളിതന്റേയും പീഡിതാവസ്ഥകളേയും കാണുകയും നവ ഉദാരീകരണത്തിന്റെ വ്യവസ്ഥയേയും ഇന്ത്യന്‍ ഭരണവര്‍ഗങ്ങളേയും കാണാതിരിക്കുകയും ചെയ്യുന്നത്‌ മരങ്ങളെ മാത്രം കാണുകയും കാടു കാണാതിരിക്കുകയും ചെയ്യുന്നതു പോലെയാണ്‌. മരങ്ങളുണ്ട്‌, മരങ്ങളെല്ലാം ചേര്‍ന്ന കാടുമുണ്ട്‌.

അമൂര്‍ത്തവല്‍ക്കരണത്തിന്‌ ഒരു ഫലവുമില്ലെന്ന ശ്രീകുമാറിന്റെ നിരീക്ഷണം ക്വാണ്ടം ബലതന്ത്രത്തിന്റെ രൂപീകരണത്തിനു ശേഷമെങ്കിലും അപ്രസക്തമാണ്‌. ഭൌതികസ്ഥല(physical space)ത്തെ ഹില്‍ബര്‍ട്സ്ഥല(Hilbert space)ത്തേക്ക്‌ അമൂര്‍ത്തവല്‍ക്കരിക്കുകയും ഹില്‍ബര്‍ട്‌ സ്ഥലത്തിന്‌ സദൃശമായ ഗുണങ്ങള്‍ ഭൌതികസ്ഥലത്ത്‌ കണ്ടെത്തുകയും ചെയ്യുന്നതിലൂടെ ഭൌതികപ്രപഞ്ചത്തില്‍ അമൂര്‍ത്തവല്‍ക്കരണത്തിന്റെ രീതിശാസ്ത്രത്തിനുളള സാധ്യതകളെയാണ്‌ വോണ്‍ ന്യൂമാന്‍ തുറന്നിട്ടത്. അമൂര്‍ത്തവല്‍ക്കരണത്തോടുള്ള കേവലനിഷേധം ഉത്തരാധുനികരുടെ വസ്തുനിഷ്ഠതയോടുളള കേവലനിഷേധത്തിനു സമാനമാണ്‌. പ്രകൃതിക്ക്‌ ഗുണങ്ങളില്ലെന്ന്, മനുഷ്യസംസ്ക്കാരത്തിന്റെ ആരോപിതഗുണങ്ങള്‍ മാത്രമേയുളളൂവെന്നു ശഠിക്കുന്ന ഉത്തരാധുനികതയുടെ സാമൂഹികനിര്‍മ്മിതിവാദത്തോട്‌, ന്യൂയോര്‍ക്കിലെ ഇരുപത്തിയൊന്നുനിലയുളള കെട്ടടത്തില്‍നിന്നു താഴേക്കു ചാടി ഗുരുത്വാകര്‍ഷണം സാംസ്ക്കാരിക നിര്‍മ്മിതിയാണെന്നു തെളിയിക്കാന്‍ നിര്‍ദ്ദേശിച്ച അല്ലന്‍ സോക്കലിന്റെ ഇടപെടലിനു സമാനമായ ഒരു ഇടപെടല്‍ ഈ അമൂര്‍ത്തവല്‍ക്കരണനിഷേധവും ആവശ്യപ്പെടുന്നുണ്ട്‌. യഥാര്‍ത്ഥ പ്രശ്നം എന്താണ്‌ ? വസ്തുക്കളേയും പ്രക്രിയകളേയും വികലനം ചെയ്യുതിന്‌ അവയെ അഴിക്കണമെന്ന്, അവയെ സവിശേഷമായി പരിശോധിക്കണമെന്ന്, അവയെ ശരിയായ രീതിയില്‍ കൂട്ടിച്ചേര്‍ക്കണമെന്നും മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍മാര്‍ക്ക്‌ അറിയാമായിരുന്നു.

മാര്‍ക്സിന്റെ അനുയായികള്‍ക്കു വേണ്ടി അദ്ദേഹത്തിന്റെ 'വിശുദ്ധകുടുംബ'ത്തില്‍ നിന്നുള്ള വരികള്‍ പകര്‍ത്തിയെഴുതുന്ന ടി.ടി. ശ്രീകുമാര്‍, മാര്‍ക്സിന്റെ ആ വാക്കുകളില്‍ വിശ്വസിക്കുന്നുണ്ടാകില്ല! ശ്രീകുമാര്‍ എഴുതുന്നതു വിശ്വസിച്ചാല്‍, 1844 സപ്തംബറിനും നവംബറിനും മദ്ധ്യേ 'വിശുദ്ധകുടുംബ'ത്തില്‍ ഈ വാക്കുകള്‍ എഴുതിയ മാര്‍ക്സ്‌ 1845 വസന്തമാകുമ്പോഴേക്കും 'ഫോയര്‍ബാഹിനെ കുറിച്ചുള്ള തിസീസുകള്‍' എഴുതി തത്ത്വചിന്തയോട്‌ വിട പറയാന്‍ കുറുക്കുവഴി കണ്ടെത്തിക്കഴിഞ്ഞിരുന്നല്ലോ! സാമാന്യവല്‍ക്കരണത്തിന്റേയും സവിശേഷവല്‍ക്കരണത്തിന്റേയും പ്രശ്നങ്ങളെ ഉത്തരാധുനികതയുടെ ചിന്തക്കു നിരൂപിക്കാന്‍ കൂടി കഴിയാത്ത രീതിയില്‍ ഉയര്‍ന്ന നിലയില്‍ നോക്കിക്കാണാന്‍ മാര്‍ക്സിസ്റ്റുകള്‍ക്കു കഴിഞ്ഞിരുന്നില്ലേ?. കേരളത്തില്‍ ഉത്തരാധുനികതയുടെ ദര്‍ശനത്തെ പ്രചരിപ്പിക്കുന്ന സച്ചിദാനന്ദന്റെ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട്‌ ടി.ടി. ശ്രീകുമാര്‍ 'സാംസ്ക്കാരികമാസിക'യിലെഴുതിയ ലേഖനങ്ങള്‍ മാര്‍ക്സിസത്തിനു വേണ്ടിയുള്ള വാദങ്ങള്‍ കൂടിയായിരുന്നു. തന്റെ പുതിയ ലേഖനത്തില്‍, 'മാര്‍ക്സിനു വേണ്ടി വാദിക്കുകയോ മാര്‍ക്സിനെ വിസ്തരിക്കുകയോ ചെയ്യാതെ സാമൂഹികവികലനം സാദ്ധ്യമാക്കു'ന്ന നിലപാടിനെയാണ്‌ സ്വീകരിക്കുതെന്ന് അദ്ദേഹം പറയുന്നു. ഈ മാറ്റത്തിന്നിടയില്‍, ടി.ടി. ശ്രീകുമാര്‍ ഒരിക്കല്‍ എതിര്‍ത്തിരുന്ന ഉത്തരാധുനികതയുടെ ദര്‍ശനലോകം അദ്ദേഹത്തെ കീഴ്പ്പെടുത്തിയിരിക്കുതായി നമുക്ക്‌ അനുഭവപ്പെടും. 'ഉത്തരാധുനികതയ്ക്കപ്പുറം' എന്ന പുസ്തകത്തിലെ പല ലേഖനങ്ങളും പിന്‍വലിക്കാന്‍ ടി.ടി.ശ്രീകുമാര്‍ തയ്യാറാകണം.

Sunday, August 8, 2010

ജയനാരായണന്‍

നമുക്ക്‌ ജയനാരായണന്‍ എന്ന പേരില്‍ ഒരു കഥാകാരനുണ്ടായിരുന്നു. ജയനാരായണന്‍ ആധുനികതാവാദത്തിന്റെ ഒരു നല്ല വക്താവായിരുന്നു. ജയനാരായണന്റെ കഥകളില്‍ ആധുനികതാവാദത്തിന്റെ താല്‍പര്യങ്ങള്‍ അതിന്റെ മുഴുവന്‍ സമൃദ്ധിയോടെയും പ്രവര്‍ത്തിക്കുന്നതു കണ്ടെത്താന്‍ കഴിയും. അദ്ദേഹത്തിന്റെ കഥകളുടെ ശില്‍പതന്ത്രങ്ങള്‍ ലാവണ്യവാദത്തോടുള്ള കൂറ്‌ പ്രകടിപ്പിക്കുന്നവയാണ്‌. 'സമയം ഒരു സമസ്യ' എന്ന പേരില്‍ ജയനാരായണന്‍ ഒരു കഥ എഴുതിയിട്ടുണ്ട്‌. സ്ഥലകാലങ്ങളെ പഴയ ഓര്‍മ്മകളില്‍ ബന്ധിച്ചു നിര്‍ത്തി തന്റെ അസ്തിത്വത്തെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന വിമലയുടെ കഥയാണിത്‌. അസ്തിത്വവ്യഥകളെ പ്രമേയമാക്കുന്ന എം. മുകുന്ദന്റെ 'രാധ, രാധ മാത്രം' എന്ന കഥയോട്‌ ഇതിനെ താരതമ്യം ചെയ്യാവുന്നതാണ്‌. ആധുനികതാവാദത്തെ മലയാളത്തില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചവര്‍ 'രാധ, രാധ മാത്രം' എന്ന കഥയെ ഏറെ കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍, അസ്തിത്വവാദത്തിന്റെ ആശയലോകത്തെ കേവലമായി പരാവര്‍ത്തനം ചെയ്യുകയാണ്‌ മുകുന്ദന്റെ കഥ ചെയ്തതെങ്കില്‍ ജയനാരായണന്റെ കഥ ആ ആശയലോകത്തോടുള്ള സര്‍ഗാത്മകപ്രതികരണമായിരുന്നു. ആധുനികവാദികളായ നവവിമര്‍ശകരുടെ രചനകളില്‍ ജയനാരായണന്‍ അധികമൊന്നും പരാമര്‍ശിക്കപ്പെട്ടതേയില്ല. ആധുനികതാവാദത്തിന്‌ താല്‍പര്യമുള്ള ആശയങ്ങളെ അതേപടി പരാവര്‍ത്തനം ചെയ്യുകയും അങ്ങനെ പ്രത്യയശാസ്ത്രപ്രചരണം നിര്‍വ്വഹിക്കുകയും ചെയ്യു കഥകളെ ആഘോഷിച്ചിരുന്ന നവവിമര്‍ശകര്‍ ആ ആശയങ്ങളെ ഭാവനയിലെ മഹാനുഭവങ്ങളാക്കി മാറ്റാന്‍ ശ്രമിച്ച ജയനാരായണന്റെ കഥകളെ പരിഗണിക്കാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്തു. നവവിമര്‍ശകര്‍ പുറമ്പോക്കിലേക്കു തള്ളിയ ആധുനികതാവാദിയെന്ന്‌ ഈ എഴുത്തുകാരനെ കുറിച്ചു പറയണം. ഇത്‌ നമ്മുടെ കഥാസാഹിത്യത്തില്‍ സമീപഭൂതകാലത്തു നടന്ന അവഗണനയുടെ കഥയാണ്‌.

കോടതിവിധിയെ കുറിച്ച്

പൊതുസമ്മേളനങ്ങള്‍ക്കെതിരായ കോടതിവിധിയില്‍ പ്രതിഫലിക്കുന്നത് കേരളത്തിലെ
മദ്ധ്യവര്‍ഗത്തിന്റെ സുരക്ഷിതത്വാകാംക്ഷകളും സുഖകാമനകളും കൂടിയാണ്

സാമൂഹികപ്രശ്നങ്ങളെ നേരിടാനുള്ള വൈമുഖ്യവും അധൈര്യവും കൂടി ആ വിധിയില്‍
വായിക്കുക

അധികാരകേന്ദ്രമാകാനുള്ള ജുഡീഷ്യറിയുടെ മോഹങ്ങള്‍ ആ വിധിയില്‍
ഉള്‍ച്ചേര്‍ന്നിരിക്കുന്നു

അത് നിയമവ്യാഖ്യാനത്തിനു പകരം നിയമനിര്‍മ്മാണത്തിനു ശ്രമിക്കുന്നു.

കോടതിവിധിയോടുള്ള ചില രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതികരണങ്ങള്‍ ആ
സംഘടനകളിലെ ഫാസിസ്റ്റ് മൂലകങ്ങളെ പുറത്തുകൊണ്ടു വരുന്നു.

അഴിമതി കാണിച്ച നേതാവിനെതിരായ കോടതിവിധി വന്നപ്പോള്‍ അടിയന്തിരാവസ്ഥ
പ്രഖ്യാപിച്ചവര്‍ ഇപ്പോള്‍ കാണിക്കുന്ന കോടതിപ്രേമം വ്യാജമാണ്.

നമ്മുടെ സമൂഹത്തിലെ ജനാധിപത്യവല്ക്കരണം എത്ര നീചസ്ഥിതിയിലാണെന്ന് ഈ
സംഭവങ്ങള്‍ വീണ്ടും തെളിയിച്ചിരിക്കുന്നു.

Saturday, August 7, 2010

സൂക്ഷ്മം സുന്ദരം

'ചെറുതത്രേ സുന്ദരം' എന്ന ഇ.എഫ്‌. ഷൂമാക്കറുടെ കല്‍പനക്ക്‌ മലയാളസാഹിത്യകലയിലും ഒരിടമുണ്ട്‌. കവിയും വിമര്‍ശകനുമായ കല്‍പറ്റ നാരായണന്റെ എഴുത്തുകളില്‍ ഈ കല്‍പന അതിന്റെ മുഴുവന്‍ അര്‍ത്ഥവും കണ്ടെത്തുന്നു. ഈ എഴുത്തുകാരന്റെ വാക്കുകള്‍ വലുതെന്നു ഭാവിക്കുന്നില്ല. അതിനു വലിപ്പമില്ല. കല്‍പറ്റയുടെ രചനകള്‍ മഹത്ത്വഭാവങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുകയും വാക്കിന്റെ മുന്നില്‍ വിനയം കൊണ്ട്‌ മഹത്ത്വമാര്‍ജ്ജിക്കുകയും ചെയ്യുന്നു. ഈ രചനകളെ കുറിച്ച്‌ പറയാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ ആദരവോടെയും അല്‍പം ഭയത്തോടെയും അവയെ സമീപിക്കേണ്ടി വരുന്നു. ഈ വാക്കിന്റെ എളിമയേയും തെളിമയേയും തന്റെ വാക്കിന്റെ വലിപ്പവും അഹങ്കാരവും മലിനമാക്കുമോയെന്നു സന്ദേഹത്തില്‍ വിമര്‍ശകര്‍ പെട്ടുപോകുന്നു. നമ്മുടെ അനുഭവങ്ങളെ അതിന്റെ ഏറ്റവും സൂക്ഷ്മതയില്‍ കാണുകയാണ്‌ കല്‍പറ്റ നാരായണന്‍ ചെയ്യുന്നത്‌. നാം അനുഭവിക്കാതിരുന്നതൊന്നും അദ്ദേഹം പറയുന്നില്ല. അനുഭവിച്ചിട്ടും വിവേചിച്ചറിയാതിരുന്നവയെ അദ്ദേഹം കാണിച്ചുതരുന്നു. നമ്മുടെ വളര്‍ച്ചയുടെ സവിശേഷതകള്‍ കൊണ്ട്‌ പ്രാന്തങ്ങളിലേക്കു തള്ളിയ കാര്യങ്ങളേയും പരിഗണനയില്‍ വരാതിരുന്നവയേയും കുറിച്ച്‌, അവ എത്രമാത്രം പ്രധാനമാണെന്ന്‌ അദ്ദേഹം തന്റെ വാക്കുകളിലൂടെ തെളിയിക്കുന്നു. മലയാളവാക്ക്‌ സൌന്ദര്യം കൊണ്ടും സദ്ഭാവങ്ങള്‍ കൊണ്ടും നിറയുന്നത്‌ ഈ എഴുത്തുകാരന്റെ ഭാഷയില്‍ നിന്നും നാം അനുഭവിക്കുന്നു.


കല്‍പറ്റ നാരായണന്റെ 'ഇത്രമാത്രം' എന്ന നോവലില്‍, വയനാട്ടിലെ ഒരു ഗ്രാമത്തില്‍ ജീവിച്ച സുമിത്രയെന്ന സ്ത്രീയുടെ ജീവിതവും മരണവുമാണ്‌ എഴുതപ്പെടുന്നത്‌. അസാധാരണമായി ഒന്നുമില്ലാതെ കഴിഞ്ഞുപോയെന്നു പൊതുലോകം പറഞ്ഞേക്കാവുന്ന ഒരു ജീവിതം. പുറത്തെ വലിയ ലോകത്തിലെ മനുഷ്യരുടെ കാഴ്ചയില്‍ നിസ്സാരമെന്നു തള്ളിക്കളയുന്ന ഒരു ഗ്രാമീണസ്ത്രീയുടെ ജീവിതത്തിലെ സൂക്ഷ്മസമൃദ്ധിയേയും നിറഞ്ഞ സാഫ്യലത്തേയും കുറിച്ച്‌, അവളുടെ ഉള്ളിലെ വേവലുകളെ കുറിച്ച്‌ നാം ഇപ്പോള്‍ അറിയുകയാണ്‌. ഗ്രാമത്തില്‍ വസിക്കുന്ന ഒരു സ്ത്രീയുടെ സന്തോഷങ്ങളും സങ്കടങ്ങളും മോഹങ്ങളും നിരാശകളും ഓരോ ചെറിയ പ്രവൃത്തിയും എത്രമാത്രം സാര്‍ത്ഥകമാണെന്നു നാം ഗ്രഹിക്കുന്നു. ഈ ഭൂമിയിലെ ഒരു ഏകകോശജീവിയുടെ ജീവിതം പോലും എത്ര മഹത്തരമെന്ന്‌ ഉണര്‍ത്തുന്ന അറിവായി ഇത്‌ വായനക്കാരനില്‍ വീണ്ടും വീണ്ടും പൊലിക്കുന്നു. മനുഷ്യജീവിതം ഇത്രമാത്രമേയുള്ളൂവെന്ന്‌ മാത്രമല്ല, അത്‌ എത്രമാത്രം ഉണ്ടെന്ന അറിവായി കൂടി ഈ നോവലിലെ വാക്കുകള്‍ മാറിത്തീരുന്നു. സൂക്ഷ്മം എത്രയോ പ്രധാനമെന്ന്‌ നമ്മെ ബോദ്ധ്യപ്പെടുത്തുന്ന രചനയാണിത്‌.


സുമിത്ര ആരായിരുന്നു.? അമ്മയും ഏട്ടനും ചെറിയച്ഛനും ചേര്‍ന്ന്‌, അച്ഛനെ മണിപ്പാലിലേക്ക്‌ കൊണ്ടുപോയപ്പോള്‍ ആരുമില്ലാത്തവനായി പോയ ഏഴുവയസ്സുകാരന്‍ പുരുഷുവിനെ ഒരു പകല്‍ കൊണ്ട്‌ എല്ലാവരുമുളളവനാക്കി മാറ്റിയെടുത്തവള്‍. നരസിംഹഗൌഡരുടെ വാത്സല്യത്തിനു പകരം താന്‍ നല്‍കുന്ന ഉപ്പുമാവ്‌ അയാള്‍ രുചിയോടെ കഴിക്കുന്നതു നോക്കി നില്‍ക്കുന്നവള്‍. ഒത്ത വലിപ്പമുളള പ്ളാവിന്‍ കുറ്റിയില്‍ പണിത പുരയിലെ തൂണുകളെ തൊട്ടും ചാരിയും മിനുസമുളളതാക്കി തീര്‍ത്തവള്‍. ചിലരോട്‌ തര്‍ക്കിക്കാനും ചിലരെ അവഗണിക്കാനും മൂന്നും നാലുമായി പെരുകി ജാഥ നയിക്കാന്‍ മാത്രം സുമിത്രകളെ സൃഷ്ടിച്ചെടുത്തവള്‍. വീടിനേക്കാള്‍ ഒരക്കൂടിനെ ഇഷ്ടപ്പെട്ടവള്‍. അവളെ മാത്രം തൊടാന്‍ അനുവദിച്ചിരുന്ന ഒരു പശുവിനെ വളര്‍ത്തിയെടുത്തവള്‍. തിളപ്പിച്ചാറ്റി നിര്‍ദ്ദോഷമാക്കിയ ദേഹപ്രകൃതിയുള്ളവളുടെ ചെറിയ ഇഷ്ടങ്ങളേയും ചെറിയ നേട്ടങ്ങളേയും നന്മയേയും വെറുപ്പിനേയും കുറിച്ചു പറഞ്ഞുകൊണ്ട്‌ കല്‍പറ്റ നാരായണന്‍ സുമിത്രയെ നമുക്കു പരിചയപ്പെടുത്തുന്നു. ഇതിന്നൊപ്പം അവളടക്കിപ്പിടിച്ച ദു:ഖങ്ങളെയും രഹസ്യങ്ങളേയും കുറിച്ച്‌ എഴുതുന്നു. ഭര്‍ത്താവായ വാസുദേവനൊപ്പം നില്‍ക്കുമ്പോള്‍ അനുഭവിച്ച ശൂന്യതകളെ കുറിച്ച്‌, വേദനയും കൃതജ്ഞതയും നിറഞ്ഞ ഒരു ചിരി പൊതുവാളിനു നല്‍കിയതിനെ കുറിച്ച്‌, സുമിത്രയെ കുറിച്ചുള്ള മാധവിയുടേയും ഗീതയുടേയും ഓര്‍മ്മകളും എഴുതുന്നു. അവള്‍ ഇവിടെയുണ്ടായിരുന്നുവെന്നതിനു തെളിവായി ഇങ്ങനെ സാധാരണക്കാരായ മനുഷ്യരുടെ ഓര്‍മ്മകളിലൂടെ കഥാകാരന്‍ സഞ്ചരിക്കുന്നു. ആ കിളിയുടെ ജീവിതസാഫല്യത്തിന്റെ അടയാളങ്ങളായി ഒരു കൂവലും ഒരു തൂവലും കണ്ടെത്തുന്നു. എന്നാല്‍, മന്നില്‍ മനുഷ്യജീവിതം ഇത്രമാത്രം എന്ന ഖേദത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു.


ഈ ഭൂലോകവാസത്തിനിടയില്‍ ശരിയും തെറ്റും നന്‍മയും തിന്‍മയും ഇടകലര്‍ന്ന എല്ലാറ്റിനുമിടയിലൂടെ നമുക്കു കടന്നു പോകേണ്ടി വരുന്നുവെന്ന്‌, ഇവിടെ വലിയ വ്യവച്ഛേദങ്ങള്‍ അസാദ്ധ്യമാണെന്ന് സുമിത്രയെന്ന സ്ത്രീയുടെ കഥയിലൂടെ കല്‍പറ്റ നാരായണന്‍ പറയുന്നു. ജീവിതരതിയുടെ ഒരു പേരല്ലേ അസൂയ എന്നു ചോദിക്കുന്ന എഴുത്തുകാരന്‍ ദുഷിച്ചതെന്ന് മുദ്ര കുത്തപ്പെട്ടവയിലും ജീവിതത്തെ ജീവിതവ്യമാക്കുന്ന ഔഷധം നിറഞ്ഞിരിക്കുന്നുവെന്നു കാണിച്ചു തരുന്നു. മകള്‍ക്ക്‌ അനസൂയ എന്നു പേരിടേണ്ടിയിരുന്നില്ലെന്ന്‌ സുമിത്രക്ക്‌ തോന്നുന്നുണ്ട്‌. പേടിക്കാന്‍ പോലും അറിഞ്ഞു കൂടാത്ത അവള്‍ ആരോടെങ്കിലും അസൂയയുള്ളവളായിരുന്നെങ്കിലെന്നു് ആ അമ്മക്ക്‌ പ്രാര്‍ത്ഥിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. ആദര്‍ശത്തിന്റേയും മഹത്ത്വങ്ങളുടേയും ഭാരമേല്‍ക്കാത്ത ഈ കഥാപാത്രത്തിലൂടെ ഒരു ഇസത്തിലും ഇടം കിട്ടിയേക്കില്ലാത്ത ഒരുവളുടെ വാങ്മയചിത്രമാണ്‌ കല്‍പറ്റ നാരായണന്‍ വരച്ചത്‌.


ഒരു മരണവീടിലെ കാഴ്ചകള്‍ ഇത്ര സൂക്ഷ്മമായി നമ്മുടെ ഭാഷയില്‍ ആരും കണ്ടെടുത്തിട്ടില്ല. ആദ്യത്തെ തിരക്കുകള്‍ക്കു ശേഷം ഉന്മേഷം നഷ്ടപ്പെട്ട നായ അരക്കൂട്ടിന്റെ ചേതിക്കല്‍ പോയി കിടക്കുന്നത്‌, "ചിലരെ വേഗം വിളിക്കും, ചിലരെ എത്രയായാലും വിളിക്കില്ല" എന്നിങ്ങനെ ലോകതത്ത്വങ്ങള്‍, ദേഹം ഒരു നോക്കു കാണാന്‍ ഓടിയെത്തുന്നവര്‍ അടുത്തെത്തുമ്പോള്‍ 'അനിയത്തി രമണിയും ചന്ദ്രേട്ടനുമാകുന്നത്‌', ആരെയാണ്‌ കുളിപ്പിക്കേണ്ടത്‌ എന്നു പറയാതെ കുളിപ്പിക്കണ്ടേ എന്ന ചോദ്യങ്ങള്‍, അവിഹിതമായ അര്‍ത്ഥം വഹിക്കുന്ന മറ്റു ചില കാഴ്ചകള്‍... ഇവയെല്ലാം കവിത കിനിയുന്ന വരികളില്‍ കല്‍പറ്റ നാരായണന്‍ എഴുതുന്നു. കവിയായ ഈ എഴുത്തുകാരന്‍ ലേഖനമെഴുതുമ്പോള്‍ സംഭവിക്കുന്നതെന്തോ അതു തന്നെ നോവലെഴുതുമ്പോഴും സംഭവിക്കുന്നു. ലേഖനവും നോവലും കവിതയായി മാറുന്നു.


നോവലിലെ കഥാപാത്രങ്ങള്‍ ഓരോരുത്തരും സുമിത്രയെ കണ്ടെത്തുതിലും മനസ്സിലാക്കുതിലുമുള്ള വ്യത്യസ്തതകള്‍ നോവലിന്‌ ഒരു ദാര്‍ശനികഭാവം നല്‍കുന്നു.'ആരാണ്‌ സുമിത്ര?' എന്ന ചോദ്യത്തിനുളള ഉത്തരങ്ങള്‍ പരസ്പരയോജ്യമായിരിക്കണമെന്നില്ല. വസ്തുനിഷ്ഠയാഥാര്‍ത്ഥ്യത്തെ കുറിച്ചുളള ചോദ്യമായി ഇതു മാറിത്തീരുന്നു. നോവല്‍ ചില ദാര്‍ശനികമാനങ്ങള്‍ കൈവരിക്കുന്നു. സുമിത്രയുടെ ജീവിതം ഇത്രമാത്രം എന്നു പറയുന്നതിനു വേണ്ടി അവള്‍ ആരാണ്‌ എന്ന ചോദ്യം പരോക്ഷമായി ഉന്നയിക്കുകയും വ്യത്യസ്ത അനുഭവങ്ങളെ ഉത്തരമായി നല്‍കുകയുമാണ്‌ കഥാകാരന്‍ ചെയ്യുന്നത്‌. എന്നാല്‍, ആരുടേയും അനുഭവങ്ങള്‍ കേവലമല്ല. ഒരാളുടെ അനുഭവത്തെ കുറിച്ച്‌ മറ്റൊരാള്‍ക്ക്‌ അതുതന്നെ സത്യമെന്നു പറയുക പ്രയാസം. അനുഭവങ്ങളിലെ ചില മൂലകങ്ങളെ അവര്‍ പങ്കുവയ്ക്കുന്നുണ്ടാകും, എല്ലാ മൂലകങ്ങളുമില്ല. അനുഭവങ്ങളിലെ വസ്തുനിഷ്ഠതയെ കുറിച്ചുളള സങ്കല്‍പനങ്ങള്‍ പ്രശ്നസങ്കീര്‍ണ്ണമാണ്‌. വ്യത്യസ്ത ആത്മനിഷ്ഠതകള്‍ക്ക്‌ പരസ്പരസമ്മതത്തിലെത്താന്‍ കഴിയുന്നതെന്തോ, പൊതുവായ അനുഭവഘടകങ്ങളെന്തോ അതാണ്‌, അതു മാത്രമാണ്‌, ലോകത്തിന്റെ വസ്തുനിഷ്ഠതയുടെ ആധാരമെന്നു പറയുന്ന പുതിയ ചിന്തകരെ ഓര്‍ക്കുക! സമൂഹത്തിന്റെ സമവായമായി വസ്തുനിഷ്ഠത നിര്‍മ്മിക്കപ്പെടുന്നു. വസ്തുവാദത്തില്‍ നിന്നുളള വിമോചനമാണിത്‌. സമൂഹത്തിലെ വിവിധ ഘടകങ്ങള്‍ക്കിടയില്‍ സമവായം എന്ന പ്രമേയം വസ്തുനിഷ്ഠതയെ സവിശേഷ സാമൂഹികതാല്‍പര്യങ്ങളുമായി കണ്ണിചേര്‍ക്കുന്നു. ജീവിതത്തിന്റെ അനിശ്ചിതത്വത്തെ കുറിച്ചുളള ജ്ഞാനമാണിത്‌. സുമിത്രയുടെ കഥ ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ കുറിച്ചുളള ജ്ഞാനമായി മാറുന്നു.

(കല്പറ്റ നാരായണന്റെ നോവല്‍ ഭാഷാപോഷിണി മാസികയില്‍ പ്രസിദ്ധീകരിച്ചു തീര്‍ന്നപ്പോള്‍ എഴുതിയ പ്രതികരണം.)